തനിക്ക് വധഭീഷണിയുണ്ടെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ്സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന ചർച്ചയാവുന്നു. മലപ്പുറം ആനക്കയത്ത് ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് സമസ്ത അധ്യക്ഷൻ ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയത്. ദുരൂഹ സാഹചര്യത്തിൽ മരിച്ച കാസർകോട് ചെമ്പരിക്ക ഖാസി സി. എം.അബ്ദുല്ല മുസ്‌ലിയാരുടെ അനുഭവം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി തന്നെ പലരും വിളിക്കുന്നുണ്ടെന്നാണ് ജിഫ്രി തങ്ങൾ പറഞ്ഞത്. വഖഫ് നിയമന കാര്യത്തിൽ പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന് തീരുമാനമെടുത്തതിന്റെ പേരിൽ തന്നെ ചിലർ യൂദാസെന്ന് വിളിക്കുന്നുണ്ടന്നും അത് കാര്യമാക്കുന്നില്ലെന്നും അടുത്തിടെ ജിഫ്രി തങ്ങൾ പറഞ്ഞിരുന്നു. അതിനുശേഷം അദ്ദേഹം നടത്തുന്ന രണ്ടാമത്തെ വെളിപ്പെടുത്തലാണ് ഇത്.
ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തൽ: ‘ഒരു പ്രസ്ഥാനവുമായിട്ട് മുന്നോട്ടു പോവുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. പല ഓഫറുകളും ഇപ്പോൾ ഉണ്ട്, സി. എമ്മിന്റെ അനുഭവം ഉണ്ടാവും എന്നൊക്കെ പല വിവരമില്ലാത്തവരും വിളിച്ച് പറഞ്ഞിട്ടുണ്ട്. അങ്ങനെ വല്ല അനുഭവവും എനിക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ എനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാൽ മതി. ഞാനിപ്പോൾ അതുകൊണ്ടൊന്നും പിന്നോട്ടു പോവുന്ന ആളല്ല. അങ്ങനെയാണ് മരണമെങ്കിൽ ചിലപ്പോൾ അങ്ങനെ ആവും. അല്ലാഹു തആല നല്ല നിലക്ക് ഈമാനോടെ മരിക്കാൻ നമുക്കൊക്കെ തൗഫീഖ് നൽകട്ടെ'
വഖഫ് ബോർഡ് നിയമനം സർക്കാർ പി.എസ്.സിക്കു വിട്ടതിനെതിരെ പള്ളികൾ കേന്ദ്രീകരിച്ചു പ്രതിഷേധം സംഘടിപ്പിക്കാനുള്ള മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ നിലപാട് സ്വീകരിച്ചുകൊണ്ടായിരുന്നു സമീപകാലത്ത് ജിഫ്രി തങ്ങൾ വാർത്തകളിൽ നിറഞ്ഞു നിന്നത്. മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം ഫേസ്ബുക്കിൽ പങ്കുവെച്ചതിന് ശേഷം അതിനെതിരെ പ്രതിഷേധം ഉയർന്ന ഘട്ടത്തിലായിരുന്നു ജിഫ്രി തങ്ങൾ പള്ളിയിൽ പ്രതിഷേധം വേണ്ട എന്ന പരസ്യ നിലപാട് സ്വീകരിച്ചത്.
സമസ്ത നിലപാടിനെ തുടർന്ന് പള്ളികളിലെ പ്രതിഷേധത്തിൽ നിന്ന് ലീഗിന് പിൻവാങ്ങേണ്ടി വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിച്ച് ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും സർക്കാരിൽ വിശ്വാസമുണ്ടെന്നുമായിരുന്നു ജിഫ്രി തങ്ങൾ അന്ന് പറഞ്ഞത്. അല്ലാത്ത പക്ഷം സമസ്ത സ്വന്തം നിലക്ക് പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നായിരന്നു തങ്ങളുടെ നലപാട്. വഖഫ് വിഷയത്തിൽ മുസ്ലിംലീഗ് തീരുമാനങ്ങൾക്ക് വിരുദ്ധമായി നിലപാട് എടുത്തതിന് പിന്നാലെ ജിഫ്രി തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ആക്ഷേപം ഉയർന്നിരുന്നു. വഖഫ് സംരക്ഷണ സമ്മേളനത്തിലും ജിഫ്രിതങ്ങൾക്കെതിരെ പരോക്ഷ വിമർശനം ഉയർന്നിരുന്നു.
ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തൽ ഗൗരവത്തിലെടുക്കുന്നെന്നും നിയമപരമായി നേരിടുന്നതിനെകുറിച്ച് സമസ്ത യോഗം ചേർന്ന് തീരുമാനിക്കുമെന്നും എസ്.വൈ.എസ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ജിഫ്രിതങ്ങളുടെ വെളിപ്പെടുത്തൽ എന്ന് പഠിക്കണം. ചില ആളുകൾ പൊയ് വാക്കായി പറയാറുണ്ട്, അതല്ല ആധികാരികമായിട്ടുള്ള ഏതെങ്കിലും കേന്ദ്രത്തിൽ നിന്നാണോ ഭീഷണി എന്ന് അന്വേഷിക്കും. അത് സംഘടനപരമായി തന്നെ കൈകാര്യം ചെയ്യും. ചെമ്പരിക്ക ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നാണെന്നൊരു നിഗമനം സമസ്തയ്ക്കുണ്ട്. അതും വിശദമായി പരിശോധിക്കും. കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ സ്വീകാര്യനായ മതപണ്ഡിതനാണ് ജിഫ്രിമുത്തുക്കോയ തങ്ങൾ. അദ്ദേഹം ചില വിഷയങ്ങളിൽ നിലപാട് എടുക്കുമ്പോൾ അത് ഉൾക്കൊള്ളാൻ കഴിയാത്ത ആളുകൾ മാന്യമായ നിലക്ക് സംഘടനാപരമായി പ്രതിഷേധിക്കുകയോ അല്ലെങ്കിൽ അത് സമസ്തയുടെ ശ്രദ്ധയിൽപെടുത്തുകയോ ചെയ്യുന്നതിന് പകരം വ്യക്തിഹത്യ നടത്താനും ഭീഷണിപ്പെടുത്താനും ഉരുമ്പെട്ടിറങ്ങുന്ന നിലപാട് വെച്ച്‌പൊറുപ്പിക്കാൻ കഴിയില്ല. ഇത്രയും സമുന്നതനായ ഒരു നേതാവിനുനേരെ ഇതുപോലെ ഭീഷണിയും തെറി അഭിഷേകവും നടത്തുക എന്നത് നമ്മുടെ സംസ്‌ക്കാരത്തിന് ചേർന്നതല്ല. അത് അപലപനീയം ആണ്. ഇത് വിഷയം കൂടുതൽ സങ്കീർണ്ണമാക്കാനും സമുദായത്തിനകത്ത് അകൽച്ച വർധിക്കാനും കാരണമാകും. നാസർ ഫൈസി കൂടത്തായി തിങ്കിനോട് പറഞ്ഞു.
ജിഫ്രി തങ്ങൾ പറഞ്ഞ ചെമ്പരിക്ക ഖാസിയുടെ അനുഭവം
സമസ്ത ഉപാധ്യക്ഷനും മംഗലാപുരം- കീഴൂർ സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവി എന്ന ചെമ്പരിക്ക ഖാസിയുടെ മൃതദേഹം 2010 ഫെബ്രുവരി 15നാണ് വീട്ടിൽ നിന്ന് ഒരുകിലോമീറ്ററോളം അകലെയുള്ള ചെമ്പരിക്ക തീരക്കടലിൽ കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തിലുള്ള ഖാസിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്തെത്തിയിരുന്നു. സമസ്തയും മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യം നിരന്തരം ഉന്നയിച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലിസ് ഖാസി ആത്മഹത്യചെയ്തതാണെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കുക്കുകയായിരുന്നു. പിന്നീട് കുടുംബവും നാട്ടുകാരും ചേർന്ന് നിരന്തരം പ്രക്ഷോഭം നടത്തിയതിനെ തുടർന്ന് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തെങ്കിലും ലോക്കൽ പൊലിസിന്റെ നിഗമനങ്ങൾ ശരിവക്കുന്ന നിലപാടാണ് അവരും സ്വീകരിച്ചത്.
എന്നാൽ ശാസ്ത്രീയ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവിട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം പോണ്ടിച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കൽ എഡുക്കേഷൻ ആൻറ് റിസേർച്ചിലെ (ജിപ്മെർ) ഫോറൻസിക് വിദഗ്ധർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഖാസിയുടെ മരണം കൊലപാതകമാണെന്ന് തറപ്പിച്ച് പറയുന്നുണ്ട്. ഖാസിയുടെ വീട്ടിലും നാട്ടിലും തെളിവെടുപ്പ് നടത്തി നീണ്ട അന്വേഷണത്തിനൊടുവിൽ, കേസ് പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ഡിസംബർ 31നാണ് മെഡിക്കൽ സംഘം റിപ്പോർട്ട് സമർപ്പിച്ചത്.
ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ സമസ്ത സീനിയർ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ വധക്കേസ് എന്തായി എന്ന് ഇനിയെങ്കിലും അണികൾ ചോദിക്കാൻ തയ്യാറാണമെന്ന് ചെമ്പരിക്ക ഖാസിയുടെ പേരമകൻ സലീം തിങ്കിനോട് പറഞ്ഞു: ‘‘സമസ്ത സീനിയർ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ വധക്കേസ് എന്തായി എന്ന് ഇനിയെങ്കിലും അണികൾ ചോദിക്കാൻ തയ്യാറാണം. കൊല്ലപ്പെട്ടിട്ട് പതിനൊന്നു വർഷം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് കൃത്യമായ ഒരന്വേഷണം നടത്താൻ പോലും കഴിഞ്ഞിട്ടില്ല. കേരളത്തിലെ ഏറ്റവും വലിയ മത സംഘടനയുടെ നേതാവിന് ഇങ്ങനെ സംഭവിച്ചിട്ട് ഒന്നും ചെയ്യാനാവാതെ സംഘടനയും സമുദായവും സമൂഹവും നോക്കി നിൽക്കുമ്പോൾ അണികൾ പ്രതികരിക്കണം, പൊതു സമൂഹം മൗനം വെടിയണം. ഇപ്പോൾ ജിഫ്രി തങ്ങളും വധഭീഷണി ഉണ്ടെന്ന് പറഞ്ഞിരിക്കുന്നു. പിന്നിലാരാണെന്ന് കണ്ടെത്തേണ്ടതുണ്ട്.''
ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തൽ മുസ്‌ലിം സാമുദായിക സംഘടനകൾക്കത്തും പുറത്തും ഏറെ ചർച്ചകൾക്ക് വഴിവെക്കുന്ന ഒന്നാണ്. ചെമ്പരിക്ക ഖാസിയുടെ മരണത്തിൽ കോടതിയിൽ നിന്ന് അന്തിമ വിധിവരാനിരിക്കെ ജിഫ്രി തങ്ങളുടെ പ്രസ്താവന ചെമ്പരിക്ക ഖാസിയുടെ മരണവും കൂടുതൽ ഗൗരവമായ ചർച്ചകൾക്ക് വഴിവെച്ചേക്കും. ചെമ്പരിക്ക ഖാസി മരിക്കുന്ന സമയത്ത് പ്രസിഡന്റായിരുന്ന മലബാർ ഇസ്ലാമിക് കോംപ്ലക്സ് (എം.ഐ.സി) പ്രസിഡൻറ് കൂടിയാണ് ജിഫ്രി തങ്ങൾ.