2012- ലാണ് ഈ അഭിമുഖം നടക്കുന്നത്. മാപ്പിളപ്പാട്ടിന്റെ പെർഫോമൻസ് ചരിത്രത്തെ മുൻനിർത്തി കേരളീയ നവോത്ഥാനത്തിന്റെ പുനഃ വായന (Re- reading Kerala renaissance : A hisorical study of Mappilappaattu in performance) എന്ന വിഷയത്തിൽ യു. ജി. സി യുടെ മേജർ പ്രൊജക്റ്റ് വർക്ക് ചെയ്യുന്ന ഘട്ടത്തിലാണ്, കേരളത്തിലെ ഉന്നത ശീർഷരായ മാപ്പിളപ്പാട്ടുകാരുമായുള്ള സംവാദങ്ങൾ നടത്തിയത്. ഇക്കൂട്ടത്തിൽ വിളയിൽ ഫസീലയെയും ചെന്നുകാണുകയുണ്ടായി. എന്റെ കൂടെ റിസേർച് ഫെലോയായിരുന്ന മൻസൂർ അലിയും ( ഇപ്പോൾ ഫാറൂഖ് കോളേജ് മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ)
ഓസ്റ്റനിലെ,ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥിനിയായ എം. കീളി സട്ടനും കൂടെയുണ്ടായിരുന്നു.മാപ്പിളപ്പാട്ട് ആയിരുന്നു അവരുടെ ഗവേഷണമണ്ഡലം എന്ന നിലക്ക്,അന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മലയാള - കേരള പഠനത്തിന്റെ സഹായത്തോടെയായിരുന്നു അവരുടെ പഠനം.In the forest of sand : History, devotion and memory in South Asian Muslim poetry - എന്ന വിഷയത്തിലായിരുന്നു കീളിയുടെ ഗവേഷണം. മുഖ്യമായും അറബിമലയാളത്തിലെ സങ്കീർത്തനകാവ്യങ്ങളും മറ്റുമായിരുന്നു ഏറിയ.2015-ൽ ഗവേഷണ പ്രബന്ധം ടെക്സസ് യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കുകയും ഡിഗ്രി നേടുകയുണ്ടായി.
ഇപ്പോൾ, ലണ്ടനിലെ ബ്രിമ്മിങ്ഹാം സതേൺ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ് കീളി സട്ടൺ. ശ്രീമതി കീളിയുടെ സാന്നിധ്യം വിളയിൽ ഫസീലയെ ഏറെ സന്തോഷിപ്പിച്ചു.മുഹയിദ്ദ്ധീൻ മാലയും മറ്റും പാടിക്കൊടുത്ത് ഈ വിദേശഗവേഷകയെ ഏറെ പ്രചോദിപ്പിച്ചു. അന്ന് വിളയിൽ ഫസീല കാണിച്ച സ്നേഹവും സൗമനസ്യവും മറക്കാനാവില്ല. കുറെയധികം പാട്ടുകൾ അവരിൽനിന്ന് നേരിട്ട് പടിക്കേട്ടത് മുന്തിയ ഒരോർമ്മ.
തന്റെ പ്രവേശം കൊണ്ട് അവർ അറബി മലയാള / മാപ്പിളപ്പാട്ടുസംഗീത ലോകത്തെ ഏറെ വിശാലമാക്കുകയും കൂടുതൽ മതേതരമാക്കുകയും ചെയ്തു. കൊളംബിയ , എച് എം വി റെക്കോർഡുകളിലൂടെയാണ് ഫസീലയുടെ ശബ്ദവും ആദ്യകാലത്ത് ലോകമാകെ പടർന്നുപിടിച്ചത്.ഏറെ എത്നിക് ആയൊരു മാസ്മരികത ആ ശബ്ദത്തിനുണ്ടായിരുന്നു.ആയിഷ ബീഗം, റംല ബീഗം എന്നിവരുടെ നിരയിൽ നിന്നുകൊണ്ട് ചരിത്രപരമായിത്തന്നെ മാപ്പിളപ്പാട്ടിലെ സ്ത്രീ സാനിധ്യത്തെയും സ്ത്രീപക്ഷ ആലോചനകളെയും അമർത്തിയുറപ്പിച്ചു.
അപ്രതീക്ഷിതമായിട്ടാണ്, വിളയിൽ വത്സല / ഫസീല കേരളത്തിലെ സംഗീതപ്രിയരായ മനുഷ്യരെ വിട്ടുപോയത്.ഈ വേളയിൽ,ആദരവോടെ ഈയഭിമുഖം പ്രകാശിപ്പിക്കുന്നു.
ഡോ. ഉമർ തറമേൽ : വിളയിൽ വത്സല /ഫസീല എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരിക ‘കിരി കിരി ചെരുപ്പുമ്മൽ’ എന്ന പാട്ടാണ്?
വിളയിൽ ഫസീല : കൊളംബിയ റെക്കോർഡിൽ ആദ്യമായി റെക്കോർഡ് ചെയ്ത പാട്ടാണത്. 70-ൽ ആണ്. കല്ല്യാണപ്പാട്ടാണ്. ആദ്യമായി പാടിയ പാട്ട്. നമുക്ക് പാട്ട് കേൾക്കുമ്പോൾ തന്നെ തോന്നും, വേറെ എവിടെയാണെങ്കിലും തന്നെ തോന്നിപ്പോവും, പുതുനാരി വരുന്നുണ്ട് എന്ന്.
ഞാൻ വന്നത് വി എം കുട്ടി മാഷിന്റെ ടീമിലൂടെയാണ്. മാഷാണ് മാപ്പിളപാട്ടിലേക്ക് എന്നെ കൊണ്ടുവരുന്നത്. ആകാശവാണി ബാലലോകം പരിപാടിയിൽ കൂടിയാണ് രംഗത്തേക്ക് വരുന്നത്. മാഷും ഒരു സ്നേഹിതനും ഉണ്ട്. അവരുടെ സ്നേഹിതയുണ്ട് ചിന്നമ്മ എന്നു പറഞ്ഞിട്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരാളാണ്. അവരുടെ മോളാണ് എന്നെ പഠിപ്പിക്കുന്നത്, സൗദാമിനി ടീച്ചർ. അന്ന് ഞങ്ങൾക്ക് സ്കൂളിൽ , വെള്ളി യാഴ്ച 3.30ന് സാഹിത്യ സമാജം ഉണ്ടാകും. ആ സമയത്ത് ഞാൻ പാടാറുണ്ട്. പിന്നെ ടീച്ചർ എന്നെ വീട്ടിലേക്ക് വിളിപ്പിച്ച് പാടിപ്പിക്കും. ടീച്ചർക്കറിയാം ഞാൻ അത്യാവശ്യം പാടും എന്നുള്ളത്. കൂട്ടുകാരികൾ വേറെയും ഉണ്ടായിരുന്നു സുശീല, രമണി, മാലതി എന്നൊക്കെ പേരുള്ളവർ.മാഷ് അവരെകൂടി വിളിച്ചിട്ട് ഞങ്ങൾ എല്ലാവർക്കും പാട്ട് പഠിപ്പിച്ചു തന്നു.
"തേനൊഴുകുന്നൊരു നോക്കാലെ”
ഈ പാട്ടാണ് ആദ്യം പറഞ്ഞുതന്നത്. പഠിച്ച് മാഷിന് പാടികൊടുക്കണം എന്നു പറഞ്ഞു. മാപ്പിളപ്പാട്ടിന്റെ ആളാണല്ലോ വരുന്നത്.പിന്നെ ഒരു ദിവസം വന്ന് മാഷ് പാട്ടൊക്കെ പഠിപ്പിച്ചു, ബാല ലോകം പരിപാടിക്ക്.അപ്പോഴേക്കും സൗദാമിനി ടീച്ചർ ഞങ്ങളെ നാടിനെ പറ്റി (തിരുവഞ്ചോല) മറ്റൊരു പാട്ടെഴുതി. ബാലലോകം പരിപാടിയിൽ അവതരിപ്പിക്കാൻ വേണ്ടി.
“കുതികുതിച്ചോടുന്ന പൂഞ്ചോല…എന്ന് തുടങ്ങുന്ന പാട്ട്.
പാട്ടിലേക്ക് വരാനുണ്ടായ സാഹചര്യം
ഞാൻ 6-ാം ക്ലാസ്സിൽ പഠിക്കുമ്പോഴേ ഉമ്മ മരിച്ചു. ഉപ്പ നല്ല സപ്പോർട്ട് ആയിരുന്നു. ബ്രദേഴ്സ് ഒക്കെ സപ്പോർട്ട് ആയിരുന്നു. എന്നാലും, മാപ്പിളപാട്ടാണ് ഞാൻ പാടുന്നത്, എന്ന ഒരു പേടി അവർക്ക് ഉണ്ടായിരുന്നു, ഞാൻ അതിൽ ആയിപ്പോയാലോ എന്നുള്ള ഭയം. കുറച്ചുകാലം കഴിഞ്ഞപ്പോൾ സപ്പോർട്ട് കുറഞ്ഞു.പിന്നെ പ്രോഗ്രാമിന് ഒന്നും പോണ്ട എന്ന രീതിയിൽ ഒക്കെയായി. മാപ്പിളപാട്ട് പഠിച്ച് വന്നപ്പോൾ വീണ്ടും പഠിക്കണം എന്ന താൽപ്പര്യം എനിക്കുണ്ടായി. ഉപ്പാന്റെ സപ്പോർട്ടും കിട്ടി.
എന്തൊക്കെയായിരുന്നു പ്രേരണകൾ
എന്റെ വീട്ടിൽ നിന്നിട്ടല്ല ഞാൻ മാപ്പിളപാട്ട് പഠിച്ചത്. ചലച്ചിത്ര ഗാനത്തിന്റെ ബുക്ക് വാങ്ങിയിട്ട് എന്റെ ആങ്ങള പാടാറുണ്ടായിരുന്നു.വീട്ടിൽ യേശുദാസിന്റെ പാട്ടൊക്കെ അവൻ പാടും. ഞാനും രണ്ട് വരി കൂട്ടത്തിൽ പാടും, അങ്ങനെ പഠിച്ചു എന്നല്ലാതെ വേറെ ആരു പഠിപ്പിച്ചിട്ടില്ല.
മാപ്പിളപ്പാട്ട് അന്നൊന്നും ഞാൻ കേട്ടിട്ടില്ല. ആദ്യമായിട്ട് എന്റെ പാട്ട് കേൾക്കുന്നത് തന്നെ ബാലലോകം പരിപാടിയിൽ വെച്ചാണ്.ഞങ്ങളുടെ വീട് ഒരു ഗ്രാമപ്രദേശത്താണ്. തിരുവാഞ്ചോല. സ്കൂളാണ് മുന്നിൽ, സ്കൂളിന്റെ മുന്നിൽ ഒരു വലിയ ഗ്രൗണ്ട് ഉണ്ട്. അക്കരേന്ന് രാവിലെ 8 മണിക്ക് പാട്ട് വെച്ചാൽ ഈടത്തേക്ക് കേൾക്കും. അങ്ങനെയാണ് ഞാൻ എന്റെ പാട്ട് റേഡിയോവിൽ കൂടി തന്നെ കേൾക്കുന്നത്. ഞാൻ റെക്കോർഡ് ചെയ്തപാട്ട് - അന്ന് പഠനാമൃതം ഉണ്ടായിരുന്നു. "ആമിനാബീവിക്കോമനമോനെ'എന്ന പാട്ടാണ് ഞാൻ പാടിയത്. എന്നെ ഫെയ്മസ് ആക്കിയത് ആ പാട്ടാണ്. പി.ടി. അബ്ദുറഹ്മാന്റെ രചനയാണ്. സംഗീതം കുട്ടിമാഷാണ്.
ആ പരിപാടിയിലൂടെ ശ്രോതാക്കൾ എന്റെ പാട്ട് ഇഷ്ടായി എന്ന് പറഞ്ഞു.
വി.എം. കുട്ടി, ഗുരു എന്ന നിലക്കുള്ള ഓർമ്മകൾ ?
ഞാൻ മാഷെ വീട്ടിൽനിന്ന് കൊണ്ടായിരുന്നു മാപ്പിളപാട്ട് പഠിച്ചത്. ഞാൻ എന്നല്ല മാഷ് പഠിപ്പിക്കുന്ന എല്ലാ കുട്ടികളും മാഷെ വീട്ടിൽ നിന്നു കൊണ്ടാണ് പാട്ട് പഠിക്കുന്നത്. സ്കൂൾ മാഷായിരുന്നു. ഒഴിവുള്ള സമയത്ത് പാട്ട് പഠിപ്പിക്കാൻ വേണ്ടിയാണ് അത്. പാട്ട് പഠിക്കുമ്പോൾ നാലകത്ത് മാഷെക്കൂടി കുട്ടിക്ക വീട്ടിലേക്ക് വിളിപ്പിക്കും. ആമിനാതാത്ത - ഉച്ചാരണം ശരിയാക്കി പറഞ്ഞു തരും. നാലകത്ത് മാഷിനോട് പാടുമ്പോൾ ഉച്ചാരണം ശരിയാണോ, എന്ന് ചോദിക്കും. അവർ ശരിക്കും പറഞ്ഞു തരും.'ള്ളാ' എന്ന് പറയാൻ വളരെ വെഷമമുണ്ടായിരുന്നു. അങ്ങനെ കൊറേ പ്രയാസപെട്ടിട്ടാണ് പഠിച്ചത്.പാട്ട് പഠിക്കുന്ന കാലത്ത് കേരള സാഹിത്യപരിഷത്തിന്റെ പരിപാടി ഉണ്ടായിരുന്നു. കാസർഗോഡ് വെച്ചിട്ട്, 1975-ൽ ആണ്. ഞങ്ങൾ പ്രൊഫഷണലായി പ്രോഗ്രാമിന് പോകൽ ഇല്ലായിരുന്നു.
കെ.ടി. മുഹമ്മദിന്റെ, "ഇത് ഭൂമിയാണ്' എന്ന നാടകത്തിൽ അന്ന് സി.എം. അബൂബക്കർ ഒക്കെ പാടിയിട്ടുണ്ട്.
'തെളിയട്ടെ വിളക്കുകൾ തമസ്സിന്റെ തലവെട്ടി' എന്ന പാട്ടൊക്കെ പാടുന്ന കാലം.അന്ന് മാഷെ കൂട്ടത്തിൽ ഞാനും പോയിരുന്നു. ഞങ്ങൾ കുറച്ച് കുട്ടികൾ ഒന്നിച്ച്.അന്ന് ഹാർമോണിയവും തബലയും മാത്രമാണ്, അത് വെച്ചിട്ടാണ് പാടിയത്. കാരണം നാടകമാണ്. കർട്ടൻ ഇട്ടുകൊണ്ടാണ് ഈ പാട്ട് പാടിയത്. പരിപാടിക്ക് അന്ന് കെ. എസ്. അബ്ദുള്ള സാഹിബ് ഉണ്ടായിരുന്നു. അവർ പറഞ്ഞു - ഇത് കർട്ടൻ ഉയർത്തി പാടിയാൽ നന്നായിരുന്നു. നല്ലൊരു സപ്പോർട്ട് ആണ് അന്ന് കിട്ടിയത്.
പിന്നെ 76-ൽ ആണ് മൽസരം വരുന്നത്. മാപ്പിളപാട്ടുകളുടെത്. എം. ഇ.എസ്സി -ൽ ആയിരുന്നു ആദ്യമത്സരം.
കോഴിക്കോട് സാമൂതിരി ഹൈസ്കൂളിൽ വെച്ചിട്ട് അഖിലേന്ത്യാ തലത്തിൽ നടത്തിയ മാപ്പിളപാട്ട് മത്സരവും നടന്നു.എല്ലാ സ്ഥലത്തു നിന്നും ഗായകന്മാരും ഗ്രൂപ്പും ഉണ്ടായിരുന്നു. 75 ഗ്രൂപ്പുകൾ പങ്കെടുക്കുകയുണ്ടായി. ഞാൻ മാഷിന്റെ ടീം ആയിരുന്നു. പിന്നെ എരഞ്ഞോളി മൂസക്ക ഉണ്ടായിരുന്നു.
ഞാൻ പാടിയത്-
“അഷ്ഹദു അൻലാഹിലാഹ ഇല്ലള്ളാഹു
വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുള്ളാ..
ഖല്ലാക്കായുള്ളോനേ…."
എന്നപാട്ടാണ് ഞാൻ ആദ്യമായി പാടിയ പാട്ട്. ആദ്യമായി ഒരു സ്റ്റേജിൽ അവതരിപ്പിച്ച പാട്ട്. ഞങ്ങളെ ടീമിന് തന്നെയാണ് ഫസ്റ്റ് കിട്ടിയത്. നല്ല ഗായികയ്ക്കുള്ളത് എനിക്കും.തീർച്ചയായും,ജീവിതത്തിൽ വലിയ ഒരു നാഴികക്കല്ലായിരുന്നു അത്.
അന്ന് ഇശലുകൾ മനസ്സിലാക്കുന്നതെങ്ങനെ?
'തശ്രീഫും മുബാറകാദരവായ നബിയുമ്മത്തിമാർക്ക്...' എന്നത് ഒപ്പനപ്പാട്ട് ഇശലാണ്. ഒപ്പനമുറുക്കം വേറെയുണ്ട്.
പലരോടൊപ്പവും പാടി പല ഇശലുകളും മനസ്സിലാക്കുകയാണ് ചെയ്തത്.പാടിപ്പാടിത്തന്നെ വേണം അവയെയൊക്കെ അറിയാൻ.
യേശുദാസിന്റെ ഗുരുവായിട്ടുണ്ട് എന്ന് കേട്ടിരുന്നു.
ദാസേട്ടന്റെ കൂടെ കുറെ പാട്ട് പടിയിട്ടുണ്ട്. ഹഖാന…പോലുള്ള പാട്ടുകൾ ദാസേട്ടന് ഞാനായിരുന്നു പാടിക്കൊടുത്തത്. മാഷ് പറഞ്ഞു, എന്നോട് പാടിപ്പറഞ്ഞു കൊടുക്കാൻ.ദാസേട്ടൻ എന്നൊക്കെ പറയുമ്പോൾ വലിയ ഒരാളല്ലേ?ദാസേട്ടന് മുന്നിൽ വരികൾ പാടാനൊക്കെ എനിക്ക് വല്ല്യ പേടിയായിരുന്നു. ഞാൻ ദാസേട്ടന്റെ മുന്നിൽപോയി നിന്നു, ഇരിക്കാൻ പേടിയായിട്ട് നിന്നതാണ്, എന്തിനാ പേടിക്കുന്നത് എന്നുപറഞ്ഞു എന്നോട് ഇരിക്കാൻ പറഞ്ഞു. എന്നിട്ട് പറഞ്ഞു, മാപ്പിളപ്പാട്ടിനെ പറ്റി എനിക്ക് ഒന്നും അറിയില്ല, അത് കൊണ്ട് മാപ്പിളപ്പാട്ട് പഠിക്കാൻ വേണ്ടിയിട്ടാണ് ഫസീലയെ ഞാൻ വിളിച്ചത് എന്നുപറഞ്ഞു. മറക്കാൻ പറ്റാത്ത ഒരനുഭവം തന്നെയാണ് അത്. ദാസേട്ടൻ പെട്ടെന്ന് പഠിക്കുകയും ചെയ്തു. ദാസേട്ടൻ പാടിയതിന് ശേഷമാണ് എല്ലാ ഓർക്കസ്ട്രക്കാരും ആ പാട്ട് പാടാൻ തുടങ്ങിയത്.
കൂടെ പാടിയ പ്രശസ്തർ
ഞാൻ മാർക്കോസ് ചേട്ടന്റെ കൂടെ പാടിയിട്ടുണ്ട്. ചിത്രയുടെ കൂടെ പാടാനുള്ള അവസരം കിട്ടിയിട്ടുണ്ട്, 1921 സിനിമയിൽ കോറസ്സായിട്ട്. പിന്നെ പതിനാലാം രാവ്. ഞാനും മൂസക്കയും ആണ് ആ സിനിമയിൽ പാടിയത്.
“മണവാട്ടി കരം കൊണ്ട് മുഖം മറച്ച് മൈലാഞ്ചി കവിളത്ത് പരന്ന് വീണ്…
കെ. രാഘവൻ മാഷായിരുന്നു സംഗീതം, സലാം കാരശ്ശേരിയാണ് രചന.
സംഗീതം, ശാസ്ത്രീയമായി പഠിക്കാത്തതിന്റെ വിഷമം എന്നുമുണ്ട്.തുടക്കത്തിലേ,ഇഷ്ടം പോലെ പ്രോഗ്രാം ഉണ്ടായിരുന്നു. ഇന്ന് തിരുവനന്തപുരം ആണെങ്കിൽ പിറ്റെ ദിവസം തലശ്ശേരി, വടകര ഇങ്ങനെയൊക്കെയായിരുന്നു. ഒരു ദിവസംതന്നെ 2 പ്രോഗ്രാം ഒക്കെയായിരുന്നു,1974-78 കാലഘട്ടങ്ങളിൽ. ആയത് കൊണ്ട് പഠിക്കാനുള്ള ഒരു സാവകാശം കിട്ടിയില്ല.
പിന്നെ സ്കൂളിൽ പോകേണ്ടതുമുണ്ടല്ലോ.അങ്ങനെയൊക്കെ, പിന്നെ പഠിച്ചതുമില്ല.
' ഉടനെ കഴുത്തെന്റെയറുക്കു ബാപ്പാ…'എന്ന പാട്ടനുഭവം?
എനിക്ക് ആ പാട്ട് പഠിപ്പിച്ചത് കോഴിക്കോട് അബൂബക്കർ മാഷിന്റെ ടീമിൽ പഠിപ്പിക്കുന്ന ഒരു ആളായിരുന്നു. കൃഷ്ണദാസും ഞാനും ആണ് പാടിയത്.
ബലി പെരുന്നാളിനെ പറ്റിയിട്ട് ഉള്ളതാണല്ലോ. നല്ല രചനയാണത്. പി.ടി. അബ്ദുറഹ്മാൻ ആണ് എഴുതിയത്. സംഗീതം കോഴിക്കോട് അബൂബക്കർ. നല്ല പാട്ടാണ് എല്ലാവരും അന്നും ഇന്നും ഇഷ്ടപ്പെടുന്ന ഒരു പാട്ടാണ്.
പാട്ടുമത്സരങ്ങളുടെ കാലം കൂടിയായിരുന്നുവല്ലോ, അത്?
ബോംബെ, മദ്രാസ്, ഇവിടങ്ങളിലൊക്കെ മത്സരങ്ങൾ ഉണ്ടായിരുന്നു.ബോംബെയിൽ ഒരേ സ്റ്റേജിൽ കർട്ടൺ കെട്ടി 2 ടീം ഒരേ സമയത്ത് പടിയിരുന്നു.98-ൽ ആയിരുന്നു ആ മത്സരം.ഭക്തിയാണെങ്കിൽ അത്, ഒപ്പനപ്പാട്ട് ആണെങ്കിൽ അത് -അങ്ങനെ പല വിഭാഗങ്ങളിലായി.മുസ്ലിം വെൽഫയർ അസോസിയേഷൻ ആണ് സംഘടിപ്പിച്ചത്.ഓർക്കസ്ട്ര ഒന്ന്.പാട്ടുകാർ മാറും.1978-ലാണ് ഞാൻ ആദ്യമായി ഗൾഫിൽ പോകുന്നത്. ബാഫഖിതങ്ങളെക്കുറിച്ചൊക്കെയുള്ള പാട്ടിന് നോട്ട് മാലകളൊക്കെ കിട്ടിയിരുന്നു.അത്രക്കിഷ്ടമായിരുന്നു പ്രേക്ഷകർക്ക് ആ പാട്ടുകളൊക്കെ.
മോയിൻ കുട്ടി വൈദ്യർ സ്മാരകത്തിന്റെ ഒരു പ്രോഗ്രാം കോഴിക്കോട് വെച്ച് നടന്നിരുന്നു. അതിൽ പാണക്കാട് തങ്ങളും ഭാര്യയും വന്നിരുന്നു. അവരുടെ പെങ്ങൾ ഉണ്ട് നഫീസത്ത, ഞങ്ങൾതമ്മിൽ നല്ല ബന്ധമാണ്.ഞങ്ങളുടെ പാട്ടുള്ളിടത്തൊക്കെ അവർ എത്തുമായിരുന്നു.
എസ്. എ. ജമീലിന്റെ ദുബായി കത്തിനെക്കുറിച്ച്..
78-ൽ ആണ്. എസ്. എ. ജമീലിന്റെ കത്തുപാട്ട് പാടിയത്.
“എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ് വായിക്കുവാൻ…
തുടങ്ങുന്ന ആ പാട്ടുണ്ടാക്കിയ അതിർപ്പം ചെറുതല്ല.
കത്ത് പാട്ട് പാടുമ്പോൾ ജമീൽക്ക എന്നോട് പറയുമായിരുന്നു.
'ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്, എന്താണ് അതിൽ കൂടുതൽ ഉള്ളത് വിരഹമാണ്, അത് ഉൾകൊണ്ട് പാടണം. ഭർത്താവ് ഗൾഫിൽ തന്നെയാണ് എന്ന വിചാരത്തിൽ പാടണം. അപ്പോൾ കുറച്ചു കൂടി ഒരു ഇത് കിട്ടും.'
പിന്നെ മാപ്പിളപാട്ടിനെ പറ്റിയിട്ടും കുറെ പറയും. ജമീൽക്ക ഒരു പ്രത്യേകതരം ആളു തന്നെയായിരുന്നു. നമ്മൾ എന്തു പറഞ്ഞാലും ജമീൽക്ക അംഗീകരിക്കൂല. ജമീൽക്കയുടേതായ ഒരു വഴിയിലൂടെ മാത്രമേ പോകാറുള്ളൂ. ഒരിക്കൽ ജമീൽക്കയോട് ഞാൻ ചോദിച്ചു :'ഞാൻ കത്ത്പാട്ട് പാടുമ്പോൾ എന്താണ് തോന്നുക'യെന്ന്.
നീ പാടുമ്പോൾ അതിന്റെ വേദന മനസ്സിലാവുന്നുണ്ട്, എന്ന് പറഞ്ഞു. അത് എനിക്ക് വലിയൊരു അംഗീകാരമായിരുന്നു.
പാട്ടുമായുള്ള ഗൾഫ് യാത്രകളെപ്പറ്റി..?
ഗൾഫിൽ ഞാൻ ആദ്യമായി പോകുന്നത് 1978-ൽ. ന്റെ ഇക്ക തന്നെയാണ് കൊണ്ടുപോയത്. ഫസ്റ്റ് പ്രോഗ്രാം നടത്തിയത് അബൂദാബിയിൽ ആയിരുന്നു. മാപ്പിളപ്പാട്ടിനെ അന്നും ഇന്നും അങ്ങേയറ്റം സ്നേഹിക്കുന്നത് പ്രവാസികളാണ്. ഇപ്പോഴും ചെറുപെരുന്നാളിനും ബലിപെരുന്നാളിനുമൊക്കെ പലപ്രവിശ്യം പോയിട്ടുണ്ട്ണ്ട്. എന്നും വലിയ ജനക്കൂട്ടമാണ്.
പഴയപാട്ടുകൾ ആണ് അവർ അധികവും ആവശ്യപ്പെടുക. അന്ന് കത്തുകൾ ഒരുപാട് വരാറുണ്ട്. പാട്ട് ഇഷ്ടായി എന്ന് പറയുമ്പോൾ മനസ്സിൽ സന്തോഷമാണ്.
മറ്റു പാട്ടുകാരോടുള്ള ബന്ധം?
പീർക്കയുടെ ഒപ്പം പാടിയിട്ടുണ്ട്. കണ്ണൂർ ശരീഫ്, താജുദ്ദീൻ പിന്നെ ഷാഫി കൊല്ലം…തുടങ്ങിയ എല്ലാവരുടെയും കൂടെ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
ബാബുരാജിന്റെ കൂടെ സ്കൂളിൽ വെച്ച് ഒരു പ്രോഗ്രാം നടത്തിയിട്ടുണ്ട്. ബാബുക്ക സിനിമയിൽ പാടിയ പാട്ട് കുറേശ്ശെ പഠിപ്പിച്ചു തന്നിരുന്നു. ഒരു പാട്ടെ പാടിയിട്ടുള്ളൂ.
“വിശ്വ പ്രപഞ്ചത്തിൽ ആകെ റസൂലേ.. "
എന്ന പാട്ട്.
ബാബുക്ക സൗമ്യനായിരുന്നു. നല്ല രീതിയിലാണ് പഠിപ്പിക്കുക. നന്നായിട്ടുണ്ട് എന്നേ പറയൂ.
മറക്കാനാവാത്ത ഒരനുഭവമെന്താണ്?
ചിരിക്കാൻ പറ്റുന്ന ഒരനുഭവം പറയട്ടെ.1971-72 കാലത്തണത്.
മാജിക് അവതരിപ്പിക്കുന്ന വാഴക്കുന്നം നമ്പൂതിരിയുടെ സ്റ്റേജിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അന്ന് ഞാൻ കുട്ടിയാണ്.സ്റ്റേജ് പെട്ടെന്ന് തകർന്നുവീണു.ഞങ്ങൾ എല്ലാവരും സ്റ്റേജിൽ നിന്നും വീണു. മഴയുണ്ടായിരുന്നു. ഞാൻ വല്ലാതെ പേടിച്ചുകരഞ്ഞു.
'മോളെ കരയല്ലേ എന്താ വേണ്ടത് ലഡു വേണോ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോൾ എല്ലാവരും പറഞ്ഞു.ലഡു വേണം എന്ന്. വാഴക്കുന്നം വായുവിൽനിന്നും ലഡു എടുത്തു തന്നു.
മാജിക്, അല്ല, ലഡു തന്നെ കഴിച്ചു.
ആ സംഭവമോർത്ത് ഇപ്പോഴും ഞാൻ ചിരിക്കാറുണ്ട. പിന്നെ ദാസേട്ടന്റെ കൂടെ പാടിയത് ജീവിതത്തിൽ മറക്കാൻ പറ്റില്ല.
മാർക്കോസിന്റെ കൂടെ പാട്ട് പാടിയിട്ടുണ്ട്.
'മുല്ലപ്പൂപൂവിലും പൂവായ ഫാത്തിമ
മുത്ത് നബി മകൾ ആയ പൂ ഫാത്തിമ'
'മനസ്സകമിൽ മുഹബ്ബത്ത് പെരുത്ത' എന്ന പാട്ടുകളൊക്കെ.
ഇവരോടൊപ്പമൊക്കെ പാടാൻ പറ്റിയതു തന്നെ ജന്മഭാഗ്യയമായി കാണുന്നു.