കർണ്ണാടകത്തിലെ ഒരു സർക്കാർ സ്കൂളിൽ, ദലിത് സ്ത്രീയെ പാചകക്കാരിയായി നിയമിക്കുന്നു. അതിന്റെ പേരിൽ, സ്കൂളിലുണ്ടായിരുന്ന 22-ൽ 21 കുട്ടികളെയും രക്ഷിതാക്കൾ മറ്റ് വിദ്യാലയങ്ങളിലേക്ക് മാറ്റുന്നു.
അതിശക്തമായ ജാതിവിവേചനം നിലനിൽക്കുന്ന ഇന്ത്യയിൽ പലയിടത്തും വിദ്യാലയങ്ങളിൽ രണ്ടു പാത്രത്തിൽ ഭക്ഷണം പാകം ചെയ്യുന്ന കാഴ്ച കാണാം. താഴ്ന്ന ജാതിക്കാർ പാകം ചെയ്യുന്ന ഭക്ഷണം ബ്രാഹ്മണർ കഴിക്കില്ല. മറ്റു ജാതിക്കാർ പാചകം ചെയ്യുന്ന ഭക്ഷണം ചിലപ്പോൾ ദലിതുകൾ കഴിക്കില്ല. 'പൊതു വിദ്യാലയങ്ങൾ' എന്ന കാഴ്ചപ്പാടെല്ലാം ഇവിടെ കാറ്റിൽ പറക്കുന്നു.
കർണാടകത്തിലെ ചാമരാജ നഗർ ജില്ലയിലെ ഹൊമ്മ ഗവൺമെന്റ് ഹയർ പ്രൈമറി സ്‌കൂളിൽ ഇനി ഒരു കുട്ടി മാത്രമാണ് പഠിക്കാനുള്ളതത്രെ. 2025 ജൂണിലാണ് ഈ സംഭവം നടക്കുന്നത്. നേരത്തെ ഏഴു കുട്ടികൾ മാത്രമാണ് സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചിരുന്നത്. പാചകക്കാരിയായി ദലിത് സ്ത്രീയെ നിയമിച്ചതിൽ പ്രതിഷേധവുമായി രംഗത്തുവന്ന മാതാപിതാക്കൾ, ഏതാണ്ട് എല്ലാ കുട്ടികളുടെയും ടി.സി വാങ്ങി മറ്റു സ്‌കൂളുകളിൽ ചേർത്തു. അക്ഷരാർഥത്തിൽ സ്‌കൂൾ പൂട്ടലിന്റെ വക്കിലാണെന്ന് പറയാം.
ജാതിവിവേചനം സമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായതോടെ, ജില്ലാ അധികൃതർ കുട്ടികളുടെ രക്ഷിതാക്കളുമായും അധ്യാപകരുമായും ചർച്ച നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും, നിലവിൽ ഒരു കുട്ടിയും രണ്ട് അധ്യാപകരും മാത്രമുള്ള ഈ സ്കൂൾ ഇനി എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് അറിയാതെ അധികൃതർ വലയുകയാണ്.
2021-ൽ ഉത്തരാഖണ്ഡിൽ ഒരു കൂട്ടം ഹിന്ദു സവർണ്ണ വിദ്യാർത്ഥികൾ, സ്കൂളിലെ ദലിത് സ്ത്രീ പാകം ചെയ്ത ഉച്ചഭക്ഷണം കഴിക്കാൻ വിസമ്മതിച്ചത് വലിയ വാർത്തയായിരുന്നു. ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിലെ സുഖിധാങ് പ്രദേശത്തെ ജൗൾ ഗ്രാമത്തിലുള്ള സർക്കാർ സെക്കൻഡറി സ്കൂളിലാണ് പട്ടികജാതിക്കാരിയായ സുനിതാദേവിയെ 'ഭോജന മാതാവായി' (Bhojan Mata) നിയമിച്ചത്. 6 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം തയ്യാറാക്കുന്ന ചുമതലയായിരുന്നു അവർക്ക്. പാചകത്തൊഴിലാളിയുടെ ഔദ്യോഗിക നാമമെല്ലാം ഏറെ വലിപ്പമുള്ളത്, എന്നാൽ സമൂഹത്തിലിപ്പോഴും ഇക്കൂട്ടർ വിവേചനത്തിന്റെ ഇരകൾ തന്നെയാണ്.

