ഇംഗ്ലീഷ്​ ഭാഷാ പഠനത്തിന്​ മുസ്​ലിംകൾക്ക്​ വിലക്കുണ്ടായിരുന്നോ?

വിജ്ഞാന വിനിമയോപാധിയായി ഇംഗ്ലീഷ് ഭാഷയെ മുസ്​ലിം സമുദായ പണ്ഡിതന്മാരും സാധാരണക്കാരും ഉപയോഗിച്ചിരുന്നു എന്നതാണ്​ ചരിത്രവസ്തുത. ഭാഷാപഠനത്തിന്റെ മറവിൽ പാശ്ചാത്യ ലിബറൽ സംസ്കാരം ഒളിച്ചുകടത്താനുള്ള ബ്രിട്ടീഷ് അജണ്ടയെയാണ് അക്കാലത്തെ പണ്ഡിതന്മാർ എതിർത്തത്. 19, 20 നൂറ്റാണ്ടുകളിൽ കേരളത്തിലെ പാരമ്പര്യ മുസ്‌ലിംകൾക്കിടയിൽ ഇംഗ്ലീഷ് ഭാഷാപഠന വിലക്കുണ്ടായിരുന്നുവെന്ന​, മാളിയേക്കൽ മറിയുമ്മയുടെ വിയോഗത്തിന്റെ പാശ്​ചാത്തലത്തിലുയർന്ന വാദത്തിന്റെ വാസ്​തവം പരിശോധിക്കുന്നു.

ലശ്ശേരി മാളിയേക്കൽ മറിയുമ്മയുടെ വിയോഗത്തോടെ പുതിയ ചില ചർച്ചകൾക്കും സംവാദങ്ങൾക്കും കേരളം സാക്ഷിയായി. 19, 20 നൂറ്റാണ്ടുകളിൽ കേരളത്തിലെ പാരമ്പര്യ മുസ്‌ലിംകൾക്കിടയിൽ നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്ന ഇംഗ്ലീഷ് ഭാഷാപഠന വിലക്കാണ് അവയിൽ പ്രധാനം. "യാഥാസ്ഥിതികർ' ഇംഗ്ലീഷ് ഭാഷാപഠനത്തിന് വിലക്കേർപ്പെടുത്തിയിരുന്നുവെന്നും ഇംഗ്ലീഷ് പഠിക്കാൻ അനുവദിച്ചിരുന്നില്ല എന്നുമുള്ള ആഖ്യാനങ്ങൾ അതിന്റെ ഭാഗമായി പലരും ഉന്നയിച്ചു. വസ്തുതകൾ അന്വേഷിക്കുക പോലും ചെയ്യാതെ മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളും ഈ വാദം ഏറ്റെടുക്കുന്നതും നാം കണ്ടു.

ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലീഷ് ഭാഷാപഠനത്തോടുള്ള മുസ്‌ലിംകളുടെ നിലപാട് എന്തായിരുന്നു?. അറബിയും അറബി മലയാളവും മാത്രമേ പഠിക്കാവൂ എന്ന സങ്കുചിതത്വം മുസ്‌ലിംകൾക്കിടയിൽ നിലനിന്നിരുന്നോ? കേരള മുസ്‌ലിം നവോത്ഥാനവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളിൽ യഥേഷ്ടം കടന്നുവരാറുള്ള ഇത്തരം ചോദ്യങ്ങൾക്ക് ചരിത്രരേഖകളുടെ സഹായത്തോടെ ഉത്തരം തേടാൻ ശ്രമിക്കുകയാണ്​.

ഇംഗ്ലീഷ് നരകഭാഷയോ?

ദേശാന്തരഗമനങ്ങളുടെ ഭാഗമായി മലബാറിൽ രൂപീകൃതമായ ലിപിയാണ് അറബി മലയാളം. മാപ്പിളമാരുടെ വ്യവഹാരഭാഷ കൂടിയായിരുന്നു അത്. ഇംഗ്ലീഷിനെ മാപ്പിളമാർ എങ്ങനെയാണ് സ്വാംശീകരിച്ചത് എന്നതിനെക്കുറിച്ചുള്ള പഠനം അറബിമലയാളത്തിന്റേതു കൂടിയാണ്.

ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ആഗമനത്തോടെയാണ് പാശ്ചാത്യ വിദ്യാഭ്യാസം ഇന്ത്യയിൽ വ്യാപകമാകുന്നത്. ആദ്യകാലങ്ങളിൽ ഈസ്റ്റിന്ത്യാകമ്പനി ഒരു വ്യാപാര ശൃംഖല എന്ന നിലക്ക് വിദ്യാഭ്യാസമേഖലയിൽ ഇടപെട്ടിരുന്നില്ല. 1813 ലെ ചാർട്ടർ ആക്റ്റ് പ്രകാരം ബ്രിട്ടീഷ് ഗവൺമെൻറ്​ ഈസ്റ്റിന്ത്യാ കമ്പനിയോട് ഇന്ത്യക്കാരുടെ വിദ്യാഭ്യാസത്തിൽ ഇടപെടാൻ ആവശ്യപ്പെടുന്നുണ്ട്. തുടർന്ന് പൗരസ്ത്യ പാശ്ചാത്യ വിദ്യാഭ്യാസ മാതൃകകളിൽ ഏതാണ് സ്വീകരിക്കേണ്ടതെന്ന ചർച്ച ഉയർന്നു വന്നു.

1835 ൽ മെക്കാളെ മിനുട്സ് പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ഈ ചർച്ചകൾക്ക് വിരാമമാകുന്നത്. മതപരിവർത്തനം കൂടി ലക്ഷ്യമാക്കിയുള്ളതായിരുന്നു മെക്കാളെ മിനുട്സ്. ശാഹ് വലിയുല്ലാഹ് ദഹ്‌ലവിയെ പോലെയുള്ള ഉത്തരേന്ത്യൻ പണ്ഡിതന്മാർ ഇക്കാരണത്താൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചു. ഇന്ത്യയിൽ മാത്രമൊതുങ്ങിയ പ്രതികരണങ്ങളായിരുന്നില്ല ഇത്. യമൻ തുടങ്ങിയ മുസ്‌ലിം രാജ്യങ്ങളിലും ചൈന റഷ്യ തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും പശ്ചാത്യൻ വിദ്യാഭ്യാസത്തിനെതിരെ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്.

എല്ലാ ഭാഷകളെയും സ്വീകരിക്കുന്ന നിലപാടായിരുന്നു അറബി മലയാളത്തിന്റേത്. സംസ്കൃതം, തമിഴ്, ഹിന്ദുസ്ഥാനി തുടങ്ങിയവയുമായി ബന്ധപ്പെട്ട രചനകളും പഠനങ്ങളും അറബി മലയാളത്തിലുണ്ട്. ഇതുപോലെ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പഠനങ്ങളും പണ്ഡിതലോകം ഉപയോഗിച്ചു. 1893ൽ തലശ്ശേരി മള്ഹറുൽ മുഹിമ്മാത് അച്ചുകൂടത്തിൽ നിന്ന് പ്രസിദ്ധീകൃതമായ അറബി മലയാളം ഹിന്ദുസ്ഥാനി, ഇംഗ്ലീഷ്, തമിഴ് അക്ക പഠനസഹായി ഇതിനുദാഹരണമാണ്. മാളിയേക്കൽ മറിയുമ്മയുടെ ജന്മദേശം കൂടിയാണല്ലോ തലശ്ശേരി. ഒന്ന് മുതൽ ഒരു ലക്ഷം വരെയുള്ള സംഖ്യകൾ വ്യത്യസ്ത ഭാഷകളിൽ എങ്ങനെ എണ്ണാം എന്നാണ് ഈ കൃതി പരിചയ​പ്പെടുത്തുന്നത്. ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് പൂർണമായും അറബി മലയാളത്തിലാണ്.

""ഇതിന്റെ അകത്ത് അറബി ഹിന്ദുസ്ഥാനി ഇംഗ്ലീഷ് തമിഴ് ഇതുകളെ കൊണ്ട് എണ്ണുന്ന വാക്കുകളും അക്കങ്ങളും ഈമാൻ(വിശ്വാസ), ഇസ്‌ലാം കൊണ്ടുള്ള ചോദ്യം ഉത്തരം ആയിട്ടുള്ള നാല് സുദികളും ആയിരിക്കും''- അക്കപഠന സഹായിയുടെ ഈ മുഖവാചകം തന്നെ ഭാഷയുടെ പഴക്കം വ്യക്തമാക്കുന്നുണ്ട്. ഇംഗ്ലീഷ് അക്ക പഠനസഹായിയുടെ ഭാഗമായി വരുന്നത് ഈമാൻ ഇസ്‌ലാം (ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസങ്ങൾ) കാര്യങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുന്ന മറ്റൊരു ഭാഗമാണ്. ഇംഗ്ലീഷ് പഠനവും ഈമാൻ ഇസ്‌ലാം കാര്യങ്ങളും പരസ്പര വൈരുധ്യം ആണെങ്കിൽ ഈ കൃതിയെ മലബാറിലെ മുസ്‌ലിംകൾ എങ്ങനെയാണ് സ്വീകരിച്ചിട്ടുണ്ടാവുക?.

ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണ്, ഇംഗ്ലീഷ് പഠിച്ചാൽ കാഫിറാകും, തുടങ്ങിയ പരാമർശങ്ങൾ ചരിത്രബോധമില്ലാത്തവർക്ക് പോലും പരിചിതമാണ്. ബഷീറിന്റെ ൻറുപ്പൂപ്പാക്കൊരാനണ്ടാർന്ന് എന്ന നോവലിൽ കേന്ദ്രകഥാപാത്രമായ കുഞ്ഞിപ്പാത്തുമ്മ, ‘സമ്പത്തുണ്ടായിട്ടും എന്തുകൊണ്ടാണ് എന്നെ പഠിപ്പിക്കാതിരിക്കുന്നത്’ എന്ന് ഉമ്മയോട് ചോദിക്കുന്നുണ്ട്. ‘നിന്നെ പഠിപ്പിച്ചു കാഫിറാക്കണോ’ എന്നായിരുന്നു ഉമ്മയുടെ മറുപടി. മാപ്പിളമാരെ നിഷ്​ക്രിയരായി ചിത്രീകരിക്കുന്നതിൽ ഇത്തരം ആഖ്യാനങ്ങൾക്കും സലഫി പ്രചാരണങ്ങൾക്കുമുള്ള പങ്ക് വളരെ വലുതാണ്. എന്നാൽ ബഷീർ ജനിക്കുന്നതിനും വർഷങ്ങൾക്കു മുമ്പാണ് ഇത്തരമൊരു അക്ക പഠനസഹായി മലബാർ മുസ്‌ലിംകൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്നത്.

അക്കപഠന സഹായി മാത്രമല്ല, ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന അറബിമലയാള പഞ്ചാംഗങ്ങളും ഈ വാദത്തെ റദ്ദ് ചെയ്യുന്നുണ്ട്. പല വിവരങ്ങളും അവയിൽ ഇംഗ്ലീഷിലാണ് നൽകിയിട്ടുള്ളത്. 1896ൽ പാലോളി അബ്ദുല്ല മുസ്‌ലിയാർ തയാറാക്കിയ പഞ്ചാംഗം പ്രത്യേക പരാമർശമർഹിക്കുന്നു. മമ്പുറം, ഏർവാടി തുടങ്ങിയ മഖാമു (അന്ത്യവിശ്രമ കേന്ദ്രം) കളുടെ ഫോട്ടോകളാണ് അത്തരം കലണ്ടറുകളുടെ മുഖചിത്രങ്ങളായി നൽകിയിട്ടുള്ളത്. മമ്പുറം മഖാം സാമ്രാജ്യത്വ വിരുദ്ധതയുടെ പ്രതീകമാവുകയും ഇംഗ്ലീഷിനെതിരെ മാപ്പിളമാർ നിരാകരിക്കുകയും ചെയ്തിരുന്നെങ്കിൽ എങ്ങനെയാണ് മമ്പുറം മഖാമിന്റെ ചിത്രം ഇംഗ്ലീഷ് അക്ഷരങ്ങൾ ഉൾപ്പെടുന്ന പഞ്ചാംഗങ്ങളിൽ പ്രത്യക്ഷപ്പെടുക?.
മാത്രമല്ല, കേരള മുസ്‌ലിംകളുടെ ആധികാരിക പണ്ഡിതസഭയായ സമസ്തയുടെ ഭരണഘടനയിലും മുഖപത്രത്തിലും ഇംഗ്ലീഷ് എഴുത്തുകൾ ഉണ്ടായിരുന്നുവെന്നതും പ്രസ്താവ്യമാണ്.

കഴിഞ്ഞകാലങ്ങളിൽ കേരളീയ മുസ്‌ലിം പണ്ഡിതന്മാരോട് ഫത്‌വകൾ (മതവിധി) ചോദിച്ചിരുന്നത് ഇൻലാൻറ്​, പോസ്റ്റ് കാർഡ് തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു. മൊഴി ചൊല്ലി, ന്യായം ചൊല്ലി തുടങ്ങിയ ത്വലാഖി (വിവാഹ മോചനം) ന്റെ വചനങ്ങളുമായി ബന്ധപ്പെട്ട് സമസ്ത നേതാവായിരുന്ന അഹ്മദ് കോയ ശാലിയാത്തി ഉൾപ്പെടെയുള്ളവരുടെ നിരവധി ഫത്‌വകളുണ്ട്. ഈ ചർച്ചകളുമായി ബന്ധപ്പെട്ട് ശാലിയാത്തിക്ക് വന്ന കത്തുകളിലും ശാലിയാത്തി തിരിച്ചയച്ച കത്തുകളിലും ഇറ്റാലിയൻ ഫോണ്ടിൽ വളരെ മനോഹരമായിട്ടാണ് അഡ്രസ്​ രേഖപ്പെടുത്തിയിട്ടുള്ളത്.

"ഫിൽ ഖാമൂസിൽ അസ്റി അറബി അൽ ഇംഗിലീസി' എന്ന ഡിക്ഷ്ണറി ഉപയോഗപ്പെടുത്തി ശാലിയാത്തി ത്വലാഖ് എന്ന പദത്തിന്റെ ഭാഷാർത്ഥം ഈ ഫത്‌വകളിൽ മലയാളത്തിലും ഇംഗ്ലീഷിലും ഉദ്ധരിക്കുന്നുണ്ട്. മലയാളം ആര്യനെഴുത്താണെന്നും പഠിക്കരുതെന്നുമുള്ള വാദങ്ങളെയും ഇതിനോട് ചേർത്തുവായിക്കണം. ഒരു വിജ്ഞാന വിനിമയോപാധിയായി ഇംഗ്ലീഷ് ഭാഷയെ പണ്ഡിതന്മാരും സാധാരണക്കാരും ഉപയോഗിച്ചിരുന്നു എന്നതിലേക്കുള്ള സൂചനയാണ് ഈ ചിത്രങ്ങൾ നൽകുന്നത്.

വിജ്ഞാന വിനിമയോപാധിയായി ഇംഗ്ലീഷ് ഭാഷയെ പണ്ഡിതന്മാരും സാധാരണക്കാരും ഉപയോഗിച്ചിരുന്നു എന്ന യാഥാർഥ്യത്തിലേക്കാണ് ഈ ചരിത്രവസ്തുതകൾ വെളിച്ചം വീശുന്നത്. ഭാഷാപഠനത്തിന്റെ മറവിൽ പാശ്ചാത്യ ലിബറൽ സംസ്കാരം ഒളിച്ചുകടത്താനുള്ള ബ്രിട്ടീഷ് അജണ്ടയെയാണ് അക്കാലത്തെ പണ്ഡിതന്മാർ എതിർത്തത് എന്നും അതുവഴി മനസിലാക്കാം.

Comments