ജീവിച്ചിരിക്കുമ്പോൾ ജനങ്ങളുടെ കണ്ണും കരളും നെഞ്ചിലെ റോസാപ്പൂവും ആകാൻ കഴിഞ്ഞ ഒരാൾക്ക് മരണത്തിലും അത് തുടരാൻ സാധിക്കുന്നുണ്ടെങ്കിൽ, ആ മുദ്രാവാക്യങ്ങളോടെ തന്റെ മരണത്തെ ആശ്ലേഷിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് ആ മനുഷ്യൻ ജനങ്ങളുടെ മനസ്സിൽ ഉണ്ടാക്കി തീർത്ത പ്രതിച്ഛായ കൊണ്ട് തന്നെയാണ്. നേതാക്കൾക്ക് ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കുന്നത് എന്തുകൊണ്ട് എന്നുള്ള ഒരു വിശകലനം കൂടിയാണ് ഈ ലേഖനം.
വി.എസിൻ്റെ ഭൗതികശരീരം കാണാൻ തടിച്ചുകൂടിയ ജനങ്ങളിൽ ഓരോരുത്തർക്കും അദ്ദേഹം എന്തായിരുന്നു എന്നത് ചോദിച്ചറിയുക തന്നെ വേണം. പലതരത്തിലുള്ള ജനവിഭാഗങ്ങൾ, അതിൽ യുവാക്കളും പ്രായമായവരും കുട്ടികളും പുരുഷന്മാരും സ്ത്രീകളുമുണ്ട്. ഉറക്കമൊഴിഞ്ഞ് കാത്തു നിൽക്കുന്നവരും ഭക്ഷണം കഴിക്കാത്തവരും മഴയെ വകവയ്ക്കാതെ മണിക്കൂറുകളോളം കാത്തുനിൽക്കുന്നവരുമുണ്ട്. എല്ലാവർക്കും അവസാനമായി വിഎസിനെ കാണണമെന്ന് മാത്രമാണ് ആഗ്രഹം. ചിലർക്ക് അത് ആദ്യ കാഴ്ച കൂടിയാണ്.
ജനങ്ങളോടൊപ്പം നിന്ന് ജനങ്ങളെ അത്രമേൽ സ്നേഹിച്ച വി.എസിനെ ജനങ്ങൾ എത്രത്തോളം സ്നേഹിച്ചു എന്നതിൻ്റെ തെളിവായിരുന്നു ഈ ജനക്കൂട്ടം. ഒരു നിമിഷം പോലും മുദ്രാവാക്യം വിളികൾ നിലക്കാതെ അദ്ദേഹം വീഥികൾ പിന്നിട്ടു കൊണ്ടേയിരുന്നു. കേരളം ഒന്നാകെ വിപ്ലവ സൂര്യനു അന്ത്യാജ്ഞലി അർപ്പിക്കുമ്പോൾ ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിലും ഒരു നല്ല മനുഷ്യൻ എന്ന നിലയിലും വി.എസ് വിജയിച്ചിരിക്കുന്നു. ആളുകൾക്ക് മറ്റൊരാളെ മനസ്സിലാക്കാനും സ്നേഹിക്കാനും ഒരുപാട് കാരണങ്ങൾ ഉണ്ടാകും. പക്ഷേ ഒരു വലിയ വിഭാഗം ജനങ്ങൾക്കിടയിലേക്ക് കടന്നുകയറാൻ അദ്ദേഹത്തിന് ആയിട്ടുണ്ടെങ്കിൽ അത് ജീവിതത്തിൽ ഉടനീളം സൂക്ഷിച്ച സത്യസന്ധമായ ഭരണത്തിൻ്റെയും പിൻബലത്തിൽ തന്നെയാണ്. ഏതുകാലത്തും സത്യസന്ധരായ മനുഷ്യർ സ്വീകരിക്കപ്പെടും. ആദർശപരമായ ജീവിതം നയിച്ചവർക്കും, മനുഷ്യർക്ക് വേണ്ടി ജീവിച്ചവർക്കും വേണ്ടി ഏന്തും സഹിക്കാൻ മറ്റു മനുഷ്യർ തയ്യാറാക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള വിഎസിന്റെ അവസാനയാത്ര.
ഈ ലേഖനം എഴുതാൻ വേണ്ടി ഏറ്റവുമധികം എന്നെ പ്രേരിപ്പിച്ചത് അവിടെ ഒന്നും വകവയ്ക്കാതെ വി.എസ് എന്ന ഒരേയൊരു വികാരം പങ്കിട്ടുകൊണ്ട് നിൽക്കുന്ന ജനക്കൂട്ടം തന്നെയാണ്. മണിക്കൂറുകളായി നിർത്താതെ മുഴങ്ങിക്കൊണ്ടിരുന്ന മുദ്രാവാക്യം വിളികളും അവസാനമായി കാണാനായി തിരക്ക് കൂട്ടിയ ജനങ്ങളും നമ്മെ പലതും ഓർമിപ്പിക്കുന്നുണ്ട്. അദ്ദേഹം കേരളത്തിനായി മാറ്റിവെച്ച വിപ്ലവാത്മകമായ ജീവിതവും, എന്താണ് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നതും, എന്നെപ്പോലെയുള്ള പുതുതലമുറ സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ഈ കേരളത്തിൽ എത്താൻ വിപ്ലവകാരികൾ നേരിട്ട കൊടിയ മർദ്ദനങ്ങളും, അവർ നടത്തിയ സമരങ്ങളും എല്ലാം ഒരു ഓർമ്മപ്പെടുത്തൽ തന്നെയാണ്.

ആൾക്കൂട്ടത്തിന്റെ മന:ശാസ്ത്രം
എവിടെയും ജനത്തിരക്കാണ്. ഭ്രാന്തമായ രീതിയിൽ ആളുകൾ മുദ്രാവാക്യം വിളിക്കുന്നു. ഉറക്കമോ ഭക്ഷണമോ ആരോഗ്യ അവസ്ഥയോ ആളുകളെ അലട്ടുന്നേയില്ല. കേരളമെമ്പാടും ആളുകൾ അദ്ദേഹത്തെ കാണുന്നതിനായി തടിച്ചുകൂടി നിൽക്കുമ്പോൾ എന്തുകൊണ്ട് ഇത്തരമൊരു ആൾക്കൂട്ടം സൃഷ്ടിക്കപ്പെടുന്നു എന്നതിനെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്.
തീർച്ചയായും ഇതിൻ്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാവുന്നത് വിഎസിൻ്റെ വ്യക്തിപ്രഭാവം തന്നെയാണ്. അദ്ദേഹവും കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളത്തിനായി ചെയ്ത സംഭാവനകളെയും ജനങ്ങളോടുള്ള അദ്ദേഹത്തിൻ്റെ സ്നേഹത്തെയുമാണ് ജനങ്ങളും തിരിച്ചു നൽകുന്നത്. മനുഷ്യനു മാത്രം സാധിക്കുന്ന അത്ഭുതകരമായ ഒന്നാണിത്. നല്ല മനുഷ്യർ മരിക്കുന്നില്ല അവർ ഞങ്ങളിലൂടെ ജീവിക്കുന്നു എന്നത് ജീവിച്ചിരുന്ന കാലത്ത് അവർ ചെയ്തുവച്ച എത്രയോ നന്മകളുടെ പ്രതിഫലനമാണ്. ആളുകളുടെ ഉള്ളിലേക്ക് ഇരച്ചുകയറാൻ അത്തരത്തിൽ സാധ്യമാകുന്നത് ചെറിയ കാര്യമൊന്നുമല്ല.ആളുകളെ സ്വാധീനിക്കാൻ തക്കവണ്ണം ഉള്ള നേതാക്കളുടെ സ്വഭാവ രീതികളെ പറ്റി ചില കാര്യങ്ങൾ പറഞ്ഞുവെക്കുന്നുണ്ട്.
കരിസ്മ (Charisma), എംപതി (Empathy), നാർസിസം (Narcissism), പാരനോയിയ(Paranoia) തുടങ്ങിയ സ്വഭാവസവിശേഷതകൾ ലീഡർഷിപ്പ് സ്റ്റൈലുകൾ ആയി കണക്കാക്കപ്പെടുകയും അത് പലതരത്തിലുള്ള ചരിത്രപരമായ നേട്ടങ്ങൾക്കും കേട്ടങ്ങൾക്കും കാരണമാകുകയും ചെയ്യുന്നുണ്ടെന്ന് പറയുന്നുണ്ട്. ഉദാഹരണമായി ഒരുപാട് ആളുകളെ ചൂണ്ടിക്കാണിക്കാൻ സാധിക്കും. വിൻസ്റ്റൻ ചർച്ചിലിന്റെ പ്രതിരോധശേഷിയെയും (Resilience) ശുഭാപ്തി വിശ്വാസത്തെയും (Optimism) ഒക്കെയാണ് അദ്ദേഹത്തിൻ്റെ വിജയമായും ആളുകൾക്കിടയിൽ അദ്ദേഹം ഉണ്ടാക്കിയെടുത്ത ഇമേജിന്റെ കാരണമായും എല്ലാം കണക്കാക്കുന്നത്. ഗാന്ധിയുടെ അഹിംസയും സമാധാന രീതികളും ആളുകൾക്കിടയിൽ വേറൊരു തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഇതുപോലെ തന്നെയാണ് ചെഗുവേരയെയും നായനാരെയും ഇഎംഎസിനെയും എകെജിയെയും കൃഷ്ണപിള്ളയെയും വിഎസിനെയും പോലെയുള്ള വിപ്ലവകാരികളും. അവരുടെ സ്വഭാവത്തിൽ കാണുന്ന എoപതിയും (Empathy) സ്നേഹവും ആളുകളെ സ്വാധീനിക്കാൻ ശേഷിയുള്ള വ്യക്തിത്വവും എല്ലാം ആളുകൾക്ക് ആരാധന തോന്നുന്നതിനും ജീവിതത്തെ ബഹുമാനപൂർവ്വം അടയാളപ്പെടുത്തുന്നതിനും എപ്പോഴും കാരണമായിട്ടുണ്ട്. 'Who will cry when you die?' എന്ന് റോബിൻ ശർമ ചോദിക്കുന്നുണ്ട്. സ്വന്തം ജീവിത സുഖങ്ങളെ തൃണവൽഗണിച്ച് അപരന്റെ ജീവിതത്തിനായി നിലകൊണ്ടവരാണ് ഇവരെല്ലാവരും എന്നതാണ് ഈ സ്വീകാര്യതയ്ക്കുള്ള കാരണവും റോബിൻ ശർമ്മയുടെ ചോദ്യത്തിനുള്ള ഒരുത്തരവും.
