ചേരമാൻ ജുമാ മസ്ജിദ്‌

ഇസ്‌ലാമിലേക്കുള്ള മതംമാറ്റം: ഭീതിയും വിരോധവും
അവബോധങ്ങളായി മാറുമ്പോൾ

ഇസ്‌ലാമിലേക്കുള്ള മതം മാറ്റത്തെ ലൗ ജിഹാദ് എന്നും തീവ്രവാദത്തിലേക്കുള്ള വഴി എന്നും മുദ്രകുത്തി ഭീതി പരത്തുന്ന സാഹചര്യത്തിൽ മുസ്‌ലിം വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെയും ഇന്ത്യയിലെ, പ്രത്യേകിച്ച്​, കേരളത്തിലെ സാമുദായികതയെ സംബന്ധിച്ച ധാരണകളെയും കുറിച്ച്​ ഒരു വിശകലനം

‘എന്നെ ടി.എൻ. ജോയ് എന്നുവിളിക്കാതെ നജ്മൽ ബാബു എന്നു വിളിച്ചതിന്റെ രാഷ്ട്രീയത്തെ ഞാൻ ബഹുമാനിക്കുന്നു.' - നജ്മൽ ബാബു

തപരമായ സ്വത്വസ്ഥാപനമെന്ന നിലയിലും വ്യക്തികാമന എന്ന നിലയിലും മറ്റനേകം രാഷ്ട്രീയ താൽപര്യങ്ങൾ എന്ന നിലയ്ക്കും മതം മാറ്റം നടക്കാറുണ്ട്. എന്നാൽ ഇസ്‌ലാമിലേക്കുള്ള മതം മാറ്റത്തെ ലൗ ജിഹാദ് എന്നും തീവ്രവാദത്തിലേക്കുള്ള വഴി എന്നും മുദ്രകുത്തി ഭീതി പരത്തുകയെന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോകമെമ്പാടും ബാധിക്കുന്ന മുസ്‌ലിം വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ പ്രത്യേകിച്ചും ഇന്ത്യയിലെ, കേരളത്തിലെ സാമുദായികതയെ സംബന്ധിച്ച ധാരണകളെ പുനർവിചിന്തനം ചെയ്തുകൊണ്ട് മനസ്സിലാക്കേണ്ടതുണ്ട്. എപ്പോഴും സ്വയം വിശദീകരിക്കേണ്ടതും ന്യായീകരിക്കേണ്ടതും കുറ്റസമ്മതം നടത്തേണ്ടതുമായ മുസ്‌ലിം സാമുദായിക സ്വത്വത്തെ കുറിച്ചുള്ള കൂടുതൽ സ്വതന്ത്രമായ അന്വേഷണങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത ഇവിടെയാണ്. നജ്മൽ ബാബുവിന്റെ മുകളിൽ സൂചിപ്പിച്ച വാക്കുകൾ അത്തരം പ്രതിരോധത്തിന്റെ രാഷ്ട്രീയമാകുന്നതും അങ്ങനെയാണ്.

ഇന്ത്യയിൽ ഇസ്‌ലാമിന്റെ ആഗമനവും വളർച്ചയും തികച്ചും സമാധാനപരമായ അന്തരീക്ഷത്തിലായിരുന്നു. മുസ്‌ലിംകളുടെ സഹവർത്തിത്വത്തിലൂന്നിയ പെരുമാറ്റവും അടിമത്തം പേറിയിരുന്ന കീഴാള ജനത ഇസ്‌ലാമിനെ മോചനമാർഗമായി കണ്ടതും വരേണ്യതയെ സധൈര്യം വെല്ലുവിളിച്ചവരോടുള്ള ആരാധനാഭാവമുമൊക്കെ ഇസ്‌ലാമിന്റെ വളർച്ചയെ സഹായിച്ച ഘടകങ്ങളാണ്. എന്നാൽ നവോത്ഥാനം ചർച്ച ചെയ്യപ്പെടുമ്പോൾ കല- സാഹിത്യം - വിജ്ഞാനം - വാസ്തുവിദ്യ - ശിൽപ ചാതുരി തുടങ്ങി സമസ്ത വിജ്ഞാന മേഖലകളിലുമുള്ള ഇസ്‌ലാമിന്റെ സംഭാവനകൾ തിരസ്‌കരിക്കപ്പെടുകയാണുണ്ടായത്.
പ്രബുദ്ധ കേരളത്തിന്റെ ലിബറൽ സെക്യുലർ സാമൂഹ്യ ചരിത്രരചന നടത്തിയവർ പോലും മുസ്‌ലിം നവോത്ഥാനത്തെയും മുസ്‌ലിംകൾ സൃഷ്ടിച്ച നവോത്ഥാനത്തെയും വിശദീകരിക്കാൻ പാടുപെടുകയാണ്. ജാതിവ്യവസ്ഥ, അയിത്തം തുടങ്ങിയ വിവേചനങ്ങൾക്കെതിരെ ശബ്ദിച്ച മുസ്‌ലിം നേതാക്കളെ മുഖ്യധാരയിൽ രേഖപ്പെടുത്തുന്നതിൽ നിന്ന് പിൻവലിയുന്ന ഭീരുത്വമാണ് നവോത്ഥാന ചരിത്രകാരന്മാരിൽ പോലും പ്രകടമായത്. ഹിന്ദുത്വ വരേണ്യ ഉച്ചനീചത്വങ്ങളോട് നിരന്തരം പോരാടിയ മുസ്‌ലിംകളെ കൊളോണിയൽ ചരിത്രകാരന്മാർ ചാർത്തിയ മാപ്പിള ഫനാറ്റിസം (മതഭ്രാന്ത്, ഹാലിളക്കം) തുടങ്ങിയ ഹീനപദങ്ങളുപയോഗിച്ച് വിളിക്കാൻ യാതൊരു വിരക്തിയും അവർ കാണിച്ചതുമില്ല എന്നതാണ് ദൗർഭാഗ്യകരമായ കാര്യം.

അവർണ ജാതിയിൽ പെട്ട ഒരു വ്യക്തി ഇസ്​ലാം മതം സ്വീകരിച്ചാൽ മുസ്​ലിം ജനതയ്ക്ക് ലഭ്യമായിരുന്ന സർവ അവകാശങ്ങളും ആ വ്യക്തിക്കും പ്രാപ്യമായി. ഇവിടുത്തെ ഹിന്ദു രാജാക്കന്മാരും നാടുവാഴികളും അക്കാര്യത്തിൽ തടസവാദങ്ങളൊന്നും സൃഷ്ടിച്ചിരുന്നില്ല.

‘‘തുറകളിൽ ശക്തരാവുകയും സാഹസിക ജീവിതക്രമം സൃഷ്ടിക്കുകയും ചെയ്ത് സ്വത്വരൂപീകരണം നടത്തിയ മാപ്പിള സമുദായം ഉൾനാടുകളിൽ ചെറുകച്ചവടക്കാരും കർഷകരുമായാണ് കുടിയേറിയത്. ആദ്യകാലത്ത് തീരങ്ങളിൽ മാത്രമായി കണ്ട ജീവിത സാന്നിധ്യം അങ്ങനെ ഉൾനാടുകളിലും മലനാടുകളിലുമെത്തിച്ചത് മാപ്പിളമാരാണ്. തുറകളിൽ നിന്നും മാറി കേരളത്തിൽ നഗരങ്ങളും അർധനഗരങ്ങളും രൂപം കൊണ്ടു. വാണിജ്യത്തെ മാത്രം അടിസ്ഥാനമാക്കി ജീവിച്ചിരുന്ന മാപ്പിളമാർ തരിശായിക്കിടന്ന ഭൂമി ബ്രാഹ്‌മണ ജന്മിയിൽ നിന്ന്​ കാണം വാങ്ങിയ നായർ കാണക്കുടിയാന്റെ പാട്ടക്കുടിയാനായി മാറി. മറ്റു കീഴാളർ അവരുടെ കൃഷിഭൂമിയിലെ ജോലിക്കാരുമായി മാറി. അങ്ങനെ രാജ്യത്തിന്റെ റവന്യു വരുമാനം വർധിക്കുകയും കൃഷി വ്യാപകമാവുകയും ചെയ്തു. ചെറുകിട കച്ചവടങ്ങൾ ഉൾനാടുകളിൽ സജീവമായപ്പോൾ കാർഷികോല്പന്നങ്ങളുടെ വാങ്ങൽ- വിൽക്കൽ സാമ്പത്തിക പുരോഗതിക്ക് കാരണമായി. മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, പെരുമ്പാവൂർ, ഈരാറ്റുപേട്ട തുടങ്ങിയ പ്രദേശങ്ങൾ സജീവമായത് അങ്ങനെയായിരുന്നു. കരുവാരക്കുണ്ട്, നിലമ്പൂർ പോലെയുള്ള കാടും മലകളും നിറഞ്ഞ പ്രദേശങ്ങൾ പോലും ജനപദങ്ങളായി മാറി. നാട്ടിൽ നടമാടിയിരുന്ന അനാചാരങ്ങളും മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ഉച്ചനീചത്വവും കുറയാൻ ഈ കുടിയേറ്റം കാരണമായി. അടിസ്ഥാന വർഗ്ഗം മോചനമാർഗ്ഗമെന്ന തരത്തിൽ മതം മാറ്റത്തെ സ്വീകരിക്കുന്നതാണ് കണ്ടത്. സുരക്ഷയും സമഭാവനയും അവരെ അതിന് പ്രേരിപ്പിച്ചു .’’ (കേരള നവോത്ഥാനവും മുസ്​ലിംകുളം - സി.അബ്ദുൾ ഹമീദ്).

ചാതുർവർണ്യ വ്യവസ്ഥയിലധിഷ്ഠിതമായ സാമൂഹിക ചുറ്റുപാടിൽ കേരളത്തിലെ അവർണ ജാതി വിഭാഗങ്ങളുടെ നില സ്വതവേ പരുങ്ങലിലായിരുന്നു. അതുകൊണ്ടു തന്നെ മാനവ സാഹോദര്യ സന്ദേശവുമായി എത്തിയ ഇസ്​ലാമിന്റെ പ്രവർത്തനങ്ങൾ ആളുകൾ പ്രതീക്ഷയോടെ കണ്ടു. അവർണ ജാതിയിൽ പെട്ട ഒരു വ്യക്തി ഇസ്​ലാം മതം സ്വീകരിച്ചാൽ മുസ്​ലിം ജനതയ്ക്ക് ലഭ്യമായിരുന്ന സർവ അവകാശങ്ങളും ആ വ്യക്തിക്കും പ്രാപ്യമായി. ഇവിടുത്തെ ഹിന്ദു രാജാക്കന്മാരും നാടുവാഴികളും അക്കാര്യത്തിൽ തടസവാദങ്ങളൊന്നും സൃഷ്ടിച്ചിരുന്നില്ല. വ്യാപാരക്കുത്തക മുസ്​ലിം ജനതയുടെ കൈവശമായിരുന്നതു കൊണ്ടു തന്നെ ഹിന്ദുക്കൾക്ക് മുസ്​ലിം സമുദായത്തോട് ബഹുമാനമുണ്ടായിരുന്നു. ഏതെങ്കിലും ഹിന്ദു ഇസ്​ലാം സ്വീകരിച്ചാൽ തന്നെയും അയാൾക്ക് യാതൊരു പ്രഹരവും മറ്റു ഹിന്ദുക്കളിൽ നിന്ന്​ ഏൽക്കേണ്ടി വന്നിരുന്നില്ല. ആദ്യ കാലത്ത് മുസ്​ലിം വ്യാപാരികൾ പുതുവിശ്വാസികൾക്കുപകരിക്കത്തക്ക നിലയിൽ ഒരു ഫണ്ട് രൂപീകരിച്ചിരുന്നു. ഇതും ഇസ്​ലാം മത സ്വീകരണത്തിന് അന്നത്തെ ജനതയെ പ്രേരിപ്പിച്ചു.

