സമാധാന ജീവിതത്തിലെ ചതികളും മെസ്സിയുടെ കണ്ണുനീരും

ഫൈനലിൽ കളിച്ചു. ഇയ്യടുത്ത് കോപ്പ അമേരിക്ക നേടിക്കൊടുത്തു. പക്ഷേ, ബാഴ്സലോണയും മെസ്സിയുടെ 10-ാം നമ്പർ ജഴ്സിയും പൂരിതമായ ചിഹ്നങ്ങളാണ്. ഖത്തറിൽ, കരിയറിന്റെ അന്ത്യകാലത്ത് അർജൻറീനക്ക് ലോകകപ്പ് നേടിക്കൊടുത്താലും ഫുട്ബോളിന്റെ കണക്കു പുസ്തകത്തിൽ ബാഴ്സലോണയുടെ ജഴ്‌സിയിൽ തന്നെയായിരിക്കും മെസ്സി ചരിതം തുന്നിച്ചേർക്കപ്പെടുക.

ഇംഗ്ലീഷ് പേഷ്യൻറ്​ എന്ന നോവലിൽ മൈക്കിൾ ഒണ്ടാത്യേ എഴുതി: സമാധാന സമയങ്ങളിൽ മനുഷ്യർ നടത്തുന്ന വഞ്ചനകളുമായി താരതമ്യം ചെയ്യുമ്പോൾ നിഷ്കളങ്കമെന്നു തോന്നാവുന്ന ചില വഞ്ചനകൾ യുദ്ധരംഗത്ത് കാണാം. അന്യാദൃശമായ ഒരു ഫുട്ബോൾ പ്രണയകഥ അവസാനിക്കുമ്പോൾ ലയണൽ മെസ്സിയും എഫ്.സി ബാഴ്സലോണയുടെ കോടിക്കണക്കിന് ആരാധകരും ഇതേ വൈകാരികത അനുഭവിക്കുന്നുണ്ടാവും. ഗ്രോത്ത് ഹോർമോൺ ചികിത്സ ആവശ്യമായിരുന്നു ആ പതിമൂന്ന് വയസുകാരന് കാറ്റലൂണിയയിൽ എത്തുമ്പോൾ. വർഷങ്ങൾക്കിപ്പുറം അയാൾ ക്ലബ് വിടുന്നത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ശ്രേഷ്ഠനായ കളിക്കാരനായിട്ടാണ്, ഒരുപക്ഷേ, എല്ലാ കാലത്തും ഏറ്റവും ആഘോഷിക്കപ്പെട്ട കളിക്കാരനായും.

മെസ്സി ബാഴ്സലോണ വിടാൻ ആഗ്രഹിച്ചില്ല, ക്ലബ് അയാളെ ഉന്തിപ്പുറത്താക്കി എന്ന രഹസ്യം ഇന്ന് പരസ്യമാണ്. ഒരു സാധാരണ ക്ലബ്ബല്ല, മെസ് ക ഉൻ ക്ല, അല്ലെങ്കിൽ മോർദാൻ എ ക്ലബ്ബ് എന്ന് വീരവാദം പറഞ്ഞ ബാഴ്സലോണയുടെ കടബാധ്യത ഒരു ബില്യൺ കടന്നു കഴിഞ്ഞു. ശമ്പളത്തിൽ അമ്പത് ശതമാനം കട്ട് മെസ്സി അങ്ങോട്ട് ഓഫർ ചെയ്തു, സ്പാനിഷ് ലീഗ് നിയമങ്ങളിൽ മാക്സിമം കട്ട് അതാണ്. എന്നിട്ടും ബാഴ്സലോണക്ക് മെസ്സിയെ താങ്ങാൻ കഴിയുമായിരുന്നില്ല.

നാല്പത് വർഷം മുമ്പാണ്. ബാഴ്സലോണയുടെ, കംപ് നോവിലെ ഹോം ഗ്രൗണ്ട് ആയ സറിയ സ്റ്റേഡിയത്തിൽ, ഒരുപക്ഷേ, എക്കാലത്തെയും മികച്ച ലോകകപ്പ് ഫുട്ബോൾ മത്സരം അരങ്ങേറുകയാണ്. അതു വരെ നമ്മൾ ഫുട്ബോളിനെപ്പറ്റി വിചാരിച്ചതെന്തും ആ ഒരേയൊരു കളി മാറ്റിയെഴുതിക്കളഞ്ഞു. ഇറ്റലിയുടെ പൗലോ റോസ്സി തകർപ്പൻ ഹാറ്റ് ട്രിക്കിലൂടെ ആഡംബര പ്രൗഢിയുള്ള ബ്രസീലിയൻ ടീമിനെ 3-2ന് നിലത്തടിച്ചു കളഞ്ഞു. വശൃഭാഷിയും ഉജ്വല പ്രഭാവിയുമായ ബ്രസീലിയൻ ക്യാപ്റ്റൻ സോക്രട്ടീസ് ആത്മകഥയിൽ പിന്നീടെഴുതി. "അസാമാന്യ ടീമുമായെത്തിയ ഞങ്ങൾ വളരെ സന്തോഷത്തോടെയാണ് കളിച്ചു കൊണ്ടിരുന്നത്. ഞങ്ങൾ ഇറ്റലിയേയും അങ്ങനെ തന്നെ നേരിട്ടു. റോസ്സിയുടെ മൂന്ന് സ്പർശങ്ങൾ, ഹാറ്റ് ട്രിക്ക്. ഞങ്ങൾക്കറിയാവുന്ന ഫുട്ബാൾ അന്ന് അവിടെ മരിച്ചുവീണു.''

ബാഴ്സലോണയെ വർഷങ്ങളായി പിന്തുടരുന്നവരുണ്ടെങ്കിൽ അവർക്കറിയാം, സോക്രട്ടീസ് പറഞ്ഞതിന്റെയും അർത്ഥം. ആത്മാവ് നഷ്ടപ്പെട്ട ഒരു ക്ലബ്ബിന്റെ
രോഗലക്ഷണമായി മാത്രം മെസ്സിയുടെ വിടവാങ്ങലിനെ കാണാൻ കഴിയില്ല. ക്ലബ്ബിന്റെ പഴയ മുദ്രവാക്യം ഇന്ന് ഒന്നുമല്ല എന്നുകൂടി ഈ പിരിയൽ ധ്വനിപ്പിക്കുന്നു. നിങ്ങളുടെ കയ്യിലെ എല്ലാ കാലത്തേയും വലിയ കളിക്കാരനെ, അയാൾ ആഗ്രഹിച്ചിട്ടു കൂടി ക്ലബ്ബിന് നിലനിൽക്കാനാവുന്നില്ലെങ്കിൽ വെറുമൊരു ക്ലബ്ബല്ല, അതുക്കം മേലാണ് എന്ന വീരവാദത്തിന് എന്താണ് പ്രസക്തി? ആ മുദ്രാവാക്യം ഒരു മാനക്കേടായി മാറുകയല്ലേ യഥാർത്ഥത്തിൽ?

ബാർസയിലെ വിടവാങ്ങൽ പ്രസംഗത്തിനിടെ പൊട്ടിക്കരയുന്ന ലയണൽ മെസി

എങ്ങനെയാണ് കാര്യങ്ങൾ ഇവിടം വരെയെത്തിയത്? ഒറ്റവാക്കിലാണ് ഉത്തരം: പണം. ഇക്കഴിഞ്ഞ ജൂലൈ 31 ന് അവസാനിച്ച, ബാഴ്സലോണയുമായുള്ള മെസ്സിയുടെ കോൺട്രാക്റ്റ് നോക്കൂ: 4 വർഷത്തേക്ക് 652 മില്യൺ ഡോളർ. തീർന്നില്ല, കൂടെ സൈനിംഗ് ഓൺ ഫീയായി 115 മില്യൺ ഡോളർ; പ്ലസ് ലോയൽറ്റി ബോണസായി വേറെയൊരു 91 മില്യൺ ഡോളർ. അതായത് ഒരൊറ്റ കളിക്കാരനു മാത്രം നാലു വർഷത്തേക്ക് 858 മില്യൺ ഡോളർ! ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണോ അല്ലയോ എന്നതല്ല പ്രശ്നം. ഈ കണക്ക് ദീർഘദൂരാടിസ്ഥാനത്തിലെങ്കിലും സസ്സ്റ്റൈനബ്ൾ ആവും എന്നു കരുതിയ ആ ഫൈനാൻഷ്യൽ ജീനിയസ് ആരായിരുന്നിരിക്കാം എന്നാണ് നമ്മൾ ചോദിച്ചു പോവുക.

എല്ലാവർക്കും മെസ്സിയുടെ ബാങ്ക് അക്കൗണ്ട് ആയിരുന്നു പ്രശ്നം, പക്ഷേ, മെസ്സിയായിരുന്നില്ല യഥാർത്ഥ പ്രശ്നം. അവസാനം വരെ, അതായത് ഒരു കാലത്തെ മഹത്തായ ടീം തനിക്കു ചുറ്റും ശിഥിലമാവുമ്പോൾ മെസ്സി അസാമാന്യമാം വിധം ടീമിനെ പിടിച്ചു നിർത്തിക്കൊണ്ടിരുന്നു. മെസ്സി ഗോളുകൾ സ്കോർ ചെയ്തു കൊണ്ടേയിരുന്നു. മറ്റുള്ളവർക്ക് സ്കോർ ചെയ്യാനുള്ള ചാൻസുകൾ ഒരുക്കിക്കൊണ്ടേയിരുന്നു. കാർലസ് പുയോളും സാവിയും വിട്ടതിൽ പിന്നീടുണ്ടായ നേതൃത്വ ശൂന്യത നല്ലൊരളവോളം പരിഹരിക്കുകയും ചെയ്തു. ഇപ്പോൾ മെസ്സി ബാഴ്സലോണ വിടുന്നത് 672 ഗോളുകളും താൻ വഴി മറ്റുള്ളവർ നേടിയ 305 ഗോളുകളുമായാണ്. 2004-5 സീസണിൽ അരങ്ങേറ്റം കുറിച്ചതുമുതലിങ്ങോട്ട് ഏതാണ്ട് ആയിരത്തോളം ഗോളുകൾ മെസ്സി ക്ലബ്ബിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട് എന്നർത്ഥം.

ലോകം ബാഴ്സലോണയെ കണ്ട വിധം മാറ്റിയെഴുതുന്നതിനും മെസ്സിക്കു സാധിച്ചു. മെസ്സി കരിയർ തുടങ്ങുമ്പോൾ റയൽ മാഡ്രിഡിന്റെ കൊടും വൈരികളായി അറിയപ്പെടുന്ന ബഴ്സലോണ യൂറോപ്യൻ കപ്പിലോ ചാമ്പ്യൻസ് ലീഗിലോ ഒരൊറ്റ കപ്പ് മാത്രമാണ് നേടിയത്. മെസ്സിയുഗത്തിൽ നാലു കപ്പുകൾ കൂടി അലമാരയിൽ നിറഞ്ഞു. ഈ വിജയങ്ങളും മെസ്സി മാനിയയും കൂടി ചേർന്നപ്പോൾ ലോകയുവാക്കളുടെ സ്വപ്നങ്ങളിൽ റയൽ മാഡ്രിഡിനെയും മാഞ്ചസ്റ്റർ യുനൈറ്റഡിനെയും പിന്തള്ളി ബാഴ്സലോണ പറന്നു നടന്നു.

മെസി, നെയ്മർ

ഫുട്ബോൾ ചരിത്രത്തിൽ ലോകത്തിലെ മികച്ച കളിക്കാരെ നാം അടയാളപ്പെടുത്തുമ്പോൾ ദേശീയ ടീമിന്റെ ജഴ്സിയണിഞ്ഞ് അവർ കളിച്ച ഗെയിമുകളെയാണ് നാം മുന്നിൽ നിർത്തുക. സാന്റോസിൽ വിസ്മയം തീർത്തിട്ടുണ്ട്, പെലെ. പക്ഷേ, പെലെ ഇതിഹാസം എഴുതുമ്പോൾ ബ്രസീലിന്റെ
മഞ്ഞക്കുപ്പായവും നീല ട്രൗസറും തന്നെയാണ് പരിഗണിക്കപ്പെടുക. ജൊഹാൻ ക്രെയ്ഫിന്റെ കാര്യം നോക്കൂ. മൂന്നു തവണ തുടർച്ചയായി യൂറോപ്യൻ കപ്പ് നേടിയ അയാക്സിന്റെ ഹൃദയതാളമായിരുന്നു ക്രെയ്ഫ്. പക്ഷേ, ഈ മഹാപ്രതിഭയെ ഇന്നു നാം ഓർക്കുമ്പോൾ മനസ്സിലെത്തുക നെതർലൻഡ്സിന്റെ ഓറഞ്ചു കുപ്പായക്കാരനായിട്ടാണ്. സീരീ എ കിരീടത്തിലേക്ക് നാപ്പോളിയെ രണ്ടു തവണ എത്തിച്ച ഡീഗോ മാറഡോണയെയല്ല, 1986 ലോക കപ്പിനെ ജ്വലിപ്പിച്ച അർജന്റീന ജേഴ്സിയിലെ മാറഡോണയെ ആണ് ആരാധകർ നെഞ്ചിലേറ്റുന്നത്. റയലിനു വേണ്ടി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേടിയ ഗോൾ ആണ് സിനദീൻ സിദാന്റെ
മികച്ച ഗോൾ എന്ന് ആർക്കും അറിയാം. പക്ഷേ, 1998 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനു വേണ്ടി നേടിയ രണ്ടു തകർപ്പൻ ഹെഡ്ഡറുകൾ ആണ് ചരിത്രത്തിലെ സിദാൻ.

മുൻമുറക്കാരനായ അർജന്റീൻ താരം ആൽഫ്രെ ദോ ഡി സ്റ്റിഫാനോയെപ്പോലെ മെസ്സിയും മേൽപ്പറഞ്ഞ കൂട്ടത്തിൽപ്പെടാതെ മാറി നിൽക്കുന്നു. സ്റ്റിഫാനോ ഭൂരിഭാഗം കളികളും ദത്തു രാജ്യമായ സ്പെയിനിനു വേണ്ടിയാണ് കളിച്ചത്. 31 എണ്ണം. സ്വന്തം രാജ്യമായ അർജൻറീനക്കു വേണ്ടി 6 എണ്ണം മാത്രം. പക്ഷേ, ഫുട്ബോൾ ഇതിഹാസത്തിൽ റയലിനു വേണ്ടി 1956 നും 60നും ഇടയിൽ നേടിയ ഗോളുകളാണ് സ്റ്റിഫാനോയെ വരച്ചിടുന്നത്.

ജൊഹാൻ ക്രെയ്ഫ്

മെസ്സി ഇതിനകം അർജൻറീനക്കു വേണ്ടി 151 തവണ ബൂട്ടുകെട്ടി. ഒരു ലോകകപ്പ് ഫൈനലിൽ കളിച്ചു. ഇയ്യടുത്ത് കോപ്പ അമേരിക്ക നേടിക്കൊടുത്തു. പക്ഷേ, ബാഴ്സലോണയും മെസ്സിയുടെ 10-ാം നമ്പർ ജഴ്സിയും പൂരിതമായ ചിഹ്നങ്ങളാണ്. ഖത്തറിൽ, കരിയറിന്റെ അന്ത്യകാലത്ത് അർജൻറീനക്ക് ലോകകപ്പ് നേടിക്കൊടുത്താലും ഫുട്ബോളിന്റെ കണക്കു പുസ്തകത്തിൽ ബാഴ്സലോണയുടെ ജഴ്‌സിയിൽ തന്നെയായിരിക്കും മെസ്സി ചരിതം തുന്നിച്ചേർക്കപ്പെടുക.

അപ്പപ്പിന്നെ, മെസ്സിയല്ല പ്രശ്നമെങ്കിൽ മറ്റെന്താണ്? പണം തന്നെ. 2017ലെ സമ്മറിൽ ബാഴ്സലോണ ബ്രസീൽ താരം നെയ്മറെ പാരിസ് സെയിൻറ് ജെർമൈന് വിറ്റത് 244.2 മില്യൺ ഡോളറിനാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും ലാഭകരമായ വിൽപനകളിലൊന്ന്. വിവേകത്തോടെ ചെലവഴിച്ചാൽ ക്ലബ്ബിന്റെ സാമ്പത്തിക അവസ്ഥക്ക് ഗുണകരമാക്കി എടുക്കാവുന്ന ട്രാൻസ്ഫർ. പക്ഷേ, തൊട്ടടുത്ത രണ്ടു വർഷം ബാഴ്സലോണ ചെയ്തതെന്താണ് ? മൂന്നു കളിക്കാർക്കു വേണ്ടി 429 മില്യൺ അമേരിക്കൻ ഡോളർ ചെലവാക്കി. ഫിലിപ്പെ കുടീഞ്ഞോ, ഒസ്മാനെ ഡെംബീലെ, അൻറോണിയോ ഗ്രീസ്മാൻ എന്നിവർ ക്ലബ്ബിനെ യൂറോപ്യൻ ഫുട്ബോളിന്റെ നെറുകയിൽ എത്തിക്കും എന്നായിരുന്നു കണക്കുകൂട്ടൽ.

നെയ്മർക്കു പകരക്കാരനായാണ് ഡെംബീലെയെ ക്ലബ്ബ് കണ്ടത്. ലിവർപൂളിൽ ലൂയീ സുവാരസിന്റെ തോഴനായ കുടീഞ്ഞോ, സാവിക്കും ആന്ദ്രേ ഇനിയേസ്തക്കും ശേഷം ക്ലബ്ബിനു നഷ്ടമായ സർഗ്ഗാത്മക കരുത്ത് തിരിച്ചു കൊണ്ടു വരാനും. മുപ്പതുകളിലേക്ക് കടന്ന മെസ്സിയും സുവാരസും അടങ്ങിയ ഫോർവേഡ് ലൈനിന് ഒന്നുകൂടെ കരുത്തുപകരാൻ ഗ്രീസ്മാൻ. ഫോമില്ലായ്മ, പരുക്ക് എന്നിവക്കു പുറമേ ബാഴ്സലോണയുടെ കളിച്ചിട്ടകൾ ഇണങ്ങാത്ത കൂടിയായപ്പോൾ മൂന്നാളും ക്ലിക്ക് ആയില്ല.

സിനദിൻ സിദാൻ

രണ്ടു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ അത്​ലറ്റിക്കോ മാഡ്രിഡ് ടീമിൽ തിളങ്ങിയ ഗ്രീസ്മാൻ ബാഴ്സലോണ ഷർട്ടിൽ തികഞ്ഞ പരാജയമായി. ഡെംബീലെ പൊതുവെ അസ്ഥിരമായിരുന്നു. 2018ൽ ലിവർപൂൾ വിട്ട ശേഷമുള്ള കുടീഞ്ഞോയുടെ പ്രകടനം ബാഴ്‌സലോണക്കെതിരെ തന്നെയായിരുന്നു. ബയേൺ മ്യൂണിക്കിനു വേണ്ടി 8 - 2 എന്ന തകർപ്പൻ റിസൾട്ടിന് ബാഴ്സലോണയെ തകർക്കുമ്പോൾ അതിൽ രണ്ടു ഗോൾ കുടീഞ്ഞോയുടേത് ആയിരുന്നു. ഒരു ലോണിൽ ജർമനിക്കു വിട്ടതായിരുന്നു കുടീഞ്ഞോയെ.

ട്രാൻസ്ഫർ മാർക്കറ്റിൽ അടിതെറ്റിയാണ് ബാർഴ്സലോണയുടെ സാമ്പത്തിക ദുഃഖങ്ങൾ ഇത്ര വലുതായതെന്നത് ഒരു വശം. വർഷങ്ങളായി ഊതിവീർപ്പിച്ച ശമ്പളപ്പട്ടികയിലായിരുന്നു കളിക്കാരത്രയും. കാരണം, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടീമുകളോടായാരുന്നു ഇത്തരം കാര്യങ്ങളിൽ മത്സരം. പക്ഷേ, ഇംഗ്ലണ്ടിലാവട്ടെ കൂടുതൽ ലാഭകരമായ ടെലിവിഷൻ ഡീലുകളും മറ്റും ഉണ്ടായിരുന്നു. വിജയം വിലയ്ക്കു വാങ്ങാം എന്നു കരുതിയ ബാഴ്സലോണ കടുത്ത കടക്കെണിയാലാണ് പതിച്ചിരിക്കുന്നത്.

സാധാരണ ബിസിനസുകൾ ശമ്പളത്തിന് റവന്യൂവിന്റെ 15 മുതൽ 30 ശതമാനം വരെയാണ് ഇൻവെസ്റ്റ് ചെയ്യുക. ഹെൽത്ത് കെയർ പോലുള്ള മേഖലകളിൽ അത് 45 ശതമാനമോ കൂടുതലോ ആയിരിക്കും. ഉന്നതമായ ഫുട്ബോൾ ക്ലബ്ബുകൾക്ക്, കളിക്കാരാണ് ഏറ്റവും വലിയ അസെററ്. അവിടെ, ശമ്പളം 70 ശതമാനം വരെയാകുന്നത് സ്വാഭാവികം.

കോവിഡ് മഹാമാരിയുടെ കഴിഞ്ഞ 18 മാസങ്ങളിൽ കാണികളും ആരവവും ഇല്ലാതെ കനത്ത റവന്യൂ നഷ്ടത്തിലാണ് അധിക കളികളും നടന്നത്. ബാഴ്സലോണയുടെ കാര്യമെടുത്താൽ അവരുടെ സാമ്പത്തിക തകർച്ച അത്രക്ക് ദയനീയമാണെന്ന് കാണാം. 100 ഡോളർ കിട്ടിയാൽ 110 ഡോളർ ശമ്പളത്തിനു നീക്കിവെക്കണം. അതിലധികവും മെസ്സിക്കും മറ്റു തുടക്കക്കാർക്കും. ഫലമോ ക്ലബിന്റെ ഖജനാവ് ശൂന്യം.

സാമുവൽ ഉംറ്റിറ്റിയുടെ കാര്യമെടുക്കാം. കഴിഞ്ഞ 3 സീസണുകളിലായി ഉംറ്റിറ്റി കളിച്ചത് 49 കളികൾ. 2023 ക്ലബ്ബുമായി കരാറിലാണ്. ഒരാഴ്ചത്തേക്ക് 2,70,000 ഡോളറാണ് ശമ്പളം. ഉംറ്റിറ്റിയുൾപ്പെടെ നിരവധി കളിക്കാരെ ബാഴ്സലോണ വിൽക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, കഴിഞ്ഞ സീസണുകളിൽ അധികനേരവും ബെഞ്ചിൽ തന്നെ ഇരിക്കുകയായിരുന്ന കളിക്കാരെ വാങ്ങാൻ മറ്റു ക്ലബ്ബുകൾ തയ്യാറല്ല, മാത്രമല്ല, സുബോധമുള്ള ഒരു ക്ലബ്ബും ഈ ശമ്പളത്തിന് കളിക്കാത്ത കളിക്കാരെ വാങ്ങുകയുമില്ല.

സാമ്പത്തിക വശങ്ങൾ എന്തു തന്നെയായാലും വിമർശകരിലാരും തന്നെ ബാഴ്‌സലോണയോട് മെസ്സിക്കുള്ള പ്രണയബന്ധത്തെ സംശയിക്കുന്നില്ല. അടുത്ത സീസണുകളിലായി മെസ്സിയുടെ സമ്മർദ്ദം പ്രത്യക്ഷമായിരുന്നു. 2020ലെ സമ്മറിൽ ക്ലബ് വിടുന്നതിന് അനുകൂലമായി സംസാരിക്കുകയും ചെയ്തു. 2015ൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിൽ പിന്നെ ഒരു തവണ മാത്രമാണ് ക്ലബ്ബ്, സെമിഫൈനലിൽ എത്തിയത്. 2019 മെയിൽ ക്യാമ്പ് നോവിൽ 3-0 ത്തിനാണ് ബാഴ്‌സലോണ ലിവർപൂളിനെ തകർത്തത്. റിട്ടേൺ ലെഗ്ഗിൽ ലിവർപൂളിന്റെ പ്രതികാരം മാരകമായിരുന്നു. 4-0 എന്നായിരുന്നു ബാഴ്‌സലോണയുടെ തോൽവി. ആഗസ്ത് 8-ന്റെ പത്ര സമ്മേളത്തിൽ ഈ തിരിച്ചടി തനിക്കും ടീമിനുമുണ്ടാക്കിയ അമ്പരപ്പിനെക്കുറിച്ച് മെസ്സി പറയുന്നുണ്ട്.

സംസാരിക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ മെസ്സി കരയുകയായിരുന്നു. കൃത്രിമമായതോ ആത്മാർത്ഥതയില്ലാത്തതോ ആയ ഒന്നും മെസ്സിയുടെ വാക്കുകളിൽ കാണാൻ കഴിയില്ല. "സത്യം പറഞ്ഞാൽ ഞാനതുപറയാൻ ആഗ്രഹിക്കുന്നില്ല. ഈ ദിവസങ്ങളിലൊക്കെ എന്താണ് പറയേണ്ടത് എന്നു ഞാൻ ആലോചിക്കുകയായിരുന്നു. സത്യം പറഞ്ഞാൽ, എനിക്ക് ഒന്നും ആലോചിക്കാൻ കഴിയുന്നില്ല.' മെസ്സി വിതുമ്പി. " ഇത്രയും കാലത്തിനു ശേഷം വളരെ കഠിനമാണ് എനിക്കിത്, എന്റെ ജീവിതം മുഴുവൻ ഞാൻ ഇവിടെയായിരുന്നല്ലോ, ഞാനിപ്പോഴും ഈ നിമിഷത്തിന് തയ്യാറായിട്ടില്ല'.

ലയണൽ മെസ്സി, ലൂയിസ് സുവാരസ്

സിനിക്കൽ ആയി ഈ വരികളെ വിശകലനം ചെയ്യാതിരിക്കാൻ ഇയാളുടെ കുട്ടിക്കാലത്തേക്ക് ഒന്നു തിരിഞ്ഞു നോക്കിയാൽ മതിയാവും. 13-ാം വയസിൽ ബാഴ്‌സലോണയിലേക്കുളള വരവ് മെസ്സിയുടെ കുടുംബത്തെ പിളർക്കുന്നുണ്ട്. സഹോദരങ്ങളും അമ്മയും അർജന്റീനയിലേക്ക് മടങ്ങുന്നുണ്ട്. മെസ്സിയും ഏജന്റുകൂടിയായ പിതാവ് യോർഗും സ്പെയ്നിൽ തന്നെ തങ്ങുന്നുണ്ട്. ഒരു സ്വപ്നത്തെ പിന്തുടരാൻ ഇത്ര വലിയ ത്യാഗങ്ങൾ സഹിക്കുന്നവർ വിരളമാണ്.

ഇക്കഴിഞ്ഞ ആഗസ്ത് 11 ന് മെസ്സി പാരിസ് സെയിൻറ് ജെർമൈൻ കളിക്കാരൻ എന്ന നിലയിൽ ആദ്യത്തെ പത്രസമ്മേളനം നടത്തി. നെയ്​മറുമായുള്ള പുനഃസമാഗമത്തിന്റെയും കിലിയൻ എംബാപ്പെയും മറ്റുമായി കൂടെക്കളിക്കുന്നതിന്റെ ആവേശത്തോടെയും. ചാമ്പ്യൻസ് ലീഗ് വീണ്ടും ജയിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് പറഞ്ഞ മെസ്സി പക്ഷേ, താൻ വിട്ടു പോന്ന ക്ലങ്കിനെക്കുറിച്ച് പരുഷമായൊന്നും മിണ്ടിയില്ല. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്കെതിരെ കളിക്കേണ്ടി വന്നേക്കുമെന്ന് മെസ്സി സൂചിപ്പിക്കുന്നുണ്ടായിരുന്നു: എന്റെ ഹോം ആയ ബാഴ്സലോണയിൽ മറ്റൊരു ജഴ്സിയിട്ട് കളിക്കുക എന്നാൽ വിചിത്രമായിരിക്കും. എന്നാൽ അങ്ങനെ സംഭവിച്ചേക്കാം. കാത്തിരുന്നു കാണുക തന്നെ.

ഹോം.
ബാഴ്സലോണ.
ദ ഇംഗ്ലീഷ് പേഷ്യൻറിൽ സന്ദർഭത്തോട് ചേർത്തുവെക്കാവുന്ന മറ്റൊരു വരി കൂടിയുണ്ട്. "എവിടെയാണോ നമ്മൾ എത്താതിരിക്കേണ്ടത് അവിടെയാണ് നമ്മളെത്തി നിൽക്കുന്നത് എന്നതാണ് നമ്മുടെയെല്ലാം പ്രശ്നം'. തീർച്ചയായും ഇത് മെസ്സിയെ സംബന്ധിച്ചിടത്തോളം ശരിയാണ്. അത്രക്ക് മികവോടെ മെസ്സി ഇതുവരെ കളിച്ച ഫുട്ബോൾ ക്ലബ്ബിനെ സംബന്ധിച്ചും ഈ വാചകം തെറ്റാവുന്നില്ല.
വിവർത്തനം: കമൽ
ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 38 ൽ എഴുതിയ ലേഖനം


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

Comments