സോഷ്യോളജിസ്റ്റായ ഹെർബേർട്ട് ബ്ലൂമെർ (Herbert Blumer) ആൾക്കൂട്ടത്തെ അഞ്ചുവിധത്തിലാണ് തരംതിരിക്കുന്നത്. ആൾക്കൂട്ടത്തിന്റെ വൈകാരിക തീവ്രതയെ അടിസ്ഥാനമാക്കിയാണ് ബ്ലൂമർ ഇത്തരത്തിൽ ഒരു തരംതിരിക്കലിലേക്ക് എത്തിച്ചേർന്നത്.

സാധാരണ ജനക്കൂട്ടം (Casual crowd) എന്നതാണ് ആദ്യത്തെ വിഭാഗം. താൽക്കാലികമായി ഒത്തുകൂടുന്ന വലിയ കൂട്ടങ്ങളെയാണ് സാധാരണ ജനക്കൂട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്. യാത്രക്കാരോ മാർക്കറ്റിൽ കൂടുന്ന ജനങ്ങളോ ആണ് ഇത്തരത്തിലുള്ള സാധാരണ ജനക്കൂട്ടത്തിൽ ഉൾപ്പെടുന്നത്. ഇവിടെ അംഗങ്ങൾ തമ്മിൽ ഇടപെടൽ വളരെ കുറവായിരിക്കും.
നിശ്ചയിച്ച ഒരു പരിപാടിക്കായി ഒത്തുചേരുന്ന ഒരു കൂട്ടത്തെയാണ് പരമ്പരാഗത ജനക്കൂട്ടം (conventional crowd) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പാട്ട് പരിപാടികൾക്ക് ഒത്തുകൂടുന്ന ജനങ്ങളും ബിരുദദാന ചടങ്ങുകൾക്ക് എത്തിച്ചേരുന്നവരും എല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെടും. ഇവിടെ അംഗങ്ങൾ പരസ്പരം ഇടപഴകാൻ പരമാവധി ശ്രമിക്കാറുണ്ട്. പൊതുവായ ഒരു താൽപര്യത്തിന്റെ മുകളിലാണ് ഇത്തരത്തിലുള്ള കൂട്ടായ്മകൾ രൂപം കൊള്ളുന്നത്.
മൂന്നാമതായി ബ്ലൂമറിന്റെ വിഭജനത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ആവിഷ്കാരാത്മകമായ ജനക്കൂട്ടമാണ് (Expressive Crowd). ആവിഷ്കാരത്മകമായ അല്ലെങ്കിൽ പ്രകടിപ്പിക്കുന്ന ജനക്കൂട്ടത്തിന്റെ സ്വഭാവം പേരിൽ കാണുന്ന പോലെ തന്നെ വികാരങ്ങൾ പ്രകടിപ്പിക്കാനായി ഒത്തുചേരുന്ന കൂട്ടങ്ങളാണ്. സമാനവികാരം ഉള്ള മറ്റു വ്യക്തികളുമായി അത്തരത്തിലുള്ള വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനായി ഒത്തുചേരുന്ന ഈ കൂട്ടങ്ങൾ തെരഞ്ഞെടുപ്പുകളിലും ശവസംസ്കാര ചടങ്ങുകളിലും ഒക്കെ കൂടുതലായി കാണപ്പെടുന്നുന്നുണ്ട്. വി.എസിന്റെ അന്ത്യ യാത്രയിൽ റോഡരികിൽ കൂടി നിന്ന ഈ ജനക്കൂട്ടം ഇത്തരത്തിൽ എക്സ്പ്രസീവ് ആയ ജനക്കൂട്ടത്തെ സൂചിപ്പിക്കുന്നു. ഇത്രയും വലിയ രീതിയിൽ സമാനവികാരം ഉള്ള ആളുകളെ ഒത്തുചേർക്കുക എന്നത് അദ്ദേഹം ജീവിതത്തിൽ കാഴ്ച വെച്ചിട്ടുള്ള ആദർശാത്മകമായ കാഴ്ചപ്പാടുകൾ കൊണ്ട് തന്നെയാണ്.
ഉയർന്ന വികാരങ്ങളും വലിയ രീതിയിൽ ഊർജ്ജസ്വലമായ പ്രവർത്തനങ്ങളും കാഴ്ചവെക്കുന്ന ആൾക്കൂട്ടത്തെയാണ് അഭിനയിക്കുന്ന ജനക്കൂട്ടം (Acting crowd) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവർ പലപ്പോഴും ഹൈ വോൾട്ടേജ് ഊർജ്ജം കാണിക്കുന്നതു കൊണ്ടുതന്നെ കലാപങ്ങൾക്കുളള സാധ്യത ഈ ജനക്കൂട്ടങ്ങളിൽ കൂടുതലാണ്.
അഞ്ചാമതായി വരുന്ന വിഭാഗമാണ് പ്രതിഷേധ ജനക്കൂട്ടം (Protest crowd). പേര് സൂചിപ്പിക്കുന്ന പോലെ തന്നെ മോബ് ലിഞ്ചിങ്, അക്രമാസക്തമോ വിനാശകരമോ ആയ ഒരു ലക്ഷ്യം പിന്തുടരുന്ന കൂട്ടങ്ങളായിരിക്കും ഇത്.
കൂട്ടായ്മകളെ രണ്ടു രീതിയിലാണ് തരംതിരിക്കുന്നത്. ഒന്ന് പ്രാദേശികവൽക്കരിച്ച കൂട്ടായ്മയും (Localised Collectivitis) അതുകൂടാതെ ചിതറി കിടക്കുന്ന കൂട്ടായ്മയും (Dispersed Collectivities). അടുത്തിടപഴകുകയും ഐക്യത്തോടെയും സഹവർത്തിത്വത്തോടെയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് പ്രാദേശികവൽക്കരിച്ച കൂട്ടായ്മകളിൽ ഉൾപ്പെടുന്നത്. ഒരു വലിയ വിഭാഗം ബഹുജന പെരുമാറ്റത്തെയും വലിയ പ്രദേശത്ത് സ്ഥിര താമസക്കാരായ, ചിതറി കിടക്കുന്നതുമായ വ്യക്തികളുടെ കൂട്ടായ പെരുമാറ്റത്തെയും ആണ് ചിതറി കിടക്കുന്ന കൂട്ടായ്മ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിക്കും വി.എസിനും തന്റെ പ്രവർത്തനങ്ങളിലൂടെ ഒരു പ്രാദേശികവൽക്കരിച്ച കൂട്ടായ്മയെ രൂപപ്പെടുത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട് എന്നത് തീർച്ചയാണ്. അത്തരത്തിൽ ഐക്യത്തോടെയും സഹവർത്തിത്വത്തോടെയും പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയെ സൃഷ്ടിച്ചെടുക്കാൻ സാധിച്ചത് കൊണ്ട് തന്നെയാണ് കേരളം ഇന്നു കാണുന്ന രീതിയിലേക്ക് പുരോഗമിച്ചതും, ഇന്നും വിഷം തുപ്പുന്ന വലതുപക്ഷ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കുന്ന രീതിയിലേക്ക് വികസിച്ചതും. പൊതുവായി ചിന്തിച്ചാൽ മനസ്സിലാകുന്ന കാര്യമാണ് പ്രാദേശികവൽക്കരിച്ച ഒരു കൂട്ടായ്മയെ സൃഷ്ടിച്ചെടുക്കുക എന്ന് പറയുന്നത് അത്ര എളുപ്പമേറിയ ഒരു കാര്യമല്ല എന്നത്.അത്തരത്തിലൊരു ഹെർക്കുലിയൻ ടാസ്കിനെ ഏറ്റെടുത്ത് വിജയിപ്പിക്കാൻ സാധിച്ചത് കൊണ്ട് തന്നെയാണ് കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ വഴിയരികുകളിൽ കാത്തുനിന്ന് പൂച്ചെണ്ടുകൾ കൊണ്ടും കണ്ണീരു കൊണ്ടും അഭിവാദ്യങ്ങൾ അർപ്പിച്ചത്. 'മരണമല്ല ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം നമ്മൾ ജീവിച്ചിരിക്കുമ്പോൾ നമുക്ക് ഉള്ളിലുള്ളതിനെ മരിക്കാൻ അനുവദിക്കലാണ് ' എന്ന് നോർമൻ കസിൻസ് പറഞ്ഞുവെക്കുന്നുണ്ട്. തന്റെ മരണംവരെയും സജീവമായി നിലകൊള്ളാൻ വി.എസിന് സാധിച്ചു എന്നത് തന്നെയാണ് ഓർമ്മിക്കപ്പെടേണ്ടത്.
ഓരോ വ്യക്തിക്കും മന:ശാസ്ത്രപരമായ സവിശേഷതകൾ ഉള്ളതുപോലെ തന്നെ ആൾക്കൂട്ടത്തിനും ഇത്തരത്തിലുള്ള മനശാസ്ത്രം ഉണ്ടെന്നാണ് പറയുന്നത്. സോഷ്യൽ സൈക്കോളജിയിലെ ഒരു വിഭാഗം തന്നെയാണ് ക്രൗഡ് മാനേജ്മെൻ്റ്/ക്രൗഡ് സൈക്കോളജി/മാസ് സൈക്കോളജി എന്നതും.'ആൾക്കൂട്ടം വ്യക്തിയെ പോലെ തന്നെ മനഃശാസ്ത്രപരമായി നിർദിഷ്ടമാണ് 'എന്നാണ് ക്രൗഡ് മാനേജ്മെന്റിൽ പ്രശസ്തനായ ജോൺ ഡ്രൂറി (John Drury) പറഞ്ഞുവെക്കുന്നത്.

സോഷ്യൽ സൈക്കോളജിസ്റ്റായ ഗുസ്താവ് ലീ ബോൺ (Gustave Le Bon) ആൾക്കൂട്ട മന:ശാസ്ത്രത്തെപറ്റി ഒരുപാട് പഠനങ്ങൾ നടത്തുകയും തിയറികൾ മുന്നോട്ടുവയ്ക്കുകയും ചെയ്ത വ്യക്തിയാണ്. ലീ ബോണിന്റെതായി മുന്നോട്ടുവെച്ച് കണ്ടേജിയസ് ക്രൗഡ് തിയറിയിൽ (Contagion Crowd Theory) അദ്ദേഹം പറയുന്നത്, ജനക്കൂട്ടം തന്റെ പങ്കാളികളിൽ ഒരു ഹിപ്നോട്ടിക് സ്വാധീനം ചെലുത്തുന്നുണ്ട് എന്നതാണ്. ലീബോണിന്റെ കാലത്ത് വ്യവസായവൽക്കരണം സാമൂഹികഘടനകളിലും ജോലിരീതികളിലും രാഷ്ട്രീയ നേതൃത്വത്തിലും മാറ്റങ്ങൾക്ക് കാരണമായി. പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും കലാപങ്ങൾക്കും കാരണമാകുന്ന ജനക്കൂട്ടങ്ങളുടെ മനശാസ്ത്രത്തെക്കുറിച്ച് ലീബോൺ, ദി ക്രൗഡ്: എ സ്റ്റഡി ഓഫ് ദ പോപ്പുലർ മൈൻഡ് (The crowd :A study of the popular mind) എന്ന് തൻ്റെ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഇവിടെ ജനങ്ങൾ അവർ അനുഭവിക്കുന്ന ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കും എതിരായി സമരങ്ങളും കലാപങ്ങളുമായി ഒരു ജനക്കൂട്ടമായി മാറുന്നതിനെ പറ്റിയാണ് സൂചിപ്പിക്കുന്നതെങ്കിലും വി.എസിന്റെ കാര്യത്തിൽ ഈ തിയറിയുമായി കണക്ട് ചെയ്യാമെന്ന് തോന്നുന്നു. ലീബോൺ നേതൃത്വത്തിന്റെ കാര്യവും സൂചിപ്പിക്കുന്നുണ്ട്. നേതാക്കൾക്ക് ഒരു ജനക്കൂട്ടത്തെ അവരുടെ ആശയങ്ങൾ കൊണ്ട് ആകർഷിക്കാനും സ്വാധീനിക്കാനും അവരുടെ വികാരങ്ങളെ ഉത്തേജിപ്പിക്കാനും സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്. അത്തരത്തിൽ ഒരു ജനക്കൂട്ടത്തെ സൃഷ്ടിച്ചെടുക്കാനും ഹിപ്നോട്ടിക് സ്വാധീനം ഉണ്ടാക്കിയെടുക്കാനും വി.എസിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിൻെറ നിലപാടുകളേയും സമീപനങ്ങളെയും ഇന്നും ജനങ്ങൾ ഇഷ്ടപ്പെടുന്നതും അവ ഉയർത്തിപ്പിടിക്കുന്നതും.
ആളുകളുടെ മനസ്സിനുള്ളിലും വിപ്ലവം സൃഷ്ടിക്കാൻ വി.എസിന് സാധിച്ചിട്ടുണ്ട്. എല്ലാവരും നിരത്തിലിറങ്ങി സമരം ചെയ്യണമെന്നോ വിപ്ലവപ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നോ ഇല്ല. ചിന്തകളിലൂടെയും ആശയങ്ങളിലൂടെയും കാഴ്ചപ്പാടുകളിലൂടെയും വളർന്നുവരുന്ന ഒരു വിപ്ലവവും വലിയ മാറ്റങ്ങൾ തന്നെയാണ് സൃഷ്ടിക്കുന്നത്. പുതുതലമുറയ്ക്കും വി.എസ് വലിയൊരു പാഠമാണ്. അത്തരത്തിൽ മനശാസ്ത്രപരമായ ഒരു വിപ്ലവം ആളുകൾക്കിടയിൽ സൃഷ്ടിക്കുന്നതിൽ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. തീവ്ര വലതുപക്ഷ ഫാസിസ്റ്റ് രാഷ്ട്രീയം ഇന്ത്യയിൽ എമ്പാടും അതിൻ്റെ പിടിമുറുക്കുകയാണ്. തന്റെ ജീവിതകാലയളവിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ആശയങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ട് ഇത്തരത്തിലുള്ള വലതുപക്ഷ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ ഒരിഞ്ച് പോലും പതറാതെ നിന്നു വിഎസ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയവും ജീവിതവും പുതിയ തലമുറയ്ക്കും രാഷ്ട്രീയ പ്രവർത്തകർക്കും എല്ലാം ഒരു ഓർമ്മപ്പെടുത്തലാണ്. അത്തരത്തിലൊരു വൈകാരികമായ അടുപ്പം ആളുകളുമായി സൃഷ്ടിക്കാൻ വി.എസിന് സാധിച്ചിട്ടുണ്ട്. 'നമ്മൾക്ക് വേണ്ടി നമ്മൾ എന്തൊക്കെയാണോ ചെയ്തത് മരണശേഷം അതും നമ്മോടൊപ്പം ഇല്ലാതാകുന്നു. മറ്റുള്ളവർക്ക് വേണ്ടി എന്താണ് നമ്മൾ ചെയ്തത് അത് മരണമില്ലാതെ അവശേഷിക്കുന്നു' എന്നാണ് ആൽബർട്ട് പൈക് പറഞ്ഞുവെക്കുന്നത്. തന്റെ മുഴുവൻ ജീവിതവും മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച വി.എസിൻ്റെ ഓർമ്മകൾ അതുകൊണ്ടുതന്നെയാണ് മരണമില്ലാതെ അവശേഷിക്കുന്നതും.
ഈയടുത്ത് കണ്ട 'ടൂറിസ്റ്റ് ഫാമിലി' എന്ന തമിഴ് സിനിമയിൽ അവസാനം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. 'ഒരു മനുഷ്യൻ്റെ പിറകിൽ ഒരു കൂട്ടം വരുന്നുണ്ടെങ്കിൽ അതിനുകാരണം ഒന്നുകിൽ പവർ ആയിരിക്കും അല്ലെങ്കിൽ പണമായിരിക്കും. ഇതൊന്നുമല്ലാതെ ഒരാളുടെ പുറകിൽ ഒരു കൂട്ടം വരുന്നുണ്ടെങ്കിൽ അതിനുകാരണം അയാളുടെ മനസ്സാണ്. അത്തരത്തിൽ ഒരാളെ ഞാൻ കണ്ടിട്ടില്ല. അത് നിങ്ങളാണ്' എന്നാണ് സിനിമയുടെ അവസാനം പോലീസ് ഉദ്യോഗസ്ഥൻ നായകനോട് പറഞ്ഞുവെക്കുന്നത്.
എൻ്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയ്ക്ക് ഞാൻ അത്തരത്തിൽ ഒരാളെ കണ്ടത് ഇപ്പോഴാണ്. മരണശേഷവും അയാളുടെ പുറകെ ഇത്രയും അധികം ആളുകൾ വരുന്നുണ്ടെങ്കിൽ അതിനുകാരണം വിഎസിന്റെ മനസ്സ് തന്നെയാണ്.

ഇമോഷണൽ ബോണ്ടും ഹൃദയവും
അറ്റാച്മെന്റ് തിയറികൾ പ്രധാനമായും ആളുകൾ തമ്മിലുള്ള അറ്റാച്ച്മെന്റുകളെയും അതിൻ്റെ പ്രാധാന്യത്തെയും പറ്റിയാണ് പ്രതിപാദിക്കുന്നത്. സൈക്കോളജിസ്റ്റായ ജോൺ ബോൾബി മനുഷ്യർക്കിടയിൽ ഏറ്റവുമധികം നിലനിൽക്കുന്ന സൈക്കോളജിക്കൽ കണക്ഷൻ ആയാണ് അറ്റാച്ച്മെന്റിനെ വിശദീകരിക്കുന്നത്. ഒരാൾക്ക് മറ്റൊരാളുമായി അനുഭവപ്പെടുന്ന ഒരു വൈകാരികമായ അടുപ്പത്തെയാണ് അറ്റാച്ച്മെന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. അമ്മയും കുഞ്ഞും തമ്മിലുള്ള ബോണ്ട് എങ്ങനെയാണ് ഒരു ജീവിതകാലം മുഴുവൻ ഉള്ള ആളുകളുടെ ഇത്തരത്തിലുള്ള അറ്റാച്ച്മെന്റിനെ രൂപീകരിക്കുന്നത് എന്നാണ് ബോൾബി തന്റെ തിയറിയിൽ പറഞ്ഞു വെക്കുന്നത്. തങ്ങൾക്ക് സുരക്ഷിതത്വം തോന്നുകയും സ്നേഹം അനുഭവപ്പെടുകയും തോന്നുന്ന ഒരാളോടാണ് കൂടുതലായും ഇത്തരത്തിലുള്ള വൈകാരികമായ അടുപ്പങ്ങൾ ആളുകൾക്ക് തോന്നുന്നത്. അത്തരത്തിൽ ഒരു അടുപ്പം വി.എസുമായി ഒരു വലിയ വിഭാഗം ആളുകൾക്ക് രൂപപ്പെടുക എന്നത് ചെറിയ കാര്യമല്ല. അത് ഏതെങ്കിലും തരത്തിൽ ആളുകളെ പോസിറ്റീവായി സ്വാധീനിക്കുന്നതും ആണ്. നേരിട്ട് കാണുകയും സംസാരിക്കുകയും അടുത്തിടപഴകുകയും ഒക്കെ ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള വൈകാരിക അടുപ്പങ്ങൾ രൂപപ്പെടുന്നത്. കേരളത്തിനുള്ളിലും പുറത്തുമുള്ള ജനങ്ങൾക്ക് അത്തരത്തിലുള്ള ഒരു വൈകാരിക അടുപ്പം നേരിട്ട് കാണാതെയും അടുത്തിടപഴകാതെയും സംസാരിക്കാതെയും അദ്ദേഹത്തോട് തോന്നുന്നുണ്ടെങ്കിൽ, തങ്ങളിൽ ഒരാളായി അദ്ദേഹത്തെ കണക്കാക്കാനും അവസാന അഭിവാദ്യങ്ങൾ അർപ്പിക്കാനും ആളുകൾ ഒഴുകി വരുന്നുണ്ടെങ്കിൽ അവയെ ഏതുതരം മനഃശാസ്ത്ര തിയറി കൊണ്ട് വിശദീകരിക്കാനാകുമെന്ന് അറിയില്ല.
വിവേകത്തിന് പകരം വികാരപരമായി പെരുമാറുക എന്നതാണ് ആൾക്കൂട്ടത്തിന്റെ മനശാസ്ത്രം എന്ന് പൊതുവേ തിയറികളിലും പഠനങ്ങളിലും പറയുന്നുണ്ട്. 'ഫാസിസത്തിന്റെ ആൾക്കൂട്ട മന:ശാസ്ത്രം' എന്ന പേരിൽ പുസ്തകം എഴുതിയ കമ്മ്യൂണിസ്റ്റുകാരനും സൈക്കോ അനലിസ്റ്റുമായിരുന്ന വില്യം റീച്ച് (wilhelm Reich) ഇതിനെപ്പറ്റി കൂടുതൽ വിശദീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഫാസിസത്തിനെതിരെ ചെയ്യാനാകുന്നത് ജനങ്ങളെ ചേർത്ത് നിർത്താൻ സാധിക്കുന്ന അവസ്ഥയിലേക്ക് മാറുക എന്നതാണ്. വികാരപരമായി ജനങ്ങളുമായി ബന്ധം സ്ഥാപിക്കാൻ കഴിയുമ്പോൾ അവർ ഗുസ്താവ് ലീ ബോൺ പറഞ്ഞതുപോലെ പ്രതികരിക്കുന്നതിനായും സമരത്തിനായും ജനക്കൂട്ടമായി മാറുന്നു. അത്തരത്തിൽ ഒരു ബന്ധം ജനങ്ങളുമായി സ്ഥാപിക്കാൻ നേതാക്കൾക്ക് സാധിക്കുമെന്നതിന്റെ സാക്ഷ്യമാണ് വി.എസ്.
മരണത്തിന് ശേഷമുള്ള അപവാദപ്രചാരണങ്ങൾ
നേരത്തെ പറഞ്ഞുവെച്ച പോലെതന്നെ ഈ ആൾക്കൂട്ടം പുതുതലമുറയോടും കേരളമെമ്പാടുമുള്ള ജനങ്ങളോടും പറഞ്ഞുവെക്കുന്ന ചില സന്ദേശങ്ങളുണ്ട്. ജീവിതത്തെ തന്നെ സമരമാക്കുകയും കേരളത്തെ ഇത്രയധികം സ്വാധീനിക്കുകയും ചെയ്ത ഒരു വിപ്ലവകാരി മരണപ്പെടുമ്പോൾ അദ്ദേഹത്തെ ഓർക്കുകയും അദ്ദേഹത്തിന്റെ സംഭാവനകളെ സ്മരിക്കുകയും ചെയ്യുക എന്നതാണ് ചെയ്യാനാകുന്നത്. അവിടെയും വർഗീയതയും വെറുപ്പും പടർത്തുക എന്നത് മനുഷ്യഗുണമായി കണക്കാക്കാൻ സാധിക്കില്ല. സോഷ്യൽ മീഡിയയിൽ ജനങ്ങൾ അദ്ദേഹത്തെ ഓർമിക്കുമ്പോൾ ചിലർക്കത് വർഗീയതക്കുള്ള ഇടമാകുന്നു. അത്തരത്തിലുള്ള മനുഷ്യരുടെ മനസ് വികൃതമാണ്. ഒരാളുടെ മരണത്തിൽ പോലും വൈകൃതം മറ്റുള്ളവരിലേക്കും പടർത്താൻ ശ്രമിക്കുകയാണ് ഇവർ. കേരളത്തിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന വർഗീയതയുടെ മുന്നറിയിപ്പ് കൂടി വി.എസിന്റെ മരണം നൽകുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാർ മരണപ്പെടുമ്പോൾ അവസാന കമ്മ്യൂണിസ്റ്റ് എന്ന് ആവർത്തിച്ചു പറഞ്ഞ് വലതുപക്ഷ ആശയങ്ങളെ പ്രബലപ്പെടുത്താൻ നടത്തുന്ന നീക്കങ്ങളെയും ശ്രദ്ധയോടുകൂടി വിശകലനം ചെയ്യേണ്ടതുണ്ട്.

ഈ ആൾക്കൂട്ടത്തിന് ഒരു സവിശേഷതയുണ്ട്. വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയോ വിളിച്ചു മുന്നേ സജ്ജമാക്കിയോ ഒന്നും ഉണ്ടായി വരുന്നതല്ല ഇത്. മനുഷ്യരെ മനസ്സിലാക്കുകയും അവരോടൊപ്പം നിൽക്കുകയും അവരുടെ ആവശ്യങ്ങൾക്കായി പോരാടുകയും ചെയ്യുന്നവരെ എന്നും നെഞ്ചോട് ചേർത്ത് വയ്ക്കാൻ ആളുകൾ തയ്യാറാകും. സഖാവ് എന്നത് ആളുകൾക്കിടയിൽ നൈസർഗികമായി രൂപാന്തരപ്പെടുന്ന ഒരു ബന്ധമാകുന്നു, ഒപ്പം ഒരു അടയാളപ്പെടുത്തലും. തൻ്റെ ജനങ്ങളെ ഒരിക്കലും ഒറ്റക്കാക്കില്ലെന്നും അവരോടൊപ്പം മരണംവരെയും അതിനപ്പുറവും നിലനിൽക്കുമെന്നുുള്ള സാക്ഷ്യപ്പെടുത്തൽ കൂടിയാണ് സഖാവ് വി.എസ് സമ്മാനിക്കുന്നത്. അനുശോചന യോഗത്തിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബിയും മുഖ്യമന്ത്രി പിണറായി വിജയനും സൂചിപ്പിച്ച കാര്യം കൂടി ഇവിടെ പ്രസക്തമാണ്. വി.എസിൻെറ ശൂന്യത നികത്താൻ ഒറ്റയ്ക്ക് ഒരാളെ കൊണ്ട് സാധ്യമാകില്ല, കൂട്ടായ പരിശ്രമങ്ങളിലൂടെയേ സാധിക്കൂ. ജനക്കൂട്ടം ആ അർത്ഥത്തിൽ പാകപ്പെടുമ്പോഴാണ് യഥാർത്ഥ അന്ത്യാഞ്ജലി സാർത്ഥകമാവുകയും വിഎസിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയും ചെയ്യുന്നത്.