കേരളത്തിലെ പഴയ കാല മുസ്‌ലിം കുടുംബം ( 1914 ) / Photo : keralaculture.org

റോളണ്ട് മില്ലറുടെ മാപ്പിള മുസ്​ലിംകൾ (പരിഭാഷ: തോമസ് കാർത്തികപുരം) എന്ന ഗ്രന്ഥത്തിൽ 1871 - 81 കാലഘട്ടത്തിലെ ഇസ്​ലാം മത പരിവർത്തനത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്: ‘‘ഈ കാലയളവിൽ ഏതാണ്ട് 50,000 പേർ മുസ്​ലിം സമുദായത്തിൽ ചേർന്നുവെന്ന് സെൻസസ് വിവരങ്ങൾ കാണിക്കുന്നു. ഇതിൽ ഏറ്റവും വലിയ വിഭാഗം ചെറുമരായിരുന്നു. പൊതുജനസംഖ്യ 5.71 ശതമാനം ഉയർന്നപ്പോൾ ചെറുമരുടെ ജനസംഖ്യ 34.63 ശതമാനം കുറഞ്ഞു. തുടർന്നു വന്ന ദശകങ്ങളിൽ ഏറ്റവും താണ സാമൂഹിക വിഭാഗങ്ങളുടെ ജനസംഖ്യ കുറയുന്നത് തുടർന്നു. ഉയർന്ന ജാതിയിൽ പെട്ട ഹിന്ദുക്കൾ അപൂർവമായി മാത്രമേ സ്വമേധയാ ഇസ്​ലാമിൽ ചേർന്നുള്ളൂവെങ്കിലും മുക്കുവർ ഇസ്​ലാമിലേക്ക് തുടർന്നും ആകർഷിക്കപ്പെട്ടു. പക്ഷേ, പ്രതീക്ഷിച്ച പോലെ അവർ മുഴുവനും ഇസ്​ലാമിൽ ചേർന്നില്ല. കീഴ് ജാതിക്കാരായ മറ്റു ഹിന്ദുക്കളിലും ഇതിന്റെ സ്വാധീനമുണ്ടായിരുന്നു. 1882 ൽ നടന്ന ക്രിസ്ത്യൻ മിഷന്റെ ഒരു സമ്മേളനത്തിൽ മാപ്പിളമാർ അതിവേഗം, വിശേഷിച്ചും ഹിന്ദു സമുദായത്തിലെ താണ വിഭാഗങ്ങളിൽ നിന്ന്, വളർന്നു വരുകയാണെന്നും പടിഞ്ഞാറൻ തീരദേശത്തെ താണവംശക്കാർ മുഴുവനും ഏതാനും വർഷങ്ങൾക്കുള്ളിൽ മുഹമ്മദീയരാകുമെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ പ്രവചനം യാഥാത്ഥ്യമായില്ലെങ്കിലും 1871-1911 വരെയുള്ള 40 വർഷത്തിൽ മാപ്പിള ജനസംഖ്യ 63.9 ശതമാനം കണ്ട് വളർന്നു. ഹിന്ദുക്കളുടേത് 22.6 ശതമാനം മാത്രമായിരുന്നു.'’

മതപരിഷ്‌കരണത്തിനപ്പുറം മാനവിക ധാരയിൽ കേരളീയ സമൂഹത്തെ ചേർത്തുനിർത്തിക്കൊണ്ട് മുന്നേറിയ ഇസ്​ലാമിന്റെ നവോത്ഥാന മുന്നേറ്റങ്ങളിലും ആത്മീയ തലത്തിൽ ഇസ്​ലാം പുലർത്തിയ സത്യസന്ധതയിലും ആകൃഷ്ടരായും ഇസ്​ലാം മതം സ്വീകരിച്ചവർ നിരവധിയാണ്.

അടിമ വിഭാഗങ്ങൾക്കിടയിൽ നിന്നാണ് അക്കാലത്ത് ഏറ്റവും മതപരിവർത്തനം നടന്നിട്ടുള്ളതെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും എന്ന ഗ്രന്ഥത്തിൽ പി.കെ. ബാലകൃഷ്ണൻ Social Revoution in a Kerala village (Dr. A.Ayyappan) എന്ന പുസ്തകത്തിലെ ചില വരികൾ ചേർത്തിട്ടുണ്ട്. അതിങ്ങനെയാണ്: ‘‘ജാതി സമൂഹത്തിന്റെ മനോവ്യാധി സ്വയം കൈപ്പറ്റിയ വിജാതീയ വിഭാഗമാണ് ഒരു ചരിത്ര സാന്നിദ്ധ്യമായി കേരളത്തിൽ നാം കണ്ടു തുടങ്ങുന്ന മുസ്​ലിം ജനത. മേൽജാതിയിൽ നിന്ന്​ മതം മാറി വന്നതാണെങ്കിൽ അക്കാര്യം വീമ്പോടെ പറയുകയും താഴ്​ന്ന ജാതിയായിരുന്നെങ്കിൽ അത് പറയുന്നത് അവമതിക്കലായി കയർക്കുകയും ചെയ്യുന്ന പതിവ് കൈവിടാത്തവരാണെങ്കിലും ഇവിടത്തെ സമ്പത്തിന്റെ അസ്തിവാരം വിസ്താരപ്പെടുത്തുന്നതിൽ, അറബികളുടെ മതത്തിലും രക്തത്തിലും പങ്കുപറ്റിയ മുസ്​ലിം വിഭാഗം സാരമായ പങ്കുവഹിക്കുകയുണ്ടായി.’’
സവർണർ മതം മാറുമ്പോഴും ആത്മബോധത്തിൽ പറ്റിച്ചേർന്നിരിക്കുന്ന സവർണതയിൽ നിന്നൊരു പരിണാമം അവർക്ക് സാധ്യമാകാറില്ല എന്നൊരു ധ്വനി ഈ വരികളിലുണ്ട്. അത് ഒരു പരിധി വരെ വാസ്തവമാണെന്ന് പ്രായോഗിക തലത്തിൽ നിന്ന്​ ചിന്തിച്ചാൽ നമുക്ക് മനസിലാവും. ‘‘അറബികളുടെ രക്തത്തിലും മതത്തിലും പങ്കുപറ്റിയ’’ എന്ന പ്രയോഗത്തിൽ ഇസ്​ലാമിനോടുള്ള പരിഹാസം ധ്വനിക്കുന്നതായും കാണാം.

എ.ഡി. ഒമ്പതാം നൂറ്റാണ്ടിൽ കേരളത്തിൽ മുസ്‌ലിം വ്യാപാരികൾ വന്നതിനെ കുറിച്ച് രേഖപ്പെടുത്തിയ തരിസാപള്ളി ചെപ്പേടുകൾ (നസ്രാണി ക്രൈസ്തവരുടേയും കേരളത്തിന്റെയും ചരിത്രത്തിലെ സുപ്രധാനരേഖകളായ ലിഖിതങ്ങൾ)

ഒരു രക്ഷാമാർഗ്ഗം എന്ന നിലയിൽ മാത്രം ഇസ്​ലാമിനെ ജനങ്ങൾ ആശ്ലേഷിച്ചു എന്നു കരുതാനാവില്ല. മറിച്ച്, മതപരിഷ്‌കരണത്തിനപ്പുറം മാനവിക ധാരയിൽ കേരളീയ സമൂഹത്തെ ചേർത്തുനിർത്തിക്കൊണ്ട് മുന്നേറിയ ഇസ്​ലാമിന്റെ നവോത്ഥാന മുന്നേറ്റങ്ങളിലും ആത്മീയ തലത്തിൽ ഇസ്​ലാം പുലർത്തിയ സത്യസന്ധതയിലും ആകൃഷ്ടരായും ഇസ്​ലാം മതം സ്വീകരിച്ചവർ നിരവധിയാണ്. മതംമാറ്റവും കാമനയും എന്ന പേരിൽ ബി.എസ്. ബാബുരാജ് എഴുതിയ ലേഖനത്തിൽ (അപ്രകാശിതം) ഇങ്ങനെ പറയുന്നു: ‘‘സാമുദായികമായ ഉച്ഛനീചത്വങ്ങളും പദവിയും മതംമാറ്റത്തിന്റെ പ്രധാന കാരണമായിരിക്കുമ്പോൾ തന്നെ മതംമാറ്റത്തിൽ വ്യക്തിനിഷ്ഠ കാമനകൾ വഹിച്ചിരുന്ന പങ്ക് നിഷേധിക്കപ്പെടുകയാണ് പതിവ്. ആ സ്ഥാനത്ത് മതംമാറ്റത്തെ സാമ്പത്തികവും ദേശവിരുദ്ധവുമായ താൽപര്യങ്ങളോട് കൂട്ടിക്കെട്ടും. സാമൂഹിക ധ്രുവീകരണം ലക്ഷ്യം വച്ചുള്ളവയാണ് ഇത്തരം ആഖ്യാനങ്ങൾ. ഇസ്​ലാമിലേക്കുള്ള മതംമാറ്റത്തെ സംബന്ധിച്ച്​ സംസ്ഥാന ആഭ്യന്തരവകുപ്പ് തയ്യാറാക്കിയ പഠനവും ഇത്തരം ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. ലൗജിഹാദ് എന്ന ആരോപണത്തെ തള്ളിക്കളയുന്നുണ്ടെങ്കിലും മതംമാറ്റത്തിന്റെ കാരണങ്ങളായി ആഭ്യന്തര വകുപ്പ് കണ്ടെത്തുന്നവ ആക്ഷേപാർഹമാണ്.പഠനമനുസരിച്ച് 2011 മുതൽ 2016 വരെ 7299 പേർ കേരളത്തിൽ ഇസ്​ലാം മതം സ്വീകരിച്ചു. വർഷം 1216 പേർ. മലബാറിൽ 568. തുടർന്ന്​, മതംമാറിയവരുടെ സാമൂഹ്യ- രാഷ്ട്രീയ പശ്ചാത്തലത്തിന്റെ വിപുലമായ കണക്കാണ്. രസകരമായി തോന്നിയത്, മതം മാറാൻ പറഞ്ഞ കാരണങ്ങളാണ്. അതിങ്ങനെ: പ്രണയം മൂലം മതംമാറിയവർ 61 ശതമാനം. കുടുംബത്തകർച്ച- 12, ദാരിദ്ര്യം- 8, മാനസികബുദ്ധിമുട്ട്​- 7, പദവിക്കായി- 6, സാമൂഹ്യമാധ്യമങ്ങളിലൂടെ- 2 ശതമാനം വീതം പേരാണ് മതം മാറിയത്. എന്തെങ്കിലും കുഴപ്പങ്ങൾ മൂലമാണ് ആളുകൾ മതം മാറുന്നതെന്നാണ് ഈ കണക്കുകൾ പറയുന്നത്. മാത്രമല്ല ഇസ്​ലാമിലേക്ക് മതം മാറിയവരുടെ മാത്രം കണക്കവതരിപ്പിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചന നൽകിയും ദുരൂഹത സൃഷ്ടിച്ചിരിക്കുന്നു.'’
പഠനത്തെ വർഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമമാണ് ഇതിലൂടെ സർക്കാർ നടപ്പിലാക്കിയിട്ടുള്ളതെന്ന് ബി.എസ്. ബാബുരാജ് പറയുന്നു.
കേരള ചരിത്രത്തിലെ മതംമാറ്റ കഥകളെടുത്തു നോക്കിയാൽ മതം ഒരു അനുഭൂതിയും ജീവചര്യയുമായി കരുതി ഇസ്​ലാമായവരെയും ഹിന്ദുവായവരെയും ക്രിസ്ത്യാനിയായവരെയുമെല്ലാം കാണാം. പെരുമാൾ മുതൽ നജ്ബാബുവിലൂടെ ആ ശ്രേണി തുടരുന്നു.

പെരുമാളുടെ മതം മാറ്റവും മക്കയ്ക്കു പോകലും രാജ്യ വിഭജന മെല്ലാം ഒരു കെട്ടുകഥയാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

പെരുമാളുടെ മതം മാറ്റം

ചേരമാൻ പെരുമാളുടെ മതപരിവർത്തനത്തെ സംബന്ധിച്ച് നിരവധി ചർച്ചകൾ നടന്നിട്ടുണ്ട്. പെരുമാളുടെ മതം മാറ്റവും മക്കയ്ക്കു പോകലും രാജ്യ വിഭജന മെല്ലാം ഒരു കെട്ടുകഥയാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

തൃശ്ശൂർ ഭാരതവിലാസം പ്രസിൽ അച്ചടിച്ച കേരളോൽപ്പത്തിയിൽ, പത്‌നിയുടെ ആരോപണം വിശ്വസിച്ച്​ പടമലനായരെ വധശിക്ഷയ്ക്കു വിധിച്ചതിനെ തുടർന്നുണ്ടായ പ്രായശ്ചിത്തത്തിന്റെ പേരിൽ മതപരിവർത്തനം ചെയ്ത ചേരമാൻ പെരുമാളിന്റെ കഥ വിവരിക്കുന്നുണ്ട്. രാജ്ഞി മന്ത്രിയെ രഹസ്യ വേഴ്ചയ്ക്കു ക്ഷണിച്ചു. വഴിപ്പെടാതിരുന്നപ്പോൾ രാജാവിനോട് സൈന്യാധിപർ തന്നെ ബലാൽക്കാരം ചെയ്യാൻ മുതിർന്നതായി പറഞ്ഞു വിശ്വസിപ്പിച്ചു. പടമലനായർ അത്ഭുതാവഹമാംവണ്ണം രക്ഷപ്പെട്ടു. ഒരു മേഘശകലം പടമലനായരെ പൊക്കിയെടുത്തുയർന്നു എന്നാണൈതിഹ്യം. പശ്ചാത്താപവിവശനായ രാജാവിനെ നോക്കി പടമലനായർ ഇങ്ങനെ ഉപദേശിച്ചുവത്രേ: ‘‘വടക്ക് അശുവിങ്കൽ മുതിരപ്പുറത്ത് വേദ ആപിയാര് എന്നൊരു ജോനകനുണ്ട്. അവിടെ ചെന്നു കണ്ടാൽ നാലാം വേദ മുറപ്പിച്ച് ഓലമാറി കപ്പൽ വെപ്പിച്ചു ഓട്ടഴകത്തിന്മേൽ വന്നു തിരുവഞ്ചി മുഖത്തണയും . അവിടെ നിന്നു കുംഭ മാസത്തിൽ പതിനാറ് നിലാവ് നേർവെളിപെട്ട ഒന്നിച്ചു പ്രകാശിക്കുമ്പോൾ പാതിപകുത്ത് ഭൂമിയിലിറങ്ങി അതിനൊത്ത് ഒരു പുളപ്പായി ഉദിച്ചു കാണും. അന്തിയായിക്കാണും. അവിടെ നാലാംവേദ മുറപ്പിച്ച് ഒക്കത്തക്ക അശുവിനു പൊക്കൊണ്ടാൽ പാതി മോക്ഷം കിട്ടും’ എന്നു പറഞ്ഞു പടമലനായര് സ്വർഗ്ഗം പുക്കതിന്റെ ശേഷം പെരുമാൾ അശുവിനു പോകയും ചെയ്തു’’ (കേരളോൽപ്പത്തി) എന്നു കാണുന്നു.

അറേബ്യയിലെ മക്കയിൽ ഒരു കറുത്ത വാവിൻനാൾ രാത്രി പൂർണചന്ദ്രൻ ഉദിച്ചതായി ചേരമാൻ പെരുമാൾ സ്വപ്നം കണ്ടു എന്ന് മലബാർ മാന്വലിന്റെ കർത്താവായ വില്യം ലോഗൻ ഉദ്ധരിക്കുന്നു. പെരുമാൾ സിലോണിൽ നിന്ന്​മടങ്ങുകയായിരുന്ന ഒരു മുസ്​ലിം സംഘത്തെ കാണാനിടയായി എന്നും അവരുടെ നേതാവ് ശൈഖ് ശിഹാബുദ്ദീൻ സ്വപ്നം വ്യാഖ്യാനിച്ചു കൊടുത്ത് അദ്ദേഹത്തെ മുസ്​ലിം മത വിശ്വാസിയാക്കി എന്നും വില്യം ലോഗൻ മുതൽ പലരും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇങ്ങനെ പെരുമാളിന്റെ മതപരിവർത്തനകഥയ്ക്ക് പ്രധാനമായും രണ്ടു ഭാഷ്യങ്ങളാണുള്ളത്. ഒന്ന് പ്രായശ്ചിത്തത്തിന്റേതാണെങ്കിൽ മറ്റൊന്ന് സ്വപ്നവ്യാഖ്യാനത്തിന്റേതാണ്. മതംമാറ്റം ഒരു വ്യക്തിയുടെ ന്യായബോധത്തിൽ നിന്നും ധൈഷണികതയിൽ നിന്നും കാമനകളിൽ നിന്നുമുണ്ടാകുന്ന തീരുമാനമാണ്. പെരുമാളിന്റെ മതം മാറ്റത്തെ സംബന്ധിച്ച വ്യാഖ്യാനങ്ങളെല്ലാം അതു തന്നെയാണ് പറയുന്നത്.

പെരുമാളുടെ മതം മാറ്റം ക്രി. 822-ലായിരുന്നുവെന്ന് തുഹ്ഫത്തുൽ മുജാഹിദീനിൽ പറയുന്നു. എന്നാൽ അത് 12-ാം നൂറ്റാണ്ടിലാവാമെന്നും ഏഴാം നൂറ്റാണ്ടിലോ ഒമ്പതാം നൂറ്റാണ്ടിലോ ആവില്ലെന്നുമാണ് എം.ജി.എസ് നാരായണന്റെ പക്ഷം. പെരുമാൾ രാജ്യം പകുത്തു നൽകിയിട്ടുണ്ടെങ്കിൽ അത് 1102-നു മുമ്പല്ലെന്നാണ് മറ്റൊരു പക്ഷം. (ഇളംകുളം കുഞ്ഞൻപിള്ള - ചേര സാമ്രാജ്യം, ഒമ്പതും പത്തും നൂറ്റാണ്ടുകളിൽ) കോഴിക്കോട്ടെ ബ്രിട്ടീഷ് കലക്ടർ ഇന്നസ് സൂചിപ്പിക്കുന്നതു പോലെ, മുഹമ്മദീയനായി മതം മാറിയ പെരുമാൾ വാഴ്ച ഒഴിഞ്ഞതോടെ അവസാനിച്ച ഒരു രാജവംശം കൊടുങ്ങല്ലൂർ ഭരിച്ചിരുന്നുവെന്നും അത് മിക്കവാറും ഒമ്പതാം നൂറ്റാണ്ടിലാണെന്നുമാണ് മറ്റൊരു അഭിപ്രായം (താരാചന്ദ് : ഇൻഫ്‌ളുവൻസ് ഓഫ് ഇസ്​ലാം ഓൺ ഇന്ത്യൻ കൾച്ചർ ) .
‘അതെന്തായാലും ക്രി. 216 മുതൽ 825 വരെയുള്ള പെരുമാക്കന്മാരുടെ പേരുവിവരപ്പട്ടിക കാണിച്ച്, മുഹമ്മദ് നബിയുടെ കാലത്ത് പെരുമാൾ പോയിരിക്കാനിടയില്ലെന്നു വാദിക്കാനാവില്ലെന്നു തീർച്ച' (പ്രാചീന കേരളം - ശൂരനാട് കുഞ്ഞൻപിള്ള ).

കച്ചവടാവശ്യാർഥം വന്ന അറബികൾ നേരത്തെ തീരപ്രദേശങ്ങളിൽ ഉണ്ടായിരുന്നതു കൊണ്ടാണ് വിദേശികളായ മതപ്രചാരകർക്ക് ഇത്ര വ്യാപകമായ ജനപിന്തുണ ലഭിച്ചതെന്ന് അനുമാനിക്കുന്നു

പെരുമാക്കന്മാരുടെ വംശ ചരിത്രം ഇന്നും അജ്ഞാതമാണ്. 200-ൽ പരം ശിലാലിഖിതങ്ങൾ പരിശോധിച്ച സുന്ദർരാജും പ്രൊഫ. കിൽഹോണും ചേരമാൻ പെരുമാളുടെ കാലഗണനയ്ക്കുതകുന്നതൊന്നും കണ്ടു കിട്ടിയിട്ടില്ലെന്ന് എപ്പിഗ്രാഫിയാ ഇൻഡിക്കാ (വാ. നാല് ) യിൽ എഴുതിയിട്ടുണ്ട്.
‘‘പെരുമാളുടെ മക്കാ യാത്രക്കുശേഷമാണ് മാലികുബ്‌നു ദീനാറിന്റെ നേതൃത്വത്തിൽ 44 പേരടങ്ങുന്ന സംഘം ധർമടത്ത് കപ്പലിറങ്ങിയത്. അവരിൽ 20 പേരെങ്കിലും ഖുർആൻ മനഃപാഠമാക്കിയവരായിരുന്നു. ധർമടത്തെ ഭരണാധികാരി അതിഥികളെ സ്വാഗതം ചെയ്തു. ആരാധനയ്ക്കും മതപ്രചാരണത്തിനുമുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിക്കൊടുത്തു.’’ (നോ: മാലിക് ഇബ്‌നു ദിനാർ ).

ഇസ്​ലാം മതം രൂഢമൂലമാക്കിയ സൽസ്വഭാവമാകുന്ന സുഗന്ധച്ചെടിയുടെ പരിമളം അന്യ സമുദായക്കാർക്കും രാജാക്കന്മർക്കും ആകർഷമായിത്തോന്നിയതു കൊണ്ട് ആദ്യം മലയാളത്തിൽ വന്ന ചെറുസംഘം മുഖേന മുസ്​ലിംകൾക്ക് ഉത്തരോത്തരം അഭിവൃദ്ധി ഉണ്ടായി എന്നാണ് തുഹ്ഫതുൽ മുജാഹിദീനിൽ കാണുന്ന വിവരണം.
മാലികുബ്‌നു ദീനാറിനോടൊപ്പം പെരുമാളുടെ മരുമകൻ കോഹിനൂർ രാജകുമാരനുമുണ്ടായിരുന്നു എന്ന് രിഹ്​ളതുൽ മുലൂകിൽ കാണുന്നു. തിരുവിതാംകൂർ റാണിയുടെ മകൻ കോഹിനൂർ രാജകുമാരനാണ് പെരുമാളെ അനുഗമിച്ചിരുന്നതെന്നും അതല്ല, ധർമടത്തെ ശ്രീദേവിയുടെ മകൻ മഹാബലിയാണ് പോയിരുന്നതെന്നും രണ്ടഭി പ്രായമുണ്ട്. മഹാബലിയാണ് മുഹമ്മദ് അലിയായ ശേഷം അറയ്ക്കൽ രാജവംശ സ്ഥാപകനായിത്തീർന്നത് എന്നാണ് അനുമാനം.
ചാലിയത്തുകാരായ ഹാജി മുസ്താമുദ്ക്കാദ്, ഹാജി നീലി നഷാദ്, അഹമദ് ഖ്വാജ, ഹാജി സാദിബാദ്, ഹസൻ ഖ്വാജ എന്നിവരും മാലികുബ്‌നു ദീനാറിന്റെ സംഘത്തിലുണ്ടായിരുന്നു. ധർമടത്തുനിന്ന് അവർ കൊടുങ്ങല്ലൂരിലേക്ക് പോയി. അവിടുത്തെ ഭരണാധികാരി മുസ്ലിംകൾക്ക് മതപ്രചാരണത്തിനുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു.

കാസർകോട്ടെ മാലിക് ദിനാർ മസ്ജിദ്‌

മംഗലാപുരം മുതൽ കാവിൽപട്ടണം വരെയുള്ള പ്രദേശങ്ങളിൽ മാലികുബ്‌നു ദീനാറിന്റെയും അനുയായികളുടെയും പ്രവർത്തനഫലമായി ഇസ്​ലാം വ്യാപിച്ചതായി അനുമാനിക്കുന്നു. കച്ചവടാവശ്യാർഥം വന്ന അറബികൾ നേരത്തെ തീരപ്രദേശങ്ങളിൽ ഉണ്ടായിരുന്നതു കൊണ്ടാണ് വിദേശികളായ മതപ്രചാരകർക്ക് ഇത്ര വ്യാപകമായ ജനപിന്തുണ ലഭിച്ചതെന്ന് അനുമാനിക്കുന്നു. അറബികളും പേർഷ്യക്കാരുമായ കച്ചവടക്കാർ പടിഞ്ഞാറൻ തീരങ്ങളിൽ നാട്ടുകാരായ സ്ത്രീകളെ വിവാഹം ചെയ്തു പാർപ്പിക്കുകയായിരുന്നുവെന്ന് ഡോ. താരാചന്ദ്, ഇൻഫ്‌ളുവൻസ് ഓഫ് ഇസ്​ലാം ഓൺ ഇന്ത്യൻ കൾച്ചറിൽ സമർഥിച്ചിട്ടുണ്ട്. അറബികളുടെ സാന്നിധ്യം നാട്ടുകാർക്കും നാടുവാഴികൾക്കും മാടമ്പിമാർക്കും ഒരുപോലെ ആവശ്യമായിരുന്നു. അറബികളുടെ ശിക്ഷണത്തിൽ നാവിക സേന സജ്ജമാക്കുന്നതിന്, ഓരോ മുക്കുവ കുടുംബത്തിൽ നിന്നും ഒന്നോ രണ്ടോ പേർ മുസ്​ലിമാകണമെന്ന് സാമൂതിരി നിർദ്ദേശിച്ചിരുന്നതായി കൾച്ചറൽ സിമ്പിയോസിസ് പോലുള്ള ഗവേഷണ ഗ്രന്ഥങ്ങളിൽ എടുത്തു പറയുന്നുണ്ട് : ‘‘പടിഞ്ഞാറൻ കോർഡോവ മുതൽ കിഴക്കൻ ഏഷ്യയിലെ മലാക്ക വരെയുള്ള മുസ്​ലിം ശക്തികളുടെ ശ്യംഖലയിലെ ഒരു സജീവ കണ്ണിയായിരുന്നു അക്കാലത്ത് സാമൂതിരി.'’
രാജകുടുംബത്തിൽ നിന്നുപോലും മതപരിവർത്തനം നടക്കുന്നതിന് ഈ സൗഹൃദം വഴി വെച്ചു. മതം മാറിയവർക്ക് അയിത്തമോ ഭ്രഷ്ടോ ഇല്ലാതെ ജീവിക്കാനുള്ള സ്വാതന്ത്യം ഇസ്​ലാം ഉയർത്തിക്കാണിച്ചതായും സ്വാഭാവികമായും മേൽജാതിക്കാരിൽ നിന്നും കീഴ് ജാതിക്കാരിൽ നിന്നും മതപരിവർത്തനം ഉണ്ടാകാൻ ഇത് കാരണമായെന്നും ഇസ്​ലാമിക വിജ്ഞാന കോശത്തിൽ പറയുന്നു. ‘കോട്ടക്കലോമന കുഞ്ഞാലിക്ക് തിയ്യരും നായരും ഒന്നു പോലെ ' എന്ന നാടൻ പാട്ടിന്റെ വരികളിൽ ഇസ്​ലാം ഉയർത്തിയ സാഹോദര്യത്തിന്റെ സന്ദേശമാണ് പ്രതിധ്വനിക്കുന്നത്.

ഇസ്​ലാം - ക്രിസ്ത്യൻ മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവർ ദേശവിരുദ്ധരും തിന്ന ചോറിനു നന്ദിയില്ലാത്തവരുമാണെന്ന് ഗോൾവാൾക്കർ അഭിപ്രായപ്പെടുന്നു.

മുഖ്യധാരാ ചരിത്രം എഴുതുന്ന സവർണ വഴികളെ സ്വാധീനിക്കുന്ന ഘടങ്ങൾ സാമ്പത്തികം, സാംസ്‌കാരികം, സാമൂഹികം, രാഷ്ട്രീയം എന്നിവയാണ്. ഇവയുടെ സ്വാധീനത്തിൽ എഴുതപ്പെട്ട ചരിത്രം ചില വിടവുകൾ അവശേഷിപ്പിച്ചു കൊണ്ടാണ് എഴുതപ്പെട്ടത്. ആ വിടവുകൾ തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കഥകൾ ചരിത്രം എന്ന വ്യാജേന എഴുതി ചേർക്കാനും വ്യാഖ്യാനിക്കാനും മുഖ്യധാരാ ചരിത്ര വ്യവഹാരങ്ങൾക്ക് ഇടം നൽകുന്നവയായിരുന്നു. ചേരമാൻ പെരുമാളുടെ മതംമാറ്റത്തെ നിർബന്ധിത മതപരിവർത്തനമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളെയും ഹൈന്ദവ സവർണതാ പൂർവ്വ കാല ഇടപെടലുകളുടെ തുടർച്ചയായി കാണാവുന്നതാണ്.

ഹിന്ദുത്വ ദേശീയതയുടെ പ്രാദേശിക ഇടപെടലും നജ്മൽ ബാബുവിന്റെ മതപരിവർത്തനവും

ഹിന്ദുത്വ ദേശീയതയുടെ ആശയം അടിസ്ഥാനപരമായി ഏകാധിപത്യവും തുല്യതയെ എതിർക്കുന്നതുമാണ്. അതിന്റെ തത്ത്വശാസ്ത്രം തികച്ചും മനുഷ്യത്വഹീനമാണ്. മേധാവിത്തപരവും സാമ്രാജ്യത്വത്തെ അനുകൂലിക്കുന്നതുമാണ് അതിന്റെ ലോകവീക്ഷണം. ഷംസുൽ ഇസ്​ലാമിന്റെ ഇന്ത്യൻ ദേശീയതയുടെ മതമാനങ്ങൾ (പരിഭാഷ- എ.എൻ. സത്യദാസ്) എന്ന ഗ്രന്ഥത്തിൽ ആർ.എസ്.എസ് ആചാര്യനായ ഗോൾവാൾക്കറുടെ Bunch of Thoughts എന്ന ഗ്രന്ഥത്തിലെ ലെ ചില ഭാഗങ്ങൾ രേഖപ്പെടുത്തുന്നുണ്ട്: ‘‘അവർ ഈ ദേശത്ത് പിറന്നവരാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാലവർക്ക് തിന്ന ഉപ്പിനോട് നന്ദിയുണ്ടോ? അവരെ വളർത്തി വലുതാക്കിയ ഈ ദേശത്തോട് നന്ദിയുണ്ടോ? ഈ ദേശത്തിന്റെയും പാരമ്പര്യങ്ങളുടെയും സന്തതികളാണെന്നും അതിനെ സേവിക്കുന്നത് മഹാഭാഗ്യമാണെന്നും അവർക്ക് തോന്നുന്നുണ്ടോ? രാഷ്ട്രത്തിനു വേണ്ടിയുള്ള സ്‌നേഹബോധവും അർപ്പണബോധവും ഇല്ലാതായി. കൂടാതെ, ഈ ദേശത്തിന്റെ ശത്രുക്കളുമായി അനന്യത പ്രാപിക്കാനുള്ള വാഞ്ച്ഛയും അവരിലുണ്ടായി. തങ്ങളുടെ വിശുദ്ധ ഇടങ്ങളെന്ന നിലയിൽ ചില അന്യദേശങ്ങളിലേക്കവർ നോക്കുന്നു.’’

നജ്മൽ ബാബു

ഇസ്​ലാം - ക്രിസ്ത്യൻ മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവർ ദേശവിരുദ്ധരും തിന്ന ചോറിനു നന്ദിയില്ലാത്തവരുമാണെന്ന് ഗോൾവാൾക്കർ അഭിപ്രായപ്പെടുന്നു. മുസ്​ലിംകൾക്കും ക്രിസ്ത്യാനികൾക്കും നേരെയുള്ള ഹിന്ദു രാഷ്ട്രത്തിന്റെ വൈരാഗ്യ മനോഭാവവും ഈ അഭിപ്രായത്തിൽ പ്രകടമാണ്. ഈ ഫാസിസ്റ്റ് ആശയങ്ങളുടെ പിന്തുടർച്ചക്കാരായ ഇന്ത്യൻ മോദി ഭരണകൂടത്തിന്റെ അക്രമാസക്തവും വംശീയവുമായ അജണ്ടകളുടെ ഭാഗമായി പൗരത്വം വരെ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലേക്ക് മുസ്​ലിം ജനത എത്തിനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഭൂരിപക്ഷ വർഗീയത പറയുമ്പോഴെല്ലാം ന്യൂനപക്ഷ വർഗീയതയും പറയണമെന്ന് ശഠിക്കുകയും ന്യൂനപക്ഷം ചെയ്യുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനാണ് തങ്ങൾക്ക് അക്രമങ്ങൾ ചെയ്യേണ്ടി വരുന്നതെന്ന് ലോകത്തെങ്ങുമുള്ള ഫാസിസ്റ്റുകളെ പോലെ ഇന്ത്യയിലെ സംഘപരിവാറും സ്ഥാപിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയുമാണ്. കേരളത്തിലെ ബി.ജെ പി യുടെ വേരോട്ടത്തെ ചെറുത്തു നിൽക്കാൻ പ്രാദേശിക കക്ഷികൾ ശ്രമിക്കുമ്പോൾ സംഘപരിവാറിന്റെ ന്യൂനപക്ഷ വർഗീയതാ വാദത്തെ ഏറ്റുപിടിച്ച് പ്രചരിപ്പിക്കുകയാണ് ഇവിടുത്തെ മുഖ്യധാരാ ഇടതു നേതൃത്വം.
ഈ കീഴടങ്ങൽ രാഷ്ട്രീയത്തിന്റെ പ്രതിധ്വനികൾ പ്രാദേശിക ഇടങ്ങളിലേക്കും വ്യാപിക്കുന്നു. അതിന്റെ പ്രതിഫലനങ്ങൾ ഇസ്​ലാം സമുദായത്തെ മൊത്തത്തിൽ വർഗീയവാദികളാക്കുന്നതും സംഘ പരിവാറിന് ഗുണം ചെയ്യുന്നതുമാണ്. ഇത്തരം ഹിന്ദുത്വ ഫാസിസത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായും അതിലുപരി ആത്മീയ അന്വേഷണത്തിലേക്കുള്ള കാൽവെയ്പായും ഇസ്​ലാം മതാശ്ലേഷണം നടത്തിയ വ്യക്തിയാണ് കൊടുങ്ങല്ലൂരുകാരനായ നജ്മൽ ബാബു.

നജ്മൽബാബുവിന്റെ അഭാവത്തിൽ അദ്ദേഹത്തെ ടി.എൻ. ജോയി ആയി അവരോധിക്കാനുള്ള കഠിന ശ്രമങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങളും അദ്ദേഹത്തിന്റെ ഇടതു ലിബറൽ സുഹൃത്തുക്കളും നടത്തിയത്.

ഇസ്​ലാം മതം സ്വീകരിച്ച കാലത്ത് പ്രബോധനം മാസികയിൽ വന്ന അഭിമുഖത്തിൽ ഇസ്​ലാം മതപരിവർത്തനത്തിലേക്ക് തന്നെ നയിച്ച കാര്യങ്ങളെ കുറിച്ച് നജ്മൽ ബാബു പറയുന്നതിങ്ങനെയാണ്: ‘‘എന്റെ നല്ല സുഹൃത്തുക്കളിൽ കൂടുതലും മുസ്​ലിംകളാണ്. വിശുദ്ധ ജീവിതത്തിനു വേണ്ടിയും സാമൂഹിക പ്രവർത്തനത്തിനു വേണ്ടിയും ഇസ്​ലാം അവരെ പ്രചോദിപ്പിക്കുന്നത് ഞാൻ കാണുന്നു. മറ്റൊരു മതസ്ഥനും മതത്തിന്റെ പ്രചോദനം കൊണ്ട് ഇതൊന്നും ചെയ്യുന്നില്ല. മതബാഹ്യമായ കാരണങ്ങളാലാണ് അവർ സാമൂഹ്യ പ്രവർത്തകരാകുന്നത്. കൊടുങ്ങല്ലൂരിന്റെ സാംസ്‌കാരിക പശ്ചാത്തലവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. നല്ല മതവിശ്വാസിയായിരിക്കെ ജനനായകത്വം പിടിച്ചു വാങ്ങിയ മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് എന്നെ വിസ്മയിപ്പിച്ച വീര പുരുഷനാണ്. ഞാൻ ഏറ്റവും കൂടുതൽ കയറിയ ആരാധനാലയമാണ് ചേരമാൻ പള്ളി. ഭാവിയിലെ കൊടുങ്ങല്ലൂരിന്റെ ഫാസിസ്റ്റ് വിരുദ്ധതയുടെ പ്രതീകമായി എന്റെ കുഴിമാടം ചേരമാൻ പള്ളിപ്പറമ്പിൽ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ നാടിന്റെ മതനിരപേക്ഷതയും ജനാധിപത്യവും നിലനിർത്തുന്നതിന് തലമുറകൾക്കുള്ള ഒരാഹ്വാനമായി എന്റെ ഇസ്​ലാം മത സ്വീകരണത്തെ കാണണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.'’

തന്റെ ജീവിതം തന്നെ ഫാസിസത്തിനെതിരായ പ്രതിരോധത്തിനായി സമർപ്പിച്ച വ്യക്തിയാണ് നജ്മൽ ബാബു. ‘നജ്മൽ ബാബു' എന്ന പേരിനോടും ആ പേരുമാറ്റത്തിന്റെ രാഷ്ട്രീയത്തോടുമുള്ള അസഹിഷ്ണുത അദ്ദേഹത്തിന്റെ മരണാനന്തരവും നിലനിൽക്കുന്നതായി മനസ്സിലാക്കാം. നജ്മൽ ബാബുവിന്റെ മരണം നടന്നതിനു പിറ്റേന്ന് മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്തയിൽ ‘നജ്മൽ' എന്ന പേരിനെ ബോധപൂർവ്വം തിരസ്‌കരിച്ച ‘ടി.എൻ. ജോയ്' എന്ന് ആവർത്തിച്ചു പയോഗിച്ചിരിക്കുന്നതായി കാണാം. മാത്രമല്ല ആ വാർത്തയിലൊന്നും അദ്ദേഹത്തിന്റെ മതപരിവർത്തനത്തെ സംബന്ധിച്ച യാതൊരു സൂചനകളും നൽകിയിരുന്നുമില്ല. നജ്മൽബാബുവിന്റെ അഭാവത്തിൽ അദ്ദേഹത്തെ ടി.എൻ. ജോയി ആയി അവരോധിക്കാനുള്ള കഠിന ശ്രമങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങളും അദ്ദേഹത്തിന്റെ ഇടതു ലിബറൽ സുഹൃത്തുക്കളും നടത്തിയത്.
നജ്മൽ ബാബുവിന്റെ ഓർമദിനത്തിൽ അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തും കവിയുമായ സച്ചിദാനന്ദൻ എഴുതിയ കവിത (നീ, പിന്നിൽ - ടി.എൻ. ജോയിക്ക്) മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീരിക്കുകയുണ്ടായി. ആ കവിതയിലെ ചില വരികൾ:മതമേതുമാകട്ടെ പീഡിതരുടെ തെന്റെ ഹിത, മെന്നുറപ്പിക്കാൻ പേർ മാറ്റും ദുഖജ്ഞനായ്, അവർ നിൻ ജഡത്തിനാ- യൊടുവിൽ കലഹിക്കെ - ഇരുകൂട്ടർക്കും വാരി - യെടുക്കാൻ മലർക്കുന്നായ്'

നജ്മൽ ബാബുവിന്റെ മതംമാറ്റം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹത്തിന്റെ മൃതദേഹത്തിന്​ ഹിന്ദുവും മുസ്​ലിമും പിടിവലി നടത്തുകയായിരുന്നെന്നും സ്ഥാപിക്കാനുള്ള കവിയുടെ ശ്രമം ഈ വരികളിൽ പ്രകടമാണ്. ‘പീഡിതനായിക്കൊണ്ടേ പീഡിത വിഭാഗങ്ങളെ മനസ്സിലാക്കാനാവൂ എന്ന തന്റെ കമ്യൂണിസ്റ്റ് തത്വമാണ് നജ്മൽ ബാബു എന്ന പേരിലുള്ള ജോയിയുടെ മതം മാറ്റം' എന്ന് സച്ചിദാനന്ദൻ നജ്മൽ ബാബുവിനെ കുറിച്ചെഴുതിയ ഒരു ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാരനായ നജ്മൽ ബാബുവിന് ഒരിക്കലും ഒരു മതവിശ്വാസിയാകാൻ സാധിക്കില്ല എന്ന് സമർത്ഥിച്ച്​ ഇടതു യുക്തിവാദികളായ നജ്മലിന്റെ സുഹൃത്തുക്കൾ അദ്ദേഹത്തിലെ ഇസ്​ലാമിനോടുള്ള വിയോജിപ്പ് പ്രകടമാക്കി. നജ്മൽ ബാബുവിന്റെ ഖബറടക്കത്തെ ചൊല്ലിയുണ്ടായ വാഗ്വാദങ്ങളിലും ഇവർ മൗനമവലംബിച്ച്​ ഹൈന്ദവ താല്പര്യങ്ങളെ സംരക്ഷിക്കുകയാണ് ചെയ്തതെന്ന് നജ്മൽ ബാബുവിന്റെ രാഷ്ട്രീയ തീരുമാനമായ ചേരമാൻ മസ്ജിദിലെ ഖബറിടത്തിനു വേണ്ടി നിലയുറപ്പിച്ചവരിൽ പലരും അഭിപ്രായപ്പെടുന്നു. (ചരിത്രം ചോദിക്കും നജ്മൽ ബാബുവിന്റെ ഖബറെവിടെ എന്ന പുസ്തകത്തിൽ പ്രശാന്ത് സുബ്രഹ്‌മണ്യൻ, ബി.എസ്. ബാബുരാജ്, പി.എ. കുട്ടപ്പൻ, പി. അംബിക, എം. ലുഖ്മാൻ സഖാഫി, ഡോ. അതിര ചെമ്പകശ്ശേരി മഠത്തിൽ, പി.എ. സ്വാദിഖ് ഫൈസി താനൂർ, കെ.ടി ഹാഫിസ്, കെ.എ. നുഐമാൻ, എൻ.എം. സിദ്ദിഖ് തുടങ്ങിയവരുടെ ലേഖനങ്ങളിൽ പൊതുവായി ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു). മുസ്​ലിമായി ജീവിക്കാനും മരിക്കാനും ആഗ്രഹിച്ച ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ മരണാനന്തരവും ‘ടി.എൻ. ജോയ്' എന്ന് മാത്രം സംബോധന ചെയ്യാനാണ് ഇടതുപക്ഷ മതേതര വാദികളെല്ലാം താല്പര്യപ്പെടുന്നത്.

മതസംഗമ ഭൂമികയെന്ന്​ വിശേഷിപ്പിക്കുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണ് നജ്മൽ ബാബുവിനോട് ചെയ്ത അതേ അനീതിയാണ് അതിനു മുമ്പ്​ സൈമൺ മാസ്റ്റർ മുഹമ്മദ് ഹാജിയായപ്പോഴും ചെയ്തത്.

മതങ്ങളോടുള്ള കമ്യൂണിസത്തിന്റെ വിരോധത്തെ കുറിച്ച് നജ്മൽ ബാബു പറഞ്ഞ വാക്കുകളാണിത്: ‘‘മതവിശ്വാസങ്ങൾ വർഗീയമാണെന്നത് കമ്യൂണിസത്തിന്റെ ഒരു സഹജമായ നിലപാടാണ്. സ്വന്തം മതവിശ്വാസങ്ങളെ എതിർത്തുകൊണ്ടാണ് ഒരാൾ കമ്യൂണിസ്റ്റാവുന്നത്. ബാബരി മസ്ജിദ് പ്രശ്‌നം ഒരു മതത്തിന്റെ കാര്യമായാണ് ആദ്യം പരിഗണിക്കപ്പെട്ടത്. ഫാസിസം ഒരു പ്രത്യേക മതത്തെ ടാർഗറ്റ് ചെയ്യുകയും ആക്രമിക്കുകയും ചെയ്യുമ്പോൾ ഈ സിദ്ധാന്തങ്ങൾ പറയുന്നത് അനുബോധമില്ലായ്മയാണ്.’’
നാടിന്റെ മതനിരപേക്ഷതയും ജനാധിപത്യവും നിലനിർത്തുന്നതിനു വേണ്ടിയുള്ള തലമുറകൾക്കുള്ള ഒരാഹ്വാനമായി തന്റെ ഇസ്​ലാം മതസ്വീകരണത്തെ കാണണമെന്നും, ഭാവിയിലെ കൊടുങ്ങല്ലൂരിന്റെ ഫാസിസ്റ്റ വിരുദ്ധതയുടെ പ്രതീകമായി തന്റെ കുഴിമാടം ചേരമാൻ പള്ളിപ്പറമ്പിൽ ഉണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിച്ചു.
നജ്മൽ ബാബുവിന്റെ ഇസ്​ലാം മതപ്രവേശത്തെ രാഷ്ട്രീയ പ്രയോഗമായി മാത്രം കാണുന്നവർക്കും തനിക്കെതിരെ നിലനിൽക്കുന്ന വിവാദ പരാമർശങ്ങൾക്കും നജ്മൽ ബാബു മറുപടി നൽകുന്നത് ഇങ്ങനെയാണ്: ‘‘എന്റെ ബാക്കിയുള്ള ശരീരവും അതിന്റെ പിന്നിലെ സർവ്വ ഊർജവും ഫാസിസത്തിനെതിരായ പ്രതിരോധത്തിനായി സമർപ്പിക്കുകയാണ്. ചേർമാൻ പള്ളിയിൽ ഖബറടക്കുക എന്നഭ്യർത്ഥിച്ചപ്പോൾ ഞാൻ എന്റെ ശരീരത്തെ അതിനു വേണ്ടി സമർപ്പിക്കുകയായിരുന്നു. മുസ്​ലിം സമൂഹത്തിന്റെ ഭാഗമായപ്പോൾ ഞാൻ എന്റെ ആത്മാവിനെയും ശേഷിക്കുന്ന ജീവിതത്തെയും സമർപ്പിക്കുകയാണ് ചെയ്തത്. ‘പബ്ലിസിറ്റിക്ക് വേണ്ടി പലതും ചെയ്യുന്നവനാണ്, അതിലൊന്നാണ് മതം മാറ്റമെന്ന ഈ പുതിയ വേഷം കെട്ടൽ' എന്നത് മുതൽ ഫാസിസ്റ്റ് പക്ഷത്തു നിന്നുള്ള തെറിവിളികൾ വരെയുള്ള വിമർശനങ്ങൾ നടത്തുന്നവരോട് പറയാനുള്ളത് ഇത്രമാത്രമാണ്: കാരുണ്യവാനായ ദൈവത്തിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. പരലോക വിശ്വാസിയായ ഞാൻ പ്രശാന്തത അനുഭവിക്കുകയാണ്. അല്ലാഹു ഹൃദയത്തിലേക്കാണ് നോക്കുക. അതിനാൽ നിലപാടുകളിൽ ഒത്തുതീർപ്പില്ലാതിരിക്കാൻ ശ്രമിക്കുന്ന എനിക്ക് അവന്റെ കാരുണ്യം ലഭിക്കും.’’

തങ്ങൾക്കിഷ്ടപ്പെടാത്ത ജനവിഭാഗങ്ങളുടെ ഭക്ഷണം, ഭാഷ, വസ്ത്രം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ തുടങ്ങിയവയെല്ലാം പ്രാകൃതവും അപരിഷ്‌കൃതവുമാണെന്ന് വരുത്തിത്തീർക്കലാണ് വംശീയ വാദികളുടെ ഒരു പ്രവർത്തന രീതി.

ഇസ്​ലാമിലേക്കുള്ള തന്റെ ആത്മീയാശ്ലേഷണത്തെ ഇതിൽ കൂടുതൽ വ്യക്തതയോടെ ഒരു വ്യക്തിക്ക് എങ്ങനെ പറയാൻ സാധിക്കുമെന്ന ചോദ്യങ്ങളെയും ന്യായങ്ങളെയും വസ്തുതകളെയും കാറ്റിൽപ്പറത്തി യുക്തിവാദത്തിന്റെ ഹൈന്ദവ വർത്തമാനങ്ങൾ അതിനു മുകളിൽ ചിതയൊരുക്കി.
നജ്മൽ ബാബു സുലൈമാൻ മൗലവിയ്ക്കയച്ച കത്തിൽ ഇങ്ങനെ എഴുതുന്നു: ‘‘ഞാൻ മരിക്കുമ്പോൾ എന്നെ ചേരമാൻ പള്ളിയുടെ വളപ്പിൽ സംസ്‌കരിക്കാൻ കഴിയുമോ? നോക്കൂ ! മൗലവീ, ജനനം തിരഞ്ഞെടുക്കുവാൻ നമുക്ക് അവസരം ലഭിക്കുന്നില്ല. മരണവും മരണാനന്തരവും നമ്മുടെ ഇഷ്ടത്തിനു നടക്കുന്നതല്ലേ ശരി ?’’
ഒരു വ്യക്തി താൻ ജീവിച്ചിരിക്കേ തന്റെ മരണാനന്തര ചടങ്ങ് എങ്ങനെയാകണമെന്ന് രേഖാമൂലം വെളിപ്പെടുത്തിയിട്ടും ആ സത്യത്തിന്റെ മുകളിൽ ചവിട്ടി വിശ്വാസ അവിശ്വാസ ന്യായീകരങ്ങൾ നടത്തിയ സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ പ്രമുഖരാണ് ആ വ്യക്തിയുടെ ശരീരത്തിന് മരണശേഷവുമുള്ള അയാളുടെ അവകാശത്തെ നിഷേധിച്ചത് എന്നുപറയാം. നജ്മൽ ബാബുവിന്റെ മയ്യിത്ത് ചേരമാൻ പള്ളിയിൽ ഖബറടക്കാതെ വീട്ടുവളപ്പിൽ ദഹിപ്പിച്ച്​ അദ്ദേഹത്തിന്റെ മരണാന്തര രാഷ്ട്രീയത്തിന് അവർ വിലക്കേർപ്പെടുത്തുകയാണ് ചെയ്തതെന്ന് പറയേണ്ടിയിരിക്കുന്നു.
‘‘ഹിന്ദുത്വക്കുപ്പായത്തിൽ കയറി വരുന്ന ഫാസിസം ഇഷ്ടമില്ലാത്ത എന്തിനെയും ശത്രുവാക്കും, ആക്രമിക്കും. കമ്യൂണിസവും ഗാന്ധിസവും വരെ അവരുടെ ശത്രുക്കളാണ്. ആഗോള സാമ്രാജ്യത്വം ലോകത്തിന്റെ നിയമമാക്കിത്തീർത്ത ഇസ്​ലാമോഫോബിയയുടെയും, ഇന്ത്യൻ ഹിന്ദുത്വ ഫാസിസത്തിന്റെ മുസ്​ലിം അപരവത്കരണത്തിന്റെയും കാലത്ത് മതങ്ങളെല്ലാം ശത്രുക്കളാണെന്ന് കരുതുന്നത് ചരിത്രപരമായ വങ്കത്തമാണ്’’ എന്ന് അഭിപ്രായപ്പെട്ട നജ്മൽ ബാബുവിന്റെ യുക്തിയോടാണ് ഹിന്ദുത്വ യുക്തിവാദികൾ നിരന്തരം കലഹിച്ചത്.
മുൻ നക്‌സലൈറ്റും അടിയന്തരാസ്ഥാ തടവുകാരനും ഫാസിസത്തിനും വംശീയതയ്ക്കുമെതിരെ നിരന്തരം പോരാടിയ വിപ്ലവകാരിയുമായ നജ്മൽ ബാബു എന്നും പ്രശ്‌നമനുഭവിക്കുന്നവർക്കൊപ്പമാണ് നിലകൊണ്ടത്.
കേവലം ഉപരിപ്ലവമായ പുരോഗമനവിപ്ലവ രാഷ്ട്രീയത്തിൽ നിന്നുമുള്ള മോചനം എന്ന നിലയിൽ ടി.എൻ. ജോയിയിൽ നിന്ന്​ നജ്മൽ ബാബു ആയി മാറാനും അതിലൂടെ തന്റെ വിശ്വാസത്തെയും രാഷ്ട്രീയത്തെയും ഉയർത്തിപ്പിടിക്കാനും ശ്രമിച്ച ഒരു വ്യക്തിയെ ഇന്നും ‘ടി.എൻ. ജോയ്' എന്ന പേരിൽ ഓർമപ്പെരുന്നാൾ ആചരിച്ച്​ ഒരു കൂട്ടം പേർ ആദരിക്കുന്നു. നജ്മൽ ബാബുവിന്റെ മതപരിവർത്തനത്തെ കേവലം രാഷ്ട്രീയ തീരുമാനമായി മാത്രം ചിത്രീകരിച്ച് അദ്ദേഹത്തിന്റെ ഇസ്​ലാമിക വിശ്വാസത്തെ റദ്ദ് ചെയ്യാൻ ശ്രമിക്കുന്നവർ നടത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ആശയങ്ങളുമായി ഇതിനെ കൂടിച്ചേർത്ത് വായിക്കാവുന്നതാണ്.

സാംസ്‌കാരിക ബുദ്ധിജീവികളെന്ന് കണക്കാക്കുന്നവർ പോലും ഇസ്​ലാം മതത്തെ ഏത് കണ്ണിലൂടെയാണ് നോക്കിക്കാണുന്നതെന്ന് മനസ്സിലാക്കിത്തരുന്നതാണ് വി. പ്രഭാകരന്റെ കുറിപ്പുകൾ.

മുഹമ്മദ് ഹാജി ( സൈമൺ മാസ്റ്റർ)

മതസംഗമ ഭൂമികയെന്ന്​ വിശേഷിപ്പിക്കുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണ് നജ്മൽ ബാബുവിനോട് ചെയ്ത അതേ അനീതിയാണ് അതിനു മുമ്പ്​ സൈമൺ മാസ്റ്റർ മുഹമ്മദ് ഹാജിയായപ്പോഴും ചെയ്തത്. കൊടുങ്ങല്ലൂർ കാര സ്വദേശിയായ ഇ.സി. സൈമൺ മാസ്റ്റർ ഇസ്​ലാം മതം സ്വീകരിക്കുന്നത് 2000 ആഗസ്റ്റ് 18 നാണ്. മത പരിവർത്തനത്തിന്റെ പേരിൽ ജീവതത്തിൽ അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നില്ലെങ്കിലും മരണാനന്തരം മൃതശരീരത്തിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാകുമോ എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നിരിക്കാം, അതുകൊണ്ടാകാം ഇസ്​ലാം മതം സ്വീകരിച്ചശേഷം അദ്ദേഹം ഇസ്​ലാമിക രീതിയിൽ തന്നെ ഖബറടക്കണമെന്ന് രേഖാമൂലം വസിയത്ത് തയ്യാറാക്കി കാതിയാളം മഹല്ലിന് ഏൽപ്പിച്ചത്. അതിൽ സാക്ഷികളായി ഒപ്പുവെച്ചത് അദ്ദേഹത്തിന്റെ മക്കളാണ്. എന്നാൽ അദ്ദേഹത്തിന്റെ മരണാനന്തരം മൃതദേഹം പഠനത്തിന്​ മെഡിക്കൽ കോളേജിന് വിട്ടു നൽകുകയാണ് ചെയ്തത്. ഇതിലെ അനീതിയെ ആരും ചോദ്യം ചെയ്തില്ല. യാതൊരു തരത്തിലുള്ള ചർച്ചകളുമുണ്ടായില്ല. ‘ലാഹി ലാഹാ ഇല്ലല്ലാഹ ചൊല്ലി നിന്റെ തിരുനാമം വാഴ്ത്തി മരിക്കാനുള്ള ഭാഗ്യം എനിക്കു തരേണമേ പടച്ചതമ്പുരാനേ .... ' എന്ന മുഹമ്മദ് ഹാജിയുടെ പ്രാർത്ഥനയും വിശ്വാസവും സ്വന്തം ശരീരത്തിനു മേലുള്ള നിർണയാവകാശവും അദ്ദേഹത്തിന്റെ മരണാനന്തരം റദ്ദു ചെയ്യപ്പെട്ടു.

