Photo : Ajmal Mk Manikoth 

ഗ്രാന്റ് തടഞ്ഞിട്ട് രണ്ടു വര്‍ഷം,
പഠനം വഴിമുട്ടി ദലിത്- ആദിവാസി വിദ്യാര്‍ഥികള്‍

ഗ്രാന്റ് മുടങ്ങിയതോടെ കോളജുകളിലെ ഹോസ്റ്റല്‍ ലഭിക്കാതെയും മാര്‍ക്ക് ലിസ്റ്റും ടി.സിയും ലഭിക്കാതെയും നിരവധി വിദ്യാര്‍ഥികളാണ് ചൂഷണം ചെയ്യപ്പെടുന്നത്. കോഴ്‌സുകള്‍ പൂര്‍ത്തിയായിട്ടും വിദ്യാര്‍ഥികള്‍ ഗ്രാന്റിന് വേണ്ടി കാത്തിരിക്കുകയാണ്. പ്രക്ഷോഭ കാമ്പയിന്റെ ഭാഗമായി 2024 ജൂലൈ 27 ന് സെക്രട്ടറിയേറ്റ് ധര്‍ണയും രാജ്ഭവന്‍ മാര്‍ച്ചും സംഘടിപ്പിക്കും

News Desk

ന്നതവിദ്യാഭ്യാസത്തിനുള്ള ഗ്രാന്റുകള്‍ രണ്ടു വർഷമായി തടയപ്പെട്ടതോടെ ദലിത് - ആദിവാസി വിദ്യാര്‍ഥികള്‍ പാതിവഴിയില്‍ പഠനമുപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഗ്രാന്റ് മുടങ്ങിയതോടെ കോളജുകളിലെ ഹോസ്റ്റല്‍ ലഭിക്കാതെയും മാര്‍ക്ക് ലിസ്റ്റും ടി.സിയും ലഭിക്കാതെയും നിരവധി വിദ്യാര്‍ഥികളാണ് ചൂഷണം ചെയ്യപ്പെടുന്നത്. കോഴ്‌സുകള്‍ പൂര്‍ത്തിയായിട്ടും വിദ്യാര്‍ഥികള്‍ ഗ്രാന്റിന് കാത്തിരിക്കുകയാണ്. ഇതോടെ കോളജുകള്‍ ട്യൂഷന്‍ഫീസ് ലഭിക്കാനായി കോടതികളെ സമീപിക്കേണ്ട അവസ്ഥയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വാഗ്ദാനം ചെയ്ത ഫ്രീ ഷിപ്പ് കാര്‍ഡ് നല്‍കാത്തതിനാല്‍ പ്രവേശനം നേടുമ്പോള്‍ വിദ്യാര്‍ഥികളോട് സ്ഥാപനങ്ങള്‍ മുൻകൂർ ഫീസയ്ക്കാന്‍ നിർബന്ധിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പഠനം മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ല. ഇ - ഗ്രാന്റ് പോര്‍ട്ടലുകള്‍ കൈകാര്യം ചെയ്യാനുള്ള വിദഗ്ധരായ സ്റ്റാഫുകള്‍ പോലും വകുപ്പിനു കീഴിലില്ല.

കേന്ദ്ര ഗൈഡ്‌ലൈന്‍ അനുസരിച്ച് വര്‍ഷത്തില്‍ നാല് തവണകളായാണ് ഗ്രാന്റുകള്‍ നല്‍കേണ്ടിയിരുന്നത്. വര്‍ഷത്തില്‍ നാല് തവണയായി സംസ്ഥാന വിഹിതം ഇ - ഗ്രാന്റ് പോര്‍ട്ടലില്‍ നിക്ഷേപിക്കണം. എന്നാല്‍ 2023 ജനുവരി 5 ന് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ വര്‍ഷത്തില്‍ ഒറ്റത്തവണ ഗ്രാന്റുകള്‍ നല്‍കിയാല്‍ മതി എന്നാക്കി മാറ്റി. ബഡ്ജറ്റില്‍ ഇതിനുള്ള തുക വകയിരുത്തുമ്പോഴും സംസ്ഥാന വിഹിതം ഇ - ഗ്രാന്റ് പോര്‍ട്ടലില്‍ നിക്ഷേപിച്ചിട്ടില്ല. ഇതോടെയാണ് രണ്ടു വര്‍ഷത്തിലേറെയായി ഗ്രാന്റുകള്‍ മുടങ്ങിയത്.

പുത്തന്‍നയങ്ങളുടെ ഭാഗമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യസത്തിനുള്ള അവകാശം ഘട്ടം ഘട്ടമായി എടുത്തുകളയാനാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ഇ-ഗ്രാന്റ്‌സ് സംരക്ഷണസമിതി കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദൻ, ആദിശക്തി സമ്മര്‍സ്‌കൂള്‍ ചെയര്‍മാന്‍ശ്രീജിത്ത് സി.ബി എന്നിവര്‍ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. പ്രക്ഷോഭ കാമ്പയിന്റെ ഭാഗമായി 2024 ജൂലൈ 27 ന് സെക്രട്ടറിയേറ്റ് ധര്‍ണയും രാജ്ഭവന്‍ മാര്‍ച്ചും സംഘടിപ്പിക്കും. ദലിത് സ്റ്റുഡന്റ്‌സ് തിയറ്റര്‍ മൂവ്‌മെന്റിന്റെ (ASURACT) 'എങ്കളെ ഒച്ചെ' എന്ന നാടകവും വിദ്യാര്‍ഥികളുടെ സാംസ്‌കാരിക പരിപാടികളും പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കും.

വിദ്യാഭ്യാസ ഗ്രാന്റുകൾ തടഞ്ഞുവെച്ചുള്ള ജാതീയവിവേചനങ്ങൾക്കെതിരെ ആദിശക്തി സമ്മർ സ്‌കൂളിന്റെ നേതൃത്വത്തിൽ  നടത്തിയ പ്രതിഷേധം
വിദ്യാഭ്യാസ ഗ്രാന്റുകൾ തടഞ്ഞുവെച്ചുള്ള ജാതീയവിവേചനങ്ങൾക്കെതിരെ ആദിശക്തി സമ്മർ സ്‌കൂളിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം

വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം ലഭിക്കുന്ന അക്കാദമിക് അലവന്‍സുകള്‍ തന്നെ വിചിത്രമാണെന്ന് എം. ഗീതാനന്ദനും ശ്രീജിത്ത് സി.ബിയും പറഞ്ഞു. ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് 1400 രൂപ, യു.ജി / പി.ജി വിദ്യാര്‍ഥികള്‍ക്ക് 1900 രൂപ എന്നിങ്ങനെയാണ് ലഭിക്കുന്നത്. സര്‍ക്കാര്‍ ഹോസ്റ്റലില്‍ താമസിക്കുന്ന എസ്.സി / എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 3500 രൂപയും ലഭിക്കുന്നു. സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന എസ്.സി വിദ്യാര്‍ഥികള്‍ക്ക് 1500 രൂപയും എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 3000 രൂപയും ഹോസ്റ്റല്‍ അലവന്‍സായി ലഭിക്കുന്നു. ഈ തുക ഉപയോഗിച്ച് നഗരങ്ങളില്‍ ജീവിക്കാന്‍ സാധിക്കില്ല.

സര്‍ക്കാര്‍ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പോക്കറ്റ് മണി 200 രൂപ മാത്രമാണ്. ഏറെ ചര്‍ച്ച ചെയ്ത ശേഷമാണ് ഇടതുസര്‍ക്കാര്‍ 190 രൂപയില്‍ നിന്ന് 10 രൂപ വര്‍ധിപ്പിച്ച് 200 രൂപയിലേക്ക് എത്തിച്ചത്. ഡേ സ്‌കോളര്‍വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 800 രൂപയും അലവന്‍സായി ലഭിക്കുന്നു. ജീവിതച്ചെലവ് കണക്കാക്കി എല്ലാ വിഭാഗം ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കും പ്രതിമാസം 6500 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് ധനകാര്യ വകുപ്പിന് എസ്.സി./എസ്.ടി. വകുപ്പില്‍ നിന്നും നിരവധി കത്തുകള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍അത് അംഗീകരിക്കാന്‍ ധനകാര്യവകുപ്പ് തയ്യാറല്ല. ചോദിച്ച് വാങ്ങാന്‍ മന്ത്രിസഭയില്‍ വകുപ്പ് മന്ത്രിക്ക് കഴിഞ്ഞുമില്ല. ഇപ്പോള്‍ വകുപ്പിനെ പ്രതിനിധീകരിച്ച് മന്ത്രിസഭയിൽ ഒരു മന്ത്രിയുമില്ല- പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

