ചിത്രീകരണം : ജാസില ലുലു

മദ്രസയിലെ മടിക്കാലങ്ങൾ

എനിക്കെന്നും മദ്രസയിൽ പോകാൻ മടിയായിരുന്നു. ദീനിയാത്, അമലിയാത്, ഖുർആൻ... ഇങ്ങനെ വ്യത്യസ്ത വിഷയങ്ങൾ പഠിക്കണം. ഹോം വർക്കുണ്ടാകും. നേരത്തെ എണീറ്റ് വേണം പോകാൻ. എല്ലാ തെറ്റുകൾക്കും കടുത്ത ശിക്ഷകളുണ്ടാകും. ഇതൊക്കെയാവാം മടിക്ക് കാരണം

മുസ്‌ലിം കുട്ടികൾക്ക് എന്റെ ചെറുപ്പകാലത്ത് മദ്രസ പഠനം നിർബന്ധമായിരുന്നു, സ്‌കൂളിലെ ഒരു അറബി ക്ലാസും.
സ്‌കൂളിലെ അറബി ക്ലാസ് വലിയ കുഴപ്പമില്ലായിരുന്നു. പക്ഷെ ഏറ്റവും സങ്കടകരമായ കാര്യം ആ പീരിയഡ് മറ്റു കുട്ടികളെ കളിക്കാൻ പുറത്തുവിടും. അവർ മുറ്റത്ത് കളിക്കുന്നതും നോക്കി വേണം ഞങ്ങൾ ക്ലാസിലിരിക്കാൻ. എന്റെ സഹപാഠിയായ ബേബി ഹഫിസയുടെ ഉപ്പ ഉമ്മർ മാഷാണ് പഠിപ്പിക്കുന്നത്. ദേഷ്യപ്പെടുകയോ കൂടുതൽ പഠിക്കാൻ നിർബന്ധിക്കുകയോ ഒന്നുമില്ല. നേരത്തേ പറഞ്ഞ സങ്കടം മാത്രം.

മദ്രസ പഠനം അങ്ങനെയല്ല. എനിക്കെന്നും മദ്രസയിൽ പോകാൻ മടിയായിരുന്നു. ദീനിയാത്, അമലിയാത്, ഖുർആൻ... ഇങ്ങനെ വ്യത്യസ്ത വിഷയങ്ങൾ പഠിക്കണം. ഹോം വർക്കുണ്ടാകും. നേരത്തെ എണീറ്റ് വേണം പോകാൻ. എല്ലാ തെറ്റുകൾക്കും കടുത്ത ശിക്ഷകളുണ്ടാകും. ഇതൊക്കെയാവാം മടിക്ക് കാരണം. മദ്രസയിൽ പോവാതിരിക്കാൻ പല തന്ത്രങ്ങളും ഞാൻ പയറ്റിയിട്ടുണ്ട്. എണീക്കാതിരിക്കും, വയറുവേദന ചെറുതായുണ്ടെങ്കിലും വയറ് പൊത്തിപ്പിടിച്ച് കരഞ്ഞിരിക്കും. പക്ഷെ ആ കരച്ചിലോടെ മദ്രസയിലേയ്ക്ക് പോവേണ്ടിവരും മിക്കവാറും.

മദ്രസയിൽ പഠിപ്പിച്ചിരുന്ന ഉസ്താദുമാരെല്ലാം വളരെ ദരിദ്രരായിരുന്നു എന്ന് പല കഥകളിലൂടെ മനസിലായിട്ടുണ്ട്. പക്ഷെ അവരുടെ അലക്കിത്തേച്ച വെള്ള കുപ്പായത്തിനകത്ത് അതെല്ലാം ഭദ്രമായിരുന്നു.

