ലക്ഷദ്വീപിലെ പ്രശ്​നത്തിനുപിന്നിൽ മതത്തേക്കാൾ മണ്ണാണ്​

അഡ്​മിനിസ്​ട്രേറ്ററുടെ ഓഫീസിനുമുന്നിലുള്ള ഒരു മുസ്‌ലിം പള്ളിയുടെ മൂന്ന് മീറ്റർ സ്ഥലം പള്ളി പൊളിച്ച് ഏറ്റെടുക്കുമെന്ന് കഴിഞ്ഞദിവസം അറിയിപ്പുണ്ടായി. പിന്നീട് അത് അഞ്ച് മീറ്ററായി. അതോടെ പള്ളിയിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള ഇടമാണ് ഇല്ലാതാകുന്നത്. പുറമേ ഇത് ഒരു മതപരമായ വിഷയമായി തോന്നാമെങ്കിലും അഡ്മിനിസ്ട്രേറ്റർക്ക് വേണ്ടത് സ്ഥലമാണ്. അതിനിടെ, 15 വർഷമായി പ്രവർത്തിക്കുന്ന സാൻഡി ബീച്ച് 27ന് രാത്രി നോട്ടീസ് പോലും നൽകാതെ പൊളിച്ചുമാറ്റി. വൻകിട കോർപ്പറേറ്റുകൾക്കാണ് ഇത് കൈമാറാൻ പോകുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കരണത്തിനെതിരെ ജനശബ്ദം ഉയർന്നാൽ ഇവിടെ നടക്കുന്നത് വർഗ്ഗീയ കലാപമാണെന്ന് വരുത്തിത്തീർക്കുകയാണ് ബി.ജെ.പിയുടെയും കേന്ദ്ര സർക്കാരിന്റെയും ലക്ഷ്യം.

ക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ വിവാദ നയങ്ങൾക്കെതിരെ ദ്വീപിനും പുറത്തും പ്രതിഷേധം കത്തിപ്പടരുകയാണ്. കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച് വീടുകൾക്ക് മുന്നിലാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സമരം ചെയ്യുന്നത്. ലക്ഷദ്വീപ് ഡവലപ്പ്മെൻറ്​ റഗുലേഷൻ- 2021 (എൽ.ഡി.എ.ആർ) എന്ന കരടുനിയമത്തിനെതിരെയാണ് പ്രതിഷേധം.

വികസനത്തിന്​ ഭൂമിയുടെ വിനിയോഗവും ഏറ്റെടുക്കലുമടക്കമുള്ള കാര്യങ്ങളിൽ അഡ്മിനിസ്ട്രേറ്റർക്ക് സമ്പൂർണാധികാരം നൽകുന്നതാണ് എൽ.ഡി.എ.ആർ. ഇതനുസരിച്ച് ആസൂത്രിത വികസന പദ്ധതികൾക്ക് തടസ്സമായി വന്നാൽ ജനങ്ങളെ നീക്കാനും മാറ്റിപ്പാർപ്പിക്കാനും അവരുടെ ഭൂമി ഏകപക്ഷീയമായി ഏറ്റെടുക്കാനും ഭരണകൂടത്തിന് അധികാരം ലഭിക്കും. കൂടാതെ പദ്ധതികൾക്ക് അനുമതി നൽകിക്കഴിഞ്ഞാൽ നിയമപരമായി ചോദ്യം ചെയ്യാനുമാകില്ല.

എൽ.ഡി.എ.ആറിലെ വ്യവസ്ഥകൾ ചോദ്യം ചെയ്യുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷ ജീവപര്യന്തം തടവോ അഞ്ച് ലക്ഷം രൂപ പിഴയോ ആണ്. കരടിൽ വികസന പ്രവർത്തനങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുള്ള ഖനനം, ഹൈവേ നിർമ്മാണം തുടങ്ങിയവ പരിസ്ഥിതി ലോലമായ ദ്വീപിനെ തകർക്കുമെന്ന് പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. എൽ.ഡി.എ.ആർ നടപ്പിലാകുന്നതോടെ ദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യമാണ് നിലവിൽ വരികയെന്നും രാഷ്ട്രീയ- നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഫോട്ടോ : മനില സി. മോഹൻ
ഫോട്ടോ : മനില സി. മോഹൻ

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാഗമാണെങ്കിലും ലക്ഷദ്വീപ് ചില പ്രത്യേകതകളുള്ള പ്രദേശമാണ്. 99 ശതമാനവും ആദിവാസി വിഭാഗത്തിലുള്ളവർ ജീവിക്കുന്ന പ്രദേശമായതിനാൽ പട്ടിക വർഗ സംരക്ഷണത്തിന്റെ ഭാഗമായുള്ള 1964ലെ ലക്ഷദ്വീപ് റഗുലേഷൻ ആക്ട് നിലവിലുണ്ട്. ഇതനുസരിച്ച് ലാക്കാഡൈവ്, മിനിക്കോയ്, അമിനി ദ്വീപുകളിൽ ലാൻഡ് റവന്യൂവിനും, 1965ലെ വ്യവസ്ഥകൾ അനുസരിച്ച് ദ്വീപുകളിൽ ഭൂമി പാട്ടത്തിനും വ്യക്തമായ വിലക്കുണ്ട്. 1964ലെ ലക്ഷദ്വീപ് (പട്ടികവർഗക്കാരുടെ സംരക്ഷണം) റെഗുലേഷൻ നിയമത്തിന് 1973ൽ ഭേദഗതി വരുത്തി. ഈ റെഗുലേഷൻ പ്രകാരം, പട്ടികവർഗ അംഗങ്ങളുടെ ഏതെങ്കിലും ഭൂമി വിൽപ്പന, പണയം, പാട്ടം, കൈമാറ്റം, സമ്മാനം അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിലുള്ള കൈമാറ്റം നിയന്ത്രിക്കാൻ വ്യവസ്ഥയുണ്ട്. ഈ വകുപ്പിന് വിരുദ്ധമായി നിർമിച്ച ഏതെങ്കിലും ഭൂമിയുടെ കൈമാറ്റം, അറ്റാച്ചുമെൻറ്​ അല്ലെങ്കിൽ വിൽപ്പന അസാധുവാണെന്നും നിയമം പറയുന്നു. ഇതിനുമുകളിലാണ് ഇപ്പോൾ ലക്ഷദ്വീപ് ഡവലപ്പ്മെൻറ്​ റഗുലേഷൻ ആക്ട് കൊണ്ടുവരാൻ ശ്രമിക്കുന്നത്.

ദാമനിൽ മുക്കുവരെ തുരത്തിയ ഖോഡ

പുതുച്ചേരി ഒഴികെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിൽ മുഖ്യമന്ത്രിയോ നിയമസഭയോ ഇല്ല. പകരം കേന്ദ്രസർക്കാരിന് നേരിട്ട് ഭരണം നടത്താൻ സൗകര്യത്തിന് അഡ്മിനിസ്ട്രേറ്ററെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സാധാരണ ഐ.എ.എസ് ഉദ്യോഗസ്ഥരായിരിക്കും അഡ്മിനിസ്ട്രേറ്റർമാർ. ദാമനിലും ദിയുവിലും ഹവേലിയിലും ലക്ഷദ്വീപിലുമെല്ലാം ഇത്തരത്തിൽ ബ്യൂറോക്രാറ്റുകളായ അഡ്മിനിസ്ട്രേറ്റർമാരാണ് ഭരിച്ചിരുന്നത്. 2016ൽ ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി പ്രഫുൽ ഖോഡ പട്ടേൽ ദാമനിൽ അഡ്മിനിസ്ട്രേറ്ററായതോടെ ഈ പതിവ് മാറി. ദാമനിലെ ആദ്യത്തെ പൊളിറ്റിക്കൽ നിയമനമായിരുന്നു പ്രഫുൽ പട്ടേലിന്റെത്. ദാമന്റെ ഒരരികിൽ കടലിനഭിമുഖമായി കിടക്കുന്ന ഒരു കിലോമീറ്റർ നീളമുള്ള പ്രകൃതിമനോഹരമായ വാട്ടർ ഫ്രണ്ട് ഒഴുപ്പിച്ചെടുക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. 2019 നവംബറിൽ ദാമനീസ് എന്ന ആദിവാസികളായ മുക്കുവർ ഈ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോയി. 1000ത്തിലേറെ വർഷങ്ങൾ ജീവിച്ചിരുന്ന ചുറ്റുപാടുകളിൽ നിന്നാണ് അവർ ആട്ടിയിറക്കപ്പെട്ടത്.

ഇന്ന് മോട്ടി ദാമനിലെ ഒരു ചേരിയിൽ കുടിൽ കെട്ടി താമസിക്കുകയാണ് അവർ. മുക്കുവർ ഒഴിഞ്ഞുപോയ സ്ഥലം സി.ജി. കോർപ്പറേഷൻ ഉടമയും നേപ്പാളീസ് കോടീശ്വരനുമായ ബിനോദ് ചൗധരിയുടെ കയ്യിലാണിപ്പോൾ. അവിടെ മുക്കുവ കുടിലുകൾക്ക് സമാനമായ രീതിയിൽ കോട്ടേജുകൾ കെട്ടിയിട്ടിട്ടുണ്ട്. ദിവസം 60- 80 ഡോളർ വരെയാണ് ഈ കോട്ടേജിൽ ടെൻറ്​ ടൂറിസം ആസ്വദിക്കാനുള്ള വാടക. രണ്ട് കിലോമീറ്റർ അപ്പുറത്ത് ആ സ്ഥലത്തിന്റെ യഥാർത്ഥ അവകാശികൾ ടെൻറ്​ കെട്ടി താമസിക്കുകയാണ്. ഇതേ പ്രഫുൽ കോഡ പട്ടേലിനെയാണ് കഴിഞ്ഞ ഡിസംബറിൽ ലക്ഷദീപിലേക്ക് അധികചുമതല നൽകി അഡ്മിനിസ്ട്രേറ്ററായി കെട്ടിയിറക്കിയത്. ദാദ്ര ഹവേലിയിൽ എം.പിയായിരുന്ന മോഹൻ ദേൽക്കർ 2021 ഫെബ്രുവരിയിൽ ആത്മഹത്യ ചെയ്ത കേസിൽ ആരോപണ വിധേയനാണ് ഇദ്ദേഹം. ദേൽക്കറുടെ ആത്മഹത്യാക്കുറിപ്പിൽ ഖോഡയുടെ പേര് വ്യക്തമായി പറയുന്നുമുണ്ട്.

സമാധാനഭൂമിയിലെ ഗുണ്ടാനിയമം

ലക്ഷദ്വീപിൽ പട്ടേൽ ആദ്യം ചെയ്തത് കോവിഡ് ക്വാറന്റയിൻ വ്യവസ്ഥകളിൽ ഏകപക്ഷീയമായ ഇളവ് കൊണ്ടുവരികയായിരുന്നു. 2020ൽ ഒറ്റ കോവിഡ് ബാധിതർ പോലുമില്ലാതിരുന്ന ലക്ഷദ്വീപിൽ കഴിഞ്ഞയാഴ്ച വരെ 6611 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 70,000 പേർ മാത്രം താമസിക്കുന്ന ദ്വീപിൽ ഇതുവരെ 24 കോവിഡ് മരണങ്ങൾ. ദ്വീപ് നിവാസികളുടെ ഭക്ഷണസ്വാതന്ത്ര്യത്തിലുള്ള ഇടപെടൽ കൂടിയായതോടെ അഡ്മിനിസ്ട്രേറ്റർക്കെതിരായ എതിർപ്പ് വ്യാപകമായി. ഭൂരിപക്ഷം പേരുടെയും ഭക്ഷണത്തിന്റെ ഭാഗമാണ് പോത്തിറച്ചി എന്നിരിക്കെ ബീഫിന്റെ വിൽപ്പനയും ഉപയോഗവും സംഭരണവും നിരോധിക്കുന്ന ലക്ഷദ്വീപ് മൃഗസംരക്ഷണ നിയമനിർമാണത്തിനായുള്ള നീക്കത്തിലൂടെയാണ് അവരുടെ ഭക്ഷണത്തിനുമേൽ ഭരണകൂടം കൈകടത്തുന്നത്. ഇതോടൊപ്പം അവരുടെ ഉപജീവന മാർഗ്ഗമായ മത്സ്യബന്ധനം തകർക്കാനുള്ള നിയന്ത്രണങ്ങളും ഭരണകൂടം കൊണ്ടുവന്നു. തീരദേശ നിയമം ലംഘിക്കുന്നുവെന്ന് ആരോപിച്ച് പരമ്പരാഗതമായി മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നവരുടെ ബോട്ടുകളും വലയുണക്കാനുള്ള സംവിധാനങ്ങളും സംഭരണസൗകര്യങ്ങളും ഷെഡുകളുമെല്ലാം അഡ്മിനിസ്ട്രേറ്റർ നീക്കുകയായിരുന്നു.

ഫോട്ടോ : അബ്ദുൽ റഷീദ്
ഫോട്ടോ : അബ്ദുൽ റഷീദ്

രണ്ടോ അതിലധികമോ മക്കളുള്ളവരെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുക, രാജ്യത്ത് തന്നെ ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്ന പ്രദേശത്ത് ഗുണ്ടാ ആക്ട് ഏർപ്പെടുത്തുക തുടങ്ങിയവയാണ് മറ്റ് വിചിത്ര പരിഷ്‌കാരങ്ങൾ. കാരണം വ്യക്തമാക്കാതെ ഒരാളെ ഒരുവർഷം വരെ തടവിൽ വയ്ക്കാൻ അനുമതി നൽകുന്നതാണ് ഗുണ്ടാ നിയമം. ജനാധിപത്യപരമായ എതിർപ്പുകളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അടിച്ചമർത്തുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ആഭ്യന്തര കലാപങ്ങളും യുദ്ധവും തകർത്ത ഒരു പ്രശ്നഭൂമിയിലല്ല ഈ പരിഷ്‌കാരങ്ങളെല്ലാം നടക്കുന്നത്. പകരം ഇന്ത്യയിലെ ഏറ്റവും സമാധാന പ്രിയരായ മനുഷ്യർ ജീവിക്കുന്നുവെന്ന് ഇത്രകാലവും പ്രചരിപ്പിക്കപ്പെട്ടിരുന്ന ഗ്രാമീണ സുന്ദരമായ ലക്ഷദ്വീപിലാണ്.

പുറകിൽ ഒരു ഗൂഢാലോചന

ദ്വീപിലെ ജനങ്ങളെയും ജീവിത രീതികളെയും നിലവിലെ പ്രശ്നങ്ങളെയും കുറിച്ച് ലക്ഷദ്വീപിൽ ലീഗൽ കൗൺസിലറായിരുന്ന അഡ്വ. റുഷ്​ദ വി. എം. പറയുന്നു: ‘‘ലക്ഷദ്വീപ്​ ജനത സമാധാനപ്രിയരാണ്. കടലുമായി പോരാടി ജീവിക്കുന്നവർ. ആ പോരാട്ടജീവിതം മനസ്സിലാകണമെങ്കിൽ രണ്ടുദിവസം നാം അവിടെ പോയി ജീവിക്കണം. അവരുടെ ജീവിതത്തെ ബാധിക്കുന്ന നിയമം അവരുമായി ആലോചിച്ചാണ്​ കൊണ്ടുവരേണ്ടത്​. ആ നിയമം അവർക്ക് വേണോയെന്നാണ് ആദ്യം അറിയേണ്ടിയിരുന്നത്. കടലിന് നടുവിൽ അവരെ ഒറ്റപ്പെടുത്തുന്നതിന് തുല്യമാണ് ഈ നിയമം അടിച്ചേൽപ്പിക്കാനുള്ള ശ്രമം. മതത്തിന്റെ പേരിലാണ് ഇവരോട് കേന്ദ്ര സർക്കാർ ശത്രുതയോടെ പെരുമാറുന്നതെന്നാണ് ആരോപണം. അതേസമയം, മുസ്‌ലിം ഭൂരിപക്ഷമുള്ള ഈ മണ്ണിൽ ഹിന്ദു ക്ഷേത്രവുമുണ്ട്. ഐ.ആർ.ബി.എൻ ബറ്റാലിയൻ സ്ഥിതിചെയ്യുന്നതിന് സമീപം വളരെ ഭംഗിയോടെയാണ് നാട്ടുകാർ ഈ ക്ഷേത്രം പരിപാലിക്കുന്നത്. മതമാണ് കേന്ദ്രസർക്കാരിന്റെ വിഷയമെങ്കിൽ ഇതുകൂടി അവർ ആലോചിക്കേണ്ടതുണ്ട്. മാലി ദ്വീപു പോലെയോ ഗോവ പോലെയോ ഒക്കെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം വികസനമാണ് സർക്കാർ ലക്ഷ്യമെങ്കിൽ അതിന് അവിടുത്തെ ജനങ്ങളോടുകൂടി അഭിപ്രായം തേടണം. ലക്ഷദ്വീപിലെ 36 ദ്വീപുകളിൽ പത്തിടത്താണ് ആൾത്താമസം. ബംഗാരം ദ്വീപിൽ മാത്രമാണ് ടൂറിസത്തിന് റിസോർട്ടുകൾ പണിതിരിക്കുന്നത്. ഇവിടെ ആൾത്താമസമില്ല, കുറച്ച് റിസോർട്ടുകളും ജീവനക്കാരും മാത്രമാണുള്ളത്. സർക്കാരിന് ടൂറിസമാണ് ലക്ഷ്യമെങ്കിൽ അവിടേക്ക് ശ്രദ്ധ പതിപ്പിക്കുകയും ജനവാസമുള്ള പത്ത് ദ്വീപുകളും വെറുതെ വിടുകയും ചെയ്യാം. ജനവാസമില്ലാത്ത മറ്റ് ദ്വീപുകളിലെല്ലാം പവിഴപ്പുറ്റ് ഉള്ളതിനാൽ കപ്പൽ അടുപ്പിക്കാനാകില്ല. അതിന് പോംവഴി കണ്ടെത്തി സർക്കാരിന് ഇവിടെയും ടൂറിസത്തിന് ഉപയോഗിക്കാം.

അഗത്തിയിലാണ് ലക്ഷദ്വീപിലെ വിമാനത്താവളം. 25 പേർക്കുമാത്രം യാത്ര ചെയ്യാവുന്ന ഒരു വിമാനം മാത്രമാണ് ഇവിടെ വരുന്നത്. ഇതിനുവേണ്ടിയാണ് മോദി സർക്കാർ 250 കോടി രൂപയുടെ വിമാനത്താവള വികസനം പറയുന്നത്. ബൈക്കിൽ 20 മിനുറ്റ് യാത്രചെയ്താൽ കണ്ടുതീരാവുന്ന ഒരു നാടിനുവേണ്ടിയാണ് 250 കോടിയുടെ വികസനം. ഇന്ദിരാഗാന്ധിയുടെ കാലത്ത് കൊടുത്ത രണ്ട് ഹെലികോപ്റ്ററുകളാണ് ഇവർക്ക് ഇപ്പോഴുമുള്ളത്. ഇവ കാലപ്പഴക്കം മൂലം എപ്പോൾ വേണമെങ്കിലും കടലിൽ തകർന്നുവീഴാം. മെഡിക്കൽ ഇവാക്വേഷൻ സൗകര്യത്തിന് പുതിയ ഹെലികോപ്റ്റർ അനുവദിക്കുകയും ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കുകയുമൊക്കെയാണ് ആ ജനതക്കായി ചെയ്യാവുന്നത്. അടിസ്ഥാന സൗകര്യ വികസനം നടത്തിയിട്ടുപോരേ ബാലിയിലേക്കും അമേരിക്കയിലേക്കുമൊക്കെ നോക്കുന്നത്. ഇതിനൊക്കെ പുറമേയാണ് ടൂറിസം വന്നാൽ ലഹരി വസ്​തുക്കൾ വ്യാപകമാകുമെന്ന ജനങ്ങളുടെ ആശങ്ക. അതിനാൽ, അവരുടെ ഭാഗത്തുനിന്ന് അഭിപ്രായ സർവ്വേ നടത്തേണ്ടത് അത്യാവശ്യമാണ്. ടൂറിസം വികസനം നടത്തിയാലും ഒരുപാട് ആളുകളെ ഉൾക്കൊള്ളാനുള്ള ഭൂമിശാസ്ത്ര ശേഷി ആ നാടിനില്ല. മൂന്നുനിലക്കുമുകളിൽ ഒരു കെട്ടിടം നിർമിക്കാനും സാധിക്കില്ല. പിന്നെങ്ങനെ ഖനനവും മറ്റും സാധ്യമാകും?

കേന്ദ്രസർക്കാറിന്റെ നേരിട്ടുള്ള ഭരണമായതിനാൽ കേന്ദ്രനിയമങ്ങളാണിവിടെ. ഒരു നിയമം പാസാക്കുമ്പോൾ സംസ്ഥാനങ്ങൾ പ്രാദേശിക പ്രത്യേകതകൾ അനുസരിച്ച് അതിൽ ഭേദഗതി വരുത്തി റൂളുകൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനങ്ങളിൽ നിയമം കേന്ദ്രസർക്കാരിന്റെയാണെങ്കിലും റൂളുകൾ സംസ്ഥാനങ്ങളുടെയായിരിക്കും. എന്നാൽ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിയമവും റൂളും കേന്ദ്രത്തിന്റേത് തന്നെയായിരിക്കും. ലക്ഷദ്വീപിലെ ഭൂരിഭാഗം ജനങ്ങളും ആദിവാസികളാണ്. ആദിവാസി സംരക്ഷണ നിയമം അനുസരിച്ച് അവരുടെ ഭൂമി വിൽക്കാനും കൈമാറ്റം ചെയ്യാനും പാടില്ല. രാജ്യത്തെ ഏത് പ്രദേശത്തും ഗുണ്ടാ ആക്ട് പ്രാബല്യത്തിൽ വരുത്താൻ സർക്കാരിന് അധികാരമുണ്ട്. ആളുകൾ കുറ്റവാളികൾ അല്ലെങ്കിൽ അതിനെ ഭയപ്പെടേണ്ടതില്ല. എന്നാൽ ലക്ഷദ്വീപിൽ ജനങ്ങൾക്കെതിരായ നിയമങ്ങൾ എല്ലാം ഒരുമിച്ച് കൊണ്ടുവരുമ്പോഴാണ് ഗൂഢാലോചന മണക്കുന്നത്.

അഡ്വ. റുഷ്​ദ വി. എം
അഡ്വ. റുഷ്​ദ വി. എം

തെരഞ്ഞെടുപ്പ് സമയത്ത് ലക്ഷദ്വീപിൽ 144 പ്രഖ്യാപിക്കുകയും സെക്രട്ടേറിയറ്റിന്റെ ചുറ്റുപാടുകളിൽ പൊലീസിനെ വിന്യസിക്കുകയും ചെയ്യാറുണ്ട്. ലക്ഷദ്വീപിൽ എല്ലാക്കാലത്തും നേവിയും ആർമിയും ഉൾപ്പെടെ എല്ലാ പ്രത്യേക സേനകളുടെയും സാന്നിധ്യവും ഉണ്ടാകാറുണ്ട്. എന്നാൽ ഒരിക്കലും അവിടെയൊരു വെട്ടുംകുത്തും നടന്നതായി കേട്ടിട്ടില്ല. സ്വാതന്ത്ര്യത്തിനുശേഷം ലക്ഷദ്വീപിൽ വെറും മൂന്ന്​ കൊലപാതകക്കേസ്​ വിചാരണകളാണ്​ നടന്നിട്ടുള്ളത്​. സർവ്വീസ് കേസുകളും ഭൂമി ഏറ്റെടുക്കലിന്റെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസുകളുമാണ് ലക്ഷദ്വീപിൽ കൂടുതലായും ഉണ്ടാകുന്നത്. പിന്നെ വളരെ കുറച്ച് ഡിവോഴ്സ് കേസുകളും. അല്ലാതെ കൊലപാതകം, പിടിച്ചുപറി, ബലാത്സംഗം തുടങ്ങിയ കേസുകളൊന്നും ഉണ്ടാകാറില്ല. എല്ലാ നിയമവും ഇന്ത്യയിൽ എല്ലായിടത്തും ബാധകമാകണം. അവിടെ മാത്രം ഗുണ്ടാ ആക്ട് വേണ്ട എന്നൊന്നും നമുക്ക് പറയാനാകില്ല. എന്നാൽ ബീഫ് നിരോധനവും ഗുണ്ടാനിയമവും ഭൂമി ഏറ്റെടുക്കലിലെ പുതിയ നിയമങ്ങളും എല്ലാം ഒരുമിച്ച് ഒരു ജനതയുടെ തലയിലേക്ക് ഇട്ടുകൊടുക്കുമ്പോഴാണ് ഗൂഢാലോചന ആരോപിക്കപ്പെടുന്നത്.

ഗുണ്ടാ നിയമം നടപ്പിലാക്കിയാൽ ആരെയും അറസ്റ്റ് ചെയ്ത് ഒരു വർഷം വിചാരണയില്ലാതെ ജയിലിലടക്കാം. ആർക്കെതിരെ വേണമെങ്കിലും ഈ നിയമം ദുരുപയോഗം ചെയ്യാം. ആറ് മാസം മഴയും കാറ്റുമുള്ള പ്രദേശമാണിത്. ടി.വിയോ പത്രങ്ങളോ എപ്പോഴും ലഭ്യമല്ല. അതിനാൽ, പുറംലോകവുമായുള്ള അവരുടെ ബന്ധം തടയാൻ സർക്കാരിന് ബുദ്ധിമുട്ടില്ല. ഇപ്പോൾ അവർ പ്രാദേശികമായി പ്രവർത്തിപ്പിക്കുന്ന സൈറ്റും അടച്ചുപൂട്ടാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുകയാണ്. ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ പോലും വൈകീട്ട് കടലിലിറങ്ങി മീൻപിടിക്കുകയും അവരവർക്ക് ആവശ്യമുള്ളത് വീടുകളിലെത്തിക്കുകയും ചെയ്യുന്നതാണ് അവരുടെ സംസ്‌കാരം. പലരും കടൽത്തീരത്ത് തന്നെ കിടന്നുറങ്ങുന്നവരാണ്. നമ്മളിവിടെ ചായക്കടകളിൽ കൂടുന്നതുപോലെ അവർ കൂടുന്നത് കടൽത്തീരത്താണ്. അത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. മീൻ പിടിക്കുന്നത് തന്നെയും ആവശ്യത്തിനുമാത്രം. കൂടുതൽ വരുന്നത് സംസ്‌കരിക്കാൻ തീരത്തെ ഷെഡ്ഡുകളിലേക്ക് മാറ്റും. ഈ ഷെഡ്ഡുകളാണ് ഇപ്പോൾ അഡ്മിനിസ്ട്രേറ്റർ ഇടപെട്ട് പൊളിച്ചത്. പ്രഫുൽ ഖോഡ പട്ടേൽ ഇവിടെ രാഷ്ട്രീയമായി മാത്രം എല്ലാക്കാര്യത്തെയും കാണുന്നതിന്റെ പ്രശ്നമാണ്. ബ്യൂറോക്രസിയെ മാറ്റിനിർത്തുന്നതാണ് ഇവിടുത്തെ പ്രശ്നം. ഇതിനുപിന്നിൽ കച്ചവടലക്ഷ്യമുണ്ടെന്ന ആരോപണവും ശരിയാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, ലക്ഷദ്വീപിൽ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതോടെ അവർക്ക് ആവശ്യമുള്ള പാലുൽപ്പന്നങ്ങൾ ഗുജറാത്തിൽ നിന്ന് കൊണ്ടുവരേണ്ട അവസ്ഥയാണ്. അമുൽ ഉൽപ്പന്നങ്ങൾ ഗുജറാത്തിൽ നിന്ന് ലക്ഷദ്വീപിൽ എത്തിക്കുന്നതിന് ലിറ്ററിന് ഏകദേശം 800 രൂപ ചെലവ് വരുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ അമിത തുക നൽകേണ്ടത് ലക്ഷദ്വീപ് ഭരണകൂടവും ജനങ്ങളുമാണ്. എത്തിച്ചേരുന്നതാകട്ടെ ഗുജറാത്ത് സർക്കാരിലേക്കും. 40-50 രൂപയ്ക്ക് പാൽ ലഭിക്കുന്ന സ്ഥാനത്താണ് ഇത്. ഒരു നാടിന്റെ വികസനമാണ് ലക്ഷ്യമാക്കുന്നതെങ്കിൽ അവരെ സ്വയംപര്യാപ്തരാക്കാനാണല്ലോ ശ്രമിക്കേണ്ടത്? അല്ലാതെ എല്ലാം പുറത്തുനിന്ന് കൊണ്ടുവരാനാണോ?'’- റുഷ്ദ​ ചോദിക്കുന്നു.

‘‘ലക്ഷദ്വീപിലെ പ്രശ്‌നങ്ങൾക്ക് കാരണം മതം ആണെന്നാണ് സർക്കാരും അവരെ അനുകൂലിക്കുന്നവരും പറയുന്നത്. എന്നാൽ അവിടുത്തെ യഥാർത്ഥ പ്രശ്‌നം മണ്ണ് ആണ്. ആദിവാസി നിയമം നിലനിൽക്കുന്നതിനാൽ അവിടുത്തെ ഭൂമി കൈമാറ്റം ചെയ്യാനാകില്ല. എന്നാൽ അഡ്മിനിസ്‌ട്രേറ്റർക്ക് ഈ ഭൂമി ബലമായി പിടിച്ചെടുക്കാമെന്ന വിധത്തിലാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്. ഈമാസം 27ന് നടന്ന ഒരു സംഭവം തന്നെ ഇതിന് ഉദാഹരണമാണ്. അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിനുമുന്നിലുള്ള ഒരു മുസ്​ലിം പള്ളിയുടെ മൂന്ന് മീറ്റർ സ്ഥലം പള്ളി പൊളിച്ച് ഏറ്റെടുക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് അത് അഞ്ച് മീറ്റർ ആയി. അതോടെ പള്ളിയിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള ഇടമാണ് ഇല്ലാതാകുന്നത്. പുറമേ ഇത് ഒരു മതപരമായ വിഷയമായി തോന്നാമെങ്കിലും അഡ്മിനിസ്‌ട്രേറ്റർക്ക് വേണ്ടത് സ്ഥലമാണ്. അതേസമയം ആളുകളുടെ ശ്രദ്ധ മതപരമായ പ്രശ്‌നത്തിൽ കേന്ദ്രീകരിക്കുകയാണ് ഇത്തരം നീക്കങ്ങളിലൂടെ ചെയ്യുന്നത്. ഈ ഭൂമിയൊന്നും അവിടുത്തെ തന്നെ നാട്ടുകാരിലേക്ക് അല്ല എത്തിച്ചേരുന്നത്. പതിനഞ്ച് കൊല്ലമായി അവിടെ പ്രവർത്തിക്കുന്ന സാൻഡി ബീച്ച് 27ന് രാത്രി നോട്ടീസ് പോലും നൽകാതെ പൊളിച്ചുമാറ്റി. ആളുകൾ ഒത്തുകൂടുന്ന ഒരു സ്ഥലമായിരുന്നു ഇത്. വൻകിട കോർപ്പറേറ്റുകൾക്കാണ്​ ഇത്​ കൈമാറാൻ പോകുന്നത്​. പല കരാറുകളും പ്രഫുൽ പട്ടേലിന്റെ മകന് തന്നെ കൈമാറി പോയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇപ്പോൾ ഈ നാട് സമാധാനത്തിലാണ് പോകുന്നതെങ്കിലും ഇരുപത് കൊല്ലം കഴിയുമ്പോൾ ഈ സമാധാനം നിലനിൽക്കുമോ ഇല്ലയോ എന്ന് അറിയാത്തതുകൊണ്ടാണ് ഈ നിയമങ്ങൾ കൊണ്ടുവരുന്നതെന്നാണ് ഇരുപത്തിയേഴിന് കളക്ടർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ആ പറയുന്നതിൽ യാതൊരു അർത്ഥവുമുള്ളതായി തോന്നുന്നില്ല’’- റുഷ്ദ പറയുന്നു.

ഒരു പ്രദേശത്തെ ജനതയുടെ ജീവിതം ദുസ്സഹമാക്കി അവരെ പലായനം ചെയ്യാൻ നിർബന്ധിതരാക്കുന്ന കേന്ദ്രസർക്കാർ ബുദ്ധി ആന്തമാനിൽ മാത്രം ഒതുങ്ങുന്നതല്ല. കശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന 370-ാം വകുപ്പ് ഒരു പകൽ കൊണ്ടാണ് അമിത് ഷാ നീക്കിയത്. അതോടെ കാശ്മീർ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് കീഴിലാകുകയും ജനങ്ങൾക്ക് സൈ്വര്യജീവിതം ഇല്ലാതാകുകയും ചെയ്തു. ലോകമെമ്പാടും ജനാധിപത്യം കൂടുതൽ ശക്തമാകണമെന്ന വാദം ഉയരുമ്പോഴാണ് രാഷ്ട്രീയ നിയമനത്തോടെയെത്തുന്ന അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് ഏറ്റവും വലിയ ജനാധിപത്യരാജ്യം തന്നെ വഴിയൊരുക്കുന്നത്. ജനപ്രതിനിധികൾ ഭരിക്കുമ്പോൾ ആ പ്രദേശത്തിന്റെയും ജനങ്ങളുടെയും വികാരത്തെയും മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ജനാധിപത്യം ഇല്ലാതാകുന്നതോടെ കോർപ്പറേറ്റുകൾക്ക് മേൽക്കോയ്മ ലഭിക്കും. ആന്തമാനിലെയും കാശ്മീരിലെയും പരിഷ്‌കാരങ്ങൾ ഇത് ശരിവയ്ക്കുന്നു. ഇന്ത്യൻ പൊതുസമൂഹത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന തദ്ദേശീയമായ സമൂഹം ഉള്ള പ്രദേശങ്ങൾക്ക് ഉദാഹരണങ്ങളാണ് ഇവ രണ്ടും. സവിശേഷമായ ജീവിതരീതിയുള്ള ആളുകൾക്കിടയിലേക്ക് ഇത്തരം പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ അവർക്ക് അത് താങ്ങാവുന്നതിനപ്പുറമാകുകയും ചെയ്യും. സ്വാഭാവികമായും ആ ജനത പലായനം ചെയ്യാൻ നിർബന്ധിതരാകും. ഇതുതന്നെയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതും.

കേരളത്തിലെയോ ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലെയോ ജനങ്ങളുടെ സ്വാഭാവിക ജീവിതമല്ല ലക്ഷദ്വീപിലെ ജനങ്ങളുടേതെന്ന് റുഷ്ദ​യെ പോലുള്ളവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. കശ്മീരിലേയും ആന്തമാനിലേയും പോലെ സവിശേഷ ജീവിതരീതിയാണ് ഇവിടെയും. വികസനത്തിന്റെ പേരിലെ മാറ്റങ്ങൾ ഈ ജനതയെയും തങ്ങളുടെ ഇടങ്ങളിൽ നിന്ന് അകന്നുമാറാൻ പ്രേരിപ്പിക്കും. ലക്ഷദ്വീപിൽ കേന്ദ്രസർക്കാരിനുവേണ്ടി പ്രഫുൽ പട്ടേൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഈ പരിഷ്‌കാരങ്ങൾ വികസനം എത്താതെ കിടക്കുന്ന ഒരു നാടിനെ കൈപിടിച്ച് ഉയർത്താനോ ടൂറിസത്തിലൂടെ അവരെ വരുമാനം ഉള്ളവരാക്കാനോ അല്ലെന്ന് ആന്തമാനിലെ അനുഭവങ്ങൾ മാത്രം പരിശോധിച്ചാൽ മതി. മോഹൻ ദേൽക്കറിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്താണെന്നോ അതിൽ പട്ടേലിന്റെ പങ്കെന്താണെന്നോ ഇനിയും വ്യക്തമായിട്ടില്ല. ലക്ഷദ്വീപിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകളോടുള്ള മതവൈരത്തിന്റെ ഹിന്ദുത്വ അജണ്ടയായാണ് ഇതിനെ ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ ആന്തമാനിലും ജമ്മു കശ്മീരിലും നടപ്പാക്കിയ പരിഷ്‌കാരങ്ങൾ പരിശോധിച്ചാൽ വൻ കോർപ്പറേറ്റുകൾക്ക് ഭൂമി കച്ചവടം ചെയ്യുന്ന കേന്ദ്രസർക്കാർ എന്ന മൂന്നാംകിട ദല്ലാളിനെ കാണാനാകും.

കോവിഡ് വ്യാപനക്കാലത്ത് വൻകിട കുത്തകകൾ സുരക്ഷിതമായി കഴിയാനാകുന്ന സ്വകാര്യ ദ്വീപുകളന്വേഷിച്ച് നടക്കുകയാണ്. എത്ര ചെലവ് വന്നാലും സ്വകാര്യ ദ്വീപുകൾ സ്വന്തമാക്കാൻ അവർ തയ്യാറാണ്. അങ്ങനെയാണ് കുത്തക ചങ്ങാത്തത്തിന് കുപ്രസിദ്ധരായ നമ്മുടെ ഭരണവർഗത്തിന്റെ കണ്ണുകൾ ലക്ഷദ്വീപിലേക്ക് തിരിഞ്ഞത്. തദ്ദേശീയർക്ക് നഷ്ടമാകുന്ന ഇടങ്ങളിൽ വൻകിട കോർപ്പറേറ്റുകളുടെ റിസോർട്ടുകളും സ്വകാര്യ ദ്വീപുകളും ഉയരും. അതോടെ റോഹിങ്ക്യകളെപ്പോലെ ഈ ജനതയും ചെറുവഞ്ചികളിൽ പലായനം തുടങ്ങും.
പ്രഫുൽ പട്ടേൽ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളിൽ തദ്ദേശീയർക്കുള്ള ആശങ്ക ശരിവയ്ക്കുന്നതാണ് ലക്ഷദ്വീപിലെ ബി.ജെ.പിയിൽ നിന്ന് ഇതിന്റെ പേരിലുണ്ടായ കൂട്ടരാജി. ലക്ഷദ്വീപിന്റെ പേരിൽ കള്ളപ്രചാരണങ്ങളാണ് നടക്കുന്നതെന്നും ടൂൾകിറ്റ് ഉണ്ടാക്കി ഒരേതരത്തിൽ ചിലർ പ്രചാരണം നടത്തുകയാണെന്നും ബി.ജെ.പി കേരള അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിക്കുമ്പോഴാണ് ലക്ഷദ്വീപിലെ സാഹചര്യങ്ങൾ അറിയുന്ന അവിടുത്തെ ബി.ജെ.പി നേതാക്കൾ ഇതിനെതിരെ നിലപാട് എടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ജനതയില്ലെങ്കിൽ തങ്ങൾക്കും നിലനിൽപ്പുണ്ടാകില്ലെന്നെങ്കിലും കുറഞ്ഞപക്ഷം അവർ ചിന്തിക്കുന്നുണ്ടാകും. സുരേന്ദ്രനെ പോലുള്ള നേതാക്കൾ കേന്ദ്രസർക്കാരിനെ അന്ധമായി ന്യായീകരിക്കാൻ പ്രചരിപ്പിക്കുന്നതല്ല സത്യം, പകരം ദ്വീപ് നിവാസികളെ കാത്തിരിക്കുന്നത് വൻദുരന്തമാണെന്ന് വ്യക്തമാക്കുന്നതാണ് ഇവരുടെ നിലപാട്.

മതമാണ് ഇവിടുത്തെ പ്രശ്‌നമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ പള്ളിയുടെ സ്ഥലം പിടിച്ചെടുക്കുമ്പോൾ തന്നെയാണ് തദ്ദേശിയർ ഒത്തുകൂടുന്ന സാൻഡി ബീച്ചിലും പൊളിക്കൽ നടത്തുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കരണത്തിനെതിരെ ജനശബ്ദം ഉയർന്നാൽ ഇവിടെ നടക്കുന്നത് വർഗ്ഗീയ കലാപമാണെന്ന് വരുത്തിത്തീർക്കുകയാണ് ബി.ജെ.പിയുടെയും അവരുടെ സർക്കാരിന്റെയും ലക്ഷ്യം. അങ്ങനെ വന്നാൽ പുറംലോകത്തിന്റെ യാതൊരു എതിർപ്പും കൂടാതെ അവർക്ക് ഈ സുന്ദരമായ ദ്വീപിനെ തങ്ങൾക്ക് ആവശ്യമായ വിധത്തിൽ ഒഴുപ്പിച്ചെടുക്കുകയും ചെയ്യാം.



Summary: അഡ്​മിനിസ്​ട്രേറ്ററുടെ ഓഫീസിനുമുന്നിലുള്ള ഒരു മുസ്‌ലിം പള്ളിയുടെ മൂന്ന് മീറ്റർ സ്ഥലം പള്ളി പൊളിച്ച് ഏറ്റെടുക്കുമെന്ന് കഴിഞ്ഞദിവസം അറിയിപ്പുണ്ടായി. പിന്നീട് അത് അഞ്ച് മീറ്ററായി. അതോടെ പള്ളിയിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള ഇടമാണ് ഇല്ലാതാകുന്നത്. പുറമേ ഇത് ഒരു മതപരമായ വിഷയമായി തോന്നാമെങ്കിലും അഡ്മിനിസ്ട്രേറ്റർക്ക് വേണ്ടത് സ്ഥലമാണ്. അതിനിടെ, 15 വർഷമായി പ്രവർത്തിക്കുന്ന സാൻഡി ബീച്ച് 27ന് രാത്രി നോട്ടീസ് പോലും നൽകാതെ പൊളിച്ചുമാറ്റി. വൻകിട കോർപ്പറേറ്റുകൾക്കാണ് ഇത് കൈമാറാൻ പോകുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കരണത്തിനെതിരെ ജനശബ്ദം ഉയർന്നാൽ ഇവിടെ നടക്കുന്നത് വർഗ്ഗീയ കലാപമാണെന്ന് വരുത്തിത്തീർക്കുകയാണ് ബി.ജെ.പിയുടെയും കേന്ദ്ര സർക്കാരിന്റെയും ലക്ഷ്യം.


അരുൺ ടി. വിജയൻ

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, കവി.

Comments