വാര്‍ഷിക ബഡ്ജറ്റില്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ ഷിപ്പ് ഇനത്തില്‍ കൃത്യമായി തുക വകയിരുത്തുന്നുണ്ട്. എന്നാല്‍ ഇ-ഗ്രാന്റ് തുകകള്‍ സമയോചിതമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്കാന്‍ എസ്.സി./എസ്.ടി. വകുപ്പും ധനകാര്യവകുപ്പും തയ്യാറാകുന്നില്ല. വകയിരുത്തുന്ന തുകകള്‍ വകമാറ്റുകയാണ്. ചില വിഭാഗക്കാരുടെ കുടിശ്ശിക നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഒരു പ്രഖ്യാപനമെങ്കിലുമുണ്ടായി. എന്നാല്‍ കുടശ്ശിക ലഭിക്കേണ്ടവരുടെ ലിസ്റ്റില്‍ പോലും എസ്.സി/എസ്.ടി. വിഭാഗക്കാരില്ലെന്ന് എം. ഗീതാനന്ദനും ശ്രീജിത്ത് സി.ബിയും പറഞ്ഞു.

ദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കി കൂടുതല്‍ പേരെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് എത്തിക്കുക എന്നതാണ് ഗ്രാന്റുകളുടെ ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും ജീവിത നിലവാരം മെച്ചപ്പെടുന്നവരെ ഭരണഘടനാ പരിരക്ഷയില്‍ നിന്നും ഒഴിവാക്കുന്നു എന്നതാണ് നയം.
ദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കി കൂടുതല്‍ പേരെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് എത്തിക്കുക എന്നതാണ് ഗ്രാന്റുകളുടെ ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും ജീവിത നിലവാരം മെച്ചപ്പെടുന്നവരെ ഭരണഘടനാ പരിരക്ഷയില്‍ നിന്നും ഒഴിവാക്കുന്നു എന്നതാണ് നയം.

ദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കി കൂടുതല്‍ പേരെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് എത്തിക്കുക എന്നതാണ് ഗ്രാന്റുകളുടെ ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും ജീവിത നിലവാരം മെച്ചപ്പെടുന്നവരെ ഭരണഘടനാ പരിരക്ഷയില്‍ നിന്ന് ഒഴിവാക്കുന്നു എന്നതാണ് നയം. വിദ്യാഭ്യാസ ഗ്രാന്റുകളുടെ വിതരണത്തിന്റെ പരിഷ്‌കാരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2021 ലെ ഗൈഡ്‌ലൈനില്‍ (P.M.S.S.) എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 2.5 ലക്ഷം വാര്‍ഷിക വരുമാന പരിധി അടിച്ചേൽപ്പിച്ചതായി പ്രസ്താവനയിൽ പറയുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിന്ന് പരമാവധി പാര്‍ശ്വവല്‍കൃതർ ഇതുവഴി പുറന്തള്ളപ്പെടും. ഉയര്‍ന്ന വരുമാനവും സ്വത്തുടമസ്ഥതയുമുള്ള സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ EWS എന്ന പേരില്‍ ഭൂവുടമകളായവര്‍ക്ക് 8 ലക്ഷം വാര്‍ഷിക വരുമാനപരിധി നിശ്ചയിച്ച അതേ കേന്ദ്രസര്‍ക്കാരാണ് എസ്.സി. / എസ്.ടി. ക്ക് രണ്ടരലക്ഷം വാര്‍ഷിക വരുമാനപരിധി നിശ്ചയിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.

ഇ-ഗ്രാന്റിനുള്ള രണ്ടരലക്ഷം വരുമാനപരിധി എടുത്തു കളയുക, വിദ്യാഭ്യാസ ഗ്രാന്റുകൾ പ്രതിമാസം നൽകുക, ഇ-ഗ്രാന്റ് കുടിശ്ശിക കൊടുത്തുതീർക്കുക, ജീവിക്കാൻ അനുയോജ്യമായ നിലയിൽ ഹോസ്റ്റൽ അലവൻസുകളും, മറ്റ് അലവൻസുകളും കാലോചിതമായി പരിഷ്കരിക്കുക, വിദ്യാഭ്യാസ അലവൻസുകൾ വർഷത്തിൽ ഒരു തവണ കൊടുത്താൽ മതിയെന്ന കേരള സർക്കാർ ഉത്തരവ് പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് 27ന് സെക്രട്ടറിയേറ്റ് ധർണ.

Comments