മുഹമ്മദ് ഹാജി ( സൈമൺ മാസ്റ്റർ )

ഈ നീതി നിഷേധത്തെ ശക്തമായി ചോദ്യം ചെയ്ത വ്യക്തിയായിരുന്നു നജ്മൽബാബു. മുഹമ്മദ് ഹാജിക്കുണ്ടായ അവസ്ഥ തനിക്കും സംഭവിക്കുമോ എന്ന് അദ്ദേത്തിന് ആശങ്കയുണ്ടായിരുന്നു. നജ്മൽ ബാബു ആശങ്കപ്പെട്ടതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ഒരു പത്രസമ്മേളനത്തിൽ ‘ഹിന്ദുത്വത്തിന്റെ കപട മുഖമാണ് യുക്തിവാദം' എന്ന് നജ്മൽ ബാബു പറയുകയുണ്ടായി. നജ്മൽ ബാബുവിന്റെയും മുഹമ്മദ് ഹാജിയുടെയും മരണത്തിലൂടെ അത് സ്ഥിരീകരിക്കപ്പെടുകയായാണുണ്ടായത്. ഇങ്ങനെ ഇസ്​ലാമിലേക്കുള്ള മതം മാറ്റവും മരണവും മരണാനന്തര ശുശ്രൂഷകളും പരസ്പരം കെട്ടു പിണഞ്ഞു കിടക്കുന്നു.

അംബേദ്കറൈറ്റ് മുസ്​ലിം - ശംസുദ്ദീൻ

കേരളത്തിലെ ദളിത് - ബഹുജൻ - പിന്നാക്ക- ന്യൂനപക്ഷ രാഷ്ട്രീയ വീക്ഷണത്തിലൂടെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ വി. പ്രഭാകരൻ 2003 ലാണ് ഇസ്​ലാം സ്വീകരിച്ച് ശംസുദ്ദീൻ എന്ന പേര് സ്വീകരിക്കുന്നത്. തന്റെ ഇസ്​ലാം മത സ്വീകരണത്തെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെയാണ്:
‘ഡോ. ബാബാ സാഹെബ് അംബേദ്കർ തെളിച്ച പാതയിലൂടെ, അഥവാ ബ്രാഹ്‌മണിസത്തിനെതിരായ പോരാട്ടങ്ങളിലൂടെ ഇസ്​ലാമിന്റെ വിമോചന ലോകത്തേക്ക് ഞാൻ സ്വാഭാവികമായി നടന്നെത്തുകയായിരുന്നു.'
ആയില്യത്ത് കുറ്റ്യേത്ത് ഗോപാലൻ നമ്പ്യാർ എന്ന എ.കെ.ജിയുടെ മാതൃസഹോദരിയുടെ ചെറുമകൻ വി.പ്രഭാകരൻ, ശംസുദ്ദീൻ ആയി മാറിയതിനു പിന്നിലുള്ള രാഷ്ട്രീയ മനസ്സിലാക്കലുകളെ അംബേദ്കറൈറ്റ് മുസ്​ലിം: ജീവിതം പോരാട്ടം എന്ന തന്റെ ഓർമക്കുറിപ്പ് സമാഹാരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്: ‘2003 അവസാനത്തിലാണ് ഞാൻ ഔദ്യോഗികമായി ഇസ്​ലാം സ്വീകരിക്കുന്നത്. മാനസികമായി വളരെ നേരത്തെത്തന്നെ ഞാൻ ഇസ്​ലാമിന്റെ വഴിയിലായിരുന്നു. എന്റെ സഹപാഠികളിലും സുഹൃത്തുക്കളിലും പെട്ട ഒരുപാട് പേർ മുസ്​ലിംകളായിരുന്നു. അവരുടെ വീടുകളിലും മറ്റും ഞാൻ നിത്യസന്ദർശകനായിരുന്നു. കുടുംബ ബന്ധങ്ങളിലെ ഊഷ്മളത വേണ്ട വിധം അനുഭവിക്കാത്തതിനാലാവാം മുസ്​ലിം കുടുംബങ്ങളിലെ പരസ്പര സ്‌നേഹവും അടുപ്പവും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. മുഹമ്മദലി സാഹിബാണ് എനിക്ക് ശഹാദത്ത് കലിമ ചൊല്ലിത്തന്നത്. ‘അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ഒരു ദൈവമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു). സൂര്യന്റെ പര്യായപദമാണ് പ്രഭാകരൻ. സൂര്യന് അറബിയിൽ ശംസ് എന്നാണ് പറയുക. ദീനിന്റെ സൂര്യൻ എന്നർത്ഥം വരുന്ന ശംസുദ്ദീൻ എന്ന പേരാണ് അദ്ദേഹം മുസ്​ലിമായ എനിക്കായി നൽകിയത്.'’

ഭീകരവാദത്തിന്റെ അടയാളങ്ങൾ അറബിപേരും തൊപ്പിയും താടിയും നിസ്‌ക്കാര ത്തഴമ്പുമെല്ലാമാണെന്ന ബോധം വ്യാപകമായി അഴിച്ചു വിടാൻ മത്സരിക്കുന്ന വലിയൊരു വിഭാഗം സംഘങ്ങളാണ് ജനതയുടെ നിയന്ത്രണാധികാരം ഏറ്റെടുത്തിരിക്കുന്നത്.

ബാല്യത്തിൽ തന്നെ യുക്തിവാദിയായിത്തീർന്ന ശംസുദ്ദീന് ഇസ്​ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനമായ സ്രഷ്ടാവ് എന്ന ആശയത്തോട് യോജിക്കാൻ പ്രയാസമായിരുന്നുവെന്നും പിന്നീട് സ്രഷ്ടാവ് എന്ന സങ്കല്പത്തിൽ കാതലായ മാറ്റo സംഭവിക്കുകയാണുണ്ടായതെന്നും വിശദീകരിക്കുന്നുണ്ട്. സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരുൾപ്പടെ പല സുഹൃത്തുക്കളും ഇസ്​ലാമത പരിവർത്തനത്തോടെ തന്നോടുള്ള സ്‌നേഹബന്ധം തന്നെ വിച്ഛേദിച്ചതായി അദ്ദേഹം തന്റെ ഓർമക്കുറിപ്പിൽ രേഖപ്പെടുത്തുന്നുണ്ട്. സാംസ്‌കാരിക ബുദ്ധിജീവികളെന്ന് കണക്കാക്കുന്നവർ പോലും ഇസ്​ലാം മതത്തെ ഏത് കണ്ണിലൂടെയാണ് നോക്കിക്കാണുന്നതെന്ന് മനസ്സിലാക്കിത്തരുന്നതാണ് അദ്ദേഹത്തിന്റെ കുറിപ്പുകൾ.

പേരുകളിലേക്കുള്ള എത്തി നോട്ടങ്ങളും
ലൗ ജിഹാദ് ഭീതിയും

തങ്ങൾക്കിഷ്ടപ്പെടാത്ത ജനവിഭാഗങ്ങളുടെ ഭക്ഷണം, ഭാഷ, വസ്ത്രം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ തുടങ്ങിയവയെല്ലാം പ്രാകൃതവും അപരിഷ്‌കൃതവുമാണെന്ന് വരുത്തിത്തീർക്കലാണ് വംശീയ വാദികളുടെ ഒരു പ്രവർത്തന രീതി. ഇസ്​ലാം സ്വത്വത്തെ വെളിപ്പെടുത്തുന്ന പേരുകളെ ഉന്നം വെച്ചും ഈ പ്രവർത്തന രീതികൾ പ്രാവർത്തികമാക്കുന്നതായി കാണാം.
രാജ്യാന്തര ചലച്ചിത്ര മേളയിൽ ദേശീയഗാന വിഷയം വിവാദമായപ്പോൾ അക്കാദമി ചെയർമാനായ കമലിനെ കമാലുദ്ദീനാക്കി സംഘപരിവാറുകാർ ആക്രമിച്ചിരുന്നു. അതുപോലെ തന്നെ പല കുറ്റകൃത്യങ്ങൾ നടക്കുമ്പോഴും പ്രതികളുടെ പേരുകളിലെ മത സൂചനയെ അതുവരെയില്ലാത്ത വിധം വലിച്ചിഴക്കുന്നതായി കാണാം, പ്രതി ഇസ്​ലാം സമുദായത്തിൽ പെട്ട വ്യക്തിയാണെങ്കിൽ പ്രത്യേകിച്ച് . ഭീകരവാദത്തിന്റെ അടയാളങ്ങൾ അറബിപേരും തൊപ്പിയും താടിയും നിസ്‌ക്കാര ത്തഴമ്പുമെല്ലാമാണെന്ന ബോധം വ്യാപകമായി അഴിച്ചു വിടാൻ മത്സരിക്കുന്ന വലിയൊരു വിഭാഗം സംഘങ്ങളാണ് ജനതയുടെ നിയന്ത്രണാധികാരം ഏറ്റെടുത്തിരിക്കുന്നത്.

കമലാ സുരയ്യയെ മാധവിക്കുട്ടിയായി മാത്രം അംഗീകരിക്കാൻ താല്പര്യപ്പെടുന്നവരാണേറെയും. സംഘപരിവാര വിചാരകേന്ദ്രത്തിന്റെ താത്വികാചാര്യനായ പി.പരമേശ്വരൻ ‘സ്വന്തം സ്വഭാവത്തിലെ ദൗർബല്യം കൊണ്ട് അനിവാര്യമായ ദുരന്തത്തിലേക്കു വഴുതി വീണ ദുരന്ത നാടകത്തിലെ നായിക' എന്നാണ് കമലാസുരയ്യയെ കുറിച്ച് പറഞ്ഞത്. ‘കമല സുരയ്യയുടെ അന്ത്യ കർമങ്ങൾ സ്വാതന്ത്ര്യത്തോടും വിധിപ്രകാരവും ചെയ്യുന്നതിൽ നിന്ന് അവരുടെ ബന്ധുക്കളെ വിലക്കുകയും നിസ്സഹായരാക്കുകയും ചെയ്തവർ ആരായിരുന്നാലും സാംസ്‌കാരിക കേരളം അവർക്കു മാപ്പു നൽകില്ല' എന്ന് കുമ്മനം രാജശേഖരൻ മുറവിളി കൂട്ടി. മതം മാറിയ കാലം തൊട്ട് കമല ദുരന്ത കഥാപാത്രമായിരുന്നു എന്നു വരുത്തിത്തീർക്കാനുള്ള വാദങ്ങൾ ഇന്നും നടന്നുകൊണ്ടിരിക്കുന്നു. കമല സുരയ്യയെ, അവരുടെ നിലപാടുകളെ വിഷം നിറച്ച മധുര പലഹാരങ്ങളിലൂടെ ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ നാടാണിത്.

ഈയിടെ തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻറ്​ ക്വാർട്ടേഴ്‌സിന്റെ വരാന്തയിൽ നൃത്തം ചെയ്ത് വൈറലായ ജാനകിയെയും നവീനെയും ഹൈന്ദവ സംഘടനകൾ വിമർശിച്ചത് ഇരുവരുടെയും പേരിലുള്ള മത സൂചനകളെ ഇഴകീറി പരിശോധിച്ചാണ്. ജാനകിയുടെ പേരിനോടൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനോടൊപ്പമുള്ള റസാഖും ഹിന്ദുത്വ ബോധങ്ങളെ അസ്വസ്ഥപ്പെടുത്തി. പ്രമുഖ ഹൈന്ദവ സംഘടനയെ പ്രതിനിധാനം ചെയ്യുന്ന ശശികല ടീച്ചർ ‘ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായിരിക്കട്ടെ' എന്ന ഉപദേശ രൂപേണയുള്ള താക്കീതും നൽകുകയുണ്ടായി. മാധവിക്കുട്ടി കമലാ സുരയ്യയായതുപോലെ ജാനകിക്ക് മനപരിവർത്തനം സംഭവിക്കരുതെന്ന ഇസ്​ലാമിക വിരുദ്ധ ബോധത്തിൽ നിന്നുമാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾ രൂപപ്പെടുന്നത്. മെർസൽ എന്ന ചിത്രത്തിൽ കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനവും ജി.എസ്. ടി യുമടക്കമുള്ള കാര്യങ്ങൾ വിമർശന വിധേയമാക്കിയതിനെ തുടർന്ന് സിനിമാ നടൻ വിജയിയുടെ പേരിനോടൊപ്പമുള്ള ജോസഫിലെ മതം ചർച്ചയാക്കിയ അതേ ബോധമാണ് ഈ മെഡിക്കൽ വിദ്യാർത്ഥികളുടെ കാര്യത്തിലും പ്രവർത്തിച്ചത്. ജാനകിക്കും നവീനും വലിയ പിന്തുണയുമായി രംഗത്തു വന്നവരിൽ ഭൂരിഭാഗവും ഇന്നും അഖിലയെ ഹാദിയയായി കാണാൻ വൈമുഖ്യം പ്രകടിപ്പിക്കുന്നവരാണ് എന്നതു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. സിറിയയിൽ ആടുമേക്കാൻ പോകുമെന്ന് പൊതുസമൂഹം പ്രവചിച്ച ഹാദിയ ഇന്ന് ഡോ. ഹാദിയയായി നിലകൊള്ളുമ്പോഴും ലൗ ജിഹാദ് ആരോപിക്കുന്നവരുടെ നിര വർദ്ധിക്കുകയാണ് എന്നതാണ് സ്വാഭാവികമായ യാഥാർത്ഥ്യം.

ഔദ്യോഗികമായി മതം മാറാൻ അംഗീകൃത സ്ഥാപനങ്ങളുടെ സാക്ഷ്യപത്രമോ മറ്റോ വേണ്ടതില്ല എന്നും സ്വയം നടത്തുന്ന പ്രഖ്യാപനം മതിയെന്നും കോടതി വ്യക്തമാക്കിയത് ഈയിടെയാണ്.

അഡ്വ. ഷഹ്‌സാദ് ഹുദവി മൃതദേഹത്തിന്റെ അവകാശങ്ങൾ എന്ന ലേഖനത്തിൽ ഇസ്​ലാം മതപരിവർത്തന നിയമത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്: ‘‘1937 ലെ ശരീഅത്ത് ആപ്ലിക്കേഷൻ പ്രകാരം ഏതൊരു വ്യക്തിക്കും താൻ മുസ്​ലിം ആണെന്നും, കരാർ നിയമ പ്രകാരം മേജർ ആണെന്നും ശരീഅത്ത് ആക്ട് പ്രകാരമുള്ള വിഷയങ്ങളിൽ തനിക്ക് മുസ്​ലിം വ്യക്തിനിയമം ബാധകമാക്കണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും വ്യക്തമാക്കുന്നു. എന്നാൽ, ഇത്തരമൊരു നിയമത്തിനുവേണ്ട ചട്ടങ്ങൾ ഇതുവരെ രൂപീകരിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഈ ആവശ്യവുമായി തദേവൂസ് എന്ന അബു താലിബ് ഹൈക്കോടതിയെ സമീപിക്കുകയും താൻ മുസ്​ലിം ആണെന്നും മുസ്​ലിം വ്യക്തിനിയമം തന്റെ മേൽ ബാധകമാക്കണമെന്നുമുള്ള സത്യവാങ്മൂലം സ്റ്റേറ്റ് നിയോഗിക്കുന്ന അധികാരിയുടെ മുന്നിൽ നടപ്പാക്കുവാൻ പറയുന്ന ഈ ചട്ടം നടപ്പിലാക്കിയിട്ടില്ല എന്നും സ്റ്റേറ്റ് അത്തരമൊരു അധികാരിയെ നിയോഗിക്കാൻ ബാധ്യസ്ഥരാണ് എന്നും വാദിച്ചു. മൂന്ന് മാസത്തിനകം ഗവൺമെൻറ്​ ചട്ടങ്ങൾ നിർമിക്കുമെന്ന് അറിയിച്ച പ്രകാരമാണ് കോടതി കേസ് തീർപ്പു കൽപ്പി ച്ചത്. എന്നാൽ, വിധിപ്രസ്താവത്തിനുശേഷം മൂന്നുമാസം കഴിഞ്ഞിട്ടും ചട്ടങ്ങൾ രൂപീകരിച്ചതായി കാണുന്നില്ല. ഔദ്യോഗികമായി മതം മാറാൻ അംഗീകൃത സ്ഥാപനങ്ങളുടെ സാക്ഷ്യപത്രമോ മറ്റോ വേണ്ടതില്ല എന്നും സ്വയം നടത്തുന്ന പ്രഖ്യാപനം മതിയെന്നും കോടതി വ്യക്തമാക്കിയത് ഈയിടെയാണ്.
മതംമാറിയെന്നതിനും പേരുമാറ്റത്തിനും ഏതെങ്കിലും പ്രത്യേക സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ് വേണമെന്ന് ഗവൺമെൻറ്​ ശഠിക്കരുതെന്നും, ആ വ്യക്തിയുടെ സ്വമേധയാ ഉള്ള പ്രഖ്യാപനം മതിയെന്നും, അത്തരം പ്രഖ്യാപനം സംശയമുളവാകുന്നതാണെങ്കിൽ ഗവൺമെന്റിന്​ ആവശ്യമെങ്കിൽ അന്വേഷണം നടത്താമെന്നുമുള്ള കേരളാ ഹൈക്കോടതിയുടെ 2018ലെ വിധിപ്രസ്താവം ഇക്കാര്യം വ്യക്തമാക്കിയതാണ്. നിലവിൽ, മേൽചട്ടങ്ങൾ നിലവിൽ വരാത്തിടത്തോളം കാലം സ്വയം പ്രഖ്യാപനം (declaration) തന്നെ പര്യാപ്തമെന്നു ചുരുക്കം. തദേവൂസ്
വിധിയുടെ അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന ചട്ടങ്ങൾ പുതു വിശ്വാസികളെ സംബന്ധിച്ച്​ എത്രമാത്രം ഗുണകരമാകുമെന്നത് സംബന്ധിക്കുന്ന സാമൂഹികവും നിയമപരവുമായ ചർച്ചകൾ നടക്കേണ്ടതുണ്ട്. ചട്ടങ്ങൾക്കനുസൃതമായി രജിസ്റ്റർ ചെയ്യാത്ത പുതുവിശ്വാസികളെ സംബന്ധിച്ച്​ മുസ്​ലിം വ്യക്തിനിയമം എങ്ങനെ ബാധിക്കുമെന്നതടക്കമുള്ള വിഷയങ്ങൾ ഗൗരവതരമായി പരിഗണിക്കേണ്ടതുണ്ട്.’’

ഡൽഹി ജുമാമസ്ജിദിൽ പെരുന്നാൾ നിസ്‌ക്കരിക്കുന്നവർ. 1942 ലെ ദൃശ്യം.

നിർബന്ധിത മതപരിവർത്തനം ഇസ്​ലാം മതത്തിൽ നിഷിദ്ധമാണ്. മനുഷ്യാവകാശങ്ങള്ക്കും സ്വാതന്ത്ര്യത്തിനും പ്രാധാന്യവും പരിഗണനയും നല്കുന്ന വിധികളാണ് ഇസ്​ലാമിക ശരീഅത്തിൽ നിലനിൽക്കുന്നത്. അവ രേഖകളായി മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് ആ വിധിന്യായങ്ങളെല്ലാം ചരിത്രത്തിൽ നടപ്പിലാക്കപ്പെട്ടതാണ്. ഖുർആൻ രണ്ടാം അധ്യായം256-ാം വചനം ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ‘‘ഇസ്​ലാമാകുന്ന ആദർശപരവും ധാർമികവും കർമപരവുമായ ഈ വ്യവസ്ഥ ആരുടെയും മേൽ ബലാൽക്കാരം അടിച്ചേൽപ്പിക്കാവതല്ല. ഇത് ഒരാളുടെ തലയിൽ നിർബന്ധപൂർവം വെച്ചുകെട്ടാവുന്ന ഒരു വസ്തുവേ അല്ല'' (തഫ്ഹീമുല് ഖുർആൻ, അൽബഖറ 285-ാം വ്യഖ്യാനക്കുറിപ്പ്). ഇത്തരമൊരു നിയമം നിലനിൽക്കെ ഇസ്​ലാമിനെതിരെ നിര്ബന്ധ മതപരിവർത്തനമെന്ന ആരോപണമുന്നയിക്കുന്നതിലെ അനീതി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

കേരളത്തിൽ ലൗ ജിഹാദ് കാമ്പയിൻ നടത്തുന്നു എന്ന കള്ളപ്രചാരണം ഒരിടത്ത് നടക്കുമ്പോൾ ഔദ്യോഗിക രേഖകളിലെ കണക്കുകൾ മറ്റൊരു വശത്ത് വസ്തുതയായി നിലനിൽക്കുന്നു.

ദ ന്യൂ ഇന്ത്യൻ എക്​സ്​പ്രസ്​ അന്വേഷണ റിപ്പോർട്ടനുസരിച്ച് 2020 ൽ നടന്ന 506 മതം മാറ്റങ്ങളിൽ 241 പേരും ഹിന്ദു മതത്തിലേക്കാണ് എന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ഇസ്​ലാം മതം സ്വീകരിച്ചത് 144 പേരും ക്രിസ്ത്യൻ മതം സ്വീകരിച്ചത് 119 പേരുമാണ്. കേരളത്തിൽ ലൗ ജിഹാദ് കാമ്പയിൻ നടത്തുന്നു എന്ന കള്ളപ്രചാരണം ഒരിടത്ത് നടക്കുമ്പോൾ ഔദ്യോഗിക രേഖകളിലെ കണക്കുകൾ മറ്റൊരു വശത്ത് വസ്തുതയായി നിലനിൽക്കുന്നു. ഇസ്​ലാം മതാശ്ലേഷണം നടത്തുന്നവർ മാനസികവും സാമൂഹികവും നിയമപരവുമായ നിരവധി പ്രശ്‌നങ്ങളെ നിരന്തരം അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഹാദിയ കേസ് അതിൽ അവസാനത്തേതാവുന്നില്ല.

‘‘ഇന്ത്യൻ മുജാഹിദീൻ അണുബോംബിടാൻ പോകുന്നുവെന്നും നാവിക പരിശീലനം തുടങ്ങുന്നുവെന്നുമുള്ള വാർത്തകൾ ഈയിടെയുണ്ടായി. ഇവയുടെ സത്യമെന്താണെന്ന് ആരും അന്വേഷിക്കുന്നില്ല. ആരും ഇവയെ പിന്തുടരുന്നില്ല. എന്നാൽ അവ സൃഷ്ടിക്കുന്ന ഭീതിയും വിരോധവും അവബോധങ്ങളായി മാറി നിലനിൽക്കുകയും ചെയ്യുന്നു.’’ - നജ്മൽ ബാബു. ▮

Comments