ചിത്രീകരണം : ദേവപ്രകാശ്.

ചുട്ടുപഴുത്തൊരു മാംസക്കമ്പി മലദ്വാരത്തിലേക്ക് തുളച്ചു കയറുമ്പോൾ എനിക്ക് ഉമ്മാനെ കാണാൻ തോന്നി

വെറും മനുഷ്യർ- 43

‘കുണ്ടൻ പണി’യുടെ വിശ്വരൂപം ഞാൻ കാണുന്നതും അനുഭവിക്കുന്നതും നാടുവിട്ട് പോയി കോഴിക്കോട്ടെ ഹോട്ടലുകളിൽ എച്ചിൽ മേശകൾ തുടയ്ക്കുന്ന കാലത്തായിരുന്നു.

പെരുംചിലമ്പിൽ ജീവിച്ച കാലത്ത് ഞാൻ ഒരിക്കലും കുണ്ടൻ എന്ന വാക്കിന്റെ തമിഴോ, സ്വവർഗരതിയെ കുറിച്ചോ കേട്ടിട്ടുതന്നെയില്ല. പക്ഷേ, ഈ നാട്ടിൽ വന്ന് ഒരാഴ്ച തികയും മുമ്പ് തന്നെ ഞാൻ ആ വാക്കു കേട്ടു. അതിന്റെ മറ്റൊരു പ്രയോഗമായ ‘സൈക്കിൾ ചവിട്ടൽ’ എന്ന പ്രയോഗവും കേട്ടു. എന്നോടും പലരും പള്ളിയിൽ വെച്ചും കവലയിൽ വെച്ചും ദേഹത്ത് മുട്ടിയുരുമ്മി എനിക്കറിയാത്തൊരു ഭാവത്തിൽ ചോദിക്കുമായിരുന്നു, ‘അനക്ക് സൈക്കിള് ചവുട്ടാൻ അറിയോ...?'
ഇല്ല എന്ന എന്റെ മറുപടി കേൾക്കുമ്പോൾ ഒരു വഷളൻ ചിരിയോടെ എന്റെ തുടയിൽ അമർത്തിപ്പിടിച്ച് അവർ പറയും, ‘ഞാൻ പഠിപ്പിച്ച് തരാം.. നല്ല രസാണ് '

ആ സൈക്കിൾ ചവിട്ടലിന്റെ നിഗൂഢാർത്ഥം അറിയാതെ, യഥാർത്ഥ സൈക്കിളിൽ നിന്ന് വീണ് പരിക്കുപറ്റിയ പഴയ കൂട്ടുകാരെ ഓർത്ത്​ ഞാൻ അത്തരം സാഹചര്യങ്ങളിൽ നിന്ന് തടിയൂരും. വീടിനു താഴെ മേൽക്കൂരയില്ലാതെ കിടന്ന ആ വീട്ടിൽ എന്റെ മുകളിൽ ഉയർന്നുതാണ് പല്ലിമുട്ടകളുടെ ഗന്ധം എന്റെ തുടകളിൽ പുരട്ടിയ ആ മനുഷ്യൻ ചെയ്ത പ്രവർത്തിയാണ് ഈ സൈക്കിൾ ചവിട്ടലെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി.

ഒരു കെട്ട് വിറകിനും, കുറച്ച് തേങ്ങയ്ക്കും, ഹോട്ടൽ ബിരിയാണിക്കും, അഞ്ചോ പത്തോ രൂപയ്ക്കും വേണ്ടി, കുട്ടികൾ പറങ്കിമാവിൻ തോട്ടങ്ങളിലും, ആൾപാർപ്പില്ലാത്ത വീടുകളിലും നഗ്‌നരാക്കപ്പെട്ടു.

അക്കാലത്ത് വലിയ പറമ്പിൽ കുറേ ‘കുണ്ടൻ’മാരുണ്ടായിരുന്നു. എല്ലാത്തിലുമെന്ന പോലെ ഇതിലും, വെളുത്ത കുണ്ടൻമാർക്കായിരുന്നു കൂടുതൽ ഡിമാൻറ്​. തുടകളിൽ രോമം കിളിർക്കും മുമ്പാണ് കുണ്ടൻമാരുടെ നല്ല കാലം. തിരിച്ചറിവുകൾ ഇല്ലാത്ത കാലം. ആ കാലത്തിലൂടെ, ഒരു കെട്ട് വിറകിനും, കുറച്ച് തേങ്ങയ്ക്കും, ഹോട്ടൽ ബിരിയാണിക്കും, അഞ്ചോ പത്തോ രൂപയ്ക്കും വേണ്ടി, കുട്ടികൾ പറങ്കിമാവിൻ തോട്ടങ്ങളിലും, ആൾപാർപ്പില്ലാത്ത വീടുകളിലും നഗ്‌നരാക്കപ്പെട്ടു. വദനസുരതത്തിനും ഗുദ മൈഥുനത്തിനുമടക്കം എല്ലാ വൈകൃതങ്ങൾക്കും അവർ ഇരയാക്കപ്പെട്ടു. അവരുടെ ഉള്ളിൽ വിറകിന് കാത്തിരിക്കുന്ന ഉമ്മയും തേങ്ങയ്ക്ക് കാത്തിരിക്കുന്ന ഉപ്പയും നിസ്സഹായരായി തലകുനിച്ചുനിന്നു. കല്യാണ വീടുകളിൽ മാത്രം കിട്ടുന്ന ബിരിയാണിയെന്ന വിഭവം, ഹോട്ടൽ മേശകളിൽ അച്ചാറും കച്ചംബറുമായി നാവിൽ വെള്ളമൂറിച്ച് നിന്നു. അവർ മലർന്നും കമിഴ്ന്നും കിടന്നു. കിട്ടുന്ന നോവിനും പണത്തിനുമായി തിരശ്ശീലകളിലെ അത്ഭുതക്കാഴ്ചകൾ അവരെ കാത്തുകിടന്നു.

വിജനമായ വെളിമ്പറമ്പുകളിലൂടെ സ്വവർഗ്ഗരതിയുടെ ശുക്ലഗന്ധമുള്ള കാറ്റുകൾ കടന്നുപോയി. വദനസുരതത്തിന്റെ ഒടുക്കത്തെ പൊട്ടിത്തെറികളിൽ വായിലേക്ക് ഇളം ചൂടോടെ ചീറ്റിനിറയുന്ന കൊഴുത്ത ദ്രാവകം തുപ്പിക്കളഞ്ഞ് കുട്ടികൾ കാശിനായി കൈനീട്ടി. പലപ്പോഴും അവർക്ക് കാശ് കിട്ടിയില്ലെന്നു മാത്രമല്ല, ഒടുങ്ങിയമർന്ന കാമത്തിന്റെ കാഞ്ഞിരക്കയ്​പിൽ, മുതിർന്നവരാണെന്ന അഹം ബോധത്തിൽ അവർ കാലുയർത്തി കുട്ടികളെ തൊഴിച്ചു. വീട്ടുകാരോടോ മറ്റ് ബന്ധുക്കളോടോ പറയാൻ പറ്റാത്ത ആ അപമാനങ്ങളുടെ കണ്ണീരുപ്പും രുചിച്ച്, കുട്ടികൾ കശുവണ്ടിയും തേങ്ങയും മോഷ്ടിച്ച് വിറ്റു. എന്നിട്ട് ആ കാശുകൊണ്ട് ബിരിയാണി വാങ്ങി തന്നു. ചിലർ സിനിമ കണ്ടു.

നിസ്സഹായതയിൽ നിന്ന് രൂപം കൊണ്ട അർധസമ്മതത്തോടെയാണ് വലിയപറമ്പിലെ കുണ്ടന്മാർ തങ്ങളുടെ കസ്റ്റമേഴ്‌സിനെ സ്വീകരിച്ചത്. അതിൽ തന്നെ ഹാജി പദവിയും സമ്പത്തും ഉള്ളവർക്ക് ഈ കുട്ടികളെ ഭയമായിരുന്നു. പള്ളിയുടെയും പദവിയുടെ കാര്യം ചർച്ച ചെയ്യുന്ന കവലവട്ടങ്ങളിലേക്ക് ഈ കുട്ടികൾ കടന്നു ചെല്ലും, ചെന്നിട്ട് കാശ് ചോദിക്കും. ആരോടാണോ ചോദിച്ചത്, അയാൾ രഹസ്യമായി ചെയ്ത പ്രവർത്തിയുടെ ഫലം അപ്പോൾ തന്നെ കീശയിൽ നിന്ന് എടുത്തു കൊടുക്കേണ്ടി വരും.

എന്നും തന്റെ തെങ്ങിൻതോപ്പിലേക്ക് വിളിപ്പിച്ച് വദനസുരതവും, ഗുദ മൈഥുനവുമടക്കം എല്ലാ വൈകൃതങ്ങളും ആടിത്തീർത്ത് കാശൊന്നും കൊടുക്കാതെ കാലുയർത്തി തൊഴിക്കുന്ന ബാപ്പുഹാജിക്ക് കുണ്ടൻ മാനു കൊടുത്ത മരണപ്പണി നാട്ടിലാകെ പാട്ടായിരുന്നു.

മാനൂന്റെ ഉപ്പാക്ക് പുത്തൂര് തോട്ടിൽ ബസും ജീപ്പുമൊക്കെ കഴുകുന്ന ജോലിയായിരുന്നു. തീരെ കുറഞ്ഞ വരുമാനമേ ഉള്ളെങ്കിലും മൂപ്പര് നിലമ്പൂരുനിന്ന്​മറ്റൊരു പെണ്ണും കൂടി കെട്ടിയിരുന്നു. ബാപ്പുഹാജിയുടെ തെങ്ങിൻ തോപ്പിന്റെ അതിരിലാണ് മാനുവിന്റെ ഓല വീട് നിന്നത്. വീട്ടിലെ ഭാര്യക്കും കുട്ടികൾക്കും ചെലവിന് കൊടുക്കണമെന്ന വിചാരമൊന്നും ഇല്ലാത്തതിനാൽ, മാനൂന്റെ ഉപ്പ അവന്റെ ഉമ്മാന്റെ ശരീരം മാത്രം തേടി രാത്രികളിൽ വന്നു. ആ സ്ത്രീ ഭർത്താവിന്റെ ആവശ്യങ്ങൾക്ക് തുണിയഴിക്കാൻ മാത്രമുള്ളതാണ് താനെന്ന പരമ്പരാഗത പാഠപുസ്തകത്തിലെ താളുകളിൽ വിശ്വാസമർപ്പിച്ച് എതിരൊന്നും പറയാതെ എല്ലായ്‌പ്പോഴും തുണിയഴിച്ചു.

ആഴ്ചയിൽ എട്ട് തവണയെങ്കിലും ബാപ്പുഹാജി മാനുവിനെ തന്റെ വിറകുപുരയിലേക്ക് വിളിപ്പിക്കും. ഓരോ തവണയും അവൻ കാശിനു വേണ്ടി കൈ നീട്ടുമ്പോൾ അയാൾ അവനെ കാലുയർത്തി തൊഴിക്കുകയും ചെയ്യും

വീട്ടിൽ അടുപ്പ് പുകയണമെങ്കിൽ മൂത്ത മകനായ മാനു തന്നെ വിചാരിക്കണം. അങ്ങനെ വിചാരിച്ച് അവൻ ചെയ്ത പല ജോലികളിൽ ഒന്നായിരുന്നു കുണ്ടൻ പണി. അവന് വെളുത്ത നിറമായിരുന്നു. പെൺ ചുണ്ടുകളും, രോമങ്ങളില്ലാത്ത തുടകളും, അവനീ ജോലിയിൽ തരക്കേടില്ലാത്ത വരുമാനം ഉണ്ടാക്കി കൊടുത്തു. ആവശ്യക്കാരുടെ ആവശ്യങ്ങളൊക്കെ ചെയ്തു കൊടുക്കുമ്പോൾ ദാരിദ്ര്യം കൊണ്ട് എല്ലും തോലുമായ ഉമ്മയെയും തനിക്ക് താഴെയുള്ള നാല് അനിയത്തിമാരെയും അവന് ഓർക്കാതിരിക്കാൻ കഴിയില്ലല്ലോ.

ബാപ്പു ഹാജി തെങ്ങിൻതോട്ടത്തിൽ തേങ്ങയിടീക്കുന്ന സമയങ്ങളിൽ കൃത്യം രണ്ടു തേങ്ങ വീതം മനുവിന്റെ ഉമ്മാക്ക് കൊടുത്തു. തനിക്കുമുമ്പിൽ പരന്നങ്ങനെ കിടക്കുന്ന തെങ്ങിൻതോപ്പിൽ, ഉണങ്ങി വീഴുന്ന തേങ്ങകളിൽ ഒറ്റ തേങ്ങയും അവർ എടുത്തില്ല. അന്യന്റെ മുതലെടുത്ത് കുട്ടികൾക്ക് തിന്നാൻ കൊടുക്കുന്നത് പാപമാണെന്ന ബോധം അവർക്ക് ആവശ്യത്തിലധികം ഉണ്ടായിരുന്നു. ബാപ്പു ഹാജിയുടെ വീട്ടിൽ ചില്ലറ വീട്ടു പണികൾ ചെയ്യുന്നതിന്റെ കൂലിയായി കിട്ടുന്ന പഴഞ്ചോറും പഴയ കൂട്ടാനും അവർ മക്കൾക്ക് കൊടുക്കുകയും ചെയ്തു.

ആഴ്ചയിൽ എട്ട് തവണയെങ്കിലും ബാപ്പുഹാജി മാനുവിനെ തന്റെ വിറകുപുരയിലേക്ക് വിളിപ്പിക്കും. ഓരോ തവണയും അവൻ കാശിനു വേണ്ടി കൈ നീട്ടുമ്പോൾ അയാൾ അവനെ കാലുയർത്തി തൊഴിക്കുകയും ചെയ്യും. അയാളുടെ പറമ്പിലാണ് തന്റെ വീട് നിൽക്കുന്നതെന്ന അറിവ് അവനുണ്ടായിരുന്നു. ആ അറിവിൽ അവൻ എല്ലാം ക്ഷമിക്കാനും സഹിക്കാനും പഠിച്ചു. പഠിച്ചില്ലെങ്കിൽ കൂടി, ദാരിദ്ര്യം മനുഷ്യനെ പഠിപ്പിക്കുന്ന നിസ്സഹായതകളുടെ പാഠങ്ങൾ ക്ഷമയും സഹനവും ആണല്ലോ.

അന്നത്തെ വിറകുപുരയിലേക്കുള്ള യാത്രയിൽ മാനു തന്റെ കോന്തലയിൽ അവന് അറിയാവുന്ന ഒരു മാരകായുധം കൂടി കരുതിയിരുന്നു. പറമ്പിലെ കാന്താരി ചെടികളിൽ നിന്ന് പറിച്ചെടുത്ത് ഉമ്മ കാണാതെ അമ്മിയിൽ വെച്ച് അരച്ചെടുത്ത കാന്താരി പുട്ടിയായിരുന്നു അത്. പൊടുവണ്ണി ഇലയിൽ പൊതിഞ്ഞ ആ പുട്ടി കൊണ്ട് ചെയ്യേണ്ട കാര്യം പലവട്ടം അവൻ ചെയ്യാൻ ഒരുങ്ങിയതാണ്. പക്ഷേ ധൈര്യമുണ്ടായില്ല. തലേന്ന്, തന്റെ ഗുദത്തിലൂടെ മാംസക്കമ്പി ഇറക്കി തന്നെ കൊല്ലാനാക്കിയ, വേദന കൊണ്ട് പുളഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ച ബാപ്പു ഹാജിയോട് അത്രയെങ്കിലും അവന് ചെയ്യണമായിരുന്നു .

