സാറാ ജോസഫ്

അവരിൽനിന്ന് ഞാൻ പഠിച്ചതും
എന്നിൽനിന്ന് അവർ പഠിച്ചതും

ക്ലാസ് റൂം എന്ന ബഹുസ്വര ഇടത്തെ രാഷ്ട്രീയമായി മാറ്റിയെടുക്കാൻ ശ്രമിച്ച ഒരു അധ്യാപക ജീവിതത്തെക്കുറിച്ചാണ് സാറാ ജോസഫ് എഴുതുന്നത്. ഔദ്യോഗികഭാരങ്ങള്‍ ഒഴിവായതിനുശേഷം ഊർജസ്വലമായ എഴുത്തുജീവിതവും സാമൂഹിക ജീവിതവും സ്വന്തമാക്കിയതിനെക്കുറിച്ചും അവർ എഴുതുന്നു.

33 വര്‍ഷം ഞാന്‍ അധ്യാപികയായി ജോലി ചെയ്തു. 55ാം വയസ്സിലാണ് റിട്ടയര്‍ ചെയ്തത്. അത് വാര്‍ധക്യത്തിന്റെ പ്രായമല്ല. 77-ലും എനിക്കിത് വാര്‍ധക്യത്തിന്റെ പ്രായമല്ല. 'ആറ്റിറ്റ്യൂഡ്’ ആണ് വയസ്സിനെ വാര്‍ധക്യമാക്കുന്നത്. ഭാഗ്യത്തിന് മറ്റു പല ജോലികളും പോലെ യാന്ത്രികമായോ മടുത്തോ ഒന്നും ചെയ്യേണ്ടിവരുന്ന ജോലിയായിരുന്നില്ല എന്റേത്. സദാ വികസ്വരമായിക്കൊണ്ടിരിക്കുന്ന മനസ്സും ബുദ്ധിയും ശരീരവുമുള്ള കുട്ടികള്‍ക്കിടയിലായിരുന്നു തൊഴില്‍ ജീവിതം മുഴുവന്‍. അവരില്‍നിന്ന് ഞാന്‍ പഠിച്ചത്ര എന്നില്‍നിന്ന് അവര്‍പഠിച്ചിട്ടുണ്ടാവില്ലെന്ന് തോന്നുന്നു.

അമ്പത്തിയഞ്ചോ അറുപത്തിയാറോ വയസ്, വ്യക്തികളുടെ ക്രിയേറ്റിവിറ്റികളുടെയോ ഊര്‍ജ്ജത്തിന്റെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ പ്രവര്‍ത്തനങ്ങളുടെയോ റിട്ടയര്‍മെന്റ് കാലമല്ല. ഇപ്പോഴത്തെ പെന്‍ഷനേഴ്‌സ്, കൂടുതല്‍ ഊര്‍ജസ്വലരായി പല മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നത് ശ്രദ്ധേയമായി തോന്നിയിട്ടുണ്ട്. പെന്‍ഷന്‍ പറ്റി അടങ്ങിയൊതുങ്ങി, പേരക്കുട്ടികളെയും നോക്കി വീട്ടിലിരിക്കുക എന്നത് ഇന്ന് ആര്‍ക്കും സ്വീകാര്യമല്ല. സ്വന്തമായി ഒരു പ്രവര്‍ത്തനമേഖല കണ്ടെത്താത്തവര്‍ പോലും അവനവന്റെ / അവളവളുടെ ആനന്ദത്തിന്റെ വഴികള്‍ കണ്ടെത്തുന്നതിന് പ്രായം ഒരു തടസമായി കരുതുന്നില്ല. നൃത്തം, യാത്ര, വാട്‌സ്ആപ് കൂട്ടായ്മകള്‍, ഫേസ്ബുക്ക് തുടങ്ങി എന്തിലെങ്കിലുമൊക്കെ വ്യാപൃതരാണ് പലരുമെന്നത് സന്തോഷകരമായ കാര്യമാണ്.

സാറാ ജോസഫ്

എന്നെ സംബന്ധിച്ച്, എഴുത്തുജീവിതത്തിനും സാമൂഹിക ജീവിതത്തിനും ആവശ്യമായ സമയം ലഭിച്ചത് ഔദ്യോഗികഭാരങ്ങള്‍ ഒഴിവായതിനുശേഷമാണ്. പ്രത്യേകിച്ച്, ഗവ. സര്‍വീസിലിരിക്കുമ്പോള്‍ നമുക്കുള്ള പരിമിതികള്‍ മറികടക്കാനും കഴിഞ്ഞു.

ക്ലാസ് മുറി എന്ന
ബഹുസ്വര ഇടം

ക്ലാസ് മുറികളും ഒരു രാഷ്ട്രീയ ഇടമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതു പറയുമ്പോള്‍, സ്വന്തം കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ വിദ്യാര്‍ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഒരിടമാണത് എന്ന് തീരെ കരുതരുത്. ഒരു ടീച്ചര്‍ക്ക് എന്നപോലെ ഒരു വിദ്യാര്‍ഥിക്കും സ്വന്തമായ രാഷ്ട്രീയനിലപാടുകളുണ്ടായിരിക്കും. ഒരുപക്ഷെ, അധ്യാപകരുടേതിനേക്കാള്‍ പക്വമായ രാഷ്ട്രീയനിലപാടുള്ള വിദ്യാര്‍ഥികളെയും എനിക്ക് പരിചയമുണ്ട്. ഞാനവരെ ബഹുമാനിച്ചിട്ടുണ്ട്.

ക്ലാസ് മുറികള്‍ ഒരു ബഹുസ്വര ഇടമാണ്. ജാതി- മത- വര്‍ഗ- വംശ- ലിംഗഭേദമില്ലാതെ എല്ലാ വിദ്യാര്‍ഥികളും തുല്യരായിരിക്കുന്ന ഒരിടം. നിറം കൊണ്ടോ സമ്പത്തുകൊണ്ടോ ഒരു വിദ്യാര്‍ഥി അവഗണനയോ പരിഗണനയോ അര്‍ഹിക്കുന്നില്ലാത്ത ഒരു സ്വതന്ത്രദേശമായിരിക്കണം ക്ലാസ് മുറികള്‍. നിര്‍ഭാഗ്യവശാല്‍ അധ്യാപക- വിദ്യാര്‍ഥി ബന്ധത്തിലും വിദ്യാര്‍ഥികള്‍ പരസ്പരമുള്ള ബന്ധത്തിലും ചിലപ്പോഴൊക്കെ വിവേകമില്ലാത്ത വിവേചനങ്ങള്‍ സംഭവിക്കുന്നു. രോഹിത് വെമുലയെ ഓര്‍ക്കുക.

പഠിപ്പിച്ച കുട്ടികൾ, തങ്ങളുടെ ജീവിതം എവിടെയെത്തിനില്‍ക്കുന്നു എന്നു പറയുമ്പോള്‍ പലതും സന്തോഷകരമെങ്കിലും ചിലതൊക്കെ നഷ്ടങ്ങളുടെയും ദുഃഖങ്ങളുടെയും അനുഭവങ്ങള്‍ പങ്കുവെക്കുന്നവയാണ്. അത് കേള്‍ക്കുമ്പോള്‍ വല്ലാതെ വേദനിക്കും.

ഞാന്‍ പഠിപ്പിച്ചത് ഭാഷയും സാഹിത്യവുമാണ്. ഭാഷ പഠിപ്പിക്കുമ്പോള്‍ ഭാഷണസമൂഹത്തെയാണ് പഠിപ്പിക്കേണ്ടിവരിക. സാമൂഹിക ഭാഷാശാസ്ത്രം എന്ന ഒരു വിഷയം പഠിപ്പിക്കുമ്പോള്‍ ഭാഷയില്‍ നിലനിര്‍ത്തിപ്പോരുന്ന മേല്‍ / കീഴ് ബന്ധങ്ങളെ കണ്ടെത്തി അവയുടെ കാര്യകാരണങ്ങള്‍ സമൂഹജീവിതത്തില്‍ പരിശോധിക്കേണ്ടിവരും. ഭാഷ എങ്ങനെ ഒരു സമൂഹത്തിലെ ലിംഗവിവേചനത്തിന്റെയും ജാതിവിവേചനത്തിന്റെയും വര്‍ഗവിവേചനത്തിന്റെയും കണ്ണാടിയായിരിക്കുന്നു എന്ന് വിശദമാക്കേണ്ടിവരും. ഭാഷാശാസ്ത്രവും വ്യാകരണവും താരതമ്യം ചെയ്തു പഠിപ്പിക്കുമ്പോള്‍ ഭാഷയോട് രണ്ടു സമീപനങ്ങള്‍ പുലര്‍ത്തുന്ന ശാഖകളാണവ എന്നു പറയേണ്ടിവരും. ഭാഷാശാസ്ത്രത്തിന് എല്ലാ ഭാഷകളും തുല്യപ്രധാനമായ ഭാഷാമാതൃകകള്‍ ആയിരിക്കുമ്പോള്‍ വ്യാകരണം ഭാഷയിലെ ശരിയേത് തെറ്റേത് എന്നു പറയുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടേണ്ടിവരും. കേരള പാണിനീയം പഠിപ്പിക്കുമ്പോള്‍ സ്ത്രീവിരുദ്ധമായ വൈയാകരണയുക്തികളെപ്പറ്റി ഞാന്‍ പരാമര്‍ശിക്കാറുണ്ട്.

സാഹിത്യം കൈകാര്യം ചെയ്യുമ്പോള്‍ സ്വഭാവികമായും സൗന്ദര്യവും നീതിയും എന്തെന്ന് നമ്മള്‍ വിശദീകരിക്കേണ്ടിവരുന്നു. നീതിയുടെ പക്ഷത്തുനിന്നുകൊണ്ട് പഠിപ്പിക്കുക എന്നു കരുതുമ്പോള്‍ തന്നെ, 'ആരുടെ നീതി' എന്ന ചോദ്യം പ്രസക്തമാകുകയും ചെയ്യും. ഇവിടെ സംവാദങ്ങള്‍ ആവശ്യമാണ്. സംവാദങ്ങളിലൂടെ 'നീതി'യെക്കുറിച്ചുള്ള വിചിന്തനങ്ങള്‍ക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കേണ്ടിവരും. സ്വന്തം നീതിബോധം എന്തെന്നും അതിനെന്തെങ്കിലും ന്യൂനതകളുണ്ടോ എന്നും പരിശോധിക്കാന്‍ അവരെ സഹായിക്കുക തുറന്ന സംവാദങ്ങളാണ്. എന്റെ നീതി, എന്റെ വാദമുഖങ്ങള്‍ മാത്രമാണ് ശരി എന്നതിനപ്പുറം അന്യരുടെ നീതിയെയും വാദമുഖങ്ങളെയും സഹിഷ്ണുതയോടെ അറിയാനും മനസ്സിലാക്കാനും ആദരിച്ചില്ലെങ്കില്‍ ക്കൂടി അവഹേളിക്കാതിരിക്കാനും നല്ല സംവാദങ്ങള്‍ സഹായിക്കും. (ബാഹ്യ ഇടപെടലുകളില്ലാത്ത വിദ്യാര്‍ഥികളുടേതുമാത്രമായ സംവാദങ്ങള്‍ക്കുള്ള സാധ്യത എത്രത്തോളം എന്നതൊരു വിഷയമാണ്). നിര്‍ഭാഗ്യവശാല്‍ നമ്മുടെ പഠനരീതിയില്‍ സംവാദങ്ങള്‍ക്കുള്ള ഇടവും സമയവും തീരെ പരിമിതമാണ്. വിഷയം പഠിപ്പിക്കുക എന്നതിലാണ് വിദ്യാഭ്യാസത്തിന്റെ ഊന്നല്‍; ഒരു മികച്ച പൗരനെ / പൗരയെ സൃഷ്ടിക്കുക എന്നതിലല്ല.

അറിവിനെ തിരിച്ചറിവാക്കി കൊടുക്കുന്ന പ്രക്രിയയുടെ ഭാഗമായി തൊഴിലെടുക്കാന്‍ കഴിഞ്ഞതാണ് സംതൃപ്തി നല്‍കുന്ന കാര്യം.

എന്റെ രാഷ്ട്രീയശരികളിലേക്ക് കുട്ടികളെ വലിച്ചിഴക്കുന്ന രീതിയല്ല, എന്റെ രാഷ്ട്രീയശരികള്‍ എന്തെന്നറിയാന്‍ അവര്‍ക്ക് അവസരമുണ്ടാക്കുക എന്ന രീതിയാണ് ഞാന്‍ സ്വീകരിച്ചിരുന്നത്. അത് കഴിയുന്നത്ര ഭാഷയുടെയും സാഹിത്യത്തിന്റെയും വ്യാഖ്യാനങ്ങളിലൂടെ സാധിച്ചിട്ടുമുണ്ട്.

‘മാനുഷി’യുടെ
കാമ്പസ്

പലരും എന്നെ ആദ്യകാല ഫെമിനിസ്റ്റായി ചിത്രീകരിച്ചു കണ്ടിട്ടുണ്ട്. ഒരിക്കല്‍, കൃത്യമായ ധാരണയോടെ മനസ്സിലേക്ക് ഏറ്റെടുത്ത സ്ത്രീപക്ഷരാഷ്ട്രീയത്തെ പല നിലകളില്‍ ജീവിതത്തിലും രാഷ്ട്രീയത്തിലും എഴുത്തിലും സ്വയം വിമര്‍ശന വിധേയമാക്കുകയും ദൃഢപ്പെടുത്തുകയും ചെയ്തുകൊണ്ട് നിലനില്‍ക്കുന്ന ഒരാളാണ് ഞാന്‍. ആദ്യകാലത്തേക്കുമാത്രമായി ചുരുങ്ങാന്‍ എനിക്ക് കഴിയില്ല. ഫെമിനിസം എന്റെ രാഷ്ട്രീയശരിയാണ്. അത് സ്ത്രീക്കുവേണ്ടിമാത്രമല്ല, അധികാരത്തിന്റെ നുകത്തിനുകീഴില്‍നിന്ന് വിമോചിതരാക്കപ്പെടേണ്ട സകല മനുഷ്യരുടെയും വിമോചന രാഷ്ട്രീയമായിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്. അതിനാല്‍, കാമ്പസില്‍നിന്ന് പുറത്തേക്ക് അതൊഴുകിയത് പല കൈവഴികളായി, സമൂഹജീവിതത്തിന്റെ പല തട്ടുകളിലേക്കാണ്.

1994-ൽ തൃശ്ശൂർ പി.ജി സെൻ്ററിൽ സംഘടിപ്പിച്ച സാഹിത്യകാരികളുടെ സംഗമത്തിൽ മാധവിക്കുട്ടി സംസാരിക്കുന്നു. മുൻബഞ്ചിൽ സാറാ ജോസഫും സി.എസ്. ചന്ദ്രികയും.

കാമ്പസിലുണ്ടായിരുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഫലം, കേരളീയ സമൂഹത്തില്‍ വന്‍തോതില്‍ പ്രതിഫലിക്കുകയും ഇപ്പോഴും ഇപ്പോഴും അനുരണനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നതാണ് 'മാനുഷി' പോലെ ഒരു രാഷ്ട്രീയ / സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ നേട്ടമായി ഞാന്‍ കാണുന്നത്. കേരളീയ സമൂഹത്തെ തട്ടിയുണര്‍ത്തു്‌നനതിന് ലിംഗവിവേചനത്തെക്കുറിച്ച് ‘മാനുഷി’ മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് സാധിച്ചു. സ്ത്രീവിമോചനചിന്തകള്‍ കേരള സമൂഹത്തെ ചലനാത്മകമാക്കി. എഴുത്തിലും വായനയിലും കുടുംബത്തിലും മനുഷ്യബന്ധങ്ങളിലുമെല്ലാം ആരോഗ്യകരമായ സ്ത്രീപക്ഷ സമീപനമുണ്ടായി. അധികാരത്തോട് കലഹിച്ച് പ്രാതിനിധ്യവും സ്വന്തം ഇടവും അവകാശവും നേടുന്നതിനുവേണ്ടി സ്ത്രീകള്‍ ചരിത്രത്തിലുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ശബ്ദം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു.

എന്റെ വിദ്യാര്‍ഥികളിൽ അധ്യാപകര്‍, ഡോക്ടര്‍മാര്‍, എഴുത്തുകാര്‍, ഓട്ടോറിക്ഷയോടിക്കുന്നവര്‍, ബിസിനസുകാര്‍... എങ്ങനെ അനേക വിഭാഗങ്ങളില്‍ പെട്ടവരുണ്ട്. അവരെല്ലാം എന്നെ തിരിച്ചറിയുന്നു. എന്റെ ക്ലാസുകള്‍ ഓര്‍ക്കുന്നു. അതുതന്നെ സന്തോഷമല്ലേ?

എന്റെ വിദ്യാർഥികൾ

യു.പി സ്‌കൂള്‍ തലം മുതല്‍ പി.ജി ക്ലാസ് വരെ അനേകം കുട്ടികളെ പഠിപ്പിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. സമര്‍ഥരും അസമര്‍ഥരും അക്കൂട്ടത്തിലുണ്ട്. ജീവിതത്തില്‍ വിജയിച്ചവരും (?) പരാജയപ്പെട്ടവരുമുണ്ട്. മറ്റു പല അധ്യാപകരെയും പോലെ കുട്ടികളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ട് അവര്‍ക്ക് ആശ്വാസവും കരുത്തുമാകാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. എങ്കിലും ഒട്ടേറെപേര്‍ വ്യക്തിപരമായി എന്നോട് ഇപ്പോഴും ബന്ധപ്പെടുകയും നിരന്തരവിനിയമം പുലര്‍ത്തുകയും ചെയ്യുന്നു. മലയാളികള്‍ക്ക് സുപരിചിതരായ ഒട്ടേറെ പേര്‍ എന്റെ വിദ്യാര്‍ഥികളാണ്. അവരില്‍ അധ്യാപകര്‍, ഡോക്ടര്‍മാര്‍, എഴുത്തുകാര്‍, ഓട്ടോറിക്ഷയോടിക്കുന്നവര്‍, ബിസിനസുകാര്‍... എങ്ങനെ അനേക വിഭാഗങ്ങളില്‍ പെട്ടവരുണ്ട്. പലരെയും കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയില്ല. പക്ഷെ, അവരെല്ലാം എന്നെ തിരിച്ചറിയുന്നു. എന്റെ ക്ലാസുകള്‍ ഓര്‍ക്കുന്നു. അതുതന്നെ സന്തോഷമല്ലേ? അവരുടെ ജീവിതം എവിടെയെത്തിനില്‍ക്കുന്നു എന്നു പറയുമ്പോള്‍ പലതും സന്തോഷകരമെങ്കിലും ചിലതൊക്കെ നഷ്ടങ്ങളുടെയും ദുഃഖങ്ങളുടെയും അനുഭവങ്ങള്‍ പങ്കുവെക്കുന്നവയാണ്. അത് കേള്‍ക്കുമ്പോള്‍ വല്ലാതെ വേദനിക്കും. കോവിഡ് അപഹരിച്ച എന്റെയൊരു വിദ്യാര്‍ഥിയെ പറ്റിമാത്രം ഇവിടെ വ്യക്തിപരമായി സൂചിപ്പിക്കട്ടെ.

അവന് എങ്ങനെ മരണത്തിന് കീഴടങ്ങാന്‍ കഴിഞ്ഞു എന്ന അല്‍ഭുതം ഇപ്പോഴും എന്നെ വിട്ടുമാറിയിട്ടില്ല. പാലക്കാട് വിക്‌ടോറിയാ കോളേജില്‍ ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ഥി അഷ്‌റഫ് മലയാളി. അതിന്റെ ഏതാനും മാസം മുമ്പാണ്, ഒരു പരിപാടിയില്‍വെച്ച് അവന്‍ എന്റെയും മകള്‍ സംഗീതാ ശ്രീവിനാസന്റെയും ഒരുപാട് നല്ല ഫോട്ടോകള്‍ എടുത്തത്. ഫേസ്ബുക്കില്‍ അവന്‍ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴും അവന്റെ അക്കൗണ്ട് അവിടെയുണ്ട്. അവനായിട്ട് അവനുവേണ്ടി ആരോ പോസ്റ്റുകള്‍ ഇടുന്നതും കാണുന്നു.

സാറാ ജോസഫ് മകള്‍ സംഗീത ശ്രീനിവാസനൊപ്പം

തീര്‍ച്ചയായും അധ്യാപനം വിപുലമായൊരു സാംസ്‌കാരിക പ്രവര്‍ത്തനമാണ്. അറിവിനെ തിരിച്ചറിവാക്കി കൊടുക്കുന്ന പ്രക്രിയയുടെ ഭാഗമായി തൊഴിലെടുക്കാന്‍ കഴിഞ്ഞതാണ് സംതൃപ്തി നല്‍കുന്ന കാര്യം. ഒപ്പം, കുട്ടികളുമായി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ള സ്നേഹബന്ധങ്ങള്‍, സൗഹൃദങ്ങള്‍, അവരില്‍ ചെലുത്താന്‍ കഴിഞ്ഞ സ്വാധീനങ്ങള്‍ ഒക്കെ നേട്ടമാണ്.


സാറാ ജോസഫ്

കഥാകൃത്ത്, നോവലിസ്റ്റ്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകരിൽ ഒരാൾ. പാപത്തറ, ഒടുവിലത്തെ സൂര്യകാന്തി (കഥാ സമാഹാരം), ആലാഹയുടെ പെൺമക്കൾ, മാറ്റാത്തി, ഒതപ്പ്, ആതി, ബുധിനി, കറ (നോവലുകൾ) തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments