‘‘In those advanced eras that are rightfully proud of their humanity, there remains so much fear, so much superstitious fear of the 'wild, savage beast' which they are so particularly proud of having tamed, that even palpable truths remain unspoken for hundreds of years as if by agreement because they would seem to instil new life into that wild, finally dispached beast. Perhaps I am risking by letting a truth escape me: let others round it up again and give it enough to drink of the 'milk of pious thinking' so that it lies down again quiet and forgotten in its old corner’’.
-Friedrich Nietzche, ‘Beyond Good and Evil’.
▮
തൊഴിലാളി വർഗ്ഗത്തിന്റെ ദത്തുപുത്രനല്ല, കമ്യൂണിസത്തിന്റെ യഥാർത്ഥ ചോരയിലും മലത്തിലും പിറന്ന നേർപുത്രനായിരുന്നു വിഎസ്. അതുകൊണ്ട് ഭക്തിപുരസരം വീണുവണങ്ങുന്ന നേതൃസ്വരൂപങ്ങളുടെ ‘എതിരി’യെയാണ് വി.എസ്. അച്യുതാനന്ദൻ അടയാളപ്പെടുത്തുന്നത്. എല്ലാ അർത്ഥങ്ങളിലും ഇ.എം.എസിന്റെ ധൈഷണിക മേൽക്കോയ്മയ്ക്കുനേരെ 'എതിരി'യായിത്തീർന്ന ജീവിതവും ധൈഷണികതയും.
‘ഭൂബന്ധബിൽ പാസാക്കാൻ തങ്ങൾ നിയമസഭയ്ക്കകത്ത് പോരാടുമ്പോൾ, അതിന് ജീവനും രക്തവും നൽകാൻ, പുറത്ത് കുടികിടപ്പ് സമരം നയിച്ച കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതൃത്വം’ എന്ന് ഇ.എം.എസിലെ ചരിത്രകാരനുതന്നെ സമ്മതിക്കേണ്ടിവന്ന, കായൽ കരുത്തിന്റെ കർമ്മയോഗി. എഴുപതുകളോടെ, തങ്ങൾക്കുതന്നെ ഒറ്റിക്കൊടുക്കേണ്ടിവന്ന, കമ്യൂണിസ്റ്റ് പ്രസ്ഥാനത്രയത്തിലെ കർഷകത്തൊഴിലാളി പ്രസ്ഥാനം എന്ന്, ഇ.എം.എസ് കുറ്റസമ്മതം നടത്തിയ, ആലപ്പുഴയിലെ തൊഴിലാളിവർഗ്ഗം ജന്മം കൊടുത്ത വി.എസ് എന്ന ആൾരൂപം, അവസാനം വരെ, തന്നെ സ്വയം വഞ്ചിക്കാതെ, സ്വന്തം കുലത്തിനോടു കൂറു പുലർത്തിയ രാഷ്ട്രീയ നേതാവായിരുന്നു. ലെനിനിസ്റ്റ് സംഘടനയെ പിൽക്കാലം ‘സവർണ്ണ ഭാവുകത’ പിടിച്ചെടുത്തപ്പോൾ, പരാജയപ്പെട്ടവരുടെ പ്രാതിനിധ്യം വിടാതെ കാത്തതിന്റെ തെളിവായിരുന്നു വി.എസിന്റെ സമരതൃഷ്ണ.
ഒരു 'ഇമോഷൻ', 'പാഷനായി' മാറുമ്പോഴാണ് അത് രാഷ്ട്രീയമായിത്തീരുന്നത് എന്ന ഗ്രാംഷിയുടെ നിരീക്ഷണം ശരിയാണെങ്കിൽ, തന്റെ ജീവിതാനുഭവങ്ങളിലേറ്റ മുറിവുകളെ മറക്കാതെ, അവസാനം വരെ പിന്തുടർന്ന ശരിയായ രാഷ്ട്രീയമായിരുന്നു വി.എസ്സിന്റേത്. ‘അറിയപ്പെടാത്ത ഇ.എം.എസ്’ എന്ന അപ്പുക്കുട്ടന്റെ പൈങ്കിളിക്കഥയിൽ വീണ്, അല്പസ്വല്പം 'ഇല്ലക്കാരനായി' പിന്നാക്കം മറിഞ്ഞ ഇ.എം.എസ്സിന്റെ ധിഷണാപരമായ പാളിച്ചകളെ ശരിയായി തിരിച്ചറിഞ്ഞ, ഒരു 'ഗുരു' വി.എസ്സിൽ സദാ ഉണർന്നുല്ലസിച്ചുനിന്നിരുന്നു. അതുകൊണ്ടു തന്നെ ഒരു കേഡർ പാർട്ടിയുടെ അനിവാര്യമായ ‘റപ്ച്ചറുകളിൽ’ തന്റെ ബോധസൂര്യനെ കെടാതെ കാത്ത വി.എസ്സിൽ, തീർച്ച, ഒരു നീത്ചേയിയൻ ‘അനാർക്കിസം’ ഉണ്ടായിരുന്നു. നിയോലിബറൽ കാലത്തിനു വഴങ്ങിയ പിണറായിയുടെ ‘അടിയന്തരാവസ്ഥാ അനുഭവങ്ങളുടെ ആധികാരികതയോട്’, ധീരവും തുറന്നതുമായ പ്രക്ഷോഭം ചെയ്യാനുള്ള ശക്തി തീർച്ചയായും കമ്യൂണിസമായിരിക്കുകയില്ല, നാരായണ ഗുരുവായിരിക്കും വി.എസ്സിനു നൽകിയത്.

തികഞ്ഞ കേരളീയനായ ആ കമ്യൂണിസ്റ്റിന് കേരളത്തിന്റെ യഥാർത്ഥ രാഷ്ട്രീയ പരിതോവസ്ഥകളെ ശരിയായി മനസ്സിലാക്കാനും, അതിനോടൊപ്പം ധീരമായി നിലകൊള്ളാനും എന്നും കഴിഞ്ഞിരുന്നു. വർഗ്ഗസമരത്തിന്റെ ആ ക്ലാസിക്കൽ കാലം കഴിഞ്ഞുവെന്നും, ഭൂമിയും കുടികിടപ്പുമല്ല, ജലവും പരിസ്ഥിതിയും കാടും മനുഷ്യനും സ്ത്രീയും അവളെ കയ്യേറ്റം ചെയ്യുന്ന മൂലധനവുമാണ് സമകാലത്തെ രാഷ്ട്രീയമെന്നും ശരിയായി തിരിച്ചറിഞ്ഞ മുന്നാക്കങ്ങൾ വി.എസ്സിൽ നിന്നുണ്ടാകാൻ കാരണവും അതായിരിക്കണം.
കുട്ടനാടൻ പാടശേഖരങ്ങളെ സംരക്ഷിക്കാനുള്ള ‘വെട്ടിനിരത്തൽ സമരം’ എന്നു കുപ്രസിദ്ധി നേടിയ, കർഷകത്തൊഴിലാളിപക്ഷ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ, അത് താൻ തന്നെ നേതൃത്വം നൽകിയ, പഴയകാല കർഷക പ്രക്ഷോഭങ്ങളുടെ സ്വഭാവത്തിലല്ല, പുതിയ കാലത്തിന്റെ ഒരു 'ഡിഫെറൻസ്', ഒരു 'പാരിസ്ഥിതിക ട്വിസ്റ്റ്' അതിനുണ്ട് എന്ന്, അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ധൈഷണികതയ്ക്കറിയാമായിരുന്നു. ആ തിരിച്ചറിവ് ഒരു അബോധഛായയല്ല, ശരിയായ ബോധനിലപാട് തന്നെയാണെന്ന്, പിൽക്കാലത്ത് വി.എസ് വിസ്മയകരമാംവിധം പിന്തുണയ്ക്കുകയും നേതൃത്വം നൽകുകയും ചെയ്ത സമരതീക്ഷ്ണതകൾ തെളിയിച്ചു. പരിസ്ഥിതി- സ്ത്രീ- ദലിത്- ആദിവാസി പ്രശ്നങ്ങളായി അത് കേരള രാഷ്ട്രീയത്തിൽ ഒരു പ്രശ്നമണ്ഡലം തുറക്കുകയും ചെയ്തു.
പാർട്ടിയുടെ മലബാർപക്ഷം നിയോ ലിബറൽ സുഖലോലുപതുകളിൽ, സ്വയം ഒറ്റിക്കൊടുക്കാനുള്ള നെഞ്ചുറപ്പ് കാണിച്ചപ്പോൾ, വി.എസിന്റെ പുന്നപ്ര-വയലാർ ഊർജ്ജങ്ങൾ, കയ്യൂരിന്റെ കാല്പനികതയേക്കാൾ മുന്നോട്ടുപോയി എന്നു കാണാനാവും.
പാർട്ടിയുടെ മലബാർപക്ഷം നിയോ ലിബറൽ സുഖലോലുപതുകളിൽ, സ്വയം ഒറ്റിക്കൊടുക്കാനുള്ള നെഞ്ചുറപ്പ് കാണിച്ചപ്പോൾ, വി.എസിന്റെ പുന്നപ്ര-വയലാർ ഊർജ്ജങ്ങൾ, കയ്യൂരിന്റെ കാല്പനികതയേക്കാൾ മുന്നോട്ടുപോയി എന്നു കാണാനാവും. പിണറായി പക്ഷത്തിന്റെ ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന് നവീനമായ ധീരതകൾ അതു മുന്നോട്ടു വെയ്ക്കുകയും ചെയ്തു. ആര് ശരി, ആര് തെറ്റ് എന്നല്ല, ലെനിസ്റ്റ് ചട്ടക്കൂടിന്റെ സ്റ്റാലിനിസ്റ്റ് വ്യതിയാനങ്ങളോട് കലഹിക്കാനുള്ള നീത്ചേയിയൻ അരാജകത്വം വി.എസ് ഉൾക്കൊണ്ടിരുന്നു എന്നു മാത്രം പറഞ്ഞുവെക്കാം. അതുകൊണ്ടുതന്നെയാണ്, കേരളത്തിലെ കമ്യൂണിസ്റ്റ് ധൈഷണികരുടെ മുമ്പിൽ, സ്റ്റാൾമാൻ തന്റെ ഫ്രീ സോഫ്റ്റ്‌വെയർ സിദ്ധാന്തങ്ങൾ മുന്നോട്ടുവച്ചസമയം, 'അത് നടപ്പിലാവാൻ ഒരു സോഷ്യലിസ്റ്റ് സമൂഹം നിലവിൽ വരേണ്ടിവരും' എന്നവർ പരിഹസിച്ചപ്പോൾ, അതിനെ കലവറയില്ലാതെ സ്വാഗതം ചെയ്യുകയും, ഇലക്ട്രിസിറ്റി ബോർഡിന്റെ നെറ്റ്‌വർക്കിൽ അത് ഉപയോഗിക്കാനുള്ള ഭരണനടപടികൾ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനു കൈക്കൊള്ളാനും കഴിഞ്ഞത്.

തിരുവനന്തപുരം ദേശാഭിമാനിയിലെ ഒരു വ്യാഴവട്ടത്തെ 'കുടുംബജീവിത'ത്തിൽ നിന്ന് വി.എസ് അച്യുതാനന്ദൻ എന്ന അപൂർവ്വ രാഷ്ട്രീയക്കാരനെ അടുത്തറിയാൻ അവസരം കിട്ടിയതാണ്, മലബാറിന്റെ സ്വന്തം പക്ഷത്തെ ഒറ്റിക്കൊടുത്ത്, ആ 'സത്യ'ത്തിനു കൂടെ നിൽക്കാൻ ഈ ലേഖകനെ പ്രേരിപ്പിച്ചത്.
