ഇസ്‌ലാമിലേക്കുള്ള മതംമാറ്റത്തെ ഭീതിയായി അവതരിപ്പിക്കുന്നതിനുപുറകിൽ

ഇസ്​ലാമിലേക്കുള്ള മതം മാറ്റത്തെ തീവ്രവാദത്തിലേക്കുള്ള വഴിയെന്ന് മുദ്രകുത്തി ഭീതി പരത്തുന്ന അവസ്ഥ എന്തുകൊണ്ട് സൃഷ്ടിക്കപ്പെടുന്നു?

Truecopy Webzine

2020 ൽ നടന്ന 506 മതംമാറ്റങ്ങളിൽ 241 പേരും ഹിന്ദു മതത്തിലേക്കാണ് എന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ഇസ്‌ലാം മതം സ്വീകരിച്ചത് 144 പേരും ക്രിസ്ത്യൻ മതം സ്വീകരിച്ചത് 119 പേരുമാണ്. കേരളത്തിൽ ലൗ ജിഹാദ് കാമ്പയിൻ നടത്തുന്നു എന്ന കള്ളപ്രചാരണം ഒരിടത്ത് നടക്കുമ്പോൾ ഔദ്യോഗിക രേഖകളിലെ കണക്കുകൾ മറ്റൊരു വശത്ത് വസ്തുതയായി നിലനിൽക്കുന്നു. എന്നിട്ടും ഇസ്​ലാമിലേക്കുള്ള മതം മാറ്റത്തെ തീവ്രവാദത്തിലേക്കുള്ള വഴിയെന്ന് മുദ്രകുത്തി ഭീതി പരത്തുന്ന അവസ്ഥ എന്തുകൊണ്ട് സൃഷ്ടിക്കപ്പെടുന്നു?- ട്രൂ കോപ്പി വെബ്‌സീനിലാണ് ഗവേഷകയായ അജ്ഞലി മോഹൻ എം. ആർ ഇക്കാര്യം പരിശോധിക്കുന്നത്.

ഇന്ത്യയിൽ ഇസ്​ലാമിന്റെ ആഗമനവും വളർച്ചയും തികച്ചും സമാധാനപരമായ അന്തരീക്ഷത്തിലായിരുന്നു. മുസ്​ലിംകളുടെ സഹവർത്തിത്വത്തിലൂന്നിയ പെരുമാറ്റവും അടിമത്തം പേറിയിരുന്ന കീഴാള ജനത ഇസ്​ലാമിനെ മോചനമാർഗമായി കണ്ടതും വരേണ്യതയെ സധൈര്യം വെല്ലുവിളിച്ചവരോടുള്ള ആരാധനാഭാവമുമൊക്കെ ഇസ്​ലാമിന്റെ വളർച്ചയെ സഹായിച്ച ഘടകങ്ങളാണ്. എന്നാൽ നവോത്ഥാനം ചർച്ച ചെയ്യപ്പെടുമ്പോൾ കല- സാഹിത്യം - വിജ്ഞാനം - വാസ്തുവിദ്യ - ശിൽപ ചാതുരി തുടങ്ങി സമസ്ത വിജ്ഞാന മേഖലകളിലുമുള്ള ഇസ്​ലാമിന്റെ സംഭാവനകൾ തിരസ്‌കരിക്കപ്പെടുകയാണുണ്ടായത്.
പ്രബുദ്ധ കേരളത്തിന്റെ ലിബറൽ സെക്യുലർ സാമൂഹ്യ ചരിത്രരചന നടത്തിയവർ പോലും മുസ്ലിം നവോത്ഥാനത്തെയും മുസ്​ലിംകൾ സൃഷ്ടിച്ച നവോത്ഥാനത്തെയും വിശദീകരിക്കാൻ പാടുപെടുകയാണ്. ജാതിവ്യവസ്ഥ, അയിത്തം തുടങ്ങിയ വിവേചനങ്ങൾക്കെതിരെ ശബ്ദിച്ച മുസ്ലിം നേതാക്കളെ മുഖ്യധാരയിൽ രേഖപ്പെടുത്തുന്നതിൽ നിന്ന് പിൻവലിയുന്ന ഭീരുത്വമാണ് നവോത്ഥാന ചരിത്രകാരന്മാരിൽ പോലും പ്രകടമായത്.

ഒരു രക്ഷാമാർഗ്ഗം എന്ന നിലയിൽ മാത്രം ഇസ്‌ലാമിനെ ജനങ്ങൾ ആശ്ലേഷിച്ചു എന്നു കരുതാനാവില്ല. മറിച്ച്, മതപരിഷ്‌കരണത്തിനപ്പുറം മാനവിക ധാരയിൽ കേരളീയ സമൂഹത്തെ ചേർത്തുനിർത്തിക്കൊണ്ട് മുന്നേറിയ ഇസ്‌ലാമിന്റെ നവോത്ഥാന മുന്നേറ്റങ്ങളിലും ആത്മീയ തലത്തിൽ ഇസ്‌ലാം പുലർത്തിയ സത്യസന്ധതയിലും ആകൃഷ്ടരായും ഇസ്‌ലാം മതം സ്വീകരിച്ചവർ നിരവധിയാണ്. കേരള ചരിത്രത്തിലെ മതംമാറ്റ കഥകളെടുത്തു നോക്കിയാൽ മതം ഒരു അനുഭൂതിയും ജീവചര്യയുമായി കരുതി ഇസ്‌ലാമായവരെയും ഹിന്ദുവായവരെയും ക്രിസ്ത്യാനിയായവരെയുമെല്ലാം കാണാം. പെരുമാൾ മുതൽ നജ്മൽ ബാബുവിലൂടെ ആ ശ്രേണി തുടരുന്നു.

നജ്മൽ ബാബു
നജ്മൽ ബാബു

മുഖ്യധാരാ ചരിത്രം എഴുതുന്ന സവർണ വഴികളെ സ്വാധീനിക്കുന്ന ഘടങ്ങൾ സാമ്പത്തികം, സാംസ്‌കാരികം, സാമൂഹികം, രാഷ്ട്രീയം എന്നിവയാണ്. ഇവയുടെ സ്വാധീനത്തിൽ എഴുതപ്പെട്ട ചരിത്രം ചില വിടവുകൾ അവശേഷിപ്പിച്ചു കൊണ്ടാണ് എഴുതപ്പെട്ടത്. ആ വിടവുകൾ തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കഥകൾ ചരിത്രം എന്ന വ്യാജേന എഴുതി ചേർക്കാനും വ്യാഖ്യാനിക്കാനും മുഖ്യധാരാ ചരിത്ര വ്യവഹാരങ്ങൾക്ക് ഇടം നൽകുന്നവയായിരുന്നു. ചേരമാൻ പെരുമാളുടെ മതംമാറ്റത്തെ നിർബന്ധിത മതപരിവർത്തനമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളെയും ഹൈന്ദവ സവർണതാ പൂർവ്വ കാല ഇടപെടലുകളുടെ തുടർച്ചയായി കാണാവുന്നതാണ്.

ഇസ്‌ലാം - ക്രിസ്ത്യൻ മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവർ ദേശവിരുദ്ധരും തിന്ന ചോറിനു നന്ദിയില്ലാത്തവരുമാണെന്ന് ഗോൾവാൾക്കർ അഭിപ്രായപ്പെടുന്നു. മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും നേരെയുള്ള ഹിന്ദു രാഷ്ട്രത്തിന്റെ വിരോധ മനോഭാവവും ഈ അഭിപ്രായത്തിൽ പ്രകടമാണ്. ഈ ഫാസിസ്റ്റ് ആശയങ്ങളുടെ പിന്തുടർച്ചക്കാരായ ഇന്ത്യൻ മോദി ഭരണകൂടത്തിന്റെ അക്രമാസക്തവും വംശീയവുമായ അജണ്ടകളുടെ ഭാഗമായി പൗരത്വം വരെ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലേക്ക് മുസ്‌ലിം ജനത എത്തിനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഭൂരിപക്ഷ വർഗീയത പറയുമ്പോഴെല്ലാം ന്യൂനപക്ഷ വർഗീയതയും പറയണമെന്ന് ശഠിക്കുകയും ന്യൂനപക്ഷം ചെയ്യുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനാണ് തങ്ങൾക്ക് അക്രമങ്ങൾ ചെയ്യേണ്ടി വരുന്നതെന്ന് ലോകത്തെങ്ങുമുള്ള ഫാസിസ്റ്റുകളെ പോലെ ഇന്ത്യയിലെ സംഘപരിവാറും സ്ഥാപിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയുമാണ്. കേരളത്തിലെ ബി.ജെ പി യുടെ വേരോട്ടത്തെ ചെറുത്തു നിൽക്കാൻ പ്രാദേശിക കക്ഷികൾ ശ്രമിക്കുമ്പോൾ സംഘപരിവാറിന്റെ ന്യൂനപക്ഷ വർഗീയതാ വാദത്തെ ഏറ്റുപിടിച്ച് പ്രചരിപ്പിക്കുകയാണ് ഇവിടുത്തെ മുഖ്യധാരാ ഇടതു നേതൃത്വം.
ഈ കീഴടങ്ങൽ രാഷ്ട്രീയത്തിന്റെ പ്രതിധ്വനികൾ പ്രാദേശിക ഇടങ്ങളിലേക്കും വ്യാപിക്കുന്നു. അതിന്റെ പ്രതിഫലനങ്ങൾ ഇസ്‌ലാം സമുദായത്തെ മൊത്തത്തിൽ വർഗീയവാദികളാക്കുന്നതും സംഘ പരിവാറിന് ഗുണം ചെയ്യുന്നതുമാണ്.

തന്റെ ജീവിതം തന്നെ ഫാസിസത്തിനെതിരായ പ്രതിരോധത്തിനായി സമർപ്പിച്ച വ്യക്തിയാണ് നജ്മൽ ബാബു. ‘നജ്മൽ ബാബു' എന്ന പേരിനോടും ആ പേരുമാറ്റത്തിന്റെ രാഷ്ട്രീയത്തോടുമുള്ള അസഹിഷ്ണുത അദ്ദേഹത്തിന്റെ മരണാനന്തരവും നിലനിൽക്കുന്നതായി മനസ്സിലാക്കാം. നജ്മൽ ബാബുവിന്റെ മരണം നടന്നതിനു പിറ്റേന്ന് മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്തയിൽ ‘നജ്മൽ' എന്ന പേരിനെ ബോധപൂർവ്വം തിരസ്‌കരിച്ച ‘ടി.എൻ. ജോയ്' എന്ന് ആവർത്തിച്ചു പയോഗിച്ചിരിക്കുന്നതായി കാണാം. നജ്മൽ ബാബുവിന്റെ ഓർമദിനത്തിൽ അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തും കവിയുമായ സച്ചിദാനന്ദൻ എഴുതിയ കവിതയിൽ (നീ, പിന്നിൽ - ടി.എൻ. ജോയിക്ക്) നജ്മൽ ബാബുവിന്റെ മതംമാറ്റം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹത്തിന്റെ മൃതദേഹത്തിന് ഹിന്ദുവും മുസ്‌ലിമും പിടിവലി നടത്തുകയായിരുന്നെന്നും സ്ഥാപിക്കാനുള്ള ശ്രമം പ്രകടമാണ്. കമ്യൂണിസ്റ്റുകാരനായ നജ്മൽ ബാബുവിന് ഒരിക്കലും ഒരു മതവിശ്വാസിയാകാൻ സാധിക്കില്ല എന്ന് സമർത്ഥിച്ച് ഇടതു യുക്തിവാദികളായ നജ്മലിന്റെ സുഹൃത്തുക്കൾ അദ്ദേഹത്തിലെ ഇസ്‌ലാമിനോടുള്ള വിയോജിപ്പ് പ്രകടമാക്കി.
മതസംഗമ ഭൂമികയെന്ന് വിശേഷിപ്പിക്കുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണ് നജ്മൽ ബാബുവിനോട് ചെയ്ത അതേ അനീതി അതിനു മുമ്പ് സൈമൺ മാസ്റ്റർ മുഹമ്മദ് ഹാജിയായപ്പോഴും ചെയ്തിട്ടുണ്ട്.

നിർബന്ധിത മതപരിവർത്തനം ഇസ്‌ലാം മതത്തിൽ നിഷിദ്ധമാണ്. മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും പ്രാധാന്യവും പരിഗണനയും നല്കുന്ന വിധികളാണ് ഇസ്‌ലാമിക ശരീഅത്തിൽ നിലനിൽക്കുന്നത്. അവ രേഖകളായി മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് ആ വിധിന്യായങ്ങളെല്ലാം ചരിത്രത്തിൽ നടപ്പിലാക്കപ്പെട്ടതാണ്. ഇത്തരമൊരു നിയമം നിലനിൽക്കെ ഇസ്‌ലാമിനെതിരെ നിർബന്ധ മതപരിവർത്തനമെന്ന ആരോപണമുന്നയിക്കുന്നതിലെ അനീതി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

ഇസ്ലാമിലേക്കുള്ള മതംമാറ്റം: ഭീതിയും വിരോധവും
അവബോധങ്ങളായി മാറുമ്പോൾ
അഞ്ജലി മോഹൻ എം. ആർ.
വെബ്‌സീൻ പാക്കറ്റ് 36 ഡൗൺലോഡ് ചെയ്ത്
ഈ ലേഖനം സൗജന്യമായി വായിക്കാം, കേൾക്കാം.


Summary: ഇസ്​ലാമിലേക്കുള്ള മതം മാറ്റത്തെ തീവ്രവാദത്തിലേക്കുള്ള വഴിയെന്ന് മുദ്രകുത്തി ഭീതി പരത്തുന്ന അവസ്ഥ എന്തുകൊണ്ട് സൃഷ്ടിക്കപ്പെടുന്നു?


Comments