വിനോയ്​ തോമസ്​

ധൂർത്തിന്റെ
​സുവിശേഷം

2023- നെപ്പറ്റി ഒരു പ്രാർത്ഥനയേ എനിയ്ക്കുള്ളൂ. എല്ലാവർക്കും കണ്ടമാനം ധൂർത്തും ആർഭാടവും നടത്താൻ അവസരം കിട്ടുന്ന ഒരു വർഷമായിരിക്കണമേ എന്നുമാത്രം.

ഹാമാരിയെ അതിജീവിച്ചു എന്നുപറയുന്നത് ജീവിച്ചിരിക്കുന്നവരാണ്. കോവിഡ് വന്ന് മരിച്ചുപോയവരുടേയും ഉറ്റവരെ നഷ്ടപ്പെട്ടവരുടെയും പക്ഷത്തുനിന്ന് ആലോചിച്ചാൽ അടിപ്പെട്ടുപോയീന്നല്ലേ പറയാൻ പറ്റുകയുള്ളൂ.

അതുപോട്ടെ, എന്തായാലും ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും ജീവിച്ചിരിക്കുന്നു എന്നതുകൊണ്ട് നാം മഹാദുരന്തത്തെ അതിജീവിച്ച വർഷമാണ് 2022. നാട്ടിലെ കല്ല്യാണം, വീട്ടിൽകൂടൽ, അടിയന്തിരം, ഉത്സവം, പെരുന്നാള്, കാർണിവെൽ, സാഹിത്യോത്സവം, വാർഷികം, കലാമേള, പാർട്ടിസമ്മേളനം, ബിസിനസ് മീറ്റ് തുടങ്ങിയ ആഘോഷങ്ങളെല്ലാം മുൻപുള്ളതിനേക്കാൾ ആഡംബരത്തിൽ തിരിച്ചുവന്ന വർഷമാണ് കഴിഞ്ഞുപോയത്.

കാശുള്ളവരേ നിങ്ങൾ വമ്പൻ സിനിമകൾക്കായും ബ്രഹ്മാണ്ഡനാടകങ്ങൾക്കായും ലോകോത്തര കലാസൃഷ്ടികൾക്കായും അന്താരാഷ്ട്ര സാഹിത്യോത്സവങ്ങൾക്കായും പണം മുടക്കൂ.

ഞാൻ പറയുന്നത്, ഇനിയെങ്കിലും മനുഷ്യനിച്ചിരി ആഡംബരത്തിൽ കാര്യങ്ങള് ചെയ്യട്ടേന്നാണ്. പരമാവധി കാശൊഴുക്കി കിടിലൻ പരിപാടികൾ സംഘടിപ്പിക്കട്ടെ. എന്തിനാണ് ഈ കാശെല്ലാം കെട്ടിപ്പൂട്ടി വെച്ചോണ്ടിരിക്കുന്നത്. കൊറോണ വന്നപ്പോ കാശുകാരന്റെ ദുരവസ്ഥ നമ്മൾ കണ്ടതല്ലേ. കൈയ്യിലിരിക്കുന്ന കാശ് ചെലവാക്കാൻ പറ്റാതെ ദരിദ്രൻമാരുടെയൊപ്പം നാണംകെട്ട് ജീവിച്ച കാശുകാരോടല്ലേ അന്ന് നമുക്കേറ്റവും സഹതാപം തോന്നിയത്. എന്തായാലും 2022ൽ അവർക്കൊക്കെ ചെറിയ ആശ്വാസം കിട്ടീന്നുള്ളതാണ് നമ്മക്കുള്ള സന്തോഷം.

കൊറോണ വന്നപ്പോ കാശുകാരന്റെ ദുരവസ്ഥ നമ്മൾ കണ്ടതല്ലേ. കൈയ്യിലിരിക്കുന്ന കാശ് ചെലവാക്കാൻ പറ്റാതെ ദരിദ്രൻമാരുടെയൊപ്പം നാണംകെട്ട് ജീവിച്ച കാശുകാരോടല്ലേ അന്ന് നമുക്കേറ്റവും സഹതാപം തോന്നിയത്. Photo: Nelson Antoine, shutterstock

കാശുള്ളവരേ നിങ്ങൾ വമ്പൻ സിനിമകൾക്കായും ബ്രഹ്മാണ്ഡനാടകങ്ങൾക്കായും ലോകോത്തര കലാസൃഷ്ടികൾക്കായും അന്താരാഷ്ട്ര സാഹിത്യോത്സവങ്ങൾക്കായും പണം മുടക്കൂ. കലയുടെ ആനന്ദമെന്താണെന്ന് ആളുകളറിയട്ടെ. കാശുള്ളവൻ അതിറക്കുമ്പോൾ ധൂർത്തെന്ന് പറഞ്ഞുവരുന്ന #@**# മക്കളെ തിരണ്ടിവാലിനടിയ്ക്കണം. അവൻമാരാണ് കടുംവെട്ട് ജൈവൻമാരെപ്പോലെ ഈ ലോകത്തെ പട്ടിണിയിലേയ്ക്ക് കൊണ്ടുപോകുന്നവർ. കാശിറങ്ങട്ടെന്നേ...

ചില പട്ടിണിപ്പാവങ്ങൾ കടംമേടിച്ച് ധൂർത്ത് കാണിക്കുന്നുണ്ട്. അവരേയും ഞാൻ തെറ്റ് പറയില്ല. പുറ്റ് നോവലിൽ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ ചിറകുവെച്ച് ആകാശത്തേയ്ക്ക് പറന്നുയർന്ന് ആനന്ദിച്ചിട്ട് അന്നേരെ മരിച്ചുപോകുന്ന ആണുറുമ്പുകളുടെ കഥയുണ്ടല്ലോ. അതുപോലെ അനിശ്ചിതത്വം നിറഞ്ഞ ഈ ജീവിതത്തിൽ ഒരിക്കലെങ്കിലും ആനന്ദിക്കാൻ സാധിക്കുക എന്നതല്ലേ മിടുക്ക്.

കടം വാങ്ങിയവനോ കൊടുത്തവനോ - കൊറോണ വന്നപ്പോൾ കൂടുതൽ സന്തോഷിച്ചതാരാണ്, ആലോചിച്ചുനോക്കൂ.

മതങ്ങളോട് എനിയ്ക്കുള്ള സ്‌നേഹത്തിന് ഒരേയൊരു കാരണം അവർ ഒരു യുക്തിയുമില്ലാതെ കാശിറക്കി കളിക്കുന്നു എന്നതാണ്. പുൽക്കൂട്ടിൽ പിറന്ന് വീടുംകൂടുമില്ലാതെ അലഞ്ഞുനടന്ന യേശുവിന് താമസിക്കാൻ കോടികളുടെ പള്ളികൾ നിർമ്മിക്കുന്നു.

മതങ്ങളോട് എനിയ്ക്കുള്ള സ്‌നേഹത്തിന് ഒരേയൊരു കാരണം അവർ ഒരു യുക്തിയുമില്ലാതെ കാശിറക്കി കളിക്കുന്നു എന്നതാണ്. പുൽക്കൂട്ടിൽ പിറന്ന് വീടുംകൂടുമില്ലാതെ അലഞ്ഞുനടന്ന യേശുവിന് താമസിക്കാൻ കോടികളുടെ പള്ളികൾ നിർമ്മിക്കുന്നു. പാവത്തുങ്ങൾക്ക് ജീവിതത്തിൽ ആനന്ദമുണ്ടാക്കുന്നതിനായി ഗംഭീര പെരുന്നാളുകളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. എന്തിനുപറയുന്നു, ദരിദ്രമാകുമായിരുന്ന കുർബ്ബാന പോലും അത്യന്താധുനിക സംഗീതോപകരണങ്ങളുടെയും വിദഗ്ദരായ കലാകാരൻമാരുടേയും അകമ്പടിയോടെ ദൃശ്യശ്രാവ്യ റാസാ വിസ്മയമാക്കി മാറ്റുന്നു. ഇതിനൊക്കെ അവസരമുണ്ടാക്കുന്ന അച്ചൻമാരെ കുറ്റം പറയുന്ന ഒരുത്തനേയും വെറുതേ വിടരുത്. ആ പറച്ചിലുകാരാണ് ഇവിടെ തൊഴിലില്ലായ്മ സൃഷ്ടിക്കുന്നത്.

പാറാമ്മാക്കൽ തോമാ കത്തനാരും കരിയാറ്റിൽ ഒസേപ്പുമൽപ്പാനും പണ്ട് റോമായാത്ര നടത്തിയപ്പോൾ അന്യനാടുകളിൽ റാസാ ചൊല്ലിയാണ് ചെലവിനുള്ള കാശുണ്ടാക്കിയതെന്ന് വർത്തമാനപുസ്തകത്തിൽ എഴുതിയിട്ടുണ്ട്. അവർക്ക് വിവരമുണ്ടായിരുന്നു. കേരളത്തിന്റെ തനതായ പാട്ടുകുർബ്ബാനയുടെ മൂല്യം അന്നേ തിരിച്ചറിഞ്ഞ് ഉപയോഗിച്ചവരാണവർ. അങ്ങോട്ടു തിരിഞ്ഞുനിൽക്കണോ ഇങ്ങോട്ടു തിരിഞ്ഞുനിൽക്കണോ എന്ന കാര്യത്തിൽ തർക്കിക്കാതെ തോമാക്കത്തനാര് കാണിച്ചുതന്ന വഴിയിലൂടെ നിങ്ങക്ക് പോകാൻ പാടില്ലേ മേലധ്യക്ഷൻമാരേ...?

. പുതിയ കാലത്തിനനുസരിച്ച് ആർഭാടം നിറച്ച് പാട്ടുകുർബ്ബാന ഒരു മെഗാ ഈവന്റായി സെറ്റുചെയ്‌തെടുത്താൽ അത് ലോകമെങ്ങും വൈറലാകും എന്ന കാര്യത്തിൽ എനിയ്ക്ക് സംശയമില്ല. Photo : Screen Scrap, Gregorian TV

കേരളത്തിലെ സഭയ്ക്കുമാത്രം സ്വന്തമായ റാസ കുർബ്ബാനയെ ഒന്നുകൂടി കൊഴുപ്പിച്ച് അടിപൊളിയാക്കിയെടുക്കണം. അതിന് ബോധമുള്ളവരും കലാകാരൻമാരും ഡിസൈനിംഗ് അറിയാവുന്നവരും മിടുക്കൻമാരുമായ അച്ചൻമാരെല്ലാവരുംകൂടി ഒരുമിച്ചിരിക്കണം. കുറച്ച് അറിവുള്ള അത്മായരെ കൂട്ടീന്നോർത്തും കുഴപ്പവൊന്നുമില്ല. ദൈവത്തിന്റെ അനുഗ്രഹത്താൽ മനുഷ്യരാശി സ്വായത്തമാക്കിയിരിക്കുന്ന ഏത് സാങ്കേതികവിദ്യയേയും കുർബ്ബാന നന്നാക്കാൻവേണ്ടി നമുക്കുപയോഗിക്കാമല്ലോ.

ഇപ്പോ തന്നെ മര്യാദയ്ക്ക് പാട്ടുപാടി കുർബ്ബാന ചൊല്ലാനറിയാവുന്ന അച്ചൻമാർക്ക് പെരുന്നാൾസീസണിലുള്ള ഡിമാൻറ്​ നിങ്ങക്കറിയാല്ലോ. പുതിയ കാലത്തിനനുസരിച്ച് ആർഭാടം നിറച്ച് പാട്ടുകുർബ്ബാന ഒരു മെഗാ ഈവന്റായി സെറ്റുചെയ്‌തെടുത്താൽ അത് ലോകമെങ്ങും വൈറലാകും എന്ന കാര്യത്തിൽ എനിയ്ക്ക് സംശയമില്ല. കലാകാരൻമാരായ നമ്മുടെ വൈദികരുടെ കുർബ്ബാനയ്ക്കായി സകലരാജ്യത്തും പിടിച്ചുപറിയായിരിക്കും.

കുർബ്ബാന മാത്രമല്ല, എല്ലാ ആരാധനാക്രമങ്ങളും കാലോചിതമായി പരിഷ്‌കരിക്കണം. ചെറുപ്പക്കാരെ ആകർഷിക്കുന്ന രീതിയിൽ കളർഫുള്ളാകണം. ആരാധനയ്ക്കുള്ള വീഞ്ഞിന്റെ ഉപയോഗത്തിൽ കുറച്ചുകൂടി ലിബറലായാലും കുഴപ്പവൊന്നുമില്ല. കാര്യങ്ങൾ ശരിക്കും വർക്കൗട്ടായാൽ ഇപ്പോൾ യാതൊരു പ്ലാനും പദ്ധതിയുമില്ലാതെ കിടക്കുന്ന ആഗോളസഭയുടെ നേതൃത്വം നമ്മള് സീറോ മലബാറുകാർക്ക് ഈസിയായി പിടിക്കാൻ പറ്റും. എന്നുപറഞ്ഞാൽ കേരളത്തിൽ നിന്ന്​ ഒരു മാർപ്പാപ്പ, മനസ്സിലായില്ലേ...

യേശുവിന്റെ അഭിപ്രായത്തിൽ കാശുള്ളതല്ല കുഴപ്പം. ഉള്ള കാശ് കൈയ്യിൽ വെച്ചോണ്ടിരിക്കുക എന്നതാണ് പ്രശ്‌നം. അങ്ങനെയുള്ളോൻമാര് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനേക്കാൾ വിഷമമാണ്.

എല്ലാം നടക്കണമെങ്കിൽ ഒറ്റക്കാര്യമേയുള്ളൂ, ഒന്നിലും ആഡംബരം കുറയ്ക്കരുത്.
ലോകത്തുള്ള എല്ലാവരും ലളിതജീവിതം നയിക്കണമെന്നു പറഞ്ഞു നടക്കുന്നോരെ എനിയ്ക്ക് കണ്ണിനു കാണരുത്. അവരു വേണേ ലളിതജീവിതം നയിച്ചോട്ടെ. എല്ലാരും അങ്ങനെ ചെയ്യണന്നു പറയാൻ അവരാരാ? നക്കുപ്പും ചിങ്ങവാഴയ്‌ക്കേമില്ലാതെ ജീവിച്ചയാളാണ് ക്രിസ്തൂന്നു പറഞ്ഞാണ് ചിലര് ദാരിദ്ര്യത്തിന്റെ മഹത്വം പറയുന്നത്. ഞാൻ ചോദിക്കട്ടെ, അവര് ബൈബിള് വായിച്ചിട്ടുണ്ടോ?

മുതലാളി കുറച്ചുപേർക്ക് കാശുകൊടുത്തു.
ഒന്നുരണ്ടവൻമാര് അതുകൊണ്ടോയി വകതിരിവില്ലാതെ ചെലവാക്കി. ഒരുത്തൻ കാശ് തീർന്നുപോകൂല്ലോന്ന് വിചാരിച്ച് കൊണ്ടുപോയി ബാങ്കിലിട്ടു. ഒരു വർഷം കഴിഞ്ഞപ്പോ നിങ്ങക്കുതന്ന കാശിന്റെ ഇപ്പഴത്തെ അവസ്ഥയെന്താണെന്ന് മുതലാളി ചോദിച്ചു. ചെലവാക്കിയവൻമാര് മുതലാളിയോട് ഉള്ള കാര്യംപറഞ്ഞു. ഒന്നും ചെയ്യാത്തോൻ താൻ വല്യ മിടുക്കനാണെന്ന ഭാവത്തിൽ ബാങ്കിലിട്ട കാശ് തിരിച്ചെടുത്തു കാണിച്ചു. മുതലാളി അവനെ പറയാത്ത തെറിയൊന്നുവില്ല. അവസാനം അങ്ങേര് അവന്റെ കാശും കൂടി വാങ്ങിച്ച് ചെലവാക്കിയവർക്ക് കൊടുത്തു.

കാശ് ചെലവാക്കാനുള്ളതാന്ന് യേശുവിന്​ കൃത്യമായിട്ടറിയാരുന്നു. യേശുവിനെ മനസ്സിലാക്കത്തവരാണ് ദരിദ്രർ ഭാഗ്യവാൻമാരാണെന്ന് പറഞ്ഞുനടക്കുന്നത്.

യേശു ഈ ഉപമ വെറുതേ പറഞ്ഞതല്ലല്ലോ. കാശ് ചെലവാക്കാനുള്ളതാന്ന് അവിടേത്തേയ്ക്ക് കൃത്യമായിട്ടറിയാരുന്നു. യേശുവിനെ മനസ്സിലാക്കത്തവരാണ് ദരിദ്രർ ഭാഗ്യവാൻമാരാണെന്ന് പറഞ്ഞുനടക്കുന്നത്. ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാരെന്നാണ് കർത്താവ് പറഞ്ഞത്. ആത്മാവിലെ ദാരിദ്ര്യവും ഭൗതികമായ ദാരിദ്ര്യവും ഒന്നാണോ?

കാശുകാരോട് യേശുവെടുത്ത സമീപനമെന്താണെന്ന് മനസ്സിലാക്കിയാൽ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകും. പത്തു കൽപനകളും അനുസരിച്ച് ജീവിച്ച ഒരു കാശുകാരൻ ക്രിസ്തുവിന്റെ അടുത്തെത്തി എനിയ്ക്ക് നിന്റെ അനുയായിയാകണമെന്ന് പറഞ്ഞു. നീ നിനക്കുള്ളതെല്ലാം ധൂർത്തടിച്ച് മറ്റുള്ളവർക്ക് കൊടുത്തിട്ടു വാ, അപ്പോ ആലോചിക്കാമെന്നായി കർത്താവ്. നോക്കണേ, യേശുവിന്റെ അഭിപ്രായത്തിൽ കാശുള്ളതല്ല കുഴപ്പം. ഉള്ള കാശ് കൈയ്യിൽ വെച്ചോണ്ടിരിക്കുക എന്നതാണ് പ്രശ്‌നം. അങ്ങനെയുള്ളോൻമാര് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനേക്കാൾ വിഷമമാണ്. അതുകൊണ്ട് ധൂർത്തരേ സ്വർഗ്ഗരാജ്യം നിങ്ങൾക്കുള്ളതാകുന്നു.

മത്തായിയുടെ സുവിശേഷം ആറാമധ്യായം പത്തൊമ്പതാം വാക്യത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ഭൂമിയിൽ നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിയ്ക്കും; കള്ളൻമാർ തുരന്നു മോഷ്ടിക്കും. എന്നാൽ സ്വർഗ്ഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതിവെയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളൻമാർ മോഷ്ടിക്കുകയില്ല. നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.'

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാരെന്നാണ് കർത്താവ് പറഞ്ഞത്. ആത്മാവിലെ ദാരിദ്ര്യവും ഭൗതികമായ ദാരിദ്ര്യവും ഒന്നാണോ? Photo : Abul Kalam Azad Pattanam

പ്രത്യക്ഷത്തിൽ നമുക്കാവശ്യമുണ്ടെന്ന് തോന്നാത്ത ചില കാര്യങ്ങൾക്കുവേണ്ടി പണം ചിലവഴിക്കുക. അതാണല്ലോ ധൂർത്ത്. ഭയങ്കര ഹൈക്ലാസ് ധൂർത്തരെ എനിയ്ക്ക് വലിയ പരിചയമില്ല. മിഡിൽ ക്ലാസ്​ ലോ ക്ലാസ്​ ധൂർത്തരാണ് എന്റെ പരിചയത്തിലുള്ളവർ. എന്നുപറഞ്ഞാൽ ലോട്ടറിയെടുക്കുന്നവർ, മദ്യപാനികൾ, ലൈംഗികത്തൊഴിലാളികളുടെ പറ്റുപടിക്കാർ, ചൂതാട്ടക്കാർ, സിനിമ കാണുന്നവർ, ചിത്രങ്ങൾ വാങ്ങുന്നവർ, വീടിന് മോടി കൂട്ടുന്നവർ, പ്രണയാന്ധത ബാധിച്ചവർ, ഭിക്ഷ കൊടുക്കുന്നവർ, തീറ്റക്കൊതിയര്, പൊങ്ങച്ചക്കാര്... അങ്ങനെയങ്ങനെ മനുഷ്യജീവിതത്തിന് അത്യാവശ്യമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നവർ. നമ്മളവരെ ധൂർത്തരെന്ന് വിളിക്കുന്നു.

ധൂർത്തരുടെ നല്ല വശങ്ങളേപ്പറ്റി പറഞ്ഞാൽ നമുക്ക് അവസാനിപ്പിക്കാൻ പറ്റില്ല. തങ്ങൾ ചെയ്യുന്ന നന്മയേക്കുറിച്ച് ഒരു അവകാശവാദവുമില്ലാത്തവരാണവർ.

പക്ഷെ സത്യമെന്താണ്? ഈ ധൂർത്തരില്ലെങ്കിൽ പല വീടുകളും പട്ടിണിയാകും. പലരും രോഗത്തിന് ചികിത്സിക്കാൻ നിവർത്തിയില്ലാതെ മരിച്ചുപോകും. പല കുട്ടികളുടേയും വിദ്യാഭ്യാസം മുടങ്ങും. പല ചെറുപ്പക്കാരും കല്ല്യാണം കഴിക്കാതെ അസംതൃപ്തരായി നാട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കും. പലർക്കും കയറിക്കിടക്കാൻ വീടില്ലാതെ നരകിക്കും. ഇതൊന്നും മനസ്സിലാക്കാതെ നന്മയുള്ള ആ മനുഷ്യരെ നമ്മൾ ധൂർത്തരേ എന്നുവിളിച്ച് അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ശരിക്കും മത്തായിയുടെ സുവിശേഷത്തിൽ പറഞ്ഞ ദൈവവചനം അക്ഷരംപ്രതി അനുസരിച്ച് ജീവിക്കുന്നതാരാണ്. തീർച്ചയായും അത് ധൂർത്തരല്ലാതെ മറ്റാരുമല്ല.

അക്കൗണ്ടിലെ ബാലൻസിനെക്കുറിച്ച് ചിന്തിക്കാതെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഹോട്ടലുകളിൽ കയറി വൈവിധ്യമുള്ള തീറ്റസാധനങ്ങൾ വാരിവലിച്ചു കഴിച്ചു.

ധൂർത്തരുടെ നല്ല വശങ്ങളേപ്പറ്റി പറഞ്ഞാൽ നമുക്ക് അവസാനിപ്പിക്കാൻ പറ്റില്ല. തങ്ങൾ ചെയ്യുന്ന നന്മയേക്കുറിച്ച് ഒരു അവകാശവാദവുമില്ലാത്തവരാണവർ. ലോകത്തിന് ഒരു നന്മയും ചെയ്യാത്ത പിശുക്കൻമാർക്ക് നാട്ടുകാർ കൊടുക്കുന്ന പുരസ്‌കാരങ്ങൾക്കുവേണ്ടി പണം മുടക്കുന്നവരാണവർ. കൊള്ളരുതാത്തവൻമാർ സമൂഹത്തിന്റെ ബഹുമാനം ഏറ്റുവാങ്ങുമ്പോൾ നിസ്വാർത്ഥരായി കയ്യടിക്കുന്നവരാണവർ. ഒരംഗീകാരവും ആഗ്രഹിക്കാത്തവരാണവർ. നിത്യവും സകലരാലും പരിഹസിക്കപ്പെടുമ്പോഴും പരിഭവമേതുമില്ലാതെ തങ്ങളുടെ കർമ്മം തുടർന്നുകൊണ്ടേയിരിക്കുന്നവരാണവർ. ധൂർത്തർ...

ധൂർത്തൻമാരോളം ത്യാഗികളായി ഒരു സന്യാസിയുമില്ല. ധൂർത്തരോളം പുണ്യം ചെയ്തവരായി ഒരു വിശുദ്ധരുമില്ല. ധൂർത്തരോളം മനുഷ്യജീവിതത്തിനുവേണ്ടി സംഭാവന ചെയ്ത ഒരു തത്വജ്ഞാനിയുമില്ല. ചെലവഴിക്കേണ്ടതെവിടെയെന്ന് നിരന്തരം അന്വേഷിക്കുന്നവർ, അനർഹമായതോ അർഹമായതോ പോലും തങ്ങളുട കൈയ്യിലിരിക്കാൻ അനുവദിക്കാത്തവർ, മഹാമനസ്‌കർ...

അന്യർക്കു വേണ്ടി ജീവിക്കുന്ന ധൂർത്തരല്ലേ യഥാർത്ഥ നിഷ്‌കാമികൾ.

കിട്ടിയ വേദികളിലൊക്കെ എന്നെ പൊക്കിപ്പൊക്കി ഉയരത്തിലെത്തിക്കുന്ന രീതിയിലുള്ള പ്രസംഗധൂർത്ത് ഞാൻ നടത്തി. വിദേശത്തു നടക്കുന്ന വൻകിട സാഹിത്യമഹോത്സവ സംഘാടകരുടെ ശ്രദ്ധയിൽ പെടാനാണ് ഞാനത് ചെയ്തത്. അത് തെറ്റാണോ...?

2022ൽ ഞാൻ വേണ്ടത്ര ധൂർത്തനായില്ല. എങ്കിലും ഞാൻ ശ്രമിച്ചുനോക്കി. നല്ല തിയേറ്ററിൽ പോയി കുറേ സിനിമകൾ ഏറ്റവും മുന്തിയ ക്ലാസിലിരുന്ന് കണ്ടു. ഇടവേളയ്ക്കിറങ്ങുമ്പോൾ വെണ്ണയിൽ വറുത്തെടുത്ത ചോളപ്പൊരിയും മെഷീനിൽ തിളപ്പിച്ചെടുത്ത കട്ടിപ്പാൽ കാപ്പിയും ആവശ്യത്തിലധികം കുടിച്ചു. ഞാൻ കണ്ട തദ്ദേശ-വിദേശ സിനിമകളിൽ കുറച്ചെണ്ണം കോപ്പിയടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു സിനിമയുടേയും പേരുകൾ ഇവിടെ പറയുന്നില്ല.

അക്കൗണ്ടിലെ ബാലൻസിനെക്കുറിച്ച് ചിന്തിക്കാതെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഹോട്ടലുകളിൽ കയറി വൈവിധ്യമുള്ള തീറ്റസാധനങ്ങൾ വാരിവലിച്ചു കഴിച്ചു. തീറ്റേടെ കാശ് മാത്രമല്ല ടിപ്പുകൊടുക്കുന്നതിലും ഞാൻ മടിയൊന്നും കാണിച്ചില്ല.

വിളിച്ചതും വിളിക്കാത്തതുമായ മഹാമഹങ്ങൾക്കു പോയി തിന്നുകയും കുടിക്കുകയും പൊങ്ങച്ചം പറയുകയും ചെയ്തു. കിട്ടിയ വേദികളിലൊക്കെ എന്നെ പൊക്കിപ്പൊക്കി ഉയരത്തിലെത്തിക്കുന്ന രീതിയിലുള്ള പ്രസംഗധൂർത്ത് ഞാൻ നടത്തി. വിദേശത്തു നടക്കുന്ന വൻകിട സാഹിത്യമഹോത്സവ സംഘാടകരുടെ ശ്രദ്ധയിൽ പെടാനാണ് ഞാനത് ചെയ്തത്. അത് തെറ്റാണോ...?

എസ്. ഹരീഷിന്റെ ആഗസ്റ്റ് 17 കാശുകൊടുത്ത് വാങ്ങി. വായിച്ചു, കൊള്ളാം. ആ നോവൽ ഒരു ധാർമികതയുമില്ലാതെ കോപ്പിയടിച്ച് എന്റേതായ ഒരെണ്ണം എഴുതാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

ആ ആഡംബരങ്ങളൊക്കെ എനിക്കുകൂടി അനുഭവിക്കാനുള്ളതല്ലേ...?

പക്ഷെ ഇതുവരെ അങ്ങനെയുള്ള ആരും എന്നെ മൈൻഡ് ചെയ്തിട്ടില്ല.

വായനയുടെ കാര്യത്തിലും ഹൈക്ലാസ്​ ധൂർത്താണ് എന്റെ ലക്ഷ്യം. അതിനുവേണ്ടി കുറേ പുസ്തകങ്ങൾ കാശുകൊടുത്തു വാങ്ങി. അതിൽ ഇംഗ്ലീഷ് പുസ്തകങ്ങളുമുണ്ട് എന്നുപറയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും എന്റെ വ്യയത്തിന്റെ വ്യർത്ഥത. ആ പുസ്തകങ്ങൾ പലതും പണിപ്പെട്ട് പകുതിയും മുക്കാലും വായിച്ച് ഒന്നും തിരിയാതെ നിർത്തിയിരിക്കുകയാണ്. എസ്. ഹരീഷിന്റെ ആഗസ്റ്റ് 17 കാശുകൊടുത്ത് വാങ്ങി. വായിച്ചു, കൊള്ളാം. ആ നോവൽ ഒരു ധാർമികതയുമില്ലാതെ കോപ്പിയടിച്ച് എന്റേതായ ഒരെണ്ണം എഴുതാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

പിന്നെ പലവഴിക്കും ഞാൻ കാശ് ധൂർത്തടിച്ചിട്ടുണ്ട്. മാന്യതകൊണ്ട് അതൊന്നും ഞാൻ ഇവിടെ പറയുന്നില്ല. എന്തായാലും 2023- നെപ്പറ്റി ഒരു പ്രാർത്ഥനയേ എനിയ്ക്കുള്ളൂ. എല്ലാവർക്കും കണ്ടമാനം ധൂർത്തും ആർഭാടവും നടത്താൻ അവസരം കിട്ടുന്ന ഒരു വർഷമായിരിക്കണമേ എന്നുമാത്രം. ▮


വിനോയ് തോമസ്

കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകൻ. കരിക്കോട്ടക്കരി, പുറ്റ് എന്നീ നോവലുകൾ, രാമച്ചി എന്ന കഥാസമാഹാരം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments