വള്ളത്തോൾക്കുഴിയിൽ നിന്ന് വിമുക്തി നേടിയ കവി

റ്റവരുടെ മരണത്തിൽ "ഒന്നൊന്നായ് വിളക്കുകൾ കെടുന്നു' (ശംകരന്റെ സപ്തതി) എന്നു സങ്കടത്തോടെ പാടിയ ആ കവിയും കാലത്തിന്റെ ഇരുണ്ട തിരശ്ശീലയ്ക്കുപിറകിൽ മറഞ്ഞു. ഒരു വിളക്കുകൂടി കെട്ടു. വിഷ്ണുനാരായണൻ നമ്പൂതിരി ഇനി കാവ്യചരിത്രത്തിന്റെ ഭാഗമാണ്. കാണക്കാണെ മറ്റൊന്നായി മാറിത്തീരുന്ന കാലത്തിനു മുന്നിൽ മനുഷ്യൻ അനുഭവിക്കുന്ന ഉദ്വിഗ്നത പകർത്താനായിരുന്നു അദ്ദേഹത്തിന് ഏറെയിഷ്ടം. പുരുഷാരത്തിനു നടുക്ക് ഏകനായി നിൽക്കേണ്ടിവരുന്ന ഒരാളെ ആ കവിതകളിൽ പലയിടത്തും കാണാം. അപരിചിതൻ (പ്രണയഗീതങ്ങൾ) എന്ന കവിതയിൽ അയാൾ ഇങ്ങനെ വെളിപ്പെടുന്നു:

"പുരുഷാരത്തിൻ നടു-
ക്കേകനാ,യിരുണ്ട വൻ-
കടലിൻ ഗർഭത്തിൽ നീർ-
പ്പോളപോൽ ചലിപ്പു ഞാൻ
ആരുമായ് പരിചയമില്ല; ശൂന്യമാമെന്നുൾ-
ത്താരിൽ നീയെന്തേ പിന്നെ-
ച്ചെവിപാർത്തു നില്ക്കുന്നു?'

വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതയിൽ മാത്രമായിരുന്നില്ല അക്കാലത്ത് അയാൾ അങ്ങനെ നിന്നത്. 1960 കളിലെയും എഴുപതുകളിലെയും മലയാളകവിത അയാളുടെ ആത്മകഥ കൂടിയാണ്.

വള്ളത്തോളിനോ ചങ്ങമ്പുഴയ്ക്കോ പരിഹരിക്കാൻ കഴിയുമായിരുന്നില്ല ഈ നവജീവിയുടെ പ്രതിസന്ധികൾ. വള്ളത്തോളിൽ നിന്ന്​ അതിവേഗം വിമുക്തി നേടിയ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകൾ നാഗരികതയുടെ വിചാരനിർവഹണത്താൽ ആ നവജീവിയുടെ ആത്മകഥകളായിത്തീർന്നു. (വള്ളത്തോൾക്കുഴിയിൽപ്പെട്ട് മരിക്കാൻ പോകുന്ന വിഷ്ണുനാരായണൻ നമ്പൂതിരിയെക്കുറിച്ച് ഹരിശ്രീയുടെ അവതാരികയിൽ 1973-ൽ സച്ചിദാനന്ദൻ എഴുതിയത് ഓർമിക്കുക.)

1968-ൽ ആദ്യ കാവ്യസമാഹാരം പ്രസിദ്ധീകരിക്കുമ്പോൾ ആ ഏകാകി അദ്ദേഹത്തിന്റെ കവിതയിൽ ഉണ്ടായിരുന്നില്ല. 1971-ൽ രണ്ടാമത്തെ കാവ്യസമാഹാരത്തിൽ (പ്രണയഗീതങ്ങൾ) എത്തിയപ്പോൾ കവിയ്ക്ക് ലോകം പ്രതീക്ഷാനിർഭരമായ സാന്ത്വനഘട്ടം മാത്രമായിരുന്നില്ല. ചുളിഞ്ഞു വികൃതമായ ഒരാവരണമാണ് ജീവിതം എന്നും അതിന്മേൽ സുവർണമുദ്ര ചാർത്തുന്ന എന്തോ ആണ് നിത്യജീവിതത്തിന്റെ സഹസ്രകിരണൻ എന്നും കവി തിരിച്ചറിഞ്ഞുതുടങ്ങി. ബാല്യകാലസഖി എന്ന വിഖ്യാതമായ പ്രണയകവിതയിൽ ആ മനോഭാവം തുളുമ്പിമറിയുന്നുണ്ട്.

മൃദുലവികാരങ്ങൾ ഒളിച്ചുകളിയിലേർപ്പെടുന്ന കേവലമായ പ്രണയകവിതകളിൽനിന്നും മനുഷ്യന്റെ ആന്തരലോകങ്ങൾ അനവരതം തേടിക്കൊണ്ടിരിക്കുന്ന ഒരു വിമോചനസാധ്യതയുടെ വെളിച്ചമായി പ്രണയഗീതങ്ങളിലെ കവിതകൾ മാറി. പരിഹരിക്കാനാവാത്തവിധം കഠിനമെന്നു തോന്നിയ ഏകാന്തതയായിരുന്നു ആ കാലപ്രകരണത്തിന്റെ കലാപരമായ മുഖ്യസ്വഭാവം. ചുറ്റും പ്രകൃതി അനന്യാധീനമായി സ്പന്ദിക്കുമ്പോഴും "ഹൃത്തിലൊരേകാകി മാഴ്കുന്നു' (ദുസ്സഹം) എന്ന മറികടക്കാനാവാത്ത ഒറ്റപ്പെടലായി ആ വൈകാരികത കവിതകളിൽ ആകൃതിഭേദംകൊണ്ടു. "വിദൂരമാ/മൊരുനാളിലിങ്ങെത്തു/മേകനാം യാത്രക്കാര'ന്റെ മുഖമായിത്തീർന്നു (വിഗ്രഹത്തിനു മുൻപിൽ) അതിന്റെ സൂക്ഷ്മരൂപം.

വിഷ്ണുനാരായണൻ നമ്പൂതിരി
വിഷ്ണുനാരായണൻ നമ്പൂതിരി

എന്നാൽ അഗാധമായ നിരാശയിലോ അകാരണമായ ആത്മതാപത്തിലോ വീണ് നിത്യദുഃഖത്തിന്റെ ഉപാസനാമന്ത്രമാകാൻ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിത താല്പര്യപ്പെട്ടില്ല. മറികടക്കലിന്റെ പാഠങ്ങളിലേക്ക് അത് വളർന്നു. മറികടക്കാൻ പ്രയാസമായതിനെ ദുഃഖം എന്നും മറികടക്കാൻ സുകരമായതിനെ സുഖം എന്നും അത് മനസ്സിലാക്കി. "കുത്തുക, തല്ലിക്കൊഴിച്ചീടുകെൻ ദലങ്ങളെ/ ഉല്ക്കടഖുരങ്ങളാൽ കടവേരറുക്കുക/ നിർമലാനന്ദം ചിരി തൂകിനില്ക്കും ഞാനെന്നും' (മാമ്പൂക്കൾ) എന്ന്, തോൽപിക്കാനാവാത്തവന്റെ ചിരിയായി അത് മാറി. നിർമലമായ ആ ചിരിയാണ് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകളുടെ പ്രത്യേകത. പതിഞ്ഞമട്ടിൽ ഒരു താളം, പരന്നൊഴുകുന്ന ഒരു ചിരി, തീരെ ചെറിയവിധത്തിൽ ഒരു ഒച്ച, എന്നാലോ ഏറെ ദൂരത്തേക്ക് നീളു നോട്ടവും. ആ നോട്ടത്തിന്റെ ബലത്തിൽ, നീരണിഞ്ഞ അകക്കണ്ണ് തുടച്ച് പ്രാണൻ പുഞ്ചിരിക്കൊള്ളുന്നു. "അന്തരാ കേഴുമെൻ നയനം തുട/ച്ചന്തിമാശ്വാസഭൂവിലെത്തുന്നു ഞാൻ/ ജീവിതത്തിൽ വെറുതെയാകുന്നില്ല/ ഭാവശുദ്ധിയും ഭംഗിയും വെണ്മയും' (പ്രത്യായനം) എന്നെഴുതുമ്പോൾ ആ തത്വശാസ്ത്രം സുഖലബ്ധിയുടെ അന്തർരഹസ്യങ്ങളെ തൊടുകയുംചെയ്യുന്നു.

വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഒരു കാവ്യസമാഹാരത്തിന്റെ പേര് "ഇന്ത്യ എന്ന വികാരം' എന്നാണ്. അത് ഒരു കാവ്യശീർഷകം മാത്രമല്ല, അദ്ദേഹത്തെ നിരന്തരം പിന്തുടർന്ന കാവ്യാദർശം കൂടിയാണെന്ന് ആ കവിതകളുടെ സ്ഥൂലദർശനത്തിൽ നിന്നുപോലും മനസ്സിലാക്കാം. ഗുരുപരമ്പരകളും കാവ്യപാരമ്പര്യങ്ങളും ജ്ഞാനമാർഗങ്ങളും ജനപദങ്ങളും ഒരു മഹാസ്രോതസ്സിലെന്നപോലെ കാലപരിഗണയില്ലാതെ കുത്തിയൊലിച്ചുവരുന്ന അനുഭവമാണ് അദ്ദേഹത്തിന്റെ കവിതകളിലുള്ളത്. ആസ്തിക്യമാണ് അതിന്റെ കാതൽ. ആത്മജ്ഞാനത്തിന്റെ വന്മരമായ പിപ്പലാദന്റെ കഥപറയുന്ന ഒരു കവിതയിൽ തന്റെ ആസ്തിക്യദർശനത്തിന്റെ ഒരു സമഗ്രചിത്രം വിഷ്ണുനാരായണൻ നമ്പൂതിരി വരച്ചുവെയ്ക്കുന്നുണ്ട്. (അതിർത്തിയിലേക്ക് ഒരു യാത്ര എന്ന സമാഹാരം). അതിന്റെ രത്‌നച്ചുരുക്കം ഇങ്ങനെയാണ്: ആരോ കൊളുത്തിയ തിരിയിൽ സൂര്യചന്ദ്രന്മാർ എരിഞ്ഞുനില്ക്കുന്നു. പിന്നെയവർ ചിറകുകളായി വളരുന്നു. ചിറകുകളുടെ സ്വാസ്ഥ്യത്തിൽ ഒരു ചെറുമുട്ട. മുട്ടയ്ക്കകത്ത് ചുരമാന്തുന്ന അനേകകോടി ജീവന്മാർ. മുട്ട ഉടയുമ്പോൾ മുളച്ചുവരുന്നത് ഒരാൽമരം. ആല്മരക്കൊമ്പിൽ രണ്ട് സുപർണ്ണന്മാർ ഇരിക്കുന്നു. ഒരാൾ സ്വാദുള്ള പഴം തിന്നുന്നു. മറ്റേയാൾ വെറുതെ അതു നോക്കിനില്ക്കുന്നു. കർമത്തെക്കുറിച്ച് ഇന്ത്യൻ ജ്ഞാനപാരമ്പര്യം നിർമിച്ച ഉദാത്തബോധത്തിലാണ് ഈ കവിത വാർന്നുവീണത്. സ്വാദുള്ള പഴം തിന്നുന്ന സുപർണ്ണന്റെ കർമത്തിന്റെ സാഫല്യവും അതു വെറുതെ നോക്കിനില്ക്കുന്ന അപരസുപർണ്ണന്റെ കർമത്തിന്റെ വ്യതിരിക്തതയും പരസ്പരം ചേർത്തുവെച്ചാൽ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ആസ്തിക്യബോധത്തിന്റെ തെളിമയുറ്റ ഒരു ചിത്രം കിട്ടും.

അവനവന്റെ ഉള്ളിലേയ്ക്ക് അന്വേഷിച്ചു പോയാണ് ഗുരുവിന്റെ വെളിച്ചം കണ്ടെത്തേണ്ടത് എന്ന് ഒരു കവിതയിൽ അദ്ദേഹം പറയുന്നുണ്ട്(ഗുരു). ഇരുളടഞ്ഞ ഗുഹാന്തരത്തിലെവിടെയോ ധർമം കിടക്കുന്നു എന്ന മഹാഭാരതവാക്യത്തിന്റെ തെളിച്ചം വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതയിൽ പലപാട് പ്രത്യക്ഷമാകുന്നു. (മഹാഭാരതത്തെക്കുറിച്ച് ജയം എന്ന പേരിൽ ഒരു അഭിവാദനകാവ്യംതന്നെ അദ്ദേഹം എഴുതിയിട്ടുണ്ട്.) എന്നാൽ, മനുഷ്യനെ പുറത്തുനിർത്തിയുള്ള അടഞ്ഞചർച്ചകളായി അദ്ദേഹത്തിന്റെ ധർമവിചിന്തനം മാറുന്നില്ല.

ക്വിറ്റ് ഇന്ത്യാസമരത്തിന്റെ രാഷ്ട്രീയമായും, വിയറ്റ്‌നാം യുദ്ധത്തിലെ നീതിയായും, ബംഗ്ലാദേശ് വിമോചനത്തിന്റെ പ്രസക്തിയായും, ഗാന്ധിജിയുടെ നയമായും, പൊതുതിരഞ്ഞെടുപ്പിന്റെ വാർത്തയായും, മേധ പട്കറുടെ പരിസ്ഥിതി ബോധമായും, കാൾ മാർക്‌സിന്റെ ദർശനമായും, പലപാട്, പലയിടങ്ങളിൽ മനുഷ്യാഭിമുഖ്യമുള്ള ധർമത്തിന്റെ സാന്നിധ്യം വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകളിൽ അന്വേഷിയ്ക്കപ്പെടുന്നു. ധർമം ചിരാതീതമല്ല, ചിരസ്ഥായിയാണ് എന്ന് അദ്ദേഹത്തിനറിയാം.

ഇന്ത്യ എന്ന വികാരത്തെത്തേടിയുള്ള വിഷ്ണുനാരായണൻ നമ്പൂതിരിയുടെ യാത്ര ഏതുവഴിയേ പോയാലും ഹിമാലയത്തിലോ ഉജ്ജയിനിയിലോ എത്തും എന്നതാണു വാസ്തവം. ഉത്തരായണം എന്ന പേരിൽ സമാഹരിച്ച ഹിമാലയകവിതകളിലൊരിടത്ത്, ഒരറ്റത്ത് സൗരയൂഥത്തെയും മറ്റൊരറ്റത്ത് കാളിദാസനെയും പ്രതിഷ്ഠിച്ചുകൊണ്ടുള്ള ഒരു ആനന്ദനൃത്തത്തിന്റെ തുടര് ഇങ്ങനെ കാണാം:

""ഹിമഗന്ധമുറയുന്നു;
വെണ്മണൽവിരിപ്പിങ്കൽ
ഇഴപൊട്ടിയോരിലഞ്ഞി-
പ്പൂവരഞ്ഞാണം
ഇടകുരുങ്ങിക്കിട-
ക്കുന്നൂ; കൺകോൺ ചൂക-
ന്നിളയുണർന്നേൽക്കാൻ
മടിക്കുന്നു; കെട്ടൂർന്ന
നിഴൽമൂടിയുലഞ്ഞു
ചിതറുന്നു; രേതോമേഘം
ഇഴുകി വിണ്ണാറോളം
ഒഴുകിപ്പരക്കുന്നു;
ഒരുതരിയതിൽ സൗര-
യൂഥമാകുന്നു; മ-
റ്റൊരുതരി വിളിപ്പെടുന്നു
കാളിദാസനായ്!''

കാവ്യപന്ഥാവുകളിലൂടെ നടക്കുമ്പോൾ, ഏതോ ഉൾപ്രേരണയുടെ പേരിൽ, എത്ര കുടിച്ചാലും മതിവരാത്ത ആ വൈകാരികമധുവിലേയ്ക്ക്, കാളിദാസൻ എന്ന ഇനിയമധുവിലേയ്ക്ക്, അദ്ദേഹം എത്തിപ്പെടുന്നു. ഏതുവഴിയേ പോയാലും കാളിദാസനിലെത്തും എന്ന മട്ടിലാണ് ആ പരിക്രമണം. മാളവത്തിലെ മഴയും കുളിരും ഗാനവും കവിതയും താൻ ഇപ്പോൾ അനുഭവിച്ചതേയുള്ളൂ എന്ന മട്ടിൽ ഒരു പുളകോദ്ഗമനം. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കാവ്യസംസ്‌കൃതിയുടെ അടിസ്ഥാനത്തെ കാളിദാസീയതയുടെ കാവ്യരേഖ എന്ന് കെ. പി. ശങ്കരൻ വിശേഷിപ്പിച്ചത് ഓർമവരുന്നു. അഹോ ഉദഗ്രരമണീയാ പൃത്ഥിവീ എന്ന കാളിദാസവചനത്തിന്റെ നിഴലിൽ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിത വിശ്രമസുഖം അനുഭവിക്കുന്നു.

സുഗതകുമാരിക്കൊപ്പം
സുഗതകുമാരിക്കൊപ്പം

രാഷ്ട്രീയത്തെ വെളിച്ചത്തിന്റെ കലയായി സങ്കല്പിക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. നിശ്ചലതയെ പിളർന്ന ഒരു രക്ഷകൻ വരാനുണ്ടെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. ആരായിരിക്കുമത് എന്ന ചോദ്യം എല്ലാ കാലത്തിന്റെയും പ്രിയപ്പെട്ട ചോദ്യമാണ്. തൂണു പിളർന്നു വരുന്നതാരാണിത് ദേവനോ? ദൈത്യനോ? മർത്ത്യനോ? ജന്തുവോ? (സ്വാതന്ത്ര്യദിനചിന്തകൾ, 1973) എന്ന ആകുലത രാഷ്ട്രതന്ത്രവ്യവഹാരത്തെക്കുറിച്ച് ജനതയ്ക്ക് നിർമിക്കാനുള്ള ഏറ്റവും മികച്ച ദൃഷ്ടാന്തകല്പനതന്നെ മനുഷ്യൻ പാർക്കുന്ന ലോകത്തിൽ നിർമിക്കപ്പെട്ട ഒന്നും അദ്ദേഹം കവിതയ്ക്ക് അനഭിഗമ്യമായി കണ്ടില്ല. പ്രണയവും ദാമ്പത്യവും മുതൽ മരണവും വിമോചനവും വരെ ലോകവ്യവഹാരത്തിന്റെ എല്ലായിടങ്ങളിലും അദ്ദേഹത്തിന്റെ കവിത സഞ്ചരിച്ചു. ചിലപ്പോൾ അത് നിശിതമായ രാഷ്ട്രീയവിമർശംതന്നെയായി. വീട് കത്തുകയാണെന്നും കെടുത്താൻ കിണറ്റിൽ വെള്ളമുണ്ടെന്നും അറിയാം, പക്ഷേ വെള്ളം കോരിയെടുക്കുന്ന വിദ്യ മറന്നുപോയല്ലോ എന്ന് ഒരു കവിതയിൽ (തീപിടിച്ച പുര, 1977) അദ്ദേഹം ലോകരീതിയുടെ കൊടുമ അഭിവ്യഞ്ജിപ്പിക്കുന്നുണ്ട്. തീപിടിച്ച ആ വീട് സമുദായത്തിന്റെ ഏത് തട്ടിലുമുള്ള ഏത് സ്ഥാപനവുമാകാം. അത് കത്തിക്കൊണ്ടിരിക്കുകയാണ് എന്നു തിരിച്ചറിയുന്നതിന്റെ പേരാണ് രാഷ്ട്രീയവിവേകം എന്നത്.

കവിയുടെ വിയോഗത്തിൽ അദ്ദേഹത്തിന്റെ വരികൾ തന്നെയാവട്ടെ ശ്രദ്ധാജ്ഞലി:
""ഇതാ ചിന്തകളാൽ ധൂമം, വെളിവിനാൽ തീപ്പൊരികൾ
അലിവിനാൽ കുളിർവെള്ളം, പ്രാണനാൽ കാറ്റും:
ഉയിർക്കൊൾക, കൊഴുത്തുയർന്നാഴിതൊട്ടളകയോളം
പരക്ക, മണ്ണിലേക്കഭിസരിക്ക വീണ്ടും.''
(മാമ്പൂക്കൾ).

Comments