പ്രധാനമന്ത്രിക്ക് ഒരു നുഴഞ്ഞുകയറ്റക്കാരന്റെ തുറന്ന കത്ത്

‘‘ഒരു കാര്യം വിനയത്തോടെ പറയട്ടെ. ഇരുപതു കോടിയോളം വരുന്ന ഞങ്ങൾ നിങ്ങളെപ്പേടിച്ച് ഒരു ദിവസം കടലിൽച്ചാടി അപ്രത്യക്ഷരാവാൻ പോകുന്നില്ല. നിങ്ങളുടെ വിഷത്തിനെതിരിൽ ദേശാഭിമാനികളായ മറ്റിന്ത്യക്കാരോടൊപ്പം ചേർന്ന് ഞങ്ങൾ പൊരുതുക തന്നെ ചെയ്യും’’- ഷാജഹാൻ മാടമ്പാട്ട് പ്രധാനമന്ത്രിക്ക് എഴുതുന്ന തുറന്ന കത്ത്.

പ്രിയപ്പെട്ട പ്രധാനമന്ത്രിയ്ക്ക്,

മുസ്ലിമായ ഒരിന്ത്യൻ പൗരനാണ് ഞാൻ. താങ്കൾക്ക് നേരിട്ടെഴുതണമെന്ന് എനിക്ക് തോന്നിയതിന് ഒരു കാരണമേയുള്ളൂ: പൊതുവിൽ താങ്കളുടെ രാഷ്ട്രീയജീവിതത്തിലുടനീളം - വിശേഷിച്ച് കഴിഞ്ഞ കുറെ ദിവസങ്ങളിൽ - ഞങ്ങൾ മുസ്‍ലിംകൾ ഈ രാജ്യത്തിന്റെ ഭാഗമല്ലെന്നോ ഞങ്ങൾക്കിവിടെ ഒരു വിലയുമില്ലെന്നോ ധ്വനിപ്പിക്കുന്ന വിധത്തിലാണ് താങ്കളുടെ പെരുമാറ്റം. ഞങ്ങളെ താങ്കൾ 'നുഴഞ്ഞുകയറ്റക്കാ'രെന്ന് വിളിച്ചപ്പോൾ എനിക്ക് സത്യത്തിൽ തമാശയാണ് തോന്നിയത്. കാരണം പിതാവ് വഴിയും മാതാവ് വഴിയുമുള്ള എന്റെ പിൻതലമുറകളിൽ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ 'നുഴഞ്ഞുകയറിയ' പലരുമുണ്ടായിരുന്നു. എന്റെ വല്ലിപ്പാപ്പ (പിതാമഹന്റെ പിതാവ്) സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ വെല്ലൂർ സെൻട്രൽ ജയിലിൽ 'നുഴഞ്ഞുകയറിയ' ആളായിരുന്നു. എന്റെ കാഴ്ചക്കുറവ് മൂലമാണോ ചരിത്രപരമായ ഉൾക്കാഴ്ചയുടെ കുറവ് മൂലമാണോ എന്നറിയില്ല, നിങ്ങളുടെ രാഷ്ട്രീയ പൂർവ്വികരെ ആരെയും ആ വീരസമരത്തിൽ കണ്ടതേയില്ല. എങ്കിലും അവരെ ഞാൻ കുറ്റപ്പെടുത്തില്ല. അവരുടെ വീക്ഷണത്തിൽ നോക്കുമ്പോൾ 'നുഴഞ്ഞുകയറ്റക്കാരെ' (മുസ്‍ലിം ഭരണകർത്താക്കൾ) അധികാരഭ്രഷ്ടരാക്കുക വഴി ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യക്ക് വലിയ സംഭാവന നല്കുകയല്ലേ ചെയ്തത്? അത് മാത്രമോ; വിഭജിച്ചു ഭരിക്കുകയെന്ന നയം ചാതുര്യത്തോടെ നടപ്പാക്കി എത്ര ദീർഘദൃഷ്ടിയോടെയാണ് സാമ്രാജ്യം ഭാവിയിലെ താങ്കളുടെ ഉയർച്ചക്കും രാജാധികാരത്തിനുമുള്ള വഴിയൊരുക്കിയത്!

ഞാനിവിടെ ഒരു കാര്യം പറഞ്ഞേ പറ്റൂ.
എന്റെ മാതാപിതാക്കൾക്ക് മൂന്ന് കുട്ടികളാണ്. എനിക്കോ ഒരു കുഞ്ഞു മാത്രം. എന്റെ പിതാമഹനും പിതാമഹിയ്ക്കും അഞ്ചു കുട്ടികളുണ്ടായിരുന്നു എന്നുകൂടി പറയുമ്പോൾ എന്റെ കാര്യത്തിൽ കാര്യമായ ഉൽക്കർഷം ഉണ്ടായെന്ന് താങ്കൾ അംഗീകരിക്കുമല്ലോ. അഞ്ചിൽ നിന്ന് മൂന്നിലേക്കും മൂന്നിൽ നിന്ന് ഒന്നിലേക്കും മൂന്ന് തലമുറ കൊണ്ട് ഞങ്ങൾ മാറിയെങ്കിൽ ഏതു മാനദണ്ഡം വച്ച് നോക്കിയാലും ഞങ്ങളുടെ പ്രത്യുല്പാദനശീലങ്ങളിൽ പടിപടിയായ ഇടിവ് വന്നിട്ടുണ്ട്! ഞങ്ങളെ വിശേഷിപ്പിക്കാൻ താങ്കൾ കുറേക്കൂടി അനന്യമായ ഒരു ശകാരപദമുപയോഗിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിൽ താങ്കളുടെ ആളുകൾ എപ്പോഴും ഇഷ്ടപ്പെട്ടുപയോഗിച്ചിരുന്ന മറ്റൊരു പ്രയോഗം താങ്കൾക്കുപയോഗിക്കാമായിരുന്നു: ഞങ്ങളുടെ ജനനേന്ദ്രിയങ്ങളിലെ സവിശേഷമായ സ്വയംകൃതാടയാളത്തെ കുറിക്കുന്ന ആ പദം! താങ്കളത് ചെയ്തിരുന്നുവെങ്കിൽ ഗുണം രണ്ടുണ്ട്. ഒരു ഭാഗത്ത്, എല്ലാ അസ്പഷ്ടതയും അതുമൂലം ഇല്ലാതായേനേ. കൂടാതെ സാദൃശ്യം മൂലമുള്ള കൂട്ടിവായിക്കലുകൾ ഒഴിവാക്കാനും പറ്റിയേനേ! (ഓർമ്മയുണ്ടല്ലോ, താങ്കളുടെ വിമർശകർ താങ്കൾക്കും മറ്റുള്ളവർക്കും എത്ര സഹോദരങ്ങളുണ്ടെന്ന കണക്കുകളൊക്കെ ചൂണ്ടിക്കാണിച്ചത്.)

പ്രധാനമന്ത്രി എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ്, താങ്കളുടെ പേര് വിളിച്ചുകൊണ്ടല്ല, ഞാനീ കത്ത് തുടങ്ങിയത്. അതിന് കാരണമുണ്ട്. വെറുപ്പും അനൈക്യവും മുഖമുദ്രയായ താങ്കളുടെ പ്രത്യയശാസ്ത്രവും മൈത്രിയും സഹവർത്തിത്വവും കാമ്പായ എന്റെയും എന്റെ പൂർവികരുടെയും (ഞാൻ അവരിൽനിന്ന് കേട്ടിടത്തോളവും വ്യക്തിപരമായി ഓർക്കുന്നിടത്തോളവും) ധർമ്മചിന്തയും തമ്മിൽ ആശയവിനിമയം അസാധ്യമാണ്. ഞാനൊരു കാര്യം പ്രയോജനമില്ലെന്നറിഞ്ഞു കൊണ്ടുതന്നെ താങ്കളെ ഓർമ്മിപ്പിക്കട്ടെ?
എന്നെയും എന്നെപ്പോലുള്ളവരെയും പിശാചുവൽക്കരിക്കലും വേട്ടയാടലും അപരവൽക്കരിക്കലും കേന്ദ്രപ്രമേയമായ താങ്കളുടെ പ്രത്യയശാസ്ത്രം എന്തായാലും താങ്കൾ ഞങ്ങളുടെ പ്രധാനമന്ത്രിയാണ്. ഞങ്ങളെ ഇപ്പോഴും ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിന്റെ തുല്യപൗരരായി കണക്കാക്കുന്ന ശോഭയാർന്ന നമ്മുടെ ഭരണഘടനയാണ് താങ്കൾ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് പിന്തുടരേണ്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദി

താങ്കൾക്കിങ്ങനെയൊരു കത്തെഴുതാൻ കാണിച്ച സാഹസികതയെ ദയാപൂർവ്വം കണ്ടാലും! അവരുടെ പേരിന്റെ രണ്ടക്ഷരമോ മൂന്നക്ഷരമോ ഉള്ള ചുരുക്കപ്പേരിലറിയപ്പെടുന്ന പലതരം വേട്ടനായ്ക്കളെ എനിക്കെതിരിൽ അഴിച്ചുവിടാനുള്ള അധികാരവും വാസനയും താങ്കൾക്കുണ്ടെന്ന് എനിക്ക് നന്നായറിയാം. അതങ്ങനെയാവുമ്പോൾത്തന്നെ ഒരുകാര്യം ഞാനുറപ്പു നൽകുന്നു. ഇതെഴുതുമ്പോൾ നാലക്ഷരത്തെറികളൊന്നും എന്റെ ചുണ്ടിൽനിന്ന് പുറത്തുവരുന്നില്ല, എന്റെ ഭാഷയായ മലയാളത്തിലെ പ്രചുരപ്രചാരം സിദ്ധിച്ച ഒരു കവിതാശകലമൊഴികെ: "അവനോട് പറയാത്ത തെറിവാക്ക് കെട്ടിക്കിടന്നെന്റെ നാവു കയ്ക്കുന്നു." മലയാളം കേരളത്തിൽ സംസാരിക്കുന്ന ഭാഷയാണ് - താങ്കൾ മുമ്പ് സോമാലിയയോടുപമിച്ച അതേ കേരളം. അതിനെപ്പറ്റി ആലോചിക്കുമ്പോൾ ഞാൻ രണ്ടുനിലയ്ക്ക് താങ്കളുടെ ശകാരവർഷങ്ങൾക്ക് ഇരയാണ് - ഒരിന്ത്യൻ മുസ്‍ലിം എന്ന നിലയ്ക്കും ഒരിന്ത്യൻ മലയാളി (സോമാലി) എന്ന നിലയ്ക്കും. മുസ്‍ലിം, മലയാളി എന്നീ വാക്കുകൾക്ക് മുമ്പാണ് ഞാൻ ഇന്ത്യൻ എന്ന വാക്കുപയോഗിച്ചതെന്ന് പ്രത്യേകം ശ്രദ്ധിക്കണേ! ഇല്ലെങ്കിൽ താങ്കളുടെ ഭക്തർ എന്റെ മേൽ ചാടിവീണ് അട്ടഹസിക്കും: "നോക്കൂ. അവൻ ആദ്യം മുസ്‍ലിമും മലയാളിയുമാണ്, ഇന്ത്യക്കാരനല്ല. വിചാരിച്ച പോലെത്തന്നെ ദേശദ്രോഹിയും രാഷ്ട്രവഞ്ചകനും!"

സവർക്കറിന്റെയും ഗോൾവാൾക്കറിന്റെയും കാലം മുതൽ തന്നെ എന്നെപ്പോലുള്ളവരുടെ രാജ്യത്തോടുള്ള കൂറ് ചോദ്യം ചെയ്യുന്നത് സംഘപരിവാറിന്റെ പതിവു ശീലമാണ്. ഈ ആരോപണം പച്ചക്കള്ളമാണെങ്കിൽ പോലും ഞങ്ങളൊന്ന് സ്വയം നന്നാക്കി ഞങ്ങളുടെ കൂറളവ്‌ വർദ്ധിപ്പിക്കാൻ ശ്രമിച്ചാലോ, താങ്കൾ പരുഷവാക്കുകളും വഷളൻ ദുസ്സൂചനകളും വഴി അതിന് പാരവയ്ക്കുന്നു. താങ്കൾക്ക് ഞങ്ങളിൽ നിന്ന് എന്താണ് വാസ്തവത്തിൽ വേണ്ടത്? രാജ്യത്തോട് കൂറുള്ള പൗരരായി തുടരുകയും താങ്കളുടെ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുകയും വേണമോ? അതോ ഞങ്ങളൊന്നടങ്കം ദേശദ്രോഹികളാണെന്ന് പ്രഖ്യാപിച്ച് താങ്കളുടെ ആരോപണങ്ങൾക്ക് നീതിമൽക്കരണം സൗകര്യപ്പെടുത്തണമോ? താങ്കളും താങ്കളുടെ സിൽബന്ദികളും ഞങ്ങളെ നിസ്സഹായതയുടെ പടുകുഴിയിലേക്ക് തള്ളുകയും മനഃശാസ്ത്രപരമായ വോട്ടവകാശനിഷേധത്തിന് വിധേയരാക്കുകയും ചെയ്യുമ്പോൾ ഞങ്ങളെന്താണ് ചെയ്യുക? (400 സീറ്റിലധികം കിട്ടിയാൽ മനഃശാസ്ത്രപരമായ നിഷേധം തെരഞ്ഞെടുപ്പിലേക്ക് നേരിട്ട് കൊണ്ടുവരികയും ചെയ്യാം.)

എന്നെക്കുറിച്ച്, എന്റെ മതസ്വത്വത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ചിന്തിക്കാൻ എന്നെ ശീലിപ്പിച്ചതിന് താങ്കൾക്കും സംഘ്പരിവാറിനും ഞാൻ നന്ദി പ്രകാശിപ്പിക്കണം. താങ്കൾ അധികാരത്തിൽ വരുന്നതിന് മുമ്പ് അങ്ങനെയായിരുന്നില്ല സ്ഥിതി. സത്യം പറഞ്ഞാൽ മൂന്നു പതിറ്റാണ്ട് ബഹുസ്വരതക്കായും സകലമാന മതഭ്രാന്തുകൾക്കും യാഥാസ്ഥിതികതകൾക്കുമെതിരായും വികാരതീവ്രതയോടെ വാദിച്ച ഒരു സെക്യുലർ എഴുത്തുകാരനാണ് ഞാൻ. പക്ഷെ കഴിഞ്ഞ പത്തുകൊല്ലം എന്നെയും എന്നെപ്പോലുള്ളവരെയും പഠിപ്പിച്ചത് മറ്റൊന്നാണ്: ഞങ്ങളുടെ വ്യക്തിപരമായ ബോധ്യങ്ങളും ജീവിതചരിത്രവും എന്തായാലും മോദിഭാരതത്തിൽ ഞങ്ങൾ രണ്ടാംകിട പൗരന്മാരും നുഴഞ്ഞുകയറ്റക്കാരും ഹിന്ദുക്കൾക്ക് മാത്രം അവകാശപ്പെട്ട സമ്പത്തും അവസരങ്ങളും തട്ടിയെടുക്കാൻ നടക്കുന്ന കൊള്ളക്കാരുമാണ്.

ഒരു കാര്യം വിനയത്തോടെ പറയട്ടെ. ഇരുപതു കോടിയോളം വരുന്ന ഞങ്ങൾ നിങ്ങളെപ്പേടിച്ച് ഒരു ദിവസം കടലിൽച്ചാടി അപ്രത്യക്ഷരാവാൻ പോകുന്നില്ല. നിങ്ങളുടെ വിഷത്തിനെതിരിൽ ദേശാഭിമാനികളായ മറ്റിന്ത്യക്കാരോടൊപ്പം ചേർന്ന് ഞങ്ങൾ പൊരുതുക തന്നെ ചെയ്യും. നമ്മുടെ ഭരണഘടനയുടെയും നമ്മുടെ മഹത്തായ നാടിന്റെ സഹസ്രാബ്ദങ്ങളുടെ ജീവിതാനുഭവത്തിന്റെയും അമൃത് ആത്യന്തികമായി നിങ്ങളുടെ പാഷാണത്തിനുള്ള ഫലപ്രദമായ വിഷസംഹാരിയാണെന്ന് തെളിയുകതന്നെ ചെയ്യും. ഈ നാട്ടിലെ സിംഹഭാഗം ഹൈന്ദവരും നിങ്ങളുടെ വെറുപ്പിന്റെയും കൗശലപ്പണിയുടെയും കെണിയിൽ വീഴാൻ ഒരിക്കലും തയ്യാറാവില്ല. കാരണം നാട്ടിലോ പുറത്തോ താരതമ്യമില്ലാത്ത ഒരു ഗംഭീരപൈതൃകത്തിന്റെ അനന്തരാവകാശികളാണവർ.

താങ്കൾക്ക് സദ്ബുദ്ധിയുണ്ടാവാൻ പ്രാർത്ഥിക്കുന്നു, പ്രത്യാശിക്കുന്നു.
ആത്മാർത്ഥതയോടെ,
ശ്രീനാരായണഗുരുവിന്റെ നാട്ടുകാരനായ ഒരിന്ത്യൻ മുസ്‍ലിം.

(thewire.in ൽ പ്രസിദ്ധീകരിച്ച ഈ കത്ത് ഷാജഹാൻ മാടമ്പാട്ട് തന്നെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണ്.)

Comments