അമ്മച്ചിയിലൂടെ
എന്നിലേക്കുവന്ന
സഖാവ്

‘‘രാവിലെ എഴുന്നേറ്റ് കട്ടൻകാപ്പിയുണ്ടാക്കി ഭർത്താവിനും മക്കൾക്കും കൊടുക്കുന്നതുമാത്രം അജണ്ടയല്ലാതെ, സ്വന്തം ചായക്കപ്പുമായി ഏതാണ്ട് ഒരു മണിക്കൂറിലധികം പത്രം വായിച്ച് വീടിന്റെ വരാന്തയിലിരുന്നിരുന്ന എന്റെ അമ്മച്ചിയിലൂടെയാണ് ഞാൻ കുട്ടിക്കാലം മുതൽ വി.എസിനെ അറിയാൻ തുടങ്ങിയത്’’- വി.എസ് അച്യുതാനന്ദന്റെ നിലപാടുകളി​ലെ മനുഷ്യപക്ഷത്തെയും സ്ത്രീപക്ഷത്തെയും വിശകലനം ​ചെയ്യുന്നു സോയ തോമസ്.

വി.എസ്. അച്യുതാനന്ദനെ വ്യക്തിപരമായി അടുത്തറിയുന്ന ആളല്ല ഞാൻ. പക്ഷേ രാവിലെ എഴുന്നേറ്റ് കട്ടൻകാപ്പിയുണ്ടാക്കി ഭർത്താവിനും മക്കൾക്കും കൊടുക്കുന്നതുമാത്രം അജണ്ടയല്ലാതെ, സ്വന്തം ചായക്കപ്പുമായി ഏതാണ്ട് ഒരു മണിക്കൂറിലധികം പത്രം വായിച്ച് വീടിന്റെ വരാന്തയിലിരുന്നിരുന്ന എന്റെ അമ്മച്ചിയിലൂടെയാണ്- അച്ഛന്റെ അമ്മ- ഞാൻ കുട്ടിക്കാലം മുതൽ വി.എസിനെ അറിയാൻ തുടങ്ങിയത്. ഓരോരുത്തരുടേയും രാഷ്ട്രീയ ജീവിതത്തെ വ്യക്തിപരമായി വിലയിരുത്തി സംസാരിക്കുമായിരുന്നു അവർ. അമ്മച്ചിയുടെ രാഷ്ട്രീയവായനകളാണ് വി.എസിനെ എന്റെ ചിന്തയിലെ രാഷ്ട്രീയബോധത്തിൽ ആദ്യമായി കൊണ്ടുവന്നത്. അദ്ദേഹം ഒരു നേതാവായിരുന്നുവെങ്കിലും, പാവപ്പെട്ടവരുടെ പ്രതിനിധിയായി തന്നെ കോൺഗ്രസ്സുകാരിയായ അമ്മച്ചിയുടെ ചിന്തയിൽ നിലകൊണ്ടിരുന്നു. പതിയെ സഖാവ് എന്ന വാക്കിൻ്റെ ശരിയായ അർത്ഥം അദ്ദേഹത്തിൻ്റെ ഇടപെടലുകളിലൂടെ ഞാൻ മനസ്സിലാക്കി.

സഖാക്കളും ഇടതുപക്ഷ പ്രവർത്തകരും സ്ഥിരം കൂടിയിരുന്ന വീടായിരുന്നു ഞങ്ങളു​ടേത്. കർഷക തൊഴിലാളികളും യൂണിയൻ പ്രവർത്തകരും പാർട്ടി പ്രവർത്തകരും ജാഥകളുടെയും മറ്റ് പ്രചാരണ പരിപാടികളുടെയും ഭാഗമായി ഇടവേളകൾക്കായി ഞങ്ങളുടെ വീട്ടിൽ ഊണു കഴിക്കാനും വിശ്രമിക്കാനും കമ്മിറ്റി കൂടാനും എത്തും. കോൺഗ്രസുകാരിയായ അമ്മയുടെ മകൻ (എൻ്റെ അപ്പൻ) ഒരു ഇടതുപക്ഷ പ്രവർത്തകനായിരുന്നതുകൊണ്ടാണ് ഈ ബന്ധം. അങ്ങനെ, കർഷക തൊഴിലാളികൾ വി.എസിനെ കുറിച്ച് വാതോരാതെ പറയുന്നത് ബാല്യത്തിൽ തന്നെ കേട്ടിരുന്നു.

ഒരു പരിപാടിയുടെ ഭാഗമായി എൽ.ഡി.എഫ് സഖാക്കൾക്കൊപ്പം നാട്ടിലെത്തിയ വി.എസ് ഇപ്പോഴും ഓർമ്മയിലുണ്ട്. ചെറിയ കുട്ടിയായിരുന്ന ഞാനും അദ്ദേഹത്തെ കേൾക്കാൻ ആൾക്കൂട്ടത്തിലൊരാളായി. കഴിഞ്ഞദിവസം തിരുവനന്തപുരം പട്ടം ജംഗ്ഷനിൽ അദ്ദേഹത്തെ യാത്രയാക്കാൻ ജനാവലിയിൽ ചേർന്നപ്പോൾ ആ ഓർമ്മ മടങ്ങിവന്നു. മൂന്നാറിലും മലമ്പുഴയിലും അദ്ദേഹത്തെ കേട്ടപ്പോഴുണ്ടായ ജനാരവമല്ല അവിടെ കണ്ടത്. അന്ത്യാഭിവാദ്യങ്ങളിലെ നിശ്ശബ്ദതയും മൂകതയും. പല തലമുറകളിലെ ജനങ്ങൾ കണ്ട കമ്മ്യൂണിസ്റ്റ് പോരാളിയുടെ ഒരു നൂറ്റാണ്ട് ഒഴിഞ്ഞു പോയിരിക്കുന്നു.

വി.എസ് ഒരു നേതാവായിരുന്നുവെങ്കിലും, പാവപ്പെട്ടവരുടെ പ്രതിനിധിയായി തന്നെ കോൺഗ്രസ്സുകാരിയായ അമ്മച്ചിയുടെ ചിന്തയിൽ നിലകൊണ്ടിരുന്നു. പതിയെ സഖാവ് എന്ന വാക്കിൻ്റെ  ശരിയായ അർത്ഥം അദ്ദേഹത്തിൻ്റെ ഇടപെടലുകളിലൂടെ ഞാൻ മനസ്സിലാക്കി.
വി.എസ് ഒരു നേതാവായിരുന്നുവെങ്കിലും, പാവപ്പെട്ടവരുടെ പ്രതിനിധിയായി തന്നെ കോൺഗ്രസ്സുകാരിയായ അമ്മച്ചിയുടെ ചിന്തയിൽ നിലകൊണ്ടിരുന്നു. പതിയെ സഖാവ് എന്ന വാക്കിൻ്റെ ശരിയായ അർത്ഥം അദ്ദേഹത്തിൻ്റെ ഇടപെടലുകളിലൂടെ ഞാൻ മനസ്സിലാക്കി.

പണിയെടുക്കുന്ന സ്ത്രീകളെയും തൊഴിലാളികളുടെ ആത്മാവിനെയും സാമൂഹ്യനീതിയെയും അദ്ദേഹം എങ്ങനെ പ്രതിനിധീകരിച്ചുവെന്ന് വാർത്തകളിലൂടെയും മറ്റ് അനുഭവ കഥകളിലൂടെയും പുസ്തകങ്ങളിലൂടെയും സാമൂഹ്യ- അവകാശ പോരാട്ടങ്ങളിലൂടെയും മനസ്സിലാക്കാനും വിലയിരുത്താനുമായിട്ടുണ്ട്.

നിലപാടുകളുടെ മനുഷ്യൻ

വി.എസ്. അച്യുതാനന്ദന്റെ വിടവാങ്ങൽ ഒരു വ്യക്തിയുടെ യാത്രയാകലല്ല, ഒരു കാലഘട്ടത്തിന്റെ അവസാനമാണ്. ശരീരം ഇവിടെ നിന്ന് വിടുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം ജനമനസ്സുകളിൽ തുടരും; പ്രത്യേകിച്ച് തൊഴിലാളികളുടെ, അടിസ്ഥാന വർഗ്ഗത്തിൻ്റെ, ദുരിതമനുഭവിക്കുന്നവരുടെ ജീവിതത്തിൽ. ആ ജീവിതം മുഴുവൻ അനീതിക്കും അസമത്വങ്ങൾക്കും അവകാശ ധ്വംസനങ്ങൾക്കും എതിരായ പോരാട്ടമായിരുന്നു. അതിൽ സ്ത്രീകളും അവരുടെ അവകാശങ്ങളും പലപ്പോഴും പ്രതിഫലിക്കപ്പെട്ടിട്ടുണ്ട്. അവർക്കു വേണ്ടിയും ഉറച്ചുനിന്ന ഒരാൾ എന്ന അടയാളം വി.എസ്. അച്യുതാനന്ദനില്‍ ദൃഢമായി നിറഞ്ഞുനിന്നു. അഴിയാത്ത നിലപാടുകളുടെ ഉടമയായി നിന്നതിൻ്റെ പ്രതിഫലനമാണ് അദ്ദേഹത്തിന് കേരളം നൽകുന്ന യാത്രയയപ്പ്.

കൂടാരങ്ങൾ പൊളിയുമ്പോൾ പോലും അദ്ദേഹം നിലപാട് വിട്ടില്ല. അതിന്റെ ഉജ്ജ്വല ഉദാഹരണമാണ് സൂര്യനെല്ലി സംഭവത്തിലെ പെൺകുട്ടി അഭിമുഖീകരിച്ച അപമാനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം സ്വീകരിച്ച നിശ്ചയദാർഢ്യമുള്ള നിലപാട്. സ്ത്രീയെ കുറ്റക്കാരിയാക്കുന്ന ഒരു സമൂഹത്തിൽ “പീഡിപ്പിക്കപ്പെട്ടവളല്ല ശിക്ഷിക്കപ്പെടേണ്ടത്, മറിച്ച് അതിന് ഉത്തരവാദികളായവരാണ്” എന്ന് മുഖ്യമന്ത്രി പദത്തിലെത്തിയശേഷമുള്ള പൊതുപ്രഖ്യാപനം, പല സ്ത്രീകളും ഒറ്റപ്പെട്ട് നിലവിളിക്കേണ്ടിവന്ന നിമിഷങ്ങളിൽ, അവർക്കുവേണ്ടി ഉയർന്ന ശബ്ദമായി മാറി.

വി.എസ്. അച്യുതാനന്ദന്റെ വിടവാങ്ങൽ ഒരു വ്യക്തിയുടെ യാത്രയാകലല്ല, ഒരു കാലഘട്ടത്തിന്റെ അവസാനമാണ്. ശരീരം ഇവിടെ നിന്ന് വിടുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം ജനമനസ്സുകളിൽ തുടരും.
വി.എസ്. അച്യുതാനന്ദന്റെ വിടവാങ്ങൽ ഒരു വ്യക്തിയുടെ യാത്രയാകലല്ല, ഒരു കാലഘട്ടത്തിന്റെ അവസാനമാണ്. ശരീരം ഇവിടെ നിന്ന് വിടുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം ജനമനസ്സുകളിൽ തുടരും.

രാഷ്ട്രീയ മനുഷ്യത്വത്തിന്റെ മുഖം

വി.എസ് തൻ്റെ ധൈര്യം കാണിച്ചത് കെ.കെ. രമയോടുള്ള ഐക്യദാർഢ്യത്തിലൂടെയും കൂടിയാണ്. രാഷ്ട്രീയ കൊലയ്ക്കുശേഷം പാർട്ടിയിൽനിന്നുള്ള സമ്മർദ്ദം അവഗണിച്ച്, രമയെ പിന്തുണച്ച്, അവരെ ചേർത്തുപിടിച്ചത്, നേതാവെന്നതിനേക്കാൾ മനുഷ്യനെന്ന നിലയിലായിരുന്നു. അത് രാഷ്ട്രീയത്തിൽ പ്രതിനിധികളില്ലാതെ നിന്ന സ്ത്രീകൾക്ക് പ്രതീക്ഷയായും ആശ്വാസമായും അനുഭവപ്പെട്ടു.

2015-ൽ മൂന്നാറിൽ നടന്ന പൊമ്പിളൈ ഒരുമൈ സമരത്തിലൂടെ തൊഴിലാളി പെൺശബ്ദം പൊതു പ്രതിരോധത്തിന്റെ പ്രതീകമായി ഉയർന്നു. ആ സമരം കേരളത്തിലെ സ്ത്രീതൊഴിലാളികളുടെ ജീവചരിത്രത്തിലെയും തൊഴിലാളി പ്രക്ഷോഭ ചരിത്രത്തിലെയും നാഴികക്കല്ലായിരുന്നു. പാർട്ടി യൂണിയനുകളുടെ ഭാഗമല്ലാതെയും പിന്തുണയില്ലാതെയും നടന്ന അത്തരമൊരു സമരത്തിന് മനസ്സ് തുറന്ന് ഐക്യദാർഢ്യമർപ്പിച്ചത് വി.എസ്. അച്യുതാനന്ദനായിരുന്നു. ആവശ്യങ്ങളുടെ ന്യായത്തെയും സമരത്തിന്റെ ആത്മാർത്ഥതയെയും അദ്ദേഹം തുറന്ന് അംഗീകരിച്ചു. ‘അവർ ശബ്ദമില്ലാതെ ജീവിച്ചതിനാൽ ശബ്ദമിട്ട് എഴുന്നേറ്റിരിക്കുന്നു’ എന്നു പറഞ്ഞ്, പാർട്ടി തീരുമാനങ്ങളേക്കാൾ സാമൂഹിക നീതിയെ മുന്നിൽവെച്ചു. അവകാശ നിഷേധ രാഷ്ട്രീയത്തെ ചോദ്യം ചെയ്ത്, വി.എസ് ഒരിക്കൽ കൂടി 'ജനപക്ഷ നായക'നായി ഉയർന്നുനിന്നു.

ഭൂമിയുടെ അവകാശികൾക്കായി
ഒറ്റപ്പെട്ട ശബ്ദം

ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിലപാടുകളാണ് വി.എസ്. അച്യുതാനന്ദൻ്റെ രാഷ്ട്രീയജീവിതത്തെ രൂപപ്പെടുത്തിയ പ്രധാന ഘടകങ്ങളിലൊന്ന്. ഭൂരഹിതർക്കായി നിലപാടെടുക്കുമ്പോഴും, ഭൂമി കൈയേറുന്നവരെ നേരിടാനും ഭയപ്പെട്ടില്ല. മുത്തങ്ങ, കൂടംകുളം, പൂയംകുട്ടി, മൂന്നാർ മിഷൻ പോലെയുള്ള വിഷയങ്ങളിൽ സ്വീകരിച്ച ത്വരിത ഇടപെടലുകൾ അദ്ദേഹത്തെ പരിസ്ഥിതി നീതിന്യായത്തിന്റെ നായകനാക്കി. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക തനിമ നിലനിർത്താൻ- പ്രത്യേകിച്ച് മതികെട്ടാൻ ചോലയുടെ സംരക്ഷണത്തിനായി- അദ്ദേഹം നിലകൊണ്ടു. സർക്കാർഭൂമി ദലിതർക്കും ആദിവാസികൾക്കും അനുവദിക്കണമെന്ന നിലപാട്, ജീവിതാവകാശമായി ഭൂമിയെ കണക്കാക്കുന്ന സാമൂഹിക ദർശനമെന്ന നിലയ്ക്ക് വേറിട്ടുനിന്നു.

ആറളം, മുത്തങ്ങ പോലുള്ള പ്രശ്നങ്ങളിലെ വി.എസിന്റെ ഇടപെടൽ ഭരണാധികാരിയുടെ ജനപക്ഷ നിലപാടിന്റെ പ്രതീകമായിരുന്നു. സൈലൻ്റ് വാലി നാഷനൽ പാർക്ക് സംരക്ഷണത്തിൽ അദ്ദേഹം തുടക്കത്തിൽ സ്വീകരിച്ച നിലപാടും പിന്നീട് അതിനെ പിന്തുണച്ചതും ഉദാഹരണം. ലക്ഷദ്വീപിൽ അനുമതിയില്ലാതെ നടക്കുന്ന വ്യാവസായിക മത്സ്യബന്ധനത്തിനെതിരെ ശക്തമായ വിമർശനവുമായി അദ്ദേഹം രംഗത്തെത്തി. എൻഡോസൾഫാൻ പ്രതിഷേധസമരത്തിന് വി.എസ് നല്‍കിയ പിന്തുണ, വന്യജീവികളും മനുഷ്യരുമൊക്കെ പങ്കുവെക്കുന്ന പരിസ്ഥിതി ധർമത്തിലധിഷ്ഠിതമായ ബഹുജനാരോഗ്യത്തിനു വേണ്ടി കൈക്കൊണ്ട നിലപാടായിരുന്നു.

പാർട്ടി ജനങ്ങൾക്കുവേണ്ടിയാണ്…

“ജനപ്രിയത നേടുന്നുവെങ്കിൽ അതിനെ വ്യക്തിഗത രാഷ്ട്രീയ ലാഭമെന്നല്ല, ജനങ്ങളുടെ നീതി തേടലായാണ് കാണേണ്ടത്" എന്നായിരുന്നു വി.എസിന്റെ നിലപാട്. വിവാദമായ പല കേസുകളിലും എടുത്ത ശക്തമായ നിലപാട് അദ്ദേഹത്തെ നിരവധി നേതൃത്വകലാപങ്ങളിലേക്കും വിമർശനങ്ങളിലേക്കും തള്ളിയിട്ടുവെങ്കിലും, ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടിയിരുന്നു. ജനങ്ങൾക്കുവേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടി നിലകൊള്ളണമെന്ന കമ്മ്യൂണിസ്റ്റ് ആശയം ജീവിതത്തിലേറ്റിയ അദ്ദേഹം, അത് ആവർത്തിച്ചുകൊണ്ടിരുന്നു.

വി.എസ് തൻ്റെ ധൈര്യം കാണിച്ചത് കെ.കെ. രമയോടുള്ള ഐക്യദാർഢ്യത്തിലൂടെയും കൂടിയാണ്. രാഷ്ട്രീയ കൊലയ്ക്കുശേഷം പാർട്ടിയിൽനിന്നുള്ള സമ്മർദ്ദം അവഗണിച്ച്, രമയെ പിന്തുണച്ച്, അവരെ ചേർത്തുപിടിച്ചത്, നേതാവെന്നതിനേക്കാൾ  മനുഷ്യനെന്ന നിലയിലായിരുന്നു.
വി.എസ് തൻ്റെ ധൈര്യം കാണിച്ചത് കെ.കെ. രമയോടുള്ള ഐക്യദാർഢ്യത്തിലൂടെയും കൂടിയാണ്. രാഷ്ട്രീയ കൊലയ്ക്കുശേഷം പാർട്ടിയിൽനിന്നുള്ള സമ്മർദ്ദം അവഗണിച്ച്, രമയെ പിന്തുണച്ച്, അവരെ ചേർത്തുപിടിച്ചത്, നേതാവെന്നതിനേക്കാൾ മനുഷ്യനെന്ന നിലയിലായിരുന്നു.

പ്രഖ്യാപനങ്ങളും പ്രസ്താവനകളും മാത്രമല്ല, ആ നിലപാടിന്റെ തുടർച്ചയും ശക്തിയുമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയപാത. നിലനിൽക്കുന്ന നിയമങ്ങളും നയങ്ങളും എല്ലാവരുടേയും സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നില്ലെന്ന് കാണുമ്പോൾ, വി.എസിന്റെ ശബ്ദം നിയമരചനകളെ പോലും ബാധിക്കുന്ന നിലയിലാകുന്നത് കാണാം. തൊഴിലാളികളുടെ അവകാശങ്ങൾ, ഭൂസമരങ്ങൾ, വനിതാ പങ്കാളിത്തം, പൊതുജനാരോഗ്യരംഗത്തെ ഇടപെടലുകൾ — ഇവയൊക്കെ നേരിട്ട് എല്ലാ മനുഷ്യരുടെയും ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്നവയാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

അതേസമയം, എല്ലാ സാഹചര്യങ്ങളിലും അദ്ദേഹം ഫെമിനിസ്റ്റ് ദർശനങ്ങൾ ഉൾക്കൊണ്ട നേതാവായിരുന്നെന്ന് പറയാൻ നാം മടിയ്ക്കണം. ചില ഘട്ടങ്ങളിൽ പരമ്പരാഗത നിലപാടുകൾ അദ്ദേഹത്തെയും ബാധിച്ചിട്ടുണ്ട്. പക്ഷേ, അധികംപേർ മൗനം പാലിച്ച സാഹചര്യങ്ങളിലും, ഏറ്റവും ഒറ്റപ്പെട്ടവർക്കായി നിലകൊള്ളാനുള്ള ധൈര്യവും മനുഷ്യത്വവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പരിമിതികളോടൊപ്പം, ആത്മസത്യത്തിൻ്റെ പ്രതിഫലനങ്ങൾ ജീവിതത്തിലുടനീടം കാണാനായിട്ടുണ്ട്.

അധികാരവും സ്വാധീനശേഷിയുള്ളവരുമായ ആളുകൾക്കെതിരെ സാധാരണ സ്ത്രീകളുടെയും പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും പക്ഷത്തുനിന്നുകൊണ്ട് അക്ഷരാർത്ഥത്തിൽ ശബ്ദമുയർത്തിയ അപൂർവ നേതാവായാണ് ഞാൻ വി.എസിനെ കാണുന്നത്.

അമ്മച്ചിയുടെ കാഴ്ചപ്പാട്
എന്റെ കണ്ണായപ്പോൾ

വ്യക്തിപരമായി, എനിക്ക് രാഷ്ട്രീയമായ വ്യത്യസ്ത ധാരണകളും വിശ്വാസവും സ്വതന്ത്ര അഭിപ്രായവുമുണ്ട്. ഒരു രാഷ്ട്രീയ നേതാവിന്റെ ഔന്നത്യം അധികാരത്തിലല്ല, മറിച്ച് ജനങ്ങളോടും ഭൂമിയോടുമുള്ള ഉത്തരവാദിത്തത്തിലൂടെയാണ് സ്ഥാപിക്കപ്പെടേണ്ടതെന്ന് ഞാൻ വിചാരിക്കുന്നു. ഈ ദാർശനികതയ്ക്ക് ദൃശ്യരൂപം നൽകിയത് വി.എസ്. അച്യുതാനന്ദനായിരുന്നു.

അധികാരവും സ്വാധീനശേഷിയുള്ളവരുമായ ആളുകൾക്കെതിരെ സാധാരണ സ്ത്രീകളുടെയും പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും പക്ഷത്തുനിന്നുകൊണ്ട് അക്ഷരാർത്ഥത്തിൽ ശബ്ദമുയർത്തിയ അപൂർവ നേതാവായാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ഭരണകർത്താവ് എന്ന നിലയിൽ ചിലപ്പോൾ പൊതുവെ പ്രതീക്ഷിക്കപ്പെടുന്ന നിഷ്ഠയും രീതികളും അധികാരഘടനാപാലനവും അദ്ദേഹത്തിലുണ്ടാ ഉണ്ടായിരുന്നുവോ എന്നത് ഉറപ്പിച്ച് പറയാനാവില്ല. പക്ഷേ കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെ രൂപപ്പെട്ട, കമ്മ്യൂണിസം എന്തെന്ന് പഠിപ്പിച്ച, ഒരു പച്ചയായ മനുഷ്യൻ വി.എസിലുണ്ടായിരുന്നു. ആദിവാസി സമരം ഉൾപ്പെടെയുള്ള അവകാശ പോരാട്ടങ്ങളിൽ നടത്തിയ സമയോചിതമായ സമീപനവും ഇടപെടലും, തന്റെ കമ്മ്യൂണിസ്റ്റ് നിലപാടിന്റെ പരിമിതികളെ ചോദ്യം ചെയ്യാനും നവീനമായ രാഷ്ട്രീയ വായനകളിലേക്ക് സഞ്ചരിക്കാനും വി.എസിനെ പ്രാപ്തനാക്കി.

ഒരു രാഷ്ട്രീയ നേതാവിന്റെ ഔന്നത്യം അധികാരത്തിലല്ല, മറിച്ച് ജനങ്ങളോടും ഭൂമിയോടുമുള്ള ഉത്തരവാദിത്തത്തിലൂടെയാണ് സ്ഥാപിക്കപ്പെടേണ്ടതെന്ന് ഞാൻ വിചാരിക്കുന്നു. ഈ ദാർശനികതയ്ക്ക് ദൃശ്യരൂപം നൽകിയത് വി.എസ്. അച്യുതാനന്ദനായിരുന്നു.
ഒരു രാഷ്ട്രീയ നേതാവിന്റെ ഔന്നത്യം അധികാരത്തിലല്ല, മറിച്ച് ജനങ്ങളോടും ഭൂമിയോടുമുള്ള ഉത്തരവാദിത്തത്തിലൂടെയാണ് സ്ഥാപിക്കപ്പെടേണ്ടതെന്ന് ഞാൻ വിചാരിക്കുന്നു. ഈ ദാർശനികതയ്ക്ക് ദൃശ്യരൂപം നൽകിയത് വി.എസ്. അച്യുതാനന്ദനായിരുന്നു.

‘നിരന്തരം പ്രതിപക്ഷമായിരിക്കുക’ എന്നത് സിദ്ധാന്തപരമായ നിലപാടായി പല രാഷ്ട്രീയ -സാമൂഹിക ചിന്തകരും പറയുന്നതായി കാണാം. എന്നാൽ കേരളത്തിലെ രാഷ്ട്രീയരംഗത്ത് അതിനെ ജീവിതത്തിൻ്റെ ആചാരമാക്കിയത് വി.എസ് ആണ്. അത് തൻ്റെ വരികളിലൂടെയും വി.എസ് വെളിവാക്കുന്നു:

“നിലനില്‍ക്കുന്ന വ്യവസ്ഥിതിയോട് കലഹിച്ചുകൊണ്ടും അതിന് കീഴ്‌പ്പെട്ടുകൊണ്ടും ജീവിക്കാം. കീഴ്‌പ്പെട്ടു ജീവിച്ചാല്‍ സമാധാനമുണ്ടാകും, ജീവിതം സംഘര്‍ഷമില്ലാതെ നീട്ടിക്കൊണ്ടുപോകാന്‍ കഴിയും എന്നാണ് ചിലര്‍ കരുതുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ നേരെ മറിച്ചാണ്. സമത്വത്തിനും സ്വാതന്ത്ര്യത്തിനും ജീവിതപുരോഗതിക്കുംവേണ്ടിയാണ് കമ്മ്യൂണിസ്റ്റുകാര്‍ നിലകൊള്ളുന്നത്. വെറുതെ നിലകൊള്ളുക മാത്രമല്ല, ആ ലക്ഷ്യം നേടുന്നതിനായി പോരാടുന്നു. നിലനില്‍ക്കുന്ന വ്യവസ്ഥിതിയോട്, യാഥാസ്ഥിതികത്വത്തോട് കലഹിക്കുന്നു. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാരന്‍ വിപ്ലവകാരിയാകുന്നത്. കമ്മ്യൂണിസ്റ്റുകാരന്, വിപ്ലവകാരിക്ക് ഇടവേളകളില്ല. സമരനിര്‍ഭരമാണ് അവരുടെ ജീവിതം. സമരത്തിൻ്റെ തുടർച്ചതന്നെയാണ് എനിക്ക് ഭരണവും”.

ഇങ്ങനെ എഴുതിയ വി.എസ്, ജനങ്ങൾക്ക് സമര സഖാവ് തന്നെയാണ്, ജനപ്രിയ രാഷ്ട്രീയത്തിൻ്റെ ഭരണസഖാവാണ്.

ഒരു നൂറ്റാണ്ടിൻ്റെ പോരാട്ടജീവനെ യാത്രയാക്കാൻ പാതയോരങ്ങളിൽ വിങ്ങലോടെ കാത്തുനിന്ന, ശരീരം വഹിച്ച വാഹനത്തിനൊപ്പം അല്പമെങ്കിലും നടന്ന - ഓടിയ യുവാക്കളും, സ്ത്രീകളും, ട്രാൻസ് ജെൻഡേഴ്സും, കുട്ടികളും, അടിസ്ഥാന വർഗ്ഗ മനുഷ്യരുമെല്ലാം, ഈ സമരസഖാവിനെ എത്രത്തോളം മനസ്സിലേറ്റിയിരുന്നു എന്നതിന് തെളിവാണ്. സമരവും ഭരണവും ഒന്നിച്ച് വഹിച്ച അനന്യനായ ഈ മനുഷ്യനെപ്പോലെ അദ്ദേഹത്തെ നെഞ്ചിലേറ്റിയ പുതിയ തലമുറയിൽ നിന്ന് ആരെങ്കിലുമൊക്കെ ഉയർന്നുവരും. ഒരു Influencer Politician എന്നതിനപ്പുറം Right based - Ethics driven Leader എന്ന നിലയിൽ ചരിത്രം പുതു തലമുറയുടെ ഉള്ളിൽ വി.എസിൻ്റെ ചിത്രം വരച്ചിട്ടുണ്ടാവും. അവരുടെ മുദ്രാവാക്യം വിളികളിൽ അത് നിറഞ്ഞുനിന്നിരുന്നു.

വർഗ്ഗരാഷ്ട്രീയത്തിലുള്ള വി.എസിന്റെ ആഴത്തിലുള്ള ചിന്ത women’s oppression-നെ മാത്രമല്ല വർഗ്ഗ - വർണ്ണ - ലിംഗ അടിസ്ഥാനത്തിലുള്ള എല്ലാ അടിച്ചമർത്തലുകളെയും ഒരു വ്യക്തിഗത വിഷയമായല്ലാതെ, ദാരിദ്ര്യത്തോടും അധികാര അസമത്വത്തോടും ചേർന്നുള്ള ഒരു വ്യവസ്ഥാപിത പ്രശ്‌നമായി കാണാൻ സഹായിച്ചു.

തുടർന്നുപോകുന്ന
തിരിച്ചറിവുകൾ

ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽനിന്ന് നോക്കുമ്പോൾ, വി.എസ്. അച്യുതാനന്ദൻ എന്ന വ്യക്തി മാത്രമല്ല, അദ്ദേഹത്തിന്റെ ധീരമായ നിലപാടുകളും ഔദ്യോഗികതയെ മറികടന്ന മനുഷ്യത്വവും നമുക്കുള്ള പിന്തുണയായാണ് തോന്നുന്നത്. സ്ത്രീകളുടെ അവകാശങ്ങളോടും നവ സാമൂഹ്യ പ്രസ്ഥാനങ്ങളോടും അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം സങ്കീര്‍ണമായിരുന്നു. ഇന്നത്തെ നിർവ്വചന അർത്ഥത്തിൽ അദ്ദേഹം അടിയുറച്ച ഫെമിനിസ്റ്റ് എന്ന നിലയിൽ എപ്പോഴും മുന്നിൽ നിന്നിരുന്നില്ലെങ്കിലും, സ്ത്രീന്യായത്തിന്റെ അടിസ്ഥാനസിദ്ധാന്തങ്ങളോട്‌ അനുഭവപരിചയം പുലർത്തുന്ന നിലപാടുകളും രാഷ്ട്രീയ പ്രവർത്തനങ്ങളും പ്രതീകാത്മകമായ നടപടികളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ പലപ്പോഴും കാണാം. പ്രത്യേകിച്ച് ഏറ്റവും ആവശ്യമുള്ള സമയങ്ങളിൽ.

ലിംഗ സിദ്ധാന്തങ്ങളിലോ മറ്റ് ഫെയിംവർക്കുകളിലോ വിദഗ്ധനായിരുന്നില്ല വി.എസ് എന്നത് അദ്ദേഹത്തെ കേൾക്കുന്നവർക്കറിയാം. പക്ഷേ വർഗ്ഗരാഷ്ട്രീയത്തിലുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ചിന്ത women’s oppression-നെ മാത്രമല്ല വർഗ്ഗ - വർണ്ണ - ലിംഗ അടിസ്ഥാനത്തിലുള്ള എല്ലാ അടിച്ചമർത്തലുകളെയും ഒരു വ്യക്തിഗത വിഷയമായല്ലാതെ, ദാരിദ്ര്യത്തോടും അധികാര അസമത്വത്തോടും ചേർന്നുള്ള ഒരു വ്യവസ്ഥാപിത പ്രശ്‌നമായി കാണാൻ സഹായിച്ചു. കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ അദ്ദേഹത്തിൻ്റെ പാരമ്പര്യവും ചിത്രവും ഒരു സൈദ്ധാന്തികൻ്റെയോ ബ്യൂറോക്രാറ്റിൻ്റെയോ ഭരണ പരിഷ്കർത്താവിൻ്റെയോ അല്ല. മറിച്ച്, തിരിഞ്ഞു നോക്കാത്ത, സമാനതകളില്ലാത്ത തത്വചിന്താഗതിക്കാരനായ പോരാളിയുടെതാണ്, യഥാർത്ഥ സമരസഖാവിൻ്റെതാണ്.

ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽനിന്ന് നോക്കുമ്പോൾ, വി.എസ്. അച്യുതാനന്ദൻ എന്ന വ്യക്തി മാത്രമല്ല, അദ്ദേഹത്തിന്റെ ധീരമായ നിലപാടുകളും ഔദ്യോഗികതയെ മറികടന്ന മനുഷ്യത്വവും നമുക്കുള്ള പിന്തുണയായാണ് തോന്നുന്നത്.
ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽനിന്ന് നോക്കുമ്പോൾ, വി.എസ്. അച്യുതാനന്ദൻ എന്ന വ്യക്തി മാത്രമല്ല, അദ്ദേഹത്തിന്റെ ധീരമായ നിലപാടുകളും ഔദ്യോഗികതയെ മറികടന്ന മനുഷ്യത്വവും നമുക്കുള്ള പിന്തുണയായാണ് തോന്നുന്നത്.

അദ്ദേഹം വിട പറഞ്ഞു. പക്ഷേ ആ വിട ഒരു വിലാപമല്ല. ആ മരണം ശാരീരികമായ മാറ്റപ്പെടൽ മാത്രം. ജീവതമാവശ്യപ്പെട്ട നിലപാടുകളുടെ മറുപടി സഖാവിൻ്റെ സ്മരണകളിലൂടെ തുടരുകയാണ്. പുറന്തള്ളപ്പെട്ട ഓരോ വ്യക്തിയുടെയും ആത്മവിശ്വാസത്തിലും അവകാശപോരാട്ടത്തിലുമാണ് വി.എസ് ഇന്നും നിലകൊള്ളുന്നത്. ഉറപ്പായും ജനഹൃദയങ്ങളിൽ ഇനിയും ജീവിക്കും, ആ സ്മരണകൾ. ഇനി ആ സ്മരണകൾ നമ്മിൽ ജ്വലിക്കേണ്ടത് അനീതിയോടും അസമത്വത്തോടുമുള്ള പോരാട്ടത്തിലും പ്രകൃതിയേയും ഭൂമിയേയും സംരക്ഷിക്കാനു​ള്ള പ്രതിബദ്ധതയിലുമാണ്.


Summary: Soya Thomas explores the views and political stance of V.S. Achuthanandan on human rights and women’s rights.


സോയ തോമസ്​

26 വർഷമായി കുടുംബശ്രീ ഉൾപ്പെടെ വിവിധ ജെന്റർ വികസന സാമൂഹ്യ ഉൾച്ചേർക്കൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി വരുന്നു. ഇപ്പോൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉപജീവന - സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളിൽ ജന്റർ ഇഗ്രേഷൻ, കരിക്കുലം ഡവലപ്പ്മെന്റ് വിദഗ്ദയായി പ്രവർത്തിക്കുന്നു.

Comments