ഷഫീഖ് താമരശ്ശേരി: ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിൽ നിന്നുള്ള ആദിവാസി വനിത, ദ്രൗപദി മുർമുവിനെയാണ് ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ മുന്നണി പ്രഖ്യാപിച്ചത്. ഈ സ്ഥാനാർത്ഥിത്വത്തെ എങ്ങിനെയാണ് വിലയിരുത്തുന്നത്?
സണ്ണി എം. കപിക്കാട്: ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപദി മുർമുവിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനുശേഷം പല രൂപത്തിലുള്ള വിലയിരുത്തലുകൾ നടന്നിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് ആദിവാസികൾക്ക് ലഭിച്ച ഭരണത്തിലുള്ള ഈ പങ്കാളിത്തം വലിയൊരു അംഗീകാരമാണെന്നതിനാൽ ദേശീയ ജനാധിപത്യ മുന്നണിയുടെ ഈ തീരുമാനത്തെ സർവാത്മനാ പിന്തുണയ്ക്കേണ്ടതാണെന്നതാണ്. ഒപ്പം, വിമർശനപരമായ ഒരു അഭിപ്രായം ഉയർന്നുവന്നത്, ബി.ജെ.പിയുടെ ആദിവാസി - ദലിത് - ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തെ മറച്ചുവെക്കുന്നതിനും, അതോടൊപ്പം ഈ വിഭാഗങ്ങളെ ഉൾക്കൊള്ളുന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം എന്ന് വരുത്തിത്തീർക്കുന്നതിനുമായുള്ള ഒരു രാഷ്ട്രീയകൗശലമാണ് ഈ തീരുമാനം എന്നതാണ്. ഇതിൽ രണ്ടിലും ചില ശരികളുണ്ട് എന്നാണ് ഞാൻ വിചാരിക്കുന്നത്. ഏത് സാഹചര്യത്തിലായാലും ഇന്ത്യ പോലൊരു സ്ഥലത്ത് ആദിവാസികൾ പരിഗണിക്കപ്പെടുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഒരുപക്ഷെ, ഒരു രാഷ്ട്രീയ കക്ഷിയുടെ അതിജീവനത്തിന് വേണ്ടിയാണെങ്കിൽ പോലും ഏറ്റവും അവഗണിക്കപ്പെടുന്ന സമൂഹമെന്ന നിലയിൽ ആദിവാസികളെ പരിഗണിക്കുകയെന്നത് രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള കാര്യമാണ്. വിമർശകർ എന്തുതന്നെ പറഞ്ഞാലും പൊതുജനങ്ങൾക്കിടയിൽ അങ്ങനെയൊരു അവബോധമാണ് സൃഷ്ടിക്കപ്പെടുന്നത്. കാരണം, പൂർണമായും അവഗണിക്കപ്പെട്ട വിഭാഗമായതുകൊണ്ട് അവരെ ഏതെങ്കിലും തരത്തിൽ ഏതെങ്കിലുമൊരു സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നതിനെ വെറും രാഷ്ട്രീയകൗശലമായി മാത്രം വിലയിരുത്തിയാൽ ബഹുജനങ്ങളത് തള്ളിക്കളയും.
രാഷ്ടത്തിന്റെ പ്രഥമ പൗരയെന്ന നിലയിൽ ദ്രൗപദി മുർമു സ്ഥാനാരോഹിതയാകുമ്പോൾ ഇന്ത്യയിലെ ആദിവാസി ജനതയ്ക്ക് ഒരു സമൂഹമെന്ന നിലയിൽ ലഭിക്കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും എന്ന വിലയിരുത്തുകളും നിരീക്ഷണങ്ങളും ഉണ്ട്. അവയെ എങ്ങിനെയാണ് കാണുന്നത്?
അങ്ങനെ ഞാൻ കരുതുന്നില്ല. കാരണം, ദ്രൗപദി മുർമു യഥാർഥത്തിൽ ഇന്ത്യയിലെ ആദിവാസികളുടെ ഒരു പ്രതിനിധാനമാണോ എന്ന ഒരു പ്രശ്നം അതിനകത്തുണ്ട്. ആദിവാസി സമൂഹത്തിന്റെ ഇന്നത്തെ ഇന്ത്യൻ ജീവിതാവസ്ഥയും അവർ നേരിടുന്ന സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധികളെയും വെച്ച് നോക്കുമ്പോൾ സമകാലീന ഇന്ത്യൻ ആദിവാസി ജീവിതത്തെ ഏതെങ്കിലും തരത്തിൽ പ്രതിനിധാനം ചെയ്യുന്ന ഒരാളല്ല ദ്രൗപദി മുർമു എന്ന് ഉറപ്പിച്ച് പറയാൻ കഴിയും.
ദ്രൗപദി മുർമു ജനിച്ചുവളർന്ന ഒഡീഷ, കലാപങ്ങളുടെയും കൊലപാതകങ്ങളുടെയും വലിയൊരു കേന്ദ്രമാണ്. പോസ്‌കോയെ പോലെയുള്ള ഒരു ഭീമൻ ബഹുരാഷ്ട്ര കുത്തകയെ ആദിവാസികൾ ദീർഘകാലം സമരം ചെയ്ത് കെട്ടുകെട്ടിച്ച ഇതിഹാസതുല്യമായ സമരം നടന്ന സ്ഥലം കൂടിയാണത്. ആദിവാസി ജനവിഭാഗങ്ങളുടെ പരമ്പരാഗത ആവാസ മേഖലയായ ഭൂപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവരുടെ സ്വയംഭരണാവകാശങ്ങളെ നിലനിർത്തുന്നതിനുവേണ്ടിയും നടത്തിയ സമരങ്ങളുടെ വലിയ ചരിത്രം ആ ഭൂമികയ്ക്കുണ്ട്. അവിടങ്ങളിലൊന്നും ദ്രൗപദി മുർമുവിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. സമരങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളതല്ല, അഭിപ്രായ പ്രകടനത്തിലൂടെയെങ്കിലും ആ സമരന്യായങ്ങളെ അവർ ഏതെങ്കിലും വിധത്തിൽ പിന്തുണക്കുന്നതായി കണ്ടിട്ടില്ല. ഈ കാലത്ത് തുടക്കത്തിൽ തന്നെ ബി.ജെ.പി.യുടെ എം.എൽ.എ.യാവുക, മന്ത്രിയാവുക എന്നത് മാത്രമല്ല, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ആദിവാസികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഓരോരുത്തരും ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യുന്ന ജാർഖണ്ഡ് പോലൊരു സ്ഥലത്ത് ഗവർണറായിരുന്നയാളാണ് ഈ ദ്രൗപതി മുർമു. ബി.ജെ.പി.യ്ക്ക് അനുയോജ്യയായ ആളുതന്നെ. അക്കാര്യത്തിൽ സംശയമില്ല. എന്നാൽ അവരെ ആദിവാസികളുടെ പ്രതിനിധിയായി കാണുന്നത് രാംനാഥ് കോവിന്ദിനെ ഇന്ത്യയിലെ ദലിതരുടെ പ്രതിനിധാനമായി കരുതുന്നതിന് തുല്യമാണ്.
സംവരണവിരുദ്ധമായ ബില്ലിൽ ഒരു ചോദ്യം പോലും ചോദിക്കാതെ ഒപ്പിട്ടുകൊടുത്തയാളെങ്ങനെയാണ് ദലിതരുടെ പ്രതിനിധിയാകുന്നത്.
സംവരണവിരുദ്ധമായ ബില്ലിൽ ഒരു ചോദ്യം പോലും ചോദിക്കാതെ ഒപ്പിട്ടുകൊടുത്തയാളെങ്ങനെയാണ് ദലിതരുടെ പ്രതിനിധിയാകുന്നത്. ബി.ജെ.പി. സർക്കാരുണ്ടാക്കിയ സാമ്പത്തിക സംവരണ ബില്ലിൽ ഒരു ചോദ്യമെങ്കിലും അദ്ദേഹത്തിന് ഉന്നയിക്കാമായിരുന്നല്ലോ. പ്രസിഡന്റിന് ഒന്നും ചെയ്യാനില്ല. ഒരു ബിൽ മടക്കി രണ്ടാമത് അയച്ചുവന്നാൽ അതിൽ നിർബന്ധമായും ഒപ്പിടേണ്ടിവരും. പക്ഷെ കെ.ആർ. നാരായണനൊക്കെ പ്രസിഡണ്ട് ആയിരുന്ന സമയത്ത് അദ്ദേഹം ബിൽ തിരിച്ചയക്കുകയെങ്കിലും ചെയ്തിട്ടുണ്ട്. പുനഃപരിശോധന ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുള്ള ആർജവം പോലുമില്ലാതെ കേന്ദ്ര സർക്കാർ കൊടുക്കുന്ന എല്ലാ ബില്ലിലും കണ്ണടച്ച് ഒപ്പിടുന്ന ഒരാൾ ഇന്ത്യയിലെ ദലിതരുടെ പ്രതിനിധാനമാണെന്ന് കരുതുന്നതിൽ യാതൊരു അർത്ഥവുമില്ലല്ലോ.
അതേസമയം, ഇവിടെ എന്തൊക്കെ സംഭവിച്ചാലും ഞങ്ങൾ ബ്രാഹ്മണനെ മാത്രമേ പ്രസിഡണ്ട് സ്ഥാനാർഥിയാക്കൂ എന്ന പ്രതിപക്ഷത്തിന്റെ ബുദ്ധിയും അപകടകരമാണ്. അത് പറയാതിരിക്കാൻ പറ്റില്ല. എങ്ങനെയൊക്കെ കളിച്ചാലും, ആരൊക്കെ വന്നാലും വിപ്ലവകാരി എപ്പോഴും ബ്രാഹ്മണനായിരിക്കണം എന്നുള്ള നിർബന്ധബുദ്ധി പ്രതിപക്ഷത്തിനുണ്ട്. അവരെ ആ കെണിയിൽ കുടുക്കിയത് ബി.ജെ.പി ആണെങ്കിലും അതവർക്ക് കുറച്ചുകൂടി സൗകര്യപ്രദമാണെന്ന് തോന്നുന്നു. അതുകൊണ്ടാണ് യശ്വന്ത് സിൻഹയെ സ്ഥാനാർഥിയാക്കുന്നത്.
ഏതായാലും മുർമുവിന്റെ ഈ പ്രതിനിധാനം ആദിവാസികളുടെ ആത്മവിശ്വാസ വർധനവിന് തിരികൊളുത്തിയിട്ടുണ്ടെന്ന് പറയുന്നത് ഭാവനാപരമായ ഒരു കാര്യം മാത്രമാണ്. ഇവരുടെ പേര് നിർദേശിക്കപ്പെട്ടപ്പോൾ തന്നെ, ഇന്ത്യയിലെ ആദിവാസികൾക്കനുകൂലമായ ഏറ്റവും ശക്തമായ നിയമമായിരുന്ന വനാവകാശ നിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ആ ബില്ലിൽ ദ്രൗപദി മുർമു ഒപ്പിടേണ്ടിവരും. ആദിവാസികൾക്ക് വനത്തിന്റെ മേലുള്ള പരമ്പരാഗതമായ അവകാശങ്ങൾ നിയമപരമായി ഉറപ്പുവരുത്തുന്ന വനാവകാശ നിയമത്തിന്റെ അന്തസത്ത ചോർത്തിക്കളയുന്ന ബില്ലിൽ ഒരു ആദിവാസി പ്രസിഡന്റിനെക്കൊണ്ടുതന്നെ ഒപ്പിടീപ്പിക്കും. അതാണ് സംഭവിക്കാൻ പോകുന്നത്. പിന്നെ എന്ത് ആത്മവിശ്വാസമാണ് ആദിവാസികൾക്കുണ്ടാകുക. അപ്പോഴും ഞാൻ ആവർത്തിച്ചുപറയുന്ന ഒരു കാര്യം ഒരു ആദിവാസി പരിഗണിക്കപ്പെടുന്നു എന്നത് ചില്ലറക്കാര്യമായി എടുക്കരുത്. അതിൽ നിന്ന് വലിയൊരു രാഷ്ട്രീയപാഠം നമ്മൾ ഉൾക്കൊള്ളേണ്ടതുണ്ട്. ആ പ്രാധാന്യം കൊണ്ടാണ് മുർമു വലിയൊരു കഥാപാത്രമായി വളരെ പെട്ടെന്ന് മാറ്റപ്പെടുന്നത്. അവരുടെ വ്യക്തിപരമായ സവിശേഷതകൾ കൊണ്ടോ അല്ലെങ്കിൽ അവർ ആദിവാസികളുടെ യഥാർഥ പ്രതിനിധാനമായതുകൊണ്ടോ അല്ല. ആദിവാസി എന്നതുതന്നെ പ്രധാനമാണ് ഇത്തരം കാര്യത്തിൽ.
സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയും ഇന്നോളം അവർ നടപ്പിലാക്കിയ രാഷ്ട്രീയ പദ്ധതികളുമെല്ലാം തത്വത്തിൽ ദലിത് ആദിവാസി വിഭാഗങ്ങൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെയാണ്. എങ്കിലും പ്രായോഗിക രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായി ന്യൂനപക്ഷ രാഷ്ട്രീയ പ്രതിനിധാനങ്ങളെ തങ്ങൾക്കൊപ്പം നിർത്താൻ സംഘ്പരിവാറിന് സാധിച്ചിട്ടുണ്ട്. അത് സാധ്യമാകുന്നത് എന്തുകൊണ്ടാണ്?
കഴിഞ്ഞ കുറേ വർഷങ്ങളായി സംഘപരിവാർ ശക്തികൾ ബഹുമുഖമായ നീക്കങ്ങളിലൂടെ ഒരേ സമയം ദലിതർ, ആദിവാസികൾ, ന്യൂനപക്ഷ വിഭാഗങ്ങൾ, മറ്റു പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്കെതിരെ തെരുവുകളിൽ അതിഭീകരമായ യുദ്ധങ്ങൾ നടത്തുകയും ഭരണകൂടത്തെ തന്നെ ഉപയോഗിച്ചുകൊണ്ട് ആക്രമിക്കുകയും ചെയ്യുന്നു. അതേ സമയം അവർ തന്നെ ഈ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന രാഷ്ട്രീയം വികസിപ്പിച്ചുകൊണ്ടുവരികയും ചെയ്യുന്നു എന്നത് ഒരു പ്രധാന സംഗതിയാണ്. അത് നമ്മൾ സൂക്ഷ്മമായി പഠിക്കേണ്ട ഒരു കാര്യമാണ്. ഇരുപതോ മുപ്പതോ കൊല്ലം മുമ്പുള്ള ബി.ജെ.പി.യെയും സംഘപരിവാറിനെയും വെച്ച് ഇപ്പോഴത്തെ നീക്കങ്ങളെ വിലയിരുത്താൻ ശ്രമിക്കരുത്. ഇതെന്തോ മാറ്റമില്ലാതെ തുടരുന്ന സവർണലോബിയുടെ ഒരു സംഗതിയാണ് എന്ന നിലയ്ക്ക് 30 കൊല്ലം മുമ്പുള്ള ആർ.എസ്.എസ്. പ്രവർത്തനങ്ങളെയും ബി.ജെ.പി. പ്രവർത്തനങ്ങളെയും മാനദണ്ഡമാക്കിയുള്ള വിലയിരുത്തലുകളിലേക്ക് കടക്കാനും നമ്മൾ ശ്രമിക്കരുത്. കാരണം സംഘപരിവാറിന്റെ ആഭ്യന്തര പ്രവർത്തന പദ്ധതികളിൽ വലിയ മാറ്റം വന്നിട്ടുണ്ട്. ബി.ജെ.പി.യുടെ നീക്കങ്ങളെ, പ്രവർത്തനരീതികളെ നിരീക്ഷിച്ചാൽ നമുക്കത് ബോധ്യമാകും.
ബി.ജെ.പി.യുടെ രാഷ്ട്രീയപദ്ധതികളിൽ തീർച്ചയായും ഈ പറയുന്ന വിഭാഗങ്ങളെ ആക്രമിക്കുക, കീഴ്പ്പെടുത്തുക, അവരുടെ അവകാശങ്ങൾ റദ്ദ് ചെയ്യുക, അവരെ വിധേയപ്പെടുത്തുക എന്നിവ ഉണ്ടായിരിക്കെ തന്നെ അവരെ ഉൾക്കൊള്ളുക കൂടി ചെയ്യുന്നു എന്നുള്ളതാണ് പ്രശ്നം. ദലിതരും ആദിവാസികളും പിന്നാക്ക വിഭാഗങ്ങളും കാര്യമായി തന്നെ ബി.ജെ.പിയൊടപ്പം ചേരുന്നു. ഇതെങ്ങനെ സംഭവിക്കുന്നു എന്നതിൽ കൗതുകമുണ്ടെങ്കിലും പഴയ മാനദണ്ഡങ്ങളിൽ നിന്നുകൊണ്ട് ഈ സാഹചര്യങ്ങളെ വിലയിരുത്താൻ സാധിക്കില്ല എന്നതിൽ തന്നെയാണ് കാര്യം.
ഹിന്ദു എന്ന അനുഭവ മണ്ഡലത്തെ നിർമിച്ചെടുക്കുന്നതിനായി സംഘ്പരിവാർ ദീർഘകാലമായി നടത്തുന്ന പരിശ്രമങ്ങളുണ്ട്. പല അടരുകളിലൂടെയാണത് പ്രവർത്തിച്ചുവരുന്നതും വികസിക്കുന്നതും. ഇവയ്ക്ക് പിന്നിൽ നിലകൊള്ളുന്നത് ഏക സംഘടനയോ, ഏക സംഗതികളോ ഒന്നുമല്ല. ഉദാഹരണത്തിന് ആർ.എസ്.എസ്. എല്ലാവരുടെയും ക്ഷേത്രപ്രവേശന അവകാശത്തിനുവേണ്ടി നിൽക്കുന്ന സംഘടനയാണ്. പക്ഷെ ക്ഷേത്രത്തിനകത്തുള്ള അധികാരകേന്ദ്രം എന്തായിരിക്കണമന്നുള്ള കാര്യത്തിൽ അവർക്ക് വേറെ അഭിപ്രായമുണ്ട്. ദലിതരെ ക്ഷേത്രത്തിൽ കയറ്റരുതെന്ന് പറയുന്ന പരമ്പരാഗതമായ ഒരു രീതിയെ അവർ അംഗീകരിക്കുന്നില്ല. അതായത് ക്ഷേത്രത്തിൽ കയറാനുള്ള അവകാശത്തിനുവേണ്ടി നിൽക്കും. പക്ഷെ, അകത്ത് അധികാരം ബ്രാഹ്മണനായിരിക്കണമെന്ന കാര്യത്തിൽ അവർക്ക് നിർബന്ധവുമുണ്ടാകും. ഇങ്ങനെ ബഹുമുഖമായ രീതികളിലാണ് അവർ പ്രവർത്തിക്കുന്നത്.
ജാതി എന്ന യാഥാർത്ഥ്യത്തെ മനസ്സിലാക്കിക്കൊണ്ട് അവയെ രാഷ്ട്രീയത്തിലേക്ക് സമർത്ഥമായി സന്നിവേശിപ്പിക്കുന്നവരാണ് ബി.ജെ.പി. നേതൃത്വം. ആദർശശാലികളായ പ്രതിപക്ഷനേതാക്കൾ ജാതിയില്ലെന്ന് പറഞ്ഞ് നടക്കുമ്പോൾ ബി.ജെ.പി അതിനെ സൂക്ഷ്മരൂപത്തിൽ വിന്യസിക്കുകയാണ് ചെയ്യുന്നത്.
ബി.ജെ.പി.യും ആദ്യഘട്ടത്തിൽ വടക്കേ ഇന്ത്യയിലെ സവർണ ലോബിയുടെ പരിപൂർണമായ നിയന്ത്രണത്തിലായിരുന്നു. ഇപ്പോൾ പല സ്ഥലത്തും പിന്നാക്കക്കാർ സമുന്നത നേതൃത്വമായിരിക്കുന്ന പ്രദേശങ്ങളുണ്ട് ബി.ജെ.പി.യ്ക്ക്. ആദിവാസികൾ നേതാക്കളായിരിക്കുന്ന പ്രദേശങ്ങളുണ്ട്. ഏതെങ്കിലും തരത്തിൽ കേന്ദ്രീകൃതമായി നിലകൊള്ളുന്ന ഒരു അധികാര ലോബിയിൽ നിന്ന് മാറി ഓരോ പ്രദേശത്തിന്റെയും സാധ്യതയനുസരിച്ച് വ്യത്യസ്ത ജനവിഭാഗങ്ങൾ നേതൃത്വത്തിലേക്ക് വരുന്നുണ്ട്. ഈ മാറ്റത്തെ നമ്മൾ കാണാതിരുന്നുകൂടാ. അവർ തല്ലിക്കൊന്നിട്ടും വെറുതെ കൊടിപിടിക്കാൻ പുറകെ നടക്കുകയാണന്ന് വിചാരിക്കരുത്. അത് മാത്രമല്ല നടക്കുന്നത്. ദലിതരും അധികാരത്തിന്റെ ഭാഗമായി മാറുന്നുണ്ട് എന്നുള്ള കാര്യവുമുണ്ട്. ഇത് മറ്റൊരു രാഷ്ട്രീയകക്ഷിക്കും പലപ്പോഴും കഴിയുന്നില്ലെന്ന യാഥാർഥ്യവുമുണ്ട്.
മൂന്നാമതൊരു സംഗതി, ജാതി എന്ന യാഥാർത്ഥ്യത്തെ മനസ്സിലാക്കിക്കൊണ്ട് അവയെ രാഷ്ട്രീയത്തിലേക്ക് സമർത്ഥമായി സന്നിവേശിപ്പിക്കുന്നവരാണ് ബി.ജെ.പി. നേതൃത്വം എന്നതാണ്. ആദർശശാലികളായ പ്രതിപക്ഷനേതാക്കൾ ജാതിയില്ലെന്ന് പറഞ്ഞ് നടക്കുമ്പോൾ ബി.ജെ.പി അതിനെ സൂക്ഷ്മരൂപത്തിൽ വിന്യസിക്കുകയാണ് ചെയ്യുന്നത്. അവരുടെ ആഭ്യന്തര പ്രവർത്തന രീതികളിൽ തന്നെ വലിയ രീതിയിൽ മാറ്റം വന്നിട്ടുണ്ട്. ആൾക്കാരെ ഉൾക്കൊള്ളുന്നു എന്ന പ്രതീതിയുണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ചില പ്രദേശങ്ങളിൽ അവർ ഉൾക്കൊള്ളുന്നുണ്ടുതാനും. ആക്രമിക്കുന്നുണ്ട്, അതേസമയം തന്നെ ഉൾക്കൊള്ളുന്നുമുണ്ട്. ഈ ആക്രമണങ്ങൾ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ തന്നെ ആന്തരിക പ്രതിസന്ധിയാണ്. കാരണം, അവരുടെ ധാർമിക വ്യവസ്ഥയനുസരിച്ച്, അവർ മുന്നോട്ടുവെക്കുന്ന സമൂഹസങ്കൽപമനുസരിച്ച് ദലിതരെയോ ആദിവാസികളെയോ മുസ്ലിംകളെയോ അവർക്ക് ഉൾക്കൊള്ളാനാവില്ല. അതുകൊണ്ടുതന്നെ ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന ഒരു യുദ്ധം ഈ വിഭാഗങ്ങൾക്കെതിരെ സംഭവിച്ചേക്കാം. അത് സംഭവിക്കുന്നുമുണ്ട്, മുസ്ലിംകൾക്കെതിരെയും ദലിതർക്കെതിരെയും ആദിവാസികൾക്കെതിരെയും. ഇന്ത്യയിലെവിടെ വേണമെങ്കിലും ഈ യുദ്ധം ഹിന്ദുത്വം നടത്തിയേക്കാം. കാരണം ഉൾക്കൊള്ളൽ അവരുടെ പ്രത്യയശാസ്ത്രത്തിന് ഒട്ടും വഴങ്ങാത്ത സംഗതിയാണ്.
ഇപ്പോൾ ഹിന്ദുത്വത്തിനുവേണ്ടി വലിയ വാദമുന്നയിക്കുന്ന ദലിതർ ധാരാളമുണ്ട്. ഇവർ എന്തിനാണ് ഹിന്ദുത്വ പക്ഷം ഉയർത്തിപ്പിടിക്കുന്നതെന്ന് നമുക്ക് പിടികിട്ടുക പോലുമില്ല.
സംഘ്പരിവാറിന്റെ ഏറ്റവും നൂതനമായ തന്ത്രം അവർക്കനുയോജ്യമാം വിധമുള്ള ഒരു ദലിതത്വവും ഒരു ന്യൂനപക്ഷ - ആദിവാസി പദവികളും നിർമിച്ചെടുക്കുകയെന്നതാണ്. അവർക്ക് കൂടി സ്വീകാര്യമായ അല്ലെങ്കിൽ അവരുടെ പ്രത്യയശാസ്ത്രത്തിന് അനുയോജ്യമായ ദലിതരെയും ആദിവാസികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഉണ്ടാക്കുകയെന്നതാണ്. ഇപ്പോൾ ഹിന്ദുത്വത്തിനുവേണ്ടി വലിയ വാദമുന്നയിക്കുന്ന ദലിതർ ധാരാളമുണ്ട്. ഇവർ എന്തിനാണ് ഹിന്ദുത്വ പക്ഷം ഉയർത്തിപ്പിടിക്കുന്നതെന്ന് നമുക്ക് പിടികിട്ടുക പോലുമില്ല. സാമൂഹികമായി ബഹിഷ്‌കൃതരായിട്ടുള്ള ഈ വിഭാഗത്തിന് പ്രാദേശികമായി സവർണ സമൂഹങ്ങളുമായി ഇടപഴകുവാനും അവരുടെ സൗഹൃദവലയത്തിലേക്ക് എത്തിച്ചേരാനും സാധിക്കുന്നതിലൂടെ അവർക്കെന്തോ വലിയ അംഗീകാരം കിട്ടി എന്നൊരു തോന്നലുണ്ടാക്കാൻ കഴിയുന്നുണ്ട്. ഇതൊന്നും ചില്ലറക്കാര്യമല്ല. ഇത്രയും അസമത്വം നിലനിൽക്കുന്ന സ്ഥലത്ത്, നാട്ടിൻപുറത്തെ ഒരു സാധാരണക്കാരന് സവർണസമൂഹവുമായി കൊടുക്കൽ വാങ്ങലുകൾ നടത്താൻ കഴിയുക എന്നത് വലിയ കാര്യമാണ്.
ന്യൂനപക്ഷങ്ങൾക്കെതിരായിട്ടുള്ള ആക്രമണങ്ങളും പൗരത്വ ഭേദഗതി നിയമം പോലുള്ള നടപടികളും സംഘ്പരിവാറിന്റെ സൈദ്ധാന്തിക പദ്ധതിയാണ്. യാതൊരു അവകാശവും അധികാരവുമില്ലാതെ ഇതര വിഭാഗങ്ങൾ ഇവിടെ ജീവിച്ചുകൊള്ളണമെന്നുള്ളത് അവരുടെ ഒരു സിദ്ധാന്തമാണ്. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിക്കുകയല്ല അവർ ചെയ്യുന്നത്. പകരം ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന് ഇപ്പോൾ തന്നെ അവർ വിശ്വസിക്കുകയാണ് ചെയ്യുന്നത്. നമ്മൾ പലപ്പോഴും വിചാരിക്കുന്നത് അവർ ഇന്ത്യയെ ഹിന്ദുരാഷ്ട്രവത്കരിക്കുകയാണെന്നാണ്. എന്നാൽ, അങ്ങനെയല്ല, ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നതിൽ അവർക്ക് സംശയമില്ല. അവിടെ നിന്നാണ് അവരുടെ ചിന്തകളും പ്രവൃത്തികളുമൊക്കെ ആരംഭിക്കുന്നത്. ആദിവാസികളെ തുടർച്ചയായി ആക്രമിക്കണമെങ്കിൽ ഇവർക്കൊരു വിശ്വാസബലം വേണമല്ലോ. ആ വിശ്വാസബലം ഇന്ത്യ എന്ന അവരുടെ ഹിന്ദുരാഷ്ട്ര സങ്കൽപമാണ്. ആ രാഷ്ട്രത്തിനകത്ത് അവർക്ക് ശല്യമുണ്ടാക്കുന്നവരെയാണ് അവർ കൊന്നുകളയുന്നത്. അവരുടെ ബഹുമുഖ തന്ത്രങ്ങൾക്ക് രണ്ട് വശങ്ങളുണ്ട്. ഒന്ന്, ബി.ജെ.പി. സംഘപരിവാർ ശക്തികളുടെ സ്വയംപരിവർത്തനത്തിന്റെ സംഗതിയും, രണ്ട്, കാലത്തിനനുയോജ്യമായ തരത്തിലുള്ള മാറ്റം അവരുടെ പ്രവർത്തനത്തിലും സമീപനത്തിലും വരുത്തിയതുമാണ്. ഇപ്പോൾ അവർ പറയുന്നു, മുസ്ലിങ്ങളുമായി ഒരു ചർച്ചയ്ക്ക് തങ്ങൾ തയ്യാറാണെന്ന്. ആവർ ആവശ്യപ്പെടുന്ന കാര്യം എന്താണെന്ന് വെച്ചാൽ ഇന്ത്യയിലെ ഹിന്ദുക്കൾക്ക് ദോഷകരമല്ലാത്ത രീതിയിൽ മുസ്ലിങ്ങൾ ജീവിക്കണമെന്നാണ്. മുസ്‌ലിങ്ങളെ ഭീതിപ്പെടുത്തിയോ ഭീഷണിപ്പെടുത്തിയോ അത് അംഗീകരിപ്പിക്കും. എന്നിട്ട് ഇതാ ഞങ്ങളും മുസ്ലിങ്ങളെ ഉൾക്കൊള്ളുന്നുണ്ട് എന്ന് പറയുന്ന തന്ത്രമാണ് അവരുടേത്.
മറ്റൊരു പ്രധാന സംഗതി, ഇന്ത്യയിലെ വൻകിട സാമ്പത്തികശക്തികൾ ഹിന്ദുത്വവത്കരണ പദ്ധതികൾക്കായി കോടികൾ ചെലവഴിക്കാൻ സന്നദ്ധമാണ് എന്നതാണ്. സ്ഥാപനങ്ങളെയും സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും ഹിന്ദുത്വവത്കരിക്കുന്നതിൽ കോടികൾ നിക്ഷേപിക്കുന്ന വലിയൊരു നിര ഇന്ന് ഇന്ത്യയിലുണ്ട്. കേരളത്തിൽ ഭീമ ജ്വല്ലറിയുടെ ഉടമസ്ഥൻ പറഞ്ഞത് ഞാൻ ഇനി ബി.ജെ.പിയ്ക്കേ സംഭാവന കൊടുക്കുകയുള്ളൂ എന്നാണ്. പരസ്യമായാണ് ഇത് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് നമ്മൾ വിചാരിക്കുന്നതുപോലെ ആളുകളുടെ കേവല വിശ്വാസത്തിന്റെ കാര്യമല്ല. കോടികൾ ഒഴുകുന്ന ഒരു രംഗം കൂടിയാണ്.
ഉദാഹരണത്തിന്, ഒരു സ്‌കൂളിൽ ഇനിമുതൽ നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പാൻ പാടില്ല എന്നുപറഞ്ഞ് ഒരു നിർദേശമുണ്ടായി എന്ന് വെക്കുക. ഹിന്ദുത്വശക്തികൾക്ക് പണം കൊടുക്കുന്ന ഈ പറയുന്ന സാമ്പത്തികശക്തികൾ ആ സ്‌കൂളിന് ലക്ഷങ്ങൾ സംഭാവനയായി കൊടുക്കും. എന്നാൽ ജനാധിപത്യപരമായി ആൾക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമന്ന് പറയുന്നവർക്ക് അവർ പണം കൊടുക്കില്ലെന്ന് മാത്രമല്ല, ഭരണസംവിധാനം ഉപയോഗിച്ച് അവരെ തടസ്സപ്പെടുത്തുകയും ചെയ്യും. അപ്പോൾ മാനേജ്മെന്റ് പൊല്ലാപ്പിനൊന്നും പോകേണ്ടെന്ന് കരുതി അവർക്ക് ഇഷ്ടമില്ലെങ്കിലും വെജിറ്റേറിയൻ ഭക്ഷണത്തിലേക്ക് മാറും. ഇങ്ങനെ ബഹുമുഖമായ നിരവധി തന്ത്രങ്ങളിലൂടെയാണ് സംഘപരിവാർ രാഷ്ട്രീയം ഇപ്പോൾ ഇന്ത്യയിലെമ്പാടും ശക്തിപ്പെട്ടിരിക്കുന്നത്.കേവലം വർഗീയ താത്പര്യങ്ങൾക്കപ്പുറത്ത് മൂലധന താത്പര്യങ്ങളുമായി ബന്ധപ്പെട്ട വലിയൊരു ശൃഖലയും ഹിന്ദുത്വ പദ്ധതികളുടെ ഭാഗമായി നിലകൊള്ളുന്നുണ്ട്.
സംവരണവിരുദ്ധത എന്നത് ഹിന്ദുത്വശക്തികളുടെ സവർണ ഏകീകരണ ശ്രമങ്ങളെ എളുപ്പം സാധ്യമാക്കുന്ന കാര്യമാണ്. കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിക്കാരും കോൺഗ്രസുകാരും ബി.ജെ.പി.ക്കാരുമെല്ലാം സംവരണവിരുദ്ധരാണ്.
സവർണ ഹിന്ദു രാഷ്ട്രീയ പദ്ധതികൾക്ക് രാജ്യത്ത് വലിയ ഉണർവുകളുണ്ടാകുന്നത് മണ്ഡൽ പ്രക്ഷോഭങ്ങൾക്ക് ശേഷമുള്ള കാലത്താണ്. ഹിന്ദു ഏകീകരണ ശ്രമങ്ങൾ സജീവമായി ആരംഭിച്ചതും ഇക്കാലയളവിലാണ്. ജാതീയതയിലധിഷ്ഠിതമായ രാഷ്ട്രീയ സാമൂഹിക അടിച്ചമർത്തലുകൾക്കെതിരെയുള്ള മുന്നേറ്റങ്ങളുടെ ഭാഗമായി വികസിച്ചുവന്ന പ്രസ്ഥാനങ്ങൾ പലതും സംഘ്പരിവാറുമായി സന്ധിചേരുന്നത് പിൽക്കാലത്ത് നാം കണ്ടു. അടിച്ചമർത്തപ്പെട്ട സാമൂഹ്യ വിഭാഗങ്ങളുടെ സ്വത്വ മുന്നേറ്റങ്ങളായി ഉയർന്നുവന്ന ഈ പ്രസ്ഥാനങ്ങളെ/ അവയുടെ നേതൃത്വങ്ങളെ ഒത്തുതീർപ്പുകളിലേക്ക് നയിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാകാം?
മണ്ഡൽ കാലഘട്ടത്തിൽ ഇന്ത്യയിലെ ഹിന്ദു സാമൂഹ്യമണ്ഡലം വലിയൊരു പിളർപ്പ് നേരിട്ടിരുന്നു. അതിനകത്തൊരു സവർണ-അവർണ അല്ലെങ്കിൽ സംവരണീയ - സംവരണമില്ലാത്ത വിഭാഗങ്ങൾ തമ്മിലുള്ള ഒരു വിഭജനം രൂപപ്പെട്ടുവന്ന ഘട്ടത്തിലാണ് ആ രാഷ്ട്രീയം പരിവർത്തനപ്പെടുന്നത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടു. രാജ്യത്ത് ഹിന്ദു അഭിമാന ബോധം ആളിക്കത്തിയതോടെ ഹിന്ദുത്വവത്കരണത്തിന് കൂടുതൽ ഊർജം കിട്ടിത്തുടങ്ങി. ഇതിനെതിരെയാണ് ബി.എസ്.പി, രാംവിലാസ് പാസ്വാൻ, ലാലുപ്രസാദ് യാദവ് എന്നിവരടങ്ങിയ ഒരു ധാര ഉയർന്നുവന്നത്. ഈ ധാരയ്ക്ക് കാര്യമായ രാഷ്ട്രീയ മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല എന്ന ഒരു യാഥാർഥ്യം നമ്മൾ കാണണം. അവർ അധികാരത്തിലൊക്കെ വന്നിട്ടുണ്ടാകും. പക്ഷെ ഹിന്ദുത്വ രാഷ്ട്രീയശക്തികൾ ഉയർത്തുന്ന രാഷ്ട്രസങ്കൽപത്തെയും അവർ ഉയർത്തിക്കൊണ്ടുവന്ന സമൂഹസങ്കൽപത്തെയും തകർത്തുകൊണ്ട് മറ്റൊരു ജനാധിപത്യ ഇന്ത്യ സാധ്യമാക്കുന്നവിധം രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകാൻ ഈ മുന്നേറ്റങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അത് സാധ്യമാകാതെ പോയതിന്റെ ഒരു പ്രധാന കാരണം ഇന്ത്യയിലെ ബുദ്ധിജീവികളുടെ ഇരട്ടത്താപ്പാണ്. പത്രപ്രവർത്തകർ മുതൽ അധ്യാപകർ വരെയുള്ളവർ ഉൾപ്പെട്ട പരമ്പരാഗത ബുദ്ധിജീവികളിൽ വലിയൊരു വിഭാഗം ഹിന്ദുത്വശക്തികൾ മുന്നോട്ടുവെച്ച രാഷ്ട്രസങ്കൽപത്തിന്, സമൂഹസങ്കൽപത്തിന് അനുകൂലമായിരുന്നു എന്നാതാണ്. അവരെല്ലാവരും സംവരണ വിരുദ്ധരായിരുന്നു. സംവരണവിരുദ്ധത എന്നത് ഹിന്ദുത്വശക്തികളുടെ സവർണ ഏകീകരണ ശ്രമങ്ങളെ എളുപ്പം സാധ്യമാക്കുന്ന കാര്യമാണ്. കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിക്കാരും കോൺഗ്രസുകാരും ബി.ജെ.പി.ക്കാരുമെല്ലാം സംവരണവിരുദ്ധരാണ്. സംവരണം കൊടുക്കാൻ പാടില്ല എന്നുള്ള കാര്യത്തിൽ അവർക്ക് തർക്കമൊന്നുമില്ല.
ഇന്ത്യയുടെ പാരമ്പര്യത്തെ സംബന്ധിച്ച്, ഭാരതീയ സങ്കൽപങ്ങളെ സംബന്ധിച്ച് എന്തെങ്കിലും ഒരു ചോദ്യം ഉന്നയിക്കാൻ ഇവരെക്കൊണ്ട് പറ്റുന്നില്ല. അവർ പറയുന്നത്, ഇന്ത്യൻ ഭരണഘടന ഭാരതീയ പാരമ്പര്യം ഉൾക്കൊള്ളുന്നില്ല, അതുകൊണ്ട് അത് വേണ്ട എന്നാണ്. എന്നാൽ ഏതാണ് ഭരണഘടന ഉൾക്കൊള്ളാതെ പോയ ഭാരതീയ പാരമ്പര്യം എന്ന ഒരു ചോദ്യം കോൺഗ്രസുകാരോ മാർക്സിസ്റ്റുകാരോ ഉന്നയിക്കുന്നില്ല. ആധുനിക പൗരസമൂഹത്തിനും ആധുനിക ദേശരാഷ്ട്രത്തിനും ഉപയുക്തമായ ഏത് ഭാരതീയ ആശയമാണ് ഇന്ത്യൻ ഭരണഘടന ഉൾക്കൊള്ളാതെ പോയത്? അത് കൗടില്യന്റെ അർഥശാസ്ത്രത്തിലുള്ളതാണോ, അതോ മനുസ്മൃതിയിലുള്ളതാണോ, അതോ രാമന്റെ ജീവിതത്തിലുള്ളതാണോ എന്ന് ചോദിക്കണ്ടേ. ചോദിച്ചാലല്ലേ അവർക്ക് ഉത്തരം പറയാൻ പറ്റൂ. അത് ചോദിക്കില്ല. പകരം ഈ പ്രതിപക്ഷ ധാരകളും മൗനം സമ്മതമെന്ന നിലയ്ക്ക് ഇന്ത്യക്ക് എന്തോ മഹത്തായ പാരമ്പര്യമുണ്ടെന്ന് തന്നെയാണ് പറയുന്നത്. അതുകൊണ്ട് ബി.ജെ.പി.യുടെ 2000-നുശേഷമുള്ള വളർച്ച ബി.ജെ.പി.യുടെ മാത്രം നിർമിതിയില്ല. അറിഞ്ഞും അറിയാതെയുമൊക്കെ ഇന്ത്യയിലെ മുഴുവൻ രാഷ്ട്രീയകക്ഷികളും ഏറിയും കുറഞ്ഞും അതിൽ പങ്കാളികളാണ്. പ്രത്യേകമായി എടുത്തുപറഞ്ഞാൽ, ബി.എസ്.പി.യും രാംവിലാസ് പാസ്വാനും ലാലുപ്രസാദ് യാദവും അടക്കമുള്ള നേതാക്കളും.
സംഘപരിവാറിന് ഒരു ഗുണമുണ്ട്, അത് അംഗീകരിച്ചേ പറ്റൂ. അവർ 1925-ൽ പ്രഖ്യാപിച്ചു, ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റും എന്ന്. അവരതിനുവേണ്ടി പണിയെടുത്തുകൊണ്ടിരിക്കുകയാണ്. ആ ഹിന്ദുരാഷ്ട്രത്തിന് അനുയോജ്യമായ ഒരു സമൂഹത്തെയും ഉണ്ടാക്കുമെന്ന് അവർ പറഞ്ഞിട്ടുണ്ട്. അവിടെ ശല്യക്കാരാണ് മുസ്ലിങ്ങളെങ്കിൽ അവരെ കൊല്ലും. അത് അവരുടെ ദൃഢനിശ്ചയമാണ്. അതനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ 97 വർഷമായിട്ട് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസും കമ്യൂണിസ്റ്റുകാരും ഇതര മുന്നേറ്റങ്ങളുമൊക്കെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്ത് രാഷ്ട്രത്തിനുവേണ്ടിയാണ്. രാംവിലാസ് പസ്വാൻ എന്ത് രാഷ്ട്രത്തെക്കുറിച്ചാണ് പറഞ്ഞത്. മായാവതി എന്ത് രാഷ്ട്രത്തെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരുന്നത്. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്ര - സാമൂഹിക വിഭാവനകൾ അവർക്കുണ്ടോ? ഇല്ല. ഇവർക്കൊന്നും വ്യത്യസ്തമായ രാഷ്ട്രഭാവനയോ സാമൂഹ്യ ഭാവനയോ ഇല്ല. അധികാരത്തിലേക്ക് വന്നു. അധികാരത്തിന്റെ സൗകര്യങ്ങളൊക്കെ അനുഭവിച്ചു. അതിഭീകരമായ കുടുംബാധിപത്യത്തിന്റെയും മൂല്യ തകർച്ചയുടെയും അഴിമതിയുടെയുമൊക്കെ മേഖലയായാണ് ഈ മുന്നേറ്റങ്ങളും പരിവർത്തനപ്പെട്ടത്. എന്തുകൊണ്ടെന്നാൽ, അവർക്കൊരു രാഷ്ട്രസങ്കൽപമോ സമൂഹസങ്കൽപമോ ഇല്ല എന്നുള്ളതാണ് അതിന്റെ അടിസ്ഥാന പ്രശ്നം. അങ്ങനെയുണ്ടായിരുന്നെങ്കിൽ അവർക്ക് ജനങ്ങളെ അണിനിരത്തിയുള്ള രാഷ്ട്രീയ മുന്നേറ്റങ്ങൾ സാധ്യമാകുമായിരുന്നു.
ഇവിടെ മായാവതിക്ക് യു.പി.യ്ക്ക് പുറത്തേക്ക് ഒരു താത്പര്യവുമില്ല. ബിഹാറിന് പുറത്തേക്ക് ലാലുപ്രസാദ് യാദവിന് താത്പര്യമില്ല. യു.പി.യ്ക്ക് പുറത്തേക്ക് മുലായംസിങ് യാദവിന് ഒരു താത്പര്യവുമില്ല. ഇതൊക്കെ സൂചിപ്പിക്കുന്നത്, ഇവർക്കാർക്കും അഖിലേന്ത്യാടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രബോധമില്ലായിരുന്നു എന്നുതന്നെയാണ്. ഇവർ തകർന്നുപോവുകയും ഭീകരമായ അഴിമതിക്കേസുകളിൽ കുടുങ്ങിപ്പോവുകയും ഇവരുടെ പിൻഗാമികൾ, ഇവരുടെ മക്കളോ ഭാര്യയോ അമ്മാവന്റെ മക്കളോ ഒക്കെയായി മാറുന്നതുമെല്ലാം രാഷ്ട്രീയമായി ശിഥിലീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ടാണ്. അതുകൊണ്ട് അവർക്ക് ഇന്ത്യയെ നയിക്കാൻ കഴിഞ്ഞില്ല. ഇന്ത്യയിലെ ഭരണക്രമങ്ങളെ നവീകരിക്കാൻ അവർക്ക് പറ്റിയില്ല. ഇന്ത്യയിലെ വിഭവങ്ങളിൽ പാവപ്പെട്ടവർക്കുകൂടി പങ്കാളിത്തം കൊടുക്കാൻ അവർക്ക് പറ്റിയില്ല. ഇന്ത്യയിലെ പൗരസമൂഹത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുമ്പോൾ അതിനെ നിയമപരമായി പ്രതിരോധിക്കുന്ന സംവിധാനം നിർമിക്കാൻ അവർക്ക് പറ്റിയില്ല. യഥാർഥത്തിൽ അവർ, അങ്ങേയറ്റം ചൂഷണാത്മകമായ ഒരു വ്യവസ്ഥയ്ക്കകത്ത് കയറിയിരുന്ന് അവർക്ക് സാധ്യമായ അഴിമതി നടത്തുക, അധികാരപ്രമത്തത നടത്തുക തുടങ്ങിയവയൊക്കെയാണ് ചെയ്തത്. അപ്പോൾ സ്വാഭാവികമായുണ്ടായ തകർച്ചയുടെ ഭാഗമായി ബി.ജെ.പി. പാളയത്തിലും ചെന്നുപെടേണ്ടിവരും. ഒന്ന്, അധികാരത്തിന്റെ തുടർച്ച അവർക്കാവശ്യമുണ്ട്. കാരണം, ഈ അഴിമതിയെല്ലാം മൂടിവെക്കണം. മാത്രവുമല്ല, അധികാരം നിലനിർത്തുക എന്നത് അവരെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ബഹുജനങ്ങളിൽ നിന്നുള്ള പിന്തുണയില്ലാത്തതുകൊണ്ട് തന്നെ ഭരണത്തിന്റെ ഭാഗമായാൽ മാത്രമേ അവർക്ക് നിൽക്കാൻ പറ്റൂ. പാസ്‌വാനൊക്കെ അനുഭവിച്ച പ്രശ്നം ഇതാണ്. അധികാരത്തിന്റെ ഭാഗമായാൽ മാത്രമെ അയാളുള്ളൂ. പാസ്വാന്റെ വ്യക്തിപരമായ ജീവിതവും വളരെ തകർച്ചകൾ നേരിട്ടതാണെന്ന് അവസാനഘട്ടത്തിൽ പുറത്തുവന്ന വാർത്തകളിൽ നിന്ന് നമുക്ക് മനസിലാകും.
കമ്യൂണിസ്റ്റ് പാർട്ടി പറയുന്ന തൊഴിലാളിവർഗ സർവാധിപത്യം എന്നത് ലോകം ഉപേക്ഷിച്ച കാര്യമാണ്. കമ്യൂണിസ്റ്റ് പാർട്ടികൾ പോലും ഇപ്പോൾ അത് വെറുതെ പറഞ്ഞുനടക്കുകയാണ്. അവർക്കൊരു ആത്മാർത്ഥതയുമില്ല.
മായാവതി സ്വന്തം അനുയായികളെപ്പോലും കാണാത്ത ഒരു നേതാവാണ്. ഹിന്ദുത്വത്തിൽ നിന്ന് ഭിന്നമായ മറ്റൊരു രാഷ്ട്രഭാവനയുണ്ടെങ്കിലേ ഇവർക്ക് ഇന്ത്യയെ നയിക്കാൻ പറ്റൂ. അങ്ങനെയാരുമില്ല. കമ്യൂണിസ്റ്റ് പാർട്ടി പറയുന്ന തൊഴിലാളിവർഗ സർവാധിപത്യം എന്നത് ലോകം ഉപേക്ഷിച്ച കാര്യമാണ്. കമ്യൂണിസ്റ്റ് പാർട്ടികൾ പോലും ഇപ്പോൾ അത് വെറുതെ പറഞ്ഞുനടക്കുകയാണ്. അവർക്കൊരു ആത്മാർത്ഥതയുമില്ല. ലേഖനങ്ങളിലൊക്കെ തൊഴിലാളിവർഗ സർവാധിപത്യം, സോഷ്യലിസം എന്നൊക്കെ വെറുതെ എഴുതിവെക്കുകയാണ്. അവർക്കുമറിയാം ഇതൊന്നും നടക്കാൻ പോകുന്നില്ലെന്ന്. എഴുതുന്നയാൾക്കുപോലും അറിയാം ഇതൊന്നും നടക്കില്ലെന്ന്. വെറുതെ എഴുതി നമ്മളെ കാണിച്ച് പേടിപ്പിക്കുകയാണ്. പാർട്ടി രേഖയുണ്ടെന്നൊക്കെയാണ് അവർ പറയുന്നത്. ഇന്ത്യ എന്തായിത്തീരണമെന്നുള്ളതിന് തൊഴിലാളിവർഗ സർവാധിപത്യമാണ് അവർ മുന്നോട്ടുവെക്കുന്നത്. ഇത് നടക്കുന്ന കാര്യമാണോ. ലോകത്തെവിടെയെങ്കിലും തൊഴിലാളിവർഗ സർവാധിപത്യമുണ്ടായിട്ടുണ്ടെങ്കിൽ അത് പാർട്ടി സർവാധിപത്യവും ബ്യൂറോക്രാറ്റിക് സർവാധിപത്യവുമായി നിന്നുകൊണ്ട് ആഭ്യന്തരമായി സ്വന്തം ജനങ്ങളെ കൂട്ടക്കൊല ചെയ്ത ചരിത്രമാണുള്ളത്. അത് ഇന്ത്യയിൽ ആവർത്തിക്കാനാണോ ഇവർ പറയുന്നത്.
കൊളോണിയൽ കാലഘട്ടത്തിലുണ്ടായിരുന്ന ദേശീയതാ രൂപീകരണത്തിന്റെ പ്രത്യയശാസ്ത്ര പിൻബലമുണ്ടായിരുന്ന കോൺഗ്രസിന് ഇപ്പോൾ അങ്ങനെയൊരു പശ്ചാത്തലമേയില്ല. എന്താണ് ചെയ്യേണ്ടത് എന്നതുസംബന്ധിച്ച് സങ്കൽപമുള്ള നേതൃത്വമേയല്ല കോൺഗ്രസിനുള്ളത്. അധികാരം കിട്ടുമെന്നതുകൊണ്ടുമാത്രം തടിച്ചുകൂടിനിന്ന ആൾക്കൂട്ടമായിരുന്നു അത്. അധികാരം നഷ്ടപ്പെട്ടാൽ അവരെല്ലാം കൂട്ടത്തോടെ പോവുകയാണ്. ആ പ്രക്രിയ ശക്തമായി തുടരും. ഗോവയിലൊക്കെ ഔദ്യോഗിക പക്ഷത്തിന്റെ കൂടെ രണ്ട് എം.എൽ.എമാരും എതിർപക്ഷത്ത് ഒമ്പത് എം.എൽ.എമാരുമാണ്. മഹാരാഷ്ട്രയിൽ 39 പേർ വിമതരുടെ കൂടെയാണ്. ഒരു ബദൽ രാഷ്ട്രീയ സങ്കൽപമില്ലാതെ ബദൽ സമൂഹസങ്കൽപമില്ലാതെ അധികാരത്തിൽ വരാനുള്ള കുറുക്കുവഴി എന്ന നിലയ്ക്കാണ് ബി.എസ്.പിയും എസ്.പിയും ലോക് താന്ത്രിക് പാർട്ടിയുമൊക്കെ ഉണ്ടാക്കിയത്. ഇന്ത്യൻ സമൂഹത്തെ നവീകരിക്കാനോ മാറ്റിത്തീർക്കാനോ സമഗ്രമായ എന്തെങ്കിലും പദ്ധതി ഇവരാരും മുന്നോട്ടുവെച്ചിട്ടില്ല എന്നതാണ് അവയുടെയെല്ലാം തകർച്ചയുടെ രാഷ്ട്രീയ കാരണം.
സി.കെ. ജാനുവിനൊപ്പം ഏതാണ്ട് പത്തുവർഷം പ്രവർത്തിച്ചയാളാണ് ഞാൻ. അവർക്കൊരു ഇമേജുണ്ട്. ആയിരക്കണക്കിന് ചെറുപ്പക്കാർ പ്രവർത്തിച്ചാണ് അത് നിർമിച്ചെടുത്തത്. അല്ലാതെ ജനിച്ചപ്പോൾ മുതൽ അവരുടെ കൈയിലുണ്ടായിരുന്ന മൂലധനമല്ല അവരുടേത്.
രാഷ്ട്രീയാധികാരത്തിൽ പങ്കാളിത്തമില്ലാത്തിടത്തോളം കാലം ഒരു മർദിത വിഭാഗത്തിനും വിമോചനം സാധ്യമാകില്ല എന്ന വിലയിരുത്തലുകൾ ഉണ്ടല്ലോ. ദേശീയ തലത്തിൽ രാം വിലാസ് പാസ്വാൻ, മായാവതി എന്നിവരുടെയും കേരളത്തിൽ സി.കെ. ജാനുവിന്റെയുമെല്ലാം എൻ.ഡി.എ മുന്നണി പ്രവേശനത്തെ അത്തരത്തിൽ സമീപിച്ചവരുണ്ട്. ഈ സാഹചര്യങ്ങളെ എങ്ങിനെയാണ് വിലയിരുത്തുന്നത്?
രാഷ്ട്രീയാധികാരം വളരെ പ്രധാനമാണെന്ന കാര്യത്തിൽ തർക്കമില്ല. കാരണം, നമ്മൾ ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുന്നവരാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരത്തിൽ ഏതെങ്കിലും തരത്തിലുള്ള പങ്കാളിത്തമോ നിയന്ത്രണമോ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷെ അധികാരമുണ്ടായിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമായിരിക്കെ തന്നെ അധികാരം എങ്ങനെയെങ്കിലും കൈപ്പിടിയിലാക്കുക എന്നതല്ല അതിന്റെ വഴി. അതിന് നമുക്ക് നമ്മുടേതായ ഒരു സംവിധാനമുണ്ടായിരിക്കണം. നമ്മൾ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോൾ നമുക്ക് സ്വന്തമായ ഒരു രാഷ്ട്രീയപാർട്ടിയും ബഹുജന പിന്തുണയും ഒക്കെയുള്ള ഒരു സംവിധാനം ഉണ്ടായിരിക്കണം. അതിന്റെ വിലയാണ് നമുക്ക് തരുന്ന അംഗീകാരം. അതില്ലാതെ നമ്മൾ രാഷ്ട്രീയം കളിക്കാനിറങ്ങിയാൽ നമ്മൾ തന്നെയില്ലാതാകുമെന്നാണ് സമീപകാല അനുഭവങ്ങൾ നമ്മളോട് വിളിച്ചുപറയുന്നത്. നമുക്കൊരു സംവിധാനമുണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ആ സംവിധാനം പ്രവർത്തനക്ഷമമായില്ലെങ്കിൽ സ്വാഭാവികമായും നമ്മൾ അസ്തമിക്കും. കേരളത്തിലെ വലിയൊരു ആൾക്കൂട്ടത്തെ കാണിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ ബി.ഡി.ജെ.എസ്. പ്രഖ്യാപിച്ചത്. പക്ഷെ അത് പ്രവർത്തിച്ചില്ല. പ്രവർത്തിക്കാതെ വന്നപ്പോൾ സംഭവിച്ചതെന്താണ്. വെള്ളാപ്പള്ളി നടേശന്റെ മകൻ അപ്രസക്തനായി. ചരിത്രത്തിൽ നിന്ന്, സമൂഹത്തിൽ നിന്നുമെല്ലാം ഏകപക്ഷീയായി ദീർഘകാലം പുറത്താക്കപ്പെട്ടു. അവർ പറയുന്നതിൽ ഒരു കഥയുമില്ലെന്ന് എല്ലാവർക്കും മനസ്സിലായി. അയാളെക്കൊണ്ട് ആൾക്കാരെ സംഘടിപ്പിക്കാനൊന്നും പറ്റില്ല. സംഘടിപ്പിച്ച ആൾക്കാരുടെ വോട്ട് നേടാനും പറ്റില്ല. പിന്നെ ഇയാളെ എങ്ങനെയാ രാഷ്ട്രീയക്കാർ അംഗീകരിക്കുന്നത്.
ഇതിന്റെ മറ്റൊരു ഉദാഹരണമാണ് സി.കെ. ജാനു. അവർക്കൊപ്പം ഏതാണ്ട് പത്തുവർഷം പ്രവർത്തിച്ചയാളാണ് ഞാൻ. അവർക്കൊരു ഇമേജുണ്ട്. ആയിരക്കണക്കിന് ചെറുപ്പക്കാർ പ്രവർത്തിച്ചാണ് അത് നിർമിച്ചെടുത്തത്. അല്ലാതെ ജനിച്ചപ്പോൾ മുതൽ അവരുടെ കൈയിലുണ്ടായിരുന്ന മൂലധനമല്ല അവരുടേത്. സി.കെ. ജാനുവിന്റെ ഇമേജിനെ നമുക്ക് ഉൾക്കൊള്ളാൻ പറ്റിയാൽ കുറേ വോട്ട് കൂടി വന്നുചേരുമെന്നുള്ളതാണ് രാഷ്ട്രീയപാർട്ടികൾ കണക്കുകൂട്ടിയത്. അങ്ങനെ കണക്കുകൂട്ടി സി.കെ. ജാനു എൻ.ഡി.എ.യിൽ ചെന്നുചേർന്നു. അത് ഇതേ യുക്തിയാണ്, അധികാരം വേണം. എന്നാൽ അവരെക്കൊണ്ട് വോട്ട് പിടിക്കാൻ പറ്റില്ലെന്നുള്ളത് ബി.ജെ.പിയ്ക്ക് മനസ്സിലായി. മാത്രമല്ല, അത് യാതൊരു മൂല്യവുമില്ലാത്ത ഒരു കച്ചവടമായിരുന്നു. അധികാരം വേണം, അധികാരമാണ് പ്രധാനമെന്നൊക്കെ സിദ്ധാന്തം പറയുമ്പോഴും ഈ മനുഷ്യരുടെ മൂല്യശോഷണത്തിന്റെ ഭാഗമായിട്ടാണ് പലപ്പോഴും ഇവിടെയൊക്കെ ചെന്നുപെടുന്നത് എന്നുള്ളതാണ് യാഥാർഥ്യം.
മറ്റൊരു കാര്യം നമുക്ക് അധികാരം കിട്ടിയാൽ പോരാ, ആ അധികാരം സമൂഹത്തിന്റെ ധാർമികതയിൽ എന്ത് മാറ്റം വരുത്തുന്നു എന്നത് പ്രധാനമാണെന്ന് ഡോ. ബി.ആർ. അംബേദ്കർ നിരീക്ഷിച്ചിട്ടുണ്ട്. നമുക്കൊരു അംഗീകാരം കിട്ടിയാൽ പോരാ, ആ അംഗീകാരം സമൂഹത്തിന്റെ ധാർമികതയെ സ്വാധീനിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. അല്ലാതെ സണ്ണി എം കപിക്കാടിന് ഒരംഗീകാരമുണ്ടെന്നതുകൊണ്ട് കേരളത്തിന് ഒരു ചുക്കും സംഭവിക്കാനില്ല. എനിക്ക് അംഗീകാരം കിട്ടുന്നതിലൂടെ സമൂഹത്തിന്റെ മനോഭാവത്തിൽ, ധാർമികബോധത്തിൽ ഒരു തിരുത്ത് വന്നാൽ മാത്രമെ അത് നിൽക്കുകയുള്ളൂ. പാർശ്വവത്കൃത വിഭാഗങ്ങളെ അധികാരത്തോടടുപ്പിക്കില്ലെന്നുള്ള പരമ്പരാഗതമായ മനോഭാവത്തിന് ഒരു തിരുത്ത് വരുത്തിയെങ്കിൽ ഇത്തരം നീക്കങ്ങൾ ഗുണം ചെയ്യും.
മോദി അധികാരമേറ്റപ്പോൾ അദ്ദേഹത്തെ ആദ്യമായി പോയി കണ്ടത് കേരളത്തിലെ ബിഷപ്പുമാരാണ്. അവർ മോദിയെ പോയിക്കണ്ടത് എന്തോ കുഴപ്പമാണെന്ന് നമുക്ക് തോന്നാം. എന്നാൽ അവർക്ക് മോദിയെയല്ലാതെ വേറെ ആരെയും ആശ്രയിക്കാനില്ല.
2000കൾക്കുശേഷം, സംഘ്പരിവാറിന്റെ വർഗീയപദ്ധതി, വളരെ നിഗൂഢവും സമർഥവുമായ പ്ലാനിങ്ങിലൂടെ, ഒരുപക്ഷെ, വിജയകരമായി എന്നുതന്നെ പറയേണ്ടിവരും, രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തിൽ കേന്ദ്ര ഭരണകൂടം നിലവിൽവന്നതോടെ ഒരു ബഹുമുഖ പ്ലാനായി ഇത് വികസിക്കുന്നതായി കാണാം. അതായത്, ഭരണകൂടമെന്ന നിലയ്ക്ക് പൗരസമൂഹത്തിൽ ചെലുത്താൻ കഴിയുന്ന സ്വാധീനവും പാർട്ടിയെന്ന നിലയ്ക്ക് തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ ചെലുത്താൻ കഴിയുന്ന തന്ത്രങ്ങളും ഉപയോഗിച്ച്, സ്വേച്ഛാധിപത്യത്തിന് ജനാധിപത്യത്തിന്റെ ഒരു വ്യാജ പ്രതിനിധാനം നേടിക്കൊടുക്കാൻ മോദി സർക്കാറിനും ബി.ജെ.പിക്കും കഴിയുന്നു. ഇതിനുപുറകിലെ പ്രത്യയശാസ്ത്രമായ ആർ.എസ്.എസ് ആകട്ടെ, ഇന്ത്യയിലെ സകല ന്യൂനപക്ഷങ്ങളെയും ഗോത്ര വിഭാഗങ്ങളെയും പിന്നാക്കക്കാരെയും ഉൾക്കൊള്ളാൻ തക്ക 'വിശാലമാർന്ന' ഒരു ഇൻക്ലുസീവ് പ്ലാൻ പ്രഖ്യാപിച്ച് മുന്നോട്ടുപോകുന്നു. ഇതിനോടൊപ്പമാണ്, ഹിംസാത്മകമായ വർഗീയതയുടെയും ഭീകരതയുടെയും കൃത്യമായ പ്ലാൻ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഈ ബഹുമുഖ തന്ത്രം ഇന്ത്യ എന്ന ബഹുസ്വര, മതേതര, ജനാധിപത്യ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഉയർത്തുന്ന ആശങ്കകൾ, അതിനെ അതിജീവിച്ച് ഒരു യഥാർഥ ഇന്ത്യയെ വീണ്ടെടുക്കാനുള്ള സാധ്യതകൾ എന്തെല്ലാമാണ്?
ലക്ഷക്കണക്കിന് വരുന്ന പാർശ്വവത്കൃത ജനതയ്ക്ക് രാഷ്ട്രീയമായ ഒരു ആശ്രയകേന്ദ്രമില്ല എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം. അതുകൊണ്ടാണ് സംഘപരിവാർ പദ്ധതികൾ എല്ലാം എളുപ്പം വിജയകരമായി മാറുന്നത്. മോദി അധികാരമേറ്റപ്പോൾ അദ്ദേഹത്തെ ആദ്യമായി പോയി കണ്ടത് കേരളത്തിലെ ബിഷപ്പുമാരാണ്. അവർ മോദിയെ പോയിക്കണ്ടത് എന്തോ കുഴപ്പമാണെന്ന് നമുക്ക് തോന്നാം. എന്നാൽ അവർക്ക് മോദിയെയല്ലാതെ വേറെ ആരെയും ആശ്രയിക്കാനില്ല. രാഹുൽ ഗാന്ധിയെ പോയിക്കണ്ടിട്ട് കാര്യമില്ലല്ലോ. എല്ലാ രാഷ്ട്രീയ വ്യവഹാരങ്ങളിലും ഏകക്ഷീയമായ വിജയം നേടാൻ കഴിയുന്ന ഒരു അനുകൂല അന്തരീക്ഷം ഇന്ന് സംഘ്പരിവാറിനുണ്ട്. ഇതിന് ബദൽ മാതൃകയില്ലാത്തതാണ് പ്രശ്‌നം. ഒരു രാഷ്ട്രസങ്കൽപമുള്ളവർക്ക് മാത്രമെ ഇതിൽ ഇടപെടാനാകൂ. അല്ലാത്തവർക്ക് ഇതിനകത്തൊന്നും ഒരു കാര്യവുമില്ല. നിലവിൽ പ്രതീക്ഷ നൽകുന്ന ഒരു കാര്യം അടിച്ചമർത്തപ്പെട്ട സാമൂഹ്യ വിഭാഗങ്ങൾക്കിടയിൽ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന ശക്തമായ ജ്ഞാനമണ്ഡലമാണ്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സർവകലാശാലകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം അംബേദ്കറൈറ്റ് മൂവ്‌മെന്റുകളും പാർശ്വവത്കൃത വിഭാഗങ്ങളുടെ രാഷ്ട്രീയ സംഘാടനങ്ങളും ഇന്ന് വളരെയധികം ശക്തമാണ്. അടിയുറച്ച രാഷ്ട്രീയ ബോധ്യമുള്ള ഒരു തലമുറ വളർന്നുവരുന്നുണ്ട്. അതിന്റെ പ്രതിഫലനങ്ങൾ പൊതുരാഷ്ട്രീയ മണ്ഡലങ്ങളിലും ഭാവിയിൽ സംഭവിച്ചേക്കാം. ▮