ചിത്രീകരണം : ജാസില ലുലു

കാണാതെ പോകുന്ന
​പണ്ഡാരിപ്പുരകൾ

വിളമ്പിക്കഴിയുന്നതുവരെയും ആളുകൾ അവസാനം ഒഴിഞ്ഞുപോകുന്നതുവരെയും ഏറ്റവും ജാഗ്രതയോടെയിരിക്കുന്ന ഇടമാണ് കല്യാണവീട്ടിൽ നമ്മളധികവും കാണാതെപോകുന്ന പണ്ഡാരിപ്പുര.

ല്യാണവീടുകളിൽ ഏറ്റവും സജീവമായ ഭാഗം ഏതാണെന്ന് ചോദിച്ചാൽ അത് എല്ലാവരും വരുന്ന/കാണുന്ന വർണാഭമായ ഇടമല്ല. രണ്ടുദിവസം ഒരിക്കലും അടയ്ക്കാത്ത ഒരു ഇടമുണ്ട്. അതാണ് പണ്ഡാരിപ്പുര. കല്യാണദിവസം നിശ്ചയിക്കുന്നതോടൊപ്പം പണ്ഡാരിയെയും തീരുമാനിച്ചിരിക്കും.

ചെറുപ്പത്തിൽ അവരോടൊപ്പം പോയിരുന്ന്​ എപ്പോഴും കരയുമായിരുന്ന കുട്ടിയായിരുന്നു ഞാൻ. ഉള്ളി അരിയുന്നതുകാണാനാണ് പോകുന്നത്. അദ്ദേഹത്തിന്റെ കൈകൾ സ്പീഡിൽ ഇളകുന്നതുമാത്രമേ ഞങ്ങൾക്ക് കാണാനാകൂ. കത്തി തട്ടുമ്പോഴേക്കും ഉള്ളി ഇതളുകളായി മുറിഞ്ഞുവീഴുന്നതും. ഇതിനടുത്തിരുന്ന് ഇത് കാണുന്ന ഞങ്ങൾക്ക് കണ്ണിൽനിന്ന് കുടുകുടാ വെള്ളം ചാടും. പക്ഷെ അദ്ദേഹത്തിന് കണ്ണ് നനയുന്നപോലുമില്ല. ഈ അത്ഭുതം കാണാനായിരുന്നു ഞങ്ങൾ വന്നുകൊണ്ടിരുന്നത്, എപ്പോഴെങ്കിലും അദ്ദേഹത്തിന് കണ്ണ് നനയുമോ എന്ന് നോക്കാനും. ഒടുവിൽ ഞങ്ങൾ അദ്ദേഹത്തോടുതന്നെ ചോദിച്ചു; ‘ഇങ്ങനെയല്ലാതെതന്നെ കണ്ണുനീർ കുറെയുള്ളതുകൊണ്ട് പടച്ചവൻ തന്ന പ്രത്യേക അനുഗ്രഹമാണ്' എന്ന അർഥത്തിലെന്തോ മറുപടിയാണ് അദ്ദേഹം പറഞ്ഞത്. കൂടുതൽ കാര്യങ്ങൾ മനസ്സിലാകാത്തതുകൊണ്ട് അന്ന് പടച്ചവൻ കൊടുത്ത എന്തോ കഴിവിന്റെ ഭാഗമാണ് എന്നുമാത്രം മനസിലായി. ആ അത്ഭുതമാണല്ലോ ഞങ്ങളെ കല്യാണത്തിന്റെ നിറപ്പകിട്ടുള്ള ഭാഗം വിട്ട് ഇവിടെക്കൂടാൻ പ്രേരിപ്പിച്ചത്.

പണ്ഡാരിപ്പുരയിൽ പണ്ട് അധികവും സ്ത്രീകളായിരുന്നു സഹായികൾ. ഉള്ളി അരിയുന്നതൊഴികെയുള്ള ജോലികൾ അവരാണ് നിർവഹിച്ചിരുന്നത്. തേങ്ങ ചെരണ്ടുന്നതിനും അരക്കുന്നതിനും എല്ലാം സ്ത്രീകളെയാണ് കാണുക.

രാവിലത്തേക്കുള്ള പൊറാട്ട, പിറ്റേദിവസത്തേക്കുള്ള അരപ്പുകൾ എല്ലാം വരുന്ന പണ്ഡാരിപ്പുര വ്യത്യസ്ത ഭക്ഷണസാധനങ്ങളുടെ മണങ്ങൾകൊണ്ടും പലതരം ആളുകളെക്കൊണ്ടും നിറഞ്ഞിരിക്കും. അവരുടെ കഥകൾ കേൾക്കുക എന്നതും എനിക്കിഷ്ടപ്പെട്ട കാര്യങ്ങളിലൊന്നായിരുന്നു. കല്യാണത്തിന്റെ തലേദിവസം വലിയ ആർഭാടമൊന്നും ഭക്ഷണത്തിലുണ്ടാവില്ല. അധികവും ഒപ്പനയും പാട്ടും കളികളുമായി നീങ്ങുമ്പോൾ വലിയ അതിഥികളും ഉണ്ടാവില്ല. വീട്ടുകാരും അടുത്ത ബന്ധുക്കളും അയൽപക്കക്കാരും ആയിരിക്കും അധികവും ഒത്തുകൂടുന്നത്. നെയ്‌ചോറും ബീഫും ആയിരുന്നു പണ്ടത്തെ കോമ്പിനേഷൻ. അച്ചാറും സാലഡും കൂടി ചിലപ്പോൾ അതോടൊപ്പം കാണും. ഇത്രയേ തലേദിവസത്തെ ഭക്ഷണത്തിലുണ്ടാവൂ. അതിന് പല ചെമ്പുകളിൽ വെക്കണം. മാത്രമല്ല കൂടുതൽ അരി തയ്യാറാക്കി വെച്ചിരിക്കും. ഏതുനിമിഷവും വീണ്ടും ചെമ്പ് അടുപ്പത്ത് കയറ്റേണ്ടിവരും. കാരണം ആളുകളുടെ എണ്ണം അത്ര കൃത്യമായി തീരുമാനിക്കപ്പെട്ടതല്ല എന്നതുകൊണ്ടാണത്.

ഒരിക്കൽ എവിടെ നിന്നെന്ന് ഓർമയില്ല, ഞാൻ കഴിച്ച ചോറിന് ഈ പ്രത്യേകതയുണ്ടായിരുന്നു. ചോറ് ശരിക്ക് വേവാത്തപോലെ തോന്നി. ഒപ്പം ഒന്നാകെ കുഴഞ്ഞും ഇരിക്കുന്നു. അപ്പോൾ ആരോ പറഞ്ഞു, ഭക്ഷണം കഴിഞ്ഞിട്ട് വീണ്ടും പെട്ടെന്ന് വെക്കേണ്ടിവന്നപ്പോഴുള്ള പ്രശ്‌നമാണെന്ന്. ഇങ്ങനെ വിളമ്പിക്കഴിയുന്നതുവരെയും ആളുകൾ അവസാനം ഒഴിഞ്ഞുപോകുന്നതുവരെയും ഏറ്റവും ജാഗ്രതയോടെയിരിക്കുന്ന ഇടമാണ് കല്യാണവീട്ടിൽ നമ്മളധികവും കാണാതെപോകുന്ന പണ്ഡാരിപ്പുര. മുമ്പൊക്കെ അടുക്കളയോടുചേർന്ന് കെട്ടിയ പന്തലിലാണ് പണ്ഡാരിപ്പണികൾ നടക്കുക. അതിന്റെ തുടർച്ച പോലെയായിരിക്കും ഭക്ഷണം കഴിക്കുന്ന പന്തലും. ബിരിയാണി ചെമ്പിന്റെ ചൂട് ഭക്ഷണപ്പന്തലിലേക്ക് വരാത്ത തരത്തിൽ അത് ക്രമീകരിക്കും. പണ്ടെല്ലാം കഞ്ഞികുടിക്കുന്ന പിഞ്ഞാണത്തിൽ ഒരാൾക്ക് കഴിക്കാനുള്ള ബിരിയാണിയും പീസുകളും നിറച്ച് അത് പ്ലേറ്റിലേക്ക് കമഴ്ത്തിയാണ്​ ഭക്ഷണം വിളമ്പിയിരുന്നത്. വട്ടത്തിൽ ഭംഗിയുള്ള ഒരു ബിരിയാണിയുടെ കൂമ്പാരമാണ് നമുക്ക് കിട്ടുക. അത് കഴിഞ്ഞാൽ വിളമ്പുകാർ വിളമ്പുകയും ചെയ്യും. ചിലയിടങ്ങളിൽ പുഴുങ്ങിയ മുട്ടയും ഇതോടൊപ്പം വിളമ്പുമായിരുന്നു.

മമ്പുറത്തെത്തിയശേഷമാണ് പെണ്ണുങ്ങളായ പണ്ഡാരിമാരെ കണ്ടത്. അപ്പോഴും സഹായിയായി ആണുങ്ങളും കാണും. ആണുങ്ങളും പെണ്ണുങ്ങളും നിറഞ്ഞ് പരസ്പരം കളിയാക്കിയും കഥകൾ പറഞ്ഞും തീർക്കുന്ന ഈ പന്തലും കല്യാണവീടുകളിലെ പ്രധാന ഇടമാണ്.

പന്തലിലേക്ക് കടക്കുമ്പോൾ അങ്ങേയറ്റത്ത് പകുതി കൃത്യമായി മുറിച്ചുവെച്ചപോലെയുള്ള ഈ ഗോളങ്ങൾ കണ്ട് ഞാനത്ഭുതപ്പെട്ടിരുന്നു. പിന്നെ വിളമ്പുമ്പോഴാണ് കണ്ടത്, ഈ പിഞ്ഞാണമാണിത് സാധിക്കുന്നതെന്ന്. ബിരിയാണി കഴിക്കാത്തവർക്കായി "വെറും ചോറും' കറിയും തയ്യാറാക്കും. ഇന്ന് സാമ്പാറും സദ്യയുമെല്ലാം പതിവാണെങ്കിലും പണ്ട് അത് കുമ്പളങ്ങാക്കറിയും ഒരു ഉപ്പേരിയും മീൻ പൊരിച്ചതുമെല്ലാമായിട്ടാണ് പതിവ്. അവർക്കന്ന് പ്രത്യേക ഇടവും ഉണ്ടായിരുന്നില്ല. പന്തലിലിരുന്ന ശേഷമേ അറിയൂ, അവർ ബിരിയാണി കഴിക്കില്ലെന്ന്. വിളമ്പുകാർ അവരുടെ ഭക്ഷണം മേശപ്പുറത്തെത്തിക്കണം. ഇനി മറ്റൊരറ്റത്താണ് അടുത്ത "വെറും ചോറു'കാരനെങ്കിൽ വിളമ്പുകാർ ഇതെടുത്ത് അങ്ങോട്ടും ഓടണം. ഇപ്പോൾ ഈ ബുദ്ധിമുട്ടുകളൊന്നുമില്ല. വെജിറ്റേറിയൻ സെക്ഷൻ വേറെ തന്നെയാണ്. പണ്ട് അതിന് വെജിറ്റേറിയൻ സെക്ഷൻ എന്ന് പറയാറുമില്ല. പലപ്പോഴും മീൻ കറിയും മീൻ വറുത്തതുമാണതിലെ വിഭവങ്ങളായിരുന്നത്. "അങ്കമാലി ഡയറീസ്' എന്ന സിനിമയിൽ പറയുന്നതുപോലെ പൂർണമായും വെജിറ്റേറിയനായ ഒരാൾ മലപ്പുറംകാരുടെയും സങ്കൽപത്തിലില്ല. പച്ചക്കായ ബീഫിലിട്ട് വേവിക്കുന്നതും ഉരുളക്കിഴങ്ങ് കോഴിക്കറിയിൽ ചേർത്ത് വേവിച്ച് കഴിക്കുന്നതും തന്നെയാണ് ഇവിടെയും വെജ് വിഭവങ്ങൾ. ഇതെല്ലാം തയ്യാറാക്കുന്ന പുരയെക്കുറിച്ചാണ് പറഞ്ഞുവന്നത്.

പണ്ഡാരിപ്പുരയിൽ കുറെ അടുപ്പുകളുണ്ടാവും. അതിനോടുചേർന്നുള്ള ഭാഗത്താത്തോ അടുക്കള ഭാഗത്തോ ആണ്​ മറ്റു ജോലികൾ നടക്കുക. പച്ചക്കറി കൂട്ടാൻ തയ്യാറാക്കുന്നതിന് പ്രത്യേകം വിദഗ്ധരുണ്ടാകും. പണ്ഡാരിപ്പുരയിൽ പണ്ട് അധികവും സ്ത്രീകളായിരുന്നു സഹായികൾ. ഉള്ളി അരിയുന്നതൊഴികെയുള്ള ജോലികൾ അവരാണ് നിർവഹിച്ചിരുന്നത്. തേങ്ങ ചെരണ്ടുന്നതിനും അരക്കുന്നതിനും എല്ലാം സ്ത്രീകളെയാണ് കാണുക. അതോടൊപ്പം പിറ്റേന്നത്തേക്കുള്ള ഭക്ഷണമെല്ലാം പ്ലാനിങ്ങോടെ തയ്യാറാക്കണം. ബിരിയാണിക്കുള്ള കോഴിയുടെ ഒഴിവാക്കുന്ന ഭാഗങ്ങളാണ് രാവിലത്തെ പൊറാട്ടയിലേക്കുള്ള കറി. അതിനവർ കോഴി പാർട്‌സ് എന്നാണ് പറയുന്നത്. ഇത് കൂട്ടിയാണ് രാവിലെ പൊറാട്ട തട്ടേണ്ടത്. തോടില്ലാത്ത മഞ്ഞക്കരുവിന്റെ മാത്രം രുചിയുള്ള പല വലിപ്പത്തിലുള്ള കോഴിമുട്ടകളായിരുന്നു അതിൽ എനിക്കേറ്റവും പ്രിയപ്പെട്ട കഷണം. അത് പ്രത്യേകമായി നമ്മുടെ പ്ലേറ്റിലെത്തിക്കാൻ മാത്രം കൂട്ട് അപ്പോഴേക്കും അവിടെ രൂപപ്പെട്ടിട്ടുണ്ടാവും. നാട്ടിലുള്ള പല വിശേഷങ്ങളും ഈ പന്തലിൽ പ്രഖ്യാപിക്കപ്പെടുകയും പല പ്രശ്‌നങ്ങളും വിശകലനം ചെയ്യപ്പെടുകയും ചെയ്യും.

തീയുടെ ചൂടും ഭക്ഷണത്തിന്റെ വെന്തതിന്റെയും പലതും വെന്തുവരുമ്പോഴുള്ള മണങ്ങളുമെല്ലാം ചേർന്ന് ഒരു സമാന്തരലോകം ഇവിടെ കാണാം

ചിരുതേടത്തിയെ മാത്രമാണ് ഞങ്ങൾക്കതിൽ നേരിട്ട് പരിചയമുള്ളത്. അവർ വെജ് സ്‌പെഷ്യലിസ്റ്റാണ്. തേങ്ങ ചെരണ്ടലും അരക്കലുമൊക്കെയാണവരുടെ ഡ്യൂട്ടി. അവരോടൊപ്പമുള്ള കുറെ പേരറിയാത്ത ചേച്ചിമാർ അവർക്കുചുറ്റുമുള്ളവരുടെ കഥകൾ പറയും. പകുതിയും മനസിലാവില്ലെങ്കിലും അവരുടെ വായിൽ നോക്കിയിരിക്കുക അന്ന് കൗതുകമായിരുന്നു.

മമ്പുറത്തെത്തിയശേഷമാണ് പെണ്ണുങ്ങളായ പണ്ഡാരിമാരെ കണ്ടത്. അപ്പോഴും സഹായിയായി ആണുങ്ങളും കാണും. എന്തായാലും ആണുങ്ങളും പെണ്ണുങ്ങളും നിറഞ്ഞ് പരസ്പരം കളിയാക്കിയും കഥകൾ പറഞ്ഞും തീർക്കുന്ന ഈ പന്തലും കല്യാണവീടുകളിലെ പ്രധാന ഇടമാണ്. ഇവിടെ നിറങ്ങൾ ഭക്ഷണപദാർഥങ്ങളുടേത്, പിന്നെ തീയുടെ ചൂടും ഭക്ഷണത്തിന്റെ വെന്തതിന്റെയും പലതും വെന്തുവരുമ്പോഴുള്ള മണങ്ങളുമെല്ലാം ചേർന്ന് ഒരു സമാന്തരലോകം ഇവിടെ കാണാം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments