ഖയാൽ കെസ്സ് കിസ്സ-16
മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയെ ഗവേഷണവിഷയമാക്കുന്ന പ്രയത്നങ്ങൾ പാശ്ചാത്യലോകത്ത് പല പണ്ഡിതന്മാരും ഏറ്റെടുത്തിട്ടുണ്ട്. ക്രിസ്തീയ- ജൂത പാരമ്പര്യത്തിലുള്ള പലരും, നബിയെ സ്നേഹാദരങ്ങളോടെ കണ്ട്, പാശ്ചാത്യലോകം കുരിശുയുദ്ധത്തിനു ശേഷം വളർത്തി വലുതാക്കിയ ‘ഓറിയന്റലായ കാഴ്ച’കൾ തീർത്ത അവമതിപ്പുകൾ നീക്കം ചെയ്യാൻ, ആത്മാർത്ഥമായ ശ്രമങ്ങളിൽ ഏർപ്പെടുകയുണ്ടായി. ഇതിൽ പ്രമുഖമായത് ഹൈക്കലിന്റെ പ്രസിദ്ധമായ മുഹമ്മദ് എന്ന ജീവചരിത്ര ഗ്രന്ഥമാണ്.
നബിയെക്കുറിച്ച് പരാമർശിക്കുമ്പോൾ അദ്ദേഹത്തിന് ‘ദൈവത്തിന്റെ സമാധാനം ഉണ്ടാകട്ടെ’ എന്ന വാചകം പോലും എടുത്തുകളഞ്ഞ്, തികഞ്ഞ യുക്തിചിന്തയിൽ, ഗവേഷണപടുതയുടെ നാലതിരുകളിൽ നിന്ന്, ‘മുഹമ്മദ്’ എന്നു മാത്രം പരാമർശിച്ചു കൊണ്ടുള്ള ഹൈക്കലിന്റെ വിവരണങ്ങൾ, ജമാഅത്തെ ഇസ്‍ലാമി പോലുള്ള ശുദ്ധിവാദ പ്രസ്ഥാനങ്ങൾ പോലും സ്വീകരിച്ചുവശായിട്ടുണ്ട്. ആ നിലയിലാവണം ഹൈക്കലിന്റെ ‘മുഹമ്മദും’ എം. എൻ. റോയിയുടെ ‘ഇസ്ലാമിന്റെ ചരിത്രപരമായ പങ്കും’ വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കാൻ ഐ പി എച്ച് (ഇസ്‍ലാമിക് പബ്ലിഷിങ് ഹൗസ്) മുതിർന്നത്.
ധീരമാണെന്ന തോന്നലുളവാക്കുന്ന അത്തരം പഠനങ്ങൾ, പാശ്ചാത്യ ഗവേഷണോപാധികൾ വച്ച്, മുഹമ്മദ് നബിയെ ഒരു ‘ചരിത്രപുരുഷനായി’ അവതരിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. ഹൈക്കലിന്റെ പുസ്തകം നബിയെ ഒരു സാമൂഹ്യ വിപ്ലവത്തിന്റെ നായകനാക്കി തീർക്കുമ്പോൾ, വിശ്വാസപരമായ കാഴ്ചയിലുള്ള "പ്രാതിഭാസികത്വത്തെ" ഒരർത്ഥത്തിൽ കയ്യൊഴിഞ്ഞുകൊണ്ട് സ്വതന്ത്രമായ നിലയിൽ നോക്കിക്കാണാനാണ് മുതിരുന്നത്. ഒരു പക്ഷേ, ചരിത്രപഠനത്തിൽ മാർക്സിസം മുന്നോട്ടുവെച്ച രീതിശാസ്ത്രങ്ങളുടെ പ്രയോഗമാണ് ഈ നിലയിൽ ഗവേഷണങ്ങൾ മുന്നോട്ടുപോകുന്നതിന് ഇടയാക്കിയത്.
പിൽക്കാലത്ത്, നബിയെക്കുറിച്ചുള്ള ഹദീസ് ഗ്രന്ഥങ്ങളുടെ ആധികാരികതയ്ക്കും മുമ്പുള്ള, ആദ്യകാല ഉറവിടങ്ങളുപയോഗിച്ച്, പ്രവാചകന്റെ മിസ്റ്റിക്കലായ തലത്തെ കൂടി അടയാളപ്പെടുത്താൻ മാർട്ടിൻ ലിങ്ക്സ് മുതൽ പേരുള്ള ഗവേഷകരും ശ്രമിക്കുകയുണ്ടായി. അങ്ങനെ നബിയെ വിശ്വാസികളുടെ ജീവവായു എന്ന നിലയിൽ നിന്നു മാറി, പാശ്ചാത്യരുടെ ഗവേഷണ രീതിശാസ്ത്രങ്ങളോട് ചേർത്തുനിർത്തി കൊണ്ടുള്ള വായനകൾ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചാവണം, കൊണ്ടോട്ടിയിലെ ‘സഹൃദയ ലോകം’ നബിയെ ആഘോഷിക്കാൻ ഒരുമ്പെട്ടിറങ്ങിയത്.
മിത്തിന്റെ സ്വഭാവസവിശേഷതകളിൽ നിന്ന്, ഒരു ചരിത്രപുരുഷനെ വീണ്ടെടുത്ത്, അദ്ദേഹത്തിന്റെ സാമൂഹ്യപ്രസക്തിയുടെ സെക്യുലർ വശങ്ങളെ ആഘോഷിക്കാനുള്ള ധീരതകളെ, സമകാല വിശ്വാസികൾ പോലും സ്വീകരിച്ചാനയിച്ചു. കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടന്ന മുഴുദിന പരിപാടികൾ, ആ നിലയിൽ സംഘാടകരുടെ രാഷ്ട്രീയ ലാക്കുകൾ എന്തായിരുന്നാലും, അതിനെ അതിജീവിക്കുന്ന വെളിച്ചം പ്രസരിക്കാൻ ഇടയാക്കിയെന്നു സമാധാനിക്കാം. "പിശാച് വേദമോതുന്ന കാലം വരും" എന്ന നബിവചനം പോലെയെന്നോണം, വിശ്വാസത്തിന്റെയും മിസ്റ്റിസിസത്തിന്റെയും ഗവേഷണാതീതമായ ആനുഭവികതലങ്ങളെ നിരാകരിക്കുന്ന ഇത്തരം ശ്രമങ്ങൾ, അതേസമയം ഇരുതല മൂർച്ചയുള്ള ഒന്നാണെന്നു കാണാം. കാരണം എല്ലാ ആത്മീയാചാര്യന്മാരും സാമൂഹ്യ ജീവിതത്തിൽ ഇടപെട്ടത്, "യുക്തിയുടെ യുഗ"ത്തിന്റെ ഉള്ളുറപ്പുകൾ കൊണ്ടല്ല, മറിച്ച് അവർക്ക് അനുഭവവേദ്യമായ പ്രാപഞ്ചിക സത്തയുമായി ബന്ധം സ്ഥാപിച്ചതിലൂടെയാണ്.
നാരായണഗുരുവിനെ അദ്ദേഹത്തിന്റെ ആത്മീയ വെളിപാടുകളിൽ നിന്ന് വെട്ടിമാറ്റി, അദ്ദേഹം പ്രദാനം ചെയ്ത സാമൂഹിക ഊർജ്ജത്തെ അക്കാദമികമായി നോക്കിക്കാണാനും, ആധുനിക നിലയിലുള്ള യുക്തിയുടെ അടിമയായിരുന്നു അദ്ദേഹം എന്നു ചൂണ്ടിക്കാണിച്ച് ആഘോഷിക്കാനുമുള്ള ശ്രമങ്ങൾ "നിസാർ സ്കൂളും" "ബിനാലെ ബുദ്ധിജീവികളും" അടുത്തിടെ നടത്തിയതിന്റെ തുടർച്ചയെന്നോണം വേണം കൊണ്ടോട്ടിക്കാരുടെ ഈ വിവേകഖ്യാതിയെയും നോക്കിക്കാണേണ്ടത് എന്നു തോന്നുന്നു. മെറ്റാഫിസിക്കലായ ഊർജ്ജദായിനികളെ, നോൺ- മെറ്റാഫിസിക്കൽ ആയി നോക്കിക്കാണാനുള്ള ഈ ശ്രമങ്ങൾ, ഒരർത്ഥത്തിൽ ഭാഗികമാകാനേ തരമുള്ളൂ.
"ലോകത്തിനു മുഴുവൻ സന്തോഷവാർത്ത അറിയിക്കാനല്ലാതെ നിന്നെ അയച്ചിട്ടില്ല" എന്ന് ഖുർആന്റെ സുവ്യക്തമായ പ്രഖ്യാപനത്തെ പിന്നാമ്പുറം തള്ളി, മതപൗരോഹിത്യം പ്രവാചകനെ തങ്ങളുടെ സ്വകാര്യമാക്കിത്തീർത്തതിന്റെ കുടുസുമുറിയിൽ നിന്ന്, നബിയെ രക്ഷിച്ചെടുക്കാനുള്ള നിഷ്ഫലമായി ത്തീർന്നേക്കാവുന്ന ഈ ശ്രമങ്ങൾ, ഇന്ന് ഒരു "പുതുപ്പേടി"യിൽ നിന്ന് വൈകിയുദിക്കുന്ന ബുദ്ധിയാണെന്നും കാണാം. ജീവിതം പാശ്ചാത്യ യുക്തിയിലും പണകേന്ദ്രീകൃതമായ ജൂതപ്രമാണത്തിലും തിരിയുമ്പോൾ, തങ്ങളുടെ സാംസ്കാരികാടിസ്ഥാനങ്ങളെ, അവ ഉദയം ചെയ്ത മധ്യകാല ജ്ഞാനാടിത്തറയിൽ നിന്ന് വേർതിരിച്ചെടുത്ത്, ഷോകേസ് പീസുകളാക്കാനുള്ള പ്രയത്നങ്ങൾ അനിവാര്യമായിത്തീർന്നു എന്നും വരാം. അതെന്തായാലും, യുക്തിയും വിശ്വാസവും തമ്മിലുള്ള ഈ പുതുചേരുവകൾ ഉണ്ടാക്കുന്ന രാഷ്ട്രീയ സങ്കീർണതകളും സാംസ്കാരിക പ്രത്യാഘാതങ്ങളും ഇവിടെ കാണാതെ പോകരുത്.
താരതമ്യേന സമീപകാലത്തെ ഒരു ചരിത്ര പ്രതിഭാസത്തെ വസ്തുനിഷ്ഠമായി മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, പ്രാചീനമായ മതപ്രതിഭാസങ്ങളെ, അന്ധവിശ്വാസത്തിന്റെ തലത്തിൽ നിർത്തികൊണ്ടുള്ള, അപരവൽക്കരണത്തിന്റെ പുനരുൽപാദനവും ഇതിലൂടെ നടക്കുന്നു എന്നു വരാം. രാമനും കൃഷ്ണനും ജീവിച്ചിരുന്നവരാണോ എന്ന ചോദ്യം ഗവേഷണത്തിന്റെ സാമഗ്രികൾക്ക് അതീതമായ ഒന്നാണെന്നിരിക്കെ, നബിയുടെ ചരിത്രത്തിനു മാത്രമായി കൽപ്പിച്ചുനൽകുന്ന ഈ "വസ്തുനിഷ്ഠത" പലനിലയിൽ സങ്കീർണതകൾ തീർത്തേക്കാം. ഹിന്ദുത്വത്തിന്റെ ഫാഷിസ്റ്റ് കാഴ്ചകൾക്ക് ഊർജ്ജം പകർന്നുവെന്നു വരാം. ആ നിലയിലെല്ലാം ആശങ്കകൾ ബാക്കിവയ്ക്കുന്ന ബാലിശത നബിയുടെ ഗവേഷണവൽക്കരണത്തിലും കാണാം.
ബുദ്ധനെ പോലെ നബിയുടെയും ജീവചരിത്രാലേഖനം ആരംഭിച്ചത്, അദ്ദേഹം മരിച്ച് നൂറുവർഷം കഴിഞ്ഞപ്പോഴാണ്. ഇബ്നു ഇഷാക്കിന്റെ നബി ചരിത്രരേഖകളുടെ സമാഹാരമാകണം, കേന്ദ്രശ്രദ്ധയിൽ വന്ന ഇത്തരത്തിലെ ആദ്യ സംരംഭം. അതും കഴിഞ്ഞ് നൂറു വർഷത്തിനുശേഷമാണ്, ഇന്നു മുസ്‍ലിം ലോകം ആശ്രയിക്കുന്ന ഹദീസ് സമാഹരണങ്ങൾ നടന്നത്. അറേബ്യയെ പോലെ പ്രാചീനമായ ഒരു സ്ഥലത്ത്, ജൂതപ്രവാചകരുടെ കാലം മുതലുണ്ടായ പരിഷ്കരണ പ്രക്ഷോഭങ്ങളെല്ലാം അട്ടിമറിക്കപ്പെട്ട്, വീണ്ടും നരബലിയിലേക്കും പെൺകുഞ്ഞുങ്ങളെ കുഴിച്ചുമൂടുന്ന ഗോത്ര സമ്പ്രദായങ്ങളിലേക്കും, പ്രാകൃത കവർച്ചാരീതികളുടെ നിയമസാധൂകരണത്തിലേക്കും എത്തിപ്പെട്ട ഒരു സമൂഹത്തിൽ നിന്ന്, സത്യത്തിന്റെ ദീപം കൊളുത്തി വയ്ക്കാൻ ആത്മബലി നൽകിയ ക്രിസ്തുവും നബിയും കൊണ്ടുവന്ന ധർമനീതികൾ, അതിനുതന്നെ എതിരായിത്തീർന്ന്, യുദ്ധനീതിയുടെയും പടയോട്ടങ്ങളുടെയും ചരിത്രമായി അധഃപതിച്ചതിൽ നിന്ന്, ഒരു ചരിത്രം കണ്ടെടുക്കുക എന്നത് വിഷമം പിടിച്ച പ്രയത്നവുമാണ്. അതിനാൽ നബിയുടെ ജീവിതത്തിന്റെ വാസ്തവങ്ങൾ രേഖപ്പെടുത്താനുള്ള ശ്രമങ്ങൾ ഭാഗികമായിപ്പോയതിൽ അത്ഭുതമില്ല. അതേസമയം, ചില വാസ്തവങ്ങൾ അവർക്കും ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞേക്കും എന്ന നിലയിൽ സ്വാഗതാർഹം തന്നെ. എന്നിരുന്നാലും, പാശ്ചാത്യ യുക്തിയുടെ മൂലധനപ്രോക്തമായ ജീവിതക്രമത്തിലേക്ക് ഒരു ജനതയെ പരിവർത്തിപ്പിച്ചെടുക്കാനുള്ള, അത്ര നിഷ്കളങ്കമല്ലാത്ത, സ്വന്തം തീർപ്പുകളിലുള്ള ഈ ശ്രമങ്ങൾ, മധ്യകാല ജ്ഞാനിമങ്ങളുടെ രീതിശാസ്ത്രങ്ങളെ ഒരുനിലയിൽ കുപ്പയിൽ തള്ളുന്നതിലെത്തിക്കുകയും ചെയ്യും. ഇവിടെയാണ് സൂഫികൾ കണ്ടെടുത്ത പ്രവാചകനെ നാം ഗൗരവപൂർവ്വം നോക്കിക്കാണേണ്ടത്.
കെ.പി. രാമനുണ്ണി മുതൽ കെ. ടി. സൂപ്പിയും എ. പി. കുഞ്ഞാമുവും പി. എ. അബൂബക്കറും അടങ്ങുന്ന സെമിനാർ പ്രഭാഷകരുടെ ഗവേഷണങ്ങൾ ആ നിലയിൽ എത്രമാത്രം ഉപരിപ്ലവമായിരുന്നു എന്ന് ആഘോഷ കമ്മിറ്റികൾ ആലോചിക്കേണ്ടതു തന്നെ. ആലങ്കാരികമായ ഭാഷയുടെ അതിശയോക്തികൾ. അത്യുക്തികൾ കൊണ്ടും സ്നേഹസാക്ഷ്യത്തിന്റെ പ്രഭാഷണപരത കൊണ്ടും, ഇത്തിരി വിമ്മിഷ്ടത്തോടെയെങ്കിലും, തങ്ങളും നബിയോട് ചേർന്നുനിൽക്കുന്നു എന്ന് പ്രഖ്യാപിച്ച പ്രസംഗത്തൊഴിലാളികൾ, ലജ്ജയോടെ സ്വയം അന്വേഷിക്കേണ്ട പലതും പ്രവാചകന്റെ ജീവിതത്തിലുണ്ട്.
"ഒരു ആശയം ഉള്ളിൽ കയറിയാൽ അത് ഇരുമ്പുലക്ക പോലെ ഭൗതികശക്തിയായി തീരും" എന്ന മാർക്സിന്റെ ഭൗതിക ദർശനത്തിന്റെ വെളിച്ചത്തിൽ, ഒന്നും വ്യക്തമായി പറയാതെ, തന്റെ കൃഷ്ണപ്രേമത്തിന്റെ ശൈശവകാലത്തെ നബിയോട് കെട്ടിവയ്ക്കാൻ ശ്രമിച്ച രാമനുണ്ണി, ഏറെയും സാഹിത്യകാരൻ എന്ന നിലയിൽ സ്വന്തം പ്രചാരണമാണ് ഏറ്റെടുത്തത് എന്നു കാണാം. കുഞ്ഞാമുവിന്റെ നബിപ്രേമം തന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഉപരിപ്ലവത കൊണ്ട് മൂക്കുകുത്തി വീണപ്പോൾ, നിത്യ ചൈതന്യ യതിയിൽ നിന്ന് കടംകൊണ്ട കാൽപ്പനികതയുടെ കാവ്യ പൈങ്കിളിയെയാണ് കെ. ടി. സൂപ്പി അഴിച്ചുവിട്ടത്. പല നബിയുണ്ട് എന്ന നിലയിൽ, അക്കാലത്തെ ഇസ്‍ലാം തല്ലിപ്പിരിഞ്ഞു കഷണങ്ങളാക്കിയ നബി ചരിത്രങ്ങളുടെ പോസ്റ്റ്മോഡേണിസമാണ് പി. എ. അബൂബക്കർ അവതരിപ്പിച്ചത്. ഒരു പ്രഭാഷകന്റെ ജനപ്രിയയുക്തിയിൽ ആതിഥേയനായ അഹമ്മദും, നബി തത്തിന് അനുവദിച്ച സമയം അപഹരിച്ച്, തന്റെ നഷ്ടപ്രണയത്തോട് ആത്മഗതം എന്നവണ്ണം, സ്വന്തം ഗവേഷണത്തിന്റെ പാപ്പരത്തത്തെ വിളിച്ചു കരയുകയുമുണ്ടായി. ഇതൊക്കെയാണെങ്കിലും, തങ്ങളെ പതുക്കെ ഇസ്‍ലാമിന്റെ സങ്കുചിത സമസ്യകളിലേക്ക് മതപരിവർത്തനം ചെയ്യാനുള്ള ഇസ്‍ലാമിസ്റ്റുകളുടെ ഗൂഢപദ്ധതിയാണ് ഇതെന്ന്, "പാരനോയിഡ് ഷിസോഫ്രീനീയ" ബാധിച്ച "ഹിന്ദു സഹോദരന്മാർ" നബിയോടുള്ള തങ്ങളുടെ അയിത്തമനോഭാവം പലനിലയിൽ പ്രകടിപ്പിക്കുകയും ചെയ്തു.
മോയിൻകുട്ടി വൈദ്യരുടെ കൊണ്ടോട്ടി, സവർണരുടെ നബി ഗീതങ്ങൾ ആലപിച്ചു വശംകെടുന്നത് കണ്ട് ചിലരെങ്കിലും അമ്പരന്നു. ഖയാലും കെസ്സും കിസ്സയുമായി, കവിതയും പാട്ടും സംഗീതവുമായി നബിയെ ഉള്ളിൽ ആവാഹിച്ച ഒരു ജനതയുടെ ഹൃദയഭൂമിയിലെ സത്യത്തിന്റെ ദീപങ്ങളെ തല്ലിക്കെടുത്തുന്ന നിലയായി "നവ നബി ചരിത്രം" മാറുന്ന കാഴ്ച, അത്ര ആശാവഹമാണോ? സൂഫികൾ കണ്ടെടുത്ത നബിയെ പാശ്ചാത്യ യുക്തിയ്ക്ക് അന്നമാക്കുന്നത് സ്വയമറിയാതെ നടത്തിയ ഒരു നിഷ്കളങ്ക സാംസ്കാരിക പ്രവർത്തനം മാത്രമാണോ? അതോ മറ്റേതോ ബുദ്ധികളുടെ ധൈഷണിക ജീവിതമാണോ നാം നമ്മുടേതായി ആഘോഷിക്കുന്നത്?
ഏതായാലും നബിയുടെ മലയാള സാഹിത്യ പ്രതിനിധാനങ്ങൾ ചർച്ച ചെയ്ത സെമിനാർ, കൊണ്ടോട്ടിയിലായിരുന്നിട്ടും, ബദറും ഉഹുദും സ്വലീഖത്ത് മാലയും എഴുതി, നബിയുടെ ഭൗതികവും അതിഭൗതികവും അദ്ധ്യാത്മകവുമായ വശങ്ങളെ ഹൃദയത്തിൽ പകർന്ന മോയിൻകുട്ടി വൈദ്യരെ, പ്രസംഗങ്ങളിൽ ഏറെയൊന്നും പരാമർശിച്ചു കണ്ടില്ല. പാശ്ചാത്യ ഗവേഷണത്തോടുള്ള അടിമത്തത്തിലേക്ക് സ്വയം വിമോചിക്കാൻ വ്യഗ്രപ്പെടുന്ന ഓറിയന്റൽ അപകർഷതകൾ, നബിയെ ഒരു ആയുർവേദ വ്യവസായമാക്കി തീർക്കുമോ? കെ. വി. എം. പന്താവൂരിനെപോലുള്ള ഒരാളുടെ ബൃഹത്തായ ഗവേഷണ സംരംഭങ്ങളെ മനസ്സിലാക്കിയാൽ, അവർക്ക് തങ്ങളുടെ വ്യവസായ സംരംഭകത്വ ആലോചനകൾ മെച്ചപ്പെടുത്തി, അടുത്ത റബിയുൽ അവ്വലിന് ഒരു "ത്വിബ്ബുന്നബി" സെമിനാറെങ്കിലും നടത്തി വ്യവസായ വികസനം ഉറപ്പിക്കാമായിരുന്നു.
നബിജീവിതത്തെ നൂറ്റാണ്ടുകളുടെ ഗവേഷണങ്ങളിലൂടെ വികൃതമാക്കി, നബിനാമം തന്നെ "വൈകാരികതയുടെ അട്ടിപ്പേറാക്കി" മാറ്റാൻ ഇടയാക്കിയ ഓറിയന്റൽ ഗവേഷണങ്ങളിൽ നിന്ന് "പ്രവാചകനെ" വിമോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതിനു പകരം, ഓറിയന്റൽ ഗവേഷണങ്ങളുടെ നബിപ്രേമത്തെ ആഘോഷിക്കുന്ന ഇത്തരം കാഴ്ചപ്പാടുകൾ, സ്വന്തം നാട്ടിൽ ഇശലുകളായി നിറഞ്ഞ മാപ്പിളപ്പാട്ടുകളിൽ ഗവേഷണം നടത്തിയാൽ, നബിയെ ഒരു ചരിത്രമായല്ല, ഒരു ഉൺമയായി വീണ്ടെടുക്കാൻ കഴിഞ്ഞേനെ. ഓറിയന്റൽ ഗവേഷണങ്ങളുടെ സമകാല നീട്ടലുകൾ "നബിദർശന"മായി പുസ്തകശാല ഒരുക്കിയതിലൂടെ സംഘാടകർ, ആത്മഹൂതി ചെയ്ത സ്വന്തം മതത്തിന്റെ വേരുകളെയാണോ തേടിയത്? ഓറിയന്റലായ നബി ഗവേഷണങ്ങൾ ഇസ്‍ലാമിനെ ഒരു അപകർഷ ആദിവാസി ജീവിതമാക്കി മാറ്റിയതിന്റെ രാഷ്ട്രീയ പ്രയോഗങ്ങളായി ‘ഹിന്ദുത്വ’വും ‘സയണിസ്റ്റ് രാഷ്ട്രീയ’വും വിലസുന്ന സമകാലത്തിൽ, അന്വേഷണങ്ങളുടെ ഭൂമികയെയും ഗവേഷണത്തിന്റെ രീതിശാസ്ത്രത്തെയും പുതുക്കിപ്പണിയേണ്ടത് അനിവാര്യതകൾ തന്നെ. എന്നാൽ, ജനപ്രിയതയിലും ആൾക്കൂട്ടത്തിലും വിജയം കണ്ടെത്തുന്ന സാംസ്കാരിക ജിഹ്വകളുടെ നാടൻ പ്രേമങ്ങളെ മലപ്പുറം തിരിച്ചറിയട്ടെ.
അറേബ്യയിൽ നടന്ന ഒരു ചരിത്ര സന്ധിയെ ലോകത്തിന്റെ വൈവിധ്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂഫികളുടെ നാടായ കൊണ്ടോട്ടിയിൽ, "വിവർത്തനം ഒരു കൃതിയുടെ ശേഷ ജീവിതമാണ്" എന്ന ദറിദിയൻ തിരിച്ചറിവിൽ, ഇസ്‍ലാമിനെ പ്രാദേശിക ജീവിതമാക്കി പരിവർത്തിപ്പിച്ചെടുത്ത സുഫിയാക്കളുടെ ജീവിതങ്ങളും അവരുടെ കൃതികളും ഒട്ടും ചർച്ച ചെയ്യാത്ത ഇത്തരം "വഹാബിസങ്ങൾക്ക്" ചരിത്രം മാപ്പു കൊടുക്കുമോ?