ആദ്യ ദിവസം വിദ്യാർത്ഥികൾ ഒരു ബഹളവുമില്ലാതെ സുനിതാദേവി പാകം ചെയ്ത ഉച്ചഭക്ഷണം കഴിച്ചു. പക്ഷേ അടുത്ത ദിവസം മുതൽ കൂട്ടികൾ ഭക്ഷണം ബഹിഷ്കരിക്കാൻ തുടങ്ങി. അതേ കുറിച്ച് സുഖിധാങ്ങിലെ ഗവൺമെന്റ് ഇന്റർ കോളേജിലെ പ്രിൻസിപ്പൽ പ്രേംസിംഗ് പറഞ്ഞത് ഇങ്ങനെ: ‘‘അവരെ ഉച്ചഭക്ഷണം കഴിക്കുന്നത് നിർത്താൻ പ്രേരിപ്പിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. 16 പട്ടികജാതി വിദ്യാർത്ഥികൾ മാത്രമാണ് പിന്നീട് ഈ സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ചത്. 2021 ഡിസംബർ 13-ന് സുനിത് ദേവി ജോലിയിൽ പ്രവേശിച്ചതിന് അടുത്ത ദിവസം മുതൽ 6 മുതൽ 8 വരെ ക്ലാസുകളിലെ 66 വിദ്യാർത്ഥികളിൽ ഉയർന്ന ജാതിയിൽപ്പെട്ട 40 കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്നത് നിർത്തി. ഒരു ദലിത് സ്‌ത്രീ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്നതിന് അവർ കൂട്ടാക്കിയില്ല, പകരം ആ കുട്ടികൾ വീട്ടിൽ നിന്ന് ടിഫിൻ കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു’’.
തമിഴ്നാട്ടിൽ കരൂരിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലെ 15 വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി പ്രയോജനപ്പെടുത്താൻ വിസമ്മതിച്ചു. കാരണം, ആ ഭക്ഷണം ഒരു ദലിത് സ്ത്രീയാണ് തയ്യാറാക്കിയത്.
2023- ൽ തമിഴ്നാട്ടിലുണ്ടായ ഒരു സംഭവം ഇതിനു സമാനമാണ്. തമിഴ്‌നാട്ടിലെ ഉസിലാംപട്ടിയിലുള്ള ഒരു സർക്കാർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾ, ഒരു ദലിത് സ്ത്രീ പാകം ചെയ്ത പ്രഭാതഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. പ്രതിസന്ധിയുടെ തുടക്കത്തിൽ പോലീസും ഒപ്പം, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും രക്ഷിതാക്കളുമായി ഈ വിഷയം സംസാരിച്ചു. തുടർന്ന് കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഡി എം കെ എം.പി കനിമൊഴി, സംസ്ഥാന മന്ത്രി ഗീതജീവൻ, കളക്ടർ സെന്തിൽ രാജ് എന്നിവർ അടുത്ത ദിവസം സ്കൂൾ സന്ദർശിക്കുകയും കുട്ടികളോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തതിനെ തുടർന്ന് പ്രശ്നപരിഹാരമുണ്ടാകുകയും കൂട്ടികൾ ഭക്ഷണം കഴിച്ചുതുടങ്ങുകയും ചെയ്തു. ഏതാനും ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമായിരുന്നു ഇത്.
തമിഴ്നാട്ടിൽ കരൂരിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലെ 15 വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി പ്രയോജനപ്പെടുത്താൻ വിസമ്മതിച്ചു. കാരണം, ആ ഭക്ഷണം ഒരു ദലിത് സ്ത്രീയാണ് തയ്യാറാക്കിയത്. തുടർന്ന് കളക്ടർ സ്കൂൾ സന്ദർശിച്ച് ജാതിവിവേചനത്തിന് - നിയമനടപടി സ്വീകരിക്കുമെന്ന് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയം സ്കൂൾ ഉച്ചഭക്ഷണം പരിപാടിയെക്കുറിച്ച് 2007-ൽ നടത്തിയ ഒരു പഠനത്തിൽ, ജാതിവ്യവസ്ഥ ശക്തമായ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിൽ (MDM), ജാതിവിവേചനം നിലനിൽക്കുന്നതായി കണ്ടെത്തിയിരുന്നു.

വിവിധ സന്ദർഭങ്ങളിലായി, സംസ്ഥാന സർവ്വകലാശാലകളും മുബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാല, ബെംഗളൂരുവിലെ ഐ ഐ എം തുടങ്ങിയ പ്രമുഖ സാമൂഹിക- ശാസ്ത്ര സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങളിൽ, മിക്ക സംസ്ഥാനങ്ങളിലും കുട്ടികൾക്ക് പഴം, മുട്ട, പച്ചക്കറി തുടങ്ങി ആവശ്യത്തിന് സപ്ലിമെന്റുകൾ അടങ്ങിയ 'ചൂടുള്ള ഭക്ഷണം' നൽകുന്നുണ്ടെന്ന് പൊതുവിൽ വിലയിരുത്തിയിട്ടുണ്ട്. എന്നാൽ ഈ പഠനങ്ങളിൽ, രാജ്യത്ത് പലയിടത്തും ജാതിവിവേചനം സ്‌കൂൾ ഉച്ച ഭക്ഷണ പരിപാടിയുടെ ലക്ഷ്യങ്ങളെതന്നെ അസാധുവാക്കുന്നുണ്ടെന്ന് പറഞ്ഞുവെക്കുന്നു.
കുരുക്ഷേത്ര സർവകലാശാല 2017-ൽ നടത്തിയ ഒരു പഠനത്തിൽ, അരുണാചൽപ്രദേശ്, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ, ജാതിയിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പഴം, മുട്ട, പച്ചക്കറി എന്നിവ പതിവായി വിളമ്പുന്നില്ല എന്ന് കണ്ടെത്തിയിരുന്നു.
