ചിത്രീകരണം : ദേവപ്രകാശ്.

‘കുണ്ടന്മാരു’ടെ ദുനിയാവ്

വെറും മനുഷ്യർ- 42

തിളച്ച വെള്ളം ദേഹത്തു വീണാലെന്നപോലെ ഞാനാകെ പൊള്ളി. അവരതും പറഞ്ഞ് അകത്തേക്ക് കയറിപ്പോയി. സഞ്ചിയും തൂക്കി ആ ഉച്ചവെയിലിലൂടെ നടക്കുമ്പോൾ എന്റെ ചെവിയിലും പാതകളിലും അന്തരീക്ഷത്തിലാകെയും ആ വാക്കായിരുന്നു.

റു മാസക്കാലമേ ഞാൻ തങ്ങളുടെ ഷൈൻ ആർട്‌സിൽ ഹെൽപ്പറായി ജോലി ചെയ്തിട്ടുള്ളൂ. അവിടുത്തെ ജോലി മതിയാക്കി തന്റെ പലചരക്ക് കടയിൽ ജോലിക്ക് കയറാൻ ഉമ്മർ ഹാജി എപ്പോഴും എന്നോട് പറയുമായിരുന്നു.
ഷൈൻ ആർട്‌സിന്റെ തൊട്ടു മുമ്പിലായിരുന്നു ആ പലചരക്ക് കട.
വട്ടത്താടിയും തലയിൽ കെട്ടുമുള്ള ഒരു കുറിയ മനുഷ്യനായിരുന്നു ഉമ്മർ ഹാജി. തങ്ങൾക്കും എനിക്കുമുള്ള ചായ വാങ്ങാൻ ഞാൻ പോകുമ്പോൾ മൂപ്പർക്കുള്ള ചായ കൂടി വാങ്ങാൻ ഉമ്മർ ഹാജി പറയും. ആ ചായ കൊണ്ട് കൊടുക്കലിലൂടെയാണ് മൂപ്പരുമായി പരിചയത്തിലാവുന്നത്.

പരിചയമായപ്പോൾ അവിടെ സാധനങ്ങൾ പൊതിഞ്ഞു കൊടുക്കാൻ ഉപയോഗിക്കുന്ന പഴയ വീക്കിലികളുടെ കൂമ്പാരം ഞാൻ കണ്ടു. മംഗളവും മനോരമയും സഖിയും കുങ്കുമവുമൊക്കെ കഥകളുടെ കടലുകളെ ഉള്ളിലൊളിപ്പിച്ച്, തിരക്കൈകൾ നീട്ടി എന്നെ മാടി വിളിച്ചു. എനിക്കറിയാത്ത കഥകളുടെ, ജീവിതങ്ങളുടെ നുരയും പതയും അനുഭവിക്കാൻ ഞാനാ വീക്കിലികൾ എടുത്തു തുടങ്ങി.
ആ കഥകളിൽ നിറയെ പ്രണയങ്ങളായിരുന്നു. ആ പ്രണയ കഥകളുടെ തുടർച്ചയ്ക്ക് വരച്ച ചിത്രങ്ങൾക്ക് ജീവനുണ്ടായിരുന്നു. അവരൊക്കെ സുന്ദരികളും സുന്ദരന്മാരും ആയിരുന്നു. എന്റെ വീക്കിലി ഭ്രാന്ത് മനസ്സിലാക്കിയപ്പോൾ ഉമ്മർ ഹാജിപറഞ്ഞു; ‘ഇജ് ഇന്ക്ക് സഹായായിട്ട് ഇവ്‌ടെ നിന്നോ, അനക്ക് ഞാൻ ദിവസം പത്തുറുപ്യ തരാ ...'

വല്ലാത്തൊരു പ്രലോഭനമായിരുന്നു അത്. തങ്ങൾ തരുന്ന ബസു കൂലി അഞ്ച് രൂപയാണ്. അതിന്റെ ഇരട്ടിയും പിന്നെ വായിക്കാൻ ഇഷ്ടം പോലെ വീക്കിലികളും... പലപ്പോഴും അക്ഷരങ്ങളിൽ വഴുതിവീണും ചില വാക്കുകളുടെ അർത്ഥമറിയാതെ കിതച്ചും ഇഴഞ്ഞുമാണ് എന്റെ വായന മുമ്പോട്ടുപോയത്. പക്ഷേ ആ തുടർക്കഥകൾ വായിക്കാൻ എനിക്കിഷ്ടമായിരുന്നു. എനിക്ക് ജീവിക്കാൻ കഴിയാത്ത സുന്ദരങ്ങളായ ജീവിതങ്ങളാണ് ആ വാരികകളിൽ അച്ചടിമഷി പുരണ്ടുകിടന്നത്.

