ഓടിവരാനാവാതേതോ വാടിയിൽ നീ പാടുകയോ...

ശൃംഗാരവും ലാസ്യവും നിഷ്‌പ്രയാസം തന്റെ ശബ്ദത്തിൽ കൊണ്ടുവരാൻ വാണി ജയറാമിന് കഴിയുമായിരുന്നു. തന്റെ സ്വരമാധുര്യം കൊണ്ട് കേൾക്കുന്നവരെയും വരികളിലെ കുറുമ്പും വികാരവും നാണവും എല്ലാം അനുഭവിപ്പിക്കാൻ ഈ ഗായികയ്ക്കു കഴിഞ്ഞു. വയലാറിന്റെയും, പി ഭാസ്കരന്റെയും, ഒ.എൻ.വിയുടെയും, ശ്രീകുമാരൻ തമ്പിയുടെയും എന്നു വേണ്ട അക്കാലത്തെ ഒട്ടുമിക്ക എല്ലാ ഗാനരചയിതാക്കളുടെയും പ്രണയഗാനങ്ങളിലെ വരികളോട് വാണിയമ്മയുടെ ശബ്ദം നൂറു ശതമാനം നീതി പുലർത്തി.

"ഓടിവരാനാവാതേതോ വാടിയിൽ നീ പാടുകയോ?' തേടിത്തേടിഞാനലഞ്ഞു എന്ന ഗാനത്തിലെ ഈ വരികളെപ്പോലെ, വാണിയമ്മ ഓടിവരാനാവാതെ ഏതോ വാടിയിൽ പാടി പാടി നടപ്പുണ്ടാകും. "സൗരയൂഥത്തിൽ വിടർന്നോരു' എന്ന ഗാനമാണ് മലയാളത്തിൽ വാണി ജയറാം ആദ്യമായി പാടുന്നത്. ഒരോ വരികളിലും പിച്ച് കൂടിക്കൂടി വരുന്ന ആ ഒരു ഗാനം തന്നെ അവരുടെ ശബ്ദ നിയന്ത്രണത്തിന്റെയും തുറന്ന ആലാപനത്തിന്റെയും മകുടോദാഹരണമാണ്.

1975 ന് ശേഷം ഇന്നുവരെയുള്ള ഒരോണവും "തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച്ച' എന്ന ഗാനം കേൾക്കാതെ കടന്നുപോയിട്ടുണ്ടാകില്ല.

തോമാശ്ലീഹ എന്ന ചിത്രത്തിലെ ധൂം ധൂം തന എന്ന ഗാനവും എന്റെ പേഴ്‌സണൽ ഫേവറേറ്റ് ആണ്. ചിലങ്കയുടെ ലാസ്യതാളം, സ്വരത്തിൽ ആവാഹിച്ച് പാടുകയാണ് വാണിയമ്മ.

ശൃംഗാരവും ലാസ്യവും നിഷ്‌പ്രയാസം തന്റെ ശബ്ദത്തിൽ കൊണ്ടുവരാൻ വാണി ജയറാമിന് കഴിയുമായിരുന്നു.
" വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി '
" ആഷാഢമാസം ആത്മാവിൽ മോഹം '
" തിരയും തീരവും... ചുംബിച്ചുറങ്ങീ '
" മധുര യൗവ്വന ലഹരിയെന്നുടെ.. '
" കടക്കണ്ണിലൊരു കടൽ കണ്ടു.. '
" മധുര മധുരമൊരു മദഭരയാമം '
" നാണമാകുന്നു, മേനി നോവുന്നു... '
" സുരലോകജലധാര ഒഴുകി ഒഴുകി.. '
" കണ്ണുകൾ കണ്ണുകളിടഞ്ഞു... '
" മഞ്ഞിൽ ചേക്കേറും മകരപ്പെൺപക്ഷി '

ഇങ്ങനെയെണ്ണിയാലൊടുങ്ങാത്തയത്ര പ്രണയ ഗാനങ്ങൾ.

ശൃംഗാരരസം വരുന്ന ഗാനങ്ങളിൽ തന്റെ സ്വരമാധുര്യം കൊണ്ട് കേൾക്കുന്നവരോരുത്തർക്കും അതെ വികാരവും, വരികളിലെ കുറുമ്പും, നാണവും എല്ലാം അനുഭവിപ്പിക്കാൻ വാണി ജയറാമിന് കഴിഞ്ഞു.

വയലാറിന്റെയും, പി ഭാസ്കരന്റെയും, ഒ.എൻ.വിയുടെയും, ശ്രീകുമാരൻ തമ്പിയുടെയും എന്നു വേണ്ട അക്കാലത്തെ ഒട്ടുമിക്ക എല്ലാ ഗാനരചയിതാക്കളുടെയും പ്രണയഗാനങ്ങളിലെ വരികളോട് വാണിയമ്മയുടെ ശബ്ദം നൂറു ശതമാനം നീതി പുലർത്തി.

പ്രണയം പോലെ തന്നെ വിരഹവും, സ്വപ്നവും, കാത്തിരിപ്പും, വാത്സല്യവും, ഭക്തിയുമെല്ലാം ആ ശബ്ദത്തിലൂടെ നമുക്ക് ആസ്വദിക്കാനായി. ഫോക്ക് ഗാനങ്ങളുടെ ചടുലത ഒട്ടും തന്നെ ചോരാതെ പാടാനാവുക എന്നതും വാണി ജയറാമിനെ സംബന്ധിച്ച് പ്രയാസലേശമില്ലാതെ വഴങ്ങുന്ന കാര്യമായിരുന്നു. അതിനേറ്റവും വലിയ ഉദാഹരണമാണ് "കിളിയെ, കിളി കിളിയേ നീലാഞ്ജനപൈങ്കിളിയേ' എന്ന ഗാനത്തിലെ അനുപല്ലവിയിലും ചരണത്തിലുമെല്ലാമുള്ള താളമാറ്റവും, അതിന് യേശുദാസിനൊപ്പം തന്നെ പാടിയ വാണി ജയറാമിന്റെ പോർഷനും.

ഇരയമ്മൻ തമ്പിയുടെ,"കരുണചെയ്‌വാനെന്തു താമസം കൃഷ്ണാ' എന്ന ഗാനത്തിന് വാണി ജയറാമിന്റെ ശബ്ദം ചേർന്നപ്പോൾ നമുക്ക് ലഭിച്ചത് അഭൂതമായൊരു അനുഭൂതിയാണ്.

" ഏതോ ജന്മകല്പനയിൽ ' എന്ന ഗാനം കേൾക്കുമ്പോൾ ഉള്ളിൽ പ്രണയം തുളുമ്പാത്തവരായി ആരുമുണ്ടാവില്ല.
" വിടതരൂ.. ഇന്നീ സായംസന്ധ്യയിൽ ' എന്ന ഗാനത്തിലെ വേദനയും, അതേ ശബ്ദത്തിലൂടെ നമ്മുടെയുള്ളിൽ തറച്ചു.

" മനസ്സിൻ മടിയിലെ മാന്തളിരിൽ ' എന്ന ഗാനത്തിലെ വരികളും, അതിലെ വാണിയമ്മയുടെ ശബ്ദവും കേൾക്കുമ്പോൾ എന്തെന്നില്ലാത്ത വിങ്ങലാണ്. ആ ഗാനത്തിൽ പാടുന്ന പോലെ,
" പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ
ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ
വിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ
അങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം '

അതെ ആ താരകം അവിടെ എന്നും ജ്വലിച്ചുകൊണ്ടേയിരിക്കും.

വർഷങ്ങൾക്ക് ശേഷം " ഓലഞ്ഞാലിക്കുരുവി ' എന്ന ഗാനത്തിലും ആ ശബ്ദത്തിന് ഒരു കൗമാരക്കാരിയുടെ ശബ്ദ മാധുര്യമായിരുന്നു.

പ്രതീക്ഷിക്കാതെയെത്തിയ വിയോഗമെങ്കിലും ഈ ശബ്ദം എന്നും നമ്മുടെ സന്തോഷത്തിലും, ദുഃഖത്തിലും, പ്രണയത്തിലും, വിരഹത്തിലും, വാത്സല്യത്തിലും, ഭക്തിയിലും കൂട്ടായി നമുക്കൊപ്പം തന്നെ കാണും.

Comments