ഗുദമൈഥുനത്തിനും വദനസുരതത്തിനും അവൻ വിസമ്മതിച്ചപ്പോൾ, മൂപ്പർ ലഘുവായ മുഷ്ടിമൈഥുനം മതിയെന്ന് ഉദാരനായി. കലാപരിപാടിയുടെ പാതി പിന്നിട്ടപ്പോൾ കയ്യിൽ എന്തെങ്കിലും പുരട്ടാൻ അയാൾ അവനോട് പറഞ്ഞു. ആ എന്തെങ്കിലും എന്നത് കാട്ടെള്ള് ആയാൽ മതിയോ എന്ന അവന്റെ ചോദ്യത്തിനും അയാൾ ഉദാരനായി. വിറകുപുരയിൽ നിന്ന് കാട്ടെള്ള് പറിക്കാൻ അവൻ പുറത്തേക്കിറങ്ങിയപ്പോൾ അയാൾ നിന്ന് കിതച്ചു. കോന്തലയിലെ പൊടുവണ്ണി ഇലയിൽ നിന്ന് കാന്താരിപ്പുട്ടി കയ്യിലെടുത്ത് തിരികെ വരുമ്പോൾ മാംസ കമ്പിയും നീട്ടിപിടിച്ച് ബാപ്പു ഹാജി അലറി, ‘വേം നോക്കടാ നായിന്റെ മോനേ...'

ലിംഗത്തിന് തീ പിടിക്കുന്നത് ബാപ്പുഹാജി അറിഞ്ഞു. കുനിഞ്ഞ് നോക്കിയപ്പോൾ, മാനുവിന്റെ കയ്യിലെ കാന്താരിപ്പുട്ടി അയാൾ കണ്ടു. വിരൽ കൊണ്ട് തൊട്ട് അത് മണത്ത് നോക്കാൻ അയാൾക്ക് നേരം കിട്ടും മുമ്പ് നിലത്ത് അഴിച്ചിട്ട, മൂപ്പരുടെ ഉടുതുണിയുമായി കുണ്ടൻ മാനു ഓടി.

മാനു ആ മാംസക്കമ്പിയിലേക്ക് കയ്യിലെ കാന്താരി പുട്ടി പൊതിഞ്ഞു. ആദ്യത്തെ തണുപ്പിൽ നിന്ന് കൊടും നീറ്റലിലേക്ക് ബാപ്പു ഹാജിയുടെ മാംസക്കമ്പി, കളം മാറാൻ അധികം നേരം വേണ്ടിവന്നില്ല. കിട്ടിയ സമയം കൊണ്ട് മാനു ആ കാന്താരി പുട്ടി കൊണ്ട്, ശമനമില്ലാ കാമത്തിന് നീറ്റൽ പുരട്ടിക്കഴിഞ്ഞിരുന്നു.

ലിംഗത്തിന് തീ പിടിക്കുന്നത് ബാപ്പുഹാജി അറിഞ്ഞു. കുനിഞ്ഞ് നോക്കിയപ്പോൾ, മാനുവിന്റെ കയ്യിലെ കാന്താരിപ്പുട്ടി അയാൾ കണ്ടു. വിരൽ കൊണ്ട് തൊട്ട് അത് മണത്ത് നോക്കാൻ അയാൾക്ക് നേരം കിട്ടും മുമ്പ് നിലത്ത് അഴിച്ചിട്ട, മൂപ്പരുടെ ഉടുതുണിയുമായി കുണ്ടൻ മാനു ഓടി. ഒന്നും ചെയ്യാനാവാതെ, ഉടുതുണിയില്ലാതെ ചോരച്ചുവപ്പിലേക്ക് നിറം മാറുന്ന ലിംഗത്തിലെ കാന്താരിപ്പുട്ടി കൈ കൊണ്ട് തുടച്ച് പൊള്ളിപ്പിടഞ്ഞ് ബാപ്പുഹാജി പിറന്നപടി വിറകുപുരയിൽ നിന്നിറങ്ങി ഓടി. അപ്പോൾ തോന്നിയ ബുദ്ധിയിൽ, കവുങ്ങിൻ തോട്ടം നനയ്ക്കാൻ കെട്ടിയുണ്ടാക്കിയ സിമൻറ്​ ടാങ്കിലെ നിറ വെള്ളത്തിലേക്ക് അയാൾ എടുത്തു ചാടി.

മാനു അവിടുന്ന് ഓടിയത് അഞ്ച് ദിവസത്തേക്കായിരുന്നു. ആ അഞ്ച് ദിവസവും പിന്നെയൊരു രണ്ടു ദിവസവും കൂടി ചേക്കുട്ടി മുസ്ലിയാർ യുനാനി ചികിത്സ കൊണ്ട് ബാപ്പു ഹാജിയുടെ മാംസക്കമ്പിയെ പരിചരിച്ചു. സംഗതി നാട്ടിലാകെ പാട്ടാക്കിയത് ചെക്കുട്ടി മുസ്ല്യാരാണെന്ന് ബാപ്പുട്ടിഹാജിയും ബാപ്പുട്ടിഹാജിയുടെ ഭാര്യയാണെന്ന് ചേക്കുട്ടി മുസ്ല്ലിയാരും വിശ്വസിച്ചു.

പിന്നീട് കാലങ്ങളോളം ബാപ്പു ഹാജിയെ കാണുമ്പോൾ കുട്ടികൾ പോലും പരസ്പരം ചോദിക്കും, ‘എടാ ...ചീരൊളകിന് ഇപ്പം എന്താ വെല?'
‘വെല അറീല, പക്ഷേ മുട്ടാണിമ്മെ തേച്ചാ സ്വർഗം കാണും... '

ഇപ്പോൾ ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു. അക്കാലത്ത് കുണ്ടൻ പണിയും, സ്വവർഗ രതിയുമൊക്കെ വാർത്തകളേ അല്ലായിരുന്നു. സ്വവർഗ രതിയെന്ന് പറയുമ്പോൾ അത് പരസ്പര സമ്മതത്തോടെയുള്ള നൈസർഗികമായ ബന്ധങ്ങൾ ആയിരുന്നില്ല. ഗതികേടുകൊണ്ട് കുട്ടികൾ ചെയ്ത ഒരു ജോലി മാത്രം. ഇതിന്റെയൊക്കെ വിശ്വരൂപം ഞാൻ കാണുന്നതും അനുഭവിക്കുന്നതും കുറച്ചുകാലം കൂടി കഴിഞ്ഞ് നാടുവിട്ട് പോയി കോഴിക്കോട്ടെ ഹോട്ടലുകളിൽ എച്ചിൽ മേശകൾ തുടയ്ക്കുന്ന കാലത്തായിരുന്നു.

ഉമ്മർ ഹാജി എന്നിൽ കണ്ടത് ഒരു കുണ്ടനെയായിരുന്നു. എനിക്ക് വെളുത്ത നിറമുണ്ടായിരുന്നു. തുടകളിൽ രോമങ്ങൾ തല നീട്ടിയിരുന്നില്ല. സ്ത്രീകളുമായി ഇണ ചേരാനുള്ള ലൈംഗിക ശേഷി നശിച്ചവരും, സ്ത്രീകളെ ഇണചേരാൻ കിട്ടാത്ത അവിവാഹിതരുമാണ് അക്കാലത്ത് കുണ്ടൻമാരെ തേടി ചെന്നത്. കുണ്ടന്മാരിൽ തന്നെ ആ ജോലി ആസ്വദിച്ച് ചെയ്തവരും ഉണ്ടായിരുന്നു. പക്ഷേ അവർ കുറച്ചുകൂടി മുതിർന്നിരുന്നു. സുന്ദരിയും ചെറുപ്പക്കാരികളുമായ ഇണകളുള്ള, അപൂർവ്വം പുരുഷന്മാരും കുണ്ടൻമാരെ തേടിച്ചെന്നു. അവരുടെ ഭാര്യമാർക്ക് സ്വാഭാവികമായും ജാരന്മാരും ഉണ്ടായി.

കുണ്ടൻ മാനു ബാപ്പു ഹാജിയുടെ മാംസക്കമ്പിക്ക് കാന്താരിപ്പുട്ടി ഇട്ട കാര്യം വരെ അറിയാമായിരുന്നതു കൊണ്ട്, ഉമ്മർ ഹാജിക്കുള്ള ചോറുമായി ആ ഉച്ചവെയിലിലുടെ നടക്കുമ്പോൾ ഞാനാകെ പേടിച്ചുവിറച്ചു

പൊളിറ്റിക്കൽ കറക്റ്റ്‌നസ് എന്ന വലിയ തമാശയെ കുറിച്ച് ബോധമില്ലാത്ത കാലമായിരുന്നു അത്. മനുഷ്യരുടെ ലൈംഗിക ചോദനകൾ കുറെയൊക്കെ സ്വാഭാവികവുമായിരുന്നു. പരസ്പര സമ്മതമില്ലാത്ത ലൈംഗിക വേഴ്ചകൾ കുറവായിരുന്നു. ബലപ്രയോഗങ്ങൾ വളരെ കുറവായിരുന്നു. ചെറിയ അപവാദങ്ങൾ ഒഴിച്ചാൽ, ഒരു വ്യക്തി ആദ്യം സ്വന്തം ശരീരത്തിലും പിന്നീട് സ്വന്തം വർഗത്തിലും ശേഷം എതിർലിംഗത്തിൽ പെട്ടവരിലും രതിയെന്ന സൂര്യതേജസിനെ കണ്ടെത്തുകയും, ആനന്ദിക്കുകയും ചെയ്ത കാലം കൂടിയായിരുന്നു അത്.

കുണ്ടൻ മാനു ബാപ്പു ഹാജിയുടെ മാംസക്കമ്പിക്ക് കാന്താരിപ്പുട്ടി ഇട്ട കാര്യം വരെ അറിയാമായിരുന്നതു കൊണ്ട്, ഉമ്മർ ഹാജിക്കുള്ള ചോറുമായി ആ ഉച്ചവെയിലിലുടെ നടക്കുമ്പോൾ ഞാനാകെ പേടിച്ചുവിറച്ചു. തങ്ങളോട് ചതി കാട്ടി അവിടുന്ന് പോരേണ്ടിയിരുന്നില്ലെന്ന് പലവട്ടം ചിന്തിച്ചു. രാത്രി തന്റെ വീട്ടിലുറങ്ങാമെന്ന് മൂപ്പർ എന്നോട് സൂചിപ്പിച്ചിരുന്നു. എനിക്കത് സമ്മതവുമായിരുന്നു. ഞങ്ങളുടെ വാടകവീട്ടിൽ സൗകര്യങ്ങൾ തീരെ കുറവാണ്.

പലതും ചിന്തിച്ച് ഒരു തീരുമാനത്തിലും എത്താനാവാതെ ഞാൻ ചോറ്റ് സഞ്ചിയുമായി കടയിലേക്ക് കയറി. കഷായത്തിന്റെ മണമുള്ള കാറ്റുകൾ എന്നെ കടന്നു പോയി. മൂപ്പർ പരമ്പിന്റെ മറവിലിരുന്ന് ചോറ് തിന്നു. എന്റെ ഉത്സാഹമെല്ലാം എങ്ങോ പോയി മറഞ്ഞു. എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപ്പെട്ടാൽ മതിയെന്നായി. എന്റെ മുഖത്തെ ഭാവമാറ്റം മൂപ്പർ പെട്ടെന്നുതന്നെ കണ്ടുപിടിച്ചു; ‘എന്താടാ, അന്റെ മോറ് ഇഞ്ചി കടിച്ച കൊരങ്ങന്റത് പോലെ...? '
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ആര്യവൈദ്യശാലയിൽ നിന്ന് മൂന്നരയുടെ സൈറൺ മുഴങ്ങി. റോഡിനെതിർവശത്ത് ആ ബാൽക്കണിയിൽ നിന്നുകൊണ്ട് തങ്ങൾ ചുറ്റും നോക്കുകയാണ്. മൂപ്പരുടെ നോട്ടം എന്റെ മുഖത്ത് തടഞ്ഞെങ്കിൽ എന്ന് ഞാൻ വെറുതെ ആശിച്ചു.

എനിക്ക് മലയാള അക്ഷരങ്ങൾ എഴുതിത്തന്ന മനുഷ്യൻ, ഈ നാട്ടിലെ ഭാഷ വായിക്കാൻ എന്നെ സഹായിച്ച മനുഷ്യൻ... സ്‌നേഹത്തിന്റെ മുഖങ്ങളെ ക്രൂരമായി അവഗണിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന, എന്നിലെ ഞാൻ മൂപ്പരോടാണ് ആദ്യത്തെ തെറ്റ് ചെയ്തത്. ആ അപരാഹ്നത്തിന്റെ കഷായ മണമുള്ള കാറ്റുകളെ മുറിച്ചുകടന്ന് മൂപ്പരിലേക്കെത്താനും, ചെയ്ത തെറ്റിന് മാപ്പിരക്കാനും ഞാൻ അതിയായി ആശിച്ചു. പക്ഷേ എന്റെ കാലുകൾ ആ പാത മുറിച്ചുകടന്നില്ല. ആ കോണിപ്പടികൾ കയറിയില്ല. ഞാൻ മൂപ്പരെ തന്നെ നോക്കിനിൽക്കുകയാണെന്ന് എപ്പോഴോ തിരിച്ചറിഞ്ഞപ്പോൾ, ഒരിക്കലും അടക്കാത്ത ആ വാതിലടച്ച് മൂപ്പർ അകത്തേക്ക് പോയി.
‘ഇ​ജ്ജ്​ എന്തിനാടാ കരയ്ണ്ടത്? '
ഉമ്മർ ഹാജി ചോദിക്കുകയാണ്. മുമ്പിലെ കാഴ്ചകളെ മറച്ച്​, എന്നെത്തന്നെ ചതിച്ചു കൊണ്ട് എന്റെ കണ്ണ് നിറഞ്ഞൊലിക്കുകയാണ്. നാവിൽ ഞാൻ ഉപ്പ് രുചിക്കുകയാണ്. കണ്ണീരിന്റെ മണമുള്ള സന്ധ്യകൾ ഇരുണ്ട് രാത്രി വരാനുണ്ട് ... പല്ലിമുട്ടകളുടെ ഗന്ധവുമായി അനേകം കുഴിയാനകൾ എന്റെ ബോധത്തിൽ ചുഴികളുണ്ടാക്കി. കാന്താരി പുരണ്ട കൈ നീറ്റലുമായി കുണ്ടൻ മാനു ഓടിയ വഴികൾ എന്റെ മുമ്പിൽ തെളിയുകയാണ്. എന്റെ വസ്ത്രങ്ങൾ ഇരുട്ടിൽ അഴിച്ച് മാറ്റപ്പെടുകയാണ്. ചുട്ട് പഴുത്തൊരു മാംസക്കമ്പി എന്റെ മലദ്വാരത്തിലേക്ക് തുളച്ച് കയറുകയാണ്.

എനിക്ക് ഉമ്മാനെ കാണണമെന്ന് തോന്നി. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments