ക്ലാസിലേക്കുള്ള യാത്ര, അതിനിടയിലെ അനുഭവങ്ങൾ, മഴ... ഇവയൊക്കെയാണ്​ കോവിഡ് കാലം കുട്ടികൾക്ക് ​നഷ്ടപ്പെടുത്തിയത്. / Photo: Wikimedia Commons

അവർക്ക്​ നഷ്​ടമായത്​ മഴയിലെ കുളി, ബീറ്റ്​റൂട്ട്​ അച്ചാർ,
​മാനത്തുകുന്ന്​ യാത്ര

ലോക്ക്​ഡൗൺ മൂലം ഒന്നാം ക്ലാസ്​ നഷ്​ടമായ നമ്മുടെ കുട്ടികൾക്ക്​ പഠനവും അറിവുമൊന്നുമല്ല നഷ്​ടമായത്​, അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവങ്ങളാണ്​

ന്നാം ക്ലാസിൽ പോയ ദിവസത്തെപ്പറ്റി ഞാനേറെ ആലോചിച്ചു നോക്കി.
സത്യം പറഞ്ഞാൽ കാര്യമായ ഓർമകളൊന്നുമില്ല. ഞങ്ങൾ താമസിച്ചുകൊണ്ടിരുന്ന പൂളക്കുറ്റിയെന്ന സ്ഥലത്തുനിന്ന്​ രണ്ടര കിലോമീറ്റർ അകലെയുള്ള വേക്കളം സ്‌കൂളിലാണ് എന്നെ ചേർത്തത്. ആ സ്‌കൂളിലേക്കുള്ള യാത്രയാണ് ഇപ്പോൾ മനസിൽ തെളിഞ്ഞുവരുന്നത്.

ഞാൻ ഇളയകുട്ടിയായതുകൊണ്ട് ചേട്ടനും ചേച്ചിയും ബന്ധുക്കളായിട്ടുള്ള മുതിർന്ന കുട്ടികളുമൊക്കെയാണ് എന്നെ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നത്. അങ്ങനെ പോകുന്ന സമയത്ത് നമ്മുടെ സ്ലേറ്റും ചോറും മറ്റും അവരെടുക്കും. നമ്മളെ എടുത്തുകൊണ്ടുപോകും. എല്ലാവർക്കും കുടയൊന്നുമില്ല. മഴക്കാലത്താണല്ലോ സ്‌കൂൾ തുറക്കുന്നത്. ആ മഴക്കാല യാത്രകളുടെ ഓർമകളാണ് ഇപ്പോഴും മനസിലുള്ളത്. പകുതി നനഞ്ഞും നനയാതെയും ഒന്നും രണ്ടും പേർ ഒരു കുട ചൂടിയുമൊക്കെയാണ് പോകുക. പോകുന്നവഴിക്ക് നമ്മുടെ ഒപ്പം വെള്ളവും ഒഴുകി വരുന്നുണ്ടാവും. പോകുന്ന വഴി കയറ്റവും ഇറക്കവുമാണ്. കുന്നുകളാണ്. മാലത്തുകുന്ന്, രസകരമായൊരു പേരുള്ള കുന്നുണ്ട്, മുതുകത്താറ് കുന്ന്. എന്തുകൊണ്ടാണ് അങ്ങനെയൊരു പേരു വന്നത് എന്നെനിക്കറിയില്ല. ആരുടെയൊ മുതുകത്ത് ആറ് കുന്ന് ഉണ്ടെന്നുള്ള രീതിയിലായിരിക്കും. ഈ മുതുകത്താറ് കുന്നും മാനത്തുകുന്നും ഓരോരുത്തരുടെ വീട്ടുപേരിലൊക്കെ അറിയപ്പെടുന്ന കുന്നുകളാണ്. ആ കുന്നിന്റെ അടുത്ത് താമസിക്കുന്നയാളുകളുടെ വീട്ടുപേരിലാണ് ആ കുന്ന് അറിയപ്പെടുക.

ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിപ്പിച്ച അധ്യാപകരിലൊരാളെപ്പോലും എനിക്ക് ഓർമയില്ല. പഠനവുമായി ബന്ധപ്പെട്ടല്ല എന്റെ ഓർമകൾ.

Photo: Pixabay

ആ കുന്നുകളിങ്ങനെ കയറിയിറങ്ങി കയറിയിറങ്ങി രണ്ടു രണ്ടര കിലോമീറ്റർ ദൂരം അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയാണ് ശരിക്കും ഒന്നാംക്ലാസിലെ ഓർമ. മനസിലുള്ള ആ യാത്രയുടെ മറ്റൊരു ചിത്രം റോഡിന്റെ സൈഡിലുള്ള കാനയിലൂടെ മഴവെള്ളം ഒഴുകി പോകുന്നതാണ്. അന്നവിടെ കളിമണ്ണ് കലർന്ന ചെങ്കല്ലാണുള്ളത്. എല്ലാ വർഷവും വെള്ളം ഒഴുകിയൊഴുകി കാനയ്​ക്ക്​ ഭയങ്കരമായ മിനുസം വരും. അതിലൂടെ തെളിഞ്ഞ വെള്ളം ഒഴുകി പോകും. അതിലേക്ക് ഞാൻ ഇറങ്ങാൻ ശ്രമിക്കും. അപ്പോൾ കൂടെയുള്ള ചേട്ടന്മാരും മുതിർന്നവരും എന്നെ വലിച്ചു കേറ്റി കുടയ്ക്കുള്ളിലാക്കും. ആ വെള്ളത്തിലൊന്ന് കാലിട്ട് ചവുട്ടി നിൽക്കുക ഒരു സുഖമായിരുന്നു. ഇടയ്ക്ക് ഒഴുകി വരുന്ന ഇലകൾ തടഞ്ഞുനിന്ന് ചെറിയ ചെറിയ വെള്ളക്കെട്ടുകളുണ്ടാവും. ആ വെള്ളക്കെട്ടുകളിൽ ഇല പൊട്ടിച്ചിടുകയെന്നതൊക്കെയായിരുന്നു അന്നത്തെ രസം.

തടഞ്ഞുനിൽക്കുന്ന വെള്ളം തുറന്നു വിടുകയെന്ന പരിപാടിയായിരുന്നു എനിക്കന്ന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം. ആ യാത്രയൊഴികെ, സ്‌കൂളിലെത്തിയശേഷമുള്ള സംഭവങ്ങളൊന്നും അത്ര ഓർമയില്ല. അധ്യാപകരെ ആരെയും അത്ര ഓർക്കുന്നുമില്ല. ഞാൻ ഒന്നാം ക്ലാസ് തൊട്ട് പി.ജി വരെ പഠിച്ചെങ്കിലും റഗുലറായി ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പോയത് സ്‌കൂളിൽ മാത്രമാണ്. അവിടത്തെ അഞ്ചോ ആറോ അധ്യാപകരാണ് ഓർമയിൽ നിൽക്കുന്നത്. എന്തായാലും ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിപ്പിച്ച അധ്യാപകരിലൊരാളെപ്പോലും എനിക്ക് ഓർമയില്ല. പഠനവുമായി ബന്ധപ്പെട്ടല്ല എന്റെ ഓർമകൾ.

സ്‌കൂളിൽ ക്രാഫ്റ്റിന്റെ മാഷുണ്ടായിരുന്നു. ആ മാഷ് സിമന്റിൽ പാമ്പിനെ ഉണ്ടാക്കിവെച്ചിട്ടുണ്ട്. ഞാൻ പഠിക്കുന്ന സമയത്താണ് അദ്ദേഹം അത് ഉണ്ടാക്കുന്നത്. ഓരോ ദിവസവും സിമന്റിൽ പാമ്പ് ഉണ്ടായി വരുന്നത് ഞാൻ കാണുന്നുണ്ട്. അവസാനം നോക്കുമ്പോൾ പത്തിവിരിച്ചു നിൽക്കുന്ന വലിയൊരു പാമ്പും അതിന്റെ ഉടലുമൊക്കെയാണ് സ്‌കൂളിലെ ചിത്രമായി മനസിലുള്ളത്.
വലിയൊരു തറിയുണ്ടായിരുന്നു സ്‌കൂളിൽ. ക്രാഫ്റ്റിന്റെ ഭാഗമായി തന്നെയുള്ളതാണെന്നാണ് തോന്നുന്നത്. നെയ്​ത്ത്​ പഠിപ്പിക്കാനൊക്കെയുള്ള പരിപാടിയാണത്​. ആ തറി ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണ്. ആരും കയറാത്ത മുറി. പൊളിഞ്ഞ ജനലിൽ കൂടി ഞാൻ ആ തറി നോക്കിക്കാണുന്നത്​ ഓർമയുണ്ട്. ആ സ്‌കൂളിലുണ്ടായിരുന്ന കൂട്ടുകാരെ സംബന്ധിച്ചൊന്നും തീർച്ചയായിട്ടും ഓർമയില്ല. പക്ഷേ ഒരു കുട്ടിയെ ഓർക്കുന്നുണ്ട്. അവന്റെ പരിപാടി കടലാസ് തിന്നുകയെന്നതാണ്. അവനിങ്ങനെ വയറു വീർപ്പിച്ച് ഇരിക്കുന്നു. കടലാസ് ഇടയ്ക്കിടെ വാരിത്തിന്നുകൊണ്ടിരിക്കുന്നു. അവന്റെടുത്ത് നിന്ന് കടലാസെല്ലാം അധ്യാപകർ മാറ്റിക്കൊണ്ടുപോകുന്നു. അവൻ എവിടെ നിന്നെങ്കിലും കടലാസ് കിട്ടിയാൽ അത് വലിച്ചുപറിച്ച് തിന്നും.

ചെറിയൊരു വയലിന്റെ കരയ്ക്കിരുന്ന് ചോറ് തിന്നും. ആ വയലിന്റെ സൈഡിലുള്ള തോട്ടിൽ നിന്നാണ് പാത്രം കഴുകുക. മുതിർന്നവരുടെ കൂടെ പോയിരുന്ന് ചോറ്റുപാത്രം തുറന്ന് പൊരിച്ച മുട്ടയും കൂട്ടിയിട്ടുള്ള ചോറ് തീറ്റ നല്ലൊരു ഓർ​മയാണ്​.

സ്‌കൂളിൽ നിന്നുള്ള ചോറ് തിന്നലാണ് മറ്റൊരോർമ. വീട്ടിൽ നിന്ന് ചോറ് പൊതിഞ്ഞു കൊണ്ടുപോകും. സ്‌കൂളിൽ പോകാൻ മടി കാണിക്കുന്നതുകൊണ്ട് അമ്മ ഒരു മുട്ട പൊരിച്ച് ചോറിന്റെ മുകളിൽ വെച്ചുതരും. ഉച്ചയ്ക്ക് ഈ ചോറ്റുപാത്രം തുറക്കാം എന്ന പ്രതീക്ഷയിലാണ്​ ഉച്ചവരെ ക്ലാസിലിരിക്കുക. മുട്ടപൊരിച്ചത് കഴിക്കാലോ എന്ന ഒരു പ്രതീക്ഷ. ചെറിയൊരു വയലിന്റെ കരയ്ക്കിരുന്ന് ചോറ് തിന്നും. ആ വയലിന്റെ സൈഡിലുള്ള തോട്ടിൽ നിന്നാണ് പാത്രം കഴുകുക. ഒരുപാട് വെള്ളമുണ്ട്. മുതിർന്നവരുടെ കൂടെ പോയിരുന്ന് ചോറ്റുപാത്രം തുറന്ന് പൊരിച്ച മുട്ടയും കൂട്ടിയിട്ടുള്ള ചോറ് തീറ്റ നല്ലൊരു ഓർ​മയാണ്​.

അന്നത്തെ നാട്ടിലെ ഒരു പരിഷ്‌കാരം ബ്രീറ്റ്‌റൂട്ടിന്റെ കടന്നുവരവാണ്. ബ്രീട്ട്‌റൂട്ട് എന്ന സാധനം നാട്ടിൽ അന്ന് ഇല്ലാത്ത ഒന്നാണ്. ബീറ്റ്‌റൂട്ട് വന്നതോടെ അതി​ന്റെ അച്ചാർ പ്രധാന വിഭവമായി. അച്ചാറിടാൻ മാത്രമേ അന്ന് ബീറ്റ്‌റൂട്ട് വാങ്ങൂ. ബീറ്റ്‌റൂട്ട് അച്ചാർ ഒരു സൈഡിൽ വെച്ചാൽ പോലും ചോറിന് മുഴുവൻ ഭയങ്കരമായ ഒരു വയലറ്റ് കളർ കിട്ടും. അന്ന് അത് ആളുകൾക്കൊക്കെ അത്ഭുതമായിരുന്നു. എടാ ഇങ്ങനെത്തൊരു കറിയോ!. വയലറ്റ് കളറുള്ളൊരു കറി. ബീറ്റ്‌റൂട്ട് അച്ചാർ കൊണ്ടുവരുന്നത് കുറച്ച് ഗംഭീരമാണ്. ഞാൻ വീട്ടിൽ അമ്മയോട് പറഞ്ഞു, ഈ അച്ചാർ വേണമെന്ന്​. അങ്ങനെ ഞാനും ബീറ്റ് റൂട്ട് അച്ചാറ് കൊണ്ടുപോയി.

ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്കു തോന്നുന്നത് അഞ്ചോ ആറോ വയസുള്ള കുട്ടി സ്‌കൂളിൽ പോയിക്കഴിഞ്ഞാൽ അവിടെനിന്ന് കിട്ടിയ അറിവോ പഠിപ്പിച്ച കാര്യങ്ങളോ ഒന്നുമല്ല ഓർമയിലുണ്ടാവുന്നത്. ആകെയുള്ളത് യാത്ര, ഉച്ചക്കുള്ള ചോറ് തീറ്റ, മഴ ഇങ്ങനെയുള്ള കാര്യങ്ങളാണ് മനസിലുള്ളത്. പ്രകൃതിയെയും കൂട്ടുകാരെയും കാണാനുള്ള അവസരമായിട്ടാണ് സ്‌കൂളിൽ പോക്കിനെ കാണുന്നത്. കഴിഞ്ഞവർഷം എല്ലാ കുട്ടികൾക്കും നഷ്ടപ്പെട്ടു പോയതും അതുതന്നെയാണ്. ലോക്ക്ഡൗണായി സ്‌കൂൾ തുറക്കാത്തതുകൊണ്ട് ഒന്നാം ക്ലാസിലെയും പ്രൈമറി ക്ലാസിലെയും കുട്ടികൾക്ക് നഷ്ടപ്പെട്ട കാര്യം അതുതന്നെയായിരുന്നു. പഠനവും മറ്റും നഷ്ടപ്പെട്ടിട്ടില്ല. അത് നഷ്ടപ്പെടുന്നതുകൊണ്ട് കുഴപ്പവുമില്ല. അവരുടെ ജീവിതത്തിൽ ഒന്നും സംഭവിക്കാനില്ല. ക്ലാസിലേക്കുള്ള യാത്ര, അതിനിടയിലെ അനുഭവങ്ങൾ, മഴ... ഇവയൊക്കെയാണ്​ അവർക്ക്​ നഷ്ടപ്പെട്ടത്. സ്‌കൂൾ എന്ന സ്ഥാപനവും അവിടെയുള്ളവരുമായുള്ള ഇടപെടലുകളുമെല്ലാമാണ്​ കുട്ടികൾക്ക് നഷ്ടപ്പെട്ടത്. അത്​ ശരിക്കും വലിയ നഷ്ടം തന്നെയാണ്​. പഠനത്തിലോ അറിവുനേടുന്നതിലോ അവർക്ക്​ ഒരു കുറവും വന്നിട്ടില്ല, നഷ്​ടം അവരുടെ അനുഭവങ്ങൾക്കാണ്​.▮


വിനോയ് തോമസ്

കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകൻ. കരിക്കോട്ടക്കരി, പുറ്റ് എന്നീ നോവലുകൾ, രാമച്ചി എന്ന കഥാസമാഹാരം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments