ലൈഫ്​, റെഡി ടു കുക്ക്​

അമ്മ, എലിസബത്ത് ചേടത്തിയാർ, സെലീനാമ്മായി, ഏല്യാക്കുട്ടി അമ്മായി എന്നീ വന്ദ്യവയോധികരായ പാചകക്കാരികൾ കാലയവനികക്കുള്ളിൽ മറഞ്ഞു, പകരം സ്വിഗ്ഗി, സൊമാറ്റോ, യൂബർ ഈറ്റ്‌സ് തുടങ്ങിയവരെത്തി. പഴയ ചില രുചികളുടെ ഓർമയിൽ നിന്ന്​ മാറിയ ഭക്ഷണ സംസ്​കാരത്തിലേക്കൊരു സഞ്ചാരം.

ല്ല ഭക്ഷണം ആസ്വദിച്ചുകഴിക്കുന്നവരിൽ ഒരാളാണ് ഞാൻ.
ഇംഗ്ലീഷിൽ പറഞ്ഞാൽ ഫൂഡി.

‘കണ്ണിമാങ്ങ, കറി കാളൻ, ചുട്ട പപ്പടവുമുണ്ടെങ്കിൽ കാണാം ഊണിന്റെ വൈഭവ'മെന്ന് പറയാറുള്ള ബന്ധുവായ ഒരപ്പൂപ്പൻ എനിക്കുണ്ടായിരുന്നു. ചെമ്പാവരിയുടെ ചോറും, മുട്ടത്തുവർക്കി വിവരിക്കാറുള്ള കുടമ്പുളി ഇട്ടുവെച്ച അയലക്കറിയും കായ മെഴുക്കുപുരട്ടിയും ഒന്നോ രണ്ടോ വറ്റൽമുളകും കൂടി ഒരു പിടുത്തം പിടിച്ചാൽ അന്നത്തെ ഉച്ചയൂണ് ഉഷാർ.

ഞങ്ങളുടെ വീടിന്റെ ഭാഗത്തുള്ള ഇടവഴിയിലൂടെ രാവിലെ എട്ടൊമ്പത് മണിക്ക് തലയിൽ കുട്ടയുമേന്തി ‘ഉണക്കമീനേ... ഉണക്കമീനേ...' എന്നുവിളിച്ച് വീട്ടുകാരെ തന്റെ സാന്നിദ്ധ്യമറിയിച്ച് മൊഞ്ചുള്ള ഒരു മുസ്​ലിം വ​യോധിക പോകും, അവരുടെ മാന്യ ഉപഭോക്താവാണ് ഞങ്ങളുടെ വീട്ടുകാർ. മണൽതരികൾ പറ്റിപ്പിടിക്കാത്ത മുള്ളനും മാന്തളും ചിലപ്പോൾ ഉണക്കിയ സ്രാവും അവരിൽനിന്ന് വാങ്ങി അമ്മ ഞങ്ങളെ ഊട്ടി. പെരിങ്ങാവിലെ ചാക്കോള ടൈൽ ഫാക്റ്ററി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും ഓടുനിർമാണത്തിന്​ അവരുടെ തന്നെ സ്ഥലത്ത് മണ്ണെടുത്ത കുഴികളിൽനിന്ന് ആരലുകളും ബ്രാലും മുണ്ടത്തിയും പിടിച്ച് വിൽക്കുന്ന ‘ആരലു കണ്ടൻ' മൺമറഞ്ഞ് വർഷങ്ങളേറെയായിട്ടുണ്ട്. ‘ഒറ്റാൽ' ഒരു കയറിൽ കെട്ടി കൈയ്യിൽ പിടിച്ച് നടന്നുനീങ്ങുന്ന കണ്ടന്റെ മരണശേഷം ആരൽ മീൻ കറി ഞാൻ രുചിച്ചിട്ടില്ല. തൊട്ടാൽ കൈ പൊള്ളുന്ന വിലയാണ് നെടുപുഴയിൽനിന്ന് മാർക്കറ്റിലെത്തിക്കുന്ന ബ്രാലിന്. കിലോക്ക് 700 രൂപ. പോരേ പൂരം! ‘അപ്പൊ പൊട്ടിച്ചെടുത്ത കുറ്റിപ്പയറും വാളൻ പയറും മത്തങ്ങയും ഇളവനും ചേനയും പാളയംതോടൻ കായയും മറ്റും കുട്ടയിലേന്തി’, പയറ്​, പയറ് എന്ന്​വിളിച്ചറിയിക്കുന്ന അമ്മിണിചേച്ചി അന്ന്​ ഗർഭിണിയായിരുന്നു. അവരുടെ ശബ്ദമനുകരിച്ച് ഒരല്പം പാഠഭേദം വരുത്തി പയറിനുപകരം ‘വയറ്, വയറ്' എന്ന് കളിയാക്കിയിരുന്ന ജ്യേഷ്ഠസഹോദരൻ വാറു ഇപ്പോളീ കഥ ഓർക്കുന്നുണ്ടാകുമോ എന്തോ? അമ്മിണിച്ചേച്ചിമാരുടെ സ്ഥാനം തമിഴ്‌നാട്ടിൽനിന്ന് കൊണ്ടുവരപ്പെടുന്ന പച്ചക്കറി കുത്തിനിറച്ച പെട്ടിഓട്ടോറിക്ഷകൾ കയ്യേറി. ‘കായ റണ്ട് കിലോ നൂറ് റൂപ'', ഉള്ളി ‘റണ്ടര കിലോ നൂറ് റൂപ' എന്ന് കാതടപ്പിക്കുന്ന സ്വരത്തിൽ റെക്കോർഡുചെയ്ത ശബ്ദമാണ് പകരം നാമിപ്പോൾ കേൾക്കുക. സേലം ജില്ലയിലെ ഒരു വാഴത്തോപ്പിൽ റൊബെസ്റ്റ പച്ചക്കായയിൽ മരുന്നു കുത്തിവെച്ച് അതിന്റെ തുടം (വലിപ്പം) വർദ്ധിപ്പിക്കാറുണ്ടെന്ന് ഒരു സ്നേഹിതൻ പറയുന്നു.