പൊതുവിൽ ഉച്ചഭക്ഷണ വിതരണ പദ്ധതി മോശമായി നടക്കുന്ന നാല് സംസ്ഥാനങ്ങളിലൊന്നായ ഹരിയാനയിലെ റെവാരി ജില്ലയിൽ കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിൽ ജാതിവിവേചനമുണ്ടെന്ന് കുരുക്ഷേത്ര സർവകലാശാല 2017-ൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. അരുണാചൽപ്രദേശ്, അസം, മേഘാലയ തുടങ്ങി മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളിൽ, പദ്ധതി നടപ്പാക്കുന്നത് ഏകീകൃതമായല്ലെന്നും, ജാതിയിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പഴം, മുട്ട, പച്ചക്കറി എന്നിവ പതിവായി വിളമ്പുന്നില്ല എന്നും കണ്ടെത്തിയിരുന്നു. കർണാടകയിൽ വലിയ തോതിൽ ജാതിവിവേചനമുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടു. മറ്റുവിധത്തിൽ മികച്ച പ്രകടനം കാഴ്ചവക്കുന്ന സംസ്ഥാനമായി കർണ്ണാടകം നിലനിൽക്കുമ്പോൾ, ഉച്ചഭക്ഷണ പരിപാടിയിലെ ജാതിവിവേചനം ശക്തമാണെന്ന് ചില പഠനങ്ങൾ കണ്ടെത്തി. ബാംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ചും, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനും 2020-ൽ നടത്തിയ പഠനത്തിൽ, യെലന്ദൂർ ബ്ലോക്കിലെ വിദ്യാലയങ്ങളിൽ ഈ ജാതിവിവേചനം ആശങ്കാജനകമാണെന്ന് കണ്ടെത്തിയിരുന്നു.
ഉച്ചഭക്ഷണപരിപാടിയുടെ ചരിത്രം
1950- കളിൽ തന്നെ തമിഴ്നാട്ടിൽ, രാജ്യത്തെ ആദ്യത്തെ 'വേവിച്ച' മിഡ്-ഡേ-മീൽ സ്കീം ആരംഭിച്ചിരുന്നു. 1982 ആയപ്പോഴേക്കും അത് വിപുലമായ സർക്കാർ പദ്ധതിയായി മാറി. 1980-കളിൽ ഗുജറാത്ത് സംസ്ഥാനത്ത് മിഡ്-ഡേ-മീൽ പദ്ധതി അവതരിപ്പിച്ചു. 1980- കളിൽ തന്നെ കേരളവും ഈ പദ്ധതിയുമായി മുന്നേറി. മധ്യപ്രദേശിലേയും ഒറീസയുടെയും ചില പോക്കറ്റുകൾ 1995- ഓടെ വേവിച്ച ഉച്ചഭക്ഷണം സ്‌കൂളുകളിൽ കുട്ടികൾക്കായി വിതരണം ചെയ്യാൻ തുടങ്ങിയിരുന്നു.
എന്നിരുന്നാലും, 1995- ലാണ് ഈ പദ്ധതി കേന്ദ്രീകൃത സ്പോൺസേർഡ് സ്കീമായി മാറിയത്. വലിയ ഒരു മിഡ്- ഡേ- മീൽ പ്രോഗ്രാം (MDM) കേന്ദ്രസർക്കാർ ആരംഭിച്ചത് ഈ കാലയളവിലാണ്. കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട്, 1989-ൽ ഐക്യരാഷ്ട്രസഭ വിളിച്ചുചേർത്ത അന്താരാഷ്ട്ര കൺവെൻഷനിൽ പങ്കെടുക്കുകയും അതിന്റെ പ്രഖ്യാപനത്തിൽ ഒപ്പിടുകയും ചെയ്ത ഒരു രാജ്യമെന്ന നിലയിൽ, ഈ പദ്ധതി നടപ്പാക്കേണ്ടത് ഇന്ത്യ സർക്കാരിന്റെ അനിവാര്യ ചുമതലകളിൽ ഒന്നായി തീർന്നിരുന്നു.

രാജ്യത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രതിമാസം 3 കിലോ ഗോതമ്പും അത്രയും അരിയും വിതരണം ചെയ്യാനുള്ള പദ്ധതിയാണ് ആദ്യം വിഭാവനം ചെയ്തത്. തുടർന്നാണ് ഇത് രാജ്യത്തെ സർക്കാർ, സർക്കാർ - എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ വഴി നടപ്പിലാക്കാനുള്ള തീരുമാനം കൊണ്ടുവന്നത്.
എന്നാൽ, പാചകം ചെയ്യാത്ത അരിയുടെ വിതരണം പലയിടത്തും കാര്യക്ഷമമായിരുന്നില്ല. പദ്ധതി നടത്തിപ്പിൽ വലിയ അഴിമതിയുണ്ടായി. രാജ്യത്തെമ്പാടും ഇതുമായി ബന്ധപ്പെട്ട് വിമർശനങ്ങളും വിപുലമായ ചർച്ചകളും നടന്നു. കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന ചില സന്നദ്ധ സംഘടനകൾ കോടതി വ്യാവഹാരങ്ങൾക്ക് ശ്രമിച്ചു. 2001 നവംബർ 28 ന് സുപ്രീംകോടതിയിൽനിന്ന് ചരിത്രപ്രസിദ്ധമായ വിധിയുണ്ടായി. ഭക്ഷണം കുട്ടികളുടെ അവകാശമാണെന്നും, വിദ്യാലയങ്ങളിലെങ്കിലും കുട്ടികൾ വിശന്നിരിക്കാതിരിക്കാൻ രാജ്യത്തെ എല്ലാ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലും കുട്ടികൾക്ക് പാചകം ചെയ്ത, ചൂടേറിയതും സ്വാദിഷ്ടവുമായ ഉച്ചഭക്ഷണം വിതരണം ചെയ്യേണ്ടത് 'സ്റ്റേറ്റിന്റെ' ഉത്തരവാദിത്തമാണെന്ന് സുപ്രീംകോടതി ആ വിധിയിൽ പറഞ്ഞു. ആറുമാസത്തിനകം, രാജ്യത്തെ എല്ലാ പ്രൈമറി സ്കൂളുകളിലും വേവിച്ച ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പിൽവന്നു. ആ നാളുകളുകൾക്കിടയിൽ, ഒരുവിധം നല്ല രീതിയിൽ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതികൾ നടപ്പിലാക്കിയിരുന്ന തമിഴ്നാട്, പോണ്ടിച്ചേരി, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ അവരുടെ പദ്ധതികൾ കേന്ദ്ര സ്കീമുമായി ലയിപ്പിച്ച് ഒരൊറ്റ പദ്ധതിയാക്കി മാറ്റി. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും കുറഞ്ഞത് 200 ദിവസമെങ്കിലും ഭക്ഷണം വിതരണം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ നിർബന്ധം പിടിച്ചു.
കുട്ടികൾക്കായി പ്രധാനമന്ത്രിയുടെ പേരിൽ നടപ്പിലാക്കുന്ന പദ്ധതിയായിരുന്നിട്ടുകൂടി, ഇതിനെ ജാതി വിവേചനത്തിൽനിന്ന് മോചിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് രാജ്യം നേരിടുന്ന സമൂഹ്യപ്രതിസന്ധിയുടെ ആഴങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.
എന്നിരുന്നാലും, സുപ്രീംകോടതി വിധിയ്ക്കുശേഷവും ചില സംസ്ഥാനങ്ങൾ ഭക്ഷണ വിതരണത്തിൽ വിമുഖത കാണിച്ചു. തുടർന്നും കോടതി വ്യവഹാരങ്ങളുണ്ടായി. സമയപരിധി പിന്നീട് 2005 ജനുവരിയിലേക്ക് നീട്ടി നൽകി. 2004 മുതൽ 2014 വരെ അധികാരത്തിലുണ്ടായിരുന്ന ഒന്നും രണ്ടും യു.പി.എ സർക്കാരുകളുടെ കാലത്തുണ്ടായ 'കോമൺ മിനിമം പരിപാടി’, ദേശീയ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയെ വിപുലമാക്കി. ഓരോ കേന്ദ്ര ബഡ്ജറ്റിലും പദ്ധതിക്കായുള്ള വിഹിതം വലിയതോതിൽ ഉയർത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചത് ചരിത്രം. സുപ്രീം കോടതിയുടെയും മറ്റും നിരന്തര ശ്രദ്ധ അതിന്റെ വേഗത വർധിപ്പിച്ചു. ഏതാനും വർഷം മുമ്പുവരെ, വർഷത്തിലൊരിക്കൽ ദേശീയതലത്തിൽ എം ഡി എം - റിവ്യൂ മിഷൻ രൂപകരിക്കുകയും, ആ ടീം വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത സ്‌കൂളുകളും വിദ്യാഭ്യാസ ഓഫീസുകളും പദ്ധതി മേധാവികളെയും സന്ദർശിച്ച് സംസ്ഥാനതലത്തിൽ പദ്ധതി വിലയിരുത്തൽ നടത്തുമായിരുന്നു. ഇവർ തയ്യാറാക്കുന്ന റിപ്പോർട്ട് തുടർന്ന് സുപ്രീം കോടതിക്ക് കൈമാറിയിരുന്നു.

കോടതി ഉത്തരവുകൾ പിന്തുടർന്ന്, 2004- ൽ ദേശീയ സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിക്കുവേണ്ടി, ഇന്ത്യ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ചു. ഇക്കാലത്ത് 20 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലും പൂർണ്ണതോതിൽ ഉച്ചഭക്ഷണപരിപാടി നടപ്പിലാക്കുകയായിരുന്നു. ശേഷിച്ച എട്ട് സംസ്ഥാനങ്ങളിൽ അതിനുശേഷമാണ് പദ്ധതി വിപുലീകരിച്ചത്. ആ നാളുകളിൽ വരൾച്ച ബാധിത പ്രദേശങ്ങളിൽ, വേനൽക്കാലത്ത് സ്‌കൂൾ അവധിയാണെങ്കിൽക്കൂടി, കുട്ടികൾക്ക് ഭക്ഷ്യധന്യങ്ങൾ വിതരണം ചെയ്യാൻ പദ്ധതിയിൽ വിഹിതം ഉൾപ്പെടുത്തിയിരുന്നു. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെല്ലാം ഈ നിർദ്ദേശം നടപ്പിലാക്കി.
ഭക്ഷണത്തിന്റെ സ്വതന്ത്ര വിതരണത്തിനു പുറമേ പുതുക്കിയ പദ്ധതിയിൽ ഭക്ഷ്യധാന്യങ്ങളും, പാചകച്ചെലവിനുള്ള സഹായവും കേന്ദ്ര സർക്കാർ നൽകി. ഭക്ഷ്യധാന്യങ്ങളുടെയും പയറിന്റെയും വിതരണത്തിനായുള്ള വിഹിതം, മാനേജുമെന്റ്, നിരീക്ഷണം, മൂല്യനിർണ്ണയം എന്നിവക്കെല്ലാം കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയിൽ വിഹിതം ഉൾപ്പെടുത്തിയാണ് ഇപ്പോൾ ഈ പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി, ഈ പദ്ധതി 'പി എം പോഷൺ' _ എന്ന പേരിലാണ് നടപ്പിലാക്കുന്നത്. കുട്ടികൾക്കായി പ്രധാനമന്ത്രിയുടെ പേരിൽ നടപ്പിലാക്കുന്ന പദ്ധതിയായിരുന്നിട്ടുകൂടി, ഇതിനെ ജാതി വിവേചനത്തിൽനിന്ന് മോചിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് രാജ്യം നേരിടുന്ന സമൂഹ്യപ്രതിസന്ധിയുടെ ആഴങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.
ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം സാർവത്രികമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പദ്ധതിയെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ജാതിവ്യവസ്ഥ തന്നെ ഇപ്പോഴും കൈയടക്കി വെച്ചിരിക്കുകയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ തെളിയിക്കുന്നു.
ജാതിവിവേചനം
ഉച്ചഭക്ഷണത്തെ
എങ്ങനെ ബാധിക്കുന്നു?
ഇന്ത്യയിലെ കുട്ടികളിൽ വിശപ്പും പോഷകാഹാരക്കുറവും സാധാരണ പ്രശ്നമായി മാറിയിരിക്കുന്നുവെന്നത് ആർക്കാണ് നിഷേധിക്കാനാവുക? 2015 - 2016 ലെ ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേ പറയുന്നത്, 39 ശതമാനം കുട്ടികളും വിട്ടുമാറാത്ത പോഷകാഹാര കുറവുള്ളവരാണെന്നാണ്. ദരിദ്രരും സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരുമായ ആളുകളിൽ ഇതിന്റെ ആഘാതം ഗുരുതരമാണ്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയെ, 2013- ലെ ദേശീയ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിക്കകത്ത് കൊണ്ടുവന്നത് ചില ലക്ഷ്യങ്ങളോടെയായിരുന്നു. മത - ജാതി ഭേദമില്ലാതെ എല്ലാ കുട്ടികളും ഒരുമിച്ചിരുന്ന് ഒരേ പാചകക്കാർ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്ന സംവിധാനമാണ് പദ്ധതി വിഭാവനം ചെയ്തത്. അത്തരമൊരു സംവിധാനം സാഹോദര്യത്തിന്റെ വികാരങ്ങൾ ജനിപ്പിക്കുകയും ജാതിമതിലുകൾ തകർക്കുകയും ചെയ്യുമെന്നും അവർ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. നമ്മുടെ രാജ്യത്ത് ഉന്നതമായ ആദർശങ്ങളും കഠിനമായ യാഥാർത്ഥ്യങ്ങളും പലപ്പോഴും ഒത്തുപോകുന്നില്ല എന്നതൊരു വസ്തുതയാണ്. ഏതാനും നാൾ മുമ്പ്, ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തിനെത്തിയപ്പോൾ, സ്കൂളിലെ ദലിത് വിദ്യാർത്ഥികളെ അവരുടെ ഉയർന്ന ജാതിക്കാരായ സഹപാഠികൾ സാമൂഹ്യമായി അകറ്റിനിർത്തുന്നതായി പരാതി ഉയർന്നു. ആ സ്കൂളിൽ, പ്രത്യേകിച്ച് ഉച്ചഭക്ഷണ സമയത്ത്, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം പതിവാണെന്നും, ഉയർന്ന ജാതിയിൽപ്പെട്ട പ്രിൻസിപ്പലും പാചകക്കാരനുമാണ് ഇതിന്റെ ഉത്തരവാദികളെന്നും അന്ന് ആ കുട്ടികൾ പ്രധാനമന്ത്രിയോട് പരാതി ഉന്നയിച്ചു. നേരത്തെ ഇതു സംബന്ധിച്ച പരാതി കളക്ടർക്ക് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും അവർ അന്ന് പ്രധാനമന്ത്രിയ്ക്കുള്ള പരാതിയിൽ പറഞ്ഞിരുന്നു.
ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം സാർവത്രികമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പദ്ധതിയെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ജാതിവ്യവസ്ഥ തന്നെ ഇപ്പോഴും കൈയടക്കി വെച്ചിരിക്കുകയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ തെളിയിക്കുന്നു. ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദലിത് സ്റ്റഡീസ് (IIDS) 2014-ൽ നടത്തിയ ഒരു പഠനത്തിൽ, ഉയർന്ന ജാതിക്കാരായ കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ ദലിത് കുട്ടികൾക്ക് വളരെ കുറഞ്ഞ അളവിൽ ഭക്ഷണം മാത്രമാണ് നൽകുന്നതെന്ന് കണ്ടെത്തി. പഠനത്തിൽ അഭിമുഖം നടത്തിയ ദലിത് കുട്ടികളിലും അവരുടെ രക്ഷിതാക്കളിലും ഏകദേശം 30 ശതമാനം പേർ, തങ്ങൾക്ക് കുറഞ്ഞ അളവിൽ ഭക്ഷണം മാത്രമാണ് കിട്ടുന്നതെന്ന് പറഞ്ഞു. മാത്രമല്ല, അവിടെ ഉയർന്ന ജാതിക്കാരായ കുട്ടികൾക്ക് ഭക്ഷണം വിളമ്പാൻ ദലിത് കുട്ടികൾക്ക് അനുവാദമില്ലെന്ന കാര്യവും റിപ്പോർട്ട് ചെയ്യപ്പെട്ടു. 20 ശതമാനം ദലിത് കുട്ടികളും ഈ സ്കൂളിൽനിന്ന് കൊഴിഞ്ഞുപോയതായും, വിവേചനം മൂലം കുട്ടികൾക്ക് സ്കൂളിൽ പോകാൻ താൽപര്യമില്ലെന്നും പഠനത്തിൽ കണ്ടെത്തിയിരുന്നു.

ജാതിമുൻവിധി ഇവിടെ അവസാനിക്കുന്നില്ല. 2022-ൽ, രാജസ്ഥാനിലുണ്ടായ സംഭവം വലിയ വാർത്തയായതാണ്. ജലോറിലെ സുരാന ഗ്രാമത്തിലുള്ള സരസ്വതി വിദ്യാമന്ദിർ എന്ന സ്വകാര്യ സ്‌കൂളിൽ പഠിച്ചിരുന്ന ഒമ്പത് വയസ്സുള്ള ദലിത് ബാലനായിരുന്നു ഇന്ദ്രകുമാർ മേഘ്‌വാൾ. സ്കൂളിൽ ഉയർന്ന ജാതിക്കാർ മാത്രം ഉപയോഗിക്കുന്ന പാത്രത്തിൽനിന്ന് വെള്ളം കുടിച്ചതിന് അധ്യാപകനായ ചൈൽസിംഗ് അവനെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ആ ബാലൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
2015-ൽ, രാജസ്ഥാനിൽ ജോധ്പൂരിലെ ഒരു സർക്കാർ സെക്കൻഡറി ഹൈസ്കൂളിൽ ദലിത് വിദ്യാർത്ഥിക്ക് ക്രൂരമായി മർദ്ദനമേറ്റു. ആ വിദ്യാലയത്തിൽ ഉയർന്ന ജാതിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പാൻ ഉപയോഗിക്കുന്ന പ്ലേറ്റുകളിൽ ഈ കുട്ടി തൊട്ടതിനായിരുന്നു മർദ്ദനം.
ചില സ്കൂളുകളിൽ, ദലിത് കുട്ടികളോട് പ്രത്യേകമായി വീട്ടിൽനിന്ന് സ്വന്തം പ്ലേറ്റുകൾ കൊണ്ടുവരാൻ ആവശ്യപ്പെടുന്നുണ്ട്. ഈ കുട്ടികൾക്ക് അവസാനമാണ് ആഹാരം വിളമ്പുക. ഉയർന്ന ജാതിക്കാരായ കുട്ടികൾ ഉപയോഗിക്കുന്ന ടാപ്പിൽനിന്ന് വെള്ളം കുടിക്കാൻ ദലിത് കുട്ടികൾക്ക് പലയിടത്തും അനുവാദമില്ല. ഉയർന്ന ജാതിക്കാരായ അധ്യാപകരും പാചകക്കാരും ദലിത് കുട്ടികളുടെ പ്ലേറ്റുകളിൽ തൊടാതിരിക്കാൻ, ദൂരെനിന്ന് ഭക്ഷണം എറിഞ്ഞുകൊടുക്കുന്ന സംഭവങ്ങൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2006-ൽ സംയോജിത ശിശു വികസന സേവന പദ്ധതി (ICDS) രാജ്യവ്യാപകമായി നടത്തിയ പഠനം കാണിക്കുന്നത്, നിരവധി ദലിത് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നിഷേധിക്കുന്നതിന് ഭൗതിക 'ഇടം' തടസ്സമായി ഉപയോഗിക്കുന്നുണ്ടെന്നാണ്. ഉദാഹരണത്തിന്, തമിഴ്‌നാട്ടിൽ ദലിതുകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്ര പരിസരത്ത് എല്ലാവർക്കും അവകാശപ്പെട്ട സ്‌കൂൾ ഉച്ചഭക്ഷണം വിളമ്പുന്നതായി ഈ പഠനം കണ്ടെത്തി. 2008-ൽ നാഷണൽ കാമ്പെയിൻ ഓൺ ദലിത് റൈറ്റ്സ് എന്ന സംഘടന, യു.എൻ കമ്മിറ്റി ഓൺ ഇക്കണോമിക് - സോഷ്യൽ - കൾച്ചറൽ റൈറ്റ്സിന് കൈമാറിയ റിപ്പോർട്ടിൽ, കുട്ടികൾക്കുള്ള ഉച്ചഭക്ഷണം സാധാരണ ഉയർന്ന ജാതിക്കാർക്ക് മാത്രം പ്രവേശനമുള്ള ഇടങ്ങളിലാണ് വിളമ്പുന്നതെന്നത് എടുത്തുപറഞ്ഞിരുന്നു. ജാതിസംഘർഷങ്ങളുടെ സമയത്ത്, ഈ ഉയർന്ന ജാതിസമൂഹങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ ദലിത് കുട്ടികൾക്ക് ഭക്ഷണം നിഷേധിച്ചിരുന്നെന്നതും എടുത്തുകാണിച്ചിരുന്നു.

2013-ൽ, പട്ടികജാതി - പട്ടികവർഗ ക്ഷേമത്തിനായുള്ള പാർലമെന്ററി കമ്മിറ്റി, മിഡ്-ഡേ-മീൽ പദ്ധതി പ്രകാരം, തൊട്ടുകൂടായ്മയും ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനവും സംബന്ധിച്ച്, മോശം പ്രകടനം കാഴ്ചവയ്ക്കുന്ന 144 ജില്ലകളെ കണ്ടെത്തി. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം (MHRD) പിന്നീട് ഈ കണ്ടെത്തൽ ശരിവെച്ചു. ഒഡീഷയിലെ 76 സ്കൂളുകളും, ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഒമ്പത് സ്കൂളുകളും MHRD ടാസ്‌ക് ഫോഴ്‌സ് സന്ദർശിച്ചു. എന്നിരുന്നാലും, ഒഡീഷയിലെ ഭൗധ് ജില്ലയിലെ സ്‌കൂളുകളിൽ ഒഴികെ സംസ്ഥാനത്ത് മറ്റൊരു സ്കൂളിലും തൊട്ടുകൂടായ്മ കണ്ടെത്തിയിട്ടില്ലെന്ന് അവർ റിപ്പോർട്ട് ചെയ്തു.
ഈ റിപ്പോർട്ടിനെ പട്ടികജാതി - പട്ടികവർഗ ക്ഷേമത്തിനായുള്ള പാർലമെന്ററി കമ്മിറ്റി തള്ളിക്കളഞ്ഞു. ഇത് കൃത്യമായ വിലയിരുത്തലായിരിക്കില്ലെന്ന് കമ്മിറ്റി അവരുടെ റിപ്പോർട്ടിൽ എടുത്തുപറഞ്ഞു. ഒന്നുകിൽ, വരാനിരിക്കുന്ന പരിശോധനകളെക്കുറിച്ച് ഈ സ്‌കൂളുകൾക്ക് സൂചന ലഭിച്ചിരിക്കാം, അതുവഴി ടാസ്‌ക് ഫോഴ്‌സിന്റെ കണ്ടെത്തലുകൾ വളച്ചൊടിച്ചിരിക്കുന്നുവെന്നും പാർലമെന്ററി കമ്മറ്റി വിമർശനമുന്നയിച്ചു. സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിയിലെ ജാതിവിവേചനം പരിഹരിക്കുന്നതിന്, തൊട്ടുകൂടായ്മ ആചരിക്കുന്നവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും മോണിറ്ററിംഗ് ടീമുകൾ സജീവമാക്കണമെന്നും, ദലിത് ആധിപത്യം പുലർത്തുന്ന സ്‌കൂളുകളിൽ പതിവായി, മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലാത്ത സന്ദർശനങ്ങൾ അധികാരികൾ നടത്തണമെന്നും ഈ കമ്മിറ്റി ശുപാർശ ചെയ്തു. എന്നിരുന്നാലും, അടിയന്തരമായി ആവശ്യമായ ഈ ശുപാർശകളിൽ സർക്കാർ നടപടി എടുത്തതായി സൂചനയില്ല.

ദരിദ്രരിൽ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വിപുലമായി എഴുതിയിട്ടുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പ്ലാനിങ് & അഡ്മിനിസ്റ്റേഷനിലെ (NIEPA-DELHI) ഗവേഷക നിധി സബർവാൾ പറയുന്നത്, തൊട്ടുകൂടായ്മ പരിഹരിക്കുന്നതിന് നിയമപരവും സാമൂഹികവുമായ പരിഹാരങ്ങൾ ആവശ്യമാണ് എന്നാണ്. ഉച്ചഭക്ഷണ പദ്ധതിയെ നിയമപരമായി, ഉയർന്ന ജാതിക്കാരായ വിദ്യാർത്ഥികളും അടുക്കള ജീവനക്കാരും ദലിത് കുട്ടികളും തമ്മിലുള്ള സമ്പർക്ക സ്ഥലങ്ങളെക്കൂടി ഉൾപ്പെടുത്തുക എന്നതാണ്. സ്‌കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട ജാതിവിവേചനങ്ങളെ 1989- ലെ പട്ടികജാതി - പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിൽ ഉൾപ്പെടുത്തി ഭേദഗതി ചെയ്യണമെന്ന് സബർവാൾ പറയുന്നു. ഉദാഹരണത്തിന്, ദലിത് കുട്ടികളെ ഭക്ഷണം വിളമ്പാൻ അനുവദിക്കാതിരിക്കുക, ദലിത് പാചകക്കാരെ നിയമിക്കാതിരിക്കുക, ഭക്ഷണത്തിന്റെ അളവിലും വിളമ്പുന്ന ക്രമത്തിലും വിവേചനം കാണിക്കുക തുടങ്ങിയവ ശിക്ഷാർഹമായ കുറ്റകൃത്യങ്ങളായി നിയമത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അപ്പോൾ ഈ നിയമം പ്രതിരോധ ഫലമുണ്ടാക്കും. ഫലപ്രദമായ സാമൂഹിക ഇടപെടലുകളും അടിസ്ഥാന വിദ്യാഭ്യാസവും ചേർന്ന് നല്ല ഫലങ്ങൾ കൈവരിക്കണമെന്നും സബർവാൾ പറഞ്ഞു വെക്കുന്നു.
ദലിത് ഭൂരിപക്ഷ പ്രദേശങ്ങളിൽ കൂടുതൽ സ്കൂളുകൾ നിർമ്മിക്കുകയും കൂടുതൽ ദലിത് പാചകക്കാരെയും വിളമ്പുന്നവരെയും നിയമിക്കുകയും ചെയ്യുന്നത്, ഉച്ചഭക്ഷണ പരിപാടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു മാർഗമാണ്.
കുട്ടികൾക്കുമേലുള്ള ഇത്തരം ജാതിവിവേചനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അധ്യാപകരെയും സ്‌കൂൾ ജീവനക്കാരെയും ബോധവാന്മാരാക്കേണ്ടത് അത്യാവശ്യമാണ്. പല സന്ദർഭങ്ങളിലും, സ്ഥാപനപരമായ നിശ്ശബ്ദതയും ചില സന്ദർഭങ്ങളിൽ സ്കൂൾ അധികൃതരുടെ സജീവ പങ്കാളിത്തവും ഉച്ചഭക്ഷണപദ്ധതിയിൽ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം തുടരുന്നതിന് കാരണമാണ്. ഇത്തരം വിവേചനം തടയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും പാലിക്കേണ്ടത് അത്യാവശ്യമാണ്. ദലിത് ഭൂരിപക്ഷ പ്രദേശങ്ങളിൽ കൂടുതൽ സ്കൂളുകൾ നിർമ്മിക്കുകയും കൂടുതൽ ദലിത് പാചകക്കാരെയും വിളമ്പുന്നവരെയും നിയമിക്കുകയും ചെയ്യുന്നത് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു മാർഗമാണ്.
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം, സാമ്പത്തിക- സാമൂഹിക- സാംസ്കാരിക അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടികൾ, എല്ലാത്തരം വംശീയ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷൻ (ICERD) തുടങ്ങിയവയിൽ ഇന്ത്യ കക്ഷിയാണ്. വാസ്തവത്തിൽ, ICERD നിരീക്ഷിക്കുന്ന വംശീയവിവേചനം ഇല്ലാതാക്കുന്നതിനുള്ള കൺവെൻഷൻ പ്രഖ്യാപനത്തിന്റെ ആർട്ടിക്കിൾ ഒന്നിൽ ദലിത് അടിച്ചമർത്തലുകൾ ഉൾപ്പെടുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതിയിലെ ജാതീയത നിരോധിക്കുന്നതിലും കുറ്റവാളികളെ ശിക്ഷിക്കുന്നതിലും ഇന്ത്യൻ ഭരണകൂടങ്ങൾ നിരന്തരം പരാജയപ്പെടുന്നത്, ദേശീയ - അന്തർദേശീയ നിയമങ്ങൾ പ്രകാരമുള്ള കടമകളുടെയും പരാജയമാണ്.