മുഹമ്മദ് അൽത്താഫ്: 2018- ലാണെല്ലോ നിലമ്പൂരിലെ ആദിവാസി കുടുംബങ്ങൾ ഭൂമിക്കുവേണ്ടി സമരം ആരംഭിക്കുന്നത്. പിന്നീട് 2023- ൽ നിലമ്പൂർ ഐ.ടി.ഡി.പി ക്കു മുന്നിൽ 314 ദിവസം ബിന്ദു വൈലാശ്ശേരി നിരാഹാരസമരം നടത്തി. ആദ്യ ഘട്ടത്തിൽ നൽകിയ ഉറപ്പുകൾ എന്തൊക്കെയായിരുന്നു?
ഗ്രോ വാസു: സമരത്തിന്റെ ഒരു പ്രധാന ഘട്ടത്തിലാണ് ഞാനെത്തുന്നത്. പട്ടിണി സമരത്തിൽ ബിന്ദു മരണത്തോടടുത്ത് എത്തിയപ്പോൾ നാട്ടുകാർ ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരു സമ്മേളനം വിളിച്ചു ചേർത്തു. അതിൽ ആദിവാസികളും നാട്ടുകാരും എല്ലാവരും ഒന്നിച്ച് ചേർന്നു. അങ്ങനെ സമരത്തെ സഹായിക്കാൻ കമ്മിറ്റി ഉണ്ടാക്കുകയും രക്ഷാധികാരിയായി എന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ സമരത്തിൽ ഇടപെടുന്നത്. പിന്നീട് കളക്ടർ നടത്തിയ ചർച്ചയിൽ ചില ഉറപ്പുകൾ നൽകി. കണ്ണപ്പൻകുണ്ട് അടക്കമുള്ള സ്ഥലങ്ങളിൽ 50 സെന്റ് വീതം കൊടുക്കാമെന്ന് കളക്ടർ പറഞ്ഞു. ഒരു ഏക്കറായിരുന്നു ആദിവാസികൾ ആവശ്യപ്പെട്ടത്. പിന്നീട് 50 സെന്റ് ഭൂമി തരാമെന്ന ഉറപ്പിൽ സമരം അവസാനിക്കുകയായിരുന്നു. ആ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കാൻ ഞാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഒന്നാം ഘട്ട സമരം അവസാനിക്കുന്നത്. കളക്ടറുടെ ഉറപ്പ് എഗ്രിമെന്റായി തരികയും ചെയ്തിരുന്നു.
2024 മാർച്ച് 18 കളക്ടറുടെ ഉറപ്പിലാണ് സമരം അവസാനിക്കുന്നത്. അന്ന് ചർച്ചയിൽ പങ്കെടുത്ത ആൾ കൂടിയാണെല്ലോ താങ്കൾ. 50 സെന്റ് ഭൂമി വീതം നൽകാമെന്ന എഗ്രിമെന്റടക്കം കിട്ടുകയും ചെയ്തു. ഇപ്പോൾ രണ്ടാമതും സമരം ആരംഭിച്ച സാഹചര്യം എന്താണ്?
2024- ലാണ് ഈ എഗ്രിമെന്റ് ഉണ്ടാകുന്നത്. അതിനുശേഷം ഇത് നാലഞ്ചു മാസം നീണ്ടു. കളക്ടറുടെ ഉറപ്പ് വൈകുന്നതിലെ അസംതൃപ്തിയാണ് രണ്ടാംഘട്ട സമരത്തെക്കുറിച്ചുള്ള ആലോചനയിലേക്ക് നയിച്ചത്. അപ്പോൾ കളക്ടർ വീണ്ടും സംസാരിച്ചു. 2024 ഡിസംബർ 31 നു മുമ്പ് പട്ടയം നൽകാം എന്ന ഉറപ്പും നൽകി. ഇത് എഴുതി തരാമെന്ന് പറയുകയും ചെയ്തു. കളക്ടറുടെ കൈപ്പടയിൽ ഈ ഉറപ്പ് എഴുതിത്തരികയും ചെയ്തു. പിന്നെ മറ്റൊരു വിശദീകരണം ആവശ്യമില്ലല്ലോ. വീണ്ടും ഞങ്ങൾ കാത്തിരുന്നു. ഭൂമി നൽകാൻ ഇനിയും കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്, റവന്യൂ ഡിപ്പാർട്ടമെന്റിൽ നിന്ന് കണക്കുകൾ കിട്ടാനുണ്ട് എന്നൊക്കെ പറഞ്ഞ് വീണ്ടും നീട്ടി. അങ്ങനെയാണ് കഴിഞ്ഞ മെയ് മാസത്തിൽ കളക്ടറുമായി വീണ്ടും സംസാരിക്കുന്നത്. അപ്പോഴും അദ്ദേഹം വീണ്ടും സമയം നീട്ടി ചോദിച്ചു. ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് അംഗീകരിക്കാനാകില്ല എന്ന ബോധ്യത്തിലാണ് രണ്ടാം ഘട്ട സമരം തുടങ്ങുന്നത്.

മലപ്പുറം കളക്ടറേറ്റ് പരിസരത്ത് രണ്ടാം ഘട്ട സമരം ആരംഭിച്ച ശേഷം ചർച്ചകൾ നടന്നിട്ടുണ്ടോ? എന്താണ് സമരത്തോടും ആദിവാസി കുടുംബങ്ങളുടെ ആവശ്യങ്ങളോടുമുള്ള ഭരണകൂടത്തിന്റെ ഇപ്പോഴത്തെ നിലപാട്?
ഇപ്പോഴാണ് ഇവരുടെ തനിനിറം പുറത്തുവന്നത്. എഗ്രിമെന്റിനെ പലരും എതിർക്കുന്നുവെന്നാണ് ഇപ്പോൾ പറയുന്നത്. മറ്റ് പലർക്കും 10 സെന്റ്, 20 സെന്റ്, 40 സെന്റ് ഒക്കെയാണ് കൊടുത്തത്, നിങ്ങൾക്ക് 50 സെന്റ് തരുന്നത് ചോദ്യം ചെയ്യപ്പെടുന്നുണ്ട് എന്നെല്ലാമാണ് കളക്ടർ പറയുന്നത്. വീണ്ടും രണ്ട് തവണ കളക്ടറുമായി സംഭാഷണം നടന്നെങ്കിലും തീരുമാനമായിട്ടില്ല. ഇപ്പോൾ സമരം ആരംഭിച്ചിട്ടും പല തവണ ചർച്ച നടന്നിട്ടുണ്ട്. അപ്പോഴെല്ലാം കളക്ടർ നേരത്തെ തന്ന എഗ്രിമെന്റിനെ ഇല്ലാതാക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. 60 പേർക്ക് 50 സെന്റ് കൊടുക്കാമെന്ന് പറഞ്ഞ അതേ കളക്ടർ ഇപ്പോൾ പറയുന്നത് വേറെയും 400 പേർക്ക് ഭൂമി കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അവർക്കും കൂടി കൊടുക്കാൻ ഭൂമി ഉണ്ടാകില്ലെന്നുമാണ്. എല്ലാവർക്കും ഭൂമി കൊടുക്കാനില്ലാത്തത് കൊണ്ട് നറുക്കെടുത്തിട്ടാണ് ഭൂമി കൊടുക്കുകയെന്നും ആ നറുക്കെടുപ്പിൽ നിങ്ങളെയും ഉൾപ്പെടുത്താമെന്നുമെല്ലാമാണ് ഇവരിപ്പോൾ പറയുന്നത്.
സമരത്തിലൂടെ ഈ ആവശ്യം നേടിയെടുക്കുന്നത് ഇവർക്ക് സ്വീകാര്യമല്ല. മാത്രമല്ല ബിന്ദു വൈലാശ്ശേരിയെ പോലെയുള്ള ഒരു ആദിവാസി നേതൃത്വം അവിടെ ഉയർന്നുവരുന്നതും അവർക്ക് സ്വീകാര്യമല്ല.
നിലമ്പൂർ ആദിവാസി ഭൂസമരത്തോടുള്ള എൽ.ഡി.എഫ് സർക്കാറിന്റെ സമീപനമെന്താണ്?
ആദ്യ ഘട്ടത്തിൽ നിലമ്പൂർ മേഖലയിലെ മുഴുവൻ ആദിവാസികൾക്കും ഭൂമി ആവശ്യപ്പെട്ടാണ് സമരം ചെയ്തത്. ഒരേക്കർ ഭൂമി ആവശ്യപ്പെട്ടായിരുന്നു സമരം. ഏറെക്കുറേ മുന്നോറോളം ആദിവാസി കുടുംബങ്ങൾ അവരോടൊപ്പമുണ്ടായിരുന്നു. സമരത്തിലുള്ള ചിലർക്ക് ആ ഘട്ടത്തിൽ തന്നെ 20 സെന്റ് ഭൂമി വരെ നൽകി. ഇങ്ങനെ കൊടുക്കുന്നത് ആദിവാസികൾക്ക് യഥാർഥത്തിൽ അർഹമായത് വെട്ടിക്കാനാണെന്ന വിമർശനങ്ങൾ വന്നു. അപ്പോൾ 40 സെന്റ് വരെ കൊടുത്തു തുടങ്ങി. സമരത്തിലുള്ളവർ തന്നെയാണ് ഈ ഭൂമി വാങ്ങിയത്. അങ്ങനെ അവർ പിരിഞ്ഞു പോവുകയും സമരത്തിൽ അവസാനം 60 കുടുംബങ്ങൾ അവശേഷിക്കുകയും ചെയ്തു. ബിന്ദു സമരം തുടങ്ങിയപ്പോഴാണ് ഇങ്ങനെ ഭൂമി കൊടുത്തു തുടങ്ങിയത്. മാർകിസിസ്റ്റുകാരാണെല്ലോ ഭരിക്കുന്നത്, സമരത്തെ എങ്ങനെ സമർഥമായി വഞ്ചിക്കാം എന്നാണ് അവർ നോക്കുന്നത്.

ഉറപ്പ് നൽകിയ 50 സെന്റ് ഭൂമി പോലും നൽകാൻ നാളിതുവരെ സർക്കാരിനായിട്ടില്ല. 2018- ൽ കാടിനുള്ളിലും 2023 മുതൽ നിലമ്പൂർ ഐ.ടി.ഡി.പിക്ക് മുന്നിലും ഇപ്പോൾ കളക്ടറേറ്റിലും ആദിവാസികൾക്ക് സമരം ചെയ്യേണ്ടിവന്നു. ഉറപ്പുകൾ ലംഘിക്കപ്പെടുന്നതിനുപുറകിൽ മറ്റെന്തെങ്കിലും രാഷ്ട്രീയതാൽപര്യമുള്ളതായി തോന്നിയിട്ടുണ്ടോ?
ആദിവാസികളോടും ബിന്ദു വൈലാശ്ശേരിയോടുമുള്ള വിരോധം തന്നെയാണ് ഇതിന് കാരണം. ആദിവാസികൾക്ക് കൊടുക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ച 19,000 ഏക്കറിൽ 9000 ഏക്കർ ഭൂമി ഇപ്പോഴും ബാക്കിയുണ്ട്. എന്നാൽ ഭൂമി കൊടുക്കാതെ വൈകിപ്പിച്ചതോടെയാണ് ബിന്ദു വൈലാശ്ശേരി സമരം ആരംഭിച്ചത്. സമരത്തിലൂടെ ഈ ആവശ്യം നേടിയെടുക്കുന്നത് ഇവർക്ക് സ്വീകാര്യമല്ല. മാത്രമല്ല ബിന്ദു വൈലാശ്ശേരിയെ പോലെയുള്ള ഒരു ആദിവാസി നേതൃത്വം അവിടെ ഉയർന്നുവരുന്നതും അവർക്ക് സ്വീകാര്യമല്ല. ആദിവാസികൾക്കുവേണ്ടി കോടിക്കണക്കിന് രൂപ സർക്കാർ ചെലവാക്കുന്നുണ്ടെങ്കിലും അതിൽ ഏഴ് ശതമാനം മാത്രമാണ് ആദിവാസികൾക്ക് കിട്ടുന്നത് എന്ന അന്വേഷണ റിപ്പോർട്ട് വന്നിരുന്നു. ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും അത് തട്ടിയെടുക്കുന്നതാണ് ചരിത്രം. അവിടെ സ്വന്തം കാലിൽ നിന്ന് സ്വന്തം സമുദായത്തിനുവേണ്ടിയും പോരാട്ടം നടത്തുന്ന ബിന്ദു വൈലാശ്ശേരിയെ പോലെ ആരെങ്കിലും ഉയർന്നുവരുന്നത് അവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.

രണ്ടാം ഘട്ട സമരം ആരംഭിച്ചശേഷം ഗ്രോ വാസു ആശുപത്രിയിലായെന്നും ആരോഗ്യസ്ഥിതി മോശമാണെന്നുമുള്ള വാർത്തകൾ വന്നിരുന്നു. ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി എന്താണ്, ഈ പ്രായത്തിലും ഇങ്ങനെ സമരമിരിക്കാൻ പ്രേരിപ്പിക്കുന്നത് എന്താണ്?
എനിക്ക് 96 വയസായി. ഇനിയൊരു എടുത്തു ചാട്ടത്തിന് ഞാൻ പരിശ്രമിക്കുക എന്നു പറഞ്ഞാൽ ആത്മഹത്യ ചെയ്യുക എന്നാണ് അതിന്റെ അർഥം. സമരത്തിന്റെ അവസാനം വരെ അവരോടൊപ്പം നിൽക്കാൻ എനിക്ക് ബാധ്യതയുള്ളതു കൊണ്ടാണ് ഈ മഴയും വെയിലും കൊണ്ട് ഞാനിവിടെ ഇരിക്കുന്നത്. അത് എന്റെ കടമയാണ്. ഇപ്പോൾ എന്റെ തൂക്കം രണ്ട് മൂന്ന് കിലോ കുറഞ്ഞിട്ടുണ്ട്. ആരോഗ്യ സ്ഥിതി വളരെ മോശമാണ്. സമരത്തിനിടെ എന്തെങ്കിലും പറ്റിയാൽ ആശുപത്രിയിൽ പോവുക എന്നല്ലാതെ വീട്ടിലേക്ക് പോകാൻ എനിക്കാവില്ല. കാരണം ഞാനും കൂടി പറഞ്ഞിട്ടാണ് 2024- ൽ ബിന്ദു നിരാഹാരം അവസാനിപ്പിച്ചത്. ഞാൻ പറഞ്ഞിരുന്നില്ലെങ്കിൽ അവർ അവിടെ കിടന്ന് മരിക്കുമായിരുന്നു. സമരം അവസാനിക്കുന്നത് വരെയോ ആശുപത്രിയിൽ ആകുന്നത് വരെയോ ഞാൻ എന്തായാലും ഈ ഭൂസമരത്തിലുണ്ടാകും.
