കാട്ടുകാർക്കും നാട്ടുകാരായി മാറിയ മൂന്നുസെൻറ് കോളനികളിൽ എത്തിപ്പെട്ട ആദിവാസികൾക്കും സാമ്പത്തികമായ ശേഷി ഉണ്ടാക്കിയെടുക്കാവുന്ന നയരൂപീകരണമാണ് ഇന്നത്തെ ആവശ്യം.
ജനാധിപത്യ രാജ്യങ്ങളും സോഷ്യലിസ്റ്റ് രാജ്യങ്ങളും മുതലാളിത്ത രാജ്യങ്ങളും ഒരുപോലെ പിന്തുടർന്ന ആശയമാണ് വികസനം എന്നത്. വികസനം എന്ന സംജ്ഞയ്ക്ക് നിരവധി തലങ്ങളുണ്ട്. സാമ്പത്തികവിദഗ്ധർ ഇതിനെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനവുമായും, ആളോഹരി വരുമാനവുമായെല്ലാം താരതമ്യപ്പെടുത്തിയാണ് നിർവചിക്കാറ്. ഇതിൽ പ്രധാനപ്പെട്ട ഒന്ന്, ഇവയെല്ലാം മനുഷ്യന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞുവന്ന ആശയമാണ് എന്നതാണ്. ഇതുകൂടാതെ മാനവ വികസന സൂചികകൾ വഴിയും വികസനത്തെ നോക്കിക്കാണുന്നവരുണ്ട്. പിന്നീട് രൂപപ്പെട്ടുവന്നതും എന്നാൽ ഇന്നും നവീനം എന്നവകാശപ്പെടുന്നതുമായ സുസ്ഥിര വികസനം എന്ന ആശയം, വിഭവങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നതുമായും അത് ഭാവിതലമുറയ്ക്ക് നീക്കിവക്കുന്നതുമായും ബന്ധപ്പെട്ട ഒന്നാണ്.
ഈ വികസനമാതൃകകൾ നയരൂപീകരണത്തിന് അടിസ്ഥാനമാകാറുണ്ട്.
സർക്കാരുകൾ അടക്കമുള്ള വ്യവസ്ഥിതികൾ നയങ്ങളുണ്ടാക്കുന്നത് ആ രാജ്യത്തെ ജനങ്ങൾക്കുവേണ്ടിയാണ് എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട ഒന്നാണ്. എന്നാൽ അത് ഏതുവിഭാഗം ജനങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടിയാണ് എന്നത്, ചരിത്രപരവും, സാമൂഹികവുമായ വസ്തുതകൾ പരിശോധിച്ചാൽ മനസ്സിലാക്കാം. നരവംശ ശാസ്ത്രകാരന്മാരും, സാമൂഹിക ശാസ്ത്രജ്ഞന്മാരും എല്ലാം ആദിവാസികളെപ്പറ്റി പഠനം നടത്തുകയും മറ്റു വികസനമാതൃകകളുമായി അവരെ താരതമ്യം ചെയ്യാറുമുണ്ട്. നരവംശശാസ്ത്രജ്ഞർ പൊതുവെ ആദിവാസികളെ ശാരീരിക പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ വിവിധ ഗോത്രങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഇതിന് കൊളോണിയൽ ഭരണകർത്താക്കളുടെ പ്രാവീണ്യവും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ അടിയ, പണിയ, കാട്ടുനായ്ക്കർ, ചോലനായ്ക്കർ, മലപണ്ടാരങ്ങൾ തുടങ്ങി നിരവധി വിഭാഗങ്ങൾ പിന്നാക്കം നിൽക്കുന്നവരാണ്. ഇതിൽ സാമ്പത്തിക വിഭവശേഷിയുടെ അഭാവമാണ് ഇവരെ എന്നും പിന്നാക്കക്കാരായി നിലനിർത്തുന്നത്. അതിൽ ചരിത്രപരമായ അനീതി കൂടിയുണ്ട്.
എന്നാൽ അവയിൽ പല പഠനങ്ങളും അക്കാദമിക് എന്നതിലുപരി ഭരണപരമായ കാര്യങ്ങൾക്കും വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അറിവുനേടുന്നതിനും ആയിരുന്നു. ആദിവാസി വിഭവങ്ങളുടെ കാടുമായി ബന്ധപ്പെട്ട അറിവുകൾ കൊളോണിയൽ ഭരണകർത്താക്കൾക്ക് അവരുടെ ഭരണനടത്തിപ്പിനും വിഭവസമാഹരണത്തിനും ആവശ്യമായിരുന്നു. സാമൂഹിക ശാസ്ത്രജ്ഞർ ആദിവാസികളെക്കുറിച്ച് നടത്തിയ അക്കാദമികപരമായ സമീപനങ്ങൾ നരവംശശാസ്ത്രജ്ഞരും നടത്തിയിട്ടുണ്ടെങ്കിലും, അവയിലെ സമീപനങ്ങൾ സമാനമായിരുന്നില്ല എന്ന് വാദിക്കാം.
കേരളത്തിൽ ആകെ 37 ആദിവാസിഗോത്രങ്ങളെ തരംതിരിച്ചിട്ടുണ്ട്. ഈ തരംതിരിക്കൽ നരവംശ ശാസ്ത്രജ്ഞരുടെയും മറ്റു സാമൂഹിക ശാസ്ത്രജ്ഞരുടെയും സമീപനങ്ങളുടെ സഹായത്തോടെയാണ്. ഭരണപരമായ വികസനമാതൃകകൾ തയ്യാറാക്കുന്നതിന് പിന്നീട് പട്ടികവർഗം എന്ന തലക്കെട്ടിനുകീഴിൽ അവരെ ഉൾപ്പെടുത്തി നയങ്ങൾ രൂപീകരിക്കാൻ തുടങ്ങി. ആദിവാസി വിഭാഗങ്ങൾ അവരുടെ സവിശേഷതകളുടെയും കഴിവിന്റെയും അടിസ്ഥാനത്തിൽ സാമൂഹികമായും, സാമ്പത്തികമായും വ്യത്യസ്ത തട്ടുകളിൽ നിൽക്കുന്നവരാണ്. കേരളത്തിൽ അടിയ, പണിയ, കാട്ടുനായ്ക്കർ, ചോലനായ്ക്കർ, മലപണ്ടാരങ്ങൾ തുടങ്ങി നിരവധി വിഭാഗങ്ങൾ പിന്നാക്കം നിൽക്കുന്നവരാണ്. ഇതിൽ സാമ്പത്തിക വിഭവശേഷിയുടെ അഭാവമാണ് ഇവരെ എന്നും പിന്നാക്കക്കാരായി നിലനിർത്തുന്നത്. അതിൽ ചരിത്രപരമായ അനീതി കൂടിയുണ്ട്. അട്ടപ്പാടിയിലെയും വയനാട്ടിലെയും ആദിവാസി വിഭാഗങ്ങളിൽ ചിലത് എന്തുകൊണ്ടാണ് രണ്ടോ മൂന്നോ സെൻറ് ഭൂമിയ്ക്ക് ഉടമാവകാശം മാത്രമുള്ള കോളനികളിൽ ഒതുങ്ങിപ്പോയത് എന്നതിനെക്കുറിച്ചും കുടിയേറ്റക്കാരുടെ ചൂഷണത്തിൽനിന്ന് അവരെ സഹായിക്കാൻ സർക്കാർ നയങ്ങൾ എത്ര പ്രാപ്തമായിട്ടുണ്ട് എന്നതിനെക്കുറിച്ചും പഠനങ്ങൾ നടന്നിട്ടുണ്ട്.
വികസനമാതൃകകളും അന്യവൽക്കരണവും ആദിവാസി സമൂഹത്തിൽ
ആദിവാസികൾ കേരളത്തിൽ അന്യവത്കരിക്കപ്പെട്ടത് പ്രധാനമായും അവരുടെ പരമ്പരാഗത സ്വത്തായ ഭൂമിയിൽ നിന്നാണ്. ഈ അന്യവത്കരണത്തിന് ആക്കം കൂട്ടിയതിനുപുറകിൽ പാർലമെന്ററി ഭരണത്തിനും ജനാധിപത്യത്തിനും എത്ര പങ്കുണ്ട് എന്നത് പരിശോധിക്കേണ്ടതാണ്. കാടും, കാട്ടറിവുകളും മാത്രം കൊണ്ട് ആദിവാസികൾക്ക് ജീവിയ്ക്കാൻ കഴിയുമായിരുന്ന കാലമുണ്ടായിരുന്നു. ഭൂമിയാണ് സകലതിനും അടിസ്ഥാനം, അത് അവർക്ക് ദൈവം ആയിരുന്നു. ദൈവസങ്കല്പം എന്നാൽ മലകളും, മലദൈവങ്ങളും എല്ലാം ആയിരുന്നത്, ഭൂമിയുമായി ബന്ധപ്പെട്ട ജീവിതം നിലനിന്നിരുന്നതുകൊണ്ടാണ്. ഭൂമി കഴിഞ്ഞാൽ ആദിവാസികൾ അവരുടെ ഭാഷയിൽനിന്നും ജീവിതരീതികളിൽ നിന്നും അന്യവത്കരിക്കപ്പെട്ടിട്ടുണ്ട്. നരവംശശാസ്ത്രജ്ഞരും, സാമൂഹികശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ‘സാംസ്‌കാരിക അന്യവത്കരണം’ എന്ന് ഇതിനെ വിശേഷിപ്പിക്കാറുണ്ട്.
പല സർക്കാർ ഏജൻസികളും ആദിവാസികളെക്കുറിച്ച് പഠിക്കാനും അവരുടെ ആവശ്യങ്ങൾ കണ്ടെത്തി നടപ്പിലാക്കാനും ശ്രമം നടത്താറുണ്ട്. എന്നാൽ ഇവയിലോരോന്നിലും അടിസ്ഥാനപരമായ ചില വസ്തുതകൾ ഒഴിവാക്കപ്പെടാറുണ്ട്.
ഈ അന്യവത്കരണങ്ങളെ പ്രധാനമായും രണ്ടുരീതിയിൽ നോക്കിക്കാണാം. ഒന്ന്; സാമ്പത്തികം, രണ്ട്; സാമൂഹികം. കമ്പോളവ്യവസ്ഥിതിയുടെയും അതിന്റെ ഉത്പാദന പ്രതിപ്രവർത്തനങ്ങളുടെയും ഫലമായി സംഭവിച്ച ഒന്നാണ് സാമ്പത്തിക അന്യവത്കരണം. ഒരു സമ്മിശ്ര വ്യവസ്ഥിതിയായ നമ്മുടെ ജനാധിപത്യത്തിൽ കമ്പോളങ്ങളും അതോടൊപ്പം സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണ്. കമ്പോള വ്യവസ്ഥിതിയുടെ പ്രവർത്തനങ്ങൾക്ക് പലപ്പോഴും സ്റ്റേറ്റിനേക്കാൾ സ്വാധീനം ചെലുത്താൻ സാധിക്കും. നമ്മുടെ വികസന നയങ്ങളും, ക്ഷേമപ്രവർത്തനങ്ങളും സാമ്പത്തികത്തിൽ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തുന്നതാണ്. ഏതൊരു സാമ്പത്തിക വ്യവസ്ഥിതിയും നേരിടുന്ന പ്രധാന പ്രശ്നം, വിഭവങ്ങളുടെ വിനിയോഗമാണ്. വിഭവങ്ങൾ പരിമിതവും ആവശ്യങ്ങൾ അപരിമിതവുമാണ്. നയരൂപീകരണത്തിൽ സർക്കാർ പരിഗണിക്കുന്നത് ജനങ്ങളുടെ ആവശ്യങ്ങളാണ്, ഈ ആവശ്യങ്ങളാകട്ടെ പൊതുസമൂഹത്തിന്റേതുമാണ്.
ആരാണ് ആദിവാസി എന്നതിന് ധാരാളം നിർവചനങ്ങളുണ്ട്. എന്നാൽ നയരൂപീകരണത്തിൽ അവരുടെ ആവശ്യങ്ങൾ എങ്ങനെയാണ് ഉൾക്കൊള്ളുന്നത് എന്ന് പരിശോധിക്കാവുന്ന ഒന്നാണ്. സർക്കാരുകളും സാമൂഹിക ശാസ്ത്രജ്ഞരും ആവശ്യങ്ങളുടെ മാപ്പിങ് നടത്താനും അത് പദ്ധതിരൂപീകരണത്തിൽ ഉൾപ്പെടുത്താനും ശ്രമം നടത്താറുണ്ട്. അത് പലതും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട് എന്നതും വസ്തുതയാണ്. എന്നാൽ, പരിശോധിക്കുകയാണെങ്കിൽ അതിൽ വൈരുധ്യങ്ങൾ കാണാം. ഉദാഹരണത്തിന്, പല സർക്കാർ ഏജൻസികളും ആദിവാസികളെക്കുറിച്ച് പഠിക്കാനും അവരുടെ ആവശ്യങ്ങൾ കണ്ടെത്തി നടപ്പിലാക്കാനും ശ്രമം നടത്താറുണ്ട്. എന്നാൽ ഇവയിലോരോന്നിലും അടിസ്ഥാനപരമായ ചില വസ്തുതകൾ ഒഴിവാക്കപ്പെടാറുണ്ട്.
കേരളത്തിൽ ആദിവാസികളുടെ അന്യവത്കരണം പ്രധാനമായും ഭൂമിയിൽനിന്നായതുകൊണ്ട്, ഭൂമിയുടെ സ്വഭാവം കൂടി ഇന്ന് പരിഗണിക്കേണ്ടതുണ്ട്.
വ്യത്യസ്ത ആളുകളും വ്യത്യസ്ത വീക്ഷണങ്ങളും
മുൻപ് സൂചിപ്പിച്ചതുപോലെ, നയരൂപീകരണത്തിലും അതിന്റെ നടത്തിപ്പിലും ആളുകളുടെ ആവശ്യത്തിനനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. ഏതുതരം ആളുകളുടേത് എന്നതാണ് പ്രധാനപ്പെട്ട ഒന്ന്. 2006-ലെ വനാവകാശ നിയമത്തിന്റെ ആമുഖത്തിൽ, ചരിത്രപരമായി ആദിവാസികളോട് അനീതികാട്ടി എന്നും അതിന്പുതിയ നയം പരിഹാരമാകും എന്നും പ്രത്യാശിച്ചിരുന്നു. നിയമനിർമാണം കൊണ്ട് ഇത് സാധിക്കും എന്ന് ആദിവാസികളും വിശ്വസിച്ചു. എന്നാൽ അത് ആദിവാസികളെ മാത്രമല്ല, കുടിയേറ്റക്കാരെയും ബാധിക്കുന്ന ഒന്നാണ്. ഈ കാര്യം പിന്നീട് ചർച്ച ചെയ്യാം. എന്നാൽ, അതിനുമുമ്പായി ആരാണ് വ്യത്യസ്ത ആളുകൾ എന്നും അവരുടെ ലോകവീക്ഷണവും കാഴ്ചപ്പാടും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും പറയേണ്ടതുണ്ട്.
ഇവിടെ ചർച്ചചെയ്യുന്ന വിഷയവും, വിഷയിയും എന്റെ സാമൂഹികശാസ്ത്ര വിദ്യാലയത്തിലെ സഹവാസം കൊണ്ടും അതിലുപരി അന്നും, പിന്നീടും ചില ആദിവാസി ഊരുകളിൽ വിവരശേഖരണത്തിനുപോകാൻ ഇടയായതിലും നിന്നുള്ള ചില കാഴ്ചകളെയും ഉൾക്കാഴ്ചകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ചർച്ചയിലുടനീളം ആദിവാസി എന്ന പദമാണ് ഉപയോഗിച്ചിരുന്നത്, എന്നാൽ ഈ ഭാഗത്തിൽ അതിൽ നിന്നു മാറി ആദിവാസി വിഭാഗങ്ങളെ കാട്ടുകാർ എന്നും അതിനുപുറത്തുള്ളവരെ നാട്ടുകാർ എന്നും നിർവചിക്കുന്നു. ഈ നിർവചനങ്ങൾ എന്റെ സംഭാവനയല്ല, മറിച്ച്, അത് അറിയാനിടയായത് ആദിവാസികളുടെ ഇടയിൽനിന്നുതന്നെയാണ്. ഒരിക്കൽ മഹാത്മാഗാന്ധി സർവകലാശാലയിലെ ഒരു ഐ.സി.എസ്.എസ്.ആർ പഠനത്തിന്റെ വിവരശേഖരണം കാണാനിടയായി. അത് പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളിൽ താമസിക്കുന്ന മലപണ്ടാരങ്ങളെക്കുറിച്ചുള്ള പഠനമാണ്. ഇതിൽ ഒരു പ്രായമായ ‘അമ്മ’, തങ്ങൾ ‘കാട്ടുകാർ’ ആണെന്നും നിങ്ങൾ ‘നാട്ടുകാർ’ അല്ലേ എന്നും പറയാനിടയായി. ഇതുകൂടാതെ ബ്രയാൻ മോറിസിന്റെ (Brian Morris) മലമ്പണ്ടാരം എന്ന പുസ്തകത്തിലും കാട്ടുകാർ, നാട്ടുകാർ എന്ന നിർവചനം കണ്ടിട്ടുണ്ട്. സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിൽ രാജു മാഷ് ആണ് ഈ പുസ്തകത്തിന്റെ കോപ്പി സൂക്ഷിച്ചിരുന്നത്. മാഷ് മുൻപ് സർക്കാരിനുവേണ്ടി മലപണ്ടാരങ്ങളെക്കുറിച്ച് ഒരു പഠനം തയ്യാറാക്കിയിരുന്നു. അതിന്റെ പകർപ്പ് ഇപ്പോൾ ലഭ്യമല്ല. കാട്ടുകാർ, നാട്ടുകാർ എന്ന തരംതിരിക്കൽ ഒരു പഠനത്തിൽ സാധ്യമാക്കാമോ എന്ന എന്റെ ചോദ്യത്തിന്, അത് പഠനത്തിന്റെ ആവശ്യത്തിനനുസരിച്ച് നിർവചിച്ചാൽ സാധ്യമാകും എന്ന് മാഷ് പറഞ്ഞിരുന്നു.
ഭരണകർത്താക്കളും, നയരൂപീകർത്താക്കളും കാണാതെ പോകുന്നതും കാട്ടുകാരുടെ ഭൂമിപ്രശ്നമാണ്. കാരണം, ഭരണകർത്താക്കളും, നയരൂപീകർത്താക്കളും നാട്ടുകാരാണ്. കാട് എന്നത് സർക്കാർ ഭൂമിയാണ്. അതിന്റെ ഉടമസ്ഥത ആദിവാസികളിൽ നിന്ന്മാറിപ്പോയത്, വിഭവവുമായി ബന്ധപ്പെട്ടാണ്.
ആദിവാസികളിൽ ഭൂരിഭാഗവും ഇന്ന് താമസിക്കുന്നത് ആദിവാസി ഊരുകളിലാണ്, ഈ ഊരുകൾക്ക് പ്രത്യേകതകൾ കാണും. എന്നാലും പൊതുവെ ആദിവാസി സെറ്റിൽമെന്റുകൾ നിർമിച്ചിട്ടുള്ളത് കാട്ടിലോ, കാടിനും നാടിനും ഇടയിലായോ ആണ്. അച്ചൻകോവിൽ ഫോറസ്റ്റ് റിസർവിലെ വെള്ളംതെറ്റി സെറ്റിൽമെൻറ് ഇത്തരത്തിൽ കാടിനും നാടിനും ഇടയിലാണ്. ഭൂമിസംബന്ധമായി അത് കാടിനകത്തുതന്നെയാണ്. എന്നാൽ അത് യഥാർഥത്തിൽ കാടിനരികിൽ മറ്റൊരു നാടിന്റെ നിർമിതിയാണ്. ഇത്തരത്തിൽ കാടിനകത്തോ, അല്ലെങ്കിൽ കൂടുതൽ അകത്തോ താമസിക്കുന്നവരെയാണ് കാട്ടുകാർ എന്ന് ഇവിടെ നിർവചിക്കുന്നത്. എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിലുള്ള തേരാ, വാരിയം, ഉറിയംപെട്ടി മുതലായ സെറ്റിൽമെന്റുകൾ കാടിനത്താണ്. ഇതിൽ തേര, ഉറിയംപെട്ടി സെറ്റിൽമെന്റുകളിൽ ഞാൻ പോയിട്ടുണ്ട്. അവിടെ വൈദ്യുതി തുടങ്ങിയ ആധുനിക സൗകര്യങ്ങളില്ല. എന്നാൽ വെള്ളംതെറ്റി അത്തരത്തിലുള്ള ഒന്നല്ല, അവിടെ വൈദ്യുതിയുണ്ട്.
ഓരോ ആദിവാസി സമൂഹവും വ്യത്യസ്തത നിറഞ്ഞതാണെങ്കിലും അവരെ ഒരുമിച്ചുനിർത്തുന്നത്, അല്ലെങ്കിൽ അതിനു സാധിക്കുന്നത്, അവരുടെ കാടുമായുള്ള ബന്ധം കൊണ്ടാണ്. നാടുമായുള്ള ബന്ധങ്ങൾ പിന്നീട് അവരുടെ ജീവിതത്തിലും സാമൂഹികക്രമത്തിലും കടന്നുവന്ന ഒന്നാണ്. ഭരണകർത്താക്കളും, നയരൂപീകർത്താക്കളും കാണാതെ പോകുന്നതും കാട്ടുകാരുടെ ഭൂമിപ്രശ്നമാണ്. കാരണം, ഭരണകർത്താക്കളും, നയരൂപീകർത്താക്കളും നാട്ടുകാരാണ്. കാട് എന്നത് സർക്കാർ ഭൂമിയാണ്. അതിന്റെ ഉടമസ്ഥത ആദിവാസികളിൽ നിന്ന്മാറിപ്പോയത്, വിഭവവുമായി ബന്ധപ്പെട്ടാണ്. കൊളോണിയൽ ഭരണകാലത്തുമുതൽ നടപ്പാക്കിയ നിയമങ്ങളെയും സ്വാതന്ത്ര്യത്തിനുശേഷമുണ്ടായ പുരോഗതികളെയുമെല്ലാം 2006-ൽ വന്ന വനാവകാശ നിയമത്തിൽ എടുത്തുപറഞ്ഞ ചരിത്രപരമായ അനീതിയുമായി കൂട്ടിവായിക്കാം. ഇതിൽ ആത്യന്തികമായ വിഷയം, നയരൂപീകരണത്തിലും നടത്തിപ്പിലും ആദിവാസികളുടെ, അതിലുപരി കാട്ടുകാരുടെ ആവശ്യങ്ങളും അവരുടെ പ്രാതിനിധ്യവും ഉണ്ടായില്ല എന്നതാണ്. വനാവകാശനിയമം അതിന്റെ അന്തഃസത്തതയോടെ നടപ്പിലാക്കാൻ കഴിയാതെപോയതും നാട്ടുകാർ, കാട്ടുകാർ എന്ന വൈരുദ്ധ്യാത്മകത നിലനിക്കുന്നതുകൊണ്ടാണ് എന്ന് കൂട്ടിവായിക്കാം.
സമൂഹം എന്നത് പരിവർത്തനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അതുപോലെ തന്നെയാണ് ആദിവാസികളും.
ഇന്ന് ആദിവാസികളിൽ കാട്ടുകാരും, നാട്ടുകാരും ഉണ്ട്. അതുകൊണ്ടുതന്നെ നയരൂപീകരണത്തിന്റെ വക്താക്കൾ, വ്യത്യസ്ത ആളുകൾക്കായി വ്യത്യസ്ത നയങ്ങൾ നിർമിക്കുകയും നടപ്പിലാക്കുകയും വേണം എന്നും, അവരുടെകൂടി ആവശ്യങ്ങൾ പരിഗണിച്ചുവേണം അത് നടപ്പിലാക്കിക്കേണ്ടത് എന്നുമാണ്
പ്രധാനമായി കാണേണ്ടത്.
കമ്പോളവ്യവസ്ഥിതിയും സാമൂഹിക മാറ്റവും കാട്ടുകാർക്കിടയിൽ
ആദിവാസിവിഭാഗങ്ങളിൽ ചിലത് പൂർണമായും നാട്ടുകാരായി മാറിയിട്ടുണ്ട്. അത് അവർ സ്വയം തെരഞ്ഞെടുത്തതോ അല്ലെങ്കിൽ സാമൂഹികമായി സംഭവിച്ചതോ ആകാം. കോട്ടയം ജില്ലയിലെ മലയരയരുടെ കാര്യമെടുത്താൽ, അവർ സാമൂഹികമായി മുന്നോട്ടുപോയിട്ടുണ്ടെന്ന് വാദിക്കുന്നവരുണ്ട്. അത് നല്ലതുതന്നെയാണ്. കാരണം, ഇന്ന് എല്ലാം നിയന്ത്രിക്കുന്നത് കമ്പോള വ്യവസ്ഥിതിയാണ്. കൊളോണിയൽ ഭരണകർത്താക്കൾ കാടുകയറിയത് കമ്പോളം ലക്ഷ്യംവച്ചുതന്നെയാണ്. കാട് ഇന്നും സർക്കാരിന് വിഭവം തന്നെയാണ്. ഖനികളും വില്പനമൂല്യമുള്ള എന്തും എന്നും സർക്കാരിന് വിൽക്കാനാകും. അതിന്ആദിവാസികളുടെ അഭിപ്രായമോ അനുവാദമോ നേടേണ്ട കാര്യം സ്റ്റേറ്റിനില്ല. കാരണം, അവരാണ് ഈ വിഭവങ്ങളുടെ വിനിമയത്തിൽ പരമാധികാരി.
ബ്രയാൻ മോറിസ് ഫോറസ്റ്റ് കച്ചവടക്കാരെക്കുറിച്ച് തന്റെ ഹിൽ പണ്ടാരം എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ലഘുവനവിഭവങ്ങൾ (minor forest produce) പകരം നൽകി മലമ്പണ്ടാരങ്ങൾ ഉപ്പ്, ചെട്ടികളിൽ നിന്ന് വാങ്ങിയിരുന്നതായി അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചെട്ടികൾ കമ്പോളത്തിൽ നിന്ന് സാധനങ്ങൾ വാങ്ങി കാട്ടിൽ താമസിക്കുന്ന ആദിവാസികൾക്ക് കച്ചവടം ചെയ്യുന്നവരായിരുന്നു. അവരെ കുടിയേറ്റക്കാരായിട്ടാണ് 2006-ലെ വനാവകാശനിയമം പ്രതിപാദിച്ചിട്ടുള്ളത്, അവരെ ഭൂമിയുടെ അവകാശങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കമ്പോള വ്യവസ്ഥിതി പണാധിഷ്ഠിതമായി മാറിയപ്പോൾ സമ്പത്തിന്റെ കൈകാര്യം ചെയ്യലും വിനിമയവും കൂടുതൽ കാര്യക്ഷമമാകാനും അതിന് നിയമസാധുത ലഭിക്കാനും ഇടയായി. അതുകൊണ്ടുതന്നെയാണ് കുടിയേറ്റക്കാർക്ക് ഭൂമിയിൽ പട്ടയം ലഭിച്ചപ്പോഴും ആദിവാസിയ്ക്ക് അത് ലഭിക്കാതെ പോയത്. ആദിവാസിയ്ക്ക് സാമ്പത്തികമായ കഴിവില്ല. കമ്പോള വ്യവസ്ഥിതിക്ക് സാമൂഹികപരമായ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞെങ്കിലും അത് കാട്ടുകാർക്കിടയിൽ സാമൂഹികമായും സാമ്പത്തികമായും അനിശ്ചിതത്വങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതുവഴി, മുമ്പില്ലാത്തവിധം, നിരവധി തലങ്ങളിലുള്ളവരെ കാട്ടുകാർക്കിടയിൽ സൃഷ്ടിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, നാട്ടുകാർക്കിടയിൽനിന്ന് ആളുകൾ കാട്ടുകാരായ സ്ത്രീകളെ വിവാഹം ചെയ്യുന്നതും നാട്ടുകാരായിട്ടുള്ളവർ പിന്നീട് വിഭവങ്ങൾ കൈയാളുന്നതും സാമൂഹികപരമാണ്. എങ്കിൽ കൂടി അത് കമ്പോള വ്യവസ്ഥിതിയുടെ കൂടി ഫലമാണെന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം. വനാവകാശനിയമം ഇത്തരത്തിലുള്ളവർക്കും അവകാശം നൽകുന്നുണ്ട്.
മറ്റൊരു കാര്യം, വിദ്യാഭ്യാസം നേടിയ ആദ്യ തലമുറയ്ക്കു മുതൽ, കമ്പോള വ്യവസ്ഥിതിതിയിലധിഷ്ഠിതമായ ലോകവീക്ഷണമുണ്ടാകാനിടിയായതും സ്റ്റേറ്റിന്റെ സംഭാവനയാണ്. എന്നാൽ ഇവിടെ സാമ്പത്തിക കഴിവില്ലായ്മയാണ് അവരുടെ മുന്നോട്ടുള്ള യാത്രയിൽ, അതായത്, തുടർപഠനത്തിനും ജോലിസമ്പാദനത്തിനുമൊക്കെ, വിഘാതം സൃഷ്ടിക്കുന്നത്.
ലോകവീക്ഷണം: കാട്ടുകാരും നാട്ടുകാരും തമ്മിലുള്ള അന്തരം
ലോകവീക്ഷണം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്, സമൂഹത്തിന്റെ കാഴ്ചയും അത് ലോകത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നതുമാണ്. ലോകം എന്നാൽ അന്തർദേശീയത എന്ന ആശയം ഇല്ല, പകരം വീക്ഷണമാണ്. ഉദാഹരണത്തിന് ഭൂമി എന്നത് ഇന്ന് സ്വകാര്യ സ്വത്താണ്, നാട്ടുകാർക്കിടയിൽ. എന്നാൽ മുൻപ് കാട്ടുകാർക്ക് ഭൂമി സാമൂഹികമായ സമ്പത്ത് അല്ലെങ്കിൽ വിഭവം ആയിരുന്നു. നമ്മൾ ഇന്ന് പ്രയോഗിക്കുന്ന സുസ്ഥിരവികസന കാഴ്ചപ്പാട് വളരെമുമ്പ് ആദിവാസികളായ കാട്ടുകാർക്കിടയിൽ നിലനിന്നിരുന്നതാണ്. ജീവിക്കാൻ വേണ്ടി കൃഷി ചെയ്തിരുന്നതിൽനിന്ന് വിൽക്കാനും അങ്ങനെ കമ്പോളവ്യവസ്ഥിതിയുടെ നിയന്ത്രണത്തിൽ ജീവിക്കാൻ പ്രേരണയാകുന്നതും വീക്ഷണങ്ങളിൽ വന്ന മാറ്റം കൂടിയാണ്. ഇന്ന് തദ്ദേശീയരായി നിലനിൽക്കുന്ന ആദിവാസിസമൂഹങ്ങൾ തുടർന്നുപോകുന്നത് തദ്ദേശീയ കാഴ്ചപ്പാടിലൂടെയാണ്, അതേസമയം, കമ്പോളവ്യവസ്ഥിതിയുടെ കടന്നുകയറ്റത്തോടെ ജീവിക്കുന്ന ആളുകൾ പാശ്ചാത്യമായ ലോകവീക്ഷണത്തിലാണ് ജീവിക്കുന്നത് എന്നും തരംതിരിക്കാം. ഇതിനെ വെസ്റ്റേൺ വേൾഡ് വ്യൂ എന്നും ഇൻഡിജീനിയസ് വേൾഡ് വ്യൂ എന്നും തരംതിരിക്കാം.
ഉദ്യോഗസ്ഥർ ഭരണാധികാരത്തിന്റെ നടത്തിപ്പുകാരാണ്. അവർ അധികാരം കൈയാളുന്നവരുമാണ്. അതുകൊണ്ടുതന്നെ ആദിവാസികളുടെ ജീവിതങ്ങൾ മാറ്റിമറിക്കാൻ അവർക്ക് കഴിവുണ്ട്. ആദിവാസി ക്ഷേമവകുപ്പും, വനം വകുപ്പും പലപ്പോഴും രണ്ടുവഞ്ചിയിൽ പോകുന്നവരാണ്.
അപ്പോൾ ലോകവീക്ഷണം എന്നത്, ഒരു കൂട്ടം ആളുകളുടെ വിശ്വാസങ്ങളും, ജീവിതരീതിയും അത് എങ്ങനെ അവരുടെ മുന്നോട്ടുള്ള യാത്രയ്ക്ക് സഹായകമാകും എന്നതിനെയും നോക്കിക്കാണുന്നതിലൂടെ വിലയിരുത്താവുന്ന ഒന്നാണ്. ഈ കാഴ്ചപ്പാടിലൂടെ വേണം നയങ്ങൾ രൂപീകരിക്കാനും നടപ്പിലാക്കാനും ശ്രമിക്കുന്നവർ കാട്ടുകാരെ സമീപിക്കാൻ. ചരിത്രം അവരോട് ചെയ്ത അനീതി മനസ്സിലാക്കേണ്ടതും അതിനനുസരിച്ച് പ്രവർത്തിക്കേണ്ടതും നാട്ടുകാരുടെ കടമയാണ്.
ആദിവാസി വികസന- ക്ഷേമ പ്രവർത്തനങ്ങളും ഉദ്യോഗസ്ഥ പ്രഭുത്വവും
ഉദ്യോഗസ്ഥർ ഭരണാധികാരത്തിന്റെ നടത്തിപ്പുകാരാണ്. അവർ അധികാരം കൈയാളുന്നവരുമാണ്. അതുകൊണ്ടുതന്നെ ആദിവാസികളുടെ ജീവിതങ്ങൾ മാറ്റിമറിക്കാൻ അവർക്ക് കഴിവുണ്ട്. ആദിവാസി ക്ഷേമവകുപ്പും, വനം വകുപ്പും പലപ്പോഴും രണ്ടുവഞ്ചിയിൽ പോകുന്നവരാണ്. ഈ വകുപ്പിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള കിടമത്സരങ്ങളും ഐക്യമില്ലായ്മയുമാണ് 2006-ലെ വനാവകാശനിയമങ്ങളെ അട്ടിമറിച്ചത്. ആദിവാസികൾക്കും കാട്ടുകാർക്കും അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് കഴിയാതെ വന്നതും ഇതുമൂലമാണെന്ന് നിരവധി പഠനങ്ങളിൽ പറയുന്നുണ്ട്. 2003-ലെ മുത്തങ്ങ സമരത്തോടനുബന്ധിച്ച് ഇടതുപക്ഷം നൽകിയ ഉറപ്പുകളൊന്നും സമരശേഷവും വനാവകാശനിയമം നിലവിൽവന്നപ്പോഴും നടപ്പിലാക്കാൻ കഴിയാതെ പോയത് ഉദ്യോഗസ്ഥപ്രഭുത്വം മൂലമാണെന്ന് ചിലർ വാദിക്കുന്നുണ്ട്. എന്നാൽ കാഴ്ചപ്പാടുകളുടെ അപര്യാപ്തതയും വകുപ്പുകളുടെ ഏകോപനമില്ലായ്മയും അതിലുപരി കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന പണാധിഷ്ഠിത കമ്പോളവ്യവസ്ഥിതിയും ഇതിനുപിന്നിലുണ്ട്. കാട്ടുകാർക്കും നാട്ടുകാരായി മാറിയ മൂന്നുസെൻറ് കോളനികളിൽ എത്തിപ്പെട്ട ആദിവാസികൾക്കും സാമ്പത്തികമായ ശേഷി ഉണ്ടാക്കിയെടുക്കാവുന്ന നയരൂപീകരണമാണ് ഇന്നത്തെ ആവശ്യം.
അധികാരവ്യവസ്ഥയും ആദിവാസിയും
ഒന്നിനും പൂർണമായി മറ്റൊന്നിൽനിന്ന് മാറിനിക്കാനാകില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ലോകവീക്ഷണങ്ങൾ മിശ്രിതമാകുന്നതിൽ ആളുകളെ തെറ്റു പറയാനാകില്ല. പഴയതിന്റെ നല്ല വശങ്ങൾ എടുക്കേണ്ടത് അനിവാര്യമാണ്. ഗാർഹികമായ അരക്ഷിതാവസ്ഥയും ആത്മഹത്യയുമെല്ലാം ഇന്ന് ആദിവാസി സമൂഹങ്ങളിൽ, പ്രത്യേകിച്ച് കാട്ടുകാരെ നിരീക്ഷിക്കുമ്പോൾ കാണാം. സാമൂഹികമായ രൂപപ്പെടുത്തലുകൾ മാനസികമായ അവരുടെ വീക്ഷണങ്ങളെ എങ്ങെനെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട ഒന്നാണ്. വിദ്യാഭ്യാസവും നാട്ടുകാരുമായുള്ള ഇടപഴകലുമെല്ലാം നൽകിയ തിരിച്ചറിവ് പുതിയ കാലഘട്ടത്തിലെ ആദിവാസികൾക്ക് ഗുണംചെയ്തിട്ടുണ്ട്. തങ്ങളുടെ ഊരിൽ നടക്കുന്നതിനെക്കുറിച്ച്, നാട്ടുകാരുടെ സമീപനത്തോടെ ചിന്തിക്കാനിടയായത് ഗുണവും ദോഷവും ഉണ്ടാക്കിയിട്ടുണ്ട്. സാമൂഹികശാസ്ത്രജ്ഞർ പറയുന്നതുപോലെ ആദിവാസികളുടെ തദ്ദേശീയഭാഷയും സംസ്‌കാരവും അവർക്ക് മോശമെന്ന് തോന്നിത്തുടങ്ങുന്നത് കമ്പോള വ്യവസ്ഥിതിയുടെ വരവോടെയും അതിനുശേഷമുണ്ടായ സാമൂഹിക പരിവർത്തനങ്ങളിലൂടെയും ആണെന്നുകാണാം. ആദിവാസികളുടെ ഭാഷ പുതുതലമുറയിലുള്ളവർ സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നതിനെ ഭാഷാപരമായും സാമൂഹികപരവുമായ സമീപനങ്ങളിൽ നിന്ന് നോക്കിക്കാണാം.
2020 മുതൽ പുതിയ കാലഘട്ടത്തിലെ ആദിവാസി വിദ്യാർഥികളുമായി സംസാരിക്കാൻ ഇടയായപ്പോൾ അവർ വ്യക്തതയോടും കൃത്യതയോടെയും മലയാളഭാഷ പറയുന്നത് കേട്ടിട്ടുണ്ട്. അത് നല്ലതാണ്, കാരണം അവർ ഇറങ്ങിവരുന്നത് കാഴ്ചപ്പാടുകളിൽ വിഭിന്നരായവരുടെ അടുത്തേക്കാണ്. ഭൂരിപക്ഷത്തിന്റെ ഭാഷയെ ആ സമൂഹം എന്നും ഉൾക്കൊണ്ടിട്ടുണ്ട്. ഇത് സാമൂഹികമായും, സാമ്പത്തികമായും, ചരിത്രപരമായും പരിശോധിച്ചാൽ മനസ്സിലാകും. ആദിവാസികളുടെ ഭാഷ നിലനിർത്താൻ അവരുടെ ക്ഷേമത്തിന് പ്രവർത്തിക്കുന്ന നിരവധി സ്ഥാപങ്ങളുണ്ട്. അവർ ശ്രമിച്ചാൽ അതിനുകഴിയും. ആദിവാസികളിൽ നിന്നുതന്നെ അതിന് ആളുകൾ ഉയർന്നുവരും. അതിന്, സാംസ്‌കാരികമായ സമ്പത്തിനൊപ്പം അവരുടെ സാമ്പത്തികാവസ്ഥകൾ കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്.
വ്യവസ്ഥിതി കമ്പോളാധിഷ്ഠിതവും അധികാരമുള്ളവരുടെ നിലയ്ക്ക് പോകുന്നതുമാണ്. കോളേജ് പഠനത്തിന് എയ്ഡഡ് കോളേജുകളിൽ അഡ്മിഷൻ ലഭിക്കുന്ന എത്ര കാട്ടുകാരായ, നാട്ടുകാരായ ആദിവാസി വിദ്യാർഥികൾക്ക് ഹോസ്റ്റൽ ഫീസും, മറ്റും കൊടുത്ത് മുന്നേറാനാകുന്നുണ്ട്? വിദ്യാഭാസ കച്ചവടത്തിന് സ്വയംഭരണാവകാശം കൂടി ലഭിച്ചപ്പോൾ കച്ചവടക്കാർക്ക് നന്നായി വിലപേശാനും വിൽക്കാനും കഴിയുന്നുണ്ട്. സമൂഹം മാറ്റത്തിന് വിധേയമാണ്, അത് മാറുകതന്നെ ചെയ്യും. എന്നാൽ ആ മാറ്റം കഴിവുള്ളവർക്കുമാത്രം ഗുണം ചെയ്യുന്ന രീതിയിലാകാതിരിക്കണം. അധികാരം പ്രയോഗിച്ച് ആളുകളെ നിലയ്ക്കുനിർത്തുന്നതിനുപകരം ആ അധികാരം കാര്യപ്രാപ്തിയുള്ള ഒരു സമൂഹത്തെ ഉണ്ടാക്കുന്നതിനായി മാറണം. ആനയെയും, പുലിയെയും, കാടിനെയും പേടിയില്ലാത്ത കാട്ടുകാരായ ആദിവാസി, ഒരു സർക്കാർ ഉദ്യോഗസ്ഥനുമുൻപിൽ മുട്ടുമടക്കി നിൽക്കുന്നതിലല്ല അധികാര നടത്തിപ്പുകാർ ആവേശം കൊള്ളേണ്ടത്. സർക്കാർ ഉദ്യോഗസ്ഥർക്കുമുമ്പിൽ നാട്ടുകാരും മുട്ടുമടക്കിനിൽക്കാറുണ്ട്. അത് നമ്മുടെ അധികാര വ്യവസ്ഥിതിയിലിരിക്കുന്നവരുടെ മാടമ്പിത്തരം മൂലമാണ്. നമ്മുടെ വ്യവസ്ഥിതി കഴിവുള്ളവരെയും ഇല്ലാത്തവരെയും നിലനിർത്തുന്നതിന് സഹായിച്ചിട്ടുണ്ട്, അത്, കമ്പോളത്തിലൂന്നിയ ഒരു വ്യവസ്ഥിതിയായതുകൊണ്ടാണ്. ഉള്ളവർക്കേ വാങ്ങാനും ഉപയോഗിക്കാനും കഴിയുകയുള്ളൂ, അത് അങ്ങനെയാണ്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.