ജാരിയയിലെ കൽക്കരി ഖനനം വേരറുത്തുമാറ്റപ്പെടുന്ന ആറുലക്ഷം മനുഷ്യർ

നോക്കെത്താ ദൂരം പരന്നു കിടക്കുന്ന കൽക്കരി ഖനി. പൊടിയും കരിയുമേറ്റ് കറുത്തുപോയ മലകൾ. അതിനേക്കാൾ ആഴത്തിലുള്ള ഗർത്തങ്ങൾ. ചിലത് കൽക്കരി ഖനനം ചെയ്ത് ഉപേക്ഷിച്ചവയാണ്. മറ്റുള്ളവയിൽ ഖനനം നടക്കുന്നു. ഉപേക്ഷിച്ച ഖനികളിലാണ് തൻവി ഉൾപ്പെടെ ഗ്രാമം അന്നം കണ്ടെത്തുന്നത്. ലോകത്തെവിടെയും ഇത്രയും വെല്ലുവിളി നിറഞ്ഞ മനുഷ്യജീവിതം കണ്ടറിയാൻ എളുപ്പമാകില്ല. ജീവിതത്തിന് താഴെ കത്തുന്ന കൽക്കരി ഖനികൾ, മുകളിൽ കഠിനമായ ചൂടും പൊടിക്കാറ്റും. 'ഡൽഹി ലെൻസ്' പരമ്പര തുടരുന്നു.

Delhi Lens

നിറയെ കറുത്ത പൊടിപടലം. അതിനിടയിലൂടെ തൻവി കാലു വേച്ചുകൊണ്ട് നടക്കുന്നു. ഇനി ആവാത്ത വിധം അവൾ നിലത്തിരുന്നു. നഗ്‌നമായ കാൽപ്പാദങ്ങൾ കറുത്ത് ഇരുണ്ടിട്ടുണ്ട്. കാലിൽ നിറയെ ആഴമുള്ള മുറിവുകളാണ്. വൃണങ്ങളിൽ വീണ്ടും കല്ലുകുത്തികീറി ചോരയൊലിക്കുന്നു. കറുത്ത നിറമാണ് ചോരയ്ക്കും. കാലിൽ തറച്ച കൽക്കരി ചീള് വിറയ്ക്കുന്ന കൈകളോടെ ഒറ്റവലി. തൻവി വേദനകൊണ്ട് പുളഞ്ഞു. ശബ്ദം പുറത്തുവരാതിരിക്കാൻ കൈ കടിച്ചമർത്തി. ചോര കറുത്ത നിലത്തേക്ക് നിർത്താതെ ഒഴുകി. തൻവി കണ്ണുകളടച്ച് ഷാളുകൊണ്ട് കാലുവരിഞ്ഞ് കെട്ടി. കൂറ്റൻ പാറയിൽ തലവച്ച് ചാരി കിടന്നു. വിറക്കുന്നുണ്ട് കാലാകെ.

കാലിൽ കെട്ടിയ ഷാളും നോക്കിനിൽക്കെ രക്തത്തിൽ കുതിർന്നു. വെള്ളം കൊടുത്തപ്പോൾ ആർത്തിയോടെ കുടിച്ചു. അല്പമാശ്വാസം മുഖത്ത് കാണാം. കയ്യിൽ കുറച്ചു വെള്ളമെടുത്ത് മുഖം കഴുകി. കറുത്ത ചളി കവിളിലൂടെ ഒലിച്ചിറങ്ങി. ദൂരെനിന്നും സെക്യൂരിറ്റി ജീവനക്കാരൻ സൈക്കിളിൽ വിസിൽ മുഴക്കി വരുന്നുണ്ട്. മലയുടെ മറവിലേക്ക് മാറാൻ ദീർഘശ്വാസത്തോടെ തൻവി പറഞ്ഞു. അയാൾ ഞങ്ങളെ കടന്നുപോയി. സൈക്കിളിന്റെ പുറകിൽ കെട്ടിവച്ച നീളൻ മുളവടി അവൾ ചൂണ്ടി കാണിച്ചു. ഒപ്പം ചോരകല്ലിച്ച വലതു തോളും. ശരീരമാസകലം അത്തരം പാടുകളാണത്രെ. ജീവിതത്തിൽ ഇരുട്ടു നിറച്ച കാലത്തെനോക്കി അവൾ നിസ്സഹായയായി.

നോക്കെത്താ ദൂരം പരന്നു കിടക്കുന്ന കൽക്കരി ഖനി. പൊടിയും കരിയുമേറ്റ് കറുത്തുപോയ മലകൾ. അതിനേക്കാൾ ആഴത്തിലുള്ള ഗർത്തങ്ങൾ. ചിലത് കൽക്കരി ഖനനം ചെയ്ത് ഉപേക്ഷിച്ചവയാണ്. മറ്റുള്ളവയിൽ ഖനനം നടക്കുന്നു. ഉപേക്ഷിച്ച ഖനികളിലാണ് തൻവി ഉൾപ്പെടെ ഗ്രാമം അന്നം കണ്ടെത്തുന്നത്. പരമാവധി ആഴത്തിൽ തുരന്നെടുത്താണ് ഓരോ പ്രദേശത്തെയും ഖനനം അവസാനിപ്പിക്കുന്നത്. അവിടെയാണ് യാതൊരു യന്ത്ര സഹായവുമില്ലാതെ ഗ്രാമവാസികൾ കൽക്കരി എടുക്കുന്നത്.

കഴിഞ്ഞ ജൂണിലാണ് തൻവിയുടെ സഹോദരൻ മലയിടിഞ്ഞ് മരിച്ചത്. അച്ഛനും ഖനി അപകടത്തിലാണ് ജീവൻ നഷ്ടമായത്. മാനസികമായി തകർന്ന അമ്മയുടെ ആശ്രയമാണ് തൻവി. വിശന്നുവലഞ്ഞപ്പോൾ ആറാം ക്ലാസ്സിൽ പുസ്തകം അടച്ചു. പിക്കാസും കുട്ടയുമായി ഖനിയിലേക്ക് അന്നിറങ്ങിയതാണ്. വെളിച്ചമെത്താത്ത ഗുഹകളിൽ കയറി കൽക്കരി എടുത്തിട്ടുണ്ട്. ശ്വാസമില്ലാതെ പിടഞ്ഞപ്പോൾ രക്ഷപ്പെടുത്തിയ ഗ്രാമവാസിയെക്കുറിച്ചും വാചാലയായി.

അഞ്ചുമണി കഴിഞ്ഞെങ്കിലും ചൂട് അസഹനീയമാണ്. കനത്ത കാറ്റിൽ പാറിവരുന്ന കൽക്കരി പൊടിയിൽ കുളിച്ചാണ് നിൽപ്പ്. ദേഹമാകെ ചൊറിയുന്നു. നിലം തീച്ചൂളയിലെന്നപോലെ പൊള്ളുന്നു. കുടിച്ച വെള്ളം വിയർപ്പായി ഒഴുകി തീർന്നു. വരണ്ട തൊണ്ടയുമായി തിരികെ നടന്നു. പുറകിൽ കാലുവേച്ചുകൊണ്ട് തൻവി വഴികാട്ടി. അപ്പോഴും തലയിലെ കൽക്കരിയുടെ കൊട്ട ഉപേക്ഷിച്ചില്ല. അതാണ് അന്നത്തെ അന്നം. ചുട്ടുപൊള്ളുന്ന അവളുടെ ഗ്രാമം ദൂരെ കാണാം. ഇടക്കുവീശുന്ന പൊടിക്കാറ്റ് അവിടേക്കുള്ള കാഴ്ച്ച മറച്ചു. ഏറെനേരം ചുറ്റും ഇരുട്ടായി.

ധനത്തിന്റെ നാട്ടിലെ പട്ടിണിക്കോലങ്ങൾ

കറുത്ത പൊടിമണ്ണ് നിറഞ്ഞ വഴിയിലൂടെ മുന്നോട്ട് നടന്നു. ശ്വസിക്കാനാവാത്തവിധം രൂക്ഷ ഗന്ധവും അന്തരീക്ഷത്തിൽ പരന്നിട്ടുണ്ട്. കൺപീലിയിൽ നിറഞ്ഞ മണ്ണ് കണ്ണിലേക്ക് വീഴുമ്പോൾ നീറുന്നു. ആ നീറ്റൽ പതിറ്റാണ്ടുകളായി തൻവിയുടെ ജീവിതത്തിന്റെ ഭാഗമാണ്. നടക്കുന്നതിനിടെ അസാധ്യമായ ജീവിതകഥയുടെ ഓരോ പേജുകളായി അവൾ തുറന്നു. ഝാർഖണ്ഡിലെ ധൻബാദിലാണ് മനുഷ്യ ജീവിതത്തിനു വെല്ലുവിളിയായി കൽക്കരിഖനികൾ മാറുന്നത്. തൻവി ലക്ഷങ്ങളിൽ ഒരാൾ മാത്രം.

ധനത്തിന്റെ നാടെന്നാണ് ധൻബാദിന് അർത്ഥം. ഐശ്വര്യവും സമ്പത്തും ഒരുപോലെ ഉള്ളയിടം. എന്നാൽ അതിനോട് പുലബന്ധമില്ലാത്ത ജീവിത സാഹചര്യങ്ങളാണ് മുന്നിൽ നിറഞ്ഞതൊക്കെയും. ധൻബാദിൽ ട്രെയിൻ ഇറങ്ങിയാൽ 3 കിലോമീറ്ററിനുള്ളിൽ ജാരിയ എത്തും. ലോകത്തെവിടെയും ഇത്രയും വെല്ലുവിളി നിറഞ്ഞ മനുഷ്യജീവിതം കണ്ടറിയാൻ എളുപ്പമാകില്ല. ജീവിതത്തിന് താഴെ കത്തുന്ന കൽക്കരി ഖനികൾ, മുകളിൽ കഠിനമായ ചൂടും പൊടിക്കാറ്റും. ശുദ്ധമായ കുടിവെള്ളം സ്വപ്നമാണ്.

ഇപ്പോഴുമവർക്ക് ദൈവവിശ്വാസമുണ്ടെങ്കിലും, നരകത്തെയും സ്വർഗ്ഗത്തെയും ഒരുപോലെ തള്ളിക്കളയുന്നുണ്ട്. അനുഭവിക്കുന്നതിനേക്കാൾ വലിയ ശിക്ഷകളൊന്നും മതത്തിന്റെ പുസ്തകങ്ങളിൽ നരകത്തെകുറിച്ചില്ല. സ്വർഗ്ഗത്തിലെ സുഖലോലുപതകൾ ആ ഗ്രാമത്തിന് കേട്ടുപരിചയവുമില്ല. ഭൂപടങ്ങളിൽ ഇല്ലാത്തവിധം ഒരു ഗ്രാമത്തെയും ലക്ഷകണക്കിന് മനുഷ്യരെയും മായ്ച്ചുകളയുന്ന ഗൂഢാലോചനയാണ് നടക്കുന്നത്. ശ്വാസത്തിനായി പിടയുന്നതിനിടക്ക് അതിനെതിരെ വിരൽചൂണ്ടാൻപോലും അവർക്കാവുന്നില്ല.

രാജ്യം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ നടക്കുന്ന മണ്ണുകൂടിയാണ് ജാരിയ. ജനസംഖ്യയുടെ ഭൂരിഭാഗത്തെയും അടുത്തുള്ള ബെൽഗേറിയയിലേക്ക് മാറ്റി പാർപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. മറഞ്ഞിരിക്കുന്ന വലിയ സമ്പത്താണ് ജനാധിപത്യ ബോധം നഷ്ട്ടമായ ഭരണകൂടങ്ങളെ നയിക്കുന്നതെന്ന് ഓരോ ജീവിതവും അടിവരയിടുന്നു. 60000 കോടിയോളം വിലമതിക്കുന്ന കൽക്കരി ഖനനം ചെയ്യാനുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞാൽ പൂർണ്ണമായും ആ മണ്ണിലെ കൽക്കരി മാന്തിയെടുക്കാം. വേരറുത്തുമാറ്റപ്പെടുന്ന ആറുലക്ഷം മനുഷ്യരേക്കാൾ വലുതല്ല ആ തുകയെന്ന് പറയാനുള്ള ആർജ്ജവം ഇന്നിന്റെ രാഷ്ട്രീയത്തിനുമില്ല.

എല്ലാ കണക്കുകൾക്കുമപ്പുറമാണ് ജീവനറ്റുപോകുന്നവരുടെ യഥാർത്ഥ സംഖ്യ. കൽക്കരി ഖനികളിലെ അനിയന്ത്രിതമായ തീപിടുത്തങ്ങളാണ് പ്രധാനകാരണം. സാക്ഷരതയും നികത്തിയെടുക്കാൻ എളുപ്പമല്ലാത്തവിധം പാതാളച്ചുഴിയിലാണ്. കഠിനമായ ചൂട് കാരണം അടച്ചുപോയത് ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. സാമ്പത്തിക സാഹചര്യങ്ങളും ഗ്രാമത്തിന്റെ അക്ഷരവെളിച്ചത്തിന് വെല്ലുവിളിയാണ്. ജാരിയയുടെ ശരാശരി സാക്ഷരതാ നിരക്ക് 68% മാത്രമാണ്. ദേശീയ ശരാശരിയായ 74.5% നേക്കാൾ കുറവാണത്. അതിൽ തന്നെ പുരുഷ സാക്ഷരത 74% ഉം സ്ത്രീ സാക്ഷരത 60 ശതമാനവുമാണ്. വിശപ്പിന് മുന്നിൽ അടച്ചുവക്കേണ്ടിവന്ന പാഠങ്ങൾ തൻവിയുടെ കണ്ണുനനച്ചു.

തീപിടിച്ച മരണ നിലങ്ങൾ

പോരാടാനുറച്ച ജനതയുടെ തീർപ്പ് കലങ്ങി മറയുമ്പോഴും തൻവിയുടെ കണ്ണുകളിൽ കാണാം. ഇരുട്ടിന്റെ ലോകത്ത് അകപ്പെട്ട അപ്പൂർവ്വ ജീവിതങ്ങളെ കുറിച്ച് അവൾപറഞ്ഞ ഓരോ കഥയും നെഞ്ചിൽതറച്ചു. അവരെ കേൾക്കാൻ തയ്യാറല്ലാത്ത വ്യവസ്ഥിതിയെക്കുറിച്ചും രോഷത്തോടെ പറഞ്ഞു. വ്യാപിച്ചുകിടക്കുന്ന കൽക്കരി ശേഖരത്തിലാണ് എല്ലാവരുടെയും കണ്ണ്. അവിടെ കരിപുരണ്ട മനുഷ്യന് എന്ത് സ്ഥാനം.

ദാമോദർ നദീതടത്തിനോട് ചേർന്ന് 280 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നു കൽക്കരി പാടം. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ശേഖരങ്ങളിൽ ഒന്നാണത്. 23 വലിയ ഭൂഗർഭവും ഒമ്പത് വലിയ തുറന്ന ഖനികളും അതിന്റെ ഭാഗമാണ്. 19.4 ബില്യൺ ടൺ കൽക്കരിയുടെ കരുതൽ ശേഖരമുണ്ട്. ഇന്ത്യയുടെ പവർഹൗസ് എന്ന വിശേഷണം ലഭിച്ചതും അതുകൊണ്ടാണ്.

ഒരു നൂറ്റാണ്ടിലധികമായി ജാരിയ ഈ വിധം ഗ്രാമവാസികൾക്ക് നരകതുല്യമായിട്ട്. 1916 ലാണ് തീ മനുഷ്യജീവിതങ്ങളിലേക്ക് പടർന്നു തുടങ്ങിയത്. 1934 ലിൽ ഉണ്ടായ നേപ്പാൾ-ബിഹാർ ഭൂകമ്പങ്ങൾ ജാരിയയിലെ പ്രതിസന്ധി ഇരട്ടിച്ചു. ഭൂഗർഭങ്ങളിലെ തീ കൂടുതൽ ശക്തിയിൽ പടരാൻ ഇത് വഴിവച്ചു. വലിയതോതിലാണ് കാർബൺ മോണോക്‌സൈഡ്, സൾഫർ ഡയോക്‌സൈഡ്, മീഥെയ്ൻ എന്നീ വിഷവാതകങ്ങൾ ഖനികൾ പുറന്തള്ളുന്നത്. ഇപ്പോഴും നിർത്താതെ കത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്.

ശ്വസിക്കേണ്ടിവരുന്ന വിഷവാതകങ്ങളുടെ അതിപ്രസരണം മനുഷ്യരാശിയെത്തന്നെ തുടച്ചുമാറ്റുന്ന അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. ന്യൂമോകോണിയോസിസ്, ആസ്ത്മ, ആസ്ബറ്റോസിസ്, ക്ഷയം എന്നീ അസുഖത്തിന് ഇരയാവാത്ത ഒറ്റമനുഷ്യനെയും കാണാൻ എളുപ്പമല്ല. ജനിതക വൈകല്യങ്ങളോടെ പിറന്നുവീഴുന്ന കുട്ടികളുടെ എണ്ണവും കുറവല്ല. പാതിയിൽ പ്രാണനറ്റ് പോകുന്ന കുട്ടികൾ ഇപ്പോഴവിടെ ഒരു വാർത്തയേയല്ല.

സാമ്പത്തിക താൽപര്യങ്ങളും മനുഷ്യരും

വലിയ ദുരന്തത്തിന്റെ വക്കിലാണ് ജാരിയ. ഒരു കണക്കിലും പെടാതെ മരിച്ചുവീഴുന്നത് എണ്ണമറ്റ മനുഷ്യരാണ്. 1894 ലിൽ ബ്രിട്ടീഷുകാരാണ് ആദ്യമായി ഖനനം ആരംഭിക്കുന്നത്. രാപ്പകലില്ലാതെ വ്യാപകമായി തുടർന്ന ഖനനം ഭൂമിയുടെ സ്വാഭാവികത തകിടം മറച്ചു. പിൽകാലത്ത് സമ്പത്ത് തിരഞ്ഞുവന്ന ഗുജറാത്തികളുടെ കൈകളിലായി. 1971 ൽ ഖനികൾ ദേശസാൽക്കരിക്കപ്പെട്ടു. വലിയ വ്യവസായ ശാലകൾ കൂണുപോലെ മുളച്ചുപൊന്തി. അപ്പോഴും ഗ്രാമീണർക്ക് അതൊക്കെ അന്യമായി. അവർ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളപ്പെട്ടു.

ബിസിസിഎല്ലിന്റെ 90 ശതമാനത്തിലധികം കൽക്കരി ശേഖരം ജാരിയയിലാണ്. കറുത്ത മണ്ണിൽ പൊലിഞ്ഞു തീരുന്ന ഓരോ ജീവനും അവർക്ക് മറുപടിപറയേണ്ടിവരും. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് "ഞങ്ങൾ ഗ്രാമത്തിൽ ആരോഗ്യക്യാമ്പുകൾ നടത്തുന്നുണ്ട്' എന്ന മറുപടിയയാണ് ബിസിസിഎൽ പറഞ്ഞത്. നീറി ജീവിക്കുന്ന മനുഷ്യനോടുള്ള പ്രതിബദ്ധത എത്രമാത്രമെന്ന് വ്യക്തം. ഈ വിധമാണ് അധികാര വർഗത്തിന്റെ ഇടപെടൽ. നഷ്ട്ടപ്പെടുന്ന ജീവനുപോലും കണക്കില്ലാതെയാവാൻ കാരണം ഈ സമീപനമാണ്.

പൊലിയുന്ന ബാല്യം

അഞ്ചുവർഷത്തിനിടെ 130 ഓളം കുട്ടികൾക്ക് ജാരിയ ബലിയിട്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. എന്നാൽ ബിസിസിഎല്ലിന്റെ കണക്കു പ്രകാരം മുതിർന്നവർ ഉൾപ്പെടെ 65 പേർക്കാണ് ജീവൻ നഷ്ടമായത്. പ്രകടമാണ് കണക്കിലെ വൈരുധ്യം. കോടികൾ അറുത്തെടുത്ത് കൊണ്ടുപോകുന്ന സ്ഥാപനത്തിന്റെ സമീപനം ഈ കണക്കുകൾ അടിവരയിടും.

ജാതിയുടെ ഖർത്തങ്ങളും ജാരിയയിൽ കുറവല്ല. വിദ്യാലയങ്ങളിൽ പോലും അനുഭവിക്കേണ്ടി വന്ന മാറ്റിനിർത്തലുകൾ തൻവി ഒന്നൊന്നായി പറഞ്ഞു. തോട്ടിപ്പണി വരെ ഇപ്പോഴും ചെയ്യിക്കുന്നു. ബിഹാറിൽ നിന്നും ജോലിതേടിവന്ന കുടിയേറ്റ കുടുംബങ്ങളാണ് ഇവരിൽ ഭൂരിഭാഗവും. പതിനായിരക്കണക്കിന് ദളിതരാണ് ഖനികൾക്ക് സമീപ പ്രദേശങ്ങളിൽ താമസിക്കുന്നത്. അവരുടെ പ്രധാന ഉപജീവന മാർഗ്ഗവും ഖനിയാണ്.

മിക്ക ഖനികളുടെയും ഉൾവശം ഇടുങ്ങിയതാണ്. യന്ത്രങ്ങൾ പിന്മാറിയ ഇടങ്ങളിലേക്ക് ബാല്യങ്ങളെ ഇറക്കാനുള്ള പ്രധാന കാരണം അതാണ്. പട്ടിണിക്കുമുന്നിൽ മാതാപിതാക്കൾ ബലിമൃഗത്തെപോലെ കുട്ടികളെ അയക്കാൻ തയ്യാറാകും. കുറഞ്ഞത് 20000 കുട്ടികളെങ്കിലും ജാരിയയിൽ ഖനനം നടത്തുന്നുണ്ട്. വലിയ പരിക്കുപറ്റി കിടപ്പിലായ കുരുന്നുകളും കുറവല്ല. തൻവിക്ക് പലരെയും നേരിട്ടറിയാം. എങ്കിലും അവരുടെ പേരുപറയാൻ മടിച്ചു. പോലീസ് തിരഞ്ഞ് വീട്ടിൽവരാതിരിക്കാനാണ് എന്ത് സംഭവിച്ചാലും എല്ലാം മറയ്ക്കുന്നത്. ജീവനേക്കാൾ വലുതാണ് വിശപ്പെന്ന് പറഞ്ഞുകൊണ്ട് തൻവി ചിരിച്ചു. ജീവിതം അന്യമാക്കിയ കാലം ആ ചിരിക്കുമുന്നിൽ കരയുന്നുണ്ടാകും.

പുനരധിവാസമെന്ന ചതി

ഷീറ്റുകൊണ്ട് നിർമ്മിച്ച കുടിലുകൾക്ക് മുന്നിൽ തൻവിക്കൊപ്പം നടന്നെത്തി. അതിൽ ഒന്നിലേക്ക് കയറാൻ അവൾ തലകൊണ്ട് ആഗ്യം കാണിച്ചു. കൽക്കരിനിറച്ച തലയിലെ കുട്ട തൻവി വാതിലിനോട് ചേർത്തു വച്ചു. പ്ലാസ്റ്റിക്ക് ഷീറ്റും പലകയും വിരിച്ച തറ. മുകളിലെ ഇരുമ്പ് ഷീറ്റിന്റെ ഓട്ടയിലൂടെ പൊടി ഇരച്ചുവരുന്നു. ഒരു മൂലയിൽ കട്ടിലും മറ്റൊരിടത്ത് മണ്ണുകൊണ്ട് കെട്ടിയ അടുപ്പും. അകത്ത് അയലിൽ തൂക്കിയിട്ട വസ്ത്രങ്ങളിലും കറുത്ത പൊടിമണ്ണ് കട്ടപിടിച്ചിരിക്കുന്നു.

കൽക്കരി പാടത്തിന് ചുറ്റുമുള്ള മനുഷ്യരെ മാറ്റാനായി കമ്പനിക്ക് ഒരു പുനരധിവാസ പദ്ധതിയുണ്ട്. ജാരിയ പുനരധിവാസ വികസന അതോറിറ്റിക്കാണ് അതിന്റെ ചുമതല. കിലോമീറ്ററുകൾ അപ്പുറത്തുള്ള ഭൂമിയിലാണ് കെട്ടിടം നിർമ്മിച്ച് ആളുകളെ മാറ്റിത്തുടങ്ങിയത്. പതിനായിരത്തിൽ അധികം ആളുകളെ ഈ വിധം മാറ്റി പാർപ്പിച്ചു. വൈദ്യുതിയും ജോലിയും ഉൾപ്പെടെ വാഗ്ദാനങ്ങൾ പലതായിരുന്നു. എന്നാൽ മനുഷ്യർ യാതൊരു ജീവിതമാർഗ്ഗവുമില്ലാതെ വലയുന്ന അവസ്ഥയാണ്. കെട്ടിടത്തിനും വലിയ കേടുപാടുകൾ വന്നിട്ടുണ്ട്. മറ്റുള്ളവർ അവിടേയ്ക്ക് പോകാതെ നിൽക്കുന്നത് ഇക്കാരണങ്ങൾ കൊണ്ടാണ്.

അസ്തമയ സൂര്യനും കടുത്ത ചൂട്. നിലത്തെ കറുപ്പ് എങ്ങും പടരുന്നു. കരണ്ട് തോന്നിയ പോലെയാണ്. ഈ കുടിലുകളിലെ ഏറ്റവും വലിയ ആഡംബരമാണ് റേഡിയോ. വലിയ ശബ്ദത്തിൽ വച്ച അപ്പുറത്തെ റേഡിയോയിൽ കേൾക്കാം, പ്രധാനമന്ത്രിയുടെ ശബ്ദം. "എല്ലാവീട്ടിലും ത്രിവർണ്ണ പതാക ഉയർത്തണം'. തൻവി ചിരിച്ചുകൊണ്ട് മേൽക്കൂരയിലേക്ക് നോക്കി. പുരപ്പുറത്തെ ഓട്ടയിലൂടെ വന്ന വെളിച്ചം മുഖത്ത് തട്ടി.

Comments