ഞങ്ങളുടെ
രാഷ്ട്രീയ യൗവനമേ…

‘ആരു പറഞ്ഞു മരിച്ചെന്ന്’ എന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങളിൽ നിരന്തരം മുഴക്കിയ കേരളത്തിലെ മനുഷ്യർ, വി.എസ് പ്രതിനിധാനം ചെയ്ത രാഷ്ട്രീയ യൗവ​നത്തെയാണ് ആന്തരികവൽക്കരിക്കുന്നത്- സിബിൻ എൽദോസ് എഴുതുന്നു.

വേദനിക്കുന്നവർക്കൊപ്പം നിൽക്കുക, അവരുടെ വേദനക്കിടയാക്കിയ സാഹചര്യത്തെ സാമൂഹ്യമായ ഇടപെടലിലൂടെയോ സമരങ്ങളിലൂടെയോ മാറ്റിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക- ഇതാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് സ്വജീവിതം കൊണ്ട് പഠിപ്പിച്ചവരിൽ ഞാൻ കണ്ടിട്ടുള്ള ഒരാൾ സഖാവ് വി. എസ് ആണ്.

‘വി.എസ്’ എന്ന രണ്ടക്ഷരം കൊണ്ട് കേരള ചരിത്രം അടയാളപ്പെടുത്തുന്നത് ത്യാഗനിർഭരമായതും കലർപ്പില്ലാത്തതുമായ ഒരു ശതകത്തെയാണ്. ‘കണ്ണേ കരളേ’ എന്ന് കേരളം ഒന്നടങ്കം ആവേശത്തിൻ്റെ കൊടുമുടിയിൽ കയറി മുഷ്ടി ചുരുട്ടി വിശേഷിപ്പിക്കുന്ന ഈ മനുഷ്യൻ കേരളത്തിന് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്ന് ഒരിടവേളയ്ക്കുശേഷം എല്ലാവരെയും പോലെ ഞാനും കാണുന്നത് അദ്ദേഹത്തിൻ്റെ നൊമ്പരപ്പെടുത്തിയ വിയോഗത്തിലാണ്. 2019-ൽ സജീവ സാമൂഹിക- രാഷ്ട്രീയ രംഗത്തുനിന്ന് മാറി നിൽക്കുകയായിരുന്ന വി.എസ്സിനെ എത്രത്തോളം ഈ നാട് മിസ്സ് ചെയ്തതെന്ന് കഴിഞ്ഞ രണ്ടു ദിനം കൊണ്ട് നമ്മളറിഞ്ഞു.

സ്വാതന്ത്ര്യ സമരകാലത്ത് മാത്രമല്ല, ഈ നൂറ്റാണ്ട് കണ്ട നിരവധി സമരങ്ങളിൽ വി.എസ് ഉണ്ടായിരുന്നു. എൻഡോസൾഫാൻ ദുരിതബാധിതർക്കൊപ്പവും പ്ലാച്ചിമടയിലും പൊമ്പിളൈകൾ ഒരുമിച്ച മൂന്നാറിലുമെല്ലാം പൊരുതുന്നവർക്ക് ഐക്യദാർഢ്യവുമായി വി.എസ് എത്തി. രാഷ്ട്രീയ നേതാക്കന്മാർ പടികയറരുത് എന്നാഹ്വാനം ചെയ്ത മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകൾ ഒരേയൊരു നേതാവിനെയാണ് കണ്ടതും കേട്ടതും. കുട്ടനാട്ടിലെ കർഷകതൊഴിലാളികളെ ചേർത്തുപിടിച്ച ആ സമരവീര്യം, പുതിയ കാലത്തെ മണ്ണിനോടും മനുഷ്യരോടും കാണിച്ച അൻപാന സോദരത്വമാണ് മൂന്നാറിൽ കണ്ടത്. ജനക്ഷേമത്തിലധിഷ്ഠിതമായതും പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകുന്നതുമായ സർക്കാർ നടപടികളിൽ ജനം വി.എസ്സിന് നൽകിയ പിന്തുണ കേരള ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരു സാമൂഹ്യ പ്രശ്നത്തെ ജനകീയമാക്കി മാറ്റി അതിന് പരിഹാരം കാണുക എന്നതായിരുന്നു സഖാവിൻ്റെ രീതി. അത്തരമൊരു ജനകീയ ജനാധിപത്യ രീതിയുമായിട്ടാണല്ലോ സഖാവ് പി. കൃഷ്ണപിള്ള ഏൽപ്പിച്ച നാണയത്തുട്ടുമായി പാർട്ടി വളർത്താൻ കുട്ടനാട്ടിലേക്ക് പുറപ്പെട്ട ആ 20കാരൻ നടന്നുനടന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രിക്കസേരവരെ എത്തിയത്.

എൻഡോസൾഫാൻ ദുരിതബാധിതർക്കൊപ്പവും പ്ലാച്ചിമടയിലും പൊമ്പിളൈകൾ ഒരുമിച്ച മൂന്നാറിലുമെല്ലാം പൊരുതുന്നവർക്ക് ഐക്യദാർഢ്യവുമായി വി.എസ് എത്തി.
എൻഡോസൾഫാൻ ദുരിതബാധിതർക്കൊപ്പവും പ്ലാച്ചിമടയിലും പൊമ്പിളൈകൾ ഒരുമിച്ച മൂന്നാറിലുമെല്ലാം പൊരുതുന്നവർക്ക് ഐക്യദാർഢ്യവുമായി വി.എസ് എത്തി.

നാലാം വയസ്സിൽ അമ്മ നഷ്ടപ്പെട്ടു. ‘സ്കൂളിൽ വരാൻ നീ ആരെടാ’ എന്നു ചോദിച്ച് ആക്രമിച്ച സവർണ പിള്ളേരെ നേരിടാൻ വലിയൊരു അരഞ്ഞാണമുണ്ടാക്കിക്കൊടുത്ത അച്ഛന്റെ കരുത്ത് 11-ാം വയസ്സിൽ നഷ്ടമായി. പിന്നെ ചുറ്റുപാടുമുള്ള മനുഷ്യരായിരുന്നു വി.എസിന്റെ കുടുംബം. ആൾക്കൂട്ടങ്ങളിൽ അയാളൊരു പർവ്വതശിഖരമായി തലയെടുപ്പോടെ നിന്നുതുടങ്ങിയത് അന്നുമുതലായിരിക്കണം.

ജൂലായ് 21-ന് വൈകീട്ട് 3.20 നുശേഷമുള്ള കേരളത്തിലേക്കുവരാം. ആ നിമിഷം മുതൽ വി.എസ് പ്രിയപ്പെട്ട രണ്ടക്ഷരത്തിൽ ഒളിപ്പിച്ച മഹാമാനുഷിയെ കാണാൻ അലയടിച്ചെത്തിയ മനുഷ്യർ കേരളത്തെയാകെ മുഷ്ടിചുരുട്ടിയുണർത്തി. കണ്ഠമിടറിയും കണ്ണീരണിഞ്ഞും മഴയിൽ കുതിർന്നും തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചും ആലപ്പുഴയിലെ വലിയ ചുടുകാടുവരെ ആർത്തലച്ചെത്തിയവർ ആരായിരുന്നു? കമ്മ്യൂണിസ്റ്റുകാർ മാത്രമായിരുന്നോ അവരിലുണ്ടായിരുന്നത്? അതിലുമപ്പുറം എന്നാണ് ഉത്തരം.

കുട്ടനാട്ടിലെ കർഷകതൊഴിലാളികളെ ചേർത്തുപിടിച്ച ആ സമരവീര്യം, പുതിയ കാലത്തെ മണ്ണിനോടും മനുഷ്യരോടും കാണിച്ച അൻപാന സോദരത്വമാണ് മൂന്നാറിൽ കണ്ടത്.

102 വയസ്സു കഴിഞ്ഞ, ആറു വർഷമായി പൊതുഇടങ്ങളിൽ നിന്ന് വിട്ടുനിന്ന് വിശ്രമജീവിതം നയിക്കുന്ന അവശനായ വയോധികൻ. ഇക്കാലങ്ങളിൽ വലിയ കോലാഹലങ്ങളിലൊന്നും ആ പേര് മലയാളികൾ കേൾക്കുകപോലും ചെയ്തിരുന്നില്ല. ആ മനുഷ്യൻ എരിതീയിലമരുമ്പോൾ അസ്വാഭാവികമായി എന്താണുള്ളത്? ആ വിരാമം മലയാളിയെ സംബന്ധിച്ച് ഒരു സ്വാഭാവികതയായിരുന്നില്ല. തങ്ങളുടെ കണ്ണും കരളുമായ സഖാവിനെ കൺനിറയെ കണ്ടുമടങ്ങാനെത്തിയ പതിനായിരങ്ങൾ തന്നെയായിരുന്നു അതിന് തെളിവ്. വി.എസിനെ കാണാൻ വഴിയരികുകളിലെത്തിയവരിൽ വയോധികരും കുട്ടികളും യുവാക്കളും സ്ത്രീകളും ഉണ്ടായിരുന്നു. പരിമിതികളെ മറികടന്ന് തങ്ങളുടെ പ്രിയ സഖാവിനെ കാണാനെത്തിയ ഭിന്നശേഷിക്കാരായ മനുഷ്യരും ഉണ്ടായിരുന്നു. കൈകാലുകൾ അനക്കാൻ പോലുമാകാതെ തിങ്ങിഞെരിയുന്ന ആ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. പരിമിതികളെ മറികടന്ന് എന്നെ എവിടെ പിടിച്ചുനിർത്തിയത് എന്തായിരുന്നു? പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർക്കായി അദ്ദേഹം എന്നും നിലകൊണ്ടു എന്നതുതന്നെ, ഒരു നൂറ്റാണ്ടിനാൽ ഞങ്ങളുടെ മണ്ണിനെ പുതുക്കിവാർത്ത ഒരാൾ എന്ന സ്നേഹം എന്നതുതന്നെ.

16ാം വയസ്സിൽ പാർട്ടി മെമ്പർഷിപ്പ് നൽകി സഖാക്കളുടെ സഖാവിനാൽ വി.എസ് പാർട്ടിയിലെത്തുമ്പോൾ, അന്നും നിയമമൊന്നു തല കുനിച്ച് പ്രായത്തിന്റെ പരിധിയിൽ നിന്ന് വി.എസിനെ ഒഴിവാക്കി.
16ാം വയസ്സിൽ പാർട്ടി മെമ്പർഷിപ്പ് നൽകി സഖാക്കളുടെ സഖാവിനാൽ വി.എസ് പാർട്ടിയിലെത്തുമ്പോൾ, അന്നും നിയമമൊന്നു തല കുനിച്ച് പ്രായത്തിന്റെ പരിധിയിൽ നിന്ന് വി.എസിനെ ഒഴിവാക്കി.

16ാം വയസ്സിൽ പാർട്ടി മെമ്പർഷിപ്പ് നൽകി സഖാക്കളുടെ സഖാവിനാൽ വി.എസ് പാർട്ടിയിലെത്തുമ്പോൾ, അന്നും നിയമമൊന്നു തല കുനിച്ച് പ്രായത്തിന്റെ പരിധിയിൽ നിന്ന് വി.എസിനെ ഒഴിവാക്കി. പിന്നെ പാർട്ടി സെക്രട്ടറിയായപ്പോഴും 86-ാം വയസ്സിൽ മുഖ്യമന്ത്രിയായപ്പോഴും പിബിയിൽ പ്രവർത്തിച്ച കാലത്തുമൊക്കെ ഈ പ്രായപരിധിയിൽ ഇളവ് കൽപ്പിക്കപ്പെട്ടു.
‘തല നരയ്ക്കുകയല്ലെന്റെ വൃദ്ധത്വം,
തല നരയ്ക്കാത്തതല്ലെന്റെ യുവത്വവും
കൊടിയ ദുഷ് പ്രഭുത്വത്തിൻ തിരുമുമ്പിൽ
തല കുനിക്കാത്തതാണെന്റെ യൗവ്വനം’
എന്ന കവിത ആവർത്തിച്ച് രാഷ്ട്രീയയൗവനത്തെ നിരന്തരം തന്റെ ആയുസ്സിനോട് ​ചേർത്തുനിർത്തി. പ്രായഭേദമേന്യ കേരളത്തിലെ മനുഷ്യർ ഈയൊരു രാഷ്ട്രീയ യൗവനത്തെ കൂടിയാണ് ചേർത്തുപിടിച്ചത്. ‘ആരു പറഞ്ഞു മരിച്ചെന്ന്’ എന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങളിൽ നിരന്തരം മുഴക്കിയ കേരളത്തിലെ മനുഷ്യർ, വി.എസ് പ്രതിനിധാനം ചെയ്ത ആ രാഷ്ട്രീയ യൗവ​നത്തെയാണ് ആന്തരികവൽക്കരിക്കുന്നത്.


Summary: Communist leader VS Achuthanandan always stand with working class, minorities and backward class people, Sibin Eldhose writes


സിബിൻ എൽദോസ്

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ഗാന്ധിയൻ തോട്സ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിൽ ഗവേഷക വിദ്യാർഥി. All Kerala Research Scholars Association സംസ്ഥാന കൺവീനർ. ഭിന്നശേഷിക്കാരുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പങ്കാളിത്തം എന്ന വിഷയത്തിൽ ഗവേഷണം  നടത്തുന്നു.

Comments