കാല്പനിക ധാരയ്ക്കകത്ത് ഒടുങ്ങിയ കവിയല്ല സുഗതകുമാരി

വിതയെന്ന സങ്കീർണമായ ജൈവഘടനയെ അത്യന്തം ലാവണ്യപൂർണമായ അനുഭവമാക്കിത്തരാൻ ഒരായുസ്സു മുഴുവനായും പ്രയത്‌നിച്ചിട്ടാണ്, കനൽക്കിടക്കയിലേക്ക് സുഗതകുമാരി നടു ചായ്ച്ചത്.
മലയാള കവിതയിലെ ആധുനികതയുടെ കാലുഷ്യമാർന്ന രാഷ്ട്രീയ സങ്കടങ്ങളും സന്ത്രാസങ്ങളും വായനയിലേക്കെത്തിയത് എങ്ങനെയെന്ന് സുഗതകുമാരിയുടെ കവിതയെ ചേർത്തു നിർത്തിയാണ് പരിശോധിക്കേണ്ടത്. മുത്തുച്ചിപ്പിയും പാതിരാപ്പൂക്കളും ഇരുൾച്ചിറകുകളും പാവം മാനവഹൃദയവുമടങ്ങുന്ന എഴുപതുകൾക്കു മുമ്പുള്ള സുഗതകുമാരിയുടെ കാവ്യസമാഹാരങ്ങളിലെ കവിതകളുടെ പതിഞ്ഞ ടോൺ ശങ്കരക്കുറുപ്പ് സ്‌കൂൾ ഓഫ് തോട്ടിന്റെ സ്വാധീനതയിലാണ് രൂപപ്പെട്ടത്.

ജി. ശങ്കരക്കുറുപ്പ്‌
ജി. ശങ്കരക്കുറുപ്പ്‌

എങ്കിലും ആ കവിതകൾ ജീവിതത്തിന്റെ ഏതൊരു വന്യമായ രാഷ്ട്രീയാവസ്ഥയെയും നേരിടാൻ അന്നേ സജ്ജമായിരുന്നു. അതു കൊണ്ടാണ് അറുപതുകളിലെ ആധുനിക കവിതയുടെ രാഷ്ട്രീയാന്തരംഗവുമായി സുഗതകുമാരിക്കവിതയുടെ രാഷ്ട്രീയാന്തരംഗത്തിന് ഒരു തരത്തിലുമുള്ള ഭിന്നതയും ഉണ്ടാവാതിരുന്നത്. അയ്യപ്പപണിക്കരെയും സച്ചിദാനന്ദനെയും കടമ്മനിട്ടയെയും കെ. ജി. എസിനെയും വായനക്കാരന്റെ മുന്നിൽ ഏകാഗ്രമായ ഒരു വായനയ്ക്കു പാകത്തിൽ അക്കാലത്ത് നിരത്തി നിർത്താൻ ആധുനിക കവിതയുടെ പ്രാഥമിക ഘട്ടത്തിന് സാധിച്ചത് ഈ സന്ദർഭത്തിൽ മനസ്സിലോർക്കുക.

സുഗതകുമാരിക്കവിതയുടെ സക്രിയമായ ഇടപെടലാണ് അത്തരമൊരു വായനക്ക് ആധുനിക കവിതയെ സഹായിച്ചത്. രാഷ്ട്രീയതലത്തിൽ തികച്ചും ദൃശ്യമായ ഒരാത്മബന്ധത്തിന്റെ സ്പർശം മലയാളത്തിന്റെ ആധുനിക കവിതയോട് സുഗതകുമാരിയുടെ കവിതക്കുണ്ടായിരുന്നു. ആർദ്രമായ കാവ്യ ഭാഷയിൽ ആധുനിക കവിതയുടെ രാഷ്ട്രീയാന്തരംഗത്തെ സുഗതകുമാരി തന്റെ കവിത കൊണ്ട് ഏകോപിച്ചതുകൊണ്ടാണ് ഇത്രയും ആധികാരികത ആധുനികതയുടെ പ്രഥമ ഘട്ടത്തിന്റെ വായനക്ക് ലഭിച്ചതെന്നു പറയാം. ആധുനിക കവിതയുടെ രാഷ്ട്രീയത്തെ വായിപ്പിക്കുക എന്ന ജീവധർമമായിരുന്നു ആ നിലയിൽ സുഗതകുമാരിക്കവിത അന്നേറ്റെടുത്തത്.