ആദ്യത്തെ ചില ക്ലാസുകളിൽ രാവിലെ സ്‌കൂൾ സമയത്തിന് മുമ്പായിരുന്നു മദ്രസ സമയം. പിന്നീട് വലിയ ക്ലാസിലെത്തിയാൽ മഗ്​രിബ്​ ബാങ്കിനുശേഷമാകും. അന്ന് മഗ്​രിബ്​ ബാങ്ക് കേട്ടില്ലെന്ന് പറഞ്ഞ് മദ്രസയിൽ പോകാതിരുന്നാലോ എന്നെല്ലാം ഞാൻ സൂത്രങ്ങൾ ആലോചിച്ചിരുന്നു. പക്ഷെ ഉമ്മയോ മുതിർന്നവരാരെങ്കിലുമോ അതോർമിപ്പിച്ച് വിടും. രാവിലയാവുമ്പോൾ മദ്രസ വിട്ട് ആ പുസ്തകങ്ങൾ മാറ്റി സ്‌കൂൾ ബാഗോ പെട്ടിയോ (അന്ന് ചെറിയ പെട്ടികളിലായിരുന്നു പുസ്തകങ്ങളിട്ട് കൊണ്ടുപോയിരുന്നത്) എടുത്ത് ഉടനെ സ്‌കൂളിലേയ്‌ക്കോടണം. കുറച്ച് വൈകിയെത്തിയവരിൽ മദ്രസയിൽ നിന്ന് വരുന്നതാണെന്ന് പറഞ്ഞാൽ ടീച്ചർമാരും അത് ക്ഷമിക്കുമായിരുന്നു. അങ്ങനെ മദ്രസയും സ്‌കൂളുമെല്ലാം സഹകരിച്ച് ഞങ്ങളെ രണ്ടും പഠിപ്പിച്ചു. മദ്രസയിൽ പഠിപ്പിച്ചിരുന്ന ഉസ്താദുമാരെല്ലാം വളരെ ദരിദ്രരായിരുന്നു എന്ന് പല കഥകളിലൂടെ മനസിലായിട്ടുണ്ട്. പക്ഷെ അവരുടെ അലക്കിത്തേച്ച വെള്ള കുപ്പായത്തിനകത്ത് അതെല്ലാം ഭദ്രമായിരുന്നു. ചില ഉസ്താദുമാരെ അറിയുന്ന കുട്ടികളാണ് ചില വിവരങ്ങൾ തരുന്നത്.

പുതിയതായി വന്ന, കുട്ടിത്തം മാറാത്ത ഉസ്താദിനെക്കുറിച്ച് ക്ലാസിൽ ഒരു കുട്ടി പറഞ്ഞ കഥ എന്ന വല്ലാതെ വേദനിപ്പിച്ചു. ഒന്നുകൂടി അവൾ ചേർത്തുപറഞ്ഞു, അദ്ദേഹത്തിന് ഇപ്പോൾ ധരിച്ചിരിക്കുന്ന ഒരു ജോഡി വസ്ത്രം മാത്രമേ സ്വന്തമായുള്ളൂ എന്ന്. അത് കേട്ടതുമുതൽ എനിയ്ക്ക് അലമാരയിൽ ഇസ്തിരിയിട്ട് അടുക്കിവെച്ചിരിക്കുന്ന ഉപ്പാന്റെ ഷർട്ടുകൾ കാഴ്ചയിൽ വന്നു. അതിൽ ഇളംമഞ്ഞയിൽ കടുത്ത ചുവപ്പ് പൂക്കളുള്ള ഷർട്ട് ഞാനദ്ദേഹത്തിനുവേണ്ടി മാറ്റിവെക്കുകയും ചെയ്തു. വീട്ടിലെത്തി ഉമ്മാനോട് ഞാനീ കഥകൾ വിവരിച്ചു. ഉപ്പാന്റെ ഒരു ഷർട്ട് കൊടുക്കാൻ അനുവാദവും ചോദിച്ചു. എന്തിനാണെന്നറിയില്ല, ഉമ്മ അതുകേട്ട് ചിരിച്ചു. വേണമെങ്കിൽ കൊടുക്കാം എന്നു മറുപടിയും പറഞ്ഞു. പക്ഷെ അതെങ്ങനെ നടപ്പാക്കണമെന്നെനിക്കറിയില്ലായിരുന്നു. അദ്ദേഹത്തെ ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കെ കേട്ട കാര്യങ്ങളൊന്നും സത്യമാവാനിടയില്ല എന്ന തോന്നലാണ് ഉണ്ടായിക്കൊണ്ടിരുന്നത്. മുഖത്ത് ദുഃഖത്തിന്റെ ലാഞ്ചന പോലുമില്ല. ഒരു പ്രവൃത്തിയിലും എന്തെങ്കിലും വേദനയനുഭവിക്കുന്നയാളാണ് എന്ന തോന്നലുമുണ്ടാക്കുന്നില്ല. ഒടുവിൽ ഞാനാ പദ്ധതി ഉപേക്ഷിച്ചു.

വലിയ തെറ്റുകൾ വന്നാൽ ശിക്ഷിക്കുന്നത് ക്ലാസ് ഉസ്താദുമാരല്ല. അവർ സദർ ഉസ്താദിനെ വരുത്തും. അദ്ദേഹമാണ് ശിക്ഷ നടപ്പാക്കുക. അടുപ്പിച്ച് കുറേ ദിവസം വരാതിരുന്നതിന് ഒരിക്കൽ എന്നയും സദറിന്റെ അടുക്കൽ വിട്ടിരുന്നു.

ഞങ്ങളെ പഠിപ്പിച്ചിരുന്ന മുസ്ല്യാർമാർ ചിലർ വീട്ടിൽ വന്ന് ദുആ (പ്രാർഥന) ചെയ്യാറുണ്ടായിരുന്നു. അപ്പോൾ വീട്ടുകാർ അവർക്ക് പണം കൊടുക്കും. ഒരു നേരത്തെ ഭക്ഷണം ഒരു മുസ്ല്യാർക്ക് ഓരോ വീട്ടിലും പള്ളിയിൽ നിന്ന് ഏർപ്പാടാക്കാറുണ്ട്. ചിലപ്പോഴത് ആഴ്ചയിൽ ഒരിക്കലാവും. അങ്ങനെയുള്ള അവസരങ്ങൾ ഞങ്ങൾക്കും പ്രിയമാണ്. അദ്ദേഹത്തിനുവേണ്ടി എന്തെങ്കിലും ഒരു വിശിഷ്ട ആഹാരം ഉണ്ടാക്കാതിരിക്കില്ല. അതിന്റെ പങ്ക് ഞങ്ങൾക്കും കിട്ടുമല്ലോ. ഒരു മുസ്ല്യാരെ സംബന്ധിച്ച്​ ഓരോ നേരത്തെ ഭക്ഷണവും ഓരോ വീട്ടിലായിരിക്കും. ചിലയിടങ്ങളിലത് തട്ടുപാത്രത്തിലാക്കി കൊണ്ടുപോയി കൊടുക്കുന്ന രീതിയുമുണ്ടായിരുന്നു. മുസ്ല്യാരുടെ ചെലവ് എല്ലാ വീട്ടുകാരും സന്തോഷപൂർവം ഏറ്റെടുത്തിരുന്നു. വളരെ ബഹുമാനത്തോടെയാണ് മുസ്ല്യാക്കൻമാരെ അന്ന് സമുദായം കണ്ടിരുന്നത്.

മദ്രസയിൽ ഞങ്ങൾക്ക് ഏറ്റവും പേടി സദർ ഉസ്താദിനെ ആയിരുന്നു. സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ റോൾ ആണ് മദ്രസയിൽ അദ്ദേഹത്തിന്. വലിയ തെറ്റുകൾ വന്നാൽ ശിക്ഷിക്കുന്നത് ക്ലാസ് ഉസ്താദുമാരല്ല. അവർ സദർ ഉസ്താദിനെ വരുത്തും. അദ്ദേഹമാണ് ശിക്ഷ നടപ്പാക്കുക. അടുപ്പിച്ച് കുറേ ദിവസം വരാതിരുന്നതിന് ഒരിക്കൽ എന്നയും സദറിന്റെ അടുക്കൽ വിട്ടിരുന്നു. കനത്ത രണ്ട് അടിയാണ് എനിയ്ക്ക് കിട്ടിയ ശക്ഷ. എല്ലാറ്റിനും വേഗം കരയുന്ന ഞാൻ കണ്ണീരടക്കി ക്ലാസിൽ വന്നിരുന്നു. അദ്ദേഹത്തെ വഴിയിൽ നിന്ന് കണ്ടാൽ പോലും ഞങ്ങൾ ഓടിമാറുമായിരുന്നു. അത്രയും പേടിയായിരുന്നു എല്ലാവർക്കും. ഒരു ദിവസം അദ്ദേഹം ഒരു പേപ്പറുമായി ക്ലാസിൽ വന്ന് അതിൽ നിന്ന് എന്റെ പേര് വായിച്ചു. എന്തിനെന്നറിയാതെ അടി കിട്ടുമെന്നുറപ്പിച്ച് പേടിയോടെ ഞാനെഴുന്നേറ്റുനിന്നു. അദ്ദേഹം അടുത്തേയ്ക്ക് വിളിച്ചു. വിറച്ചുനിന്ന എന്നെ അദ്ദേഹം ചേർത്തുപിടിച്ചു. എന്നിട്ട് കഴിഞ്ഞ ക്ലാസിലെ വാർഷിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് എനിയ്ക്കാണെന്നും അതിന് സമ്മാനമുണ്ടെന്നും ക്ലാസിനെ അറിയിച്ചു. എനിയ്ക്ക് അന്ന് സന്തോഷം ഒന്നിലധികം കാര്യങ്ങളിലായിരുന്നു. സമ്മാനം, അടി കിട്ടിയില്ല, മാത്രമല്ല സ്‌റ്റേജിൽ വെച്ച് സമ്മാനം തരും, ഇത്രയും കുട്ടികൾക്കിടയിൽ ഞാൻ അംഗീകരിക്കപ്പെട്ടത് എല്ലാം. അന്ന് വീട്ടിൽ പോകുന്നതിനുമുമ്പ് സദർ വിളിച്ച് ഒരു കാര്യം കൂടി പറഞ്ഞു. സമ്മാനം വാങ്ങാൻ വരുമ്പോൾ നിങ്ങൾ ഇപ്പോളിടുന്ന വേഷം തന്നെ ഇട്ടോളൂ കുഴപ്പമില്ല, എന്നാൽ തല നന്നായി മറച്ച് തട്ടമിടണം. മക്കന ഇട്ടില്ലെങ്കിലും കുഴപ്പമില്ല എന്ന്.

വീട്ടിൽ പോയി ഞാനിക്കാര്യം പറഞ്ഞപ്പോൾ ഉമ്മാക്കും സന്തോഷമായി. ഉമ്മ പ്രശ്‌നത്തിന് പരിഹാരവും കണ്ടെത്തി. ഉമ്മാന്റെ ഒരു സാരി എടുത്ത് പാവാടയും കുപ്പായവും അതേ തുണികൊണ്ടുതന്നെ മക്കനയും തുന്നി. അന്നാണ് ആദ്യമായി ഞാൻ പുൾ പാവാട ഇട്ടത്. അതായത് ഞങ്ങളുടെ വീട്ടിലെ മുതിർന്ന പെൺകുട്ടികളുടെ വേഷം. അന്നുവരെ എന്റെ വീട്ടിൽ വലിയ പാവാട ഇട്ടിരുന്നത് എളാമ (ഉമ്മയുടെ അനുജത്തി) യായ മൈമൂനയും വലിയ അമ്മാവന്റെ മകൾ സഫിയത്താത്തയും മാത്രമായിരുന്നു. അതുകൊണ്ട് ഈ പാവാട തന്നെ എനിക്ക്​വീട്ടിൽ കിട്ടിയ ഒരംഗീകാരമായി ഞാൻ കണക്കാക്കി. ചുവന്ന പട്ടുതുണിയിൽ ഇടക്കിടെ കസവിന്റെ വലിയ ചതുര പുള്ളികളുള്ള സാരിയാണ് ഉമ്മ അതിനുവേണ്ടി കൊടുത്തത്. വലിയ പാവാടയിട്ട് വട്ടത്തിൽ തിരിഞ്ഞ് പെട്ടെന്ന് നിലത്തിരുന്നാൽ നമുക്കുചുറ്റും ഒരു ഗോളം രൂപപ്പെടും. അന്നത്തെ ദിവസം പാവാടയുടുത്ത് ഈ കളി കുറെ കളിച്ചു. അന്ന് അത് മാത്രമെ നടന്നുള്ളൂ. രാത്രി പ്രസംഗങ്ങളും മറ്റു പരിപാടികളും കഴിഞ്ഞപ്പോൾ കുറെ വൈകി. അവിടെ ഇരുന്ന് ഉറക്കം തൂങ്ങിയ ഞാൻ വീട്ടിലെത്തിയതുപോലും ഓർക്കുന്നില്ല. പിറ്റേന്ന് മദ്രസയിൽ വെച്ചാണ് ഞാൻ സമ്മാനം വാങ്ങിയത്. പ്ലാസ്റ്റിക്കിന്റെ ഒരു കൈപാട്ട (mug) ആയിരുന്നു കിട്ടിയത്. വളരെ അഭിമാനത്തോടെ ഞാനത് വീട്ടിൽ കൊണ്ടുപോയി.

ഒരിക്കൽ ഈ ഉസ്താദ് തന്നെ ഞങ്ങളെ ഓരോരുത്തരെയും ഇരിപ്പിടത്തിലിരിക്കെ തല കുനിക്കാനാവശ്യപ്പെട്ടു. എല്ലാവരുടെയും പുറത്ത് വെറുതെ തട്ടുന്ന തരത്തിൽ മൃദുവായി അടിക്കുകയായിരുന്നു. എന്റെ ഊഴം വന്നപ്പോൾ അദ്ദേഹം കളിയാക്കാൻ തുടങ്ങി. കാരണം എന്റെ ഉടുപ്പിന്റെ പിന്നിലെ ഒരു കുടുക്ക് പൊട്ടിയിരുന്നു.

ക്ലാസിലെ ഉസ്താദുമാരിൽ നിന്ന്​ ചെറിയ തോതിൽ അടി കിട്ടാറുണ്ട്. അതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴികളും കണ്ടെത്തും. ഒരിക്കൽ ഒരു ഉസ്താദ് വലിയൊരു പാഠഭാഗം പകർത്തി എഴുതിക്കൊണ്ടുവരാനാവശ്യപ്പെട്ടിരുന്നു. ഞാൻ മടിപിടിച്ചാണെങ്കിലും ഒരുവിധം പകർത്തി ഇടയ്ക്ക് ചില പേജുകൾ വിട്ടുകളഞ്ഞു. പറ്റാവുന്നിടത്ത് ചില വാക്യങ്ങളും. അത് കണ്ടുപിടിക്കുമോ എന്ന പേടിയിലാണ് ക്ലാസിലെത്തിയത്. എനിയ്ക്കന്ന് അഭിനന്ദനപ്രവാഹമായിരുന്നു. കാരണം ആരും ആ ഹോംവർക്ക് പൂർണമായും ചെയ്തിരുന്നില്ല. പലരും ഒന്നോ രണ്ടോ പുറം മാത്രം പൂർത്തിയാക്കിയവരായിരുന്നു. ഉസ്താദ് എന്റെ പുസ്തകം ഉയർത്തിക്കാട്ടി എന്റെ കൈയക്ഷരത്തെയും പുകഴ്ത്തി. അതിന്റെ ഭംഗിയല്ല, വലിപ്പവും വ്യക്തതയും മാത്രം. എന്തായാലും പിടിക്കപ്പെടാത്തതിന്റെ ആശ്വാസത്തിലായിരുന്നു ഞാൻ.

ഒരിക്കൽ ഈ ഉസ്താദ് തന്നെ ഞങ്ങളെ ഓരോരുത്തരെയും ഇരിപ്പിടത്തിലിരിക്കെ തല കുനിക്കാനാവശ്യപ്പെട്ടു. എല്ലാവരുടെയും പുറത്ത് വെറുതെ തട്ടുന്ന തരത്തിൽ മൃദുവായി അടിക്കുകയായിരുന്നു. എന്റെ ഊഴം വന്നപ്പോൾ അദ്ദേഹം കളിയാക്കാൻ തുടങ്ങി. കാരണം എന്റെ ഉടുപ്പിന്റെ പിന്നിലെ ഒരു കുടുക്ക് പൊട്ടിയിരുന്നു. എനിയ്ക്ക് ചെറിയ സങ്കടം വന്നു. വീട്ടിൽ വന്ന് പരാതി പറഞ്ഞപ്പോൾ ഉമ്മ ആദ്യം ചോദിച്ചത് അതെങ്ങനെ ഉസ്താദ് കണ്ടു എന്നാണ്. കാര്യം പറഞ്ഞപ്പോൾ വീണ്ടും വിശദാംശങ്ങൾ ചോദിച്ചു. എന്തോ അപാകത തോന്നിയിരിക്കണം. ഉമ്മ സദറുസ്താദിനോട് പരാതിപ്പെട്ടു. അവിടെ നിന്ന് കുറച്ചുദിവസം കഴിഞ്ഞപ്പോൾ എന്റെ ഉസ്താദ് വീട്ടിൽ വന്നു. എന്നെ വിളിച്ചു നന്നായി പഠിക്കാനും വലിയ ആളാവാനുമുള്ള ഉപദേശങ്ങൾ തന്നു. ശേഷം ഉമ്മായ്ക്ക് ഒരു കത്തും പലപ്പോഴായി ഉമ്മ അയാൾക്ക് കൊടുത്തിട്ടുള്ള പണവും തിരിച്ചേൽപ്പിച്ചു. എന്താണാ കത്തിൽ ഉണ്ടായിരുന്നതെന്ന് എന്നോടാരും പറഞ്ഞിരുന്നില്ല. പക്ഷെ ആ കത്ത് വായിച്ച് അന്നെന്റെ വീട്ടിലുണ്ടായിരുന്ന എല്ലാ സ്ത്രീകളും കരഞ്ഞു. ആ പണമെങ്കിലും തിരികെ വാങ്ങണമെന്ന് ഉമ്മ ഉസ്താദിനോട് പറഞ്ഞിരുന്നെങ്കിലും അതിന് കൂട്ടാക്കാതെ അദ്ദേഹം ഇറങ്ങിപ്പോവുകയാണുണ്ടായത്. അതുകൊണ്ട് കത്ത് വായിച്ചശേഷം ഉമ്മായ്ക്ക് വലിയ കുറ്റബോധവും ഉണ്ടായി. അദ്ദേഹം പിന്നീട് മറ്റേതോ മദ്രസയിലേയ്ക്ക് മാറ്റമായി പോയി. ഉമ്മ എടുത്ത മുൻകരുതലിൽ തെറ്റില്ലെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ ചില കുഴപ്പങ്ങളുണ്ടെന്നും ഉമ്മാനെ ആരൊക്കെയോ ആ സമയത്ത് ആശ്വസിപ്പിക്കുന്നതും ഞാൻ കേട്ടിരുന്നു. പിന്നീട് നബിദിനത്തിൽ മറ്റേതോ മദ്രസയിൽ വെച്ച് ആ ഉസ്താദിനെ ഞാൻ കണ്ടതും അദ്ദേഹം എന്നോട് ചിരിച്ചുകൊണ്ട് സുഖവിവരം തിരക്കിയതും ഞാൻ ഉമ്മാനോട് പറഞ്ഞു. അദ്ദേഹത്തിന് എന്നോട് അലോഗ്യമില്ലെന്നത് ഉമ്മായ്ക്ക് വലിയ ആശ്വാസമുണ്ടാക്കി.

ഏറെ മടിയോടെയാണ് മദ്രസയിൽ പോയിരുന്നതെങ്കിലും ചില മദ്രസ പാഠങ്ങളെങ്കിലും ഇന്നും മറക്കാൻ പറ്റിയിട്ടില്ല. പ്രത്യേകിച്ചും പദ്യരൂപത്തിൽ ചൊല്ലി പഠിപ്പിച്ച പാഠങ്ങൾ. ഇസ്‌ലാം ആകുന്നതിനുവേണ്ടി ഒരു മനുഷ്യൻ നിർബന്ധമായും അനുഷ്ഠിക്കേണ്ട അഞ്ച് കാര്യങ്ങളാണ് ‘ഇസ്‌ലാം കാര്യം’. അതിന്റെ കാവ്യരൂപം ഇങ്ങനെയാണ്:

ഇസ്‌ലാം കാര്യം അഞ്ചാണ് അവകൾ അറിയൽ ഫറളാണ് ഈമാൻ ഇസ്‌ലാം അറിഞ്ഞില്ലെങ്കിൽ നരകം അവരുടെ വീടാണ്

കലിമ ശഹാദത്ത് ഒന്നാണ് നിസ്‌കാരം അതിൽ രണ്ടാണ് ഇസ്‌ലാം കാര്യമിൽ മൂന്നാമത്തത് മുതലിനടുത്ത സഖാത്താണ്

നാലാമത്തത് നോമ്പാണ് അഞ്ചാമത്തത് ഹജ്ജാണ്​ മുതലും വഴിയും ദേഹ സുഖവും ഹജ്ജുൽ ബൈതിന് ശർത്താണ്

ഈ പദ്യങ്ങൾ ക്ലാസിൽ എല്ലാവരും ചേർന്ന് ഉറക്കെ പാടിയാണ് പഠിച്ചിരുന്നത്. മദ്രസയിൽ പാഠങ്ങൾ എല്ലാവരും ചേർന്ന് ഉറക്കെ വായിച്ചിരുന്നു. അതിനാൽ സ്‌കൂളിലെ പോലെ നിശബ്ദമായിരുന്നില്ല മദ്രസകൾ, എപ്പോഴും ശബ്ദമുഖരിതമായിരുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments