എം ജി യൂണിവേഴ്‌സിറ്റി നടത്തിയത്​ നഗ്നമായ നിയമലംഘനം; ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർത്ഥി എഴുതുന്നു

എം.ജി. യൂണിവേഴ്‌സിറ്റി ഗാന്ധിയൻ സ്റ്റഡീസ് ഡിപ്പാർട്ടുമെന്റിലെ അസിസ്റ്റൻറ്​ പ്രൊഫസർ നിയമനം ചർച്ച ചെയ്യപ്പെടുന്നതിനിടെ, ഈ തസ്​തികയിലേക്കുള്ള വിജ്​ഞാപനത്തിന്റെ കാര്യത്തിൽ സംഭവിച്ച ഗുരതരമായ ഒരു അനീതി തുറന്നുകാട്ടുകയാണ്​, ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർത്ഥിയായ ഡോ. ശശികല എ.എസ്​.

എം.ജി. യൂണിവേഴ്‌സിറ്റി ഗാന്ധിയൻ സ്റ്റഡീസ് ഡിപ്പാർട്ടുമെന്റിലെ അസിസ്റ്റൻറ്​ പ്രൊഫസർ നിയമനവും കോടതിവിധിയും ചർച്ചയായ സമയത്ത് വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ലേഖനങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും വായിച്ചു. ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർത്ഥി എന്ന നിലയിൽ സ്വാഭാവികമായി എനിക്കുള്ള അഭിപ്രായം പങ്കുവെക്ക​ട്ടെ.

ഈ പോസ്റ്റിലേക്കുള്ള വിജ്ഞാപനമായിരുന്നു ആദ്യം ചർച്ച ചെയ്യപ്പെടേണ്ടിയിരുന്നത്. യൂണിവേഴ്‌സിറ്റി ബാക്കിയെല്ലാ ഡിപ്പാർട്ടുമെന്റുകളിലേക്കും അടിസ്ഥാന യോഗ്യതയായി അതാത് വിഷയത്തിലുള്ള പി.ജി/നെറ്റ് നോട്ടിഫിക്കേഷൻ വിളിച്ചപ്പോൾ, ഗാന്ധിയൻ സ്റ്റഡീസ് ഡിപ്പാർട്ടുമെന്റിന്റെ നോട്ടിഫിക്കേഷനിൽ വന്നത് ഗാന്ധിയൻ സ്റ്റഡീസ്/ ഡിവലപ്പ്മെൻറ്​ സ്റ്റഡീസ്/ഇക്കണോമിക്സ്/പൊളിറ്റിക്കൽ സയൻസ് / എഡ്യൂക്കേഷൻ / ഹിസ്റ്ററി / ഫിലോസഫി / സോഷ്യോളജി / എം.എസ്.ഡബ്ലു എന്നീ സബ്ജക്ടുകളുടെ നീണ്ട നിരയാണ്. (വിജ്ഞാപനത്തിൽ ഇന്റർനാഷണൽ റിലേഷൻസ് എന്ന വിഷയം പരാമർശിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക). ഇതിൽ പല വിഷയങ്ങൾക്കും പ്രത്യേക ഡിപ്പാർട്ടുമെന്റുകൾ എം.ജി യൂണിവേഴ്‌സിറ്റിയിൽ ഉണ്ടെന്നിരിക്കെ, ആ ഡിപ്പാർട്ടുമെന്റുകളിൽ പലതിലും ഗാന്ധിയൻ സ്റ്റഡീസ് പഠിച്ചവരെ പരിഗണിക്കില്ലെന്നിരിക്കെ, ഇത്തരം നോട്ടിഫിക്കേഷൻ ഗാന്ധിയൻ സ്റ്റഡീസ്/ ഡവലപ്പ്മെൻറ്​ സ്റ്റഡീസ് പഠിച്ചവരെ പ്രതിരോധത്തിലാക്കുന്ന ഒന്നായിരുന്നു. ഇന്റർ ഡിസിപ്ലിനറി സ്വഭാവം അവകാശപ്പെട്ടാലും ഡെവലപ്‌മെൻറ്​ സ്റ്റഡീസിൽ പി.ജി, പിഎച്ച്.ഡി കഴിഞ്ഞ ഒരുപാട് ഉദ്യോഗാർത്ഥികൾ തോഴിലന്വേഷകരായി ഉള്ള നാടാണ് നമ്മുടേത്.

എം.ജി. യൂണിവേഴ്‌സിറ്റി ഗാന്ധിയൻ സ്റ്റഡീസ് ഡിപ്പാർട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിലേക്കുള്ള വിജ്ഞാപനം

യൂണിവേഴ്സിറ്റിയിൽ നിന്ന്​ എനിക്ക് കിട്ടിയ വിവരാവകാശ നിയമപ്രകാരമുള്ള മറുപടി അനുസരിച്ച് ഗാന്ധിയൻ സ്റ്റഡീസിൽ തന്നെ പി.ജി, നെറ്റ് യോഗ്യതയുള്ള നാല് ഉദ്യോഗാർത്ഥികൾ പ്രസ്തുത അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. അതിലൊരാൾ ഗാന്ധിയൻ സ്റ്റഡീസിൽ തന്നെ ജെ.ആർ.എഫും അധ്യാപന പരിചയവുമുള്ള ആളാണ്. മറ്റൊരാൾ ഗാന്ധിയൻ സ്റ്റഡീസിൽ എം.എ, നെറ്റ്, പി.എച്ച്.ഡി, പബ്ലിക്കേഷൻസ്, അധ്യാപന പരിചയം ഇവയെല്ലാം നേടിയിരുന്നു. മറ്റു രണ്ടുപേരും അടിസ്ഥാന യോഗ്യതകൾ എല്ലാം നേടിയവരാണെന്നിരിക്കെ എന്തുകൊണ്ടാണ് ഈ നാലുപേരും റാങ്ക് ലിസ്റ്റിൽ പോലും ഉൾപ്പെടാതിരുന്നത്?

മറ്റു പല സബ്ജക്ടുകളും പഠിച്ച, പിഎച്ച്.ഡി രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ പോലും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു എന്നോർക്കുമ്പോഴാണ് ഈ അനീതിക്കുപിന്നിൽ കേസുമായി കോടതിയെ ആരും സമീപിക്കരുത് എന്ന ദുരുദ്ദേശ്യം കൂടി യൂണിവേഴ്സിറ്റിക്കുണ്ടായിരുന്നു എന്ന്​ വെളിവാകുന്നത്. റാങ്ക് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന കേസുകൾക്കാണ് കോടതി സാധുത കൊടുക്കുന്നത് എന്നതുകൂടി ചേർത്തുവായിക്കുമ്പോൾ ഇതു വ്യക്തമാകും.

ആർ.ടി.ഐ പ്രകാരം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും ലഭ്യമായ വിവരങ്ങൾ

യൂണിവേഴ്‌സിറ്റി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം അപ്ലിക്കേഷൻ അയക്കേണ്ട അവസാന തീയ്യതിക്കുശേഷമുള്ള പബ്ലിക്കേഷൻസ് കൂടി പരിഗണിക്കുക എന്ന നയമാണ് അവർ സ്വീകരിച്ചത്. നിയമനം ലഭിച്ച ഉദ്യോഗാർഥി അങ്ങനെ മാർക്ക്​ നേടിയിട്ടുമുണ്ട് എന്ന്​ കോടതി ഉത്തരവ് കാണിക്കുന്നു. എന്നാൽ ഞാനടങ്ങുന്ന മറ്റ് ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം യൂണിവേഴ്‌സിറ്റി നിഷേധിച്ചത് എന്തിനാണ്?

എനിക്ക്​ യൂണിവേഴ്‌സിറ്റിയിൽ നിന്ന്​ ലഭിച്ച ആർ.ടി.ഐ പ്രകാരം, നിയമനം നേടിയ ഉദ്യോഗാർത്ഥി പിഎച്ച്.ഡി നേടിയിരിക്കുന്നത് ഇന്റർനാഷണൽ റിലേഷൻസിലാണ്. പ്രസ്തുത നോട്ടിഫിക്കേഷനിൽ ഇല്ലാതിരുന്ന ഒരു സബ്‌ജെക്ടിലുള്ള പിഎച്ച്.ഡി ഗ്രേസ് മാർക്കിന് അവർക്ക്​ അർഹതയുണ്ടോ? (യൂണിവേഴ്‌സിറ്റി രേഖകൾ പ്രകാരം മനസിലാവുന്നത് എം.എ പൊളിറ്റിക്കൽ സയൻസിന് എം.എ ഇന്റർനാഷണൽ റിലേഷൻസുമായി തുല്യത ഇല്ലെന്നതാണ്.)

ഗാന്ധിയൻ സ്റ്റഡീസ് ഡിപ്പാർട്ടുമെന്റിലെ അസിസ്റ്റൻറ്​ പ്രൊഫസർ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ ഡോ. ശശികല നൽകിയ പരാതിയിലുള്ള ​ഹൈകോടതി സിംഗിൾ ബഞ്ച്​ വിധിയുടെ പകർപ്പ്​. ഇൻറർവ്യൂവിൽ പ​ങ്കെടുത്ത ഡോ. ശശികലയെ, ഇൻറർവ്യൂവിൽ പ​ങ്കെടുക്കാത്ത ഉദ്യോഗാർഥി എന്ന്​ കോടതിവിധിയിൽ തെറ്റായി വിശേഷിപ്പിച്ചിരിക്കുന്നു.

ആർ.ടി.ഐ രേഖകൾ പ്രകാരം നിയമനം ലഭിച്ച രണ്ടാമത് ഉദ്യോഗാർഥിയുടെ പോസ്റ്റ് ഗ്രാജ്യുവേഷൻ ഇന്റർനാഷണൽ റിലേഷൻസിലാണ്. അത് പ്രസ്തുത ഡിഗ്രി വിജ്ഞാപനത്തിൽ ഇല്ലാതിരുന്ന വിഷയമാണ്. ഈ വ്യക്തി യുജിസി- നെറ്റ് യോഗ്യത നേടിയിട്ടില്ല. ഈ വ്യക്തിയുടെ പിഎച്ച്.ഡി, സെന്റർ ഫോർ ലിംഗസ്റ്റിക്‌സിൽ (സ്കൂൾ ഓഫ് ലാംഗ്വേജ്) നിന്നാണ്. ഇദ്ദേഹത്തിന്​ യൂണിവേഴ്‌സിറ്റി തുല്യതാ സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ടോ? ഇല്ലെങ്കിൽ ഇദ്ദേഹത്തിന്​ യു.ജി.സി നിയമപ്രകാരം ഇതേ ഡിപ്പാർട്ടുമെന്റിൽ പഠിപ്പിക്കാനുള്ള ഏതു യോഗ്യതയാണ് സെലക്ഷൻ കമ്മിറ്റി കണ്ടത്?

യൂണിവേഴ്‌സിറ്റി രേഖകൾ പ്രകാരം പ്രസ്തുത ഇന്റർവ്യൂവിൽ തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ഉദ്യോഗാർഥി ബിരുദാനന്തര ബിരുദം നേടിയിരിക്കുന്നത് ഫോറിൻ ട്രേഡിലാണ്. വിജ്ഞാപനത്തിൽ എവിടെയാണ് അങ്ങനെയൊരു സബ്ജക്ട്? അദ്ദേഹത്തിന്റെ നെറ്റ് കോമേഴ്സിലാണ്. ഇത്​ സോഷ്യൽ സയൻസ് പരിധിയിൽ വരുന്നതാണോ എന്ന് സെലക്ഷൻ കമ്മിറ്റി/യൂണിവേഴ്സിറ്റി വ്യക്തമാക്കണം.

ഇതിൽ നിന്ന്​ ഒരു കാര്യം വ്യക്തമാണ്, വളരെ നഗ്‌നമായ നിയമലംഘനമാണ് യൂണിവേഴ്സിറ്റിയും സെലക്ഷൻ കമ്മിറ്റിയും പ്രസ്തുത നിയമനങ്ങളിൽ നടത്തിയിരിക്കുന്നത്. ഇതുവഴി തോൽപ്പിക്കപ്പെട്ടത് ഗാന്ധിയൻ സ്റ്റഡീസ് വിദ്യാർത്ഥികൾ തന്നെയാണ്, ഗാന്ധി ഉയർത്തിപ്പിടിച്ച സത്യം തന്നെയാണ്.

Comments