ഡോക്ടറുടെ
ഓർമക്കുറിപ്പടി- മൂന്ന്
സി. കേശവൻ എന്ന ചരിത്രം
എന്റെ തൂലിക പിച്ചവെച്ചുതുടങ്ങിയത് പത്താം വയസ്സിലാണ്. ഇപ്പോള്‍ 300- ഓളം ലേഖനങ്ങളും 67 ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുതുമ്പോള്‍ ശ്രദ്ധിച്ചിരുന്നത് മൗലികതയിലെ ഊന്നല്‍, വിഷയ വൈവിധ്യം, ഭാഷാലാളിത്യം, അവതരണത്തിലെ ആകര്‍ഷകത്വം എന്നിവയാണ്.
മനുസ്മൃതിയെ കുറിച്ചുള്ള പഠനം, ചികിത്സാരംഗത്തെ അന്ധവിശ്വാസങ്ങള്‍, അദ്വൈത വേദാന്തികള്‍, സർഗപ്രതിഭകളുടെ വിഷാദോന്മാദങ്ങള്‍, എങ്ങനെ നല്ല മാനേജരാകാം തുടങ്ങിയ പുസ്തകങ്ങളിൽ പ്രത്യേകമായി എന്റെ മൗലിക ആശയങ്ങള്‍ ദര്‍ശിക്കാം.
പ്രമേഹം, രക്തസമ്മര്‍ദ്ദം, മരുന്ന്, ഭക്ഷണം, പനി, ചുമ, തുടങ്ങിയ മെഡിക്കല്‍ വിഷയങ്ങളും വിഷാദരോഗം, വിഷാദോന്മാദരോഗം തുടങ്ങിയ മനഃശ്ശാസ്ത്ര വിഷയങ്ങളും പുസ്തകങ്ങളായിട്ടുണ്ട്. ഇവക്കൊപ്പം ശ്രീനാരായണ ദര്‍ശനം, ടിപ്പുസുല്‍ത്താന്‍ വ്യക്തിഹത്യയുടെ രക്തസാക്ഷി എന്ന ചരിത്ര ഗ്രന്ഥം, സി. കേശവനെന്ന പോരാളി എന്ന ജീവചരിത്രം എന്നീ പുസ്തകങ്ങളിലൂടെ യുക്തിവാദം, സാമൂഹ്യപ്രശ്‌നങ്ങള്‍, ജീവിതശൈലി, ശരീരശാസ്ത്രം, വൈദ്യശാസ്ത്രം, വാര്‍ദ്ധക്യരോഗശാസ്ത്രം, മനോരോഗശാസ്ത്രം, തത്വചിന്ത, വ്യക്തിത്വ വികസനം, സാമൂഹ്യ വൈദ്യശാസ്ത്രം, പരിണാമവാദം, ചരിത്രം, നാടകം തുടങ്ങി വിപുല ശ്രേണിയിലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് നോവലും രചിച്ചിട്ടുണ്ട്. മാനസികപ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന ഗ്രന്ഥം സ്‌കൂളുകളിലെ ഉപയോഗത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്.
സർഗപ്രതിഭകളുടെ വിഷാദോന്മാദങ്ങള്‍ മലയാളത്തില്‍ സര്‍ഗ്ഗജാതരുടെ എഴുത്തുകാരിലെ മാനസികരോഗത്തെ കുറിച്ചുള്ള ആദ്യ പുസ്തകമാണ്. അതിനുശേഷം ഡോ. ബി. ഇക്ബാലും ഈ വിഷയത്തെ കുറിച്ചെഴുതിയിച്ചുണ്ട്. യുക്തിവിചാരം എഡിറ്ററായിരുന്നപ്പോഴാണ് യുക്തിവാദ കലണ്ടറിനെ കുറിച്ചുള്ള നിര്‍ദ്ദേശം ആദ്യമായി അവതരിപ്പിച്ചത്.
'സി. കേശവനെന്ന പോരാളി' എന്ന ഗ്രന്ഥത്തിന്റെ രചനയെ പറ്റി പറയാം. പോയ കാലത്ത് ഭ്രാന്താലയമായിരുന്ന കേരളം മനുഷ്യവാസയോഗ്യമാക്കിയ ചരിത്രപ്രക്രിയയെയാണ് നവോത്ഥാനമെന്ന് ചരിത്രകാരര്‍ വിളിക്കുന്നത്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ ചരിത്രത്തെ വികലമാക്കുന്ന ഈ കാലഘട്ടത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നവോത്ഥാന നായകന്മാരുടെ ജീവചരിത്രം പരമ്പരയായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രത്യേകിച്ചും ത്യാഗോജ്ജ്വലവും വിപ്ലവകരവുമായ ചരിത്രം സൃഷ്ടിച്ച സി. കേശവന്റെ ജീവചരിത്രം ഓരോ മലയാളിക്കും ആവേശകരമാണ്. ശബരിമല ക്ഷേത്രം തീവച്ച് നശിക്കപ്പെട്ട വിവരമറഞ്ഞപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന സി. കേശവന്‍ മടിയേതും കൂടാതെ പറഞ്ഞു, 'ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറഞ്ഞു.' അതിനുശേഷം പെരിയാറിലൂടെ എത്രയോ ജലം ഒഴുകിപ്പോയി. ഇത്രയും തത്ത്വദീക്ഷയോടും സുധൈര്യമായും അഭിപ്രായം തുറന്നുപറയാന്‍ കെല്‍പ്പുള്ള നേതാക്കള്‍ ഇന്ത്യയിലെവിടെയും ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയിലുണ്ടോ?
നിരീശ്വര യുക്തിവാദികളുടെ ആവേശമായ സി. കേശവന്‍ തന്റെ സുപ്രസിദ്ധമായ 'കോഴഞ്ചേരി പ്രസംഗ' ത്തില്‍ കൂടിയും അറിയപ്പെടുന്നുണ്ട്. ആ പ്രസംഗത്തിലെ ഒരു ഭാഗം: ‘‘ഞാന്‍ പറയുന്നത് സര്‍ സി.പി.യെപ്പറ്റിയാണ്. ആ ജന്തു നമുക്കാവശ്യമില്ല. ഞാന്‍ ജന്തു എന്നു പറഞ്ഞത് ഹിന്ദു എന്നാണ്. അദ്ദേഹം ഈഴവനും ക്രിസ്ത്യാനിക്കും മുസ്ലിമിനും ഒരു ഗുണവും ചെയ്യുകയില്ല. ഇതു ഞാന്‍ പറയുമ്പോള്‍ നിങ്ങളുടെ ആരുടെയും മുഖത്ത് പ്രതിഷേധത്തിന്റെ ചേഷ്ഠ ഞാന്‍ കാണുന്നില്ല. അതുകൊണ്ട് ഈ മൂന്നു സമുദായങ്ങളും ഒന്നിച്ചു ചേര്‍ന്നുള്ള ഘടന നിയമസഭയില്‍ നമുക്കു കുറേ സ്ഥാനങ്ങള്‍ കിട്ടിയാലും ഇല്ലെങ്കിലും ഇനിയും തുടര്‍ന്നുകൊണ്ടുപോകേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. ഈ സംയുക്തപ്രസ്ഥാനക്കാര്‍ തിരുവിതാംകൂറിലെ ഒരു ശാശ്വതകക്ഷിയായി നില്‍ക്കട്ടെ എന്നുള്ള പ്രാര്‍ത്ഥനയോടുകൂടി ഞാന്‍ വിരമിക്കുന്നു.’’- (ജി. പ്രിയദര്‍ശനന്‍-സി. കേശവന്റെ വിപ്ലവപ്രസംഗങ്ങള്‍, പുറം 33-43).
ഇവിടെ ഒരു വിശദീകരണം ആവശ്യമാണ്. സി. കേശവന്‍ സി. പിയെ 'ജന്തു' എന്ന് വിളിച്ചതില്‍ അന്ന് ആക്ഷേപമുണ്ടായിരിക്കാനിടയില്ല. ആ പേരില്‍ കേശവനെതിരെ ഒരു കേസുമുണ്ടായിരുന്നില്ല. ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണമുണ്ടായിരുന്ന സമയം 'ജന്തു' എന്ന് ഇവിടത്തെ ജനങ്ങളെ വിളിച്ചിരുന്നു. ‘ജന്‍തു’, ‘ഹിന്തു’- ഇപ്രകാരമായിരുന്നു ആ പേരുകള്‍. അതിന്റെ ഉല്‍ഭവം സംസ്‌കൃതം, പോര്‍ച്ചുഗീസ് ഭാഷകളില്‍ നിന്നായിരുന്നു. വാറണ്‍ ഹേസ്റ്റിങ്‌സ് ഭരണകാലത്ത് മനുസ്മൃതി നിയമം മാറ്റി ഇന്ത്യയില്‍ നടപ്പാക്കിയ നിയമത്തിന് ‘A Code of Gentoo Law’ എന്നായിരുന്നു പേര്. 1776 -ലെ ഈസ്റ്റ് ഇന്ത്യ കമ്പനി നിയമം അന്ന് പേഴ്‌സ്യനിലേക്കും ഇംഗ്ലീഷിലേക്കും ഹാല്‍ഹെഡ് തര്‍ജ്ജമ ചെയ്തിരുന്നു. പോര്‍ച്ചുഗീസ് ഭാഷയില്‍ ജൂതന്മാരല്ലാത്തവരെ വിളിച്ചിരുന്ന പേരാണ് Gentoo. (also spelled Gentue or Jentu) ‘ജന്തു’ എന്ന പദം അപ്രകാരം ഉല്‍ഭവിച്ചതായിരിക്കണം. ഇന്ത്യക്കാരില്‍ ജാതിക്ക് പ്രാധാന്യവും അതുള്‍ക്കൊള്ളുന്ന മതത്തിന് പ്രാധാന്യമില്ലാതിരിക്കയും ജനത എന്നര്‍ത്ഥം തോന്നുന്ന ഈ പദം പ്രാബല്യത്തിലായതാകാം.
സുപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തില്‍ മൂന്നു വസ്തുകളാണ് ശ്രദ്ധിക്കാനുള്ളത്. അവര്‍ണ്ണരുടെ ആനുപാതിക പ്രാതിനിധ്യത്തിന് സി. കേശവനും നിവര്‍ത്തന പ്രക്ഷോഭകരും ശബ്ദമുയര്‍ത്തിയിരുന്നു. കാര്യക്ഷമതാവാദത്തെ അദ്ദേഹം എതിര്‍ത്തിരുന്നു. കാര്യക്ഷമതാവാദം മനുവിന്റെ കാലം മുതലുള്ളതാണ്. നിവര്‍ത്തനകാലത്തെ അവര്‍ണ ഐക്യം തുടരണമെന്ന് സി. കേശവന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. തങ്ങള്‍ ബിസിനസുകാരാണെന്ന് അവര്‍ണ മുസ്ലിം- ക്രിസ്ത്യൻ വിഭാഗത്തെ പറ്റി പറയുന്നതിന് കാരണം, ഈ വിഭാഗം ബിസിനസുകാരാണ്, അതുകൊണ്ട് സര്‍ക്കാര്‍ ജോലി ആവശ്യമില്ല എന്ന് സവര്‍ണര്‍ പ്രചരിപ്പിച്ചതിന്, പരിഹാസരൂപത്തിലുള്ള മറുപടിയെന്ന നിലയ്ക്കായിരുന്നു.
സി. കേശവന്റെ ജീവചരിത്രം തയ്യാറാക്കുന്നതിന് അദ്ദേഹത്തിന്റെ കുടുംബപരമ്പരയില്‍ പെട്ട എന്റെ സുഹൃത്ത് ന്യൂറോ സര്‍ജന്‍ ഡോ. ഡി. മോഹന്‍ലാൽ, കേണല്‍ ഭദ്രന്‍, അദ്ദേഹത്തിന്റെ സഹോദരി പ്രൊഫ. ശോഭ, സി. കേശവന്‍ ഫൗണ്ടേഷന്‍ സാരഥി ഹാഷിം രാജന്‍, അവസാനകാലം വരെ സി. കേശവന്റെ കൂടെയുണ്ടായിരുന്ന പേരമകള്‍ മിനി എന്നിവരും വിലപ്പെട്ട വിവരങ്ങള്‍ നല്‍കി.
തങ്ങള്‍ ബിസിനസുകാരാണെന്ന് അവര്‍ണ മുസ്ലിം- ക്രിസ്ത്യൻ വിഭാഗത്തെ പറ്റി പറയുന്നതിന് കാരണം, ഈ വിഭാഗം ബിസിനസുകാരാണ്, അതുകൊണ്ട് സര്‍ക്കാര്‍ ജോലി ആവശ്യമില്ല എന്ന് സവര്‍ണര്‍ പ്രചരിപ്പിച്ചതിന്, പരിഹാസരൂപത്തിലുള്ള മറുപടിയെന്ന നിലയ്ക്കായിരുന്നു.
എഴുത്തിന്റെ
സൗന്ദര്യശാസ്ത്രം
ശ്രദ്ധയും സമയവും അപഹരിക്കുന്ന പ്രക്രിയയാണ് സാഹിത്യ രചന. മികച്ച രീതിയില്‍ എഴുതണമെന്ന് ആഗ്രഹിക്കുന്നതോടെ കൂടുതല്‍ സമയം വേണ്ടിവരും. എഴുത്തുകാരും കുടുംബമുള്ള മനുഷ്യരാണെന്ന് നാം ഓര്‍ക്കുമല്ലോ. കുടുംബത്തിന് അവര്‍ പ്രതീക്ഷിക്കുന്ന ശ്രദ്ധയും സമയവും ലഭിക്കുന്നില്ലെങ്കില്‍ അത് പരിഭവത്തിലേക്ക് നയിക്കും. എന്നെ സംബന്ധിച്ച് അപ്രകാരമുള്ള പ്രശ്‌നങ്ങള്‍ കഴിയുന്നത്ര ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. പക്ഷേ ചിലപ്പോള്‍ ചില വിഷയങ്ങളില്‍ ആഴ്ന്നിറങ്ങുമ്പോള്‍ സമയം പോകുന്നത് അറിയാതെ വരും. പക്ഷേ പരിഭവത്തില്‍പൊതിഞ്ഞ സഹകരണം അവരില്‍ നിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്. അതുപോലെ ദീര്‍ഘസമയം ഇരുന്നുകൊണ്ടുള്ള ജോലിയായതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ചുമല്‍ വേദന, കഴുത്തുവേദന, കാഴ്ചാ പ്രശ്‌നങ്ങള്‍, വ്യായാമം കുറയുന്നതുമൂലമുണ്ടാകുന്ന പേശികളിലെ ശക്തിക്കുറവ് എന്നിവ കഴിയുന്നത്ര വ്യായാമത്തിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചു പോന്നിട്ടുണ്ട്.
ഒരു ദിവസം എല്ലാവര്‍ക്കും 24 മണിക്കൂറാണ്. ആര്‍ക്കും അതില്‍ കൂടുതല്‍ കിട്ടില്ല. ഞാന്‍ എഴുത്തുകാരനായ ഡോക്ടര്‍ ആണെന്ന് പറഞ്ഞാല്‍ എനിക്ക് പ്രകൃതി കൂടുതല്‍ സമയം തരുന്നില്ല. ഈ 81-ാം വയസ്സിലും എഴുത്തിലും ചികിത്സയിലും മറ്റുമുള്ള ഉത്തരവാദിത്വങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട സമ്മര്‍ദ്ദമുണ്ട്. ഇപ്രകാരം ഒരു സര്‍ക്കസിലൂടെ മുന്നോട്ടു പോകുന്നു.
സൃഷ്ടിപരമായ എഴുത്ത് മൗലികതയിലും ഭാവനയിലും ആവിഷ്‌കാരത്തിലും ഊന്നുന്നു. ഏതുതരം എഴുത്തിലും സൃഷ്ടിപരതയും മൗലികതയും ഭാവനയും വരുത്താവുന്നതാണ് എന്നാണെന്റെ അഭിപ്രായം. സാങ്കേതികവും അക്കാദമികവുമായ എഴുത്തില്‍നിന്ന് വിഭിന്നമായി സൃഷ്ടിപരമായ എഴുത്ത് ശ്രദ്ധിക്കുന്നത്, ഒരു കഥ പറച്ചില്‍ രൂപത്തിലാണ്. അതിൽ, വൈകാരിക തലങ്ങള്‍ വായനക്കാരിലേക്ക് പകരാൻ എഴുത്തുകാർ ശ്രദ്ധിക്കുന്നു. വിജ്ഞാനം പകരല്‍ എന്ന ലക്ഷ്യം ഇവിടെയില്ല. താര്‍ക്കികമായ ഒരു വിഷയം അവതരിപ്പിക്കുമ്പോള്‍ അതിന്റെ ഉപോല്‍ബലകവും പ്രതികൂലവുമായ വിവിധ വശങ്ങള്‍ അവതരിപ്പിച്ച്, നിഷ്പക്ഷമായ തീരുമാനത്തിലെത്താൻ തക്ക വിവരം വായനക്കാർക്ക് കൊടുക്കുകയും അവസാനം തീരുമാനത്തിലെത്തിക്കാൻ സഹായിക്കുകയുമാണ് വേണ്ടത്.
ആദ്യമൊക്കെ പേനയും കടലാസും ഉപയോഗിച്ചായിരുന്നു എഴുത്ത്. പിന്നീടാണ് കമ്പ്യൂട്ടര്‍ഉപയോഗം തുടങ്ങിയത്. കമ്പ്യൂട്ടറിലൂടെ എഡിറ്റിംഗും റഫറന്‍സും കുറെ കൂടി ആയാസരഹിതമാണ്. ഇപ്പോള്‍ വോയ്‌സ് ടൈപ്പിങ്ങ് ലഭ്യമായതോടെ എഴുത്ത് കുറച്ചുകൂടി എളുപ്പമായി.
സൃഷ്ടിപരമായ എഴുത്തുകളിൽ, എഴുത്തുകാരുടെ ഭാവനയും കലാപരമായ കഴിവുകളും ഉപയോഗിച്ച് ആഖ്യാനപരമായ ശൈലിയില്‍ കഥാപാത്രങ്ങളെയും പശ്ചാത്തലത്തെയും സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. സൃഷ്ടിപരമായ എഴുത്ത് സദാ പുതിയ മേഖലകള്‍ തേടിക്കൊണ്ടിരിക്കും. അതിൽ, എഴുത്തുകാർക്ക് ധാരാളം സ്വാതന്ത്ര്യമുണ്ട്. ഓരോ വ്യക്തിയുടെയും അനുഭവവും സാഹചര്യവും വ്യക്തിത്വവും അനുസരിച്ച് അവരുടെ പ്രചോദനങ്ങള്‍ വ്യത്യസ്തമായിരിക്കും. അവ വായനക്കാരിലേക്ക് പകരുന്ന രീതിയും വ്യത്യസ്തമായിരിക്കും. ഭൂരിഭാഗം എഴുത്തുകാർക്കും പ്രചോദനം അവരുടെ അനുഭവങ്ങളും ലോകത്തെ നിരീക്ഷിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന വിശകലനങ്ങളുമായിരിക്കും. വായനക്കാരുടെ ഭാവനയെയും ചിന്തയെയും ആശയങ്ങളെയും പ്രചോദിപ്പിക്കുക, അവരെ പ്രവര്‍ത്തിക്കാൻ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായി എഴുത്തുകാരുടെ കയ്യിലുള്ള ആയുധം ശക്തമായ ഭാഷയും മനോഹരമായ കഥ പറച്ചിലും മാത്രമാണ്.
ഞാന്‍ എഴുതിത്തുടങ്ങുന്നത് ഒരു കൈയെഴുത്ത് മാസികയിലൂടെയാണ്. ഞാനതിന്റെ എഡിറ്ററായിരുന്നു. കൂട്ടുകാരില്‍ നിന്ന് ലേഖനങ്ങളും കഥകളും മറ്റും ശേഖരിക്കും. എഡിറ്റര്‍ എന്ന നിലയില്‍ ചിലവ തിരസ്‌കരിക്കും. . തെരഞ്ഞെടുത്തതെല്ലാം ഒരു നോട്ടുബുക്കില്‍ ‘ബാലലീല’ എന്ന പേരില്‍ കൈയെഴുത്ത് മാസികയാക്കും. കൂട്ടുകാര്‍ തന്നെയാണ് വായനക്കാര്‍. ബാലലീല അങ്ങനെ കൂട്ടുകാര്‍ വായിച്ചുവായിച്ച് ഒരു പരുവത്തിലാക്കി തിരിച്ചെത്തും. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും മനസ്സിലാക്കി മെച്ചപ്പെടുത്തും.
അന്നു കാണുന്നതല്ല ഇന്ന് കാണുന്നതും കേള്‍ക്കുന്നതും. അവ എന്നും കണ്ണിലും കാതിലും ഉണ്ടെങ്കിലും ഇന്ന് കാണുന്നതും കേള്‍ക്കുന്നതും പരിണാമപരമായ തുടര്‍ച്ചയായി കാണേണ്ടതുണ്ട്. ഇന്നത്തെ ഞാന്‍ എഴുതുന്നത് ഇന്നത്തെ സാഹചര്യത്തിനനുസരിച്ചാണ്. എഴുതാനുള്ള പ്രചോദനങ്ങളും ആശയങ്ങളും മനസ്സിലേക്ക് വരുന്നത് അധികവും രാത്രിയും രാവിലെ ഒമ്പതു മണിക്ക് മുമ്പുമാണ്. പലപ്പോഴും രാവിലെയായിരിക്കും, ചിലപ്പോള്‍ കുളിക്കുമ്പോൾ. അതിനിടയിലുള്ള സമയങ്ങളില്‍ രോഗി പരിശോധനകളും ചികിത്സകളും മറ്റു കാര്യങ്ങളും ചെയ്യുന്ന തിരക്കിലായിരിക്കും. പക്ഷേ ദിവസത്തില്‍ ഏത് സമയവും എഴുതാറുണ്ട്, രാത്രി ഒമ്പതിനുശേഷം ഇല്ല.
എഴുത്തിനെ പല ഘട്ടങ്ങളായി തിരിക്കാം. ചിന്തയുടെയും ആശയങ്ങളുടെയും ഘട്ടം, ഡ്രാഫ്റ്റ് അഥവാ ടെംപ്ലേറ്റ്, റഫറന്‍സുകള്‍, എഴുത്ത്, വായന, തിരുത്തല്‍- ചുരുങ്ങിയത് അഞ്ചു പ്രാവശ്യം, എഡിറ്റിംഗ്, ലെറ്റര്‍ എഡിറ്റിംഗ്, ലൈന്‍ എഡിറ്റിംഗ്, പാരഗ്രാഫ് എഡിറ്റിംഗ്, ചിത്രങ്ങള്‍, ഉദ്ധരണികള്‍, ടൈറ്റിലുകള്‍ എന്നിവ ചേർക്കൽ, അനാവശ്യമായവ നീക്കം ചെയ്യല്‍, ആവശ്യമെന്ന് തോന്നുന്നവ ചേര്‍ക്കല്‍ എന്നിവയാണ് എഴുത്തിന്റെ ഘട്ടങ്ങൾ.
ആദ്യമൊക്കെ പേനയും കടലാസും ഉപയോഗിച്ചായിരുന്നു എഴുത്ത്. പിന്നീടാണ് കമ്പ്യൂട്ടര്‍ഉപയോഗം തുടങ്ങിയത്. കമ്പ്യൂട്ടറിലൂടെ എഡിറ്റിംഗും റഫറന്‍സും കുറെ കൂടി ആയാസരഹിതമാണ്. ഇപ്പോള്‍ വോയ്‌സ് ടൈപ്പിങ്ങ് ലഭ്യമായതോടെ എഴുത്ത് കുറച്ചുകൂടി എളുപ്പമായി. ആശയങ്ങള്‍ വരുന്നത് സ്വന്തമായും സുഹൃത്തുക്കളിലൂടെയും വായനക്കാരിലൂടെയും പ്രസാധകരിലൂടെയും മറ്റുമാണ്. പല കാര്യങ്ങളും തര്‍ജ്ജമ ചെയ്യേണ്ടിവരും. അപ്പോള്‍, സാംസ്‌കാരികമായ വശങ്ങള്‍ കൂടി കണക്കിലെടുത്ത് മലയാളം വാക്കുകള്‍ കണ്ടെത്തിയില്ലെങ്കില്‍ അത് ഭംഗിയാകില്ല. ഏതെങ്കിലും ഒരു പുതിയ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ആ വിഷയത്തിലേക്ക് മനസ്സെത്താൻ കുറച്ചു ദിവസം പിടിക്കും. അപ്പോൾ എഴുത്തിന്റെ വേഗം കുറവായിരിക്കും. അതിനെ ഒരുതരം ഇന്‍കുബേഷന്‍ പിരീഡ് എന്നുപറയാം.
എഴുത്തെല്ലാം വായനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ചികിത്സയിലും മറ്റ് രംഗങ്ങളിലുമുള്ള അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, അനീതികള്‍ തുടങ്ങിയവ എഴുത്തിലൂടെ പരിഹരിക്കാം എന്ന് വ്യാമോഹിക്കുന്നു.
യുദ്ധങ്ങളുടെ
അർഥശൂന്യത
അപ്രതീക്ഷിതമായി, മരണം കണ്ടപ്പോഴാണ് ആദിമമനുഷ്യന്‍ ചിന്തിക്കാനാരംഭിച്ചത്. ഇതുവരെ തന്നോടൊപ്പം, തന്റെ വേണ്ടപ്പെട്ടവരോടൊപ്പം സുഖത്തിലും ദുഃഖത്തിലും കൂടെയുണ്ടായിരുന്നവള്‍ /കൂടെയുണ്ടായിരുന്നവൻ ചലനമറ്റ് കിടക്കുന്നു. തുടര്‍ന്ന് അവർ ജീവിതത്തെയും മരണത്തെയും തിരിച്ചറിഞ്ഞു. ജീവിതത്തിന്റെ അര്‍ത്ഥത്തെയും അര്‍ത്ഥശൂന്യതയെയും കുറിച്ചറിഞ്ഞു തുടങ്ങി. മനുഷ്യന്റെ ദുരന്തങ്ങളുടെ ചരിത്രത്തിലുടനീളം അതില്‍നിന്നെല്ലാം പാഠം പഠിച്ചിട്ടുണ്ട്.
കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ നമ്മുടെ കണ്‍മുമ്പില്‍ നിരവധി യുദ്ധങ്ങളും ദുരന്തങ്ങളും അതിലേറ്റവും കടുപ്പമേറിയത് സാധാരണ മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങളാണ്. ഇന്ന് ലോകം ഒരു വലിയ ഗ്രാമമാണ്. എവിടെ പ്രശ്‌നമുണ്ടായാലും അത് ലോകമാകെ ബാധിക്കും. പൗരാണികകാലത്ത് യുദ്ധം ചില വംശങ്ങളെയും വിഭാഗങ്ങളെയും മാത്രമാണ് ബാധിച്ചിരുന്നത്. എത്ര വലിയ യുദ്ധവും പ്രാദേശികം മാത്രമായിരിക്കും. മരണവും നാശനഷ്ടങ്ങളും കുറവായിരിക്കും. എന്നാല്‍ ഇന്നത്ത അവസ്ഥ അതല്ല. അത് ശാസ്ത്രവും സാങ്കേതികവിദ്യയും തമ്മിലുള്ള യുദ്ധമാണ്. വിവിധ രാജ്യങ്ങളെ നേരിട്ട് ഒരേസമയം ബാധിക്കുന്ന യുദ്ധമാണ്.
യുദ്ധത്തിന് ‘പ്രയോജനകര’മായ ചെറിയ മറുവശമുണ്ട്. അത് കൂടുതല്‍ ജോലികള്‍ സൃഷ്ടിക്കുന്നു, ധനം ജനങ്ങളിലേക്കെത്തിക്കുന്നു. പുതിയ കണ്ടുപിടുത്തങ്ങളുണ്ടാകുന്നു.
ശാസ്ത്രസാങ്കതികരംഗത്തെ വളര്‍ച്ചയാണ് യുദ്ധങ്ങളെക്കൊണ്ടുള്ള മറ്റൊരു ‘പ്രയോജനം’. മാത്സര്യത്തോടെ ഗവേഷണം നടത്തി നവീന ആയുധങ്ങള്‍ വികസിപ്പിക്കുമ്പോള്‍ പലപ്പോഴും ശാസ്ത്രസാങ്കേതികരംഗത്ത് കുതിച്ചു ചാട്ടങ്ങളുണ്ടാകാറുണ്ട്.
ആധുനിക പഠന- നിരീക്ഷണങ്ങള്‍ തെളിയിക്കുന്നത്, യുദ്ധങ്ങള്‍ കൊണ്ടുള്ള നേട്ടങ്ങളിലൊന്ന് സാമ്പത്തിക വളര്‍ച്ചയാണ് എന്നതാണ്. ധാരാളം ജോലികള്‍ ലഭിക്കുന്നതോടെ സാമ്പത്തിരംഗം മെച്ചമാകും എന്ന വാദം. അമേരിക്ക, ജര്‍മനി, ജപ്പാന്‍, ഫ്രാന്‍സ് എന്നിവ ഉദാഹരണങ്ങളാണ്. സംഘര്‍ഷസമയത്ത് കൂടുതല്‍ ആയുധങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. അത്തരം രാജ്യങ്ങള്‍ മേല്‍ക്കൈ നേടുന്നു. ഉദാഹരണമായി രണ്ട് ലോക മഹായുദ്ധങ്ങൾ കഴിഞ്ഞതോടെ അമേരിക്ക ലോകത്തിന്റെ പോലീസുകാരനായി.
ശാസ്ത്രസാങ്കതികരംഗത്തെ വളര്‍ച്ചയാണ് യുദ്ധങ്ങളെക്കൊണ്ടുള്ള മറ്റൊരു ‘പ്രയോജനം’. മാത്സര്യത്തോടെ ഗവേഷണം നടത്തി നവീന ആയുധങ്ങള്‍ വികസിപ്പിക്കുമ്പോള്‍ പലപ്പോഴും ശാസ്ത്രസാങ്കേതികരംഗത്ത് കുതിച്ചു ചാട്ടങ്ങളുണ്ടാകാറുണ്ട്. വ്യോമയാനരംഗത്തും ഔഷധനിര്‍മ്മാണരംഗത്തും ഇപ്രകാരം വലിയ കുതിച്ചുചാട്ടങ്ങളുണ്ടായിട്ടുണ്ട്. അമേരിക്കുപോലും 1900-ല്‍ യുദ്ധവിമാനങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയുടെ ബോംബറുകള്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചു. യുദ്ധത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയും ഒരു ഭാഗം വിജയിക്കുകയും ചെയ്യുന്നു. ചിലവ സ്വാതന്ത്ര്യം നേടുന്നു. രണ്ടാം ലോകമഹായുദ്ധശേഷം ബ്രിട്ടന്റെ കീഴിലുള്ള ധാരാളം രാജ്യങ്ങള്‍- ഇന്ത്യയടക്കം- സ്വാതന്ത്ര്യം നേടി.
യുദ്ധം മൂലമുള്ള കെടുതികളാണ്, നേട്ടത്തേക്കാള്‍ കൂടുതൽ; പ്രത്യേകിച്ച് അവികസിത രാജ്യങ്ങളുടെ കാര്യത്തിൽ. മരണം, രോഗങ്ങള്‍, പട്ടിണി, ക്ഷാമം, വിലക്കയറ്റം എന്നിവയുടെ തിക്തഫലം അനുഭവിക്കുന്നത് ദരിദ്ര രാജ്യങ്ങളായിരിക്കും. ധനികരാജ്യങ്ങള്‍ കൂടുതല്‍ കൊഴുക്കും, ദരിദ്ര രാജ്യങ്ങള്‍ കൂടുതല്‍ മെലിയും. ഇതിലൊന്നും പെടാത്ത വിഭാഗങ്ങളിലുള്ളവർക്കാണ് യാതനകളുടെ പാപഭാരം മുഴുവനും പേറേണ്ടിവരിക. യുദ്ധത്തോടൊപ്പം നടക്കുന്ന വേറൊരു കെടുതി ധനികരാഷ്ട്രങ്ങള്‍ അവയുടെ വരുതിയിലുള്ള മാധ്യമങ്ങളുപയോഗിച്ച് നടത്തുന്ന നുണപ്രചാരണമാണ്. അപ്രകാരം ചില വിഭാഗങ്ങളെയും വിശ്വാസങ്ങളെയും താറടിക്കുന്നു. സമൂഹത്തില്‍ വെറുപ്പ് പ്രചരിപ്പിക്കുന്നു. ഇത് രണ്ടാം ലോകമഹായുദ്ധത്തിലും വിയറ്റ്‌നാം യുദ്ധത്തിലും മദ്ധ്യ പൂര്‍വ്വേഷ്യ സംഘട്ടനത്തിലും വ്യാപകമായിരുന്നു.
ആധുനിക യുഗത്തിലെ ഒരു പ്രതിഭാസം കടുത്ത ദേശീയ ബോധമാണ്. ദേശസ്‌നേഹം അതിരു കടക്കുമ്പോള്‍ അവിടെ വ്യക്തിസ്വാതന്ത്ര്യം ബലി കഴിക്കപ്പെടുന്നു. ജനാധിപത്യം കടലാസില്‍ മാത്രമാകുന്നു.
യുദ്ധങ്ങള്‍ പരിസ്ഥിതി മലിനീകരണത്തിന്റെ പാരമ്യത്തിലെത്തുന്ന പ്രക്രിയ കൂടിയാണ്. ഉദാഹരണത്തിന്, എണ്ണഖനികള്‍ക്ക് സംഭവിക്കുന്ന തകരാറുകളുടെ ദുരന്തം കുറെക്കാലത്തേക്കുണ്ടാകും. ഗള്‍ഫ് യുദ്ധത്തിനു മുമ്പ് കുവൈറ്റിലെ മരുഭൂമികൾ പാരിസ്ഥിതികമായി ആരോഗ്യം നിലനിര്‍ത്തിയിരുന്നു. മൃഗങ്ങള്‍ യഥേഷ്ടം മേഞ്ഞിരുന്നു. എണ്ണ കുഴിക്കല്‍ നിര്‍വിഘ്‌നം നടന്നിരുന്നു. വിയറ്റ്‌നാമില്‍ അറുപതുകളിലും എഴുപതുകളിലും വിയറ്റ് കൊങ്ങുകള്‍ ഒളിച്ചിരിക്കാന്‍ ഉപയോഗിച്ചിരുന്ന കാടുകൾ രാസവസ്തുക്കളുപയോഗിച്ച് നശിപ്പിച്ചുതുടങ്ങി. ഗറില്ല യോദ്ധാക്കളുടെ ഒളിത്താവളങ്ങളെല്ലാം അപ്രകാരമെല്ലാം തകര്‍ത്തു. തല്‍ഫലമായി ആ മണ്ണ് ജീവനെ സംരക്ഷിക്കാന്‍ കഴിയാത്തതായി. സസ്യജാലങ്ങൾക്കും മൃഗങ്ങൾക്കും വംശനാശം വന്നു തുടങ്ങി. അമേരിക്ക കരുതുന്നത് ആ മണ്ണില്‍ കമ്യൂണിസം വളരരുത് എന്നായിരുന്നു. എന്നാല്‍ അവിടെ വളരാതിരുന്നത്, സസ്യജാലങ്ങളായിരുന്നു. കമ്യൂണിസമായിരുന്നില്ല.
ആധുനിക യുഗത്തിലെ ഒരു പ്രതിഭാസം കടുത്ത ദേശീയ ബോധമാണ്. ദേശസ്‌നേഹം അതിരു കടക്കുമ്പോള്‍ അവിടെ വ്യക്തിസ്വാതന്ത്ര്യം ബലി കഴിക്കപ്പെടുന്നു. ജനാധിപത്യം കടലാസില്‍ മാത്രമാകുന്നു. അയല്‍രാജ്യങ്ങള്‍ കാരണമില്ലാതെ ആക്രമിക്കപ്പെടുന്നു. സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ രാജ്യങ്ങള്‍ അവിടത്തെ ജനങ്ങളോട് അതിരുകളില്ലാത്ത വിധേയത്വം ആവശ്യപ്പെടുന്നു, പ്രതിപക്ഷങ്ങള്‍ ജയിലിലടയ്ക്കപ്പെടുന്നു. മനുഷ്യവകാശം തകര്‍ക്കപ്പെടുന്നു. അവര്‍ക്കിഷ്ടമില്ലെങ്കിലും യുദ്ധത്തെ അംഗീകരിക്കാനാവശ്യപ്പെടുന്നു. ഭരണനേതൃത്വം ഏകാധിപത്യത്തിലേക്ക് നീങ്ങുന്നു. ജനങ്ങളുടെ യാതൊരു മാന്‍ഡേറ്റുമില്ലാത്ത ഭരണം ജനാധിപത്യവിരുദ്ധമായി തുടരുന്നു. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെയും യുദ്ധത്തെ വിമര്‍ശിക്കുന്ന ജനാധിപത്യവാദികളെയും 'ദേശദ്രോഹി' കളാക്കുന്നു. അവര്‍ വിചാരണ കൂടാതെ വര്‍ഷങ്ങളോലം ജയിലുകളില്‍ കിടക്കേണ്ടിവരികയോ വധിക്കപ്പെടുകയോ ചെയ്യുന്നു.
നമ്മുടെ നാട്ടില്‍ ഈ വകുപ്പ് പ്രകാരമുള്ള നടപടികള്‍സുപ്രീം കോടതി ഈയിടെ മരവിപ്പിക്കുകയുണ്ടായി. ഏറ്റവും ശക്തമായ ജനാധിപത്യമുള്ള അമേരിക്കയിലും ഇതുപോലെയൊക്കെ സംഭവിക്കാറുണ്ട് എന്നതാണ് ഭീതിപ്പെടുത്തുന്ന സത്യം. ദേശസ്‌നേഹം പറഞ്ഞ് പല സ്വാതന്ത്ര്യങ്ങളും ഹനിക്കപ്പെടാറുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിലും ഭീകരാക്രമണത്തിനുശേഷവും വിയറ്റ് നാം യുദ്ധത്തിലും അമേരിക്കയിൽ ഇതെല്ലാം സംഭവിച്ചിട്ടുണ്ട്. ഈ കാലത്ത് ധനിക രാജ്യങ്ങള്‍ക്ക് യുദ്ധത്തിന് വലിയ കാരണം വേണ്ട. ഒരു ചെറിയ ‘ചെന്നായ ന്യായം’ മാത്രം മതി. അമേരിക്ക മദ്ധ്യപൂര്‍വ്വദേശത്ത് ഇടപെട്ടത് മഹാധനമായ എണ്ണക്കു വേണ്ടിയായിരുന്നു. അവര്‍ ഭീകരവാദമെന്നൊക്കെ പറഞ്ഞെങ്കിലും സത്യമതായിരുന്നു. അവരുടെ ഓട്ടോമാറ്റിക് ആയുധങ്ങളുപയോഗിച്ച് ആളപായമില്ലാതെ കാര്യം നേടാം.
മനുഷ്യര്‍ക്ക് യാതൊരു പ്രയോജനവുമില്ലാത്ത ഇത്തരം സംഘര്‍ഷങ്ങളും യുദ്ധങ്ങളും തുടരുന്നതില്‍ആദിമ മനുഷ്യനും ആധുനിക മനുഷ്യനും തമ്മില്‍ കാര്യമായ വ്യത്യാസം കാണുന്നില്ല. ആധുനികൻ എന്ന് അഹങ്കരിക്കുന്ന ഇന്നത്തെ മനുഷ്യന്‍ അതിനെപ്പറ്റി ശരിക്കും ചിന്തിക്കേണ്ടതാണ്. എന്നാല്‍, അവർ ചിന്തിക്കുന്നുണ്ടോ?
(തുടരും)