‘ഒറ്റാൽ' ഒരു കയറിൽ കെട്ടി കൈയ്യിൽ പിടിച്ച് നടന്നുനീങ്ങുന്ന കണ്ടന്റെ മരണശേഷം ആരൽ മീൻ കറി ഞാൻ രുചിച്ചിട്ടില്ല. / Photo : Wikimedia Commons

അച്ചപ്പവും കുഴലപ്പവും ഉണ്ടാക്കാനറിയാമോ?

കച്ചവട സംസ്കാരത്തിന്റെ ഭാഗമായി നമ്മുടെ പല നാടൻരുചികളും യവനികക്കുപിന്നിൽ പോയ്​മറഞ്ഞു. ‘‘മുതലാളിത്തം അതിന്റെ ഉപഭോഗ വസ്തുക്കൾകൊണ്ട് നമ്മുടെ അടുക്കള കുത്തിനിറയ്ക്കുന്നു'' വെന്നാണ് സാറാ ജോസഫ് ‘നമുക്ക് അടുക്കള തിരിച്ചുപിടിക്കുക' എന്ന പുസ്തകത്തിൽ പറയുന്നത്.
എന്റെ അമ്മ പാചകം ചെയ്യുമ്പോൾ ഉണങ്ങിയ ഓലക്കുടിയും വിറകും മറ്റുമാണ് കത്തിക്കാനുപയോഗിച്ചിരുന്നത്. എന്നാൽ കുക്കിങ്ങ് ഗ്യാസ് നിലവിൽ വന്നതോടെ അവർ പാചകത്തിൽനിന്ന് നിർബ്ബാധം പിന്മാറി, മൂത്ത ജ്യേഷ്‌ഠന്റെ ഭാര്യ എലിസബത്ത് ചേടത്ത്യാർ ആ പരിപാടി ഏറ്റെടുത്തു. കല്യാണത്തിന്റെ കൂട്ടാൻവെയ്പ് എന്ന് ക്രിസ്ത്യാനികൾ പറയുന്ന അസ്സൽഭക്ഷണമാണ് ചേടത്ത്യാർ തയ്യാറാക്കുക. അവർ മീൻകറിക്ക് ഉള്ളി കാച്ചുമ്പോൾ പല അയൽക്കാരുടേയുമെന്നപോലെ എന്നെപ്പോലുള്ളവരുടെയും വായിൽ വെള്ളമൂറും.

തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്ന രുചിക്കൂട്ടുകൾ ഇന്നിപ്പോൾ പലർക്കും അലർജിയായിത്തുടങ്ങി. ‘ങാ ഇന്നും പരിപ്പുകറിയോ?', ‘ഈ ചീഞ്ഞ ചാളക്കറി ആളെക്കൊല്ലിയാണ്' എന്നിങ്ങനെ വീട്ടിലെ പുരുഷന്മാർ അട്ടഹസിക്കുന്നത് കേൾക്കാം.

അപ്പന്റെ അനിയത്തി ഏല്യാക്കുട്ടിയമ്മായിയെ ‘കെട്ടിച്ചുവിട്ടത്' ഒല്ലൂരിലെ വലിയൊരു തറവാട്ടിലേക്കാണ്. ക്രിസ്മസിനും പുത്തൻപള്ളി പെരുന്നാളിനും അവരെത്തും. പശുവിറച്ചി വരട്ടുന്നതിൽ എക്​സ്​പർട്ടായ ഏല്യാക്കുട്ടിഅമ്മായിയുടെ പ്രത്യേക റസീപ്പിയിലുള്ള പശുവിറച്ചി വരട്ടൽ പിൻതലമുറ പഠിച്ചിട്ടില്ല എന്നുതോന്നുന്നു. അല്ലെങ്കിൽ അവർക്കാർക്കും അതിൽ താല്പര്യമില്ലായിരിക്കാം. അച്ചപ്പവും കുഴലപ്പവും ഉണ്ടാക്കാൻ സാധാരണ സ്ത്രീകൾക്കറിയില്ല. അപ്പോൾ ഞങ്ങളുടെ ഒരകന്ന ബന്ധു സെലീനാമ്മായി പെരുന്നാളിന് രണ്ടുദിവസം മുമ്പെത്തി ആ വക കലാപരിപാടി ഭംഗിയായി നിർവ്വഹിക്കാറുണ്ട്. അമ്മ, എലിസബത്ത് ചേടത്തിയാർ, സെലീനാമ്മായി, ഏല്യാക്കുട്ടി അമ്മായി എന്നീ വന്ദ്യവയോധികരായ പാചകക്കാരികൾ കാലയവനികക്കുള്ളിൽ മറഞ്ഞെങ്കിലും അവരുടെ ആ നളപാചകത്തിന്റെ രുചി ഉണ്ടല്ലോ, അതിപ്പോഴും നാവിലുണ്ട്. തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്ന ആ രുചിക്കൂട്ടുകൾ ഇന്നിപ്പോൾ പലർക്കും അലർജിയായിത്തുടങ്ങി. ‘ങാ ഇന്നും പരിപ്പുകറിയോ?', ‘ഈ ചീഞ്ഞ ചാളക്കറി ആളെക്കൊല്ലിയാണ്' എന്നിങ്ങനെ വീട്ടിലെ പുരുഷന്മാർ അട്ടഹസിക്കുന്നത് കേൾക്കാം.

വന്ദ്യവയോധികരായ പാചകക്കാരികൾ കാലയവനികക്കുള്ളിൽ മറഞ്ഞെങ്കിലും അവരുടെ ആ നളപാചകത്തിന്റെ രുചി ഉണ്ടല്ലോ, അതിപ്പോഴും നാവിലുണ്ട്. / Photo : Mimi Anderson, Flicker

അടുക്കളയോട്​ വിട

ടി.വി. കൊച്ചുബാവയുടെ ‘വൃദ്ധസദനം' എന്ന കഥാസമാഹാരത്തിലെ പ്രസിദ്ധ കഥയാണ് ‘അടുക്കള.' ഒരു ഗൾഫ് രാജ്യത്തിലെ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ദീനരോദനമാണ് ഇതിവൃത്തം. ആ ഫ്ലാറ്റിൽ അടിച്ചുവാരൽ മുതൽ തറ തുടയ്ക്കൽ, തുണി അലക്കൽ, പാചകം തുടങ്ങിയ ഗൃഹജോലികൾ ചെയ്ത് അവർ തളരുന്നു. ഭർത്താവ് ഉച്ചയൂണിന് വരേണ്ട സമയമായതോടെ അതും തയ്യാറാക്കി കാസറോളിൽ അടച്ചുവെച്ചു. ഇതിനിടെ ആ സ്ത്രീ ഒരു പ്രത്യേക കാര്യം മറന്നുപോകുന്നു. അതാണ് ഭർത്താവിന്റെ ഇഷ്ടഭോജ്യം, ‘കോഴിമുട്ട പിപ്പിരി'. അതും തിടുക്കത്തിൽ ഉണ്ടാക്കി കുളിച്ചു കുറിയിട്ട് സുന്ദരിയാകാൻ ശ്രമിക്കുമ്പോഴേക്കും അവർ ശാരീരികമായി തളർന്നുപോകുകയാണ്. ഇനി ഭർത്താവുമൊത്തുള്ള ശയനം കൂടി ഓർക്കുമ്പോൾ അവർ വല്ലാതെ വേവലാതിപ്പെടുന്നു. ഒരു ശരാശരി സ്ത്രീയുടെ ജീവിതവെപ്രാളം തന്മയത്വത്തോടെ കൊച്ചുബാവ അവതരിപ്പിക്കുന്നു.

പാലപ്പമുണ്ടാക്കാൻ ഞങ്ങളുടെ ബ്രാൻഡ് അരിപ്പൊടിക്ക് രണ്ടു ഗ്ലാസ് ചൂടുവെള്ളം മതിയെന്ന് ഒരു കമ്പനി പരസ്യത്തിലൂടെ പ്രഘോഷിക്കുമ്പോൾ ഞങ്ങളുടെ പുട്ടുപൊടിക്ക് വെള്ളമേ ചേർക്കേണ്ട എന്ന പരസ്യവും അടുത്തുതന്നെ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്.

വ്യവസായ വിപ്ലവത്തെ തുടർന്ന്​ ഉല്പന്നങ്ങൾ മാർക്കറ്റിൽ കുന്നുകൂടിയതായി നാം പഠിച്ചിട്ടുണ്ട്. ഈ പ്രതിഭാസം വേഷം മാറിവന്ന് നമ്മുടെ ശീലങ്ങളിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുന്നു എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അടുക്കളയിൽനിന്ന് അമ്മി പോയി മിക്‌സി വന്നു. പാത്രം കഴുകാൻ ഡിഷ് വാഷറെത്തി. കുഞ്ഞുകുട്ടിക്കും കാപ്പിയുണ്ടാക്കാവുന്ന കോഫീമേക്കർ എത്തി അടുക്കളയിലെ സമയം ലാഭിക്കുന്നു. ചിരവ ഇനി അടുക്കളയുടെ മൂലയ്​ക്കുവക്കാം, ചിരകിയ നാളികേരം വാങ്ങാൻ കിട്ടും. അരിഞ്ഞ പച്ചക്കറി മാളുകളിൽനിന്ന് വാങ്ങാം. ചട്ണിയുണ്ടാക്കാൻ, നൂറായിരം ബ്രാൻഡുകളുടെ ചട്ണിപ്പൊടിയുണ്ട്​. അരിയും ഉഴുന്നും വെള്ളത്തിലിട്ടുവെക്കേണ്ടതില്ല, റെഡി ടു കുക്ക്​ അരിമാവ് റെഡി​. ഹാഫ് കുക്ക്ഡ് ചപ്പാത്തിയുടെ വില്പന മാർക്കറ്റിൽ തകർക്കുന്നു. അപ്പോൾ നാം 1500 രൂപക്ക്​ വാങ്ങിയ ചപ്പാത്തി മേക്കർ ഉപയോഗശൂന്യമാകുന്നു. പാലപ്പമുണ്ടാക്കാൻ ഞങ്ങളുടെ ബ്രാൻഡ് അരിപ്പൊടിക്ക് രണ്ടു ഗ്ലാസ് ചൂടുവെള്ളം മതിയെന്ന് ഒരു കമ്പനി പരസ്യത്തിലൂടെ പ്രഘോഷിക്കുമ്പോൾ ഞങ്ങളുടെ പുട്ടുപൊടിക്ക് വെള്ളമേ ചേർക്കേണ്ട എന്ന പരസ്യവും അടുത്തുതന്നെ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. അടുക്കളയിലെ സമയവും ഇന്ധനവും അധ്വാനവുമെല്ലാം ഇങ്ങനെ ലാഭിക്കാം.

വ്യവസായ വിപ്ലവത്തെ തുടർന്ന്​ ഉല്പന്നങ്ങൾ മാർക്കറ്റിൽ കുന്നുകൂടിയതായി നാം പഠിച്ചിട്ടുണ്ട്. ഈ പ്രതിഭാസം വേഷം മാറിവന്ന് നമ്മുടെ ശീലങ്ങളിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുന്നു എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. / Photo : Unsplash.com

ബർഗർ, പിസ്സ സ്വാദുകൾ

ഇതോടൊപ്പം, ചില വിഷങ്ങളും വയറ്റിലെത്തുന്നുണ്ട്​.
‘അപ്പോ പിടിച്ച പെടയ്ക്കുന്ന മീൻ' വാങ്ങാനാഗ്രഹിക്കുന്ന തൃശൂർ പട്ടണവാസികൾക്ക് ഇപ്പോൾ കിട്ടുന്നതോ? മംഗലാപുരത്ത് ഫ്രീസറിൽ സൂക്ഷിച്ച് നാളുകൾക്കുശേഷം കൊണ്ടുവരുന്ന പഴകിയ മീനാണ്. ഇവ കേടുവരാതിരിക്കാൻ രാസവസ്തുക്കളും ഐസും ഉപയോഗിക്കുന്നുവെന്ന് വാർത്തകൾ പറയുന്നു. ശരീരത്തിന് ഹാനികരമായ ഇത്തരം മത്സ്യങ്ങളെ ഫുഡ് കൺ​ട്രോൾ വിഭാഗം നശിപ്പിച്ച് പാവം ചില്ലറവില്പനക്കാരിൽനിന്ന് പിഴ പിടുങ്ങിയിട്ട്​ എന്തു കാര്യം? കുറ്റവാളികളെ അന്വേഷിച്ചുചെന്നാൽ മത്സ്യവിപണിയിലെ ‘വമ്പൻ സ്രാവുകളാണ്' ഫുഡ് ഇൻസ്പെക്ടറെ സുസ്വാഗതം ചെയ്യുക. നെൽവയലുകൾ നികത്തിയും തണ്ണീർത്തടങ്ങൾ മണ്ണിട്ടുമൂടിയും കെട്ടിപ്പടുത്ത കൂറ്റൻ കെട്ടിടസമുച്ചയങ്ങളിൽ താമസിക്കുന്നത് അന്തസ്സിന്റെ അടയാളമായി മാറിയിട്ടുണ്ട്. അതിന്റെ പരിണിതഫലമാണ് ശുദ്ധജലമത്സ്യങ്ങൾ നശിച്ചുകൊണ്ടിരിക്കുന്നതും.

തൃശ്ശൂർ കോൺവെൻറ്​ സ്കൂളുകളുടെ പരിസരങ്ങളിൽ ഇത്തരം ഭക്ഷ്യ ഉല്പന്നങ്ങൾ മാത്രം വില്ക്കുന്ന ഔട്ട്‌ലെറ്റുകൾ ധാരാളമാണിന്ന്​. വിദ്യാർത്ഥികൾ ലഞ്ചിനുപകരം പിസ്സയും ബർഗറും നൂഡിൽസുമൊക്കെ വെട്ടിവിഴുങ്ങുന്നത് സാധാരണ കാഴ്ച.

വളരെക്കാലം മുമ്പ് മലയാളികൾക്ക് അപരിചിതമായിരുന്ന കുപ്പിയിലടച്ച ശീതളപാനീയങ്ങൾ (സോഫ്റ്റ് ഡ്രിങ്ക്‌സ്) ഇപ്പോൾ സർവ്വരും ഉപയോഗിക്കുന്നു. കോളകൾ എന്ന് അറിയപ്പെടുന്ന ഇവയിൽ ചിലതിന് പടവലാതി കഷായച്ചുവ ഉണ്ടെങ്കിലും അവ കേരളത്തിന്റെ മുക്കിലും മൂലയിലും വില്പനയ്ക്കുവെച്ചിട്ടുണ്ട്. ചൂടപ്പം പോലെ വിറ്റഴിയുന്നുമുണ്ട്. 1990കളിലാണ് ഞാൻ ബോംബെയിൽവെച്ച് പിസ്സ, ബർഗർ എന്നിവ ആദ്യമായി സ്വാദ് നോക്കുന്നത്. വേവാത്ത, ഉപ്പും മുളകും ചേർക്കാത്ത ഏതോ മാവ് മാത്രമാണ് അതെന്ന് എനിക്കുതോന്നി. ‘അപ്പൂപ്പനും അപ്പൂപ്പന്റെ അപ്പൂപ്പനും തോർത്തുമുണ്ടും കോണകവുമുടുത്താണ് നടന്നിരുന്നതെങ്കിൽ ഇപ്പോഴും ആ പരിപാടി തന്നെ മതിയോ?' എന്നാണ് ഒരു സുഹൃത്തിന്റെ മകൾ അയാളോട് ചോദിച്ചത്​.

തൃശ്ശൂർ കോൺവെൻറ്​ സ്കൂളുകളുടെ പരിസരങ്ങളിൽ ഇത്തരം ഭക്ഷ്യ ഉല്പന്നങ്ങൾ മാത്രം വില്ക്കുന്ന ഔട്ട്‌ലെറ്റുകൾ ധാരാളമാണിന്ന്​. വിദ്യാർത്ഥികൾ ലഞ്ചിനുപകരം പിസ്സയും ബർഗറും നൂഡിൽസുമൊക്കെ വെട്ടിവിഴുങ്ങുന്നത് സാധാരണ കാഴ്ച. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ചിലപ്പോഴൊക്കെ സമയത്തിന് ഉച്ചഭക്ഷണം വീട്ടിൽ തയ്യാറാകാറില്ല. അപ്പോൾ അമ്മ തരുന്ന എട്ടണയോ ഒരു രൂപയോ കൈയ്യിൽവെച്ച് സി.എം.എസ്. സ്കൂൾ പരിസരത്തുള്ള എസ്​.എൻ. ഉഡുപ്പി ബ്രാഹ്മണാൾ കഫേ'യിലേയ്‌ക്കോ റൗണ്ടിൽത്തന്നെയുണ്ടായിരുന്ന ചന്ദ്ര കേഫിലോ എത്തുകയായി. ഒരു മസാലദോശക്ക് എട്ടണയാണ്​. അത് ഓർഡർ ചെയ്യുമ്പോൾത്തന്നെ പറയും, ‘ചായ വേണ്ടാട്ടാ’. കാരണം, കയ്യിലാകെ അമ്പത് പൈസ മാത്രമേയുള്ളൂ.

ബഹുരാഷ്ട്ര കുത്തക കമ്പനികൾ അവരുടെ ഭക്ഷ്യവിതരണ ശൃംഖല ഇന്നിപ്പോൾ മുംബൈ മഹാനഗരത്തിൽ മാത്രമല്ല, ചെന്നൈ, ഡൽഹി, ബാംഗ്ലൂർ, പൂനെ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്​. / Photo : Unsplash.com

ഇന്ന് ദോശയും വടയും കുട്ടികൾക്കാവശ്യമില്ല. അവർക്ക് ബർഗറോ, പിസ്സയോ, ലേയ്‌സോ, ബിങ്കോ മാഡ് ആങ്കിൾ പൊട്ടാറ്റോ ചിപ്‌സോ മതി. കുടിയ്ക്കാൻ കോളയും. ഇവയുടെ വില്പനക്കുപിന്നിൽ പ്രവർത്തിക്കുന്ന കോർപറേറ്റുകളുടെ വക്രബുദ്ധി അപാരമെന്നു പറയാതെ വയ്യ. രണ്ടുമൂന്ന് പ്രാവശ്യം ഇവ സ്വാദുനോക്കുന്ന കുട്ടികൾ അവയുടെ അടിമകളായി മാറുന്ന ഉദാഹരണങ്ങൾ അനവധിയുണ്ട്. നെസ്​ലെ ഫുഡ്‌ പ്രൊഡക്ട്‌സിന്റെ മാഗി നൂഡിൽസ് ഗുണമേന്മ സംബന്ധിച്ച ഒരു ഗുലുമാലിൽ പെട്ട് അവസാനം നിയമത്തിന്റെ ഏതോ ലൂപ്‌ഹോളിലൂടെ രക്ഷപ്പെട്ട കഥ നമുക്കോർമയുണ്ട്.

ബഹുരാഷ്ട്ര കുത്തക കമ്പനികൾ അവരുടെ ഭക്ഷ്യവിതരണ ശൃംഖല ഇന്നിപ്പോൾ മുംബൈ മഹാനഗരത്തിൽ മാത്രമല്ല, ചെന്നൈ, ഡൽഹി, ബാംഗ്ലൂർ, പൂനെ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്​. മുംബൈയിലെ ദക്ഷിണേന്ത്യൻ റസ്റ്റോറന്റുകളിലാണ് മാക്‌ഡൊണാൾഡ്, കെ.എഫ്.സി. തുടങ്ങിയവ കൈവെച്ചത്. അതിന്റെ ആദ്യത്തെ ഇര മുളുണ്ടിലെ കർണ്ണാടകക്കാരുടെ ഉടമസ്ഥതയിലുള്ള വിശ്വമഹൽ ആണെന്നു തോന്നുന്നു. ദഹി കച്ചോരിയും ആലുക്കാ പറാത്തയും അസ്സൽ മസാലദോശയും മറ്റും നല്കി ഉപഭോകതാക്കളെ സൽക്കരിച്ചിരുന്ന അവിടം ബർഗർ, പിസ്സാ തുടങ്ങിയവ വിറ്റുപോരുന്ന മാക്‌ഡൊണാൾഡിന്റെ ഔട്ട്‌ലെറ്റായി മാറി. ഇതേ കഥതന്നെയാണ് ചർച്ച് ഗേറ്റിലെ ‘സത്കർ' ഹോട്ടലിനും ഫോർട്ടിലെ ഭാരത് റെസ്റ്റോറന്റിനും മറ്റും പറയാനുള്ളത്.

മുംബൈയിൽ പ്രചാരത്തിലുണ്ടായിരുന്ന ‘ബ്യൂട്ടിഫുൾ' എന്ന വനിതാ ദ്വൈവാരികയുടെ കവർപേജിൽ തന്നെ ‘പ്രതിമാസം പതിനായിരത്തിൽ താഴെ വരുമാനമുള്ളവർ ഇത് വായിക്കേണ്ടതില്ല' എന്ന് പ്രാമുഖ്യം നല്കി കൊടുത്തിരുന്നത് ഓർമയുണ്ട്.

ലോകമെന്ന മാർക്കറ്റിൽ സത്യം വിൽക്കാനാകില്ല

ഇന്ത്യയിൽ കോവിഡ് പടർന്നുപിടിച്ചപ്പോൾ ഭക്ഷണക്കാര്യത്തിലും പുതിയ ട്രെൻറ്​ സംഭവിച്ചു. മുംബൈയിലെ അനുഭവം പറയാം. ഇവിടെ ഹോട്ടലുകൾ അടഞ്ഞുകിടന്നു, ട്രെയിൻ ഓടിയില്ല, ബി.ഇ.എസ്.ടി ബസുകൾ ഓടിയില്ല, ആലങ്കാരികമായി പറഞ്ഞാൽ മുംബൈക്കാരുടെ ജീവിതം സ്​തംഭിച്ചു. ഒന്നുരണ്ടു മാസങ്ങൾക്കുശേഷം ഹോട്ടലുകളിൽനിന്ന് ഭക്ഷണം പാർസലായി വാങ്ങാമെന്നായി. അപ്പോഴാണ് ജനം പാഴ്‌സൽ ഭക്ഷണത്തിന്റെ ശരിയായ ആരാധകരായത്. സ്വിഗ്ഗി, സൊമാറ്റോ, യൂബർ ഈറ്റ്‌സ് തുടങ്ങിയ ഭക്ഷ്യവിതരണ ശൃംഖലകൾ സജീവമായി. പയ്യെപ്പയ്യെ ഇതര സംസ്ഥാനങ്ങളിലും കേരളത്തിലും ഇത്തരം ഭക്ഷണസംസ്കാരം വ്യാപിച്ചു. ഓഫീസിൽ ജോലി ചെയ്ത് തളർന്നുവരുന്ന ദമ്പതിമാർക്ക് വൈകുന്നേരത്തെ ‘ചോറുവെപ്പ്' അത്ര സുഖമുള്ള അനുഭവമല്ല. ഉടൻ തങ്ങളുടെ പ്രിയപ്പെട്ട ഹോട്ടലിന്റെ മെനു പരിശോധിച്ച് ഇഷ്ടഭക്ഷണം ഓർഡർ ചെയ്യുകയായി. അരമണിക്കൂറിനുള്ളിൽ ഭക്ഷണം ‘സ്വിഗ്ഗിച്ചേട്ടൻ' വീട്ടിലെത്തിക്കും. പത്തുമുതൽ ഇരുപതു രൂപ വരെ അയാൾക്ക് ‘ബക്ഷീസ്’ നൽകിയാൽ നിങ്ങളും സന്തുഷ്ടർ, ഡെലിവറിച്ചേട്ടനും സന്തുഷ്ടൻ. ആവശ്യക്കാർക്ക് ഹോട്ടൽ ഭക്ഷണമെത്തിക്കുന്ന സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികളുടെ കൃപാകടാക്ഷമെന്നോണം ജോലിമേഖലയിൽ പുതിയ സാധ്യതയും തെളിഞ്ഞു.

Photo : Swiggy, Fb Page

നമ്മുടെ വനിതാമാസികകളിൽ പ്രധാനമായും വസ്ത്രം, ഭക്ഷണം, ആഭരണങ്ങൾ തുടങ്ങിയവയുടെ വർണ്ണശബളമായ പരസ്യങ്ങളാണ്​ കാണുക. അതാണ്​ അവരുടെ ‘സ്​ത്രീപക്ഷം’. മുംബൈയിൽ പ്രചാരത്തിലുണ്ടായിരുന്ന ‘ബ്യൂട്ടിഫുൾ' എന്ന വനിതാ ദ്വൈവാരികയുടെ കവർപേജിൽ തന്നെ ‘പ്രതിമാസം പതിനായിരത്തിൽ താഴെ വരുമാനമുള്ളവർ ഇത് വായിക്കേണ്ടതില്ല' എന്ന് പ്രാമുഖ്യം നല്കി കൊടുത്തിരുന്നത് ഓർമയുണ്ട്. അതായത്, സാധാരണക്കാർ ഇവ വാങ്ങി വായിച്ച് കാശു കളയേണ്ട എന്നുസാരം. അക്കാലത്ത് ഒരു ആം ആദ്മിക്ക് (സാധാരണക്കാർക്ക്​) മുന്നൂറ് മുതൽ അഞ്ഞൂറ് രൂപ മാത്രമാണ് ശരാശരി മാസ ശമ്പളം. സെലിബ്രിറ്റികളുടെ കളർ ഫോട്ടോകളും സെന്റർ സ്​പ്രെഡുമായി പുറത്തിറങ്ങാറുള്ള ബ്യൂട്ടിഫുൾ മാഗസിൻ ഈയിടെ നിന്നുപോയി.

ആർട്ടിക്കിൾ-19 പോർട്ടലിലെ അവതാരകന്റെ ഭാഷയിൽ പറഞ്ഞാൽ, സാധാരണക്കാരെന്റ കുണ്ഡലി (ജാതകം) തയ്യാറാക്കുന്നത് ഇന്റർനെറ്റ് ആണ്​. ഈ നിഗമനം ഏറെക്കുറെ ശരിയാണെന്നുതോന്നുന്നു. കിഷോർകുമാറിന്റെ ഗാനങ്ങൾ എനിക്കേറെ ഇഷ്ടമാണ്. ഒരു പ്രാവശ്യം ‘സെൽഫോണിൽ' അത് കേട്ടാൽ തുടരെതുടരെ അത് ശ്രദ്ധിക്കും. പിന്നീട് ‘For You’ എന്ന ടൈറ്റിലിനുതാഴെ സമാനരീതിയിലുള്ള ഗാനങ്ങൾ വരികയായി. അതിനർത്ഥം നമ്മുടെ ഇച്ഛാശക്തിയെ നിയന്ത്രിക്കുന്നതും പരുവപ്പെടുത്തുന്നതും ഒരർത്ഥത്തിൽ ഇന്റർനെറ്റ് തന്നെ. സോഷ്യൽമീഡിയയിൽ മിനിറ്റിന് അഞ്ചാറുപ്രാവശ്യമെങ്കിലും നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ഉൽക്കണ്ഠാകുലരാകുന്ന മട്ടിലാണ് പരസ്യങ്ങളും നിർദ്ദേശങ്ങളും വരുന്നത്. രാവിലെ ചെറുനാരങ്ങാനീര് വെള്ളത്തിൽ ചേർത്തു കഴിക്കൂ, വൈകീട്ട് പാൽ പഞ്ചസാരയിട്ട് കഴിക്കൂ, ഇത് കഴിക്കരുത്, മറ്റത് കഴിക്കാം. അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യൂ എന്നിങ്ങനെ നൂറുകണക്കിന് പരസ്യങ്ങളും നിർദ്ദേശങ്ങളും പാടുപെട്ട് വായിക്കുന്ന സാധാരണക്കാർ അങ്കലാപ്പിലാകും. അതായത്, വരുംകാലത്ത് നിങ്ങൾ അന്തകജീനിൽനിന്നുള്ള ചോറുണ്ണേണ്ടത് ഇപ്പഴേ ആരോ നിശ്ചയിച്ചുകഴിഞ്ഞുവെന്നർഥം.

നിങ്ങളുടെ മുടി നരച്ചുവെങ്കിൽ നരയ്ക്കട്ടെ. അതിനു ഡൈ ചെയ്യേണ്ട കാര്യമില്ല. ആ ചായംപൂശലിൽ താല്ക്കാലികമായേ മുടി കറുത്ത നിറമുള്ളതാകൂ. പിന്നേയും പിന്നേയും കിളിർക്കുന്ന മുടി വെളുത്തുതന്നെയിരിക്കും. നിങ്ങളുടെ ഉദരം അല്പം വലുതായോ, വലുതാകട്ടെ, അത് വയസ്സേറുമ്പോൾ ശരീരത്തിനുണ്ടാകുന്ന മാറ്റമാണ്, അതിന് ചെറിയ തോതിൽ വ്യായാമം ചെയ്യുക, മനസ്സ് ശാന്തമാക്കുക, ഇത്രമതി. നിങ്ങൾ ഏത് സോപ്പുപയോഗിച്ചാലും മുഖകാന്തി വർദ്ധിക്കില്ല. ശരീരത്തിൽ ചുളിവു വരുന്നത് പ്രകൃതിനിയമമാണ്. നിങ്ങളുടെ മൂക്ക് ചെറുതാണ്. അത് വലിച്ച് നീട്ടി വിശ്വവിഖ്യാതമായ മൂക്ക് ആക്കേണ്ടതില്ല. എത്ര വലിച്ചുനീട്ടിയാലും ഒരു പ്രയോജനവുമില്ല. ഒരു ടൂത്ത്‌പേസ്റ്റിലും ഉപ്പില്ല, നീം (ആര്യവേപ്പില) ഇല്ല. ആലുവേര (കറ്റാർവാഴ) യുടെ ചക്കറിൽ (ഗുലുമാലിൽ) പെടാതെ സൂക്ഷിക്കുക. വയസ്സായ നിങ്ങളുടെ അവയവങ്ങൾ ഒരു പഴയ സ്കൂട്ടർ പോലെത്തന്നെയാണ്. റിപ്പയർ ചെയ്തുചെയ്ത് ഉപയോഗിക്കാം. പക്ഷേ, അത് ഒരിക്കലും പുതുപുത്തനാകില്ലെന്ന് ഓർക്കുക.

കച്ചവടം നടത്താൻ പലപ്പോഴും കമ്പനികൾ കള്ളം പറയുന്നു. ‘ദുനിയാ കാ ബാസാർ മേ സച്ചായി കം ബിക്തേ ജനാബ്’, ലോകമെന്ന മാർക്കറ്റിൽ സത്യം വിൽക്കാനാകില്ല സുഹൃത്തേ.

നമ്മുടെ വനിതാമാസികകളിൽ പ്രധാനമായും വസ്ത്രം, ഭക്ഷണം, ആഭരണങ്ങൾ തുടങ്ങിയവയുടെ വർണ്ണശബളമായ പരസ്യങ്ങളാണ്​ കാണുക. / Photo : Unsplash.com

ലിംഗസമത്വം എന്നത്​ പുരോഗമനപരമായ ആശയമാണ്​. തുല്യജോലിക്ക് തുല്യവേതനം എന്ന് പ്രഖ്യാപിക്കുന്ന ഭരണകൂടംപോലും ഇതിന്റെ ശരിയായ അർത്ഥം പ്രായോഗികമാക്കിയിട്ടുണ്ടോ? ഗവൺമെൻറ്​ ജീവനക്കാർക്കൊഴികെ മറ്റൊരു മേഖലയിലും സ്ത്രീകൾക്ക് തുല്യവേതനം നൽകുന്നതായി പറഞ്ഞുകേട്ടിട്ടില്ല. ഒരു കൃഷിപ്പണിക്കാരന് 1200 രൂപ വരെ കൂലി ലഭിക്കുന്നുണ്ടെങ്കിൽ, അയാളെപ്പോലെതന്നെ വെയിൽ കൊണ്ടും മഴ നനഞ്ഞും ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾക്ക് കിട്ടുന്നതോ 600-700 രൂപ മാത്രം. സൂററ്റിലെ സ്ത്രീതൊഴിലാളികളെ നോക്കൂ. താങ്ങാനാവാത്ത ഭാരം കയറ്റി തള്ളുവണ്ടി വലിച്ച് നടന്നുനീങ്ങുന്ന അവർക്ക് ലഭിക്കുന്ന കൂലി 160- 180 രൂപയാണ്.
ലിംഗസമത്വം വീടുകളിൽ കടന്നുവരുന്നത് പലപ്പോഴും മുംബൈ പോലുള്ള മഹാനഗരങ്ങളിലാണെന്ന് തോന്നുന്നു. ഓഫീസിൽ ജോലി ചെയ്യുന്ന ദമ്പതികൾ ഇരുവരും ചേർന്നാണ് അടുക്കളയിൽ പണിയെടുക്കുക. ഭർത്താവ് ചായയുണ്ടാക്കുമ്പോൾ ഭാര്യ കുട്ടികളെ കുളിപ്പിച്ച് സ്കൂൾ യൂണിഫോം അണിയിച്ച് നിർത്തും. അവർ ഗോതമ്പുമാവ് കുഴയ്ക്കുമ്പോൾ ഭർത്താവ് അത് തവയിൽ ചുട്ടെടുക്കുകയായി. ചോറ്, പച്ചക്കറി തുടങ്ങിയവ തയ്യാറാക്കിക്കഴിഞ്ഞ് കുട്ടികളെ സ്കൂൾ ബസിൽ കയറ്റിവിട്ടാണ് ഇരുവരും ജോലിസ്ഥലത്തേക്ക്​ ട്രെയിൻ പിടിക്കുക. വീരാറിൽനിന്ന് 8.10ന് പുറപ്പെടുന്ന ചർച്ച്‌ഗേറ്റ് ലേഡീസ് സ്പെഷ്യലിൽവെച്ചാണ് ആ വീട്ടമ്മ രാത്രിയിലേക്കുള്ള പച്ചക്കറിയരിയുക.

ലിംഗസമത്വം എന്നത്​ പുരോഗമനപരമായ ആശയമാണ്​. തുല്യജോലിക്ക് തുല്യവേതനം എന്ന് പ്രഖ്യാപിക്കുന്ന ഭരണകൂടംപോലും ഇതിന്റെ ശരിയായ അർത്ഥം പ്രായോഗികമാക്കിയിട്ടുണ്ടോ?

കുറെനാൾമുമ്പ് ‘വെന്റിലേറ്റർ' എന്ന മറാഠി സിനിമ കണ്ടു. അവാർഡുകൾ വാരിക്കൂട്ടിയ ആ സിനിമ, അത്യാസന്ന നിലയിൽ ആശുപത്രി വെന്റിലേറ്ററിൽ പ്രവേശിക്കപ്പെട്ട ഒരു വയോധികന്റെ കഥ പറയുന്നതാണ്. അദ്ദേഹത്തെ സന്ദർശിക്കാൻ ബന്ധുക്കളുടെ വലിയൊരു പട ആശുപത്രിയിലെത്തുന്നു. അവരിൽ പലരും ആ വയോധികന്റെ മരണം ഒരാശ്വാസമായി കരുതുന്നുണ്ട്. വില കൂടിയ മരുന്നുകൾക്കും ഡോക്ടർമാരുടെ നിസ്​തുല സേവനത്തിനും പക്ഷെ അദ്ദേഹത്തെ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ ആന്തരാവയവങ്ങൾ ദാനം ചെയ്യാൻ മക്കൾ തയ്യാറാകുന്നു. ഇതിനിടെ കോട്ടും സ്യൂട്ടുമണിഞ്ഞ ഒരു മാന്യൻ അവിടെയെത്തുന്നു. അയാൾ അണ്ടർടേക്കറാണ്. ശവപ്പെട്ടി, ജമന്തിമാല, ചന്ദനത്തിരി, മൺകുടം, കയറ് തുടങ്ങി ശവമടക്കുന്നതിനുള്ള എല്ലാ സാമഗ്രികളും അയാളുടെ പക്കലുണ്ടെത്ര. അതിന്റെ ചെലവു സംബന്ധിച്ച പല പാക്കേജുകളും ഈ കക്ഷി ബന്ധുക്കളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുകയാണ്. വയോധികന്റെ മരണത്തിൽ മനംനൊന്ത മകൻ അപ്പോൾ ചോദിക്കുന്നു, ‘ബലിയിടുമ്പോൾ ചോറുകൊത്താൻ വരുന്ന കാക്കകൾ ആ പാക്കേജുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ' എന്ന്. തികച്ചും യാന്ത്രികമായി തീർന്ന വർത്തമാനകാലത്തിന്റെ ഒരു ദൃഷ്ടാന്തം മാത്രമാണ് നമ്മുടെ ജീവിതമെന്ന് സംവിധായകൻ വെന്റിലേറ്ററിലൂടെ പറയാൻ ശ്രമിക്കുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments