ആരെയും പേടിക്കാതെ ജീവിക്കാനുള്ള അവകാശമെങ്കിലും എനിക്ക്​ തിരിച്ചുതരൂ- ബിൽക്കിസ്​ ബാനു

2002 ലെ ഗുജറാത്ത് വംശഹത്യയിൽ കൂട്ട ലൈംഗികാക്രമണത്തിനിരയാകുകയും കുടുംബത്തിലെ 14 പേർ കൺമുന്നിൽ കൊലചെയ്യപ്പെടുന്നതിന്​ സാക്ഷിയാവുകയും ചെയ്ത ബിൽക്കിസ് ബാനുവിന്റെ ഔദ്യോഗിക പ്രസ്താവന. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത്​ സർക്കാർ ജയിൽമുക്തരാക്കിയിരുന്നു.

" എന്റെ കുടുംബത്തെയും എന്റെ ജീവിതത്തെയും തകർക്കുകയും എന്റെ മൂന്ന് വയസ്സുള്ള മകളെ കൊലപ്പെടുത്തുകയും ചെയ്ത 11 കുറ്റവാളികൾ ജയിൽ മോചിതരായി എന്നറിഞ്ഞപ്പോൾ, കഴിഞ്ഞ ഇരുപത് വർഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസികാഘാതം വീണ്ടും എന്നെ അലട്ടുകയാണ്. ഇതിനെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ഞാനൊരു തരം നിർവികാരതയിലാണ്.

എങ്കിലും ഇത്രമാത്രം പറയാം- എങ്ങനെയാണ് ഒരു സ്ത്രീക്ക് ലഭിക്കേണ്ട അടിസ്ഥാനനീതി പോലും ലഭിക്കാതെ കേസുകൾ ഇങ്ങനെ അവസാനിപ്പിക്കുക?. നമ്മുടെ രാജ്യത്തെ പരമോന്നത നീതിന്യായവ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. എന്റെ മാനസികാഘാതങ്ങളെ പതുക്കെപ്പതുക്കെ അതിജീവിക്കാൻ ഞാൻ പഠിക്കുകയായിരുന്നു. പക്ഷേ ഈ കുറ്റവാളികളെല്ലാം ജയിൽ മോചിതരായതോടെ എന്റെ സമാധാനവും നീതിന്യായവ്യവസ്ഥയിലുണ്ടായിരുന്ന എന്റെ വിശ്വാസവും ഇല്ലാതായി. ഞാൻ ഇന്നനുഭവിക്കുന്ന സങ്കടങ്ങളും വിശ്വാസവഞ്ചനയും നീതിക്കായി ഒറ്റയക്ക് കോടതികളിൽ പോരാടുന്ന ഓരോ സ്ത്രീയും അനുഭവിക്കുന്നതാണ്.

അന്യായം നിറഞ്ഞ ഈ തീരുമാനം എടുക്കുന്നതിനുമുമ്പ് ആരും എന്റെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് അന്വേഷിച്ചിട്ടില്ല.

കുറ്റവാളികളെ ജയിൽ മുക്തരാക്കിയുള്ള ഈ തീരുമാനം പിൻവലിക്കാൻ ഞാൻ ഗുജറാത്ത് ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നു. ആരെയും ഭയപ്പെടാതെ സമാധാനത്തോടെ ജീവിക്കാനുള്ള എന്റെ അവകാശത്തെ എനിക്ക് തിരിച്ചുതരണം. ദയവായി ഞാനും എന്റെ കുടുംബവും സുരക്ഷിതരാണെന്ന് ഉറപ്പാക്കണം.

Comments