അവിടുത്തെ ജോലി വിടുന്ന കാര്യം തങ്ങളോട് പറയാനുള്ള ധൈര്യം എനിക്കുണ്ടായില്ല. ഒളിച്ചോടിയാലും തൊട്ടുമുമ്പിലെ കടയിൽ മൂപ്പർ എന്നെ കണ്ടെത്തും. മര്യാദയ്ക്ക് കാര്യം പറഞ്ഞ് അവിടുന്ന് പോരേണ്ടതിനു പകരം ഞാൻ വിചിത്രവും ക്രൂരവുമായ മറ്റു വഴികളാണ് തിരഞ്ഞെടുത്തത്.

ഈ ആറു മാസത്തിനിടയ്ക്ക് ബോർഡിലും ബാനറിലുമൊക്കെ എഴുതേണ്ട വലിയ അക്ഷരങ്ങൾക്ക്, മൂപ്പർ പെൻസിൽ കൊണ്ട് ഔട്ട് ലൈൻ ഇട്ടുതരികയും ഞാനതിനുള്ളിൽ പെയിൻറ്​ ചെയ്ത് അവയെ ഒന്നാന്തരം അക്ഷരങ്ങളാക്കി മാറ്റുകയും ചെയ്തിരുന്നു. പലപ്പോഴും ലെറ്റർ സ്‌റ്റൈൽ മൂപ്പർ പറഞ്ഞു തന്നാൽ ഞാൻ തന്നെ പെൻസിൽ കൊണ്ട് ഔട്ട്​ലൈൻ വരച്ച് പെയിൻറു കൊണ്ട് എഴുതുകയും ചെയ്യുമായിരുന്നു.

ഉമ്മർ ഹാജി നൽകിയ പത്തു രൂപയുടെ പ്രലോഭനവും, പഴമയുടെ മണവുമായി ആ പലചരക്ക് കടയിൽ കൂമ്പാരമായി കിടന്ന വീക്കിലികളും എന്റെ ഔട്ട് ലൈനുകളെ തെറ്റിച്ച് തുടങ്ങി. വരകൾക്കപ്പുറം കടന്ന് എന്റെ അക്ഷരങ്ങൾ വികൃതമായി. എന്റെ കയ്യിലെ പെയിൻറുപാത്രം ബോർഡിലേക്ക് ഒന്നായി കമി​ഴ്​ന്ന്​ ബോർഡാകെ അലങ്കോലമായി.

‘അനക്ക് എന്ത് പറ്റിയെടാ ...? ' തങ്ങൾ ചോദിക്കും.
എനിക്ക് അബദ്ധങ്ങൾ പറ്റുകയായിരുന്നില്ല. ഞാൻ അബദ്ധങ്ങളെ പറ്റിക്കുകയായിരുന്നു. എന്നെ ചീത്ത പറഞ്ഞ് മൂപ്പരവിടുന്ന് ഓടിച്ചു വിട്ടാലേ എനിക്ക് ഉമ്മറാജിയുടെ കടയിൽ ജോലിക്ക് കയറാൻ പറ്റുകയുള്ളൂ. ഒരു മന്തന്റെ കുപ്പായമണിഞ്ഞ്, ഞാൻ ബാനറുകളിൽ ഡിസ്റ്റമ്പറിനു പകരം വെള്ള ഇനാമൽ പെയിൻറ്​ കൊണ്ട് എഴുതി. അത് തുണിയിലാകെ പടർന്ന് മായ്ച്ചുകളയാൻ പറ്റാത്ത വിധം വികൃതമായി. എഴുതി പൂർത്തിയാക്കി ഒടുക്കത്തെ മിനുക്കുപണിയും കഴിഞ്ഞ ബോർഡുകളിലേക്ക് ഞാൻ പെയിൻറ്​ ടിന്നുകൾ കമഴ്ത്തി.

എന്റെ മനസ്സിനും ബോധത്തിനും എന്തോ തകരാറ് പറ്റിയിട്ടുണ്ട് എന്ന മിഥ്യാ ധാരണയിൽ ഒടുക്കം അമ്പത് രൂപയുടെ ഒരു നോട്ടും തന്ന്, വി. കെ. തങ്ങൾ എന്നെ യാത്രയാക്കി. ആ കോണിപ്പടികൾ ഇറങ്ങുമ്പോൾ ഞാനാ നല്ല മനുഷ്യനോട് ഉള്ളിൽ മാപ്പിരന്നു. വാടകവീട്ടിലായിരുന്നു കുടുംബം അപ്പോൾ താമസിച്ചിരുന്നത്. തങ്ങൾ തന്ന അമ്പത് രൂപയിൽ നാൽപത് രൂപയും ഉമ്മാക്ക് കൊടുത്ത് ഞാൻ കള്ളം പറഞ്ഞു; ‘അയാള് ഇന്നോട് ഇനി വരണ്ടാന്ന് പറഞ്ഞു.’
നാൽപത് രൂപ ഒന്നിച്ചു കിട്ടിയതിന്റെ സന്തോഷത്തിൽ ഉമ്മ പറഞ്ഞു; ‘അദ് ശാരല്ല, അനക്ക് വേറെ ബോർഡും പീടീല് പോവാലോ ...'

ചെമ്പ് കിണ്ടിയിലെ വെള്ളം എനിക്ക് കൈ കഴുകാനായി അവർ ഒഴിച്ചു തന്നു. ആ കാതുകളിലെ സ്വർണ ചിറ്റുകൾ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ആ മേൽച്ചുണ്ടിന് മേൽ പൊടിഞ്ഞ വിയർപ്പു മണികൾക്ക് സ്വർഗ്ഗത്തിന്റെ സുഗന്ധമായിരുന്നു.

തങ്ങളുടെ ഷൈൻ ആർട്‌സ് ഉമ്മാക്ക് ബോർഡ് പീടികയാണ്. തങ്ങളിൽ നിന്ന് വിവരങ്ങൾ അറിഞ്ഞ ഉപ്പ എന്നെ ചീത്തയൊന്നും പറഞ്ഞില്ല. ഏട്ടന്റെ കൂടെ പെയിൻറ്​ പണിക്ക് പോവണ്ടെങ്കിൽ വേറെ എന്തെങ്കിലും ജോലി സ്വയം കണ്ടെത്തിക്കോളാൻ പറഞ്ഞു.

രണ്ടു ദിവസം കയ്യിലെ സൂക്ഷിപ്പു മുതൽ കൊണ്ട് അനിയന് മിഠായിയൊക്കെ വാങ്ങിക്കൊടുത്ത് ഞാൻ മുതലാളിയായി ജീവിച്ചു. മൂന്നാം നാൾ ഉമ്മർ ഹാജിയുടെ പലചരക്കുകടയിൽ സഹായിയായി ജോലിക്ക് കയറി. അതൊരു വെള്ളിയാഴ്ചയായിരുന്നു. അന്ന് ഉച്ചവരെയേ കട ഉണ്ടായിരുന്നുള്ളൂ. പലചരക്ക് കടയിൽ സാധനങ്ങൾ പൊതിഞ്ഞു കൊടുക്കുന്ന എന്നെ കണ്ട് തങ്ങൾ അമ്പരന്നു. ആ മുഖത്ത് ചതിക്കപെട്ടവന്റെ ഭാവം എക്കാലവും എനിക്ക് ഓർക്കാൻ പാകത്തിൽ തെളിഞ്ഞു നിന്നിരുന്നു.

