സ്‌നേഹപൂർവം പ്രിയയോർമകൾ

1985 മാർച്ച്​ 17-23 ലക്കത്തിൽ മാതൃഭൂമി ‘ബാലപംക്​തി’യിൽ കാമ്പസ് സംഘർഷം പ്രമേയമായി ഒരു പെൺകുട്ടി കഥയെഴുതുന്നു. അതിന് മടപ്പള്ളി കോളേജിലെ ഒരു വിദ്യാർഥി മറുകഥ എഴുതുന്നു. കഥയെഴുതിയ പെൺകുട്ടിയെ വിദ്യാർഥി ഏറെനാൾ തെരഞ്ഞെങ്കിലും കണ്ടുമുട്ടിയില്ല. മൂന്നര പതിറ്റാണ്ടിനുശേഷം കഴിഞ്ഞവർഷം, മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരിയായി മാറിയ അന്നത്തെ പെൺകുട്ടിയെ തിരിച്ചറിയുന്ന ഹൃദയഹാരിയായ അനുഭവം പങ്കിടുകയാണ് അന്ന് മറുകഥയെഴുതിയ വിദ്യാർഥിയായിരുന്ന ലേഖകൻ

വിടെ തുടങ്ങണം?
ഉവ്വ് എന്ന മറുമൊഴി എഫ്.ബി മെസഞ്ചറിൽ കണ്ട് ആവേശഭരിതമായ നിമിഷങ്ങളിൽ?
അതോ, മാതൃഭൂമി ആഴ്ചപ്പതിപ്പ് ‘ബാലപംക്തി'യിലെ ‘വിജയമോഹനൊരു കത്ത് ' വായിച്ച് ഉറക്കം നഷ്ടമായ 1985 മാർച്ചിലെ രാവുകളിലൊന്നിലോ?
അതുമല്ല, വീട്ടിലെത്തിയ ‘സ്‌നേഹപൂർവ്വം വിജയമോഹനെ' കാണാൻ കോണിപ്പടികൾ ഇറങ്ങിവന്ന ‘രാഖി'യെ നേരിട്ട് കണ്ട വായനാദിനത്തലേന്നിലെ സന്തോഷത്തിലോ?
വിജയ് മോഹനുള്ള എഴുത്ത് രാഖി ആരംഭിച്ചതുപോലെ, എന്തെഴുതണമെന്നും എങ്ങനെ തുടങ്ങണമെന്നും അറിയില്ല എന്നു പറഞ്ഞുകൊണ്ടോ?

പ്രിയ എ.എസ്​ 1985ൽ ‘ബാലപംക്​തി’യിൽ എഴുതിയ കഥ

‘അമ്മ എന്ന ആനന്ദം' എന്ന പേരിൽ പ്രിയയുടെ ഒരു അമ്മയെഴുത്തുണ്ട്. ആ അമ്മയാണ് 2020 ജൂൺ 25ലെ സായാഹ്നത്തിൽ വാതിൽ തുറന്നത്. ‘സ്‌നേഹപൂർവ്വം വിജയമോഹനാണോ' എന്ന് നിറഞ്ഞ ചിരിയുടെ അകമ്പടിയോടെ ചോദിച്ചുകൊണ്ട്. കാലങ്ങളായുള്ള വായനാഭരണിയിൽ അടച്ചുവച്ച എഴുത്തിന്റെ വീഞ്ഞ് കുടിച്ചു വറ്റിച്ച ഒരു പ്രശാന്തത ആ മുഖത്തുണ്ട്. പിന്നെയും അറിഞ്ഞുന്മേഷം കൊള്ളാനുള്ള സൻമനോഭാവവും. പുണ്യം തന്നെ. അമ്മയും അച്ഛനും ഉള്ളതുകൊണ്ടു മാത്രം ഓടുന്ന വണ്ടിയാണ് താൻ എന്ന് പ്രിയ എഴുതിയിട്ടുണ്ട്. എന്റെ പെട്രോൾ എന്ന് എന്നോട് ചുരുക്കിപ്പറഞ്ഞിട്ടുണ്ട്. കണ്ടപ്പോൾ സത്യം തന്നെ. അവിടെ കുഞ്ഞുണ്ണി മാത്രമല്ല, കുഞ്ഞു പ്രിയയും ഉണ്ട്. ദൈവം പ്രിയയ്ക്ക് എസ്.എം.എസ് അയയ്ക്കുന്നുണ്ടാവാണം.
ഇപ്പറഞ്ഞത് ഇങ്ങറ്റത്തു സംഭവിച്ചത്.

അതിനുമുമ്പ് സംഭവിച്ച രണ്ട് കാര്യങ്ങൾ പറയേണ്ടതുണ്ട്.
രണ്ടാമത്തേത് ആദ്യം പറയാം.

സ്ഥലം: എഫ്.ബി മെസഞ്ചർ
തിയതി: 2019 ജൂലൈ 22 രാത്രി
പ്രിയ എ.എസ് എന്ന പ്രശസ്ത എഴുത്തുകാരിക്ക് രണ്ടും കൽപ്പിച്ച് ഒരു മെസേജ് ഇട്ടു.
‘പണ്ട്, എൺപതുകളിൽ മാതൃഭൂമി ബാലപംക്തിയിൽ നിങ്ങൾ ഒരു കഥ എഴുതിയിരുന്നില്ലേ.. ഒരു കാമ്പസ് സംഘർഷം പ്രമേയമായ...’
മറുപടി ഉണ്ടോ? ഇടയ്‌ക്കൊക്കെ നോക്കും. ഒരു മാസത്തിലധികമായിരിക്കുന്നു. മറുപടിയൊന്നുമില്ല. നിരാശമാത്രം.
സ്ഥലം: എഫ്.ബി മെസഞ്ചർ
തിയതി: 2019 ആഗസ്റ്റ് 27 രാവിലെ.
‘ഉവ്വ്...'
ഓ...ഇതാ കാത്തിരുന്ന മറുപടി. ആഹ്‌ളാദം, ആവേശം, ഓർമകൾ...
ഉടനെ എഴുതി.
‘ഓ... അതിന് ഞാൻ ഒരു മറുപടിക്കഥ എഴുതിയിരുന്നു, തുടർന്നുള്ള ഒരു ലക്കത്തിൽ...'
‘അതെഴുതിയത് ഇപ്പോഴത്തെ പ്രശസ്ത കഥാകാരി തന്നെ ആയിരുന്നോ എന്ന് അറിയാൻ ചോദിച്ചതാണ്.'
‘അന്ന് സ്ഥലപ്പേരുകൂടി പേരിനൊപ്പം ഉണ്ടായിരുന്നു. എരമംഗലം... അല്ലേ?'
പ്രിയയുടെ തിരുത്ത്...
‘എരമല്ലൂർ'
ഞാൻ...
‘അതെയതെ'
ആശ്ചര്യം ചൊരിഞ്ഞ് വീണ്ടും എഴുത്തുകാരി...
‘സ്‌നേഹപൂർവം വിജയ് മോഹൻ'
ഓ...പേര് കഥയുടെ പേര് ഇപ്പോഴും ഓർക്കുന്നുണ്ട് അവർ.
‘അതെ, ഓർക്കുന്നുണ്ട്?'
മറുപടി വീണ്ടും അത്ഭുതമുളവാക്കി.
‘മേപ്പയൂർ എന്ന് പേരിലന്ന്, അല്ലേ?'
‘അതെ. മേപ്പയൂർ'
സന്തോഷം പകർന്ന് പ്രിയമാർന്ന വാക്കുകൾ വീണ്ടും.
‘Feel really happy today as u sprang out with this conversation from nowhere..'
‘Keep in touch...it's a nostalgic memory that you have gifted me'
അധികം വൈകാതെ അന്നത്തെ എരമല്ലൂർക്കാരി എഴുത്തുകാരി ഇതേക്കുറിച്ച് എഫ്.ബിയിൽ പോസ്റ്റിയിരിക്കുന്നു. എന്നിലെ ആഹ്‌ളാദം പലമടങ്ങാക്കിക്കൊണ്ട്.

ഇനി ആദ്യം സംഭവിച്ചത്...

1980കളുടെ മധ്യം. മടപ്പള്ളി കോളജ്. എസ്.എഫ്.ഐ കൂടാതെ മറ്റു ഇടതുഗ്രൂപ്പുകളും സജീവം. അടിമുടി പൊളിറ്റിക്കൽ കാമ്പസ്. ലോകത്തു നടക്കുന്ന ഏതു സംഭവത്തെക്കുറിച്ചും പ്രതികരണങ്ങൾ. പുറത്ത് ശക്തമായ കമ്യൂണിസ്റ്റ് അടിത്തറയുള്ള ഒഞ്ചിയം. അകം നിരവധി സരണികളിലുള്ള രാഷ്ട്രീയ- സാമൂഹിക വിഭാഗങ്ങളാൽ നിബിഢമായ കാമ്പസ്. ജില്ലയുടെയും അയൽ ജില്ലകളുടേയും വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ. കേരളത്തിന്റെ വിദൂരദേശങ്ങളിൽ നിന്നടക്കം വരുന്ന മികച്ച അധ്യാപകർ. ഇടതുപക്ഷത്തിന് നല്ല ശക്തി കാമ്പസിലുണ്ടെങ്കിലും കെ.എസ്.യുവും എ.ബി.വി.പിയുമൊക്കെ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. പലപ്പോഴും സംഘടനാപ്രവർത്തനങ്ങൾക്കിടെ കായിക സംഘട്ടനങ്ങളും ഉണ്ടാവും.
പല ജനുസ്സിൽപ്പെട്ട സർഗപ്രതിഭകളും വിപ്ലവകാരികളും അരാജകവാദികളുമൊക്കെയായിരുന്നു എന്റെ കൂട്ട് (അവരിൽ പലരും ഇന്ന് വിവിധമേഖലകളിൽ പ്രശസ്തർ). ലിറ്റററി ഫോറമാണ് പ്രധാന താവളം. ആയിടയ്ക്കാണ് ഒരു പ്രിയ എ.എസ് എരമല്ലൂർ സ്‌നേഹമന്ത്രവുമായി ‘ബാലപംക്തി'യിൽ പ്രത്യക്ഷപ്പെടുന്നത്. ‘വിജയമോഹനൊരു കത്ത് ' എന്ന കൊച്ചുകഥയുമായി. സ്വാഭാവികമായും വിപ്ലവത്തെക്കുറിച്ച് കാൽപനിക ചിന്തകൾ നെയ്‌തെടുക്കുന്ന പ്രായം. എഴുപതുകളിലെ തീവ്ര നക്‌സൽപ്രയോഗങ്ങളുടെ മരംപെയ്യൽ കാമ്പസിലുണ്ട്. യമണ്ടൻ വിപ്ലവ മനസ്സ് ഉണരാതെ തരമില്ലല്ലോ. വിജയമോഹന്റെ മനസ്സ് അനാവരണം ചെയ്യുന്ന ഒരു മറുപടി വേണം. ആവേശം മൂത്ത് ആഴ്ചപ്പതിപ്പിന്റെ വിലാസമൊക്കെ തേടിപ്പിടിച്ച് എഴുതി അയച്ചു; ‘സ്‌നേഹപൂർവ്വം വിജയമോഹൻ' എന്ന പേരിൽ. കോളജ് കാലത്ത് മാതൃഭൂമി ബാലപംക്തിയിൽ എന്തെങ്കിലും സൃഷ്ടി വരുന്നത് വലിയ സംഭവമായിരുന്നു താനും.

സംഘടനാപ്രവർത്തനമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഉശിരുള്ള ഇടതുവിദ്യാർത്ഥി സംഘടനാ പ്രവർത്തകരോട് മനസ്സിൽ ആദരവും സ്‌നേഹവും ഉണ്ടായിരുന്നു. അവരുടെ മാനസിക വ്യാപാരങ്ങളെ സങ്കൽപ്പിച്ചെടുത്താണ് ‘സ്‌നേഹപൂർവ്വം വിജയ്‌മോഹൻ’ എന്ന മറുകഥ എഴുതിയത്. കഥ എഴുതിയ പെൺകുട്ടിയ്ക്കും കഥയിലെ പെൺകുട്ടിയ്ക്കുമുള്ള മറുമൊഴി. കാൽപനികതയും വിപ്ലവാവേശവും ചാലിച്ചൂറ്റിയെടുത്തത്. (ഇന്ന് അതിലെ കാൽപനികതയോർത്ത് ചിരിക്കാൻ പറ്റും). മനസ്സിൽ മനുഷ്യസ്‌നേഹം, മഹത്തായ ലക്ഷ്യത്തിനുവേണ്ടി പ്രക്ഷോഭരംഗത്ത് അചഞ്ചലമായി ഉറച്ചു നിൽക്കാനുള്ള കരുത്ത്, അതിന്റെ അനിവാര്യഭാഗമായുണ്ടാവുന്ന സംഘട്ടനം. വിപ്ലവകാരികളെ നിശ്ശബ്ദമായി സ്‌നേഹിച്ചവളായിരുന്നു പ്രിയയുടെ കഥയിലെ നായിക രാഖി. പക്ഷേ, ഗിറ്റാറിന്റെ തന്ത്രികളിൽ ഒഴുകിനടന്ന വിരലുകൾ സൈക്കിൾ ചെയിൻ പിടിച്ചിരിക്കുന്നത് കണ്ട് അവൾ വേദനിക്കുന്നുണ്ട്. ഗിറ്റാറിനും സൈക്കിൾ ചെയിനിനും ഇടയിലെ അന്തരം തിരിച്ചറിയണം എന്ന അപേക്ഷയോടെയാണ് രാഖി അവസാനിപ്പിക്കുന്നത്.

പ്രിയ എ.എസ്​ ‘ബാലപംക്​തി’യിൽ എഴുതിയ കഥക്ക്​ വി.കെ. ബാബു എഴുതിയ മറുകഥ

ഒരു സഖാവിന്റെ വിപ്ലവാദർശാത്മക നിലപാടിൽ നിന്ന് സ്‌നേഹമയിയായ രാഖിയെ വിജയ് മോഹൻ അഭിസംബോധചെയ്യുന്ന രൂപത്തിലാണ് എന്റെ മറുമൊഴി ശില്പപ്പെട്ടത്. അനീതിക്കെതിരെ പോരാടുന്നതിനുവേണ്ടി പ്രണയബന്ധങ്ങൾക്ക് അവധി കൊടുക്കേണ്ടി വന്ന ഒരു ടിപ്പിക്കൽ യുവവിപ്ലവകാരി എന്ന ഭാവം.(പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ച ഒരു സഹപ്രവർത്തക എന്നോടു ചോദിച്ചത്, ഈ മറുകഥ വായിച്ചിട്ട് ആ കുട്ടി അന്ന് പ്രണയലിഖിതമൊന്നും അയച്ചില്ലേ എന്നാണ്).

അത്​ അച്ചടിച്ചുവരും എന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ മൂന്നു ലക്കങ്ങൾ കഴിഞ്ഞപ്പോൾ അത്ഭുതം, അതു വന്നിരിക്കുന്നു. ഈ പ്രിയ എ.എസ് എരമല്ലൂർ എന്ന കോളജ് കുമാരി ഇതു വായിച്ചോ? വായിച്ചിരിക്കുമെന്നുറപ്പ്. എങ്കിൽ എന്തു തോന്നിക്കാണും? എവിടെയാ ഈ എരമല്ലൂർ? ആരോടു ചോദിക്കും? ആരോടും ചോദിക്കാതെ സ്വകാര്യമായി അന്വേഷണമായി. ഫോണുമില്ലല്ലോ കൈവശം, വീട്ടിലും. ഒരു എഴുത്ത് എഴുതിയാലോ? പേരും സ്ഥലപ്പേരും മാത്രം വച്ച് എഴുതിയാൽ കിട്ടാൻ ചാൻസില്ല. യാത്രകളിൽ എരമല്ലൂർ എന്ന ഒരു സ്ഥലപ്പേര് തിരയാൻ തുടങ്ങി. കടകളുടെ പേരിന്റെ ചുവടെ ഉണ്ടോ? ബസിന്റെ ബോർഡിൽ...? ആളുകളുടെ സംസാരങ്ങളിൽ...? ആശുപത്രിയിൽ രോഗീവിവരങ്ങൾ പ്രദർശിപ്പിച്ച ബോർഡിൽ...? എവിടേയും കണ്ടുകിട്ടിയില്ല. വഴിയെ അന്വേഷണം അവസാനിപ്പിച്ചു. സാവധാനം അതെല്ലാം മറവിയിലായി.

പ്രിയ എ.എസ്​ അമ്മ ആനന്ദവല്ലി, അച്​ഛൻ കെ.ആർ. സദാശിവൻ നായർ എന്നിവർക്കൊപ്പം

(ഈ അന്വേഷണങ്ങളെല്ലാം അക്കാലത്ത് താനും നടത്തിയിരുന്നു എന്നു പ്രിയ പിന്നീട്​ പറഞ്ഞപ്പോൾ എന്താണ് പ്രതികരിക്കേണ്ടത് എന്നറിയാതെ ഞാൻ കുഴങ്ങി. സന്തോഷവും സങ്കടവും ഒന്നിച്ചൊരു ഉൾപ്രവാഹമായി മനസ്സിൽ നിറഞ്ഞു. മേപ്പയൂർ എവിടെയാണെന്ന് അവർ ഏറെ അന്വേഷിച്ചത്രെ).

വർഷങ്ങൾക്കിപ്പുറം പ്രശസ്തയായ പ്രിയ എ.എസ് എഴുതിയ കഥകൾ വായിക്കുമ്പോഴും അത് മുമ്പ് അന്വേഷിച്ചിരുന്ന ആളാണോ എന്നറിയാൻ കഥാകാരിയെ ബന്ധപ്പെടാൻ തോന്നാഞ്ഞത് എന്താണെന്നറിയില്ല. മനസ്സിൽ ആഴത്തിലൊരിടത്ത് ആ പേരും സ്ഥലപ്പേരും സദാ ഉണ്ടായിരുന്നു. അതിൽനിന്നാവണം രണ്ടും കൽപ്പിച്ചുള്ള സന്ദേശത്തിന്റെ സ്വാഭാവിക പിറവി.
മുപ്പത്തിയഞ്ച് വർഷത്തിനപ്പുറം എഴുതിയ ഒരു കൊച്ചുകഥയും മറുകഥയും ആണ് ഇവിടത്തെ കഥാപാത്രങ്ങൾ.. അതിന്റെ സ്രഷ്ടാക്കൾ പരസ്പരം തിരിച്ചറിയുന്ന മുഹൂർത്തവും. പരസ്പരം തിരിച്ചറിഞ്ഞ ആ ദിവസത്തിന്റെ ഒന്നാം വാർഷികത്തിൽ വാട്‌സ്അപ്പിൽ പ്രിയ അതോർമിപ്പിച്ചപ്പോൾ എഴുതാതിരിക്കാൻ കഴിഞ്ഞില്ല, ഈ പ്രിയയോ(മോ)ർമകൾ..

Comments