കേന്ദ്ര മാനവിഭവശേഷി മന്ത്രി പല്ലം രാജുവിൽ നിന്ന് സുഗതകുമാരി സരസ്വതി പുരസ്‌കാരം ഏറ്റുവാങ്ങുന്നു (ആഗസ്​റ്റ്​ രണ്ട്​, 2013)
കേന്ദ്ര മാനവിഭവശേഷി മന്ത്രി പല്ലം രാജുവിൽ നിന്ന് സുഗതകുമാരി സരസ്വതി പുരസ്‌കാരം ഏറ്റുവാങ്ങുന്നു (ആഗസ്​റ്റ്​ രണ്ട്​, 2013)

ഒ. എൻ.വി, സുഗതകുമാരി, വിഷ്ണുനാരായണൻ നമ്പൂതിരി എന്ന ഒരു ത്രിത്വത്തെ കാല്പനിക കവിതയുടെ അവസാന നീർച്ചാലുകൾ എന്ന രീതിയിലൊരു സമീപനം പൊതുവെ നാം സൂക്ഷിച്ചു പോരുന്നുണ്ട്. അത് കൃത്യമല്ലെന്നു മാത്രമല്ല, അങ്ങനെയൊരു വേറിട്ട കാല്പനിക ധാരയ്ക്കകത്ത് ഒടുങ്ങിയ കവിയുമല്ല സുഗതകുമാരി. ആധുനികതയുടെ ലോകബോധത്തോട് അയ്യപ്പപണിക്കരുടെ കവിത എത്രമാത്രം ഇണങ്ങി നിൽക്കുന്നു എന്നറിയാൻ അദ്ദേഹത്തിന്റെ കുടുംബപുരാണം എന്ന കവിത പരിശോധിക്കുന്നതു പോലെത്തന്നെ സുഗതകുമാരി 1980ൽ എഴുതിയ മരത്തിനു സ്തുതി എന്ന ഒറ്റക്കവിത പരിശോധിച്ചാൽ സുഗതകുമാരി ആധുനിക ലോകബോധത്തോട് ഇണങ്ങി നിന്നതിന്റെ ആഴം നമുക്ക് ബോധ്യപ്പെടും.

അയ്യപ്പപണിക്കരിൽ പ്രവർത്തിച്ച അതേ ആയത്തിൽ തന്നെയാണ് ആധുനികതയുടെ ലോകബോധം സുഗതകുമാരിയുടെ കവിതയിലും പ്രവർത്തിച്ചതെന്നു സാരം. സുഗതകുമാരി പക്ഷേ, ഛന്ദോമുക്തമാവാതെയും ഈണരാഹിത്യത്തിലേക്ക് വീഴാതെയും കാവ്യശില്പത്തിന്റെ പാരമ്പര്യ ബോധത്തെ അവനവനിൽ നവീകരിച്ചു കൊണ്ട് മുന്നോട്ടു പോവുകയാണുണ്ടായത്. ആ നിലപാട് സത്യത്തിൽ ചങ്ങമ്പുഴയിലും കുഞ്ഞിരാമൻ നായരിലും തറഞ്ഞു പോയ വായനക്കാരെ ഞൊടിയിടയിൽ മറ്റൊരു കാവ്യമേഖലയിലേക്കും ഭാവുകത്വ മേഖലയിലേക്കും എത്തിച്ചു. ബീഹാർ പോലെ ഒരു കവിത അവരെഴുതുന്നത് 1967ലാണ്. നമ്മുടെ കാവ്യകാലം കേരളീയാധുനികതയും രാഷ്ട്രീയാധുനികതയും ചേർന്ന് ഒരു പുതിയ നൈതികബോധത്തെയും നീതിയുടെ സമാകലന സാധ്യതകളെയും സമസ്ത മണ്ഡലങ്ങളിലും അന്വേഷിക്കുന്ന കാലമായിരുന്നു അത് എന്നോർക്കുക.
ദേശീയ പ്രസ്ഥാനത്തിന്റെ വഴിയിൽ നിന്ന്, ഗാന്ധിയുടെ വഴിയിൽ നിന്ന്, ജീവ- ജന്തു കേന്ദ്രിതമായ നീതിയുടെ വഴിയിൽ നിന്ന് പോസ്റ്റ് കൊളോണിയൽ ഇന്ത്യ മാറിപ്പോവുന്നു എന്ന് ഒ.എൻ.വി അടക്കമുള്ളവർ കവിതയിൽ നിരീക്ഷിച്ച കാലവും അതു തന്നെയാണ്.

ഒ.എൻ.വി കുറുപ്പിനൊപ്പം സുഗതകുമാരി
ഒ.എൻ.വി കുറുപ്പിനൊപ്പം സുഗതകുമാരി

വിശക്കുന്ന വയറുകൾക്കു മുന്നിൽ അന്നമല്ലാതെ അക്ഷരമെന്തിന് എന്ന് കവിതയിലെ രാഷ്ട്രീയാധുനികതയുടെ നൈതിക ബോധം കലഹമാരംഭിക്കുന്നതും ഇക്കാലത്തു തന്നെ. ഈ കലഹത്തിന്റെ പതികാലം കൊട്ടിത്തുടങ്ങുന്ന കവിതയാണ് സുഗതകുമാരിയുടെ ബീഹാർ. നീതി ആദ്യന്തം നിഷേധിക്കപ്പെട്ടതാർക്ക് എന്ന ചോദ്യം ഒരു പക്ഷേ അന്നുവരെ കവിത ഉയർത്തിയിട്ടില്ല. പകരം നീതി നിഷേധിക്കപ്പെട്ടവന്റെ കണ്ണീരിനൊപ്പം നിൽക്കുന്നു എന്ന് നിസ്സഹായപ്പെടുകയോ അത്തരമൊരു വ്യവസ്ഥിതിയുടെ രൂപപ്പെടലിൽ സ്വയം വികർഷിച്ചു മാറി നിൽക്കുകയോ ആയിരുന്നു കവിത അതുവരെ ചെയ്തു പോന്നത്. പക്ഷേ ബീഹാർ എന്ന കവിത ആ ചോദ്യമുയർത്തി. സാമൂഹ്യനീതിയില്ലായ്മയോട് കലഹിക്കാനാഞ്ഞു നിൽക്കുന്ന അന്നത്തെ ഒരു ചെറുപ്പക്കാരനെ, നക്‌സലൈറ്റ് ആക്കാൻ പോലും ആ കവിതക്ക് കരുത്തുണ്ടായിരുന്നു. ഒരു പക്ഷേ ആധുനികതയുടെ നിശ്ചിത സന്ദർഭങ്ങളിൽ നമ്മൾ സൂചിപ്പിക്കാറുള്ള കവിതകൾക്കെത്രയോ മുൻപെ, ഒരു പക്ഷേ അതിലേറെ ശക്തമായി മലയാളത്തിൽ കവിത രാഷ്ട്രീയ നൈതികതയിൽ തിരുത്തൽ ശക്തിയായി ഇടപെടുന്നതിൽ സുഗതകുമാരിക്കവിതകൾ കാണിച്ച മിടുക്കും സൂക്ഷ്മതയും ബീഹാർ എന്ന കവിതയിൽ നിന്നാണ് ആരംഭിക്കുന്നത്.

പ്രണയം, രതി, ഭക്തി എന്നീ കൺവെൻഷണൽ ഘടകങ്ങളെത്തന്നെയാണ് കവിതയിൽ സുഗതകുമാരി ആധാരശിലയായി സ്വീകരിച്ചത്. അറുപതുകളുടെ തുടക്കത്തിൽ കവിതയിൽ പ്രവർത്തിക്കുന്ന ഒരു സ്ത്രീയിൽ നിന്ന് വിഷാദഭരിതയായ ഒരു കാമിനിയെത്തന്നെയാവണം വായനാസമൂഹം പ്രതീക്ഷിച്ചിട്ടുണ്ടാവുക. പോക്കുവെയിലിന്റെ പ്രകാശവും ഒപ്പം വിഷാദവും ചേർന്ന മനോനിമിഷങ്ങളുടെ ആവിഷ്‌കരണങ്ങളായി അക്കാലത്തെ സുഗതകുമാരിക്കവിതകൾ മുന്നോട്ടു പോയി. അവിടെയാണ് കറുത്തിരുണ്ട രാത്രിയിലേക്ക് തടിൽ പ്രഭയിറങ്ങി വന്ന് ഒരു നിമിഷം പ്രപഞ്ചത്തെ ഉൻമിഷിത്താക്കും പോലുള്ള കൃഷ്ണകവിതകൾ സംഭവിക്കുന്നത്.

1960ൽ, ഇരുപത്തിയാറാം വയസ്സിലാണ് സുഗതകുമാരി കാളിയമർദ്ദനം എഴുതുന്നത്. നീണ്ട മുപ്പതു വർഷങ്ങൾക്കുള്ളിൽ അവർ കൃഷ്ണ സങ്കല്പത്തെ മുൻനിർത്തി അനേകം കവിതകളെഴുതി. കൃഷ്ണകവിതകൾ എന്ന് പിൽക്കാലത്ത് വിളിക്കപ്പെട്ട ആ കവിതകളിൽ രതിയും മൃതിയും ഇടത്തും വലത്തും നിന്നു. രതികാമിനിയിൽ നിന്ന് മൃതികാമിനിയിലേക്കുള്ള പടർന്നു കയറിപ്പോക്ക് അതിസൂക്ഷ്മമായി ആ കവിതകളിലുണ്ട്. അവനവനിലും അവനവന്റെ പ്രാണസത്തയിലും ഒരു കവി വിശ്വാസമർപ്പിച്ച് ഊന്നുമ്പോൾ മാത്രമാണ് അത്തരം കവിതകളുണ്ടാവുന്നത്. എന്നാൽ അതിനപ്പുറത്തേക്ക് ആ കവിയുടെ സാധ്യതകൾ അടഞ്ഞുപോകുന്നു എന്നതാണ് സാധാരണയായി സംഭവിച്ചു കാണാറുള്ളത്.

ഇതേ അറുപതുകൾ തൊട്ട് തൊണ്ണൂറുകൾ വരെയുള്ള കാലത്തു തന്നെയാണ് അവർ നീതി എന്ന പദത്തേയും അതിന്റെ രാഷ്ട്രീയത്തേയും കാവ്യാന്തരീക്ഷത്തിൽ ഉയരുന്ന എല്ലാ കാൽപനിക ലാളിത്യങ്ങൾക്കും മുകളിൽ ഉയർത്തിപ്പിടിക്കുന്നത്. ഓർക്കണം, എഴുപതുകൾ അവസാനിക്കുമ്പോൾ അനീതിയുടെ ഇരകളെക്കുറിച്ച് പൊതുസമൂഹത്തിന് ഒരു കൃത്യമായ ധാരണ രൂപപ്പെടാൻ പാകത്തിൽത്തന്നെ സുഗതകുമാരിയുടെ ഇടപെടലുകൾ ശക്തമാവുന്നുണ്ട്. ഒരാക്ടിവിസ്റ്റിന്റെ തലത്തിൽ നിന്നു കൊണ്ട് പ്രണയം/ പീഢിതയായ സ്ത്രീ എന്ന രാഷ്ട്രീയ വിവക്ഷയിലേക്കും പിന്നീട് പ്രകൃതി/ പീഢിതയായ സ്ത്രീ എന്ന വിശാലമായ വിവക്ഷയിലേക്കും സുഗതകുമാരി വന്നെത്തുന്നുണ്ട്. ഹരിതരാഷ്ട്രീയത്തിന്റെയും ഹരിത വിമർശനത്തിന്റെയും പെർസ്​പെക്​ടീവുകൾ രൂപപ്പെടുന്നതിനൊക്കെ എത്രയോ മുൻപാണ് സ്ത്രീ-പ്രകൃതി -പീഢിത എന്ന ഒരു സങ്കല്പനം തന്റെ എഴുത്തിലും പ്രവർത്തനങ്ങളിലും അവർ സ്ഥാപിച്ചെടുക്കുന്നത്. സൈലന്റ് വാലി പ്രക്ഷോഭകാലത്ത് അവർ എഴുത്തിലൂടെയും അല്ലാതെയും നടത്തിയ ഇടപെടലുകളിൽ നിന്ന് ബോധ്യമാവുന്നത് അതാണ്.

അതിനു പാകത്തിൽ ഹൃദയത്തിലേക്ക് ചാട്ടുളി പോലെ പാഞ്ഞു കേറുന്നതും എന്നാൽ പാൽനിലാവിന്റെ ഇമ്പമൂറുന്നതുമായ ഒരു ഭാഷ അവർ കവിതയിലും അപൂർവ്വമായി എഴുതിയ ഗദ്യത്തിലും സൂക്ഷിച്ചു.അതു കൊണ്ടുതന്നെ ഭാഷയാണ് കവിത എന്ന് സുഗതകുമാരിയുടെ കവിതയെ ചൂണ്ടി ഉറപ്പിച്ചു പറയാൻ നമുക്ക് സാധിക്കുന്നു. ആ ഭാഷയുടെ ജൈവികതയിലും ഭാഷ ഉയർത്തിപ്പിടിക്കുന്ന നൈതികതയിലും ഉള്ള ആത്മവിശ്വാസം താനേറ്റെടുത്ത വിഷയങ്ങളിൽ ഏതറ്റം വരെ പോകാനും അവർക്ക് തുണയായി.

രാഷ്ട്രപതി എ.പി.ജെ അബ്ദുൾകലാമിൽ നിന്നും പദ്മശ്രീ ഏറ്റുവാങ്ങുന്ന സുഗതകുമാരി (2006 മാർച്ച്​ 29)
രാഷ്ട്രപതി എ.പി.ജെ അബ്ദുൾകലാമിൽ നിന്നും പദ്മശ്രീ ഏറ്റുവാങ്ങുന്ന സുഗതകുമാരി (2006 മാർച്ച്​ 29)

പ്രകൃതിപീഢനത്തെ പ്രശ്‌നവത്കരിച്ചു എന്ന ഒറ്റ പ്രമേയത്തിൽ ഊന്നി മരക്കവി എന്ന ആക്ഷേപം കേട്ടയാളാണ് സുഗതകുമാരി. ഒരു പക്ഷേ അന്ന് അവർ അത്തരത്തിൽ ഇടപെട്ടില്ലായിരുന്നെങ്കിൽ കേരളത്തിന്റെ വനമേഖല മുഴുവനെന്നോണം ഇന്ന് മലയിറങ്ങിപ്പോവുമായിരുന്നു. കഴിഞ്ഞ ഇരുപത്- ഇരുപത്തിയഞ്ച് വർഷക്കാലം കൊണ്ട് കേരളത്തിന്റെ വനമേഖല പഴയതിനേക്കാൾ ഉയർന്ന വോള്യത്തിലേക്കെത്തുന്നു എന്ന ചില പ്രസ്താവനകൾ വായിക്കാൻ കഴിഞ്ഞിരുന്നു. അപ്പോൾ ആദ്യവും അവസാനവുമായി ഓർത്തത് സുഗതകുമാരിയുടെ മുഖം തന്നെയായിരുന്നു.

ആദ്യാനുരാഗ നിശകളിൽ പോൽ നിന്നെ/ യോർത്തു കിടന്നു ഞാനെത്രയോ ദീർഘമാം/ രാത്രിയുറങ്ങാതുഴന്നൂ ഭയാകുലം' എന്ന് സൈലന്റ് വാലി എന്ന കവിതയിൽ അന്തഃസംഘർഷമില്ലാതെ പിൽക്കാലത്ത് അവരെഴുതിയിട്ടുണ്ട്. അക്കാലത്ത്, സാമൂഹിക നീതിയുടെ മുന്നിൽ തളർന്നു നിന്ന ഏതൊരു വിഷയത്തെയും അവർ ഏറ്റെടുക്കാൻ തുനിഞ്ഞാൽ, ആ വിഷയം അവരെ ആദ്യാനുരാഗം പോലെ ചുമലിലേറ്റിയിട്ടുണ്ട്. അതിന്റെ ആയത്തിലും ആഴത്തിലുമുള്ള സ്‌നേഹം നിമിത്തമാണ് അനീതിയുടെ കൊമ്പുള്ള കാളകളെ നീതിയുടെ തൊഴുത്തിൽ കെട്ടുംവരെ പൊരുതാൻ അവർ സജ്ജയായിരുന്നത്.

സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനൊപ്പം സുഗതകുമാരി
സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനൊപ്പം സുഗതകുമാരി

അന്യൂനമായ ആനന്ദമായിരുന്നു സുഗതകുമാരിയെഴുതുമ്പോൾ മലയാളം അനുഭവിച്ചത്. വിശേഷിച്ചും 1981ൽ പ്രസിദ്ധീകരിച്ച അമ്പലമണി എന്ന സമാഹാരത്തിനു ശേഷം വന്ന കവിതകൾ. അവരുടെ കവിതകളിലെ അസാധ്യമായ വൈവിധ്യങ്ങൾ അത്ഭുതകരമായി ആവിഷ്‌കരിക്കപ്പെട്ട കാലമാണത്. കാടാണ്, കൃഷ്ണ നീയെന്നെയറിയില്ല മുതൽ പാദപ്രതിഷ്ഠ വരെയുള്ള ഒരു സ്ട്രീം, മരത്തിനു സ്തുതി, ഇനിയീ മനസ്സിൽ കവിതയില്ല ,ഒരു പാട്ടു പിന്നെയും, തോഴരേ നന്ദി , കുറുഞ്ഞിപ്പൂക്കൾ മുതലുള്ള മറ്റൊരു സ്ട്രീം , പ്രിയദർശിനി നിനക്കുറങ്ങാമിനി, പെൺകുഞ്ഞ് 90 തുടങ്ങിയ വേറൊരു സ്ട്രീം എന്നിങ്ങനെ അനന്ത വിചിത്രമായ ആവിഷ്‌കാരങ്ങളും പ്രമേയ പരിസരങ്ങളും ഉപയോഗിച്ചു കൊണ്ട് സാമൂഹിക നീതിക്കായുള്ള ആധികാരികത നിറഞ്ഞ ഭാഷയിലാണ് അന്നവർ കവിതയെഴുതിയത്. പവിഴമല്ലി പോലുള്ള കവിതകളുടെ ഭാഷ സൂക്ഷിച്ച പേലവത്വം പാടേ മാഞ്ഞു പോവുകയും എന്നാൽ അങ്ങേയറ്റം ലാവണ്യത്തോടു കൂടിത്തന്നെ കവിത നിലയുറപ്പിക്കുകയും ചെയ്തു. എൺപതുകളുടെ അന്ത്യത്തിൽ, ആധുനികത പിൻമടങ്ങുന്ന ഘട്ടത്തിൽ, ഭാവുകത്വ പരിണതിയുടെ ഇങ്ങേയറ്റത്തെ പാലമായും അവർ വർത്തിച്ചു. ആ പാലത്തിലൂടെയാണ് അയ്യപ്പപണിക്കർ ഗോപികാദണ്ഡകവും കൊണ്ട് വിസ്മയിപ്പിച്ച് പുതിയ യാത്ര തുടങ്ങിയത്, ഇവനെക്കൂടിയിലൂടെ സച്ചിദാനന്ദൻ സ്വയം പുതിയ അംഗവസ്ത്രം ധരിച്ചെത്തിയത്, കെ.ജി.എസ് ആവിഷ്‌കാരത്തിന്റെ നൂതനത്വം തിരഞ്ഞു തുടങ്ങിയത്. ആധുനികതയുടെ ആരംഭഘട്ടത്തിൽ അവർ കവിതയിൽ ഏറ്റെടുത്ത ദൗത്യം അത്യന്ത ഭിന്നമായി അവസാനഘട്ടത്തിലും ഏറ്റെടുത്തു നിർവ്വഹിച്ചു. ആ ഘട്ടത്തിലെഴുതിയ മറ്റൊരു കവിക്കും അവകാശപ്പെടാനാവാത്ത ധർമമാണ് സുഗതകുമാരിയുടെ കവിത നിർവ്വഹിച്ചത്.

പ്രവർത്തിച്ച മാധ്യമത്തിൽ കാലത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടി വരികയെന്നത് അപൂർവമാണ്. അത്തരം ദൗത്യനിർവ്വഹണങ്ങൾ അവയുടെ നിർവ്വഹണ ഘട്ടങ്ങളിൽ വെളിപ്പെടണം എന്നില്ല. എന്നാൽ കാറ്റടിച്ച് മണൽക്കൂന നീങ്ങുമ്പോൾ മണലിനിടയിൽ തെളിയുന്ന നിധിശേഖരം പോലെ അവ പിന്നെയൊരു കാലത്ത് പ്രത്യക്ഷപ്പെടും. സുഗതകുമാരി മലയാളത്തിൽ അസ്തമിക്കാത്ത വെളിച്ചമാവുന്നത് അങ്ങനെയൊണ്.


Comments