കടയിൽ കാര്യമായ തിരക്കൊന്നുമില്ല. വായിക്കാൻ ഇഷ്ടം പോലെ സമയം. എന്നെ അങ്ങനെ വല്ലാതെ സുഖിക്കാൻ വിടണ്ട എന്നു കരുതി, ഉമ്മർഹാജി എനിക്ക് പത്രക്കടലാസ് കൊണ്ട് പാക്കറ്റുകൾ ഉണ്ടാക്കുന്ന വിദ്യ പഠിപ്പിച്ചു തന്നു. അക്കാലത്ത് കടലാസ് പാക്കറ്റുകളിലാണ് പഞ്ചസാരയും പരിപ്പും ചായപ്പൊടിയുമൊക്കെ അളന്നുകൊടുത്തിരുന്നത്. സാധനം വാങ്ങാൻ വരുന്നവർ സഞ്ചി കരുതിയിട്ടുണ്ടാവും. ആ സഞ്ചിയിലേക്ക് ഓരോ സാധനത്തിന്റെയും പേര് പറഞ്ഞ്​ പാക്കറ്റുകൾ എടുത്തു വെക്കുന്ന ജോലിയും എനിക്കായിരുന്നു.
അന്നത്തെ ഉച്ചഭക്ഷണം മൂപ്പരുടെ വീട്ടിൽ നിന്നായിരുന്നു. കോട്ടക്കൽ അങ്ങാടിയിൽ നിന്ന് ആട്ടീരിയിലേക്ക് പോകുന്ന വഴിയിലായിരുന്നു ഉമ്മർ ഹാജിയുടെ വീട്. വിശാലമായ വരാന്തയും വരാന്തയിൽ മരത്തിന്റെ ചാരുപടിയും ഉള്ള മാളിക വീട് . ആ ചാരുപടിയിൽ എനിക്കു മാത്രമായി നിരത്തപ്പെട്ട വിഭവങ്ങൾ കണ്ടപ്പോൾ മനുഷ്യർക്ക് ഇങ്ങനെയും ഭക്ഷണം കഴിക്കാമോ എന്നുഞാൻ അത്ഭുതപ്പെട്ടു. ഉമ്മർ ഹാജിയുടെ രണ്ടാം ഭാര്യ എന്റ അടുത്ത് നിന്ന് സ്വർണ വളകളുടെ സംഗീതത്താൽ എന്നോട് സംസാരിച്ചു. എനിക്ക് ചോറ് വിളമ്പി.

മറിയാത്തയും മകനും ചവച്ചു തുപ്പിയ ഇറച്ചി തുണ്ടുകൾ തിന്ന വിദൂരമല്ലാത്ത ഭൂതകാലം എന്റെ ഉള്ളിൽ കനത്തു. പൊരിച്ച ഇറച്ചിയുടെ മണവും വിളമ്പുന്ന കൈകളുടെ ഭംഗിയും ആ അന്തരീക്ഷത്തിലെ സുഗന്ധവുമെല്ലാം കൂടി, പാലൈവനം ഉസ്താദ് വിവരിച്ചു തന്ന സ്വർഗ്ഗത്തിന്റെ അനുഭൂതി ഞാൻ അറിഞ്ഞു. ഭൂമിയിലും സ്വർഗ്ഗങ്ങളും അതിൽ ഹൂറിമാരും ഉണ്ടെന്ന് ഞാൻ അറിയുകയായിരുന്നു.

ഉമർഹാജി രണ്ടാം ഭാര്യക്കുവേണ്ടി വാങ്ങിയ മാളികവീടയിരുന്നു അത്. അയാളുടെ ആദ്യഭാര്യയും അതിലെ മക്കളും ആട്ടീരിയിൽ താമസിക്കുന്നുണ്ട്. കല്യാണം കഴിഞ്ഞ് വർഷങ്ങളായിട്ടും രണ്ടാം ഭാര്യയിൽ ഉമ്മർ ഹാജിക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല .ആ വരാന്തയിലെ ചാരുപടിയിൽ ഇരുന്ന് ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ, ചെമ്പ് കിണ്ടിയിലെ വെള്ളം എനിക്ക് കൈ കഴുകാനായി അവർ ഒഴിച്ചു തന്നു. ആ കാതുകളിലെ സ്വർണ ചിറ്റുകൾ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ആ മേൽച്ചുണ്ടിന് മേൽ പൊടിഞ്ഞ വിയർപ്പു മണികൾക്ക് സ്വർഗ്ഗത്തിന്റെ സുഗന്ധമായിരുന്നു.

ചാരുപടിയിലെ പാത്രങ്ങളെല്ലാം അവർ എടുത്തു കഴിഞ്ഞപ്പോൾ നീണ്ട ഏമ്പക്കവും വിട്ട് ഉമ്മർഹാജി വരാന്തയിലേക്ക് ഇറങ്ങി വന്നു. ആ കുറിയ മനുഷ്യനെയും, ചെറുപ്പക്കാരിയും അതിസുന്ദരിയുമായ ഭാര്യയേയും, ഞാൻ മാനുട്ടന്റെയും മറിയാത്തയുടെയും ചലന വേഗങ്ങളിലേക്ക് സങ്കൽപ്പിച്ചെടുത്തു. അന്നേരം അകത്ത്, വാതിൽ മറവിൽ നിന്ന് രണ്ട് കണ്ണുകൾ എന്നെ തന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളിലെ തിരകൾ എന്റെ സ്ഥലകാലങ്ങളെ കീഴ്‌മേൽ മറിച്ചിട്ടു. മാനുട്ടന്റെ മുകളിൽ ഉയർന്ന് താഴുന്ന മറിയാത്തന്റെ ചലനങ്ങൾ, ആ വാതിൽ മറവിനപ്പുറത്തെ ഇരുളിലെ ആ കണ്ണുകളുടെ ഉടമയിൽ നിന്ന് ഉണ്ടാവുന്നതിന്റെ നശിച്ചൊരു സങ്കൽപ്പത്തിൽ പെട്ട് എന്റെ ഉടലാകെ വിറച്ചു.

‘ഞ്ഞ് ഇജ് കുടീക്ക് പൊയ്‌ക്കോ '
അരയിലെ ബെൽറ്റിൽ നിന്ന് പത്തു രൂപ എടുത്ത് ഉമ്മർ ഹാജി എനിക്ക് നീട്ടി; ‘നാളെ എട്ട് മണിയാവുമ്പൊ പീടീക്ക് വന്നോണ്ടീ '

വാതിൽ മറവിനപ്പുറത്ത് സ്വർഗത്തിന്റെ സുഗന്ധവുമായി വിയർപ്പുമണികൾ ഉരുണ്ടു കൂടുന്നു... എന്നെത്തന്നെ ഉറ്റു നോക്കുന്ന ആ കണ്ണുകൾ നിശബ്ദമായി എന്നോട് എന്തൊക്കെയോ പറയുന്നു ... മുമ്പിലെ ഉച്ചവെയില് നിലാവായി മാറുന്നു ... ആ നിലാവിലൂടെ നടന്നു നടന്ന് എനിക്ക് വഴിതെറ്റുന്നു ...പിന്നെ സ്വബോധത്തിലേക്ക് തിരിച്ചുവന്ന്, നേരായ വഴിയിലേക്ക് കടന്ന് ബസിലിരിക്കുമ്പോൾ എനിക്കുചുറ്റും സ്വർണവളകളും ചിറ്റുകളും, ലിപി അറിയാത്തൊരു ഭാഷയിൽ, സ്വരമറിയാത്തൊരു സംഗീതത്തിൽ എന്നെ മുക്കിയെടുത്തു.

ആ ഉച്ചയിൽ എന്റെ പേരും നാടും ഞാൻ മറന്നാൽ പോലും, സ്വർഗ്ഗത്തിന്റെ സുഗന്ധമുള്ള വിയർപ്പുമണികൾ ഉരുവം കൊള്ളുന്ന ആ മേൽച്ചുണ്ടിലേക്കുള്ള വഴി ഞാൻ മറക്കില്ലയിരുന്നു.

സ്വർഗങ്ങൾ മാത്രമല്ല, ഭൂമിയിൽ നരകങ്ങളും അനേകമുണ്ടെന്ന് ഞാൻ അറിയാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ.

പിറ്റേന്ന് ശനിയാഴ്ച ചന്ത ദിവസമായിരുന്നു. കടയിൽ നല്ല തിരക്ക്​. പരിചയമില്ലാത്തതിനാൽ എന്റെ അളവുകൾ തെറ്റി. ധൃതിയിൽ ചെയ്തതിനാൽ കടലാസു പാക്കറ്റുകൾ കയ്യിൽ നിന്ന് വീണ് അവയിലെ സാധനങ്ങൾ നിലത്ത് ചിതറി. സാധനം വാങ്ങാൻ വന്നവർ ചിരിച്ചു .ചിലരൊക്കെ സഹതപിച്ചു. ഉമ്മർഹാജി അമർഷം ഉള്ളിലൊതുക്കി എന്നെ കടുപ്പിച്ച് നോക്കി.

ആ സമചതുരത്തിന്റെ പിൻഭാഗം പരമ്പ് കൊണ്ട് മറച്ചിരുന്നു. ആ മറവിനപ്പുറത്താണ് വെളിച്ചെണ്ണയും എള്ളെണ്ണയും മണ്ണെണ്ണയും സൂക്ഷിച്ച് വെച്ചിരുന്നത്. ആളുകൾ തരുന്ന കുപ്പിയിലേക്ക് കാളം വെച്ച് എണ്ണ അളന്ന് ഒഴിക്കുമ്പോൾ എന്റെ കൈകൾ വിറച്ച് എണ്ണ താഴേക്ക് ഒലിച്ചു. ആരും കാണാതിരിക്കാൻ തുണിത്തുമ്പ് കൊണ്ട് തുടച്ചുതുടച്ച് എന്റെ തുണിയാകെ എണ്ണ പുരണ്ടു. കൈകൾ തുടച്ച് തുടച്ച് കുപ്പായത്തിലും എണ്ണ പുരണ്ടു.

നേരം ഉച്ചയോടടുത്തപ്പോൾ കടയിലെ തിരക്ക് കുറഞ്ഞു. പരിചയമില്ലാത്ത പണി ആയതുകൊണ്ടും, അളവും തൂക്കവും പിഴച്ചതുകൊണ്ടും ഞാനതുവരെ വിശപ്പറിഞ്ഞിരുന്നില്ല. തിരക്ക് കുറഞ്ഞപ്പോൾ വയറ് വിശപ്പിനെ ഓർമിപ്പിച്ചുകൊണ്ട് ശബ്ദങ്ങളുണ്ടാക്കി. കുറച്ചുനേരത്തേക്ക് ആരും വരാതായപ്പോൾ ഉമ്മർ ഹാജി പറഞ്ഞു; ‘ഇജ് കുടീ പോയി ചോറ് തിന്നിട്ട് ഇന്ക്ക്ള്ള ചോറും കൊണ്ട് വാ... വജ്ജ് ഓർമ്മല്ലേ ? ' '

‘വഴി ഓർമയുണ്ടായിരുന്നു. ആ ഉച്ചയിൽ എന്റെ പേരും നാടും ഞാൻ മറന്നാൽ പോലും, സ്വർഗ്ഗത്തിന്റെ സുഗന്ധമുള്ള വിയർപ്പുമണികൾ ഉരുവം കൊള്ളുന്ന ആ മേൽച്ചുണ്ടിലേക്കുള്ള വഴി ഞാൻ മറക്കില്ലയിരുന്നു. ഞാൻ നടന്നു... ഇന്നലെ അടയാളം വെച്ച വീടുകളും വിളക്കുകാലുകളും എണ്ണി ഞാനാ മാളികവീടിന്റെ മുറ്റത്ത് സ്വപ്നത്തിലെന്നപോലെ ചെന്നു നിന്നു.

നട്ടുച്ചയെ കുളിരാക്കി മാറ്റുന്ന വിശാലമായ തെങ്ങിൻ തോപ്പിലായിരുന്നു ആ വീട്. തെങ്ങോലകളുടെ വിടവിലൂടെ താഴേക്ക് വരുന്ന വെളിച്ചത്തിന്റെ നിഴലുകൾ അനേകം ചിത്രങ്ങളായി എന്റെ മുമ്പിൽ ചലിച്ചു. എന്റെ മുമ്പിലേക്ക് വാതിൽ തുറക്കപ്പെട്ടു. തുറന്ന വാതിലിനപ്പുറം അവർ നിന്നു. ആ മുഖത്തേക്ക് നോക്കാനാവാതെ, വല്ലാതെ മിടിക്കുന്ന ഹൃദയത്തിന്റെ ശബ്ദം ശ്രവിച്ച് ഞാൻ തല താഴ്ത്തി പിടിച്ചു.
‘ഇങ്ങട്ട് കേറിക്കോ ...'

മൃദുല മനോഹരമായ ശബ്ദം. ചുവന്ന കാവിയിൽ കറുപ്പ് ഡിസൈനുകളുള്ള പടികൾ കയറി, ഞാൻ നിന്ന് കിതച്ചു. എന്റെ കിതപ്പിന്റെയും തല താഴ്ത്തലിന്റെയും പൊരുൾ അറിയാൻ മാത്രം അവർ മുതിർന്നിരുന്നു. ചെമ്പുകിണ്ടിയിലെ വെള്ളം നീട്ടിയ കൈകളിൽ സ്വർണ വളകൾ കിലുങ്ങി. തെങ്ങിൻതോപ്പിൽ അപരാഹ്നത്തിന്റെ പക്ഷികൾ ചിറക് തുഴഞ്ഞു. അകത്തേക്ക് നടന്നു പോവുന്ന പാദങ്ങളുടെ അരികുകളിൽ, സ്വർണ പാദസരങ്ങൾക്കുതാഴെ മൈലാഞ്ചി ചുവപ്പ്...

എന്നെക്കാൾ ആറോ ഏഴോ വയസ്സിന്റെ വളർച്ചയേ അവർക്കുണ്ടായിരുന്നുള്ളൂ. അവർ വന്നുനിന്ന വരാന്തയിലെ വായുവിൽ എനിക്കറിയാത്ത സുഗന്ധങ്ങൾ ...
അത് ഗൾഫ് സ്‌പ്രേയുടെയോ വാസനസോപ്പിന്റെയോ അത്തറിന്റെയോ സുഗന്ധങ്ങളല്ല. ആ സുഗന്ധം ആവോളം ശ്വസിച്ച് ഞാൻ ആ ചാരുപടിയിൽ ഇരുന്നു. മുറ്റത്തിന്റെ അതിരിൽ വെയിൽ കൊണ്ട് നിന്ന അനേകം പൂക്കളിൽ ശലഭങ്ങൾ പറക്കുന്നുണ്ടായിരുന്നു. മല്ലികയും റോസും പത്തുമണി മുല്ലയും വെള്ള ചെമ്പരത്തികളും എന്നെ നോക്കി ചിരിച്ചു.

വെയിൽ മണമുള്ള തണുത്ത കാറ്റുകൾ എന്നെ വന്നു തൊട്ടു. തൊട്ടടുത്ത് ഒരു ഹൂറി നിൽക്കുമ്പോൾ, എത്ര രുചികരമായ വിഭവങ്ങളാണെങ്കിലും അതെങ്ങനെ ആർത്തിയോടെ തിന്നാനാവും....?

പാദസരങ്ങൾ കിലുങ്ങുന്നു ശബ്ദം...
എന്റെ നെഞ്ചിടിപ്പ് കൂടുന്നു ....
നിയന്ത്രിക്കാൻ നോക്കിയിട്ടും പിടിതരാതെ എന്റെ കാൽമുട്ടുകൾ വിറക്കുന്നു .... സുഗന്ധങ്ങൾ അടുത്തേക്കടുത്തേക്ക് വരുന്നു...
മരത്തിന്റെ ചാരുപടിയിൽ വിഭവങ്ങൾ നിരക്കുന്നു...
ആ കൈനഖങ്ങളിൽ രക്തമൈലാഞ്ചികൾ തിളങ്ങുന്നു ...
മൈലാഞ്ചി ചുവപ്പിനെ താഴെ സ്വർണം മോതിരങ്ങൾ തിളങ്ങുന്നു...

നിശ്വാസത്തിന്റെ താളം കേൾക്കാവുന്നത്ര അടുത്ത്, കരിവീട്ടിയുടെ തൂണും ചാരി നിന്ന് അവർ ചോദിക്കുന്നു; ‘ഞാൻ വെളമ്പി തരണോ? '
അതിൽ പരിഹാസത്തിന്റെ പൂമ്പൊടി ഇല്ലായിരുന്നു. വെയിൽ മണമുള്ള തണുത്ത കാറ്റുകൾ എന്നെ വന്നു തൊട്ടു. തൊട്ടടുത്ത് ഒരു ഹൂറി നിൽക്കുമ്പോൾ, എത്ര രുചികരമായ വിഭവങ്ങളാണെങ്കിലും അതെങ്ങനെ ആർത്തിയോടെ തിന്നാനാവും....?
എന്റെ വിരലുകൾ ചോറിലും മീൻ കറിയിലും പപ്പടത്തിലും തൊട്ടും തടവിയും നിന്നു.

‘തിന്നണ്ട പ്രായാണ് അനക്ക് . നല്ലോണം തിന്നോ ... '

ആ ശബ്ദം വരുന്നത് ഒരു മനുഷ്യസ്ത്രീയുടെ വായിൽ നിന്നാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി. ചുവന്ന പാവാടയ്ക്ക് കീഴിൽ സ്വർണ പാദസരങ്ങളും മൈലാഞ്ചി ചോപ്പുമായി ആ പാദങ്ങൾ എന്നെതന്നെ നോക്കുകയാണ്...

‘ഞാനിവിടെ നിന്നിട്ടാ അബ്ബാസിന് തിന്നാൻ മടി ? '

എന്റെ തൊണ്ടയിൽ ചോറ് തടഞ്ഞു നിന്നു. അവർക്ക് എന്റെ പേര് അറിയാം... എന്റെ എല്ലാ ഭൂതകാലങ്ങളും അറിയാമായിരിക്കും. അത് ഉമ്മർ ഹാജി പറഞ്ഞു കൊടുത്തതാവും.അവരവിടെ നിന്നിട്ടാണ് എനിക്ക് ഭക്ഷണം കഴിക്കാൻ കഴിയാത്തത് എന്ന സത്യം പറയാനാവാതെ ഞാനാ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിൽ ജലം പൊടിഞ്ഞിരുന്നു. ആ കണ്ണീര് തുടച്ചു കൊണ്ട് അവർ അകത്തേക്ക് പോയി.

എന്തിനാവും അവർ കരഞ്ഞതെന്ന് എനിക്ക് പിടിത്തം കിട്ടിയില്ല. അവർ നിന്ന ഇടത്തെ ശൂന്യത എന്നെയും അസ്വസ്ഥനാക്കി . പക്ഷേ ഞാൻ ഭക്ഷണം കഴിച്ചു. രുചിയോടെ മീൻപൊരിച്ചത് തിന്നു. പിന്നെ കൈകഴുകി പാത്രങ്ങളൊക്കെ അടുക്കി പൊറുക്കി വെക്കുമ്പോൾ കയ്യിൽ ഒരു തുണി സഞ്ചിയുമായി അവർ മടങ്ങി വന്നു. അതിനുള്ളിൽ ഉമ്മർഹാജിക്കുള്ള ചോറാണ്.

ഈ വിശാലമായ മാളിക വീട്ടിൽ അവർ തനിച്ചാണ്. ഒരുപാട് അംഗങ്ങളുള്ള ഒരു വീട്ടിൽ നിന്നാവും അവർ വന്നിട്ടുണ്ടാവുക ...ഇവിടെ ,ഭക്ഷണമുണ്ടാക്കി അത് തനിയെ കഴിച്ചും തുണിയലക്കിയും നിലം തുടച്ചും അകലെയുള്ള അയൽവാസികളോട് സംസാരിക്കാൻ പോലുമുള്ള അനുവാദമില്ലാതെയും ഈ വിജനതയിൽ മണിക്കൂറുകളെണ്ണി അവർ ജീവിതം അളന്ന് തീർക്കുകയാവും.... സഞ്ചി എന്റെ കയ്യിലേക്ക് തരുമ്പോൾ അവർ പറഞ്ഞു.

‘അന്തിക്ക് ഇവ്‌ടെ കെടക്കാൻ അബ്ബാസിനെ മൂപ്പര് വിളിക്കും.വരര്ത് ട്ടാ.’
ഞാൻ അവരെ അന്തംവിട്ടു നോക്കി. ആ കണ്ണുകളിൽ അപ്പോൾ ജലം ഉണ്ടായിരുന്നില്ല. മുഖത്ത് ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കമായ ചിരി ഉണ്ടായിരുന്നു താനും.
‘അനക്ക് മുമ്പ് രണ്ട് കുണ്ടൻമാര് ഇവ്‌ടെ കെടക്കാൻ വന്ന്ട്ട്ണ്ട്, ഇജ് ആ കൂട്ടത്തില് പെടരുത് ...'
തിളച്ച വെള്ളം ദേഹത്തു വീണാലെന്നപോലെ ഞാനാകെ പൊള്ളി. അവരതും പറഞ്ഞ് അകത്തേക്ക് കയറിപ്പോയി. സഞ്ചിയും തൂക്കി ആ ഉച്ചവെയിലിലൂടെ നടക്കുമ്പോൾ എന്റെ ചെവിയിലും പാതകളിലും അന്തരീക്ഷത്തിലാകെയും ആ വാക്കായിരുന്നു. ഇടിമുഴക്കം പോലെ ആ വാക്ക് ഞാൻ വീണ്ടും വീണ്ടും കേട്ടു;
കുണ്ടൻ
കുണ്ടൻ
കുണ്ടൻ ...
മറ്റേതോ പാട്ടിന്റെ പാരഡിയായി കുട്ടികളും മുതിർന്നവരും പാടുന്ന നാലുവരി എന്റെ അന്തരീക്ഷത്തിൽ മുഴങ്ങി.
കുണ്ടന്മാരുടെ ദുനിയാവ്.
ആർക്കാണിവിടെ സ്ഥിരവാഴ്​വ്​
കായി കൊടുത്തു കഴിഞ്ഞാൽ പിന്നെ
കാണുന്നിടമാണവർ വീട്
കുണ്ടന്മാരുടെ... ദുനിയാവ്... ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments