രാജീവ് ഗാന്ധിയുടെ ​ജാതി

സ്വന്തം ‘ജാതി’ തിരിച്ചുകിട്ടാൻ സമരം ചെയ്യുന്ന ജനത- 2

​ഇന്ത്യയിൽ ജാതികേന്ദ്രിത സംവാദത്തിന് തുടക്കമിട്ട എൺപതുകളിൽ തന്നെയാണ് ഗ്രാമക്കാർ എന്ന ഗോത്രജനതയുടെ ജാതിയെ സംബന്ധിക്കുന്ന സംശയം റവന്യൂ അധികൃതർ ഉന്നയിച്ചത് എന്നത് യാദൃച്​ഛികമല്ല.

റയൂർ ഗ്രാമത്തിൽവെച്ചാണ് രാജീവ് ഗാന്ധിയെ കണ്ടുമുട്ടുന്നത്.

മുഴുവൻപേര് രാജീവ് ഗാന്ധി എസ്. അച്ഛൻ ശങ്കരൻ, അമ്മ ഈശ്വരി.

1984ൽ മറയൂർ ഗ്രാമത്തിൽ ജനിച്ചു. 2001 മാർച്ചിൽ മറയൂർ സർക്കാർ ഹൈസ്‌കൂളിൽ നിന്ന്​ പത്താം ക്ലാസ് ജയിച്ചു. എസ്.എസ്.എൽ.സി ബുക്കിൽ മതം ഹിന്ദു എന്നും ജാതി മലവേടൻ എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഉന്നത പഠനത്തിന് ചെന്നപ്പോൾ ഈ ജാതി പോരെന്നും ജാതി തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണമെന്നും സ്‌കൂൾ അധികൃതർ.

പട്ടിക വർഗക്കാരനായി ജനിച്ചിട്ടും രാജീവ് ഗാന്ധിക്ക് വില്ലേജ് അധികാരികൾ ജാതി സർട്ടിഫിക്കറ്റ് നൽകിയില്ല. ജാതിയില്ലാത്ത രാജീവ് ഗാന്ധിക്ക് പഠന ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. ഫീസ് കൊടുത്ത് പഠിക്കാൻ കഴിവില്ലാത്തതിനാൽ രാജീവ് ഗാന്ധിയുടെ പഠനം പത്തിൽ അവസാനിച്ചു. രാജീവ് ഗാന്ധി എന്ന പേരിനുപിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയോടും അതിന്റെ ​നേതാവിനോടുമുള്ള കടുത്ത ആരാധനയുടെ മുദ്രകൾ കാണാം. എന്നിട്ടും രാഷ്ട്രീയമുഖ്യധാരയിൽ നിന്ന് എത്രയോ അകലെയാണ് ഇവരുടെ ജീവിതം.
രാജീവ് ഗാന്ധിയെപ്പോലെ നിരവധി യുവാക്കൾ അഞ്ചുനാട് ഗ്രാമങ്ങളിലുണ്ട്. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർ, പഠിച്ചിട്ടും അർഹമായ ജോലി കിട്ടാതെ പോയവർ, നൂറ്റാണ്ടുകളായി പുലർന്നുപോന്ന വിശ്വാസങ്ങളിൽനിന്നും ജാതി സമുദായങ്ങളിൽനിന്നും പുറത്തുപോയവർ. സ്വന്തം അസ്തിത്വം തിരയുന്ന ഒരു ജനത.

മറയൂർ ഗ്രാമത്തിലെ രാജീവ് ഗാന്ധിയുടെ എസ് എൽ സി സി ബുക്ക്

ജാതിയില്ലാത്ത ധനുഷ്​കോടിയും മുരുകനും

മറയൂർ ഗ്രാമത്തിലെ കുപ്പുസ്വാമിയുടെ മകൻ കെ. ധനുഷ്‌കോടി 1987ലാണ് എസ്.എസ്.എൽ.സി ജയിച്ചത്. പ്രീ ഡിഗ്രിക്ക് ചേരാൻ ചെന്നപ്പോഴാണ് വില്ലേജ് ഓഫീസിൽ നിന്നുള്ള ജാതിസർട്ടിഫിക്കറ്റ് വേണമെന്നറിയുന്നത്. മറയൂർ വില്ലേജ് ഓഫീസിൽ ജാതിസർട്ടിഫിക്കറ്റിന് അപേക്ഷ നൽകി. എന്നാൽ മലയൻ, മലവേടൻ വിഭാഗങ്ങൾക്ക് ജാതിസർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് ദേവികുളം തഹസിൽദാർ ഉത്തരവിട്ടിരുന്നു. ട്യൂഷൻ ഫീസും ഹോസ്റ്റൽ ചെലവും വഹിക്കാൻ നിവൃത്തിയില്ലാതിരുന്നതിനാൽ ഒരുവർഷം പഠനം മുടങ്ങി. തുടർന്ന്, ലളിതാംബിക കമീഷന്റെ നിർദേശപ്രകാരം പഠനത്തിന്​ താൽക്കാലിക ജാതി സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ തയ്യാറായി. അങ്ങനെ മറയൂരിൽ നിന്ന് രണ്ടുപേർ ഉപരിവിദ്യാഭ്യാസത്തിന് ആദ്യമായി പുറത്തുപോകുന്നു.

ധനുഷ്‌കോടി പറയുന്നു: ‘ലളിതാംബിക കമീഷന്റെ താൽക്കാലിക ഉത്തരവുപ്രകാരം ഞങ്ങൾക്ക് എസ്.ടി ആനുകൂല്യങ്ങളോടെ പഠിക്കാമെന്നായി. അങ്ങനെ ഞാനും ഉദയഭാനുവും ചിറ്റൂർ ഗവൺമെൻറ്​ കോളേജിൽ പോയി പഠിച്ചു. ഞാൻ പ്രീ ഡിഗ്രി കഴിഞ്ഞ് ബി.എ ഇക്കണോമിക്​സ്​ പാസായി. ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. എല്ലാ ആനുകൂല്യങ്ങളും ഉണ്ടായിരുന്നു. പഠനം കഴിഞ്ഞപ്പോൾ ജാതി വീണ്ടും പ്രശ്നമായി. ജോലിക്ക് അപേക്ഷിക്കുമ്പോൾ ജാതി സർട്ടിഫിക്കറ്റ് നൽകാൻ കഴിഞ്ഞില്ല, പഠന ആവശ്യങ്ങൾക്കല്ലാതെ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് വില്ലേജ് അധികൃതർ പറഞ്ഞു. അഞ്ചാറ്​ പി.എസ്.സി ലിസ്റ്റിൽ കയറിപ്പറ്റിയെങ്കിലും ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാതിരുന്നതിനാൽ അതെല്ലാം പോയി.''

മറയൂർ ഗ്രാമക്കാരുടെ 170ൽ താഴെ കുടുംബങ്ങളിൽ എസ്.എസ്.എൽ.സിക്ക്​ മുകളിൽ പഠിച്ചർ ഇരുപതിൽ താഴെ മാത്രം. ബി.എ പഠിച്ചവർ മൂന്നുപേർ, ഒരാൾ എം.എസ്​സി കഴിഞ്ഞു. ഇതിൽ ആർക്കും സ്ഥിരം സർക്കാർ ജോലി ലഭിച്ചിട്ടില്ല.

ഇതേതുടർന്ന് ധനുഷ്‌കോടി ഹൈക്കോടതിയിൽ ഹർജി നൽകി. 1996 നവംബർ എട്ടിന് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ പുറപ്പെടുവിച്ച ഉത്തരവിൽ, പരാതിക്കാരന്റെ അപേക്ഷയിൽ അന്വേഷണം നടത്തി രണ്ടു മാസത്തിനകം ജാതിസർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ചു. അഞ്ചുവർഷം കഴിഞ്ഞിട്ടും ധനുഷ്‌കോടിക്ക് സർട്ടിഫിക്കറ്റ് ലഭിച്ചില്ല. പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ പേരുണ്ടായിട്ടും ജാതി തെളിയിക്കാൻ കഴിയാതിരുന്നതുമൂലം ധനുഷ്‌കോടിക്ക് അവസരങ്ങളെല്ലാം നഷ്ടപ്പെട്ടു. പരാതികളും ആവലാതികളുമായി 35 വയസ്സ് കഴിഞ്ഞുപോയി. ഇനിയൊരു സർക്കാർ ജോലി ധനുഷ്‌കോടിയുടെ സ്വപ്നത്തിലില്ല. ഇപ്പോൾ കേരള ഫോറസ്ട്രി പ്രോജക്ടുമായി ബന്ധപ്പട്ട് ഇക്കോ ഡവലപ്മെൻറ്​ സൊസൈറ്റിയിൽ സോഷ്യൽ വർക്കറായി പ്രവർത്തിക്കുകയാണ് ധനുഷ്‌കോടി (ജയകുമാർ, കെ. പി., 2008: 25-30)

മറയൂർ ഗ്രാമക്കാരുടെ 170ൽ താഴെ കുടുംബങ്ങളിൽ എസ്.എസ്.എൽ.സിക്ക്​ മുകളിൽ പഠിച്ചർ ഇരുപതിൽ താഴെ മാത്രം. ബി.എ പഠിച്ചവർ മൂന്നുപേർ, ഒരാൾ എം.എസ്​സി കഴിഞ്ഞു. ഇതിൽ ആർക്കും സ്ഥിരം സർക്കാർ ജോലി ലഭിച്ചിട്ടില്ല. കോവിലൂർ ഗ്രാമത്തിലെ കെ.എസ്. മുരുകനും ജാതിസർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു (സി.പി.എം. നമ്പർ 27995). മൂന്നുമാസത്തിനകം സർട്ടിഫിക്കറ്റ് നൽകാൻ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ ഉത്തരവിട്ടു. പക്ഷെ, അധികൃതർ നൽകിയില്ല. എൽ.പി സ്‌കൂൾ അധ്യാപക നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ 94 ആയിരുന്നു സ്ഥാനം. ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാതിരുന്നതുകൊണ്ട് മുരുകന് സംവരണ ആനുകൂല്യം ലഭിച്ചില്ല. ഒരു വർഷം വൈകി ജനറൽ വിഭാഗത്തിലാണ് ജോലിയിൽ പ്രവേശിച്ചത്. മലയൻ എന്ന ജാതിസർട്ടിഫിക്കറ്റ് കിട്ടാതെപോയ മുരുകന്റെ വലിയച്ഛൻ ഇതേ സർട്ടിഫിക്കറ്റിൽ വർഷങ്ങൾക്കുമുമ്പ് കൊച്ചിൻ ഹാർബറിൽ ജോലി ചെയ്തിരുന്നു. വല്യച്ഛന് കിട്ടിയ ആനുകൂല്യമാണ് ചെറുമകന് നിഷേധിക്കപ്പെട്ടത്.

"ലളിതാംബിക കമീഷന്റെ താൽക്കാലിക ഉത്തരവുപ്രകാരം ഞങ്ങൾക്ക് എസ്.ടി ആനുകൂല്യങ്ങളോടെ പഠിക്കാമെന്നായി. അങ്ങനെ ഞാനും ഉദയഭാനുവും ചിറ്റൂർ ഗവൺമെൻറ്​ കോളേജിൽ പോയി പഠിച്ചു. പഠനം കഴിഞ്ഞപ്പോൾ ജാതി വീണ്ടും പ്രശ്നമായി."

‘‘ജാതി സർട്ടിഫിക്കറ്റില്ലാത്തതിനാൽ ഞങ്ങളുടെ കൂട്ടത്തിലുള്ള തൊണ്ണൂറു ശതമാനം പേരും പത്താംക്ലാസിനുശേഷം പഠനം ഉപേക്ഷിക്കുകയാണ്’’- മുരുകൻ പറഞ്ഞു: ‘‘റവന്യൂ അധികൃതർ ഞങ്ങളോട് വളരെ മോശമായിട്ടാണ് പെരുമാറുന്നത്. അതുകൊണ്ടുതന്നെ പഠിത്തം വേണ്ടെന്നുവെച്ച് എല്ലാവരും പിന്തിരിയുകയാണ്. ഞങ്ങളുടെ ആൾക്കാർ ഒരു രാഷ്ട്രീയപാർട്ടിയിലും വളർന്നുവന്നിട്ടില്ല. കൃഷി ചെയ്യാം, ജീവിക്കാം എന്നുമാത്രമേ ഞങ്ങളുടെ ആളുകൾക്ക് അറിയൂ. സർക്കാരുമായി ഏറ്റുമുട്ടാതെ എല്ലാവരും പിന്തിരിയുകയാണ്. സമ്മർദ്ദശക്തി അല്ലാത്തതിനാൽ ഞങ്ങളുടെ കാര്യത്തിൽ സർക്കാരിനോ രാഷ്ട്രീയപാർട്ടികൾക്കോ താൽപര്യവുമില്ല. ഒരർത്ഥത്തിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സമുദായമാണ് ഞങ്ങളുടേത്’’- മലയൻ സേവാ സംഘത്തിന്റെ പ്രധാന പ്രവർത്തകൻ കൂടിയായ മുരുകൻ പറയുന്നു.
വട്ടവടയിലലെ ഗ്രാമഗോത്രക്കാർ, തങ്ങൾ ‘മലയ' വിഭാഗത്തിൽ പെടുന്നവരാണെന്നാണ് അവകാശപ്പെടുന്നത് (ജയകുമാർ, കെ. പി.).

ജാതിസർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ സൗജന്യറേഷൻ പ്രഖ്യാപിക്കുമ്പോൾ അഞ്ചുനാട്ടുകാർ തഴയപ്പെടുന്നു. ജനകീയാസൂത്രണ പദ്ധതി, മൈത്രി ഭവന നിർമാണപദ്ധതി, കേന്ദ്ര സർക്കാരിന്റെ ഭവന പദ്ധതി, റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിലൊന്നും ഇവർ അർഹരോ അനർഹരോ എന്നു തീരുമാനിക്കാൻ പറ്റാത്ത നിലയിലാണ്.

സൗജന്യ റേഷൻ ​പോലും നിഷേധിക്കപ്പെടുന്ന അഞ്ചുനാട്ടുകാർ

വട്ടവടയിൽ കൃഷിയും കൂലിപ്പണിയുമായി കഴിയുന്ന രത്തിനത്തിന്റെ മകൻ ആർ. ബോസ് പത്താം ക്ലാസ്​ വരെ പഠിച്ചു. ഇപ്പോൾ കൂലിപ്പണിക്ക് പോകുന്നു. നവോദയ സ്‌കൂളിൽ ആറാംക്ലാസിൽ പ്രവേശനം ലഭിച്ചിരുന്നുവെങ്കിലും ജാതിസർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ചേരാൻ കഴിഞ്ഞില്ല. നവോദയ സ്‌കൂളിൽ പ്രവേശനപ്പരീക്ഷ പാസായിട്ടും ജാതിസർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താൽ പ്രവേശനം നിഷേധിക്കപ്പെട്ട, ബോസിനെപ്പോലെയുള്ള നിരവധി കുട്ടികൾ ഇവർക്കിടയിലുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അഞ്ചുനാട് വളരെ പിന്നാക്കമാണ്. വട്ടവട പഞ്ചായത്തിൽ ഒരു സർക്കാർ സ്‌കൂളാണുള്ളത്. കുര്യാക്കോസ് ഏലിയാസ് സ്‌കൂൾ, സേവാഭാരതിയുടെ സരസ്വതിവിദ്യാലയം, സ്നേഹദീപ്തി എന്നിവയാണ് സ്വകാര്യ സ്‌കൂളുകൾ. നിലവിലുള്ള സർക്കാർ യു.പി സ്‌കൂൾ തമിഴ് മീഡിയമാണ്. തുടർന്ന് അനുവദിച്ച ഹൈസ്‌കൂളാവട്ടെ മലയാളം മീഡിയവും. അഞ്ചുനാട്ടുകാരിൽ കോളേജ് വിദ്യാഭ്യാസം നേടിയവർതന്നെ വിരളമാണ്. സർക്കാർ ഉദ്യോഗസ്ഥർ നാമമാത്രം. പഠനം മിക്കവാറും സ്‌കൂൾതലത്തിൽ തന്നെ നിലയ്ക്കുന്നു. വീടുകളിൽനിന്നു പഠിക്കുന്നവർ മിക്കവാറും കൂലിവേലകളിലേക്ക് മാറുകയാണ്. സ്‌കൂളിൽ പോകാത്തവരുടെ എണ്ണവും നിരവധിയാണ്. ഇതിൽ നല്ല പങ്ക് ഗ്രാമക്കാരാണ്. വട്ടവടയിലെ സ്‌കൂൾപ്രായക്കാരിൽ പകുതിയിലധികവും രാവിലെ വയലിൽ പണിക്കുപോകുന്നവരാണ്.

ജാതിസർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ അഞ്ചുനാട്ടുകാർക്ക് മുടങ്ങുന്നത് വിദ്യാഭ്യാസം മാത്രമല്ല. സൗജന്യറേഷൻ പ്രഖ്യാപിക്കുമ്പോൾ അവർ തഴയപ്പെടുന്നു. ജനകീയാസൂത്രണ പദ്ധതി, മൈത്രി ഭവന നിർമാണപദ്ധതി, കേന്ദ്ര സർക്കാരിന്റെ ഭവന പദ്ധതി, റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിലൊന്നും ഇവർ അർഹരോ അനർഹരോ എന്നു തീരുമാനിക്കാൻ പറ്റാത്ത നിലയിലാണ്. ജോലിസംവരണത്തിലും ഇവരുടെ കാര്യം നിശ്ചയമില്ലാതെ കിടക്കുന്നു. അധഃസ്ഥിതരോ, പിന്നാക്കക്കാരോ, മുന്നാക്കക്കാരോ എന്നു പറയാൻ കഴിയാത്തതിനാൽ അവർ മുന്നാക്കക്കാരാകുന്നു.

വട്ടവട / Photo: Shafeeq Thamarassery

പട്ടികവർഗക്കാരായി കരുതപ്പെട്ടിരുന്ന അഞ്ചുനാട് ഗ്രാമക്കാർ പട്ടികവർഗക്കാരല്ലെന്ന് സർക്കാർ അഭിപ്രായപ്പെടുകയും എന്നാൽ എന്താണെന്ന് അഭിപ്രായപ്പെടാതിരിക്കുകയും ചെയ്തിരിക്കുകയാണ്. ഒരുതരം സന്ദിഗ്ധത. ഭരണകൂടം അതിന്റെ പൗരസമൂഹമായി ഗണിക്കുമ്പോൾ തന്നെ, പൗരത്വത്തിന് പുറത്താണെന്ന അനുഭവം. രാഷ്ട്രത്തിനുള്ളിലായിരിക്കുമ്പോഴും പുറത്താണെന്ന നില. ഇത് കേവലം വിദ്യാഭ്യാസത്തിന്റെയോ, തൊഴിൽ ആനുകൂല്യങ്ങളുടെയോ പ്രശ്നമല്ല. മറിച്ച്, രാഷ്ട്രനിർമാണ പ്രക്രിയയിൽ പൗരസമൂഹം എങ്ങനെ സങ്കൽപിക്കപ്പെട്ടിരിക്കുന്നു എന്നാണിത് കാണിക്കുന്നത്. ആദിവാസികൾ, ദലിതർ, സാമ്പത്തിക- രാഷ്ട്രീയ ശക്തിയിൽ പിന്നിട്ടുപോയവർ തുടങ്ങി നിരവധി ചെറു സമൂഹങ്ങളെ ഭൂപടത്തിന്റെ അതിരുകളിൽ നിർത്തിക്കൊണ്ടാണ് പൗരസമൂഹം സങ്കൽപിക്കപ്പെട്ടിരിക്കുന്നത്. രാഷ്ട്രനിർമാണ പ്രക്രിയ അവരുടെ പ്രാതിനിധ്യം ആവശ്യപ്പെടുന്നില്ല.

വരേണ്യതയുടെ രാഷ്ട്രീയ- സാംസ്‌കാരിക മാനദണ്ഡങ്ങൾ വെച്ച് പരിശോധിക്കുമ്പോൾ സാംസ്‌കാരികമായും രാഷ്ട്രീയമായും സാമ്പത്തികമായും പ്രയോഗശേഷിയില്ലാത്ത സമൂഹമാണ് കീഴാളർ. അവരുടെ പ്രശ്നങ്ങൾ ഒരു നിലക്കും രാഷ്ട്രത്തെ/ ഭരണകൂടത്തെ അലട്ടുന്നില്ല. മറിച്ച്, ‘പൊതുഖജനാവിൽ നിന്ന്' ഇത്തരം മനുഷ്യർ ആനുകൂല്യങ്ങൾ ‘തട്ടിയെടുത്തേക്കാം' എന്ന ആശങ്ക ഭരണകൂടത്തെ അലട്ടുകതന്നെ ചെയ്യും. അതുകൊണ്ടാണ് ‘പൊതുമുതൽ' സംരക്ഷിക്കുക എന്ന പ്രാഥമിക കർത്തവ്യം ഭരണകൂടം അതിവേഗം നിർവഹിക്കുന്നത്. അഞ്ചുനാട് ഗ്രാമക്കാർ പട്ടികവർഗമല്ലെന്ന് പ്രഖ്യാപിക്കുന്നത് അങ്ങനെയാണ്. പിന്നെ ആരാണ് എന്ന ചോദ്യമാകട്ടെ, മുഖ്യധാരാ രാഷ്ട്ര/ഭരണകൂടത്തിന്റെ ആശങ്കയല്ല; അതനുഭവിക്കുന്ന ഗ്രാമക്കാരുടേതാണ്. അവരുടെ ജാതിയും പൗരത്വവും രാഷ്ട്രീയ- സാമൂഹിക പ്രയോഗവുമെല്ലാം ഈ അസന്നന്ദിഗ്ധതയാൽ ചുറ്റിവരിയപ്പെടുന്നു.

ബ്രിട്ടീഷ് കാലഘട്ടം മുതൽ പട്ടികവർഗക്കാരായി പരിഗണിക്കപ്പെട്ടിട്ടുള്ള ഒരു ജനവിഭാഗത്തെ അതിൽനിന്ന് ഒഴിവാക്കുന്നതിന് തഹസിൽദാർ ഉന്നയിച്ച ഒരു സംശയമായിരുന്നു തുടക്കം. ‘ഇവർ പട്ടികവർഗ വിഭാഗമാണോ എന്ന് സംശയമുണ്ട്’ എന്ന കേവലവാദത്തിന്റെ പുറത്താണ് ഒരു ജനതയുടെ ജീവിതം മാറ്റിയെഴുതപ്പെട്ടത്.

ജനാധിപത്യ പ്രക്രിയയിൽ നിന്ന് തഴയപ്പെടുന്ന ഒരു ജനവിഭാഗമാണ് അഞ്ചുനാട്ടുകാർ. 2001ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വട്ടവട ഗ്രാമപഞ്ചായത്തിൽ പട്ടികവർഗ സംവരണ മണ്ഡലമായ അഞ്ചാം വാർഡിൽ മലയൻ സമുദായക്കാരനായ ചന്ദനമൂർത്തി കോൺഗ്രസ്​ സ്ഥാനാർത്ഥിയായി മൽസരിച്ചു. മുതുവാൻ സമുദായക്കാരനായ ജനതാദളിലെ രാമസ്വാമിയായിരുന്നു എതിർസ്ഥാനാർത്ഥി. മലയൻ ഭൂരിപക്ഷ പ്രദേശമായ ഇവിടെ ചന്ദനമൂർത്തി വിജയിച്ചു. ചന്ദനമൂർത്തി പട്ടികവർഗമല്ലെന്ന് വാദിച്ച് രാമസ്വാമി കേസുകൊടുത്തു. 2005ൽ ചന്ദനമൂർത്തിക്ക് അനുകൂലമായി വിധി വന്നപ്പോഴേക്കും ഒരു ഭരണകാലം കഴിഞ്ഞുപോയിരുന്നു.

സ്‌കൂൾ അധ്യാപകനും മലയൻ സേവാസംഘം പ്രവർത്തകനുമായ മുരുകൻ ഇതുകൂടി കൂട്ടിച്ചേർക്കുന്നു: ‘‘തുടർന്നുവന്ന തെരഞ്ഞെടുപ്പിൽ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാതെ വന്നതിനാൽ ഞങ്ങൾക്ക് സംവരണ വാർഡിൽ മത്സരിക്കാൻ കഴിഞ്ഞില്ല. പഞ്ചായത്തിലെ പട്ടികവർഗ സംവരണ വാർഡായ ഒമ്പതാം വാർഡിൽ ഞങ്ങൾ, മലയൻ സമുദായക്കാർ, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. 300 വോട്ടർമാരാണ് അവിടെ ഞങ്ങൾക്കുള്ളത്. ഞങ്ങൾ ബഹിഷ്‌കരിച്ചതുകൊണ്ട് ഇലക്ഷന് ഒന്നും സംഭവിച്ചില്ല. അതോടെ പഞ്ചായത്ത് ഭരണപങ്കാളിത്തത്തിൽ നിന്ന് ഞങ്ങൾ പുറത്താക്കപ്പെട്ടു.'' (ജയകുമാർ, കെ. പി).

Photo: K R Sunil

തഹസിൽദാരുടെ സംശയത്തിൽ ഒരു ജനതയുടെ ജീവിതം

ബ്രിട്ടീഷ് കാലഘട്ടം മുതൽ പട്ടികവർഗക്കാരായി പരിഗണിക്കപ്പെട്ടിട്ടുള്ള ഒരു ജനവിഭാഗത്തെ അതിൽനിന്ന് ഒഴിവാക്കുന്നതിന് തഹസിൽദാർ ഉന്നയിച്ച ഒരു സംശയമായിരുന്നു തുടക്കം. ‘ഇവർ പട്ടികവർഗ വിഭാഗമാണോ എന്ന് സംശയമുണ്ട്’ എന്ന കേവലവാദത്തിന്റെ പുറത്താണ് ഒരു ജനതയുടെ ജീവിതം മാറ്റിയെഴുതപ്പെട്ടത്. ദേവികുളം താലൂക്കിലെ മലയൻ, മലവേടൻ, മലമ്പപ്പണ്ടാരം, എന്നീ വിഭാഗങ്ങളെപ്പറ്റി വകുപ്പുതല അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ പേരുപറഞ്ഞ് 1986 മുതൽ ജനന സർട്ടിഫിക്കറ്റുകളും ആനുകൂല്യങ്ങളും നിഷേധിച്ചു തുടങ്ങി. മലയർ, മലവേടർ എന്നീ പട്ടികവർഗ വിഭാഗക്കാരെയാണ് അഞ്ചുനാട്ടുകാരായി പരിഗണിച്ചുവരുന്നത്. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ ഗ്രാമക്കാരെ മലവേടർ എന്ന വിഭാഗത്തിലാണ് പെടുത്തിയിരുന്നത്. വട്ടവട പഞ്ചായത്തിലുള്ളവർ മലയർ എന്നാണ് അറിയപ്പെടുന്നത്. റേഷൻ കാർഡ്, വിദ്യാഭ്യാസ രേഖകൾ എന്നിവയിലും 1986 വരെ ജാതിരേഖകളിലും പട്ടികവർഗമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ താലൂക്ക് അധികൃതർ ഇവരെ പട്ടികവർഗമായി പരിഗണിക്കാനാവില്ലെന്ന് റിപ്പോർട്ട് നൽകി. തമിഴ്നാട്ടിൽ നിന്നുവന്ന തെലുങ്ക് ചെട്ടിയാൻമാരായ പിള്ളമാരാണ് അഞ്ചുനാട്ടുകാരെന്നും ഇവർക്ക് പട്ടികവർഗക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ പാടില്ലെന്നുമായിരുന്നു താലൂക്ക് അധികൃതരുടെ റിപ്പോർട്ട്. എന്നാൽ, ഈ കണ്ടെത്തലുകൾക്ക് അടിസ്ഥാനമായ ചരിത്രരേഖകളോ വിവരങ്ങളോ ലഭ്യമാക്കുന്നില്ല. തുടർന്ന് സർക്കാർ വകുപ്പുതലത്തിൽ അന്വേഷണം ആരംഭിക്കുകയും എല്ലാ ആനുകൂല്യങ്ങളും നിർത്തിവെക്കുകയും ചെയ്തു. ജാതിസർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ പിന്നീട് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല. ഇവിടെ സന്ദിഗ്ധത അനുഭവിക്കുന്നത് ഗ്രാമക്കാർ മാത്രമാണ്. ഭരണകൂടത്തിന് ഈ പൗരസമൂഹത്തെക്കുറിച്ച് അത്തരം ആശങ്കകളില്ല.

കിർത്താഡ്സ് നടത്തിയ വിശദമായ ‘നരവംശ ശാസ്ത്ര പഠനം' ഈ പ്രാചീന ജനസമൂഹം മൊത്തത്തിൽ തമിഴ്നാട്ടിലെ ‘ഉന്നത കുലജാതർ' ആണെന്ന് കണ്ടെത്തുന്നു. ഇവരെല്ലാം ഇത്രയുംകാലം സർക്കാരിനേയും ജനങ്ങളേയും വഞ്ചിക്കുകയായിരുന്നു എന്ന അർത്ഥമാണ് ഇതിൽനിന്ന്​ ലഭിക്കുന്നത്.

ഇതിനെതിരെ ഗ്രാമക്കാർ പരാതി നൽകി. പരാതി പരിശോധിച്ച പട്ടികവർഗ വികസനവകുപ്പ് സെക്രട്ടറി 1987 നവംബർ 12ന് ഒരു ഉത്തരവ് പുറപ്പെടുവിച്ചു: ‘‘ദേവികുളം താലൂക്കിൽ മലയൻ, മലമ്പണ്ടാരം, മലവേടൻ, അടിയാൻ തുടങ്ങി പട്ടികവർഗ വിഭാഗത്തിൽ പെടുന്നവരാണെന്ന് അവകാശപ്പെടുന്നവരെപ്പറ്റി വിശദപഠനം സർക്കാർ നടത്തിവരുകയാണ്. പഠനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനം കൈക്കൊള്ളുന്നതുവരെ ഇവർക്ക് പട്ടികവർഗക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ജാതിസർട്ടിഫിക്കറ്റുകളും തുടർന്നും നൽകേണ്ടതാണെന്ന് അറിയിച്ചുകൊള്ളുന്നു.'' എന്നാൽ ഈ ഉത്തരവ് നടപ്പായില്ല. തുടർന്നും ജാതിസർട്ടിഫിക്കറ്റുകളോ വിദ്യാഭ്യാസ ആനുകൂല്യങ്ങളോ ലഭിച്ചില്ല. പരാതിയുമായി വീണ്ടും ഗ്രാമക്കാർ സർക്കാരിനെ സമീപിച്ചു. പത്തു വർഷങ്ങൾക്കുശേഷം, 1997 ജൂലായ് 23ന്, ആനുകൂല്യങ്ങൾ തുടരണമെന്ന് ചീഫ് സെക്രട്ടറി തന്നെ ഉത്തരവിറക്കി. പക്ഷെ, ആ ഉത്തരവും നടപ്പായില്ല.

Photo: K R Ranjith

പുറത്താക്കലിന്റെ നരവംശപാഠം

ഗ്രാമക്കാർ ആദിമനിവാസികൾ തന്നെയോ എന്ന് പഠിക്കുന്നതിന്​ സർക്കാർ കിർത്താഡ്സിനെ ചുമതലപ്പെടുത്തി. 1986ലാണ് കിർത്താഡ്സ് ഡയറക്ടറുടെ ആദ്യ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കപ്പെടുന്നത്. ഇതനുസരിച്ച്, 1987 ഏപ്രിൽ ഒന്നാം തീയതി സർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ദേവികുളം താലൂക്കിൽ മലയൻ, മലവേടൻ, മലമ്പണ്ടാരം, എന്നീ ഗോത്രവർഗങ്ങൾ ഇപ്പോൾ ഇല്ലാതായിരിക്കുന്നു എന്നാണ് ഉത്തരവിന്റെ സാരാംശം. കിർത്താഡ്സ്​ ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെയും ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. ഇല്ലാതായിപ്പോയ ജനവിഭാഗത്തിന്റെ പേരിൽ ഇനി സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന യുക്തിയിൽ താലൂക്ക് അധികൃതർ എത്തിച്ചേർന്നു. തുടർന്ന് ഈ ജനവിഭാഗത്തിന് ലഭിച്ചുകൊണ്ടിരുന്ന താൽക്കാലിക ആനുകൂല്യങ്ങളും റദ്ദ് ചെയ്യപ്പെട്ടു. ഇതിനെതിരായി ഗ്രാമക്കാർ വീണ്ടും സർക്കാരിന് പരാതി നൽകി. ആ പരാതി പരിഗണിച്ച്​, തടഞ്ഞുവെച്ചിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കാൻ 1987 നവംബർ 13ന് സർക്കാർ ഉത്തരവിട്ടു. കൂടാതെ സ്ഥലം സന്ദർശിച്ച് വിശദപഠനം നടത്തുന്നതിന് വീണ്ടും കിർത്താഡ്സിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

1981 മുതലുള്ള സെൻസസ് റിപ്പോർട്ടുകൾ കിർത്താഡ്സ് ഡയറക്ടറുടെ കണ്ടെത്തലുകൾ തെറ്റാണെന്ന് തെളിയിക്കുന്നു. 1981ലെ സെൻസസിൽ മലപ്പുലയൻ, മലമ്പണ്ടാരം, എന്നീ പേരുകളിലുള്ള ഗോത്രവിഭാഗങ്ങളെ ദേവികുളം താലൂക്കിൽ പ്രത്യേകം വ്യവച്ഛേദിക്കപ്പെട്ടിട്ടില്ലാത്ത ചെറുജാതികളിലും ഗോത്രങ്ങളിലുമായി ആകെ 6106 പേരുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1971ലെ സെൻസസ്​ പ്രകാരം ദേവികുളത്ത് 194 മലയരും 25 മലമ്പണ്ടാരങ്ങളും ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1981ലെ സെൻസസ് റിപ്പോർട്ടനുസരിച്ച് കോട്ടക്കമ്പൂരിൽ 74ഉം കോവിലൂരിൽ 496 ഉം വട്ടവടയിൽ 224 ഉം പെരുമലയിൽ നൂറും മലയ വിഭാഗക്കാരുണ്ടൈന്ന് രേഖപ്പെടുത്തുന്നു. ബ്രിട്ടീഷ് കാലം മുതൽ 1981 വരെയുള്ള സെൻസസ് റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നവർ 1987ൽ പെട്ടെന്ന് എങ്ങനെ ഇല്ലാതായി എന്ന ചോദ്യത്തിന് ഉത്തരമില്ല.

പട്ടികവർഗക്കാരുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചുകൊടുക്കാൻ പാർലമെൻറ്​ നിയമം പാസാക്കിയത് കേരളത്തിലും നടപ്പാക്കണമെന്ന ആവശ്യം ശക്തമായ സമയത്താണ് അഞ്ചുനാട്ടുകാർ ഗോത്രവർഗമല്ലെന്ന കണ്ടെത്തൽ റവന്യൂ അധികൃതർ നടത്തിയത്.

സർക്കാർ ഉത്തരവിനും കിർത്താഡ്സ്​ റിപ്പോർട്ടിനും എതിരെ മുൻ എം.പിയും ഞാറക്കൽ എം.എൽ.എയുമായിരുന്ന കെ.കെ. മാധവൻ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി ഫയൽ ചെയ്തു (സി.എം.പി 886, 1987 ആഗസ്റ്റ്). 1992 ഒക്ടോബർ 13ന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ പുറപ്പെടുവിച്ച വിധിന്യായത്തിൽ, ഈ പ്രദേശങ്ങളിൽ വീണ്ടും പഠനം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. കിർത്താഡ്സ് ഡയറക്ടറുടെ റിപ്പോർട്ടിൽ അവകാശപ്പെടുന്നതുപോലെ ഈ ഗോത്രവർഗങ്ങൾ ഇല്ലാതായിട്ടുണ്ടോ എന്നന്വേഷിക്കാൻ വിദഗ്ധസമതിയെ നിയമിച്ച്, 1961ലെ സെൻസസ് വിഭാഗങ്ങളെ കണ്ടെത്തിയ പ്രദേശങ്ങൾ സന്ദർശിച്ച് പഠനം നടത്തണമെന്നും അവസാന റിപ്പോർട്ട് തയ്യാറാവുന്നതുവരെ ഈ ഗോത്രങ്ങളെ ഇല്ലാതാക്കിക്കൊണ്ടുള്ള നടപടി തടയുന്നുവെന്നും വിധിന്യായത്തിൽ പറയുന്നു. രണ്ട് വർഷത്തോളം ഈ ഉത്തരവിൽ സർക്കാർ നടപടിയെടുത്തില്ല. കോടതിവിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമക്കാർ നിരവധി തവണ പരാതി നൽകി. തുടർന്ന്, 1994ൽ വിദഗ്ധ സമിതിയെ നിയമിച്ച്​ സർക്കാർ ഉത്തരവിറക്കി. ഇടുക്കി കളക്ടർ, പട്ടികവികസന ഡയറക്ടർ, കിർത്താഡ്സ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ (ആന്ത്രപ്പോളജി) എന്നിവരായിരുന്നു അംഗങ്ങൾ.

Photo: K R Ranjith

കേസിൽ സൂചിപ്പിക്കപ്പെട്ട വർഗങ്ങൾ ഉണ്ടോ? അതോ നാമാവശേഷമായി കഴിഞ്ഞോ? മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ, കോട്ടക്കമ്പൂർ, വട്ടവട, എന്നിവിടങ്ങളിൽ ഈ വിഭാഗക്കാരാണ് എന്നവകാശപ്പെടുന്നവർ ആ വിഭാഗക്കാർ തന്നെയാണോ? അതോ ഗോത്രവർഗ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നവരാണോ? എന്നിവയായിരുന്നു പഠനവിഷയം.

അഞ്ചുഗ്രാമങ്ങളിൽ വസിക്കുന്നവരിൽ ആരും മലയർ, മലവേടൻ അടക്കമുള്ള പട്ടികവർഗക്കാരല്ലെന്നും അവരെല്ലാവരും കള്ള ജാതിപ്പേരിൽ ആനൂകൂല്യം തട്ടിയെടുക്കാൻ ശ്രമിക്കുന്നവരാണെന്നും വിദഗ്ധസമിതി റിപ്പോർട്ട് നൽകി.

വംശീയ പഠനത്തിലെ വംശവിദ്വേഷം

കിർത്താഡ്സ് നടത്തിയ വിശദമായ ‘നരവംശ ശാസ്ത്ര പഠനം' ഈ പ്രാചീന ജനസമൂഹം മൊത്തത്തിൽ തമിഴ്നാട്ടിലെ ‘ഉന്നത കുലജാതർ' ആണെന്ന് കണ്ടെത്തുന്നു. ഈ കണ്ടെത്തലിന്റെ നീട്ടിവായനയിൽ ഇവരെല്ലാം ഇത്രയുംകാലം സർക്കാരിനേയും ജനങ്ങളേയും വഞ്ചിക്കുകയായിരുന്നു എന്ന അർത്ഥമാണ് ലഭിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും അവശതയനുഭവിക്കുന്ന ഒരു ജനവിഭാഗം പൊടുന്നന്നെ കുറ്റവാളികളോ വഞ്ചകരോ ആയി മാറുന്നു. നരവംശ ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങളെ സർക്കാർ അംഗീകരിക്കുകയും രണ്ടര ദശാബ്ദത്തിലേറെയായി ഇടുക്കി ജില്ലയുടെ അഞ്ച് ഊരുകളിലായി ചിതറിക്കിടക്കുന്ന ഗ്രാമക്കാരെ മുഴുവൻ വ്യാജൻമാരായി ചിത്രീകരിച്ച് അവർക്ക് പട്ടികവർഗ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുകയും ചെയ്തു. ‘വിദഗ്ധ സമിതി' റിപ്പോർട്ട് എതിരായതുകൊണ്ട് സർക്കാരും കോടതിയും ഇനി ഇവരെ സഹായിക്കുമെന്ന് കരുതാനാകില്ല.

ജനസംഖ്യ- നരവംശശാസ്ത്ര പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ കീഴാള- ഗോത്ര സമൂഹങ്ങളെ ‘ഹിന്ദു' പൊതുശീർഷകത്തിൽ അവാന്തര വിഭാഗങ്ങളാക്കി ക്രമപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.

ജാതി സംശയം ഉന്നയിക്കപ്പെട്ട കാലം

അഞ്ചുനാട്ടുകാരുടെ ജാതിയെപ്പറ്റി റവന്യൂ ഉദ്യോഗസ്ഥർക്ക് പെട്ടെന്നുണ്ടായ അക്കാദമിക് കൗതുകത്തിനും തുടർന്ന് ആരംഭിച്ച ഗവേഷണത്തിനും കൃത്യമായ കാരണങ്ങളുണ്ട്. പട്ടികവർഗക്കാരുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചുകൊടുക്കാൻ പാർലമെൻറ്​ നിയമം പാസാക്കിയത് കേരളത്തിലും നടപ്പാക്കണമെന്ന ആവശ്യം ശക്തമായ സമയത്താണ് അഞ്ചുനാട്ടുകാർ ഗോത്രവർഗമല്ലെന്ന കണ്ടെത്തൽ റവന്യൂ അധികൃതർ നടത്തിയത്.
അധിനിവേശ കാലത്തുനിന്ന് ഭിന്നമായി സ്വാതന്ത്ര്യാനന്തര ചരിത്ര- സാമൂഹ്യശാസ്ത്ര പഠനങ്ങളും ഭരണനിർവഹണവും ഗോത്ര/കീഴാള ജനതയുടെ പ്രതിനിധാനത്തെ ഏതുവിധമാണ് അഭിസംബോധന ചെയ്തത് എന്നതിലേക്കാണ് ഈ അന്വേഷണം എത്തിച്ചേരുന്നത്. മതേതര ദേശീയതയിലധിഷ്ഠിതമായ രാഷ്ട്രവാദവും ഹിന്ദു മതമൗലികവാദത്തിലധിഷ്ഠിതമായ ദേശീയവാദവുമായിരുന്നു ഒരു ഭാഗത്ത്. ഇവ രണ്ടും ആധുനിക ദേശ- രാഷ്ട്ര വാഴ്ച ഉറപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ടിലും ലീനമായിരിക്കുന്നത് വരേണ്യത തന്നെയാണ്.

Photo: K R Ranjith

ഗോത്ര- കീഴാള പ്രതിനിധാനങ്ങളെക്കുറിച്ചുള്ള സംവാദം രൂപപ്പെട്ടുവരുന്ന മറ്റൊരു സാഹചര്യം ജാതിയാണ്. മണ്ഡൽ കമീഷനുമായി ബന്ധപ്പെട്ട് ജാതിനിലകളെ കുറിച്ചുള്ള സംവാദങ്ങൾ ഇന്ത്യയിൽ സജീവമാകുന്നു. ഇവിടെ ഒരു വൈരുധ്യം പ്രകടമാണ്. ജനസംഖ്യ- നരവംശശാസ്ത്ര പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ കീഴാള- ഗോത്ര സമൂഹങ്ങളെ ‘ഹിന്ദു' പൊതുശീർഷകത്തിൽ അവാന്തര വിഭാഗങ്ങളാക്കി ക്രമപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ മണ്ഡൽ കാല സംവാദങ്ങളിൽ ജാതിവിഭജനങ്ങൾക്കുണ്ടെന്നു കരുതിയ മതപരമായ അടിസ്ഥാനം പൊതുചർച്ചകളിൽനിന്ന് പൂർണമായും അപ്രത്യക്ഷമാകുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട ദേശ- രാഷ്ട്ര യുക്തിയെ ചൂഴ്ന്നുനിന്ന ഹൈന്ദവ ബോധത്തിന് ഇളക്കം തട്ടുന്നു. മണ്ഡൽ ചർച്ചകൾ പൂർണമായും കേന്ദ്രീകരിച്ചത് ഭരണകൂടവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ജാതിവിഭാഗങ്ങൾക്കുള്ള ആപേക്ഷിക പദവികളിലാണ്. ഭരണകൂടം അതിന്റെ പ്രവർത്തനത്തിനുള്ള മാനദണ്ഡമായി ജാതിയെ സ്വീകരിക്കണമോ വേണ്ടയോ എന്ന ചർച്ച മുഖ്യധാരയെ പിടിമുറുക്കുന്നു. മത- മതേതര സംവാദങ്ങളിൽ നിറഞ്ഞത് ഈ ചർച്ചയാണ്. രണ്ടിലും ഒരേവിധം വരേണ്യതയുടെ പ്രതിനിധാനവും കീഴാള ഗോത്രപ്രതിനിധാനങ്ങളുടെ അഭാവവും കാണാം.

ചരിത്രത്തിന്റെയോ ഭൂതകാലത്തിന്റെയോ അഭാവത്തിലല്ല, അഭാവം സൃഷ്ടിച്ചെടുക്കേണ്ട ആവശ്യകതയിൽ നിന്നാണ് ഗോത്രജനതയുടെ ജാതി പ്രശ്നമായിത്തീരുന്നത്.

ഇന്ത്യയിൽ ജാതികേന്ദ്രിത സംവാദത്തിന് തുടക്കമിട്ട എൺപതുകളിൽ തന്നെയാണ് ഗ്രാമക്കാർ എന്ന ഗോത്രജനതയുടെ ജാതിയെ സംബന്ധിക്കുന്ന സംശയം റവന്യൂ അധികൃതർ ഉന്നയിച്ചത് എന്നത് യാദൃച്​ഛികമല്ല. തൊഴിൽ സുരക്ഷയുടെയോ, തൊഴിൽ മേഖലയുടെ പാരമ്പര്യവൽക്കരണത്തിന്റെയോ ഭാഗമായി വരേണ്യത സ്വാംശീകരിച്ച ‘മെരിറ്റ്' സങ്കൽപവുമായും ഈ ‘റവന്യൂ' സംശയത്തെ ചേർത്ത് വായിക്കാം. കാരണം ഗ്രാമക്കാരായ (ഊരുകാരായ) യുവാക്കൾക്ക് പട്ടികജാതി സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതുമൂലം തൊഴിൽ നഷ്ടമായ സാഹചര്യവും ഇവിടെ നിലനിൽക്കുന്നു.

‘‘സ്വാതന്ത്ര്യാനന്തരം, സംവരണവ്യവസ്ഥയിലൂടെ രൂഢമൂലമായ പ്രതിനിധാനം കഴിവിന്റെയും കഴിവുകേടിന്റെയുമാണ്. സമകാലീന ഇന്ത്യയിൽ ‘മെരിറ്റ്' ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. കീഴ്ജാതികളുടെ ഏറ്റവും പുതിയ പ്രതിബിംബമായി അധീശശക്തികൾ മുന്നോട്ടുവെച്ചതും ‘മെരിറ്റ്' ഇല്ലായ്മയാണ്. എന്താണ് മെരിറ്റ്? അത് ഏതുതരം അർത്ഥങ്ങളാണ് ജനിപ്പിക്കുന്നത്? ‘മെരിറ്റി'നെക്കുറിച്ചുള്ള അടിസ്ഥാന ആശയങ്ങൾ മുതലാളിത്തത്തിന്റെ സൃഷ്ടിയാണെങ്കിലും ഇന്ത്യയിൽ മുതലാളിത്ത പൂർവമായ ജാതിമുൻവിധികൾ മെരിറ്റിനെ ചൊല്ലിയുള്ള സംവാദത്തിൽ അടങ്ങിയിരിക്കുന്നു. ഇന്ത്യയിൽ മധ്യവർത്തി വിഭാഗത്തിനും ബൂർഷ്വാസിക്കും അതിനാൽതന്നെ മെരിറ്റ് ഏറെ പ്രധാനമാണ്. മുതലാളിത്തത്തോടെ ആരംഭിച്ച യുക്തിഭദ്രമാക്കലിന് ഭരണാധികാരികളും, സാങ്കേതിക വിദഗ്ധരും ശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിചക്ഷണരുമടങ്ങുന്ന മധ്യവർത്തിവിഭാഗം അനുപേക്ഷണീയമാണ്. ഈ വിഭാഗത്തിന് ആവശ്യമായ അധികസമ്പത്ത് ആഗോള മൂലധനത്തിന്റെ മിച്ചമൂല്യത്തിൽനിന്നും ശേഖരിക്കപ്പെടുന്നു. ബൂർഷ്വാസിയുടെ ഭാഗമായ ഇവർക്ക് മിച്ചമൂല്യ വിതരണത്തിൽ പങ്കുപറ്റാനുളള അവകാശത്തിന് പ്രത്യയശാസ്ത്ര സാധൂകരണം നൽകുന്നതിന് മാനവ മൂലധനം (Human capital) എന്ന പരികൽപന ഉപകരിക്കുന്നു. തങ്ങൾക്ക് സ്വന്തമായ മൂലധനത്തിന്റെ അഭാവത്തിൽ ഈ വിഭാഗം തങ്ങളുടെ മക്കൾക്കും അനന്തര തലമുറയ്ക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കുന്നതിനും തൊഴിൽമേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നതിനും ആവശ്യമായ പിന്തുടർച്ചാവകാശം നേടിയെടുക്കുന്നു.

Photo: Shafeeq Thamarassery

സാമ്പത്തിക അധികാര സ്രോതസ്സുകളിലേയ്ക്കുള്ള ഈ അടുപ്പം ‘നേട്ടങ്ങൾ' ആയി ആഘോഷിക്കപ്പെടുന്നു. ഇത്തരം ‘നേട്ടങ്ങൾ' അവസരസമത്വം എന്ന ഇടുങ്ങിയ പരികൽപന സാധൂകരിക്കുകയും ചെയ്യുന്നു. മുതലാളിത്തത്തെ തുടർന്ന് രൂപമെടുത്ത ശാസ്ത്രീയതയുടെ സംസ്‌കാരം ഇത്തരം യുക്തിഭദ്രമാക്കലിനേക്കാൾ പ്രധാനമാണ്. ഈ ശാസ്ത്രീയത, മേൽപഞ്ഞ മധ്യവർത്തി വിഭാഗങ്ങളുടെ വർഗാടിസ്ഥാനത്തിലാണ്. ‘മെരിറ്റോക്രസി' ശ്രേണീവൽകൃത ഘടനയെ ഒന്നുകൂടി ഉറപ്പിച്ചു. മെരിറ്റോക്രസിയുടെ പ്രയോഗവും ശാസ്ത്രീയ സംസ്‌കാരത്തിന്റെ പ്രത്യയശാസ്ത്രവും ചരിത്രപരമായ മുതലാളിത്തത്തിന്റെ പ്രക്രിയയുടെ മൂടുപടമിട്ടു. പാശ്ചാത്യ മുതലാളിത്ത ലോകത്ത് നിറത്തിലും വംശീയതയിലും ഊന്നുന്ന ഈ പ്രക്രിയ ഇന്ത്യയിൽ ജാതിയെ അനുയോജ്യമായ ഉപകരണമാക്കിയിരിക്കുന്നു. സാംസ്‌കാരിക മൂലധനത്തിന്റെ മേലുള്ള നിയന്ത്രണവും ഇന്ന് ഏറെ സങ്കീർണമായിരിക്കുന്നു. ഈ ഘട്ടത്തിൽ മുഖ്യധാര, അധീശ പ്രയോഗത്തിന്റെ ഇടമായി മാറുന്നു. നാഗരിക- മധ്യ ഉപരിവർഗ/ജാതി സമൂഹത്തിന്റെ അധീശത്വമാണ് യഥാർത്ഥത്തിൽ ഈ മുഖ്യധാര. സാമൂഹ്യജീവിതത്തിന്റെ വെളിമ്പ്രദേശങ്ങളിൽ കഴിയുന്നവർ ഇതിൽ സ്വയം നഷ്ടപ്പെടേണ്ടവരാണ്. സ്വകാര്യ മൂലധനം ഊന്നുന്നതും ഇങ്ങനെ രൂപീകൃതമാകുന്ന സാംസ്‌കാരിക മേഖലയേയും രൂപങ്ങളെയുമാണ്'’ (സനൽ മോഹൻ. 1997:18).

ഗ്രാമക്കാരെക്കുറിച്ച് റവന്യൂ അധികൃതർ ഉന്നയിക്കുന്ന സംശയങ്ങളും തുടർന്നുനടന്ന പഠനങ്ങളും ചരിത്രപ്പെടുത്തലുകളും ഈ പ്രത്യയശാസ്ത്ര മണ്ഡലത്തിൽ നിന്നുകൊണ്ടാണ് നോക്കിക്കാണേണ്ടത്. മറിച്ച് ചരിത്രത്തിന്റെയോ ഭൂതകാലത്തിന്റെയോ അഭാവത്തിലല്ല, അഭാവം സൃഷ്ടിച്ചെടുക്കേണ്ട ആവശ്യകതയിൽ നിന്നാണ് ഗോത്രജനതയുടെ ജാതി പ്രശ്നമായിത്തീരുന്നത്. അതുകൊണ്ടുതന്നെ ഗ്രാമക്കാരുടെ ജാതിക്കുവേണ്ടിയുള്ള സമരം ദേശരാഷ്ട്രത്തിന്റെ പ്രത്യയശാസ്ത്രവുമായി ചേർന്നുനിൽക്കുന്ന രാഷ്ട്രീയ പ്രശ്നമായി തീരുന്നുണ്ട്. ▮

(തുടരും)


കെ. പി. ജയകുമാർ

ഗവേഷകൻ, എഴുത്തുകാരൻ. സിനിമയിലും സാമൂഹികശാസ്​ത്ര വിഷയങ്ങളിലും അന്വേഷണം നടത്തുന്നു. ചേർത്തല എൻ.എസ്.എസ് കോളേജിൽ മലയാള വിഭാഗം അസിസ്റ്റൻറ്​ പ്രൊഫസർ. ജാതിവ്യവസ്ഥയും മലയാള സിനിമയും, ഉടലിൽ കൊത്തിയ ചരിത്ര സ്മരണകൾ, ആ ചുവന്ന കാലത്തിന്റെ ഓർമ്മയ്ക്ക് എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments