കേരളത്തിലുണ്ട്, ഫീസടക്കാൻ പണമില്ലാതെ റിക്വസ്റ്റ് എഴുതിക്കൊടുത്ത് പരീക്ഷയെഴുതുന്ന പിന്നാക്ക വിദ്യാർഥികൾ

ആദിവാസി- ദലിത് വിദ്യാർഥികൾ, കൊട്ടിഘോഷിക്കപ്പെടുന്ന കേരള വിദ്യാഭ്യാസ മാതൃകയിൽനിന്ന് എങ്ങനെയാണ് നിരന്തരം പുറന്തള്ളപ്പെടുന്നത് എന്നതിന്റെ ക്രൂരമായ ഉദാഹരണങ്ങൾ ചുറ്റിലുമുണ്ട്. സംസ്ഥാനതലത്തിൽ, ഒന്നാം ക്ലാസിൽ അഡ്മിഷൻ കിട്ടിയ പട്ടികവർഗക്കാരിൽ, സർക്കാർകണക്കനുസരിച്ച്, സെക്കൻഡറി തലത്തിൽ 95 ശതമാനവും ഡ്രോപ്പ് ഔട്ടാകുന്നുണ്ട്. 'ഡ്രോപ്പൗട്ട് സിൻഡ്രോം' എന്ന, പരിഹാരമില്ലാത്തതെന്ന് സർക്കാർ തന്നെ അന്തിമവിധിയെഴുതിയ ഒരുതരം വിശേഷ പ്രതിഭാസത്തിലേക്ക് തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർഷം തോറും കൂടിവരികയാണ്. ഇവർക്കിടയിൽനിന്ന്, തങ്ങളുടെ അവകാശമായ ഉപരിപഠനത്തിലേക്ക് എത്തുന്നവരുടെ എണ്ണം വളരെ തുച്ഛമാണ്. അതും ഇ- ഗ്രാന്റ് പോലുള്ള സപ്പോർട്ട് സിസ്റ്റം ഉള്ളത് കൊണ്ട് മാത്രം. ഈ സപ്പോർട്ട് സിസ്റ്റമാണ് ഇപ്പോൾ നിലച്ചുപോയിരിക്കുന്നത്. ഈ വിദ്യാർഥികളുടെ ഏറ്റവും വലിയ സ്വപ്നത്തിലേക്കുള്ള യാത്ര അസാധ്യമാക്കിയതിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാറാണ്. നിരവധി തവണ ഈ വിഷയം മന്ത്രിമാരുടെയും അധികാരികളുടെയും ശ്രദ്ധയിൽപെടുത്തിയിട്ടും ഒരു പരിഹാരത്തിനും സർക്കാർ മുതിർന്നില്ല.ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള പിഴവ് അതിഗുരുതരമാണ് എന്ന വ്യക്തമാണ്.

Comments