ദലിത് ക്രിസ്ത്യൻ
വിവാഹങ്ങളിലെ ജാതി

ദലിത് ക്രിസ്ത്യൻ വിവാഹബന്ധങ്ങളിൽ ജാതി ഇപ്പോഴും വിവിധ രൂപങ്ങളിൽ ഡീ- കോഡ് ചെയ്യപ്പെടുന്നുണ്ട്. അതിനാൽ റൊമാന്റിക് ഫ്രീഡത്തിന്റെയും കുടുംബ- സമൂഹ മാന്യതയുടേയും ഇടയിലെ സംഘർഷം തുടരുന്നു: ദലിത് ക്രിസ്ത്യൻ വിവാഹങ്ങളുടെ സമകാലിക സാമൂഹിക സാഹചര്യം വിശകലനം ചെയ്യുന്നു, അരുൺ സൈമൺ.

കേരളത്തിലെ ദലിത് ക്രിസ്ത്യൻ വിവാഹങ്ങളുടെ ചരിത്രം മതപരമായ സമത്വവാദത്തിനും, സാമൂഹിക- ജാതിവ്യവസ്ഥയ്ക്കും ഇടയിലെ വൈരുധ്യങ്ങളുടെ കഥ കൂടിയാണ്. ക്രിസ്തുമതം സ്വീകരിച്ചശേഷവും പല ഇടങ്ങളിലും ജാതിവ്യത്യാസങ്ങൾ പൂർണമായി മാറ്റപ്പെട്ടില്ല. ‘പുതു ക്രിസ്ത്യാനികൾ’ എന്ന അപമാനകരമായ വിളിപ്പേരു മുതൽ പള്ളികളിലെ ഇരിപ്പിടക്രമീകരണത്തിലും വിവാഹസദ്യകളിലെ സാമൂഹിക അകലങ്ങളിലും വരെ പ്രതിഫലിക്കുന്ന വിവേചനങ്ങളുടെ സ്വാധീനം പ്രകടമായിരുന്നു.

ദലിത് ക്രിസ്ത്യൻ കുടുംബങ്ങളിലെ വിവാഹങ്ങൾ പൊതുവെ സഭാകേന്ദ്രിതവും ലളിതവുമായ രീതിയിലായിരുന്നു നടത്തപ്പെട്ടിരുന്നത്. ചില സ്ഥലങ്ങളിൽ അവർക്ക് കുർബാന പോലും പുറത്തുനിന്ന് കേൾക്കേണ്ട സാഹചര്യം ഉണ്ടായിരുന്നതായി അനുഭവചരിത്രങ്ങൾ സൂചിപ്പിക്കുന്നു. സമീപകാലത്ത് നടന്ന ദുരഭിമാനക്കൊലകേസുകളിലൊന്നായ കെവിന്റെ കൊലപാതകം- വിവാഹത്തിന്റെ പേരിൽ ക്രൂരമായി കൊല്ലപ്പെട്ട സംഭവം- കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിൽ ജാതിവ്യവസ്ഥയാൽ അകറ്റിനിർത്തപ്പെടുന്നതിന്റെ യാഥാർഥ്യം തീവ്രതയോടെ അനുഭവിപ്പിച്ച ഒന്നാണ്.

ദലിത് ക്രിസ്ത്യാനികൾക്ക് നിയമസംരക്ഷണവും, സംവരണവും ഇല്ലാതാക്കുന്നതിലൂടെ അവരുടെ സാമൂഹിക- സാമ്പത്തിക പിന്നാക്കാവസ്ഥ നിലനിർത്താനും മുഖ്യധാരയിൽ നിന്നുള്ള ഒഴിവാക്കൽ സുരക്ഷിതമാക്കാനും ഈ കാലഘട്ടത്തിലും ശ്രമം നടക്കുന്നുണ്ട്.

ദലിത് ക്രിസ്ത്യാനികൾക്ക് നിയമസംരക്ഷണവും, സംവരണവും ഇല്ലാതാക്കുന്നതിലൂടെ അവരുടെ സാമൂഹിക- സാമ്പത്തിക പിന്നാക്കാവസ്ഥ നിലനിർത്താനും മുഖ്യധാരയിൽ നിന്നുള്ള ഒഴിവാക്കൽ സുരക്ഷിതമാക്കാനും ഈ കാലഘട്ടത്തിലും ശ്രമം നടക്കുന്നുണ്ട്. വിവാഹനിശ്ചയം, പള്ളിവിവാഹം, പ്രാർത്ഥന, ബന്ധുക്കളും നാട്ടുകാരും ചേർന്നുള്ള ലഘുസദ്യ എന്നിവ വിവാഹങ്ങളിലെ പ്രധാന ചടങ്ങുകളാണ്. സാമ്പത്തിക പരിമിതി മൂലം ആഘോഷങ്ങൾ അധിക ആഡംബരമില്ലാതെയാണ് നടന്നിരുന്നെങ്കിലും, കുടുംബബന്ധങ്ങളും സാമൂഹിക കൂട്ടായ്‍മയും വിവാഹങ്ങളുടെ വലിയ ശക്തിയായിരുന്നു. അതേസമയം, ഉയർന്ന ജാതി ക്രിസ്ത്യൻ വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സാമൂഹിക അംഗീകാരത്തിലും ബന്ധങ്ങൾക്കിടയിലുമുള്ള വ്യത്യാസങ്ങൾ നിലനിൽക്കുന്നതായും കാണാം. വിവാഹച്ചടങ്ങുകളിൽ ഈ വേർതിരിവ് പ്രകടമായിരുന്നു. അതുമൂലം മരണാനന്തര ചടങ്ങുകളിൽ പോലും പ്രത്യേക ശ്മശാനഭൂമികൾ വേർതിരിച്ച് നിശ്ചയിക്കപ്പെട്ടിരുന്നു. കുടുംബമാന്യത, പാരമ്പര്യം, സാമൂഹിക സ്ഥാനം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഇത്തരം ബന്ധങ്ങൾ നിരുത്സാഹപ്പെടുത്തപ്പെട്ടു. പിന്നീട് വിദ്യാഭ്യാസവും, സാമൂഹിക പുരോഗതിയും ശക്തമായതോടെ വിവാഹരീതികളിലും സാമൂഹിക സമീപനങ്ങളിലും ശ്രദ്ധേയ മാറ്റങ്ങളുണ്ടായി എന്നത് അനിഷേധ്യമാണ്.

എന്നാൽ ഇത്തരം വിവേചനങ്ങൾ ഔദ്യോഗിക മതപാഠങ്ങളിൽ നിന്നല്ല, മറിച്ച് സമൂഹത്തിനകത്തെ ജാതിചിന്തകളിൽ നിന്നാണ് ശക്തിപ്രാപിച്ചത്. ഈ അവസ്ഥകളിൽ മാറ്റമുണ്ടായെങ്കിലും, ജാതിസ്വാധീനം കേരളത്തിലെ ദലിത് ക്രിസ്ത്യൻ വിവാഹജീവിതത്തെ ദീർഘകാലം ബാധിച്ച ഒരു സാമൂഹിക യാഥാർഥ്യമായിരുന്നു.

ഉയർന്ന ജാതി ക്രിസ്ത്യൻ വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മരണാനന്തര ചടങ്ങുകളിൽ പോലും പ്രത്യേക ശ്മശാനഭൂമികൾ വേർതിരിച്ച് നിശ്ചയിക്കപ്പെട്ടിരുന്നു.
ഉയർന്ന ജാതി ക്രിസ്ത്യൻ വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മരണാനന്തര ചടങ്ങുകളിൽ പോലും പ്രത്യേക ശ്മശാനഭൂമികൾ വേർതിരിച്ച് നിശ്ചയിക്കപ്പെട്ടിരുന്നു.

പണ്ടുകാലത്തെ കേരളത്തിലെ ദലിത് ക്രിസ്ത്യൻ വിവാഹങ്ങൾ സഭാചാരങ്ങളും പ്രാദേശിക ദ്രാവിഡ ദലിത് പാരമ്പര്യങ്ങളും ചേർന്ന സാമൂഹിക രൂപമായിരുന്നു. എന്നാൽ, ഈ രീതികൾ തുടക്കത്തിൽ നിലവിലുണ്ടായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. ക്രിസ്ത്യാനിത്വത്തിന്റെ ആദ്യകാല പ്രചാരണങ്ങളിൽ, അതായത് 16- 17 നൂറ്റാണ്ടുകളിൽ, ദലിത് വിഭാഗങ്ങൾക്ക് പള്ളികളിൽ പ്രവേശനം പോലും നിഷേധിക്കപ്പെട്ടിരുന്നതിനാൽ, അവർ സ്വന്തം ഗ്രാമീണാചാരങ്ങളായ കളമെഴുത്ത്, സർപ്പക്കാവ് പൂജ, തിരണ്ടുകല്യാണം തുടങ്ങിയ ചടങ്ങുകളോടെയാണ് വിവാഹങ്ങൾ നടത്തിയിരുന്നത് എന്നു കാണാം. പിന്നീട് മിഷണറിമാരുടേയും സഭാസംഘടനകളുടേയും സ്വാധീനത്തോടെ പള്ളിപ്രാർത്ഥന, വൈദികന്റെ അനുഗ്രഹം, വിവാഹകൂദാശ എന്നിവ വിവാഹത്തിന്റെ ഭാഗമായി.

എന്നാൽ, ഈ സഭാ കേന്ദ്രിത രീതികൾ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ലഭ്യമായിരുന്നില്ല. പല സ്ഥലങ്ങളിലും ദലിത് ക്രിസ്ത്യാനികൾക്ക് പള്ളിക്കകത്ത് വിവാഹം നടത്താൻ നിയന്ത്രണങ്ങളുണ്ടായിരുന്നു. ചിലപ്പോൾ പള്ളിപ്പറമ്പിലോ വീടുകളിലോ ആയിരുന്നു ചടങ്ങുകൾ. അതുകൊണ്ട് ദലിത് ക്രിസ്ത്യൻ വിവാഹങ്ങൾ ഔപചാരികമായി ക്രിസ്തീയ വിവാഹങ്ങളായിരുന്നുവെങ്കിലും, തുടക്കകാലങ്ങളിൽ പ്രാദേശിക ജാതി- സാമൂഹിക ആചാരങ്ങൾ, കുടുംബങ്ങളുടെ സമ്മതം, സമൂഹകേന്ദ്രിതചടങ്ങുകൾ എന്നിവയ്ക്കായിരുന്നു കൂടുതൽ പ്രാധാന്യം.

പിന്നീട് ക്രിസ്തീയ സഭാസംഘടനകൾ ശക്തിപ്പെട്ടതോടെയും, യൂറോപ്യൻ മിഷൻ സ്വാധീനങ്ങൾ വ്യാപകമായതോടെയും പള്ളിയിലെ പ്രാർത്ഥന, വിവാഹ കൂദാശ, ഔദ്യോഗിക രജിസ്ട്രേഷൻ തുടങ്ങിയ ഘടകങ്ങൾ കൂടുതൽ സ്ഥാപനവത്കരിക്കപ്പെട്ടു. അപ്പോഴും പ്രാദേശിക ദലിത് പാരമ്പര്യങ്ങളുടെയും, സാമൂഹിക ഒഴിവാക്കലുകളുടെയും വ്യക്തമായ അടയാളങ്ങൾ നിലനിന്നിരുന്നതായി കാണാം. പിന്നീട് വിദ്യാഭ്യാസത്തിന്റെയും സാമൂഹിക പുരോഗതിയുടെയും സഭാസംഘടനകൾക്കുള്ളിലെ വിപ്ലവകരമായ മാറ്റങ്ങളുടെയും ഫലമായി സഭാകേന്ദ്രിതവും പൊതുസ്വീകാര്യവുമായ വിവാഹരീതികൾ രൂപം കൊണ്ടു.

കേരളത്തിലെ ദലിത് ക്രിസ്ത്യൻ സമൂഹത്തിൽ പ്രണയവിവാഹങ്ങളുടെയും അന്തർജാതി വിവാഹങ്ങളുടെയും സ്വീകാര്യത എന്നത് വിദ്യാഭ്യാസം, നഗരവൽക്കരണം, സാമ്പത്തിക സാഹചര്യം, കുടുംബങ്ങളുടെ സാമൂഹിക നിലപാട് എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു.

വിവാഹശേഷം പുതിയ സ്ഥലങ്ങളിലേക്ക് താമസം മാറിയ ദലിത് വധൂവരന്മാർ പലപ്പോഴും സൂക്ഷ്മവും പ്രകടവുമായ സാമൂഹിക ഒഴിവാക്കലുകൾ അനുഭവിച്ചിരുന്നുവെന്ന് സാമൂഹ്യചരിത്ര പഠനങ്ങളും ഓറൽ ഹിസ്റ്ററികളും സൂചിപ്പിക്കുന്നു. പൊതുകിണറുകളും കുളങ്ങളും ഉപയോഗിക്കുന്നതിൽ നിയന്ത്രണം, പൊതുവഴികളിലെ അനൗപചാരിക വിലക്ക്, പള്ളി പെരുന്നാളുകളിലും ചടങ്ങുകളിലും പിന്നാക്ക സ്ഥാനനിർണ്ണയം എന്നീ വിവേചനങ്ങൾക്ക് ഇവർ ഇരകളാക്കപ്പെട്ടു. പള്ളിക്കകത്തുപോലും തുല്യ അംഗീകാരം ലഭിക്കാതിരുന്നതിനാൽ, പല കുടുംബങ്ങളും ഗ്രാമങ്ങളുടെ അതിരുകളിലെ പ്രത്യേക ഇടങ്ങളിൽ ഒതുങ്ങിജീവിക്കേണ്ട സാഹചര്യമുണ്ടായി. ഈ അനുഭവങ്ങൾ ക്രിസ്ത്യൻ സമൂഹത്തിലും ജാതിവ്യവസ്ഥയുടെ സ്വാധീനം ദീർഘകാലം നിലനിന്നിരുന്നുവെന്ന് വ്യക്തമാക്കുന്നു.

2008- ലെ ദൽഹി യൂണിവേഴ്സിറ്റി ഗവേഷണങ്ങളിൽ സൂചിപ്പിക്കുന്നത്, ചില പ്രദേശങ്ങളിൽ ദലിത് ക്രിസ്ത്യാനികൾക്ക് ഉയർന്ന ജാതിക്കാർക്കൊപ്പം ഇരിക്കാൻ അനുവാദമുണ്ടായിരുന്നില്ല എന്നാണ്. വീടിനു പുറത്തോ വളപ്പിന്റെ കോണുകളിലോ പ്രത്യേക ഇരിപ്പിടങ്ങൾ നിശ്ചയിക്കപ്പെട്ടിരുന്നു. ഭക്ഷണം വിളമ്പുന്നതിനും വേർതിരിവുണ്ടായിരുന്നു. ഉയർന്ന ജാതിക്കാർക്കൊപ്പം ഇരിക്കാനുള്ള നിയന്ത്രണങ്ങൾ, ഭക്ഷണം വിളമ്പുന്നതിലെ വ്യത്യാസങ്ങൾ, പ്രത്യേക പാത്രങ്ങളുടെ ഉപയോഗം തുടങ്ങിയ രീതികൾ ചില ഇടങ്ങളിൽ നിലനിന്നു. സഭയുടെ ഔദ്യോഗിക പഠിപ്പിക്കലുകൾ ഇത്തരം വിവേചനങ്ങളെ അംഗീകരിച്ചിരുന്നില്ലെങ്കിലും, ജാതിവ്യവസ്ഥയുടെ സാമൂഹിക സ്വാധീനം ഗ്രാമീണ ക്രിസ്ത്യൻ സമൂഹങ്ങളിൽ ദീർഘകാലം തുടർന്നുവെന്ന് ഈ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത്തരം അകൽച്ചകൾ പിന്നീട് വിവാഹബന്ധങ്ങളെയും സാമൂഹിക അംഗീകാരത്തെയും സ്വാധീനിച്ച ഘടകങ്ങളായി.

കേരളത്തിലെ ദലിത് ക്രിസ്ത്യൻ സമൂഹത്തിൽ പ്രണയവിവാഹങ്ങളുടെയും അന്തർജാതി വിവാഹങ്ങളുടെയും സ്വീകാര്യത എന്നത് വിദ്യാഭ്യാസം, നഗരവൽക്കരണം, സാമ്പത്തിക സാഹചര്യം, കുടുംബങ്ങളുടെ സാമൂഹിക നിലപാട് എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. നഗരപ്രദേശങ്ങളിലെയും, യുവതലമുറയിലേയും പലരും ഇത്തരം ബന്ധങ്ങളെ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സമത്വബോധത്തിന്റെയും ഭാഗമായി കൂടുതൽ അംഗീകരിക്കുമ്പോൾ, ചില ഗ്രാമീണ സാഹചര്യങ്ങളിൽ കുടുംബമാന്യത, ജാതി തിരിച്ചറിവ്, സാമൂഹിക ബന്ധങ്ങൾ തുടങ്ങിയ കാരണങ്ങളിൽ ശക്തമായ എതിർപ്പ് നേരിട്ടു.

2008- ലെ ദൽഹി യൂണിവേഴ്സിറ്റി ഗവേഷണങ്ങളിൽ സൂചിപ്പിക്കുന്നത്, ചില പ്രദേശങ്ങളിൽ ദലിത് ക്രിസ്ത്യാനികൾക്ക് ഉയർന്ന ജാതിക്കാർക്കൊപ്പം ഇരിക്കാൻ അനുവാദമുണ്ടായിരുന്നില്ല എന്നാണ്
2008- ലെ ദൽഹി യൂണിവേഴ്സിറ്റി ഗവേഷണങ്ങളിൽ സൂചിപ്പിക്കുന്നത്, ചില പ്രദേശങ്ങളിൽ ദലിത് ക്രിസ്ത്യാനികൾക്ക് ഉയർന്ന ജാതിക്കാർക്കൊപ്പം ഇരിക്കാൻ അനുവാദമുണ്ടായിരുന്നില്ല എന്നാണ്

ദലിത് ക്രിസ്ത്യൻ വിഭാഗത്തിലെ വിവാഹങ്ങൾ പൊതുവെ അംഗീകരിക്കപ്പെടാറുണ്ടെങ്കിലും, ഒരു ദലിത് ക്രിസ്ത്യനും ഉയർന്ന ജാതിക്രിസ്ത്യാനിയും തമ്മിലുള്ള അന്തർജാതി വിവാഹങ്ങൾ ഇപ്പോഴും വിവാദങ്ങൾക്കും സാമൂഹിക സമ്മർദ്ദങ്ങൾക്കും ഇടയാക്കുന്നു. ചില സാഹചര്യങ്ങളിൽ കുടുംബ ബഹിഷ്കരണം, സാമ്പത്തിക ഒറ്റപ്പെടുത്തൽ, വൈകാരിക ഉപദ്രവം, ശാരീരിക ആക്രമണം തുടങ്ങിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സഭ ഔദ്യോഗികമായി ഇത്തരം വിവാഹങ്ങളെ നിരോധിച്ചിട്ടില്ലെങ്കിൽ പോലും, ചില ഇടങ്ങളിൽ പള്ളിവിവാഹങ്ങൾക്ക് അനൗപചാരിക തടസ്സങ്ങൾ ഉണ്ടായതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

ദലിത് ക്രിസ്ത്യാനികൾക്ക് പട്ടികജാതിപദവി ഇല്ലാത്തതിനാൽ, ഇത്തരം അതിക്രമങ്ങൾ പലപ്പോഴും SC/ST (Prevention of Atrocities) നിയമപരിരക്ഷയ്ക്ക് പുറത്താകുന്നതും ഒരു പ്രധാന സാമൂഹിക പ്രശ്നമായി തുടരുന്നുണ്ട്. ഇവിടെ ദലിത് ക്രിസ്ത്യൻ വിവാഹചരിത്രത്തെക്കുറിച്ചുള്ള സമഗ്ര പഠനങ്ങൾ ഇപ്പോഴും പരിമിതമാണ്. കേരളത്തിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലുമുള്ള ഗവേഷണങ്ങൾ പ്രധാനമായും ജാതിവ്യവസ്ഥ, മതപരിവർത്തനം, സാമൂഹികമായ പുറത്താക്കൽ, വിദ്യാഭ്യാസം, ഭൂമിയുടമസ്ഥാവകാശം തുടങ്ങിയ വിഷയങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. വിവാഹചരിത്രം പലപ്പോഴും ഉപവിഷയമായി മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. വിവാഹവുമായി ബന്ധപ്പെട്ട ജാതിവിവേചനം, അന്തർജാതി ബന്ധങ്ങൾ, സ്ത്രീകളുടെ അനുഭവങ്ങൾ, സഭയ്ക്കകത്തെ സാമൂഹിക നിയന്ത്രണങ്ങൾ എന്നിവയെ ആഴത്തിൽ പരിശോധിച്ച പഠനങ്ങൾ ഇപ്പോഴും അപര്യാപ്തമാണ്.

ദലിത് ക്രിസ്ത്യാനികൾ പലപ്പോഴും യഥാർത്ഥ ക്രിസ്ത്യാനികളല്ല എന്ന സാമൂഹിക അപമാനം നേരിട്ടതിനാൽ, സാമൂഹിക അംഗീകാരത്തിനായി ചില കുടുംബങ്ങൾ പഴയ സംസ്കാരഘടകങ്ങളിൽ നിന്ന് പാടെ അകന്നു.

2023- ൽ ഡോ. ടിജി പി.വി.യും ഡോ. അഭിലാഷ് ബാബുവും മാന്നാനം പാരിഷിനെ ആസ്പദമാക്കി നടത്തിയ പഠനം ദലിത് ക്രിസ്ത്യാനികളുടെ സാമൂഹിക- സാമ്പത്തിക ഒഴിവാക്കലുകളും, വിവാഹബന്ധങ്ങളിലെ ജാതിവിവേചനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യം ദലിത്, പിന്നീട് ക്രിസ്ത്യൻ എന്ന ഇരട്ട സ്വത്വബോധം അവർ അനുഭവിക്കുന്നുവെന്ന നിരീക്ഷണവും പഠനം മുന്നോട്ടുവെയ്ക്കുന്നു. സഭയുടെ ഭാഗത്തുനിന്നു പോലും ആത്മവിമർശനാത്മകവും സമഗ്രവുമായ പഠനങ്ങൾ ഇപ്പോഴും വിരളമാണ്. അതുകൊണ്ട് കുടുംബമൊഴികൾ, പ്രാദേശിക സഭാരേഖകൾ, സാമൂഹിക ആചാരങ്ങൾ എന്നിവയെ ആസ്പദമാക്കിയുള്ള കൂടുതൽ വിമർശനാത്മക ഗവേഷണങ്ങൾ ആവശ്യമാണെന്ന് സാമൂഹ്യപഠനങ്ങൾ വിലയിരുത്തുന്നുണ്ട്.

കേരളത്തിലെ പല ആന്ത്രോപോളജി പഠനങ്ങളും അനുഭവ സാക്ഷ്യങ്ങളും സൂചിപ്പിക്കുന്നത്, ദലിത് ക്രിസ്ത്യൻ സമൂഹങ്ങൾ മതം മാറിയ ശേഷവും വിവാഹം, പ്രസവം, മരണം, കുടുംബബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചില പ്രാദേശിക ദ്രാവിഡ നാടൻ ആചാരങ്ങൾ രൂപമാറ്റങ്ങളോടെ തുടരുകയുണ്ട് എന്നാണ്. മംഗളസ്നാനം, വിളക്ക് തെളിയിക്കൽ, പാട്ട്, നാടൻവാദ്യങ്ങൾ, സമൂഹസദ്യ, താലികെട്ട് തുടങ്ങിയ ഘടകങ്ങൾ ചില പ്രദേശങ്ങളിൽ കുടുംബരീതി അല്ലെങ്കിൽ നാട്ടുചടങ്ങ് എന്ന രീതിയിൽ നിലനിൽക്കുന്നു. എന്നാൽ വ്യക്തമായ മറ്റു ആരാധനാപശ്ചാത്തലമുള്ള ചടങ്ങുകളും, ആചാരങ്ങളും ഇരുപതാം നൂറ്റാണ്ടോടെ സഭയുടെ നിയന്ത്രണവും ശുദ്ധ ക്രിസ്ത്യൻ ഐഡന്റിറ്റിയിലേക്കുള്ള സമ്മർദ്ദവും ശക്തമായതോടെ, കൂടുതലായും ഉപേക്ഷിക്കപ്പെട്ടു.

ദലിത് ക്രിസ്ത്യാനികൾ പലപ്പോഴും യഥാർത്ഥ ക്രിസ്ത്യാനികളല്ല എന്ന സാമൂഹിക അപമാനം നേരിട്ടതിനാൽ, സാമൂഹിക അംഗീകാരത്തിനായി ചില കുടുംബങ്ങൾ പഴയ സംസ്കാരഘടകങ്ങളിൽ നിന്ന് പാടെ അകന്നു. ഇതിലൂടെ, മതം മാറിയെങ്കിലും ജാതിവ്യവസ്ഥയുടെ സ്വാധീനം തുടരുകയും, ‘ആരുടെ സംസ്കാരമാണ് ശുദ്ധം’  എന്ന സാമൂഹിക അധികാരചോദ്യവുമായി ബന്ധപ്പെട്ട വിരോധാഭാസം രൂപപ്പെടുകയും ചെയ്തു.

ദലിത് ക്രിസ്ത്യൻ സമൂഹങ്ങൾ മതം മാറിയ ശേഷവും വിവാഹം, പ്രസവം, മരണം, കുടുംബബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചില പ്രാദേശിക ദ്രാവിഡ നാടൻ ആചാരങ്ങൾ രൂപമാറ്റങ്ങളോടെ തുടരുകയുണ്ട് എന്നാണ്.
ദലിത് ക്രിസ്ത്യൻ സമൂഹങ്ങൾ മതം മാറിയ ശേഷവും വിവാഹം, പ്രസവം, മരണം, കുടുംബബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചില പ്രാദേശിക ദ്രാവിഡ നാടൻ ആചാരങ്ങൾ രൂപമാറ്റങ്ങളോടെ തുടരുകയുണ്ട് എന്നാണ്.

കേരളത്തിലെ ദലിത് ക്രിസ്ത്യൻ സമൂഹത്തിലും ജാതി- ഉപജാതി തിരിച്ചറിവുകൾ നിലനിന്നിരുന്നു. അതിനാൽ വിവാഹങ്ങൾ പലപ്പോഴും സ്വന്തം സാമൂഹിക വിഭാഗങ്ങൾക്കുള്ളിൽ തന്നെ നടത്താൻ കുടുംബങ്ങൾ മുൻഗണന നൽകിയിരുന്നതായി പഠനങ്ങൾ കാണിക്കുന്നു. നമ്മുടെ സമൂഹരീതി വേറെയാണ്, അവരുടെ വീട്ടുചടങ്ങ് മറ്റൊന്നാണ് തുടങ്ങിയ കാരണങ്ങളാൽ ചില കുടുംബങ്ങളിൽ തന്നെ അന്തർ ദലിത് വിവാഹങ്ങളെ എതിർത്തിരുന്നു. ചില പ്രദേശങ്ങളിൽ വിവാഹവിരുന്ന്, ഇരിപ്പിടക്രമം, ബന്ധുവീടുകളിലേക്കുള്ള പ്രവേശനം എന്നിവയിലും സൂക്ഷ്മ വിവേചനങ്ങൾ നിലനിന്നു. സഭ ഔദ്യോഗികമായി ജാതിയെ അംഗീകരിക്കാത്തതുപോലെ തോന്നിച്ചാലും, നല്ല കുടുംബം, ഒത്ത പശ്ചാത്തലം എന്നീ ഭാഷകളിലൂടെ പാരിഷ്- കമ്മ്യൂണിറ്റി തലത്തിൽ ജാതി പരിശോധിക്കപ്പെട്ടിരുന്നു.

ജാതി- ഉപജാതി വിവാഹങ്ങൾ ചിലപ്പോൾ ശ്രേണീലംഘനമായി കണക്കാക്കപ്പെടുകയും, സാമൂഹിക ബഹിഷ്കരണം, കുടുംബസമ്മർദ്ദം, വിവാഹചടങ്ങുകളിലെ വിലക്കുകൾ എന്നിവ നേരിടേണ്ടിവരികയും ചെയ്തു. എങ്കിലും 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ദലിത് ഐക്യപ്രസ്ഥാനങ്ങളും വിദ്യാഭ്യാസവും ഈ അകലം ഭാഗികമായി കുറച്ചു.

ഡിജിറ്റൽ യുഗത്തിലും ജാതി പുതിയ രൂപത്തിൽ തുടരുന്നതായി ഡിജിറ്റൽ സോഷ്യോളജി തലത്തിൽ നോക്കുമ്പോൾ കാണാം. ഇൻസ്റ്റാഗ്രാം, വാട്സ്ആപ്, മാട്രിമോണി സൈറ്റ്സ്, ഡേറ്റിംഗ് ആപ്സ് എന്നിവ വ്യക്തിസ്വാതന്ത്ര്യത്തിന്റെ സാധ്യതകൾ തുറന്നുവെച്ചെങ്കിലും, സർനെയിം, പാരിഷ് നെയിം, നേറ്റീവ് പ്ലെയ്സ്, ഫാമിലി ബാക്ക്ഗ്രൗണ്ട് , ചർച്ച് നെറ്റവർക്ക് എന്നിവ വഴി ജാതി വീണ്ടും ഡീ- കോഡ് ചെയ്യപ്പെടുന്നു. അതിനാൽ റൊമാന്റിക് ഫ്രീഡത്തിന്റെയും കുടുംബസമൂഹമാന്യതയുടേയും ഇടയിലെ സംഘർഷം തുടരുന്നു.

അന്തർജാതി വിവാഹങ്ങൾ പലപ്പോഴും ഇടവക സമൂഹത്തിൽ നിന്നുള്ള പുറന്തള്ളൽ, കുടുംബ ബഹിഷ്കരണം, സ്വത്തവകാശപ്രശ്നങ്ങൾ, ചിലപ്പോൾ അതിക്രമങ്ങൾ വരെ ഉണ്ടാക്കി. ഇതെല്ലാം വലിയ വിരോധാഭാസത്തെയാണ് അടയാളപ്പെടുത്തിയത്.

ചില ദലിത് ക്രിസ്ത്യൻ യുവാക്കൾ ജാതി തുറന്നുപറയുമ്പോൾ, മറ്റു ചിലർ rejection, humiliation, family won’t agree തുടങ്ങിയ അനുഭവങ്ങൾ കാരണം അത് മറച്ചുവെക്കുന്നു. മുൻകാലങ്ങളിലും വിവാഹത്തിനായി കുടുംബനാമം മാറ്റുക, ഇടവക നാമം മാറുക, പഴയ തൊഴിൽ ചരിത്രം മറയ്ക്കുക തുടങ്ങിയ രീതികൾ നിലനിന്നിരുന്നു. അതിനാൽ ജാതി മറച്ചുവെക്കൽ ഇന്ന് ഒരു ഡിജിറ്റൽ തന്ത്രമാകുമ്പോൾ, മുൻകാലങ്ങളിൽ അത് സാമൂഹിക നിലനിൽപ്പിനായുള്ള പ്രതിരോധരീതിയായിരുന്നു.

പഴയ തലമുറയിലെ ദലിത് ക്രിസ്ത്യൻ വിവാഹസ്വപ്നങ്ങൾ പ്രധാനമായും കുടുംബസുരക്ഷ, സാമ്പത്തിക സ്ഥിരത, സഭയുടെയും സമൂഹത്തിന്റെയും അംഗീകാരം, മാന്യമായ ക്രിസ്ത്യൻ കുടുംബം എന്നിവയെ​ കേന്ദ്രീകരിച്ചതായിരുന്നു. പ്രണയത്തേക്കാൾ ജീവിതസുരക്ഷയ്ക്കും ജാതിയാൽ അപമാനിക്കപ്പെടാത്ത ബന്ധത്തിനുമായിരുന്നു കൂടുതൽ പ്രാധാന്യം. ഒരേ ജാതി വിഭാഗത്തിനുള്ളിലെ വിവാഹം സുരക്ഷിതത്വത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടു.

മുഖ്യധാരാസഭകളിലെ ജാതിവിവേചനങ്ങൾക്കെതിരായ പ്രതികരണമായി ദലിത് ക്രിസ്ത്യൻ മൂവ്മെന്റ് പോലുള്ള സംഘടനകളും, ചില സ്വതന്ത്ര സഭാകൂട്ടായ്മകളും രൂപപ്പെട്ടുവന്നു. ഇവ ലളിതമായ വിവാഹചടങ്ങുകൾ, ജാതിരഹിതവിവാഹങ്ങൾ, സ്ത്രീധന വിരുദ്ധ നിലപാട്, കമ്മ്യൂണിറ്റി പ്രയർ, സ്ത്രീ- പുരുഷ സമത്വം, ദലിത് സാംസ്കാരിക ഘടകങ്ങളുടെ ഉൾക്കൊള്ളൽ എന്നിവയ്ക്ക് പ്രാധാന്യം നൽകി. ചിലർ വിവാഹത്തെ സാക്രമെന്റ് മാത്രമായല്ല, സാമൂഹിക സമത്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രഖ്യാപനമായും കണ്ടു.

മുഖ്യധാരാസഭകളിലെ ജാതിവിവേചനങ്ങൾക്കെതിരായ പ്രതികരണമായി ദലിത് ക്രിസ്ത്യൻ മൂവ്മെന്റ് പോലുള്ള സംഘടനകളും, ചില സ്വതന്ത്ര സഭാകൂട്ടായ്മകളും രൂപപ്പെട്ടുവന്നു.
മുഖ്യധാരാസഭകളിലെ ജാതിവിവേചനങ്ങൾക്കെതിരായ പ്രതികരണമായി ദലിത് ക്രിസ്ത്യൻ മൂവ്മെന്റ് പോലുള്ള സംഘടനകളും, ചില സ്വതന്ത്ര സഭാകൂട്ടായ്മകളും രൂപപ്പെട്ടുവന്നു.

അന്തർജാതി വിവാഹങ്ങൾ പലപ്പോഴും ഇടവക സമൂഹത്തിൽ നിന്നുള്ള പുറന്തള്ളൽ, കുടുംബ ബഹിഷ്കരണം, സ്വത്തവകാശപ്രശ്നങ്ങൾ, ചിലപ്പോൾ അതിക്രമങ്ങൾ വരെ ഉണ്ടാക്കി. ഇതെല്ലാം വലിയ വിരോധാഭാസത്തെയാണ് അടയാളപ്പെടുത്തിയത്. ബാപ്റ്റിസം എല്ലാവരെയും സഭ എന്ന ഒരുമയിലേക്കു കൂട്ടിക്കൊണ്ടുവന്നെങ്കിലും, വിവാഹവും സാമൂഹികജീവിതവും പലപ്പോഴും ആളുകളെ വീണ്ടും ജാതിയുടെ അദൃശ്യഅതിർത്തികളിലേക്ക് തിരിച്ചുനിർത്തിക്കൊണ്ടിരുന്നു.

