ഹോളിവുഡിലെ സിനിമാ സ്റ്റുഡിയോകൾക്ക് സമാനമായി ഇന്ത്യയിലും ഒരു സ്റ്റുഡിയോ കോംപ്ലക്‌സ് വേണമെന്ന ആശയം ആദ്യമായി മുന്നോട്ട് വെക്കുന്നത് ഹൈദരബാദിൽ നിന്നുള്ള ഒരു വ്യവസായിയായിരുന്നു, 90-കളിൽ. അന്ന് ഏതാണ്ട് 60 നടുത്ത് പ്രായമുണ്ടായിരുന്ന ആ തെലുഗു വ്യവസായിയുടെ പേര് പിന്നീട് ഇന്ത്യ മുഴുവൻ പ്രശസ്തമായി. ആ പേര് സ്‌ക്രീനിൽ തെളിയുന്നത് നാം പലതവണ കണ്ടു. Produced by ടാഗ്‌ലൈനോടെ നാം അത് പലതവണ സ്‌ക്രീൻ നോക്കി വായിച്ചു:
പ്രൊഡ്യൂസ്ഡ് ബൈ ചെറുകുരി റാമോജി റാവു. സ്റ്റുഡിയോ - റാമോജി ഫിലിം സിറ്റി.
വ്യവസായിയായി തുടങ്ങി ഇന്ത്യൻ സിനിമയുടെ അനിവാര്യതയായി തീർന്ന ചെറുകുരി റാമോജി റാവു എന്ന റാമോജി.
1936 ൽ, മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപ്പരുപ്പുടിയിൽ സാധാരണ കാർഷിക കുടുംബത്തിലാണ് റാവു ജനിച്ചത്. ചെറുപ്പത്തിൽ തന്നെ ഏറ്റെടുത്ത കാര്യങ്ങൾ ക്രിയാത്മകമായി ചെയ്തുതീർക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു റാമോജി. ബിസിനസിലേക്ക് പ്രവേശിക്കുന്നത് മാർഗദർശി ചിറ്റ്ഫണ്ടസിലൂടെയായിരുന്നു. ആദ്യ സംരംഭം വിജയമായി. അതോടെയാണ് ബിസിനസാണ് വഴിയെന്ന് റാമോജി തിരിച്ചറിയുന്നത്. പിന്നെ പെട്ടന്നായിരുന്നു വളർച്ച. പതിയെ, നിരവധി മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ച് റാമോജി ഗ്രൂപ്പ് തൊട്ടതെല്ലൊം പൊന്നാക്കി.
1990-കളിലാണ് ഫിലിം സിറ്റി എന്ന പുതിയ ബിസിനസിലേക്ക് റാമോജി ഗ്രൂപ്പ് കടക്കുന്നത്. 1983-ൽ റാമോജി റാവു സ്ഥാപിച്ച ചലച്ചിത്ര നിർമാണ കമ്പനിയായ ഉഷാ കിരൺ മൂവീസിന്റെ ബാനറിൽ നിരവധി സൂപ്പർ ഹിറ്റുകൾ പിറന്നപ്പോഴാണ് ഫിലിം സിറ്റി എന്ന ആഗ്രഹം അദ്ധേഹത്തിന്റെ മനസിൽ ഉദിക്കുന്നത്. ഹോളിവുഡിന് സമാനമായി സ്റ്റുഡിയോ കോംപ്ലക്‌സ വേണമെന്നായിരുന്നു റാമോജിയുടെ ആഗ്രഹം. ഹോളിവുഡിലെ യൂണിവേഴ്‌സൽ സ്റ്റുഡിയോ ആയിരുന്നു റാമോജി റാവുവിന് പ്രചോദനമായത്. സ്ഥലം കണ്ടെത്തിയത് ഹൈദരാബാദിൽ. റാമോജി ഗ്രൂപ്പ് ഏറ്റെടുക്കുമ്പോൾ നിറയെ കാടായിരുന്നു സ്ഥലം. സിനിമയിൽ ആർട്ട് ഡയറക്ടർ ആയിരുന്ന നിതീഷ് റോയിക്കായിരുന്നു ഫിലിം സിറ്റിയുടെ ഡിസൈൻ ചുമതല.
ഒറ്റ മരം പോലും മുറിക്കാതെയായിരിക്കണം നിർമാണം എന്നായിരുന്നു നിതീഷ് റോയിക്ക് കിട്ടിയ നിർദേശം. റാമോജിയുടെ നിർദേശപ്രകാരം തന്നെ ഡിസൈനും നിർമാണവും നിതീഷ് റോയി പൂർത്തിയാക്കി. 1666 ഏക്കർ വിസ്തൃതിയുള്ള ലോകത്തെ ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോ സമുച്ചയത്തിന് 1996-ൽ തുടക്കമായി. ഏക്കറുകളോളം വിസ്തൃതിയിൽ വനപ്രദേശങ്ങൾ, പൂന്തോട്ടങ്ങൾ, ഹോട്ടലുകൾ, റെയിൽവേസ്‌റ്റേഷനുകൾ, എയർപോർട്ട്, വിവിധ വലുപ്പത്തിലുള്ള അപ്പാർട്ട്‌മെന്റുകൾ, ഇതെല്ലാം റാമോജി ഫിലിം സിറ്റിയുടെ പ്രത്യേകതകളാണ്. ആറ് ഹോട്ടലുകളും, 47 സൗണ്ട് സ്‌റ്റേജുകളും റെയിൽവേ സ്‌റ്റേഷനുകൾ മുതൽ ക്ഷേത്രങ്ങൾ വരെയുള്ള സ്ഥിരം സെറ്റുകളും റാമോജിയിലുണ്ട്. ഇന്ത്യൻ സിനിമയിലെ അത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന ബാഹുബലി ഉൾപ്പടെ വിവിധ ഭാഷകളിലായി പതിനായിരക്കണക്കിന് ചിത്രങ്ങൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. വർഷാവർഷം നാനൂറിലധികം ചിത്രങ്ങൾ ഇപ്പോഴും റാമോജിയിൽ ഷൂട്ട് ചെയ്യുന്നു.
കൃഷ്ണ രാജവും അംബികയും അഭിനയിച്ച, 1997-ൽ പുറത്തിറങ്ങിയ മാ നാനക്കു പേലി ആയിരുന്നു റാമോജിയിൽഷൂട്ട് ചെയ്ത ആദ്യ സിനിമ. ചിത്രം വലിയ ഹിറ്റായതോടെ ഫിലിം സിറ്റിയുടെ പ്രശസ്തിയും വർദ്ധിച്ചു. തെന്നിന്ത്യൻ സിനിമയുടെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ കേന്ദ്രമായി മാറി റാമോജി ഫിലിം സിറ്റി. മറ്റ് ബിസിനസുകളും റാമോജിക്ക് പ്രിയപ്പെട്ടതായിരുന്നുവെങ്കിലും ഫിലിം സിറ്റിയാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. പിന്നീട്, 80-ലധികം സിനിമകൾ നിർമിക്കുകയും ചെയ്തു. സിനിമയിലൂടെ വളർന്ന റാമോജിക്ക് പിൽക്കാലത്ത് ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തിലും നിർണായക സ്വാധീനമുണ്ടായിരുന്നു.
തെലുങ്കിലെ ഏറ്റവും പ്രചാരമുള്ള ഈനാട് പത്രം സ്ഥാപിച്ചതും റാമോജി ആയിരുന്നു. ഈനാടിലൂടെ തെലുങ്ക് ജേണലിസത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരാനും അദ്ദേഹത്തിനു കഴിഞ്ഞു. ഔപചാരിക ഭാഷ വെടിഞ്ഞ് ഈനാടിന്റെ വാർത്തകൾ സാധാരണക്കാരുടെ വ്യവഹാരഭാഷയിലേക്ക് ഇറങ്ങിച്ചെന്നത് റാമോജിയുടെ കാലത്താണ്. ഇ ടി വി നെ്റ്റ് വർക്ക്, രാമദേവി പബ്ലിക് സ്‌കൂൾ, പ്രിയ ഫുഡ്സ്, ഉഷാ കിരൺ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷൻ, മാർഗദർസി ചിറ്റ് ഫണ്ട്, എന്നിവയും റാമോജി ഗ്രൂപ്പിന്റെ പ്രധാന സംരംഭങ്ങളാണ്. 1983-ൽ സ്ഥാപിതമായ ചലച്ചിത്ര നിർമാണ കമ്പനിയായ ഉഷാകിരൻ മൂവീസിന്റെ ബാനറിൽ നിരവധി സൂപ്പർ ഹിറ്റുകൾ അദ്ദേഹം സമ്മാനിച്ചു. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഏതാണ്ട് 80 സിനിമകൾ നിർമിച്ചിട്ടുണ്ട്.
ദേശീയ ചലച്ചിത്ര പുരസ്‌കാരവും നാലു ഫിലിം ഫെയർ അവാർഡുകളും നേടിയിട്ടുണ്ട്. 2000- ൽ പുറത്തിറങ്ങിയ 'നുവ്വേ കാവാലി' എന്ന സിനിമയ്ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയിൽ നൽകിയ സംഭാവനകൾക്ക് 2016-ൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. രമാദേവിയാണ് ഭാര്യ. കിരൺ പ്രഭാകർ, ചെറുകുരി സുമൻ എന്നിവരാണ് മക്കൾ.