സഖാവേ, താങ്കൾ കൈത്തന്ന ആ തീപ്പന്തം ഞങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ശാന്തവും ധീരവുമായ ആ മയക്കത്തിന് അങ്ങേയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ‘ആദരവിന്റെ അഞ്ജലികൾ’ അല്ല ഇത്. അതു ജീവിച്ചിരിക്കുമ്പോഴേ ഞങ്ങൾ അർപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മരണാനന്തര യാത്രയ്ക്ക് ആശംസകൾ നേരുന്നു എന്നു പറയുന്നത്. കാരണം അങ്ങ് നൽകിയ രാഷ്ട്രീയ ജീവിതത്തിനോട്, അങ്ങയുടെ സ്വന്തം പാർട്ടിയെപ്പോലെ ഞങ്ങൾക്കു നന്ദികേടു കാണിക്കാൻ വയ്യ. അതുകൊണ്ട്, മലയോര കർഷക പാരമ്പര്യത്തിൽ നിന്നു വരുന്ന എന്റെ സതീർത്ഥ്യൻ അബ്ദുൽ കരീം എന്ന അങ്ങയുടെ നിത്യ ആരാധകൻ, കഴിഞ്ഞ രാത്രി ഓർമിപ്പിച്ച ആ വൈലോപ്പിള്ളി കവിത ഇവിടെ ആവർത്തിക്കുന്നു:
"അപ്പാവം ജീവിച്ച നാൾ
അവനെ തുണയ്ക്കാത്തോർ
തൽപ്രാണനെടുത്തപ്പോൾ താങ്ങുവാൻ മുതിർന്നെത്തി..."
എല്ലാം ‘തന്നി’ലേക്ക് വെട്ടിച്ചുരുക്കുന്ന ഇ.എം.എസ്സിന്റെ സ്റ്റാലിൻ മോഡൽ ധൈഷണികതയ്ക്ക് ഒരു ‘എതിരി’യായിരുന്നു വി.എസിന്റെ മാതൃക.
ചരമകോളങ്ങളിൽ നിറയുന്ന ആ നന്ദികേടിന്റ പങ്കു പറ്റാതിരിക്കാൻ മുമ്പേ ഞങ്ങൾ ‘പട്ടിണി’യെ വരിച്ചിട്ടുണ്ട്. വി.എസ്സിന്റെ ആദരാഞ്ജലികളിൽ ഏറ്റവും മോശമായ പ്രാതിനിധ്യം, അദ്ദേഹം ദീർഘകാലം ചീഫ് എഡിറ്ററായി വർത്തിച്ച ‘ദേശാഭിമാനി’യിലാണെന്ന ഖേദത്തിലാണ് ഇതു പറയുന്നത്.
ഞങ്ങൾ ‘മലപ്പുറംകാർ കോപ്പിയടിച്ചാണ് വിദ്യാഭ്യാസ വിജയങ്ങൾ ഉണ്ടാക്കിയത്’ എന്ന 'തെരുവുഭാഷ' അങ്ങുപയോഗിച്ചിട്ടുണ്ട്. അതിലെ കുൽസിത രാഷ്ട്രീയം എല്ലാ രാഷ്ട്രീയക്കാരും പങ്കു പറ്റുന്നതുതന്നെ എന്നും ഞങ്ങൾക്കറിയാം. അതിന്റെ സാരസ്യവും ഞങ്ങൾ ഉൾക്കൊള്ളുന്നു. അങ്ങും ഒരു വെറും മനുഷ്യനാണല്ലോ. ആ മലപ്പുറത്തിന്റെ ഭൂമികകളെ ശരിയായ നിലയിലല്ലെങ്കിലും പ്രതിനിധീകരിക്കുന്ന ‘മാധ്യമം’ പത്രം ഏറ്റവും അന്തസ്സോടെ അങ്ങയുടെ മരണത്തെ രേഖപ്പെടുത്തിയിരിക്കുന്നു.
ബീമാപ്പള്ളി വെടിവെപ്പ് നടന്നപ്പോൾ, അതൊരു കലാപമായി വളരാനുള്ള സാധ്യതകളെ ശമിപ്പിച്ചുകൊണ്ട്, ദില്ലിയിലെ പൊളിറ്റ് ബ്യൂറോ യോഗം മതിയാക്കി വന്ന്, തിരുവനന്തപുരത്തു വന്ന് അങ്ങ് നടത്തിയ വാർത്താസമ്മേളനത്തിലെ വാക്കുകളിൽ, മുസ്ലിങ്ങളുടെ ഹൃദയം മനഃശാന്തി കൊണ്ടതിന് ഈയുള്ളവൻ സാക്ഷിയാണ്. തിരുവിതാംകൂറിലെ ദലിതനും മുസ്ലിമിനും താങ്കൾ പ്രിയപ്പെട്ടവനാണെന്ന സത്യത്തിന് ഇവന്റെ നേർസാക്ഷ്യമുണ്ട്. മലബാറിന്റെ "അമേരിക്കൻ- ഗൾഫ് പണ"ത്തിന്റെ പുത്തൻ കൂറ്റുകാർക്ക് പാവപ്പെട്ട 'മാപ്പിള മനസ്സി'ന്റെ പ്രാതിനിധ്യമില്ല എന്ന നിലയിൽ എല്ലാം പൊറുത്തേക്കുക. അവർ അസ്തിത്വത്തിന്റെ പുതിയ സമസ്യകളിൽ ബന്ധിതരും ചൂഷിതരുമാണെന്നറിയുക.

എല്ലാം ‘തന്നി’ലേക്ക് വെട്ടിച്ചുരുക്കുന്ന ഇ.എം.എസ്സിന്റെ സ്റ്റാലിൻ മോഡൽ ധൈഷണികതയ്ക്ക് ഒരു ‘എതിരി’യായിരുന്നു വി.എസിന്റെ മാതൃക. വിവൃതമായ വിഷയവൈപുല്യങ്ങളുമായി തന്നെ കാണാനെത്തുന്നവർക്ക്, അവരോടു തന്നെ നോട്ടെഴുതി കൊടുക്കാൻ പറഞ്ഞശേഷം, അതിൽ തന്റെ കയ്യൊപ്പ് ചാർത്തി നൽകുന്ന, ‘ഒരു നൂറു പൂക്കൾ വിരിയട്ടെ’ എന്ന മാവോയുടെ വാക്കുകൾ അങ്ങ് അന്വർത്ഥമാക്കുന്നതിന് ഇവൻ സാക്ഷിയായിട്ടുണ്ട്.
രണ്ടുതവണ അങ്ങയുടെ ലേഖനങ്ങൾ എഴുതുവാനുള്ള നിയോഗം, ഈ എളിയവന് എങ്ങനെ വന്നുചേർന്നു, എന്നത്ഭുതം കൂറുകയാണ്. ഒരു വ്യാഴവട്ടം അങ്ങയുടെ നാട്ടിൽ ജീവിച്ചിട്ടും, ഒരിക്കൽ പോലും, പൊങ്ങച്ചത്തിന്റെ ആ ‘പന്നിക്കൂട്’ എന്ന് ലെനിൻ വിശേഷിപ്പിച്ച, നിയമസഭാ മന്ദിരത്തിൽ, കാലുകുത്താത്ത ഇവനെ, അങ്ങ് പ്രതിപക്ഷ നേതാവായിരിക്കെ, കന്റോൺമെന്റ് ഹൗസിന്റെ മരത്തടിയിൽ ജീർണ്ണമായ ആ പഴയ കെട്ടിടത്തിൽ, എഡിറ്ററുടെ നിർദ്ദേശത്തിൽ സന്ദർശനം തന്ന അങ്ങ്, എന്റെ മുഷ്കിന് പല്ലുകാട്ടി ചിരിച്ചു സാന്ത്വനിപ്പിച്ച ഓർമ്മ... ആ ഒരൊറ്റ ചിരി മതി അങ്ങയെ മായാതെ മനസ്സിൽ സൂക്ഷിക്കുവാൻ.
ബീമാപ്പള്ളി വെടിവെപ്പ് നടന്നപ്പോൾ, അതൊരു കലാപമായി വളരാനുള്ള സാധ്യതകളെ ശമിപ്പിച്ചുകൊണ്ട്, ദില്ലിയിലെ പൊളിറ്റ് ബ്യൂറോ യോഗം മതിയാക്കി വന്ന്, തിരുവനന്തപുരത്തു വന്ന് അങ്ങ് നടത്തിയ വാർത്താസമ്മേളനത്തിലെ വാക്കുകളിൽ, മുസ്ലിങ്ങളുടെ ഹൃദയം മനഃശാന്തി കൊണ്ടതിന് ഈയുള്ളവൻ സാക്ഷിയാണ്.
അങ്ങയുടെ ഗ്രൂപ്പിൽ എന്നെ ‘മാമോദിസ’ മുക്കിയ ഏഴാച്ചേരി രാമചന്ദ്രന്റെ എന്നിലുള്ള വിശ്വാസം, ഇവൻ ബാബുരാജിന്റെ കുടുംബത്തിൽ നിന്നുള്ള ഒരു 'പൊട്ടക്കവി'യാണ് എന്നതായിരുന്നു. അദ്ദേഹം എന്നോട് ഒരു സമ്പദ് ശാസ്ത്ര ലേഖനം എഴുതാൻ പറഞ്ഞു. ലൈബ്രറിയിൽവെച്ച് അതു തീർത്ത് ചെന്നപ്പോൾ, അതിൽ 'വി.എസ് അച്യുതാനന്ദൻ' എന്നു പേരുവെയ്ക്കുന്നതു കണ്ട് ഇവൻ അന്തിച്ചു. ‘താങ്കളെ ഇക്കൂട്ടത്തിൽ മാമോദീസ മുക്കിയിരിക്കുന്നു’ എന്നദ്ദേഹം അറിയിച്ചപ്പോൾ, എന്റെ 'മലപ്പുറം മാപ്പിള മനസ്സ്' ചിന്തിച്ചത്, ഇത്രയൊക്കെ ഉള്ളുവോ ‘തലസ്ഥാന രാഷ്ട്രീയം’ എന്നാണ്. പിന്നീടും ശക്തിധരൻ എഡിറ്റോറിയൽ ചീഫ് ആയിരിക്കെ, വി.എസ്സിനെ കാണാൻ പറഞ്ഞയച്ചു, മറ്റൊരു ലേഖനത്തിന്റെ 'ഗോസ്റ്റ് റൈറ്ററാ'കാൻ.
കന്റോൻമെന്റ് ഹൗസിലെ ആ സന്ദർശനം, അവിടുന്ന് ലഭിച്ച ആ ചിരി… പിന്നെ മുഖ്യമന്ത്രിയായിരിക്കെ, നടൻ മുരളിയുമായുള്ള അങ്ങയുടെ ഇന്റർവ്യൂവിന് കാർമികത്വം വഹിക്കാൻ ക്ലിഫ് ഹൗസിൽ. എന്നാൽ ഇതിനെല്ലാം മുമ്പേതന്നെ, വി.എസിന്റെ ഒരു പുസ്തകം റിവ്യൂ ചെയ്തത് പ്രസിദ്ധീകരിക്കാൻ ചിന്തയിലെ രവീന്ദ്രൻ ധൃതി കാണിച്ചത് എന്റെ തലവരകൾ തീരുമാനിച്ചിരുന്നു.

എന്നാൽ സത്യത്തെ തേടുന്ന ഇവൻ, ‘ഏതു പക്ഷമാണ് ശരി’ എന്നറിയാൻ പിന്നെയും ജീവിതം നൽകേണ്ടിവന്നു. ഒരുപക്ഷവും ശരിയല്ല, മധ്യത്തിൽ ഒരു ‘സുഷ്മുനാ മാർഗ്ഗമുണ്ട്’ എന്നു തിരിച്ചറിഞ്ഞ്, ഇവൻ രാഷ്ട്രീയവും അതിന്റെ ചോരപുരണ്ട ശമ്പളപ്പൊതിയും ഉപേക്ഷിച്ചപ്പോഴും, അങ്ങ് മനസ്സിൽ ബാക്കിയായി നിൽക്കുന്നുണ്ട്. പരാജയത്തിന്റെ പക്ഷത്തു നിൽക്കാനുള്ള ജന്മസിദ്ധമായ സ്വഭാവത്തിന്റെ ബാക്കിപത്രം എന്ന പോലെ. അധികാരത്തോടുള്ള പൂർവ്വജന്മ കല്പിതമായ അറപ്പു പോലെ.
ലാൽസലാം സഖാവേ, അങ്ങേയ്ക്ക് നിത്യശാന്തി നേരുന്നു. ധന്യമായ ഒരു പുരുഷായുസ്സ് അങ്ങേയ്ക്കുണ്ടായല്ലോ. സമരോത്സുകമായ മുഴു ജീവിതം. പ്രേരണാനിർഭരമായ ധൈഷണികത. ദത്തുപുത്രനെ ആരാധിച്ചുപോരുന്ന ശീലം ഇതാ മാറ്റിവെക്കുന്നു. നേർപുത്രനു മുമ്പിൽ തലകുനിക്കുന്നു.