കേരളത്തിലെ ദലിത് ക്രിസ്ത്യൻ ചരിത്രത്തിൽ വിവാഹം, സഭ, ജാതി എന്നിവ പരസ്പരം ആഴത്തിൽ ബന്ധപ്പെട്ടുനിന്നിരുന്നു. ഔദ്യോഗികമായി സമത്വം പ്രസംഗിച്ചിരുന്ന പല സഭകളിലും പ്രായോഗിക ജീവിതത്തിൽ ജാതീയമായ അതിരുകൾ നിലനിന്നതായി സഭാ ചരിത്രം, അനുഭവചരിത്രം, സാമൂഹിക പഠനങ്ങൾ എന്നിവ സൂചിപ്പിക്കുന്നു. ദലിത് ക്രിസ്ത്യാനികളും ഉയർന്ന ജാതിക്രിസ്ത്യാനികളും തമ്മിലുള്ള വിവാഹങ്ങളിൽ അടിസ്ഥാന പാരമ്പര്യം, സാംസ്കാരികമായ യോജിപ്പ് തുടങ്ങിയ ജാതി ഉൽക്കണ്ഠകൾ പ്രകടിപ്പിക്കപ്പെട്ടു. ചില ഇടവകകളിൽ ഫീസ്റ്റ് പാർട്ടിസിപ്പഷനിലും പാരിഷ് സ്വീകരണത്തിലും സൂക്ഷ്മമായ അകലം അനുഭവപ്പെട്ടിരുന്നു.

ചില ക്രിസ്ത്യൻ സമൂഹങ്ങൾ ‘രക്തശുദ്ധി’- endogamy- എന്ന ആശയം ശക്തമായി പാലിക്കുകയും, സമുദായത്തിന് പുറത്തുള്ള വിവാഹങ്ങൾക്ക് സഭാഭ്രഷ്ട് വരെ നടപ്പാക്കുകയും ചെയ്തു. 2026- ൽ ഹൈക്കോടതി ഇത്തരം ചട്ടങ്ങളെ ഭരണഘടനാവിരുദ്ധമായി വിമർശിച്ചു. സവർണ ക്രസ്തവ സമൂഹങ്ങളിൽ അന്തർജാതി വിവാഹങ്ങൾ സാമൂഹിക അതിർത്തി ലംഘനമായി കണ്ടു. കുടുംബമാനവും, പാരമ്പര്യവും, പുരാതന കുടുംബമെന്ന അവകാശവാദവും പോലുള്ള ജാതിസൂചക ആശയങ്ങൾ ശക്തമായി പ്രവർത്തിച്ചുപോന്നു.

19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളിലും ചില പ്രദേശങ്ങളിൽ ദലിത് ക്രിസ്ത്യാനികൾക്കായി പ്രത്യേക ഇടവകകളും ആരാധനാ ഇടങ്ങളും രൂപപ്പെട്ടുവന്നു. ഇത് ഒരേസമയം ഒഴിവാക്കലിന്റേയും എന്നാൽ അന്തസ്സ് തേടിയുള്ള കൂട്ടായ ശ്രമത്തിന്റെയും ഫലമായിരുന്നു. പോൾ ചിറക്കരോടിന്റെ പുലയത്തറ പോലുള്ള കൃതികൾ ഈ അനുഭവങ്ങളെ സാഹിത്യമായി രേഖപ്പെടുത്തി.

ഇന്നത്തെ യുവതലമുറ പ്രണയസ്വാതന്ത്ര്യത്തിനും സാമൂഹിക അംഗീകാരത്തിനും ഇടയിലുള്ള സംഘർഷത്തിലൂടെയാണ് പലപ്പോഴും ജീവിക്കുന്നത്.

പിന്നാക്ക ജാതി വിവാഹരീതികളിൽ പഴയ തലമുറ കുടുംബസുരക്ഷയ്ക്കും സഭയുടെ അംഗീകാരത്തിനും സാമ്പത്തിക സ്ഥിരതയ്ക്കുമായിരുന്നു കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ പുതിയ തലമുറ വൈകാരിക പൊരുത്തം, വ്യക്തിസ്വാതന്ത്ര്യം, പരസ്പര ബഹുമാനം, ജാതിവേർതിരിവുകളെ അതിജീവിക്കുന്ന സ്നേഹം, വ്യക്തിത്വത്തിന്റെ സ്വതന്ത്ര വികാസം എന്നിവയെ കൂടുതൽ വിലമതിക്കുന്നു. എന്നിരുന്നാലും, സാമൂഹിക യാഥാർഥ്യം ഇപ്പോഴും ജാതിസ്മരണകളുടെയും ചരിത്രപരമായ വിഭജനങ്ങളുടെയും സ്വാധീനത്തിൽ നിന്ന് പൂർണമായി മോചിതമായിട്ടില്ല. അതുകൊണ്ടു തന്നെ ഇന്നത്തെ യുവതലമുറ പ്രണയസ്വാതന്ത്ര്യത്തിനും സാമൂഹിക അംഗീകാരത്തിനും ഇടയിലുള്ള സംഘർഷത്തിലൂടെയാണ് പലപ്പോഴും ജീവിക്കുന്നത്.

ദലിത് ക്രിസ്ത്യൻ സ്ത്രീകൾക്ക് ഈ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാണ്. ജാതി, ലിംഗം, ദാരിദ്ര്യം, മതസ്ഥാപനങ്ങളുടെ നിയന്ത്രണം എന്നിവ കൂടിച്ചേരുന്ന രീതിയിലുള്ള അടിച്ചമർത്തലാണ് അവർ പലപ്പോഴും നേരിടുന്നത്. സ്ത്രീധനത്തിന്റെ സമ്മർദ്ദം, ഗാർഹിക ജോലിയുടെ അമിതഭാരം, വൈകാരിക പീഡനങ്ങൾ, തീരുമാനമെടുക്കുന്നതിലെ പരിമിത പങ്കാളിത്തം, സഭയുടെ മൗനം, എല്ലാം സഹിക്കണമെന്ന ധാർമ്മിക പ്രതീക്ഷ എന്നിവ വിവാഹജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്നു. അതേസമയം, പുതിയ തലമുറയിൽ വിദ്യാഭ്യാസവും ദലിത് സ്ത്രീപക്ഷ രാഷ്ട്രീയബോധവും വളരുന്നതിനൊപ്പം, തുല്യത, സഹജീവിത പങ്കാളിത്തം, അന്തസ്സ്, ആത്മാഭിമാനം എന്നിവ ആവശ്യപ്പെടുന്ന ഒരു പുതിയ ഭാഷയും പുതിയ അവകാശബോധവും രൂപംകൊണ്ടുവരുന്നുണ്ട്. ഈ മുഴുവൻ ചരിത്രത്തിനുള്ളിലെ പ്രധാന വിരോധാഭാസം, ഒരേ കുർബാന സ്വീകരിച്ചവർക്ക് ഒരേ സാമൂഹിക ബഹുമതിയും അംഗീകാരവും സമൂഹം അനുവദിച്ചിരുന്നോ എന്ന ചോദ്യത്തിലൂടെയാണ് മനസ്സിലാക്കേണ്ടത്.

ജാതി, ലിംഗം, ദാരിദ്ര്യം, മതസ്ഥാപനങ്ങളുടെ നിയന്ത്രണം എന്നിവ കൂടിച്ചേരുന്ന രീതിയിലുള്ള അടിച്ചമർത്തലാണ് ദലിത് ക്രിസ്ത്യൻ സ്ത്രീകൾ പലപ്പോഴും നേരിടുന്നത്.
ജാതി, ലിംഗം, ദാരിദ്ര്യം, മതസ്ഥാപനങ്ങളുടെ നിയന്ത്രണം എന്നിവ കൂടിച്ചേരുന്ന രീതിയിലുള്ള അടിച്ചമർത്തലാണ് ദലിത് ക്രിസ്ത്യൻ സ്ത്രീകൾ പലപ്പോഴും നേരിടുന്നത്.

കേരളത്തിലെ നിരവധി ദലിത് ക്രിസ്ത്യൻ സ്ത്രീകളുടെ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്, വിവാഹശേഷവും ഭർത്തൃവീട്ടിലും ഇടവക സമൂഹജീവിതത്തിലും രണ്ടാംതരം പൗരത്വത്തിന്റെ അനുഭവങ്ങൾ പല രൂപങ്ങളിൽ തുടരുന്നുവെന്നാണ്. കുടുംബനിർണയങ്ങളിൽ അവരുടെ ശബ്ദം പരിമിതമാണ്. ഗാർഹിക ജോലികളുടെ മുഴുവൻ ഭാരവും അവരുടെ ചുമലിലാണ്. സ്ത്രീധന സമ്മർദ്ദവും, ‘നല്ല ഭാര്യ’ എന്ന പേരിലുള്ള നിശ്ശബ്ദമാക്കപ്പെടലും അടിച്ചേൽപ്പിക്കപ്പെടുന്ന അനുസരണയും അന്തർജാതി വിവാഹങ്ങളിൽ നിന്നുണ്ടാകുന്ന സൂക്ഷ്മമായ അവഹേളനങ്ങളും സ്ത്രീയുടെ കുടുംബത്തെ താഴ്ന്ന നിലയിൽ കാണുന്നതുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. വിവാഹചടങ്ങുകളിലും സദ്യകളിലും ഇരിപ്പിട ക്രമീകരണങ്ങളിലുമെല്ലാം കുടുംബങ്ങളുടെ സാമൂഹിക ശ്രേണീവ്യവസ്ഥയും അധികാരബന്ധങ്ങളും പലപ്പോഴും പ്രകടമാകുകയും ചെയ്തു.

വിവാഹശേഷവും പല ദലിത് ക്രിസ്ത്യൻ സ്ത്രീകൾക്കും പുതിയ ക്രിസ്ത്യാനി എന്ന അവഹേളനപരമായ വിളിപ്പേരും സാമൂഹിക അകൽച്ചയുടെ അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പഠനങ്ങളും ജീവിതാനുഭവങ്ങളും സൂചിപ്പിക്കുന്നു. കേരളത്തിലും ഗോവയിലുമുള്ള ചില ക്രിസ്ത്യൻ സമൂഹങ്ങളിൽ പ്രത്യേക ശ്മശാനങ്ങൾ, ഇരിപ്പിട വേർതിരിവുകൾ, മറ്റ് സൂക്ഷ്മമായ സാമൂഹിക അതിരുകൾ എന്നിവയിലൂടെ ജാതിസ്മരണകൾ വിവാഹജീവിതത്തിനകത്തും തുടരുന്നതായി ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ദലിത് ക്രിസ്ത്യൻ സമൂഹങ്ങളിൽ വിവാഹമോചനം ദീർഘകാലം സാമൂഹിക അപമാനത്തോടും സാമ്പത്തിക അസുരക്ഷയോടും ബന്ധിപ്പിക്കപ്പെട്ടിരുന്നു. പീഡനപരമായ ദാമ്പത്യജീവിതമായാലും സഹിക്കുക, കുടുംബം കാക്കുക, സഭയ്ക്ക് അപമാനം വരുത്തരുത് എന്ന സമ്മർദം എന്നിവ സ്ത്രീകൾക്കുമേൽ ശക്തമായി പ്രവർത്തിച്ചു. സഭാനിയന്ത്രിതമായ വിവാഹ റദ്ദാക്കൽ നടപടിക്രമങ്ങളും സാമൂഹിക നിയന്ത്രണങ്ങളും കാരണം പലർക്കും സ്വതന്ത്രമായ തീരുമാനങ്ങളിലേക്ക് എത്തിച്ചേരുക എളുപ്പമായിരുന്നില്ല. വിവാഹമോചനത്തിനുശേഷം ഇടവകസമൂഹത്തിലെ പരദൂഷണങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, മക്കളുടെ ഉത്തരവാദിത്വം, പരാജയപ്പെട്ട സ്ത്രീ എന്ന മുദ്ര, വീണ്ടും വിവാഹം കഴിക്കുന്നതിലുള്ള തടസ്സങ്ങൾ എന്നിവയും പല സ്ത്രീകളുടെയും ജീവിതം സങ്കീർണ്ണമാക്കി.

കേരളത്തിലെ ദലിത് ക്രിസ്ത്യൻ വിവാഹങ്ങളിൽ ഭൂമിയും സമ്പത്തും പ്രധാന സാമൂഹിക മൂലധനമായി പ്രവർത്തിച്ചു. സ്വന്തമായി വീടും ഭൂമിയും സ്ഥിരമായ വരുമാനമാർഗവും ഉണ്ടായിരിക്കുക എന്നത് വിവാഹയോഗ്യതയുടെ പ്രധാന മാനദണ്ഡങ്ങളിലൊന്നായി മാറി.

വിധവകൾ, വിവാഹമോചിതർ, അവിവാഹിതർ എന്നിവരുടെ ജീവിതവും പലപ്പോഴും സാമ്പത്തിക അസുരക്ഷയുടെയും, ധാർമ്മിക നിരീക്ഷണത്തിന്റെയും, സാമൂഹിക ഏകാന്തതയുടെയും ചുറ്റുപാടിലായിരുന്നു നിലനിന്നത്. വിധവകൾക്ക് ‘ത്യാഗശീല’ എന്ന പ്രതിച്ഛായ ചുമത്തപ്പെട്ടപ്പോൾ, പുനർവിവാഹം പലപ്പോഴും സംശയത്തോടെയോ അപമാനത്തോടെയോ ആണ് സമൂഹം കണ്ടിരുന്നത്. സഭ കാരുണ്യപ്രവർത്തനങ്ങളിലൂടെയും പ്രാർത്ഥനാ കൂട്ടായ്മകളിലൂടെയും സഹായം നൽകിയിരുന്നെങ്കിലും, അവ പലപ്പോഴും അവകാശത്തിന്റെയും അന്തസ്സിന്റെയും ഭാഷയെക്കാൾ കരുണയുടെ ഭാഷയിലായിരുന്നു രൂപപ്പെട്ടിരുന്നത്.

ദലിത് ക്രിസ്ത്യൻ കുടുംബങ്ങളിൽ സ്ത്രീധനം, സ്വർണം, വിവാഹസദ്യ, സഭാഫീസ് തുടങ്ങിയ ചെലവുകൾ വലിയ സാമ്പത്തിക ഭാരമായി മാറിയിരുന്നു. മുഖ്യധാരാ ക്രിസ്ത്യൻ സമൂഹങ്ങളിൽ സ്ത്രീധനം സാമൂഹിക പദവിയുടെ അടയാളമായി പ്രവർത്തിച്ചപ്പോൾ, ദലിത് ക്രിസ്ത്യൻ കുടുംബങ്ങൾക്ക് അത് പലപ്പോഴും അതിജീവനത്തിന്റെ പ്രശ്നമായി മാറി. കടം വാങ്ങൽ, സ്വത്ത് വിറ്റഴിക്കൽ, മാന്യമായ വിവാഹം നടത്തണമെന്ന സാമൂഹിക സമ്മർദം എന്നിവ നിരവധി കുടുംബങ്ങളെ കടബാധ്യതകളിലേക്ക് തള്ളിവിട്ടു.

ഇതോടൊപ്പം, രാഷ്ട്രീയ പ്രതിനിധാനത്തിന്റെയും സംവരണാവകാശത്തിന്റെയും അഭാവം ദലിത് ക്രിസ്ത്യൻ കുടുംബങ്ങളുടെ സാമൂഹിക മുന്നേറ്റത്തെ ഗൗരവമായി ബാധിച്ചു. 1950- ലെ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ക്രിസ്തുമതത്തിലേക്ക് മതംമാറിയ ദലിതർക്ക് പട്ടികജാതി സംവരണം നിഷേധിക്കപ്പെട്ടത് വിദ്യാഭ്യാസം, സർക്കാർ തൊഴിൽ, സാമ്പത്തിക മുന്നേറ്റം എന്നിവയിൽ ദീർഘകാല പ്രത്യാഘാതമുണ്ടാക്കി. നല്ല ജോലി, സ്ഥിരവരുമാനം തുടങ്ങിയ വിവാഹയോഗ്യതാമാനദണ്ഡങ്ങളിൽ പിന്നാക്കം നിൽക്കേണ്ടിവന്ന സാഹചര്യത്തിൽ വിവാഹസാധ്യതകളും പരിമിതമായി. ഈ കുറവ് നികത്താൻ അധിക സ്ത്രീധനം, കൂടുതൽ സ്വർണം, വൻ ആഘോഷച്ചെലവുകൾ എന്നിവ വഹിക്കേണ്ട സമ്മർദവും ചില കുടുംബങ്ങൾ നേരിട്ടു. അങ്ങനെ, ദലിത് ക്രിസ്ത്യൻ കുടുംബങ്ങളിലെ വിവാഹജീവിതം വ്യക്തിപരമായ ബന്ധങ്ങളുടെ മാത്രം വിഷയമായിരുന്നില്ല, ജാതി, ലിംഗം, മതം, സാമ്പത്തികസ്ഥിതി, രാഷ്ട്രീയ അവകാശങ്ങൾ എന്നിവയുടെ സങ്കീർണമായ പരസ്പരബന്ധങ്ങൾ അതിനെ ആഴത്തിൽ രൂപപ്പെടുത്തിയിരുന്നു.

കേരളത്തിലെ ദലിത് ക്രിസ്ത്യൻ വിവാഹങ്ങളിൽ ഭൂമിയും സമ്പത്തും പ്രധാന സാമൂഹിക മൂലധനമായി പ്രവർത്തിച്ചു. സ്വന്തമായി വീടും ഭൂമിയും സ്ഥിരമായ വരുമാനമാർഗവും ഉണ്ടായിരിക്കുക എന്നത് വിവാഹയോഗ്യതയുടെ പ്രധാന മാനദണ്ഡങ്ങളിലൊന്നായി മാറി. ഭൂമിയില്ലായ്മയും കൂലിപ്പണിയെ ആശ്രയിച്ച ജീവിതവും പല കുടുംബങ്ങളെയും വിവാഹബന്ധങ്ങളുടെ സാധ്യതകളെ പിന്നാക്കമാക്കി. സവർണ ക്രിസ്ത്യൻ സമൂഹങ്ങൾ ഭൂമിയെ കുടുംബപാരമ്പര്യത്തിന്റെയും സാമൂഹിക ബഹുമതിയുടെയും അടയാളമായി കണ്ടപ്പോൾ, ദലിത് ക്രിസ്ത്യൻ കുടുംബങ്ങൾക്ക് അത് അതിജീവനത്തിന്റെയും അന്തസ്സിന്റെയും സാമൂഹിക അംഗീകാരത്തിന്റെയും പ്രതീകമായിരുന്നു.

കേരള നിയമസഭയുടെ ലൈബ്രറി ശേഖരങ്ങളിൽ നിന്നെടുത്ത ഭൂമിദാനം സംബന്ധിച്ചുള്ള രേഖ. ദലിത് ക്രിസ്ത്യാനികളുടെ ഭൂമിസംബന്ധമായ പ്രശ്നങ്ങൾ ഒരു പ്രതിനിധി ദിവാന് മുമ്പിൽ അവതരിപ്പിക്കുന്നതാണ് ഉള്ളടക്കം.
കേരള നിയമസഭയുടെ ലൈബ്രറി ശേഖരങ്ങളിൽ നിന്നെടുത്ത ഭൂമിദാനം സംബന്ധിച്ചുള്ള രേഖ. ദലിത് ക്രിസ്ത്യാനികളുടെ ഭൂമിസംബന്ധമായ പ്രശ്നങ്ങൾ ഒരു പ്രതിനിധി ദിവാന് മുമ്പിൽ അവതരിപ്പിക്കുന്നതാണ് ഉള്ളടക്കം.

പുലയത്തറ പോലുള്ള സാഹിത്യകൃതികളിലെ കഥാപാത്രങ്ങൾ ദലിതരുടെ ഭൂ ഉടമസ്ഥതയുടെ അസ്ഥിരതയും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ട്. മാന്യമായ വിവാഹബന്ധങ്ങൾ ഉറപ്പാക്കുന്നതിനായി ചില കുടുംബങ്ങൾ ഭൂമി വിറ്റഴിക്കുകയോ കടം വാങ്ങി വീട് നിർമിക്കുകയോ ചെയ്തിരുന്നു. അതിനാൽ, ഭൂമിയും സമ്പത്തും ദലിത് ക്രിസ്ത്യൻ വിവാഹങ്ങളിൽ വെറും സാമ്പത്തിക വിഭവങ്ങൾ മാത്രമായിരുന്നില്ല. സാമൂഹിക പ്രവേശനത്തിന്റെയും അംഗീകാരത്തിന്റെയും ബഹുമതിയുടെയും കവാടമായി അവ പ്രവർത്തിച്ചു. അതേസമയം, അവയുടെ അഭാവം സാമൂഹിക പുറന്തള്ളലിനെയും അസമത്വത്തെയും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തു. 1960- 80 കാലഘട്ടത്തിൽ നിയമപരമായി ദലിത് ക്രിസ്ത്യാനികളും ഉയർന്ന ജാതി ക്രിസ്ത്യാനികളും തമ്മിലുള്ള വിവാഹങ്ങൾക്ക് തടസ്സമുണ്ടായിരുന്നില്ല. എന്നാൽ പള്ളി സംവിധാനങ്ങളും സാമൂഹിക ആചാരങ്ങളും ജാതിയുടെ സ്വാധീനത്തിൽ പ്രവർത്തിച്ചതിനാൽ ഇത്തരം വിവാഹങ്ങൾ പലപ്പോഴും നിരുത്സാഹപ്പെടുത്തപ്പെട്ടു.

സ്വാതന്ത്ര്യാനന്തര കേരളത്തിലെ ഭൂപരിഷ്കരണവും കുടിയേറ്റവും ചില ദലിത് ക്രിസ്ത്യൻ കുടുംബങ്ങൾക്ക് പുതിയ അവസരങ്ങൾ തുറന്നു കൊടുത്തിരുന്നു. ഭൂമി, വീട്, സ്ഥിരജോലി എന്നിവ വിവാഹയോഗ്യതയുടെ പ്രധാന മാനദണ്ഡങ്ങളായി തുടർന്നു. ഇവയൊക്കെയായാലും സംവരണാനുകൂല്യങ്ങളുടെ അഭാവവും പരിമിതമായ സാമൂഹിക മുന്നേറ്റവും വിവാഹസാധ്യതകളെ കാര്യമായി ബാധിച്ചു.

2020-കളിൽ ദലിത് ക്രിസ്ത്യൻ വിവാഹങ്ങളും മുഖ്യധാരാ ക്രിസ്ത്യൻ വിവാഹങ്ങളും പുറമേയ്ക്ക് ഏറെ സാമ്യമുള്ളവയായിരുന്നു. എന്നാൽ സാമൂഹിക- സാമ്പത്തിക വ്യത്യാസം നിലനിൽക്കുന്നു. തുറന്ന ജാതിവേർതിരിവ് കുറഞ്ഞെങ്കിലും അന്തർജാതി വിവാഹങ്ങൾ ഇന്നും വിരളമാണ്. വിദ്യാഭ്യാസം, സർക്കാർ ജോലി, വിദേശ തൊഴിൽ, ഇംഗ്ലീഷ് വിദ്യാഭ്യാസം എന്നിവ ശക്തമായ സാമൂഹിക മൂലധനങ്ങളായി പ്രവർത്തിക്കുന്നു. അതേസമയം കുറഞ്ഞ വിദ്യാഭ്യാസവും കൂലിപ്പണിയുമൊക്കെയായി ജീവിക്കുന്നവർക്ക് സൂക്ഷ്മമായ വിവേചനങ്ങൾ നേരിടേണ്ടിവരുന്നു.

ഇന്നത്തെ യുവതലമുറ സൗഹൃദം, പരസ്പര ബഹുമാനം, മാനസിക പൊരുത്തം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും, കുടുംബമാനവും സാമൂഹിക അംഗീകാരവും ഇപ്പോഴും വിവാഹതീരുമാനങ്ങളെ സ്വാധീനിക്കുന്നു.

ഇന്നത്തെ യുവതലമുറ സൗഹൃദം, പരസ്പര ബഹുമാനം, മാനസിക പൊരുത്തം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും, കുടുംബമാനവും സാമൂഹിക അംഗീകാരവും ഇപ്പോഴും വിവാഹതീരുമാനങ്ങളെ സ്വാധീനിക്കുന്നു. ജാതി തുറന്നുപറയാത്തതും എന്നാൽ, ജാതിയെ സൂചിപ്പിക്കുന്നതുമായ പുതിയ ഭാഷകളായ ‘നല്ല കുടുംബം’, ‘നല്ല പശ്ചാത്തലം’, ‘ഒരേ സംസ്കാരം’ തുടങ്ങിയ ആശയങ്ങളിലൂടെ, ജാതി തുടരുന്നു. ദലിത് ക്രിസ്ത്യൻ വിവാഹങ്ങളുടെ ചരിത്രം ജാതി, മതം, ഭൂമി, സ്ത്രീധനം, സാമൂഹിക ബഹുമതി, സഭയ്ക്കകത്തെ വിവേചനം എന്നിവയുടെ യാഥാർത്ഥ്യങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്നു. ഇത് വെറും വേദനയുടെ ചരിത്രമല്ല, ആത്മാഭിമാനത്തിന്റെയും പ്രതിരോധത്തിന്റെയും സ്നേഹത്തിന്റെയും സാമൂഹിക അംഗീകാരത്തിനായുള്ള പോരാട്ടത്തിന്റെയും ചരിത്രമാണ്. ഒരേ പള്ളിയിൽ വിവാഹം കഴിക്കാനും, ഒരേ ശ്മശാനത്തിൽ അടക്കം ചെയ്യപ്പെടാനും, സ്വന്തം സ്നേഹം സമൂഹത്തിന്റെ മുന്നിൽ മാന്യമായി പ്രഖ്യാപിക്കാനുമുള്ള അവകാശത്തിനായി നടന്ന പോരാട്ടങ്ങളുടെ ഓർമ്മ കൂടിയാണിത്.

പട്ടികജാതി വിഭാഗങ്ങൾക്ക് ലഭിക്കുന്ന പല സംവരണാനുകൂല്യങ്ങളും മതപരിവർത്തനവുമായി ബന്ധപ്പെട്ട നിയമപരമായ നിയന്ത്രണങ്ങളാൽ ദലിത് ക്രിസ്ത്യാനികൾക്ക് ലഭിക്കാതെ പോകുന്ന സാഹചര്യമുണ്ട്. ഇത് വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക മുന്നേറ്റം എന്നിവയിൽ ദീർഘകാല പ്രത്യാഘാതം സൃഷ്ടിക്കുന്നതായി സഭാ ശുശ്രൂക്ഷകൻ ഷാജി മാത്യു അതിയൽ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ക്രിസ്ത്യൻ സംഘടനകളുടെ പേരിൽ രാജ്യത്തിനകത്തും പുറത്തുനിന്നും വലിയ തോതിൽ ധനസഹായം എത്തുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിർമാർജനം, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ സഹായങ്ങൾ എത്തുന്നത്. എന്നാൽ ഈ വിഭവങ്ങൾ യഥാർത്ഥത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ദലിത് ക്രിസ്ത്യൻ സമൂഹങ്ങളിലേക്ക് എത്രത്തോളം എത്തുന്നുവെന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്. ധനസഹായങ്ങളുടെ ഉപയോഗത്തിലും വിതരണത്തിലും കൂടുതൽ സുതാര്യതയും പൊതുപരിശോധനയും ആവശ്യമാണെന്ന അഭിപ്രായവും നിലനിൽക്കുന്നു.

ദലിത് ക്രിസ്ത്യൻ സമൂഹം ഉന്നയിക്കുന്ന പല ആവശ്യങ്ങളും നയപരമായ ചർച്ചകളിൽ വേണ്ടത്ര പ്രാധാന്യം നേടുന്നില്ലെന്ന വിമർശനവുമുണ്ട്. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പഠനങ്ങളും പുനഃപരിശോധനകളും കൂടുതൽ ഗൗരവത്തോടെ നടക്കേണ്ടതുണ്ട്. തൊഴിൽ മേഖലയിലും സമാന ആശങ്ക ഉയരുന്നുണ്ട്. നല്ല വിദ്യാഭ്യാസം നേടിയ പലർക്കും സ്ഥിരതയുള്ള തൊഴിൽ ലഭിക്കാത്തത്, അവരുടെ സാമൂഹിക നിലയെയും വിവാഹസാധ്യതകളെയും ബാധിക്കുന്നു. തൊഴിൽ, വരുമാനം, സാമ്പത്തിക സുരക്ഷിതത്വം എന്നിവ ഇന്നത്തെ വിവാഹചർച്ചകളിൽ പ്രധാന ഘടകങ്ങളാണ്.

ദലിതരുടെ ഭൂ ഉടമസ്ഥതയുടെ അസ്ഥിരതയും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളും പ്രതിഫലിപ്പിക്കുന്ന പോള്‍ ചിറക്കരോടിന്റെ പുലയത്തറ എന്ന കൃതി.
ദലിതരുടെ ഭൂ ഉടമസ്ഥതയുടെ അസ്ഥിരതയും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളും പ്രതിഫലിപ്പിക്കുന്ന പോള്‍ ചിറക്കരോടിന്റെ പുലയത്തറ എന്ന കൃതി.

ക്രിസ്ത്യൻ സമൂഹത്തിനകത്തും വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി, ജീവിതശൈലി, സാമൂഹിക ബന്ധങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വലിയ അന്തരങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ചില കുടുംബങ്ങൾ മികച്ച വിദ്യാഭ്യാസവും സാംസ്കാരിക മൂലധനവും കൈവരിക്കുമ്പോൾ, മറ്റുചിലർ ഇപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകളുമായി മുന്നോട്ടുപോകുകയാണ്. ഈ വ്യത്യാസങ്ങൾ കുട്ടികളുടെ സൗഹൃദങ്ങളിലും സാമൂഹിക ഇടപെടലുകളിലും പിന്നീട് വിവാഹബന്ധങ്ങളിലും പ്രതിഫലിക്കാറുണ്ട്.

ഇന്നത്തെ സാഹചര്യത്തിൽ വിവാഹങ്ങളെ സ്വാധീനിക്കുന്നത് ജാതി മാത്രമല്ല. സാമ്പത്തിക സുരക്ഷിതത്വം, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക പദവി തുടങ്ങിയ ഘടകങ്ങളും നിർണായകമാണ്. ചിലപ്പോൾ ഒരേ സമുദായത്തിനകത്തുപോലും സാമ്പത്തിക വ്യത്യാസങ്ങൾ വിവാഹങ്ങൾക്ക് തടസ്സമാകുന്ന സാഹചര്യം കാണാം. സാമൂഹിക നീതിയും സമത്വവും ശക്തിപ്പെടുത്താൻ ദലിത് ക്രിസ്ത്യൻ സമൂഹത്തിനകത്ത് കൂടുതൽ സംഘടനാബോധവും കൂട്ടായ ഇടപെടലുകളും ആവശ്യമാണ്. വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക പ്രതിനിധാനം, അവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള സംവാദങ്ങൾ ശക്തമാകുമ്പോൾ കൂടുതൽ പോസിറ്റീവ് മാറ്റങ്ങൾ സാധ്യമാകും.

സമത്വപരമായ ഒരു ക്രിസ്ത്യൻ സമൂഹം രൂപപ്പെടണമെങ്കിൽ ആത്മീയപ്രസംഗങ്ങൾ മാത്രം മതിയാകുന്നില്ല. ജാതിവിവേചനത്തിന്റെ ചരിത്രം സഭകൾ തുറന്ന് അംഗീകരിക്കുകയും നേതൃത്വത്തിലും സമിതികളിലും ദലിത് ക്രിസ്ത്യാനികൾക്ക് യഥാർത്ഥ പ്രതിനിധാനം ഉറപ്പാക്കുകയും വേണം. വിവാഹം, ശ്മശാനം, വിരുന്നുകൾ, പള്ളിപങ്കാളിത്തം എന്നിവയിലെ വിവേചനങ്ങളെ ചോദ്യം ചെയ്യേണ്ടതുണ്ട്. ദലിത് ക്രിസ്ത്യാനികളെ കരുണയുടെ വിഷയങ്ങളായി കാണാതെ, സഭയുടെ ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും ഭാവിയുടെയും സമാന അവകാശമുള്ള നിർമ്മാതാക്കളായി അംഗീകരിക്കുമ്പോഴാണ് യഥാർത്ഥ സമത്വത്തിലേക്കുള്ള വഴി തുറക്കുന്നത്.

▮

Reference:

Oral history interviewed by: Pastor Shaji Mathew Athial Robinson, Rowena. (2010): Christians of India. New Delhi: Sage Publications.

Robinson, Rowena & Kujur, Joseph Marianus. (2010): Religion, Caste and Conversion.
Oxford University Press.

Tiji, P. V., & Abhilash Babu. (2023).
Dalit Christians in Kerala: Historical Exclusion, Identity and Contemporary Challenges.
International Journal of Scientific Research, 12(4).

David Mosse. (2012): The Saint in the Banyan Tree. University of California Press.

Ambedkar, B.R.: Annihilation of Caste.

Guru, Gopal.: Humiliation: Claims and Context.

Guru, Gopal.: Dalit Women Talk Differently.

Vivaham kalaghattangaliloode (Brahmamangalam madhavan).

Folklore of Kerala (Kavalam Narayana Panikkar).

Kerala Charithrathinte Iruladanja Edukal (Ilamkulam Kunjan Pillai).

Pulayathara (Paul chirakkarode).

Dalit Life in the Catholic Church of South India: Dimensions of Discrimination ( Lobo, Lancy. Dalit Life in the Catholic Church of South India: Dimensions of Discrimination).

The Saint in the Banyan Tree (Mosse, David. (2012).  (The Saint in the Banyan Tree. University of California Press).

Dalit Christians in Kerala: Historical Exclusion, Identity and Contemporary Challenges (Tiji, P. V., & Abhilash Babu. (2023). Dalit Christians in Kerala: Historical Exclusion, Identity and Contemporary Challenges. International Journal of Scientific Research), Published on: 09 Jan 2020.

https://www.thenewsminute.com/news/sc-agrees-examine-plea-seeking-scheduled-caste-status-dalit-christians-115741 (Published on: July 2013, Authors: Justin Jose)

https://en.wikipedia.org/wiki/Dalit.


Summary: Arun Simon examines caste in Dalit Christian marriages, exploring the ongoing conflict between romantic freedom and family and community respectability.


അരുൺ സൈമൺ

ദലിത് ക്രിസ്ത്യൻ രാഷ്ട്രീയവും കലാ സാഹിത്യ ചിന്തകളും അന്വേഷിക്കുന്ന എഴുത്തുകാരൻ.

Comments