"നട്ടെല്ലില്ല്യാത്ത മ്മടെ നാട്ടിലെ ആണുങ്ങളാണ് എന്നെപ്പോലെ ഉള്ളോരേ ഈ നരകത്തില് തള്ളിട്ടത്. അന്ന് പെണ്ണന്വേഷിച്ച് വന്നോർക്കൊക്കെ വേണ്ടത് സ്വത്തും പണോം ആണ്. അരവയറ് നിറയാനുള്ളതെന്നെ വീട്ടിലുണ്ടാവൂല. പിന്ന്യല്ലേ സ്വർണ്ണം'... ശ്യാമ(യഥാർത്ഥപേരല്ല) പറഞ്ഞു നിർത്തിയിട്ട് കാർക്കിച്ച് ഒറ്റത്തുപ്പാണ്.
ഹരിയാനയിലെ സൂർക്കി ഗ്രാമത്തിൽ വച്ചാണ് ശ്യാമയെ കാണുന്നത്. 16 വർഷങ്ങൾക്ക് മുന്നേ ജ്യോതിലാൽ കണ്ണൂരിൽ നിന്നും വിവാഹംചെയ്തു കൊണ്ടുവന്നതാണ്. കേരളത്തിലെ നൂറുകണക്കിന് സ്ത്രീജീവിതങ്ങളുണ്ട് ഹരിയാനയിലെ ഗ്രാമങ്ങളിൽ. ആരും നാടുമടുത്ത് വണ്ടി കയറിയതല്ല. വിവാഹകമ്പോളങ്ങളിൽ വിലപേശാൻ കെൽപ്പില്ലാത്ത മാതാപിതാക്കളുടെ ചോരയാണവർ. സ്ത്രീധനമെന്ന അനീതിയാണ് അവരെ നാടുകടത്തിയത്.
കേരളവുമായി പുലബന്ധമില്ലാത്ത നാട്ടിലേക്കാണ് ഭാഷപോലുമറിയാതെ വണ്ടി കയറിയത്. മറ്റൊരർത്ഥത്തിൽ സ്ത്രീധനത്തിന്റെ രക്തസാക്ഷികളാണവർ. ആ മനുഷ്യരെ തിരഞ്ഞുള്ള യാത്രയാണിത്. എങ്ങനെയാണ് സ്ത്രീധനം ഒരു കുടുംബത്തിന്റെ വേരറുക്കുന്നതെന്ന് അവിടുത്തെ ജീവിതങ്ങൾ അടിവരയിടുന്നുണ്ട്. പൊന്നിന്റെ തൂക്കം നോക്കി പെണ്ണിന് വിലപറയുന്ന ഓരോരുത്തർക്കും ഇനി അവർ മറുപടി പറയും.
അസാധ്യ ജീവിതങ്ങളിലേക്കാണ് യാത്ര
കഠിനമായ ചൂടാണ് ഉത്തരേന്ത്യയിലാകെ. യാത്രയിലെപ്പോഴോ തളർന്നുറങ്ങി. ഡൽഹി അതിർത്തി പിന്നിട്ടത് അറിഞ്ഞതേയില്ല. ഗ്രാമങ്ങളും ഗോതമ്പ് പാടങ്ങളും നെടുകെ പിളർന്നു നിർമ്മിച്ച ഹരിയാനയിലെ ദേശീയ പാതയിലൂടെയാണ് യാത്ര. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന റോഡ്. ഇരുഭാഗത്തും പാടങ്ങളാണ്. ഗോതമ്പും കടുകും വിളഞ്ഞ് നിൽക്കുന്നു. റോഡിൽ സാമാന്യം തിരക്കുണ്ട്. കറ്റയുമായി പോകുന്ന കാളവണ്ടികളും സജീവമാണ്. പനയോല മറച്ചുണ്ടാക്കിയ ചെറിയ കടകൾ യാത്രയിലുടനീളം കാണാം. അത്യാവശ്യം വെള്ളവും ബിസ്‌ക്കറ്റും അവിടെകിട്ടും.
കഴിഞ്ഞ വർഷത്തെ ഹരിയാന യാത്രയുടെ തുടർച്ചയെന്നോണമാണ് വീണ്ടും വണ്ടികയറിയത്. ഏകദേശ ധാരണകളുടെ പുറത്താണ് യാത്ര. വാർത്തകളും കേട്ടറിവുകളുമാണ് കൈമുതൽ. കേരളത്തിൽ നിന്നും വിവാഹംചെയ്തു കൊണ്ടുവന്ന ഒട്ടേറെ സ്ത്രീകളുണ്ട് ഹരിയാനയിൽ. അതിശയോക്തിയോടെയാണ് ആ വാർത്ത കേട്ടത്. അന്നത്തെ കാലത്ത് നാടുകടത്തുന്നതുപോലെ കല്ല്യാണം കഴിപ്പിച്ചു വിട്ടതാണ്. കൂട്ടമായും ഒറ്റപ്പെട്ടും പലഗ്രാമങ്ങളിലുണ്ട് അവരൊക്കെ. കണ്ടെത്താൻ എളുപ്പമല്ലെങ്കിലും പ്രതീക്ഷ കൈവിട്ടില്ല.
സൂർക്കി എന്ന ഗ്രാമത്തിലാണ് അവരിൽ പലരുമെന്ന വിവരം മാത്രമാണുള്ളത്. ഹരിയാനയുടെ കാർഷിക മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകുന്ന ഗ്രാമമാണത്. പരന്നുകിടക്കുന്ന പാടങ്ങളും അവക്കരികിലൂടെ ഒഴുകുന്ന ചെറു തോടുകളുമാണ് എവിടെയും. പാടവരമ്പുകളിൽ ഏതാനും കർഷക കുടിലുകൾ. പ്രധാന ഗ്രാമം റോഡിനോട് ചേർന്നാണ്. ഇഷ്ടിക പകുത്തുവച്ച പരമ്പരാഗത രീതിയിലുള്ള വീടുകളാണ് മിക്കവയും. ഏറെ കുറേ എല്ലാ ജാതികളിലും പെട്ടവർ അവിടെയുണ്ട്. കൂടുതലും ജാട്ട് വിഭാഗക്കാരാണ്. പല ജാതിയിൽ പെട്ടവർ ഇടകലർന്നു ജീവിക്കുന്ന ഗ്രാമങ്ങൾ പൊതുവിൽ ഉത്തരേന്ത്യയിൽ കുറവാണ്.
ഭൂരിഭാഗം ഗ്രാമീണ സ്ത്രീകളും സാരികൊണ്ട് തലവഴി മുഖം മൂടിയാണ് പുറത്തിറങ്ങുക. ഗ്രാമത്തിലെ ആചാരങ്ങൾ പ്രകാരം അപരന്റെ മുന്നിൽ മുഖം കാണിക്കരുത്. അതുകൊണ്ട് തന്നെ മുഖം നോക്കി മനസ്സിലാക്കലും എളുപ്പമല്ല. ആദ്യം കണ്ട ചെറിയ ചായക്കടയിൽ തന്നെ കാര്യം തിരക്കി. ഒരുപാട് കേരളക്കാർ ഉണ്ടെന്നു പറഞ്ഞ് അദ്ദേഹം ഒരാളെ ഞങ്ങളുടെ കൂടെവിട്ടു. അദ്ദേഹമാണ് ശ്യാമയുടെ അടുത്തെത്തിച്ചത്. ശ്യാമയിൽ നിന്നാണ് അസാധ്യമായ ജീവിതങ്ങളിലേക്കുള്ള വാതിൽ തുറന്നത്.
ജീവിതം വേരറ്റുപോയവർ
ഒരാൾക്ക് മാത്രം കഷ്ട്ടിച്ചു നടക്കാവുന്ന വഴിയിലൂടെ നടന്നെത്തുന്നത് ശ്യാമയുടെ വീട്ടിലേക്കാണ്. ഇഷ്ടിക പടുത്തുണ്ടാക്കിയ ഒരുപോലുള്ള പത്തോളം വീടുകളുണ്ട് ചുറ്റിലും. മുൻവശം മാത്രമാണ് സിമന്റ് തേച്ചു പെയിന്റടിച്ചത്. ചാണകം മെഴുകിയ ചെറിയ മുറ്റം. വലതു വശത്ത് വലിയ രണ്ടു പോത്തിനെ കെട്ടിയിട്ടുണ്ട്. ഞങ്ങളുടെ സംസാരം കേട്ടപ്പോഴേ പുറത്തേക്ക് ഒരു സ്ത്രീ വന്നു. മഞ്ഞ ചുരിദാർധരിച്ചു മുഖമാകെ മൂടിയിട്ടുണ്ട്. കയ്യിലേയും കാലിലെയും നഖങ്ങൾക്ക് മൈലാഞ്ചി ചുവപ്പ്. എന്തെങ്കിലും പറയുന്നതിന് മുന്നേ മലയാളത്തിൽ അവർ ചോദിച്ചു, "ഏടെന്നാ നിങ്ങ'. മുന്നിലുള്ളതു ശ്യാമയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അത്ഭുതമാണുണ്ടായത്. രൂപം കൊണ്ടുപോലും പാടെ മാറിയിരിക്കുന്നു.
പുറത്തെ ഇരുമ്പ് വാതിൽ തുറന്നാൽ നേരെ എത്തുന്നത് വലിയ ഹാളിലേക്കാണ്. അതിനോട് ചേർന്ന് തുണികൊണ്ട് മറച്ച ചെറിയൊരു മുറി. ഭർത്താവിന്റെ മാതാപിതാക്കളും 3 കുട്ടികളുമടക്കം ഏഴുപേരുടെ തണലാണത്. ഹാളിന്റെ പിൻ വശത്താണ് അടുക്കള. പുതിയ കക്കൂസിന്റെ പണിയും നടക്കുന്നുണ്ട്. ചുവരുകൾ നിറയെ ആണിയടിച്ചു തൂക്കിയിട്ട പാത്രങ്ങളാണ്. മരപ്പലകകൊണ്ട് ഉണ്ടാക്കിയ സ്റ്റാൻഡിൽ ടിവി കരിപിടിച്ച് ഇരിക്കുന്നു.
അടുക്കുകളയിൽ കെട്ടിയ കയറിൽ നിറയെ വസ്ത്രങ്ങൾ. ഇരുവശങ്ങളിലായി കട്ടിലാണ്. ചെറുതും വലുതും. അവക്കരികിൽ പാഠപുസ്തകങ്ങൾ അടുക്കിയിരിക്കുന്നു. ഇനി അവിടെ വായുവിന് മാത്രമെ ഇടമൊള്ളൂ. ഏറെനേരം തിരഞ്ഞത് ഒടുവിൽ കണ്ടെത്തി. അവരുടെ വിവാഹഫോട്ടോ. ചുവരിലെ പാത്രങ്ങൾക്കിടയിൽ പുകയേറ്റ് തൂങ്ങി കിടക്കുന്നു. പുറത്തേക്കിറങ്ങിയ ശ്യാമ ഒരു വലിയ സ്റ്റീൽ ഗ്ലാസ് നിറയെ പാലു കൊണ്ടുവന്നു. മറ്റൊരു പാത്രത്തിൽ അവിലും. മലയാളം ഇത്ര ആർത്തിയോടെ പറയുന്നൊരാളെ അന്നാദ്യമായാണ് കണ്ടത്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വാതോരാതെ സംസാരിച്ചു.
നാലു പെൺമക്കളിൽ മൂത്ത കുട്ടിയാണ് ശ്യാമ. കൂലിപ്പണിക്കാരനായ അച്ഛന്റെ ഏകവരുമാനത്തിലാണ് പാതിവയറിൽ ജീവിതം മുന്നോട്ട് പോയത്. പെൺമക്കളെ എങ്ങനെ വിവാഹം ചെയ്തുവിടുമെന്ന അച്ഛന്റെ ആധി കേട്ടാണ് എന്നും വീടുറങ്ങാറ്. പെണ്ണുകാണാൻ വരുന്നവരുടെ ആവശ്യങ്ങൾക്ക് മുന്നിൽ തലകുനിക്കാനല്ലാതെ കുടുംബത്തിനായില്ല. ജീവിതം മടുത്തിരിക്കുന്ന കാലത്താണ് അയൽവാസിയുടെ പരിചയത്തിലുള്ള ഹരിയാനക്കാരൻ വരുന്നത്. അദ്ദേഹത്തിന്റെ പിതാവിന്റെ സഹോദരനും കണ്ണൂരിൽ നിന്നാണ് വിവാഹം ചെയ്തത്.
പെണ്ണുമാത്രം മതി വേറൊന്നും വേണ്ടെന്ന് അന്നാദ്യമായാണ് ഒരാൾ പറഞ്ഞു കേട്ടത്. ആലോചിക്കാനുള്ള സമയം പോലും കിട്ടിയില്ല. ഒരാഴ്ചകൊണ്ട് വിവാഹം കഴിഞ്ഞ് ഹരിയാനയിലേക്ക് ട്രെയിൻ കയറി. വെള്ളം ചോദിക്കാനുള്ള ഹിന്ദിപോലും അറിയാതെ കുഴങ്ങി. അന്ന് കനത്ത ചൂടിലേക്കാണ് വന്നിറങ്ങിയത്. ഗ്രാമം മറ്റൊരു ലോകമാണ്. അനാചാരങ്ങളുടെയും സ്ത്രീ വിരുദ്ധതയുടെയും ഭൂതമുണ്ട് ഓരോ ഗ്രാമത്തിലും. ശ്യാമ ഓർമ്മകൾക്ക് മുന്നിൽ വിതുമ്പി. പൊടുന്നനെ ചിരിച്ചു. നാട്ടിൽ പോയിട്ടപ്പോൾ അഞ്ച് വർഷമായി. എന്നെങ്കിലും പോണം. കരയുന്നത് കാണാതിരിക്കാൻ അവർ ഷാളുകൊണ്ട് വീണ്ടും മുഖം മൂടി.
ആചാരങ്ങളും ഗ്രാമ നീതിയും
മുഖംമറച്ചല്ലാതെ അന്യന്റെ മുന്നിൽ ഇരിക്കാനോ പുറത്തിറങ്ങാനോ പാടില്ല. എല്ലാതരത്തിലും ദുരാചാരങ്ങളുടെ കോട്ടയാണ് ഓരോ ഗ്രാമങ്ങളും. ജനനം മുതൽ മരണം വരെ ആചാരങ്ങൾക്ക് കീഴ്പ്പെട്ടു മാത്രമെ ജീവിക്കാൻ സാധിക്കൂ. അസൗകര്യങ്ങളുടെ പറുതീസകൂടിയാണ് ഗ്രാമങ്ങൾ. ഈ അടുത്ത കാലത്തുവരെ ഗ്രാമത്തിൽ ആകെയുണ്ടായിരുന്നത് ഒരു പൊതുകക്കൂസാണ്. സമീപ ഗ്രാമങ്ങളിൽ ഇപ്പോഴും ആ ചിന്ത പോലുമില്ലെന്ന് ശ്യാമ വേദനയോടെ പറഞ്ഞു. അവിടെയും ഇരയാവുന്നത് സ്ത്രീകളാണ്. ആർത്തവസമയങ്ങളിൽ ഇരട്ടി ദുരിതമാണ്.
പൂർണ്ണമായും പുരുഷകേന്ദ്രീകൃതമാണ് ഗ്രാമങ്ങൾ. മുതിർന്ന ആളുകളുടെ സംഘമാണ് ഒട്ടുമിക്ക പ്രശ്‌നങ്ങളും പരിഹരിക്കുന്നത്. ആചാരവും വിശ്വാസവും കടുകിട തെറ്റാൻ അനുവദിക്കില്ല. കേരളം എത്രമാത്രം സ്വതന്ത്രമായി ജീവിക്കാൻ സാധിക്കുന്ന ഇടമാണെന്ന് പറയുമ്പോൾ ശ്യാമയുടെ മുഖത്ത് നിരാശ തളംകെട്ടി. അവർ അൽപ്പനേരം നിശബ്ദയായി. പൊടുന്നനെ വല്ലാത്ത രോഷത്തോടെ പറഞ്ഞു, "നട്ടെല്ലില്ല്യാത്ത മ്മടെ നാട്ടിലെ ആണുങ്ങളാണ് എന്നെപ്പോലെ ഉള്ളോരേ ഈ നരകത്തില് തള്ളിട്ടത്'.
ഹാൻസിയിലും ഹിസാറിലുമുണ്ട് അനേകം മലയാളി സ്ത്രീകൾ. കേരളത്തിൽ നിന്ന് എത്രപേർ ഉണ്ടെന്ന് യാതൊരു കണക്കുമില്ല. നൂറുകണക്കിന് മലയാളി സ്ത്രീകളെയാണ് ഹരിയാന മണവാട്ടിയാക്കിയത്. ചില റിപ്പോർട്ടുകൾ പ്രകാരം ചതിക്കപ്പെട്ട് നാട്ടിലേക്ക് രക്ഷപ്പെട്ടവരുമുണ്ട്. ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടവരും കുറവല്ല. കഥകൾ പലതാണ്. മിക്കതും ശ്യാമ പറഞ്ഞു. ചിലതെല്ലാം പത്രവാർത്തകൾ വരെയായി. അതിനപ്പുറം ആ ജീവിതങ്ങൾക്ക് യാതൊരു മാറ്റവുമുണ്ടായില്ല. ശ്യാമ അതിനിടക്ക് കുറച്ച് അപ്പുറമുള്ള മറ്റൊരു സുഹൃത്തിനെ വിളിച്ചു. പാലക്കാട് സ്വദേശി കാവേരി(യാഥാർത്ഥപേരല്ല).
അൽപ്പനേരം കഴിഞ്ഞപ്പോൾ ഓടി കിതച്ചുകൊണ്ട് കാവേരിവന്നു. നരച്ച സാരിതലപ്പുകൊണ്ട് അവരും തലവഴി മുഖം മറച്ചിരുന്നു. ഒക്കത്തുള്ള കുഞ്ഞിനെ ശ്യാമ കൊഞ്ചിച്ചുകൊണ്ട് വാങ്ങി മടിയിലിരുത്തി. ആശ്ചര്യത്തോടെ കാവേരി ഞങ്ങളെനോക്കി. എന്ത് പറയണമെന്നറിയാതെ ഏറെ നേരം അങ്ങനെനിന്നു. പിന്നീട് പറഞ്ഞതൊക്കെയും ആചാരങ്ങൾക്കുള്ളിൽ തളച്ചിട്ട പെൺ ജീവിതങ്ങളെ കുറിച്ചാണ്. പെണ്ണിന് മാത്രം ആചരിക്കേണ്ട നിഷ്ട്ടകൾ ഗ്രാമത്തിൽ അനേകമുണ്ട്. അന്നമുപേക്ഷിച്ചുള്ള വൃതങ്ങൾ അതിൽ ചിലതാണ്. ആർത്തവസമയത്ത് പുറത്തുള്ള കയറു കട്ടിലിൽ പട്ടിയെപ്പോലെ കിടക്കണമെന്ന് പറഞ്ഞു തീരും മുൻപേ കാവേരി പൊട്ടിക്കരഞ്ഞു. ഇനി ഒന്നും പറയാനാവാതെ വിങ്ങിക്കൊണ്ട് തലതാഴ്ത്തി നിലത്തിരുന്നു.
പ്രധാനമന്ത്രിയും പറഞ്ഞു, അരുത്
കവേരിയുടെ വേദനയിൽ ചുറ്റിലും നിശബ്ദമായി. ആ അവസ്ഥ മാറ്റാനെന്നോണം ശ്യാമ കാവേരിയുടെ കുഞ്ഞിനെ നോക്കി ഞങ്ങളോട് പറഞ്ഞു, "വല്ല്യ കുറുമ്പിയാണിവൾ'. ആദ്യത്തേത്ത് പെൺകുഞ്ഞായതിന്റെ പേരിലും ഏറെ അനുഭവിച്ചതാണ്. ഹരിയാനയിൽ നിന്നും കേരളത്തിലേക്ക് പെണ്ണുതിരഞ്ഞു വരാനുള്ള അസ്ഥയുണ്ടാക്കിയത് ഗ്രാമത്തിലെ പെൺ വിരോധമാണ്. നിരോധനങ്ങളിലാത്ത കാലത്ത് പെൺകുട്ടിയാണെന്നറിഞ്ഞാൽ ഗർഭഛിത്രം നടത്തുന്നത് പതിവായിരുന്നു. 1994 ഇൽ ലിംഗനിർണ്ണയം നിയമം മൂലം നിരോധിച്ചപ്പോഴാണ് ഗ്രാമങ്ങളിൽ പെൺ കുട്ടികൾ കണ്ണുതുറന്നത്.
സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന രാജ്യങ്ങളിൽ നാലാം സ്ഥാനത്തുണ്ട് ഇന്ത്യ. ഓരോ മിനുട്ടിലും ഒരു പെൺ ഭ്രൂണഹത്യ നടന്നിരുന്ന രാജ്യം കൂടിയാണിത്. ഐക്യരാഷ്ട്ര സഭയുടെ സർവ്വേകൾ പ്രകാരം 2000 പെൺ ഭ്രൂണഹത്യകൾ വരെ പ്രതിദിനം നടന്നിട്ടുണ്ട്. ഏറ്റവും അസന്തുലിതമായ ലിംഗാനുപാതമുള്ള സംസ്ഥാനമാണ് ഹരിയാന. സെൻസസ് പ്രകാരം 1000 ആൺകുട്ടികൾക്ക് 834 പെൺകുട്ടികൾ എന്ന നിലയിലാണ്. സൂർക്കിയിലും സമീപ ഗ്രാമങ്ങളിലും പാടെ നിലതെറ്റിയ അവസ്ഥയിലാണ് സ്ത്രീപുരുഷ അനുപാതം. ജനിക്കുന്നത് പെൺ കുട്ടിയാണെങ്കിൽ അവളുടെ വിവാഹവും മറ്റ് ചിലവുകളുമാണ് ഈ പെൺവിരോധത്തിന് പ്രധാന കാരണം. പതിറ്റാണ്ടുകളായുള്ള അത്തരം മനോഭാവമാവമാണ് ഇന്നത്തെ അവസ്ഥയിലെത്തിച്ചത്.
കാലത്തിനൊപ്പം തിരിച്ചറിവുകൾക്കുകൂടി ഗ്രാമങ്ങളിൽ ഇടം കൂടി വരുന്നുണ്ട്. അതിന്റെ പ്രകടമായ മാറ്റങ്ങളുമുണ്ട്. എന്നാലും ഒച്ചിന്റെ വേഗതയെ അത്തരം ചിന്തകൾക്കും പ്രവർത്തനങ്ങൾക്കുമൊള്ളൂ. ഹരിയാനയിലെ ബിബിപുർ ഗ്രാമമുഖ്യനായ സുനിൽ ജഗലിന്റെ സെൽഫിയുടെ ആശയം പ്രധാനമന്ത്രിയിൽ വരെ എത്തിയിരുന്നു. പെൺ മക്കളുമായി ഇടുന്ന സെൽഫി അദ്ദേഹവും ട്വിറ്ററിൽ പങ്കുവച്ചു. പെൺ ഭ്രൂണഹത്യ ഏറ്റവും വലിയ പാതകമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റൊരു പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി.
ശ്യാമയുടെ അറിവ് പ്രകാരം ഏകദേശം മുപ്പത് വർഷങ്ങൾക്ക് മുൻപ് തരുൺബർവാളാണ് കേരളത്തിൽ നിന്ന് ആദ്യം വിവാഹം ചെയ്യുന്നത്. പിന്നീട് അതൊരു തുടർച്ചയായി. ആ ബന്ധങ്ങളുടെ നൂലുവഴി നൂറുകണക്കിന് സ്ത്രീകളാണ് ഹരിയാനയിലെത്തിയത്. ബംഗാളിൽ നിന്നും ബിഹാറിൽ നിന്നും വന്നവരും കുറവല്ല. ജീവിതം കരതൊടുമെന്ന പ്രതീക്ഷയിലാണ് മറ്റൊരു ലോകത്ത് പോകാൻ പലരും തയ്യാറായത്. എന്നാൽ തകർന്ന സ്വപ്നങ്ങളുടെ പാതിവെന്ത ചിറകുമായി തിരികെ പോയവരും കുറവല്ല.
അസാധാരണ ജീവിതങ്ങൾക്കുമുന്നിൽ മണിക്കൂറുകൾ പോയത് അറിഞ്ഞില്ല. സ്ത്രീധനമെന്ന വാക്കുപോലും എത്ര അശ്ലീലമാണെന്ന് ആ മനുഷ്യരുടെ ജീവിതം പറയും. തിരികെ വണ്ടിയിൽ കയറിയപ്പോൾ എന്തോ പറയാൻ മറന്നപോലെ ശ്യാമ അരികിലേക്ക് വന്നു. എന്നിട്ട് ഉറക്കെ ചിരിച്ചുകൊണ്ട് ചോദിച്ചു, "നാട്ടിലെ പുരുഷ പ്രമാണിമാർ ഇപ്പോഴും പുരോഗമനം പറയാറില്ലേ'...