കെ. പി. ജയകുമാർ

സ്വന്തം ‘ജാതി’ തിരിച്ചുകിട്ടാൻ
സമരം ചെയ്യുന്ന ജനത

കേരളത്തിൽ ജാതിയെ സംബന്ധിച്ച് നടന്ന വ്യവഹാരങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു ആവശ്യമാണ് ഹൈറേഞ്ചിലെ അതിർത്തി പ്രദേശങ്ങളായ അഞ്ചുനാട്ടിലെ ആദിമനിവാസികളായ ‘ഊരുകാർ' ഉന്നയിക്കുന്നത്: സ്വന്തം ജാതി നിർണയിച്ച് കിട്ടണം. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ജാതിസമരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു നീതിനിഷേധത്തിന്റെ ചരിത്രമാണ്​ ഹൈറേഞ്ചിലെ ആദിമ നിവാസികളുടേത്​.

കേരളം ഔദ്യോഗികമായി രൂപം കൊള്ളുന്നത് 1956ലാണ്. അതിനുമുമ്പുതന്നെ ഭാഷാടിസ്ഥാനത്തിലുള്ള ദേശീയതയുടെ നിർമിതികൾ പലരൂപത്തിൽ സംഭവിക്കുന്നുണ്ട്. ഭാഷാടിസ്ഥാനത്തിൽ വിഭാവനം ചെയ്യപ്പെട്ട കേരളം എന്ന ദേശസ്വരൂപത്തിലേക്ക് ആദിവാസികളും ഭാഷാന്യൂനപക്ഷവും ഉൾച്ചേർക്കപ്പെട്ടിരുന്നില്ല. ‘കേരളം മലയാളികളുടെ മാതൃരാജ്യം' എന്ന വരേണ്യസങ്കൽപനത്തെ പുൽകിനിന്നുകൊണ്ടാണ് ദേശീയതയുടെ തരംഗങ്ങൾ പ്രക്ഷേപണം ചെയ്യപ്പെട്ടത്. മലയാളി ദേശീയത ആദിവാസി സമൂഹത്തെ പ്രവർജിക്കുന്നു (exclusion) എന്നത് കേരളത്തിന്റെ സംസ്‌കാര- അധികാര- ജ്ഞാന വ്യവസ്ഥകളെയും പ്രതിനിധാന വ്യവസ്ഥകളെയും നിയന്ത്രിക്കുന്നു. ആദിമ നിവാസികൾക്ക് ചരിത്രമില്ല, ഹൈറേഞ്ചിലെ ആദിമനിവാസികളെ സംബന്ധിച്ച് അത് കുറച്ചുകൂടി മുന്നോട്ട് പോകുന്നു; ചരിത്രമോ, സ്മാരകങ്ങളോ, രേഖകളോ, അടയാളങ്ങളോ ഇല്ല. ചരിത്രത്തെ സാധൂകരിക്കുന്ന ഭൂതകാലത്തെളിവുകളുടെ വലിയ അഭാവങ്ങളിലാണ് ഹൈറേഞ്ച് ഗോത്രങ്ങൾ പ്രതിനിധാനം ചെയ്യപ്പെടുന്നത്.

കേരളത്തിൽ ജാതിയെ സംബന്ധിച്ച് നടന്ന വ്യവഹാരങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ആവശ്യമാണ് ഹൈറേഞ്ചിലെ അതിർത്തിപ്രദേശങ്ങളായ അഞ്ചുനാട്ടിലെ ആദിമനിവാസികളായ ‘ഊരുകാർ' (ഗ്രാമക്കാർ) ഉന്നയിക്കുന്നത്: സ്വന്തം ജാതി നിർണയിച്ച് കിട്ടണം. ഇന്ത്യയിൽ പല ഭാഗങ്ങളിലായി- ഗുജ്ജാറുകളെ പട്ടിക ജാതിയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള വൻ കലാപങ്ങൾ അടക്കം നടന്നുകൊണ്ടിരിക്കുന്ന ജാതിസമരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി സർക്കാരും നരവംശശാസ്ത്ര നിർവചനങ്ങളും തോൽപ്പിച്ചുകളഞ്ഞ ഒരു പീഡിത ജനവിഭാഗത്തിന്റെ ദുർബലമായ അപേക്ഷകൾക്കും കീഴടങ്ങിയ സമരങ്ങൾക്കും ഒടുവിൽ നീതിനിഷേധിക്കപ്പെട്ട ജനതയുടെ വേദനകളാണ് ഈ മഴനിഴൽ പ്രദേശങ്ങളിൽ കനത്തുകെട്ടി നിൽക്കുന്നത്.

ചരിത്രമോ, സ്മാരകങ്ങളോ, രേഖകളോ, അടയാളങ്ങളോ ഇല്ല. ചരിത്രത്തെ സാധൂകരിക്കുന്ന ഭൂതകാലത്തെളിവുകളുടെ വലിയ അഭാവങ്ങളിലാണ് ഹൈറേഞ്ച് ഗോത്രങ്ങൾ പ്രതിനിധാനം ചെയ്യപ്പെടുന്നത്. / Photo: Shafeeq Thamarassery

ആധുനികതയുടെ ഒഴുക്കിൽനിന്ന് ഹൈറേഞ്ചിലെ ഗോത്രമനുഷ്യർക്ക് ഒഴിഞ്ഞുനിൽക്കാൻ കഴിയുമായിരുന്നില്ല. ആദിവാസികളുടെ ആവാസഭൂമിയായ കാട് ബ്രിട്ടീഷുകാർ കയ്യേറാൻ തുടങ്ങിയതോടെ അവർ പുറത്തായി തുടങ്ങുന്നു. അതിനുമുമ്പ് പൂഞ്ഞാർ, തിരുവിതാകൂർ രാജാക്കൻമാരുടെ അധീനതയിലായിരുന്നു അഞ്ചുനാട് പ്രദേശങ്ങൾ.

നികുതിയായും കാഴ്ചയായും വനവിഭവങ്ങൾ രാജസന്നിധിയിലേക്ക് കൊണ്ടുപോയിരുന്നു എന്നതൊഴിച്ചാൽ ഗോത്രആവാസ വ്യവസ്ഥയെ ശിഥിലമാക്കുന്ന പ്രവർത്തനങ്ങൾക്ക് കോളനികാലംവരെ രാജാക്കൻമാർ ശ്രമിച്ചിരുന്നില്ല. ബ്രിട്ടീഷുകാരുടെ വരവോടെ നിയന്ത്രണങ്ങൾ, നികുതികൾ, ജോലികൾ, വനനിയമങ്ങൾ എന്നിവയിലൂടെ ഗോത്ര സഞ്ചാരമേഖലകൾ ക്രമപ്പെടുത്താൻ തുടങ്ങി. ജനസംഖ്യാ നിർണയത്തിലൂടെയും വംശീയ പഠനങ്ങളിലൂടെയും ആദിമവാസികളെ ഭരണകൂടത്തിന് അനുസൃതമായി പാകപ്പെടുത്തി.

ഗ്രാമക്കാർ എന്നറിയപ്പെടുന്ന ജനവിഭാഗത്തെ, സെൻസസ് റിപ്പോർട്ടുകളിലും എൺപതുകളുടെ മധ്യം വരെയുള്ള സർക്കാർ രേഖകളിലും പട്ടികവർഗമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1984നുശേഷം ഇവിടെ ആർക്കും ജാതി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.

അധിനിവേശ അധീശത്വത്തിന്റെ ഉപകരണമായാണ് ആദ്യകാല ജനസംഖ്യാ ഗണനയും സ്ഥിതിവിവരക്കണക്കുകളുടെ രേഖപ്പെടുത്തലും നരവംശശാസ്ത്രവും പ്രവർത്തിച്ചത്. പിൽക്കാല ദേശീയ നരവംശപഠനങ്ങൾ കൃത്യമായ ലക്ഷ്യങ്ങളോടെ ഗോത്ര, ജാതി, സമൂഹങ്ങളെ നിർവചിക്കുകയോ മായ്ച്ചുകളയുകയോ ചെയ്യുന്നതിന് അധിനിവേശ നരവംശയുക്തിയുടെ വഴിയേ തന്നെ സഞ്ചരിക്കുന്നതായി കാണാം. വംശീയതയുടെ വരേണ്യയുക്തി മാത്രമല്ല ഇവിടെ പ്രവർത്തിക്കുന്നത്. സാമ്പത്തിക/അധികാര ബലതന്ത്രവും ഇതുമായി കൂടിച്ചേരുന്നു. സർട്ടിഫിക്കറ്റുകൾ, സർക്കാർ സാക്ഷ്യപത്രങ്ങൾ, ഭൂമിയുടെ അവകാശം സംബന്ധിക്കുന്ന രേഖകൾ, രാജാക്കൻമാരുടെയോ, ഭരണാധികാരികളുടെയോ ഉത്തരവുകൾ, നീട്ടുകൾ തുടങ്ങിയ ‘ആധികാരിക' രേഖകൾ ഭരണനിർവഹണത്തെ വസ്തുനിഷ്ഠമാക്കുന്നതിനുള്ള ചരിത്ര യുക്തികളായിത്തീരുന്നു. ഈ ഭരണകൂടയുക്തിയുടെ ഇരകളായിത്തീരുകയാണ് ഹൈറേഞ്ചിലെ ഗോത്രസമൂഹങ്ങളിൽ ഒന്നായ ഗ്രാമക്കാർ.

Photo: K. R. Sunil

അഞ്ചുനാട്ടുകാർ ഒറ്റഗോത്രമായിരുന്നു. നൂറ്റാണ്ടുകൾക്കപ്പുറം മറയൂർ തടത്തിലേക്ക് കുടിയേറിവന്നവർ. പലകൂട്ടമായി പിരിഞ്ഞ് അഞ്ച് ഊരുകൾ സ്ഥാപിച്ച് കുടിപാർത്തവർ. ഗ്രാമക്കാർ (ഊരുകാർ) എന്നറിയപ്പെടുന്ന ജനവിഭാഗം 1980 കളുടെ പകുതിവരെ പട്ടികവർഗക്കാരായിരുന്നു. പിന്നീട് അവർ ജാതിയില്ലാത്ത സമൂഹമായി. അധിനിവേശ- അനന്തരകാല സെൻസെസ് റിപ്പോർട്ടുകളിലും എൺപതുകളുടെ മധ്യം വരെയുള്ള സർക്കാർ രേഖകളിലും ഇവർ പട്ടികവർഗമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1984നുശേഷം ഇവിടെ ആർക്കും ജാതി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഗ്രാമക്കാർ പട്ടികവർഗമാണോ എന്ന സംശയം റവന്യു അധികൃതർ ഉന്നയിച്ചത് മുതലാണ് ഇവർ സർക്കാർ ഔദ്യോഗിക രേഖകളിൽ നിന്ന് പുറത്താകുന്നത്. തുടർന്ന് അവരുടെ ജാതി ഏതെന്ന അന്വേഷണം സർക്കാർ സംവിധാനങ്ങൾ ആരംഭിക്കുന്നു (സർവേ, നരവംശ പഠനങ്ങൾ, നേരിട്ടുള്ള തെളിവെടുപ്പുകൾ എന്നിങ്ങനെ). ജാതിക്കായുള്ള ഗ്രാമക്കാരുടെ ദുർബലവും പരാജിതവുമായ പ്രതിരോധങ്ങൾ തുടരുന്നു. കീഴാള ജനതയുടെ ജീവലോകത്തെ ഭരണകൂട- ദേശീയതയുടെ വ്യവഹാരങ്ങൾ എങ്ങനെ പ്രവർജിക്കുന്നു എന്നതിന്റെ മികച്ച അനുഭവമാണ് അഞ്ചുനാട്ടിലെ ഗ്രാമക്കാരുടെ ജീവിതം. അവരുടെ ഓർമകളിലൂടെയും മറവികളുടെ വിളുമ്പുകളിലൂടെയും നടത്തുന്ന പുനരന്വേഷണത്തിലൂടെ അവരുടെ വ്യവഹാരങ്ങൾ വീണ്ടെടുക്കാനും സമകാലികമാക്കിത്തീർക്കാനും കഴിയും. ഗ്രാമീണരുടെ ഓർമകളിലൂടെ, സംഭാഷണങ്ങളിലൂടെ, മാധ്യമവാർത്തകളിലൂടെ, സർക്കാർ- കോടതി രേഖകളിലൂടെ, നരവംശശാസ്ത്ര പഠനങ്ങളിലൂടെ അഞ്ചുനാടിനെ വായിക്കാനുള്ള ശ്രമം പ്രാധാന്യമുള്ളതാണ്.

വ്യവസ്ഥാപിത ജാതിക്കും ജാതി വിചാരങ്ങൾക്കും മുമ്പാണ് ഊരുകാർ പല ഗോത്രസ്വത്വങ്ങളെ വിട്ടൊഴിയുന്നത്. ജാതി എന്ന പദം തന്നെ വാങ്മയങ്ങളിൽ പിന്നീട് വന്നുഭവിച്ചതാകാനാണ് സാധ്യത.

ആരാണ് അഞ്ചുനാട് ഗ്രാമക്കാർ?

കൊടൈക്കനാൽ, മൂന്നാർ മലകൾക്കിടയിൽ മറയൂർ തടത്തിലും പരിസരത്തുമുള്ള മലമടക്കുകളിലുമായി നിലനിൽക്കുന്ന ഗോത്രജീവിത ഭൂപ്രദേശമാണ് അഞ്ചുനാട്. മറയൂർ, കാന്തല്ലൂർ, കോവിലൂർ, കീഴാന്തൂർ, കൊട്ടക്കുടി എന്നീ ദേശങ്ങളാണ് അഞ്ചുനാടുകൾ എന്നറിയപ്പെടുന്നത്. ഇതിൽ കൊട്ടക്കുടി ഇപ്പോൾ തമിഴ്നാട്ടിലാണ്. ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ, വട്ടവട ഗ്രാമപഞ്ചായത്തുകളിലായി ഈ ഗ്രാമങ്ങൾ സ്ഥിതിചെയ്യുന്നു. ഊർക്കാർ (ഊരുകാർ, ഗ്രാമക്കാർ) എന്നാണ് ഈ ഗോത്രജനത അറിയപ്പെടുന്നത്. കുടിയേറ്റത്തിലൂടെ എത്തിച്ചേർന്ന ഇതര സമൂഹങ്ങളുമായി കലർന്നു ജീവിക്കുന്നതിനാൽ ജീവിതരീതികളിൽ ചില മാറ്റങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ഗ്രാമക്കാർ ഏറക്കുറെ ഗോത്രജീവിതമാണ് ഇന്നും പിന്തുടരുന്നത്. മാടുവളർത്തലും കൃഷിയും നായാട്ടുമൊക്കെയായിരുന്നു അപ്പനപ്പൂപ്പന്മാരുടെ കാലത്തെ ജീവനോപാധികൾ. ഇപ്പോൾ കാടും മാടും നഷ്ടപ്പെട്ട ഇവർ കുടിയേറ്റക്കാരുടെ കൃഷിയിടങ്ങളിൽ കൂലിപ്പണിക്ക് പോകുന്നു. ആദിവാസി ഗോത്രങ്ങൾക്കെല്ലാം സംഭവിച്ച ഭൂമി അന്യാധീനപ്പെടൽ അതേ തീവ്രതയോടെ ഇവിടെയും ‘സംഭവി'ക്കുന്നുണ്ട്.

കൊടൈക്കനാൽ, മൂന്നാർ മലകൾക്കിടയിൽ മറയൂർ തടത്തിലും പരിസരത്തുമുള്ള മലമടക്കുകളിലുമായി നിലനിൽക്കുന്ന ഗോത്രജീവിത ഭൂപ്രദേശമാണ് കോവിലൂർ. / Photo: K R Ranjith

മറഞ്ഞിരിക്കുന്ന ഊര് എന്നതിൽ നിന്നാണ് മറയൂർ എന്ന പേര് രൂപപ്പെടുന്നത്. മലകൾക്കിടയിൽ ദുർഘടമായ കാടുകൾക്കുനടുവിലായിരുന്നു മറയൂർ ഉൾപ്പെടെയുള്ള ഈ ഗ്രാമങ്ങൾ. കുടിയേറ്റം ഉണ്ടാവുന്നതിനുമുമ്പ് ഈ പ്രദേശങ്ങളിൽ മുതുവാൻമാരും മലയരും മലപ്പുലയരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘‘ഞങ്ങൾ മുതുവാൻമാരെ ഉറവുകാർ (ബന്ധു) എന്നാണ് വിളിക്കുന്നത്’’, മറയൂർ ഗ്രാമത്തിലെ ധനുഷ്‌കോടി പറയുന്നു: ‘‘മുതുവാൻ സ്ത്രീകളെ ഉറവുകാരി എന്നും. മുതുവാൻമാരെപ്പോലെ ഞങ്ങൾക്കും കുളിവീടുണ്ട്. (സ്ത്രീകൾ ആർത്തവസമയത്ത് ഗ്രാമത്തിന് പുറത്തുള്ള കുളിവീടുകളിലാണ് താമസിക്കുക. ഒറ്റയ്ക്കാണെങ്കിലും അവിടെയേ കിടക്കാവൂ. പല ആദിവാസി ഗോത്രസമൂഹങ്ങളിൽ ഇപ്പോഴും ഈ ആചാരം നിലനിൽക്കുന്നു). അവരെപ്പോലെതന്നെ കാതുകുത്തും തലയിൽക്കെട്ടും ഉണ്ട്. ഇപ്പോൾ ഇത് കല്യാണത്തിന് മാത്രമേ ഉള്ളൂ. മുതുവാൻമാർ ചെയ്തിരുന്നതെല്ലാം ഞങ്ങളും ചെയ്തിരുന്നു. മുതുവാന്മാരുമായി ഞങ്ങൾക്ക് ബാർട്ടർ പോലെയുള്ള കൈമാറ്റ സംവിധാനം ഉണ്ടായിരുന്നു. മധുരക്കിഴങ്ങ്, റാഗി എന്നിവ അവരിൽ നിന്ന് വാങ്ങുകയും പകരം നെല്ലും കാന്താരിമുളകും കൊടുക്കുകയും ചെയ്യും'' (രൺജിത്, കെ. ആർ. 2008: 31-36).

വ്യത്യസ്ത ജാതിയിൽ പെട്ടവരായിരുന്നു ഗ്രാമക്കാർ എന്ന് സ്ഥാപിക്കുന്നതിനാണ് റവന്യൂ അധികൃതർ അവരുടെ തന്നെ പുരാവൃത്തം എടുത്തുപയോഗിക്കുന്നത്. ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ ജാതിസങ്കൽപ്പ രീതികളും അറിവുകളും ചേർത്തുവെച്ച്​ പുരാവൃത്തങ്ങളെ വ്യാഖ്യാനിക്കുകയാണവർ.

ഗ്രാമക്കാർ എന്ന പേരുവന്നതിനുപിന്നിൽ പറഞ്ഞുകേൾക്കുന്ന ഒരു ഐതിഹ്യമുണ്ട്. തമിഴ്നാട്ടിൽനിന്ന്​ കാടുകയറിയെത്തിയ പൂർവികർ മറയൂർ കുന്നിലെ അഞ്ചുനാട്ടാം പാറയിൽ ഒത്തുചേർന്നു. തുടർന്ന്, ഒരു പ്രതിജ്ഞ എടുക്കുന്നു. ഗ്രാമങ്ങൾക്കുപുറത്തുനിന്ന് വിവാഹം ചെയ്യില്ല, ആചാരങ്ങൾ നിലനിർത്തും എന്ന്. ഒപ്പം, ഇനി ജാതിയുടെ പേരിലായിരിക്കില്ല, ഗ്രാമക്കാർ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്നും എല്ലാവരും പാലിൽത്തൊട്ട് സത്യം ചെയ്തുവത്രേ. അന്നുമുതൽ അവർ ഗ്രാമക്കാർ എന്നറിയപ്പെട്ടു. അഞ്ചുനാട്ടാംപാറ ഇന്നും ഇവരുടെ ജീവിതത്തിൽ പ്രധാനമാണ്. പണ്ടുകാലങ്ങളിൽ ദൈവത്തിന് നിരക്കാത്ത തെറ്റുചെയ്യുന്നവർക്കുള്ള ശിക്ഷ അഞ്ചുനാട്ടാം പാറയിൽ കടുകുവിതറി അതിന് മുകളിലൂടെ ഓടാൻ കൽപിക്കലായിരുന്നു. പാറയിൽനിന്ന് ഉരുണ്ടുവീണ് താഴെയുള്ള ഗർത്തത്തിലേക്ക് പതിക്കുമ്പോൾ ശിക്ഷ പൂർത്തിയാകുന്നു. അഞ്ചുഗ്രാമക്കാരും പണ്ടുകാലങ്ങളിൽ സംയുക്തയോഗം ചേർന്നിരുന്നതും ഈ പാറയിൽ തന്നെ.

പല ഗോത്രങ്ങളിൽനിന്ന് വന്നവരാണെന്നും വ്യത്യസ്ത ഊരുകളിൽനിന്ന് വന്നവരാണെന്നും പുരാവൃത്തങ്ങൾക്ക് ഭേദങ്ങളുണ്ട്. ‘ഊരുകാർ' എന്ന പൊതുനാമത്തിലാണ് ഗോത്രം ഇന്നറിയപ്പെടുന്നത്. സ്വയം തിരിച്ചറിയുകയും പൊതുജീവിതത്തിന് സ്വന്തം സമൂഹത്തെ പ്രാപ്തമാക്കുകയും ചെയ്യുന്ന ചലനാത്മകമായ ഗോത്രചിന്തയാണ് ഈ പുരാവൃത്തം പങ്കുവെക്കുന്നത്. എന്നാൽ, പിൽക്കാലത്ത് ഊരുകാർക്ക് ജാതി നിഷേധിക്കുന്ന ഘട്ടത്തിൽ സർക്കാർ രേഖകൾക്കും സാക്ഷ്യപത്രങ്ങൾക്കും നരവംശപഠനങ്ങൾക്കുമൊപ്പം ഈ പുരാവൃത്തവും ഉപയോഗിക്കുന്നുണ്ട്. വ്യത്യസ്ത ജാതിയിൽ (ഗോത്രങ്ങളിലല്ല) പെട്ടവരായിരുന്നു ഗ്രാമക്കാർ എന്ന് സ്ഥാപിക്കുന്നതിനാണ് റവന്യൂ അധികൃതർ അവരുടെ തന്നെ പുരാവൃത്തം എടുത്തുപയോഗിക്കുന്നത്. ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ ജാതിസങ്കൽപ്പത്തിലും വ്യവസ്ഥാപിത ജാതി ചരിത്രത്തിന്റെ രീതികളും അറിവുകളും ചേർത്തുവെച്ച്​ പുരാവൃത്തങ്ങളെ വ്യാഖ്യാനിക്കുകയാണ് അവർ ചെയ്​തത്​. വ്യവസ്ഥാപിത ജാതിക്കും ജാതി വിചാരങ്ങൾക്കും മുമ്പാണ് ഊരുകാർ പല ഗോത്രസ്വത്വങ്ങളെ വിട്ടൊഴിയുന്നത്. ജാതി എന്ന പദം തന്നെ വാങ്മയങ്ങളിൽ പിന്നീട് വന്നുഭവിച്ചതാകാനാണ് സാധ്യത.

Photo: K R Ranjith

ഊരുകാലം

ഇരുമ്പുയുഗത്തിന്റെ ആവിർഭാവത്തോടെ കാർഷിക ജീവിതവും സജീവമാകുന്നതായി ചരിത്രം പറയുന്നു. കാട്ടിനുള്ളിൽനിന്ന് സമതലങ്ങളിലേക്ക് മനുഷ്യർ ഇറങ്ങി. കൃഷിയിടങ്ങൾ രൂപപ്പെട്ടതോടുകൂടി കാർഷിക ഗ്രാമങ്ങൾ പിറവികൊണ്ടു. ആദിമ ഗ്രാമങ്ങളെ ഊരുകളെന്ന് വിളിച്ചു. രക്തബന്ധത്തിലുള്ള കൃഷിക്കാരുടെ ഒരുമിച്ചുള്ള വാസസ്ഥലമായിരുന്നു ഊര്. രക്തബന്ധത്തിൽ അധിഷ്ഠിതമായ കാർഷികബന്ധമായിരുന്നു ഊരിലെ മനുഷ്യബന്ധം. ഊരുകളും മനുഷ്യവിഭാഗങ്ങളും ഊരുമൂപ്പൻമാരും ഉണ്ടാകുന്നത് ഇതിന്റെ തുടർച്ചയായാണ്. ഇതേ ജീവിത പരിസരമാണ് തമിഴ്നാട്ടിലും നിലനിന്നിരുന്നത്. കേരളവും തമിഴ്നാടും ചേരുന്നതായിരുന്നു അന്നത്തെ തമിഴകം. അന്നത്തെ ഉൽപ്പാദനം ജനസംഖ്യാനുപാതത്തിൽ ഒന്നിനും തികയുമായിരുന്നില്ല. അപ്പോൾ വിഭവങ്ങൾക്കായി ഊരുകൾ തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി. ഓരോ മൂപ്പനും അന്യന്റെ ഊരുകൾ കൊള്ളയടിച്ചു. പശുക്കളെയും കാർഷിക വിഭവങ്ങളും എടുത്തുകൊണ്ടുപോയി. യുദ്ധങ്ങളിൽ കുടികളും കൃഷിയിടങ്ങളും കത്തി. കൃഷിക്കാരുടെ ജീവിതം പൊറുതിമുട്ടി.

ഇന്ന് മറയൂർ ഗ്രാമത്തിലെത്തുന്ന ‘സാറൻമാരോ'ടെല്ലാം മുൻകാല ഗോത്ര ജീവിതത്തിന്റെ തെളിവുകൾ നിരത്തി സ്വന്തം ജാതി തെളിയിക്കേണ്ട അവസ്ഥയിലാണ് ഈ ആദിവാസി ജനത.

തെക്കേ ഇന്ത്യയിലേക്കുള്ള ബ്രാഹ്മണരുടെ ആഗമനവും കാർഷിക ഭൂബന്ധങ്ങളിൽ മാറ്റങ്ങൾ വരുന്നതും ഇതേ കാലത്താണ്. രക്തബന്ധത്തിലധിഷ്ഠിതമായിരുന്ന കാർഷിക ഭൂബന്ധങ്ങളിൽ വിള്ളലുണ്ടാക്കി ദാനമായും ഭിക്ഷയായും ഭൂമി സ്വന്തമാക്കി ബ്രാഹ്മണർ സമാന്തരമായി ശക്തിയാർജിക്കുന്നു. യുദ്ധവും കാർഷിക നഷ്ടവും ദാരിദ്ര്യവും പൊറുതിമുട്ടിച്ചപ്പോൾ പലരും ഊരുകൾ വിട്ട് ഓടിപ്പോയി. നിദാന്തമായ പലായനങ്ങളിലൂടെ വ്യത്യസ്ത ഊരുകളിലെ മനുഷ്യർ സഹ്യഗിരികളിലേക്ക് എത്തിച്ചേർന്നതാകാം. വ്യത്യസ്ത ഊരുകളിൽ പെട്ടവർ. വ്യത്യസ്ത രക്തബന്ധത്തിൽ പെട്ടവർ. രക്തബന്ധത്തിന് അനുസരിച്ചായിരുന്നുവല്ലോ ഊരുകളും അതിർത്തികളും കാർഷിക ഭൂബന്ധങ്ങളും നിലനിന്നിരുന്നത്. അഞ്ചുനാട്ടാം പാറയിൽ ഒത്തുകൂടി സ്വച്ഛന്ദമായ വനത്തിൽ പുതിയൊരു ജീവിതം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ഊരുപേരുകളുടെ ഭൂതകാലം മായ്ച്ചുകളയാൻ അവർ ഒരുമിച്ച് തീരുമാനിച്ചതാകാം. പാലിൽ തൊട്ട് ഇനി തങ്ങളിൽ വ്യത്യസ്ത ഊരുകളില്ലെന്ന് നിശ്ചയിച്ചതുമാകാം. ഊരുനാമങ്ങളായിരുന്നല്ലോ പുരാതന ഗോത്രനാമങ്ങൾ. വ്യത്യസ്ത ഗോത്ര നാമങ്ങളിൽനിന്ന് ഒന്ന് തെരഞ്ഞെടുക്കുകയായിരുന്നില്ല, മറിച്ച് ഗോത്രനാമം തന്നെ മായ്ച്ചുകളഞ്ഞ്​ ഊരുകാർ എന്ന ബഹുവചനത്തിലേക്ക് സ്വയം വിപുലപ്പെടുകയായിരുന്നു ആ സമൂഹം. അതിനാൽതന്നെ ഊരുകാരെ പ്രാക്തന ഗോത്ര ചരിത്രത്തിന്റെ തുടർച്ചയായാണ് മനസ്സിലാക്കേണ്ടത്. മറിച്ച്, ജാതിവ്യവസ്ഥയുടെയും അധിനിവേശ നരവംശ പഠനത്തിന്റെയും കീഴ്​മേൽഘടനയുടെ രീതിശാസ്ത്രത്തിനുള്ളിൽ നിന്ന്​ ഗോത്രസംസ്‌കാരത്തെ വായിക്കാനുള്ള ശ്രമങ്ങൾ അർത്ഥവത്തായിരിക്കില്ല.

Photo: K R Ranjith

ആദിമജീവിതത്തിന്റെ ഓർമകൾ

മറയൂരിലെ ചന്ദനക്കാടുകൾ, കീഴാന്തൂരിലെ മഴനിഴൽ പ്രദേശങ്ങൾ കാന്തല്ലൂരിലെ ചോലവനങ്ങൾ, കുറിഞ്ഞികൾ പൂക്കുന്ന കുറിഞ്ഞിമല (ഇപ്പോഴത്തെ കുറിഞ്ഞി സങ്കേതം) എന്നീ വനമേഖലകളുമായി അഭേദ്യമായ ബന്ധം പുലർത്തുന്നതായിരുന്നു ഗ്രാമക്കാരുടെ ജീവിതം.

‘‘വർഷത്തിൽ രണ്ടുതവണ ഞങ്ങൾ കാട്ടിൽ വേട്ടയ്ക്ക് പോകുമായിരുന്നു. ഒരാഴ്ച നീളുന്നതാണ് ഓരോ വേട്ടയാടലും. അരിയും മുളകും അടക്കം ആഴ്ചയിൽ പുലരാനുള്ള വസ്തുക്കളുമായാണ് കാടുകയറുക. മ്ലാവ്, പന്നി, മാൻ, മുയൽ, ചിറകുമാൻ എന്നിവ മുതൽ എലി, അണ്ണാൻ എന്നിവയെ വരെ പിടിച്ചുതിന്നും. പശു, ആന, പോത്ത്, മയിൽ, കിളി എന്നിവയെ ഉപദ്രവിക്കില്ല. മലമ്പാമ്പിനേയും തിന്നിട്ടുണ്ട്. ഫോറസ്റ്റുകാർ വന്നതിൽപിന്നെയും കുറയേറെക്കാലം ഞങ്ങൾക്ക് പ്രത്യേക അനുമതി തന്നിരുന്നു, നായാട്ടിന് പോകാൻ'' (രൺജിത്, കെ. ആർ).

വനസംരക്ഷണ നിയമം നടപ്പാകുന്നതോടെ ആദിമനിവാസികളുടെ വേട്ടയാടൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നു. പിന്നീട് അത് നിരോധിക്കുന്നു. വനപരിപാലന നിയമപ്രകാരം ഗോത്രമനുഷ്യർക്ക് വേട്ടയാടാൻ നിയന്ത്രിത അനുവാദം നൽകിയിരുന്ന കാലത്ത് വനവാസികളായിരുന്ന ഗ്രാമക്കാർക്ക് (ഊരുകാർ) ഈ അവകാശം ലഭിച്ചിരുന്നു. അതായത്, ബ്രിട്ടീഷ് കാർഷികാധിനിവേശ കാലത്ത് ഗ്രാമക്കാരെ ഗോത്രജനതയായാണ് കണക്കാക്കിയിരുന്നത്.

അഞ്ചുഗ്രാമങ്ങളിലെ വളരെക്കുറച്ച് ആദിവാസി കുടുംബങ്ങൾക്കുമാത്രമേ അല്പമെങ്കിലും കൃഷിഭൂമി ബാക്കിയുള്ളൂ. 90 ശതമാനം പേർക്കും ഒരു സെന്റുപോലും ഭൂമിയില്ലാത്ത അവസ്ഥയാണ്.

ഇന്ന് മറയൂർ ഗ്രാമത്തിലെത്തുന്ന ‘സാറൻമാരോ'ടെല്ലാം മുൻകാല ഗോത്ര ജീവിതത്തിന്റെ തെളിവുകൾ നിരത്തി സ്വന്തം ജാതി തെളിയിക്കേണ്ട അവസ്ഥയിലാണ് ഈ ആദിവാസി ജനത. തങ്ങൾ വനത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്നവരാണെന്ന് തെളിയിക്കാൻ, നരവംശ ശാസ്ത്രജ്ഞർ ‘വ്യാജന്മാർ' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നതിനെതിരെ വാമൊഴിപ്പഴമയുടെയും അനുഭവങ്ങളുടെയും ഓർമ്മയുടെയും ചരിത്രസാക്ഷ്യങ്ങൾ കൊണ്ട് ‘ദുർബലമായ' പ്രതിരോധം തീർക്കുകയാണ് മറയൂർ ഗ്രാമത്തിലെ മുരുകേശനും പ്രഹ്ലാദനും കതിരേശനുമൊക്കെ. മറയൂർ ഗ്രാമകേന്ദ്രത്തിൽ അവരെല്ലാം ഒന്നിച്ചിരുന്ന് ഗ്രാമത്തിന്റെ ആദിജീവിതം വിവരിക്കുന്നു. ‘‘കിഴങ്ങ്, വള്ളിക്കിഴങ്ങ്, മുളയരി, മുളയുടെ കുരുന്ന്, അതെല്ലാം കഴിക്കുമായിരുന്നു. അടിമാലിയിൽനിന്ന് വണ്ടിയോടാൻ തുടങ്ങിയതു മുതൽക്കാണ് കപ്പയൊക്കെ വരുന്നത്. ആദ്യമൊക്കെ കപ്പ തിന്നാൻ പേടിയായിരുന്നു. അത് തിന്നാൽ തലയ്ക്ക് ഭ്രാന്ത് വരുമോ എന്നായിരുന്നു അന്നത്തെ പേടി. ഇടിസമയത്ത് (ഇടിമിന്നൽ) കൂൺ പൊന്തും. മുള പൂത്ത് പാകമാവുമ്പോൾ ഓരോ ചുവട് ഓരോ കുടുംബത്തിനെന്ന് വീതിക്കും. ആഴ്ചകൾ മുമ്പേ മുളഞ്ചോടെല്ലാം വൃത്തിയാക്കിയിടും. മുളയരി വീഴുമ്പോൾ ചെന്നെടുത്ത് കഞ്ഞിവെച്ച് കുടിക്കും. തേനെടുക്കാൻ പോവും. കാട്ടിലെ പഴങ്ങളെല്ലാം തിന്നും. അത്തിയും ആളാംപഴവും അരിശിപ്പഴവും ഈറ്റപ്പഴവും തിന്നും. മാറാംപഴം, ശേല, ഞാവൽ, ചോലവനത്തിൽ മാത്രം കാണുന്ന നഗരമരത്തിന്റെ പഴം, കൊട്ടപ്പഴം... ഇതൊക്കെയും കിട്ടും. ചക്കപ്പഴം പിന്നീടാണ് വരുന്നത്.'' ഓർമകൾ തുടരുന്നു.

Photo: K R Ranjith

‘‘തലയിൽ തേക്കാൻ ആവണക്കിന്റെ എണ്ണയാണ് ഉപയോഗിച്ചിരുന്നത്. അത് ഞങ്ങൾതന്നെ ഉണ്ടാക്കും. ആവണക്കിൻ കുരു വെയിലിൽ ഉണക്കി ഉരലിൽ വെച്ചിടിച്ച് അടുപ്പിൽ വെച്ച് തിളപ്പിച്ച് തണുപ്പിച്ചെടുത്താൽ എണ്ണ മുകളിൽ പൊന്തിക്കിടക്കും. അത് ഒരു മാസം വരെയൊക്കെ കേടാവാതിരിക്കും. ഇലിപ്പ മരത്തിന്റെ കുരുവിൽ നിന്ന് എടുക്കുന്ന എണ്ണയാണ് പലഹാരം ഉണ്ടാക്കാനൊക്കെ എടുക്കുന്നത്. വെളിച്ചത്തിന് പിന്നമരത്തിന്റെ കുരുവെടുത്ത് ഇടിച്ചെടുക്കുന്ന എണ്ണയാണ്. വീട്ടിലും ദൈവത്തിനും ഇതുതന്നെ. വെള്ളക്കുനച്ചി, മാടത്തമ്പുരാൻ, കാളിയമ്മ, മാരിയമ്മ, തലവാസൽ കറുപ്പുസ്വാമി, കറുത്താടി കറുപ്പൻ, മലാഞ്ചപ്പൻ എന്നിവരാണ് ഞങ്ങളുടെ പ്രധാന ദൈവങ്ങൾ.’’

‘‘അടുപ്പിലെ ചാരം ചൂടുവെള്ളത്തിൽ കലക്കി അതിൽ മുക്കിയാണ് തുണി കഴുകിയിരുന്നത്.''

‘‘ഞങ്ങൾ കല്യാണം കഴിക്കുന്നതുവരെ മുടിവെട്ടില്ല, താടിയും വടിക്കില്ല. മുണ്ട് കോണകം പോലെയേ ഉടുക്കൂ. കല്യാണത്തലേന്ന് പാതിരാത്രി കഴിഞ്ഞ് മുടി വെട്ടിക്കളയും.''

‘‘ഞങ്ങൾക്ക് പൂഞ്ഞാർ രാജാവ് പട്ടയം തന്നിരുന്നു.''

‘‘നെല്ല്, റാഗി, മുതിര എന്നിവയായിരുന്നു പ്രധാന കൃഷി.''

‘‘പതിനഞ്ച് വർഷം മുമ്പുവരെ ഇവിടെ നെല്ല് നന്നായി വിളഞ്ഞിരുന്നു. ഇന്നിപ്പോൾ നെല്ലില്ല. എല്ലാ വീട്ടുകാർക്കും മാടുണ്ടായിരുന്നു. മാടിന് മൂക്കുപ്പിടി (മൂക്കുകയർ) ഇല്ലായിരുന്നു. 'ഓ' എന്ന് പറഞ്ഞാൽ കാള നിൽക്കും. ‘ഓഹോ' എന്നുപറഞ്ഞാൽ തിരിയും.''

ഇന്ന് ഒരു കുടുംബത്തിലും മാടുകൾ ഇല്ല. ഇത് അവരുടെ ആഹാര ശീലത്തെയും മാറ്റി മറിച്ചു. പാൽ അവരുടെ ഭക്ഷണത്തിൽനിന്നും ഒഴിഞ്ഞുപോയി. വിലകൊടുത്ത് പാൽ വാങ്ങാൻ ശേഷിയുള്ളവർ വളരെകുറവാണ്.

‘‘പണ്ടുകാലത്ത് സർക്കാരിലേക്ക് വർഷത്തിലൊരിക്കൽ കരമൊടുക്കണം. നെല്ല് വിലയ്ക്ക് കൊടുത്താണ് കരമൊടുക്കിയിരുന്നത്. അന്ന് നൂറ് പടി നെല്ലിന് രണ്ടുരൂപയേ ഉള്ളൂ. കിസ്തി എന്നാണ് കരത്തിന് പറഞ്ഞിരുന്നത്. അത് കൊടുക്കാതെ വന്നപ്പോൾ ഭൂമിയെല്ലാം ലേലത്തിൽ പോയി. കുറേപ്പേർ വിറ്റുകളഞ്ഞു. അതിൽ അധികവും വാങ്ങിയത് പാലാക്കാരായിരുന്നു. 1966നുശേഷമാണ് കുടിയേറ്റക്കാർ അധികവും വരുന്നതും ഭൂമി കൈവിട്ടുപോവുന്നതും. എന്റെ അപ്പന് 25 ഏക്കർ സ്ഥലം ഉണ്ടായിരുന്നു. ഇപ്പോൾ ഒരു സെന്റുപോലുമില്ല. കരം തീർക്കാത്തതുകൊണ്ട് എല്ലാം ലേലത്തിൽ പോയി. വില്ലേജിലെ ആളുകൾ വന്ന് കുറെ ലേലത്തിൽ പിടിച്ചു. കുത്തകപ്പാട്ടം പിടിച്ചവരും അവർ തന്നെ. അന്ന് ഞങ്ങൾക്കാർക്കും വിദ്യാഭ്യാസവും വിവരവുമില്ലല്ലോ'' (രൺജിത്, കെ. ആർ).

അഞ്ചുഗ്രാമങ്ങളിലെ വളരെക്കുറച്ച് ആദിവാസി കുടുംബങ്ങൾക്കുമാത്രമേ അല്പമെങ്കിലും കൃഷിഭൂമി ബാക്കിയുള്ളൂ. 90 ശതമാനം പേർക്കും ഒരു സെന്റുപോലും ഭൂമിയില്ലാത്ത അവസ്ഥയാണ്. / Photo: Ajith Saras Ajith, Sanchari Facebook Group

അഞ്ചുഗ്രാമങ്ങളിലെ വളരെക്കുറച്ച് ആദിവാസി കുടുംബങ്ങൾക്കുമാത്രമേ അല്പമെങ്കിലും കൃഷിഭൂമി ബാക്കിയുള്ളൂ. 90 ശതമാനം പേർക്കും ഒരു സെന്റുപോലും ഭൂമിയില്ലാത്ത അവസ്ഥയാണ്. നെൽകൃഷി നിലയ്ക്കുകയും കാടിനുള്ളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കപ്പെടുകയും ചെയ്തതോടെ കാലിക്കൂട്ടത്തെ പോറ്റുന്നത് ബാധ്യതയായി. ഇന്ന് ഒരു കുടുംബത്തിലും മാടുകൾ ഇല്ല. ഇത് അവരുടെ ആഹാര ശീലത്തെയും മാറ്റി മറിച്ചു. പാൽ അവരുടെ ഭക്ഷണത്തിൽനിന്നും ഒഴിഞ്ഞുപോയി. വിലകൊടുത്ത് പാൽ വാങ്ങാൻ ശേഷിയുള്ളവർ വളരെകുറവാണ്. യുവാക്കളടക്കം അന്യാധീനപ്പെട്ട ഭൂമിയിലെ കരിമ്പുപാടങ്ങളിൽ കൂലിപ്പണിക്ക് പോകുന്നു. ആണുങ്ങൾക്ക് നൂറ് രൂപയും പെണ്ണുങ്ങൾക്ക് അമ്പതു മുതൽ അറുപതു രൂപവരെയുമാണ് ദിവസക്കൂലി.

ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒന്നൊന്നായി നഷ്ടപ്പെടുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കുകയാണ് കീഴാന്തൂരിലെ ആദിവാസി ജനത. അതോടൊപ്പം ജാതി നിർണയത്തിലെ അവർക്കൊന്നും മനസ്സിലാകാത്ത നൂലാമാലകൾ കൊണ്ട് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഇവരിൽ നിന്ന് തട്ടിയകറ്റപ്പെടുന്നു.

‘‘ഞങ്ങടെ ഓരോ ഗ്രാമത്തിലും ഓരോ ഭാഷയാണ്. ആചാരങ്ങളിലും വ്യത്യാസമുണ്ട്. വിളക്കുനച്ചി, മാടന്തമ്പുരാൻ, കാളിയമ്മ, മാരിയമ്മ, തലവാസൽ കറുപ്പുസ്വാമി, കറുത്താടി കറുപ്പൻ, മലയാഞ്ചപ്പൻ എന്നിങ്ങനെ പല ദൈവങ്ങളേയും ആരാധിക്കുന്നു’’- കാരയൂർ ഗ്രാമത്തിലേക്കുള്ള വഴിയിൽ ദേവരാശനെ കണ്ടുമുട്ടി. പണ്ടത്തെ കാര്യങ്ങളെല്ലാം പറയാൻ ബസ് സ്റ്റോപ്പിൽ കയറിയിരുന്നു. ദേവരാശൻ ചോലവനം താണ്ടി കാന്തല്ലൂരു പോയി രണ്ടാം ക്ലാസുവരെ പഠിച്ചിട്ടുണ്ട്. സ്‌കൂളിൽ പോവുമ്പോൾ കുടയോ ഷർട്ടോ ഇല്ല. തോർത്ത് മുണ്ട് പോലെയുള്ള ഒരു തുണിയാണ് വേഷം. സ്ലേറ്റുണ്ടായിരുന്നു. പിന്നെ ഹണ്ടി (മാവ് കുഴച്ച് വേവിച്ചെടുത്തത്) ഒരു തോർത്തുമുണ്ടിൽ കെട്ടി അമ്മമാർ കൊടുത്തയയ്ക്കും. കാട്ടിൽ ഒരുപാട് കാന്താരിയുണ്ടായിരുന്നു. പോകും വഴി അതും പറിച്ചെടുക്കും. ഹണ്ടിയും കാന്താരിയുമായിരുന്നു ഭക്ഷണം. ദേവരാശന് മലവേടൻ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. ‘‘മലവേടൻ സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. പിന്നെ ഒരുപാട് ഒച്ചപ്പാടുണ്ടായി. ഇപ്പോ ഒന്നും ഇല്ല.'' ഞങ്ങൾക്ക് മനസ്സിലാവാൻ വേണ്ടി പരമാവധി മലയാളം പറയാൻ അയാൾ ശ്രമപ്പെട്ടു, ‘‘സാറന്മാർ വന്തിട്ട് നമ്മ പൊയ് ശൊല്ലക്കൂടാത്. എനക്ക് ഏത് ശാതിയെന്ന് തെരിയാത്... പരമ്പരയായി വനത്തിലാണ്... അതുകൊണ്ട് മലവേടൻ ഏതെങ്കിലും ജാതി കിട്ടിയാൽ...'' ഏതെങ്കിലും ജാതി കിട്ടിയാൽ ഞങ്ങടെ മക്കൾക്കെങ്കിലും പഠിക്കാമായിരുന്നു എന്ന ദൈന്യതനിറഞ്ഞ അഭ്യർത്ഥനയാണ് എല്ലാവരുടെയും വാക്കുകളിൽ (രൺജിത്, കെ. ആർ).

കാരയൂരിൽനിന്ന് കിലോമീറ്ററുകൾ പിന്നിട്ട് കീഴാന്തൂർ ഗ്രാമത്തിലെത്തിയാലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ 170 ആദിവാസി കുടുംബങ്ങളിലായി 1200ലധികം ആളുകളുണ്ട്. കൃഷി തന്നെയാണ് ഇപ്പോൾ ഇവരുടെ പ്രധാന ജീവനമാർഗം. കാബേജും കാരറ്റും ഉരുളക്കിഴങ്ങും ബീൻസുമൊക്കെ കൃഷി ചെയ്യും. നേരത്തെ ഇവരുടെ കൃഷിയിടങ്ങളെ ജലസമൃദ്ധമാക്കിയിരുന്ന ചോല ഇപ്പോൾ വേനലാവാൻ നിൽക്കാതെ വറ്റിപ്പോവും. കാട്ടിലെല്ലാം ഗ്രാന്റിസ് വെച്ചുപിടിപ്പിച്ചതിന്റെ ഫലം. ഈ ആദിവാസിക്കുടിയുടെ ഏക ജലസ്രോതസ്സായിരുന്നു ഈ ചോല. ചോലയിലൂടെ ഒഴുകുന്ന വെള്ളം മലിനമാണെന്ന് ഇവർ പരാതിപ്പെടുന്നു. ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒന്നൊന്നായി നഷ്ടപ്പെടുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കുകയാണ് കീഴാന്തൂരിലെ ആദിവാസി ജനത. അതോടൊപ്പം ജാതി നിർണയത്തിലെ അവർക്കൊന്നും മനസ്സിലാകാത്ത നൂലാമാലകൾ കൊണ്ട് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഇവരിൽ നിന്ന് തട്ടിയകറ്റപ്പെടുന്നു.

പത്താം ക്ലാസിനുശേഷം പഠിക്കാനാരും പോവുന്നില്ല. ജാതി സർട്ടിഫിക്കറ്റ് എന്നത് ഒരു കുതിരക്കൊമ്പാണ്. സർട്ടിഫിക്കറ്റ് ചോദിച്ചുചെല്ലുമ്പോൾ റവന്യു അധികൃതർ ഞങ്ങളെ കള്ളന്മാരായാണ് കാണുന്നത്.

കാന്തല്ലൂരിലും നെല്ല് വിളയാതായിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. മലയക്കുടികളിൽ മാടുകൾ ഇല്ലാതായപ്പോൾ തട്ടുതട്ടായുള്ള ഭൂമിയിൽ ഉഴവ് നടക്കാതായി. ഓരോ കുടുംബത്തിനും പത്തുമുപ്പത് ആടുമാടുകളുള്ള കാലം ഈ പ്രദേശത്തിന്റെ അത്രയൊന്നും വിദൂരമല്ലാത്ത ഓർമകളിൽ ഇപ്പോഴുമുണ്ട്. ട്രാക്ടർ കൊണ്ടുവന്ന് ഉഴുന്നത് അതീവ ദുഷ്‌കരമാണ്. അതുകൊണ്ട് എല്ലാവരും പച്ചക്കറിയിലേക്ക് തിരിഞ്ഞു. പച്ചക്കറിയുടെ വിലയിലെ ഏറ്റക്കുറച്ചിലുകളും ഇടനിലക്കാരുടെ തന്ത്രങ്ങളും ഇവരുടെ ജീവിതങ്ങളെ നിയന്ത്രിക്കുന്നു. ഇപ്പോൾ അരിക്കുവേണ്ടി പലചരക്കുകടകളെ ആശ്രയിക്കേണ്ടി വരുന്നു.

മലയർ, മലവേടർ, വെള്ളാളർ, വെള്ളാളപിള്ള തുടങ്ങിയ വിവിധ ജാതിപ്പേരുകൾ അധികൃതർ ഇവർക്ക് തരംപോലെ ചാർത്തിക്കൊടുക്കുന്നു. 2010 നവംബർ 13ന് സർക്കാർജാതിപ്രഖ്യാപന സമ്മേളനം നടത്തി. അവിടെവെച്ച് ‘വെള്ളാളർ' എന്നൊരു ജാതി അവർക്ക് അനുവദിച്ചുകൊടുത്തു. ഇത് പട്ടികവർഗമോ പട്ടികജാതിയോ അല്ല, ഒ.ബി.സിയാണ്.

മൂന്നാറിൽനിന്ന് 45 കിലോമീറ്റർ കിഴക്കുമാറി വട്ടവട ഗ്രാമത്തിലെത്തുമ്പോഴും ജാതി നിഷേധിക്കപ്പെട്ട ജനതയുടെ നിസ്സഹായമുഖങ്ങൾ കണ്ടുമുട്ടും. ശീതകാല പച്ചക്കറികൾക്ക് പേരുകേട്ട വട്ടവടയിലെ ആദിവാസികൾക്ക് പേരിന് അൽപം ഭൂമിയുണ്ട്. ജാതിക്കുവേണ്ടി നിരന്തരം നിയമയുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന മുരുകൻ എന്ന അദ്ധ്യാപകനെ അന്വേഷിച്ചപ്പോൾ അയാൾ കാരറ്റ്‌ വിത്തുകൾ പാകുന്നതിന്റെ തിരക്കിലായിരുന്നു. മണ്ണുപുരണ്ട ശരീരത്തോടെ മുരുകൻ പാടത്തുനിന്ന് കയറിവന്നു. വെളുത്തുള്ളി മണക്കുന്ന ഇടുങ്ങിയ തെരുവിലൂടെ ഞങ്ങളെ വീട്ടിലേക്ക് നയിച്ചു. (കേരളത്തിൽ ഏറ്റവും കൂടുതൽ വെളുത്തുള്ളി കൃഷി ചെയ്യുന്ന സ്ഥലമാണ് വട്ടവട.) ‘‘എന്നും ഇതുപോലെ ചെറിയ കൃഷിയൊക്കെ ചെയ്ത് ജീവിക്കാമെന്നേ ഉള്ളൂ. പഠിച്ചവർക്കൊന്നും ഒരു ജോലിയും കിട്ടാത്തതുകൊണ്ട് എല്ലാവർക്കും പഠിക്കാനും താൽപര്യക്കുറവാണ്. പത്താം ക്ലാസിനുശേഷം പഠിക്കാനാരും പോവുന്നില്ല. ജാതി സർട്ടിഫിക്കറ്റ് എന്നത് ഒരു കുതിരക്കൊമ്പാണ്. സർട്ടിഫിക്കറ്റ് ചോദിച്ചുചെല്ലുമ്പോൾ റവന്യു അധികൃതർ ഞങ്ങളെ കള്ളന്മാരായാണ് കാണുന്നത്. അതുകൊണ്ട് കൂലിപ്പണിക്കോ കൃഷിപ്പണിക്കോ പോയി ജീവിക്കുന്നതാണ് നല്ലതെന്ന് എല്ലാവരുമങ്ങ് തീരുമാനിക്കുന്നുവെന്നേ ഉള്ളൂ'' (രൺജിത്, കെ. ആർ).

കാടും വനവിഭവങ്ങളും നായാട്ടുമായിരുന്നു ആദിപൂർവികരുടെ ജീവിതമാർഗം. കാടോടി ജീവിതം വിട്ട് അവർ കൃഷിയിലേക്കുതിരിഞ്ഞു. പല കാലഘട്ടങ്ങളിലൂടെ മറയൂർ തടത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെച്ചു. വട്ടവടയിൽ ഒഴികെ എല്ലായിടത്തും ഗ്രാമക്കാർ ഒരുമിച്ച് ഒരു ഗോത്രമായാണ് ഇന്നും ജീവിക്കുന്നത്. ഒരിക്കൽ ‘ജാതി' (ഗോത്രനാമം) ഉപേക്ഷിച്ച ജനത നൂറ്റാണ്ടുകൾക്കിപ്പുറം ഗോത്ര ജീവിതത്തിന്റെ ഇങ്ങേത്തലയ്ക്കൽ ‘ജാതി' (ഗോത്ര പദവി) തിരിച്ചുകിട്ടാൻ അധികൃതർക്കു മുന്നിൽ അപേക്ഷിച്ചുനിൽക്കുകയാണ്. മാറിവരുന്ന പല കാലങ്ങളിലൂടെ പലരും പല ജാതികൾ ചാർത്തിക്കൊടുത്ത ഗ്രാമക്കാർ വല്ലാത്തൊരു ജാതിപ്രതിസന്ധിയിലാണ് ഇപ്പോൾ. മലയർ, മലവേടർ, വെള്ളാളർ, വെള്ളാളപിള്ള തുടങ്ങിയ വിവിധ ജാതിപ്പേരുകൾ അധികൃതർ ഇവർക്ക് തരംപോലെ ചാർത്തിക്കൊടുക്കുന്നു. ഏറ്റവും ഒടുവിൽ 2010 നവംബർ 13ന് സർക്കാർ മറയൂരിൽ ഒരു ജാതിപ്രഖ്യാപന സമ്മേളനം നടത്തി. അവിടെവെച്ച് ഗ്രാമക്കാരുടെ ജാതിപ്രശ്നത്തിന് ശാശ്വതപരിഹാരമെന്നോണം ‘വെള്ളാളർ' എന്നൊരു ജാതി അവർക്ക് അനുവദിച്ചുകൊടുത്തു. ഇത് പട്ടികവർഗമോ പട്ടികജാതിയോ അല്ല, ഒ.ബി.സിയാണ്.

എന്നും ഇതുപോലെ ചെറിയ കൃഷിയൊക്കെ ചെയ്ത് ജീവിക്കാമെന്നേ ഉള്ളൂ. പഠിച്ചവർക്കൊന്നും ഒരു ജോലിയും കിട്ടാത്തതുകൊണ്ട് എല്ലാവർക്കും പഠിക്കാനും താൽപര്യക്കുറവാണ്./ Photo: Shafeeq Thamarassery

എന്തുകൊണ്ട് വെള്ളാളർ?

ഗ്രാമക്കാർ എങ്ങനെ വെള്ളാളരായി? എന്തുകൊണ്ട് ഒ.ബി.സി? അതിനോട് ചേർത്ത്​പരിശോധിക്കേണ്ടതാണ് പ്രഖ്യാപിച്ച ജാതിസർട്ടിഫിക്കറ്റ് കിട്ടിയോ എന്നത്. അതും വാഗ്ദാനത്തിനപ്പുറം പോയില്ല. സർക്കാർ ജാതിപ്രഖ്യാപനം നടത്തിയെങ്കിലും അത് ഉത്തരവായില്ല. ഉത്തരവ് ഇറങ്ങാത്തതുമൂലം വെള്ളാള ജാതിയും പ്രഖ്യാപനത്തിൽതന്നെ ഒതുങ്ങി. മാത്രവുമല്ല, അത് അങ്ങനെയങ്ങ് ഉത്തരവാക്കാൻ സർക്കാറിനും കഴിയില്ല. കാരണം, ഒരു ജനവിഭാഗം പട്ടികവർഗമോ അല്ലയോ എന്ന്‌ തീരുമാനിക്കുന്നതുസംബന്ധിച്ച് ഭരണഘടനയുടെ ആർട്ടിക്കിൾ 342 (1) അനുസരിച്ച്, രാഷ്ട്രപതി സംസ്ഥാനങ്ങളിലെ ഗവർണറുമായി ബന്ധപ്പെട്ടശേഷം ഒരു പൊതുവിജ്ഞാപനത്തിലൂടെ പട്ടികവർഗങ്ങളെപ്പറ്റി പ്രഖ്യാപിക്കണം. 342(2)ൽ വിജ്ഞാപനത്തിലൂടെ പുറപ്പെടുവിക്കപ്പെട്ട പട്ടികയിലെ വർഗങ്ങളുടെ ഒപ്പം പുതിയത് ചേർക്കുന്നതിനോ ഒഴിവാക്കുന്നതിനോ പാർലമെന്റിൽ നിയമനിർമാണം നടത്തണമെന്നും മറ്റൊരു വിജ്ഞാപനത്തിലൂടെ ഈ പട്ടികയിൽ മാറ്റം വരുത്താൻ പാടില്ലെന്നും പറഞ്ഞിരിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് ഒരു ഉത്തരവിലൂടെപോലും മാറ്റംവരുത്താൻ അധികാരമില്ലാത്ത ഭരണഘടനാ ഭേദഗതിയാണ് ഒരു പൊതുയോഗത്തിലെ പ്രഖ്യാപനത്തിലൂടെ സർക്കാർ നടപ്പാക്കിക്കളഞ്ഞത്. അതിനാൽ ഉത്തരവ് ഇറങ്ങുമെന്ന് കരുതാനാവില്ല. അഥവാ ഇറങ്ങിയാലും നിലനിൽക്കുകയുമില്ല. ഫലത്തിൽ ഊരുകാരുടെ ജാതിക്കായുള്ള കാത്തിരിപ്പ് തുടരുകതന്നെ ചെയ്യും. ▮

(തുടരും)


കെ. പി. ജയകുമാർ

ഗവേഷകൻ, എഴുത്തുകാരൻ. സിനിമയിലും സാമൂഹികശാസ്​ത്ര വിഷയങ്ങളിലും അന്വേഷണം നടത്തുന്നു. ചേർത്തല എൻ.എസ്.എസ് കോളേജിൽ മലയാള വിഭാഗം അസിസ്റ്റൻറ്​ പ്രൊഫസർ. ജാതിവ്യവസ്ഥയും മലയാള സിനിമയും, ഉടലിൽ കൊത്തിയ ചരിത്ര സ്മരണകൾ, ആ ചുവന്ന കാലത്തിന്റെ ഓർമ്മയ്ക്ക് എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments