Representative Image

വെൽ ബൗണ്ടഡ്
പുസ്‌തകമായിരുന്ന
ഉപ്പയെക്കുറിച്ച് എഴുതുന്നു,
സൈനുൽ ആബിദ്

‘‘പിതാവിന്റെ മരണത്തോടെ തിരിച്ചറിയാവുന്ന സത്യങ്ങളേ ജീവിതത്തിലുള്ളൂ. അത് മനസിലാക്കാനെടുക്കുന്ന സമയമാണ് ഒരു പുത്രന്റെ പ്രായം. അതിൽ ബാക്കിയാവുന്ന ഓർമകളാണ് ലോകത്തോടുള്ള അവന്റെ കടമ’’; ഒരു വർഷം മുമ്പ് വിട്ടുപോയ ഉപ്പയെക്കുറിച്ച് എഴുതുന്നു, സൈനുൽ ആബിദ്.

പ്പ മരിച്ചിട്ട് ഇന്നേക്ക് ഒരാണ്ട്.

ഡിസൈനിങ്ങിൽ 'മിനിമൽ' എന്നതിന്റെ അർത്ഥം, അനാവശ്യങ്ങൾ ഒഴിവാക്കി, അനിവാര്യമായതിനെ മാത്രം നിലനിർത്തി, ഏറ്റവും പരിമിതമായ വരകളിൽ, വർണ്ണങ്ങളിൽ, ആകൃതികളിൽ ചുറ്റിലുമുള്ള ഇടങ്ങൾ ഉപയോഗിച്ച് ഒരാശയത്തെ പ്രകാശിപ്പിക്കുന്ന രീതിയാണ്. അറബിയിൽ 'തഖ്‌വ' എന്നതിനോട് സാമ്യം തോന്നിക്കാവുന്ന, മലയാളത്തിൽ സൂക്ഷ്മത എന്ന് വിശാലമായി വ്യാഖ്യാനിക്കാവുന്ന ഒരു ദർശനം.
മിനിമലിസം അഥവാ കുറവിലെ കൂടുതൽ.

ഒരു പ്രൊഫഷണൽ ഡിസൈനറായി ഞാനിത് മനസിലാക്കിയതിന്റെ എത്രയോ മുൻപ് മിനിമലിസം ജീവിതത്തിൽ പകർത്തിയ ആളാണ് ഉപ്പ. ഏത് പേജിൽ നിന്നും വായിച്ചു തുടങ്ങാവുന്ന അടുക്കും ചിട്ടയുമില്ലാത്ത ഒരു പുസ്തകമാണ് ഞാനെങ്കിൽ, തുടക്കം തൊട്ട് വായിച്ചാൽ മാത്രം മനസിലാകുന്ന വെൽ ബൗണ്ടഡ് പുസ്‌തകമായിരുന്നു ഉപ്പ.

വളരെ ചെറുപ്പത്തിലേ ഉപ്പ വീടു വിട്ടു. ചെറുപ്പത്തിൽ എന്നുവെച്ചാൽ പതിമൂന്നോ പതിനാലോ വയസിൽ. ഭാഷപോലും അറിയാത്ത ഇടങ്ങളിലേക്ക്. നാട്ടിൽ ആ പ്രായത്തിൽ പഠിച്ചു തീർക്കാവുന്നത്ര ക്ളാസുകളിൽ മാത്രമേ ഉപ്പ സ്‌കൂളിൽ പഠിച്ചിട്ടുള്ളൂ. ബാക്കി ഉപരിപഠനങ്ങൾ ജീവിതമെന്ന ഓപ്പൺ സ്‌കൂളുകളിൽ നിന്നും അതിലെ പലജാതി മനുഷ്യരായ അധ്യാപകരിൽ നിന്നുമായിരുന്നു. ബോംബെ, പൂനെ, റെയ്ച്ചൂർ... ചെയ്യാത്ത ജോലികളില്ല; പാത്രം കഴുകുന്നത് തൊട്ട് പത്രവിൽപ്പന വരെ.

ഉപ്പ ആകെ മൂന്നോ നാലോ നിറങ്ങളിലുള്ള ഷർട്ടുകൾ മാത്രമേ ധരിക്കാറുണ്ടായിരുന്നുള്ളൂ. പാട്ടു കേൾക്കുന്നതോ പുസ്തകം വായിക്കുന്നതോ കണ്ടിട്ടേയില്ല. എങ്കിലും, പത്രം അരിച്ചുപെറുക്കി വായിക്കും. മറ്റു പത്രങ്ങളൊക്കെ ഇവിടെ ഇറങ്ങുന്നുണ്ടോ എന്ന് സംശയിക്കുമാറ് മലയാള മനോരമയെ മാത്രമേ ഉപ്പ പത്രമായി കണക്കാക്കിയിരുന്നുള്ളൂ. പതിറ്റാണ്ടുകളോളം മനോരമ മാത്രം. എനിക്ക് മനോരമയിൽ ജോലി കിട്ടിയ സമയത്തായിരുന്നു ഒരുപക്ഷെ എന്റെ കരിയറുമായി ബന്ധപ്പെട്ട് ഉപ്പ ഏറ്റവുമധികം സന്തോഷിച്ചിട്ടുണ്ടാവുക.

ഡിസൈൻ ആണ് എനിക്ക് പറഞ്ഞിട്ടുള്ള പണി എന്ന് ചെറുപ്പത്തിലേ ഞാൻ തിരിച്ചറിഞ്ഞിരുന്നു. വര പഠിക്കാനായി പുറത്തുപോകണം എന്ന് വീട്ടിൽ പറയാൻ പേടിയായിരുന്നു. മുൻഗാമികളോ വിജയിച്ചവരോ ആയി ഈ മേഖലയിൽ നേരിട്ടറിയുന്നവർ നാട്ടിലോ കുടുംബത്തിലോ ആരുമില്ല എന്നതായിരുന്നു അതിലെ ഏറ്റവും വലിയ ആശങ്ക.

സൈനുൽ ആബിദ്
സൈനുൽ ആബിദ്

എനിക്ക് എന്നിൽ മാത്രമേ വിശ്വാസക്കുറവുണ്ടായിരുന്നുള്ളൂ. എന്റെ തിരഞ്ഞെടുപ്പുകളിൽ എനിക്കു തന്ന ഉപാധിരഹിതമായ സ്വാതന്ത്ര്യം എന്ന, ഒരു നാലാം ക്ലാസ് വരെ മാത്രം പഠിച്ച മനുഷ്യന്റെ പാരന്റിങ്, ഇക്കാലത്ത് പോലും എനിക്കെന്റെ കുട്ടികൾക്ക് നൽകാൻ സാധിച്ചിട്ടില്ല. ആ സ്വാതന്ത്ര്യം ഉപ്പ നമ്മൾ മക്കൾക്കെല്ലാവർക്കും നൽകി.

ഞാൻ ചെയ്യുന്ന പണി എന്താണെന്ന് കൃത്യമായി ഉപ്പാക്ക് അറിയില്ലായിരിക്കും, പക്ഷെ അത് ഞാൻ തന്നെ ചെയ്യേണ്ട ഒന്നാണ് എന്ന കാര്യത്തിൽ ഉപ്പയ്ക്ക് സംശയങ്ങളില്ല. ജീവിതം എന്നത് അവരവർ ചെയ്യേണ്ട കർമ്മങ്ങളുടെ കൃത്യത ഉറപ്പുവരുത്തലാണ് എന്ന് ഉപ്പ നമുക്ക് കാണിച്ചു തന്നു.

ഉമ്മയായിരുന്നു ഉപ്പയുടെ പാതയും പാതിയും. ഉപ്പയും ഉമ്മയുമായിരുന്നു ജീവിതത്തിൽ ഞാൻ നേരിട്ടുകണ്ടതിൽ, ഏറ്റവും തീവ്രമായി സ്നേഹിച്ച ദമ്പതികൾ. സഹജീവികളായ മനുഷ്യരുമായി എങ്ങനെയൊക്കെ അടുക്കാം എന്നതും, അവരുടെ സൂക്ഷ്മമായ കാര്യങ്ങളിൽ ഉപ്പ കാണിച്ചിരുന്ന കരുതലുകളും എന്നും അത്ഭുതമായിരുന്നു.

മരണമോ കല്യാണമോ രോഗമോ ആകട്ടെ, അതനുഭവിക്കുന്ന അപ്പുറത്തെ ആളോട് ഫോണിലെങ്കിലും സംസാരിക്കണം എന്ന് നിർബന്ധബുദ്ധിയോടെ ഉപ്പ ഇക്കാര്യങ്ങളിൽ അന്തർമുഖനായ എന്നെ സദാ ഓർമിപ്പിച്ചു കൊണ്ടിരുന്നു. മനുഷ്യരെ നിരന്തരം സന്ദർശിക്കുക, അവരുമായി നിരന്തരം കോൺവർസേഷനുകൾ ഉണ്ടാക്കുക എന്നതാണ് ഉപ്പ പഠിപ്പിച്ച ഏറ്റവും ചെറിയ, വലിയ പാഠം. ഇപ്പോൾ തോന്നുന്നു, ആകെ ഉപ്പ പഠിപ്പിക്കാൻ ശ്രമിച്ചിരുന്ന ഏക കാര്യവും അതായിരുന്നു എന്ന്.

ജീവിതത്തിലുടനീളം കോൺഗ്രസുകാരനായിരുന്നു ഉപ്പ. ഏറ്റവും അടുത്തയാളുടെ മരണം മറച്ചുവെച്ച് ഉറ്റ ബന്ധുക്കൾ പെരുമാറുന്നതുപോലെ ഒരു ദിവസം മുഴുവൻ റേഡിയോ ഓഫ് ചെയ്ത് വെച്ച് ഇന്ദിരാ ഗാന്ധിയുടെ മരണം ഉപ്പയിൽനിന്ന് മറച്ചു വെച്ചിരുന്നു എന്ന് ഉമ്മാമ പറയുമായിരുന്നു. രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ഭക്ഷണം പോലും കഴിക്കാതെ ഉപ്പ മുറിയിൽ അടച്ചിരുന്നത് ചെറിയ തോതിൽ ഞാനും ഓർക്കുന്നു.

പറഞ്ഞല്ലോ, ഉപ്പ ആകെ മൂന്നോ നാലോ നിറങ്ങളിലുള്ള ഷർട്ടുകൾ മാത്രമേ ധരിക്കാറുണ്ടായിരുന്നുള്ളൂ. പാട്ടു കേൾക്കുന്നതോ പുസ്തകം വായിക്കുന്നതോ കണ്ടിട്ടേയില്ല. എനിക്കാണെങ്കിൽ, പല നിറങ്ങളിലുള്ള ഷർട്ടുകളുണ്ട്. പല പാട്ടുകളും കേൾക്കുന്നു, പല പുസ്തകങ്ങളും വായിക്കുന്നു. പല വർണങ്ങളിൽ സ്വയം ചിന്തിച്ച്, സന്ദേഹിച്ച്, കൃത്യതയോടെയോ കൃത്രിമമായോ ഇതൊക്കെയായി ബന്ധപ്പെട്ടുള്ള ഒരു ഉപജീവനത്തിൽ ഏർപ്പെട്ടുവരുന്നു. അതും ഒട്ടും ഇങ്ങനെയൊന്നുമേ അല്ലാത്ത ഒരാൾ ഉണ്ടാക്കി തന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച്.

പിതാവിന്റെ മരണത്തോടെ തിരിച്ചറിയാവുന്ന സത്യങ്ങളേ ജീവിതത്തിലുള്ളൂ. അത് മനസിലാക്കാനെടുക്കുന്ന സമയമാണ് ഒരു പുത്രന്റെ പ്രായം. അതിൽ ബാക്കിയാവുന്ന ഓർമകളാണ് ലോകത്തോടുള്ള അവന്റെ കടമ.

നന്ദി, ഉപ്പയുണ്ടാക്കിത്തന്ന ആ ലോകത്തിന്. ഉപ്പയോട്.


Summary: Zainul Abid writes about his father, who passed away a year ago.


സൈനുൽ ആബിദ്​

ഡിസൈനർ. മലയാളത്തിലടക്കം പ്രമുഖ പത്രങ്ങളുടെ രൂപകൽപന നിർവഹിച്ചു. നിരവധി പുസ്തകങ്ങളുടെ കവർ ഡി​സൈനും ചെയ്​തിട്ടുണ്ട്​.

Comments