ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസിനുപിന്നിൽ ബി.ജെ.പിയുടെ ആസൂത്രിത നീക്കം

‘‘കടൽ നിങ്ങളെയും നിങ്ങൾ കടലിനെയും സംരക്ഷിക്കുന്നവരാണ്... ഒറ്റുകാരിൽ ഉള്ളതും നമ്മിൽ ഇല്ലാത്തതും ഒന്നാണ് ഭയം... തളർത്തിയാൽ തളരാൻ വേണ്ടിയല്ല ഞാൻ നാടിനുവേണ്ടി ശബ്ദം ഉയർത്തിയത്. എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്...’’

"ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ട് കഴിയുമ്പോൾ ഞങ്ങൾ ദ്വീപുകാർ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടേണ്ട അവസ്ഥയിലാണ്';ലക്ഷദ്വീപ് ജനതയുടെ ദുരിതം വരച്ചുകാട്ടുന്നത്​ സംവിധായികയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുൽത്താന.

കേന്ദ്രസർക്കാർ പിന്തുണയോടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ദ്വീപിൽ അടിച്ചേൽപ്പിച്ച പരിഷ്‌കാരങ്ങൾ ദ്വീപ് ജനതയെ എത്ര ശ്വാസം മുട്ടിക്കുന്നതാണെന്ന്​ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ ഐഷ സുൽത്താനയുടെ പങ്ക് വിസ്മരിക്കാനാവില്ല. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് നേരിടുകയാണെന്ന് ഉറക്കെ പറയാൻ തയ്യാറായ ഐഷ ഇപ്പോൾ വേട്ടയാടപ്പെടുകയാണ്.

അഭിപ്രായ പ്രകടനത്തിന്റെ പേരിൽ അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസെടുത്തിരിക്കുകയാണ്.

ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡൻറ്​ സി. അബ്ദുൽ ഖാദർ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കവരത്തി പൊലീസാണ് ഐഷയ്‌ക്കെതിരെ കേസ് 124 എ, 153 ബി എന്നീ വകുപ്പുകൾ ചേർത്ത്​ കേസെടുത്തത്​.

മീഡിയ വൺ ചാനലിൽ നടന്ന ചർച്ചയ്ക്കിടെ ഐഷ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരിലാണ് നടപടി. അഡ്​മിനിസ്​ട്രേറ്ററെ "ബയോ വെപ്പൺ' എന്ന് വിശേഷിപ്പിച്ചത് രാജ്യദ്രോഹമാണെന്നാണ് ബി.ജെ.പി ആരോപണം. ചർച്ചയിൽ പങ്കെടുത്ത ബി.ജെ.പി പ്രതിനിധി വിഷ്ണു പരാമർശം പിൻവലിക്കാൻ ഐഷയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഐഷ ഈ പരാമർശത്തിൽ ഉറച്ചുനിൽക്കുകയും സീറോ കോവിഡ് ആയിരുന്ന ലക്ഷദ്വീപ് മേഖലയിൽ കോവിഡ് മാനദണ്ഡം ലംഘിച്ചുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ഇടപെടലുകളാണ് കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്നും ആ അർത്ഥത്തിലാണ് താൻ ബയോ വെപ്പൺ എന്ന പദം ഉപയോഗിച്ചതെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.

ഐഷയ്‌ക്കെതിരെ ബി.ജെ.പിയുടെ ടാർഗറ്റഡ് ആക്രമണം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നടപടികളുടെ രൂക്ഷത പൊതുസമൂഹത്തിൽ തുറന്നുകാട്ടിയതിൽ ഐഷയുടെ പങ്ക് വളരെ വലുതായിരുന്നു. സോഷ്യൽ മീഡിയയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ഐഷ സ്വന്തം നാടിന്റെ അവസ്ഥ ഉറക്കെ വിളിച്ചു പറഞ്ഞു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങളെ പ്രതിരോധിക്കാൻ പാടുപെടുന്ന ബി.ജെ.പിയെ സംബന്ധിച്ച് കനത്ത വെല്ലുവിളിയായിരുന്നു അവർ. അതുകൊണ്ടുതന്നെ ഐഷയെ നേരിടാൻ അവസരം കാത്തുനിൽക്കുകയായിരുന്ന അവർ ചാനൽ ചർച്ചയിലെ പ്രയോഗത്തെ മുതലെടുക്കുകയായിരുന്നു. ‘ബയോ വെപ്പൺ' എന്ന പ്രയോഗത്തെ തുടർന്ന് ഐഷയ്‌ക്കെതിരെ സോഷ്യൽ മീഡിയകളിലും പുറത്തും ബി.ജെ.പി നടത്തുന്ന കാമ്പയിന ഇത് വ്യക്തമാക്കുന്നതാണ്.

പ്രഫുൽ പട്ടേൽ

കൂടാതെ ഐഷയ്‌ക്കെതിരായ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിന്​ ബി.ജെ.പി നേതൃത്വം വിളിച്ച ഓൺലൈൻ യോഗത്തിൽ ലക്ഷദ്വീപിലെ ബി.ജെ.പി ഘടകം, ബി.ജെ.പി നേതാവ് അബ്ദുള്ളക്കുട്ടിയുമായി നടത്തിയ സംഭാഷണവും ഇക്കാര്യം വെളിവാക്കുന്നു: "ബഹുമാനപ്പെട്ട പ്രഭാരി സാർ, എന്നെ സംബന്ധിച്ച്​ തോന്നുന്നുന്നത് അള്ളാഹു നമുക്ക് തന്നിരിക്കുന്ന സന്ദർഭമാണിത് എന്നാണ്. ലക്ഷദ്വീപിന്റെ തനിമ സംസ്‌കാരം എന്നൊക്കെ പറഞ്ഞിട്ടാണ് നമ്മുടെമേൽ കുതിര കയറുന്നത്. എന്താണ് ലക്ഷദ്വീപിന്റെ തനിമയും സംസ്‌കാരമെന്നും ആരാണ് ഐഷ സുൽത്താനയെന്നും നമുക്ക് തെളിയിക്കാനുള്ള മാധ്യമങ്ങളിലൊക്കെ തെളിയിച്ചുകൊടുക്കാനുള്ളതാണ്. അതുകൊണ്ട് വിഷയം നമ്മൾ വേണ്ടവിധത്തിൽ എടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു' എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്.

എല്ലാ ബി.ജെ.പിക്കാരും ഐഷ സുൽത്താനയ്‌ക്കെതിരെ, ഈ പ്രസ്താവനയ്‌ക്കെതിരെ പ്ലക്കാർഡും പിടിച്ച് അവരവരുടെ വീടുകളിൽ പ്രതിഷേധിക്കണമെന്ന് ലക്ഷദ്വീപ്​ പ്രതിനിധി നിർദേശിക്കുകയും അബ്ദുള്ളക്കുട്ടി അതിനോട് യോജിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോകൾ കൂടി ഇട്ടാൽ നല്ല വാർത്താ പ്രാധാന്യം ലഭിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

വ്യക്തിപരമായി തന്നെ അവതാളത്തിലാക്കുകയെന്ന ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയ്ക്കിടെ ഐഷയും വ്യക്തമാക്കിയിട്ടുണ്ട്: "ഞാനൊരിക്കലും രാഷ്ട്രീയമായ ഭാഷയിലോ മതപരമായ ഭാഷയിലോ ഇന്നേവരെ ഒരു ചർച്ചയിലും പങ്കെടുത്തിട്ടില്ല. മനുഷ്യത്വപരമായി മാത്രം സംസാരിച്ചയാളാണ്. എന്നിലൊരു രാഷ്ട്രീയക്കാരിയെ ഇതുവരെ ആർക്കും കാണാൻ പറ്റിയിട്ടില്ല. മതംകുത്തിവെക്കുന്നയാളായി കാണാൻ പറ്റില്ല'; അവർ പറഞ്ഞു. "ഞാനെന്റെ നാടിനുവേണ്ടി മാത്രമേ സംസാരിച്ചിട്ടുള്ളൂ. എന്റെ നാവിൽ നിന്ന്​ വീണുപോയ ഒരു വാക്കിൽ പിടിച്ച് എന്നെ രാജ്യദ്രോഹിയെന്ന് മുദ്രകുത്തുന്ന നിങ്ങളോട് ഞാനെന്താണ് പറയുക’- അവർ ചോദിക്കുന്നു.

എ.പി. അബ്ദുള്ളക്കുട്ടി

ഐഷയെ മാനസികമായി തളർത്താനും ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങളെ പൊളിക്കാനുമുള്ള സംഘപരിവാർ ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ‘സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മ’ കോഡിനേറ്റർ മുജീബ് പറയുന്നു. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയെന്ന സംഘപരിവാർ നയത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ‘തിങ്കി’നോട് പറഞ്ഞു.

"സംഘപരിവാറിനെ സംബന്ധിച്ച്​ ലക്ഷദ്വീപുമായി ബന്ധപ്പെട്ട സമരത്തിന്റെയും കാമ്പയിന്റെയും ഏറ്റവും വലിയ നോട്ടപ്പുള്ളിയാണ് ഐഷ. കാരണം കേരളത്തിലുള്ളവർ ഈ വിഷയത്തിൽ ഇടപെടാനുള്ള പ്രധാന കാരണം ചാനൽ ചർച്ചയിൽ ഐഷയുടെ ആത്മാർത്ഥമായ ഇടപെടലാണ്.

അവരുടെ ഉള്ളിന്റെയുള്ളിൽ നിന്നുവരുന്ന, സ്വന്തം നാടിനെക്കുറിച്ചുള്ള വികാരമാണ് പ്രകടിപ്പിക്കുന്നത്. അത് ജനം ഏറ്റെടുത്തതുകൊണ്ടുതന്നെ ഐഷയുടെ വായടപ്പിക്കുകയെന്നത് സംഘപരിവാറിന്റെ ആവശ്യമാണ്.’

ഭയപ്പെടുത്തി ഒതുക്കാനാവില്ലെന്ന് ഐഷ

ഭയപ്പെടുത്തി മാറ്റിനിർത്തുകയെന്ന സംഘപരിവാർ തന്ത്രത്തിനു താൻ നിന്നുകൊടുക്കില്ലെന്ന് ഐഷ വ്യക്തമാക്കിയിട്ടുണ്ട്: ‘നാട്ടുകാരോട്: കടൽ നിങ്ങളെയും നിങ്ങൾ കടലിനെയും സംരക്ഷിക്കുന്നവരാണ്... ഒറ്റുകാരിൽ ഉള്ളതും നമ്മിൽ ഇല്ലാത്തതും ഒന്നാണ് ഭയം... തളർത്തിയാൽ തളരാൻ വേണ്ടിയല്ല ഞാൻ നാടിനുവേണ്ടി ശബ്ദം ഉയർത്തിയത്. എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്...?' ഐഷ ഫേസ്ബുക്കിൽ കുറിക്കുന്നു.

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലും ഐഷയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്: ‘ബയോവെപ്പൺ' പ്രയോഗത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയും വീഡിയോയിലൂടെയും വളരെ വ്യക്തമായ വിശദീകരണമാണ് ഐഷ സുൽത്താന നൽകിയത്.

ഐഷ സുൽത്താനയുടെ ഫേസ്ബുക്ക് പോസ്റ്റ്

താൻ രാജ്യത്തിനോ, ഇന്ത്യൻ സർക്കാറിനോ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനോ എതിരായി അല്ല ആ വാക്ക് ഉപയോഗിച്ചതെന്ന്​ വ്യക്തമായി പറഞ്ഞതാണ്. ആ സ്ഥിതിക്ക് അതിന്റെ മേലൊരു കേസിന് പ്രസക്തിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താൻ രാജ്യത്തിനെതിരായി സംസാരിക്കണം, അത് ചെയ്തിട്ടില്ല എന്ന് ഐഷ സുൽത്താന വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നിയമനടപടികളുമായി മുന്നോട്ടുപോകുന്നതിൽ അടക്കം ആവശ്യമുള്ള എല്ലാ പിന്തുണയും കൊടുക്കുകയെന്നത് എം.പിയെന്ന നിലയിൽ എന്നിൽ അർപ്പിതമായ ഉത്തരവാദിത്തമാണ്.'

ഭരണകൂടവിമർശനം രാജ്യദ്രോഹമാകുമ്പോൾ

"നദികളിൽ മൃതദേഹം എറിയുന്നതിന്റെ ദൃശ്യങ്ങൾ കണ്ടിരുന്നു. ഇനി ഇത് കാണിച്ചതിന്റെ പേരിൽ ആ ചാനലിനെതിരെ എവിടെയെങ്കിലും രാജ്യദ്രോഹ പരാതി കൊടുത്തിട്ടുണ്ടോയെന്നറിയില്ല'; ഇന്ത്യയിൽ രാജ്യദ്രോഹകേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന രീതിയെ വിമർശിച്ച്​ അടുത്തിടെ സുപ്രീം കോടതി നടത്തിയ പരാമർശമാണിത്. രാജ്യദ്രോഹക്കേസുകൾക്ക് പരിധി നിശ്ചയിക്കേണ്ട സമയം അതിക്രമിച്ചെന്നും കോടതി നിലപാടെടുത്തിട്ടുണ്ട്. ഇന്ത്യയിൽ രാജ്യദ്രോഹക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന രീതി സുപ്രീംകോടതിയെ വരെ ഞെട്ടിക്കുകയാണെന്ന് വ്യക്തമാക്കുന്ന വാക്കുകളാണിത്.

ഭരിക്കുന്നവർക്ക് ഇഷ്ടമില്ലാത്തതെന്തും രാജ്യദ്രോഹമാകാം എന്ന അവസ്ഥയിലാണ് ഇന്ത്യൻ ജനാധിപത്യം ഇന്ന് എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഇന്ത്യയിൽ ചുമത്തിയ രാജ്യദ്രോഹക്കുറ്റങ്ങളിൽ 96% വും നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നശേഷമുള്ളതാണ്. ഇതിൽ 149 കേസുകൾ മോദിയെ വിമർശിച്ചതിനും 144 കേസുകൾ യു.പി മുഖ്യമന്ത്രിയെ വിമർശിച്ചതിനുമുണ്ട്.

കൊളോണിയൽ ഭരണത്തെ നിലനിർത്തുന്നതിനും അതിനുശേഷം ഭരണവർഗത്തെയും അതിന്റെ സർക്കാരുകളേയും ജനകീയ പ്രതിഷേധങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുമായി ഉപയോഗിക്കപ്പെട്ട ഒന്നാണ് 124 എ എന്ന് അതിന്റെ ചരിത്രം പരിശോധിച്ചാൽ മനസിലാകും. ഇപ്പോഴും ഇതേ രീതിയിൽ തന്നെയാണ് ഈ നിയമം ഉപയോഗിക്കപ്പെടുന്നതെന്ന് അടുത്തിടെ ചർച്ചയായ പല രാജ്യദ്രോഹക്കേസുകളെടുത്താലും മനസിലാകും. പ്രതിപക്ഷനേതാവിന്റെ പ്രസംഗം സംപ്രേഷണം ചെയ്തതിന്റെ പേരിൽ ഒരു മാധ്യമസ്ഥാപനത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് കോടതി വിമർശനത്തിനു വഴിവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിന് മാധ്യമപ്രവർത്തകൻ വിനോദ് ദുവെയ്‌ക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയ നടപടി കോടതി റദ്ദാക്കിയത് അടുത്തിടെയാണ്. ഇതുകൂടാതെ പൗരത്വനിയമഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിച്ചതിനും ഭീമാകൊറേഗാവ് കേസിലുമെല്ലാം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായി ജാമ്യം പോലും കിട്ടാതെ നീതികാത്തുകിടക്കുന്ന ഒരുപാടുപേരുണ്ട് ഇവിടുത്തെ ജയിലുകളിൽ.

ഐഷയുടെ വിഷയത്തിൽ ഭരണകൂടത്തെയല്ല, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെയാണ് വിമർശിച്ചതെന്നു പറഞ്ഞാണ് ഐഷ രാജ്യദ്രോഹആരോപണങ്ങളെ പ്രതിരോധിക്കുന്നത്. വിമർശിച്ചത് ഭരണകൂടത്തെ ആണെങ്കിൽ തന്നെ ജനാധിപത്യരാജ്യത്തിൽ അതിന് അവകാശമില്ലേ? ഭരണകൂടം വിമർശനങ്ങൾക്ക് അതീതമായ ഒന്നാണോ?


Comments