‘ഇവിടെല്ലാം സുരക്ഷിതമാണ്' എന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവന വായിച്ചപ്പോൾ എന്റെ ഓർമ്മകൾ ഏതാണ്ട് രണ്ട് പതിറ്റാണ്ട് കാലം പിന്നിലെ ഒരു രാത്രിയിലേക്ക് ഓടിച്ചെന്നു.
'അഫ്‌സാന ഭാഗ്.... ഭാഗ്....' (അഫ്‌സാനാ ഓടിക്കോ...ഓടിക്കോ..) എന്ന് അലറി വിളിച്ചുകൊണ്ട്, ഉറക്കത്തിൽ വെട്ടിവിയർത്ത്, എഴുന്നേറ്റിരിക്കുന്ന ഒരു കുഞ്ഞുപയ്യൻ. ഗുജറാത്ത് വംശഹത്യയിൽ അനാഥമാക്കപ്പെട്ട നിരവധി കുഞ്ഞുങ്ങളിലൊരാൾ. ഓരോ രാത്രിയും പേക്കിനാവുകളുടേത് മാത്രമായവൻ. കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട് ഓടിക്കൊണ്ടിരിക്കുമ്പോൾ കൂട്ടിപ്പിടിച്ച കൈകളിൽ നിന്ന് നഷ്ടപ്പെട്ട കുഞ്ഞുപെങ്ങളെയാണ് അവൻ വിളിച്ചുകൊണ്ടിരിക്കുന്നത്.
ഗുജറാത്ത് വംശഹത്യ നടന്ന് രണ്ട് വർഷങ്ങൾക്കിപ്പുറമാണ് എട്ടും ആറും വയസ്സായ ആ രണ്ട് സഹോദരന്മാരും എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. വളരെ യാദൃശ്ചികമായി. (സുരക്ഷാ കാരണങ്ങളാൽ) അവരെ നമുക്ക് അലിയെന്നും അമീർ എന്നും തൽക്കാലം വിളിക്കാം.
അഹമ്മദാബാദ് നഗരത്തിന് വെളിയിലായുള്ള, വട് വ എന്ന പുനരധിവാസ ക്യാമ്പുകളിലൊന്നിൽ നിന്ന് ഇരുവരെയും ഞങ്ങൾ താമസിച്ചിരുന്ന സമ്പൂർണ്ണ ക്രാന്തി വിദ്യാലയത്തിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോൾ അവരുടെ കണ്ണുകളിൽ പ്രകടമായ അവിശ്വാസം, ആശങ്കകൾ, വിഹ്വലതകൾ ഇന്നലെയെന്നോണം എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നുണ്ട്.
നടന്നതെന്താണെന്ന് തിരിച്ചറിയാൻ പോലും പ്രായമായിട്ടില്ലാത്ത നൂറുകണക്കായ കുഞ്ഞുങ്ങൾ, ഭാവിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ടമായ, ഒരു സ്വപ്നവും അവശേഷിക്കാത്ത കണ്ണുകളുള്ള യുവതികൾ, യുവാക്കൾ. ഓരോ സംഭാഷണങ്ങളും പൊട്ടിക്കരച്ചിലിലേക്കും നെടുവീർപ്പിലേക്കും ചെന്നുമുട്ടുന്ന ഉമ്മമാർ. 800-ലധികം കുടുംബങ്ങളെ പുനരധിവസിപ്പിച്ച ആ ക്യാമ്പിൽ അന്ന് കണ്ട കാഴ്ചകൾ അത്രയേറെ മുറിപ്പെടുത്തുന്നതായിരുന്നു.

'അഹമ്മദാബാദി'നെ 'കർണ്ണാവടി'യാക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ വിജയിച്ചാലും ഇല്ലെങ്കിലും പ്രായോഗികതലത്തിൽ അത്തരമൊരു വിഭജനം സംഭവിച്ചുകഴിഞ്ഞിരുന്നു. ഗെറ്റോകളിലേക്ക് തള്ളിമാറ്റപ്പെട്ട മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതൽ അരക്ഷിതത്വത്തിലേക്കും ഭയാശങ്കളിലേക്കും നിരന്തരം നീങ്ങിക്കൊണ്ടിരുന്നു. ഗുജറാത്തിന് സമാനമായ ഒരു വംശഹത്യ അവർക്ക് പിന്നീട് അരങ്ങേറ്റേണ്ടി വന്നില്ലെങ്കിലും ഒരു സമൂഹത്തെ ഒന്നാകെ ഭീഷണിയുടെ മുൾമുനയിൽ നിർത്താൻ അത് ധാരാളമായിരുന്നു.
ഗുജറാത്ത് വംശഹത്യ അലിയുടെയും അമീറിന്റെയും മനസ്സിന്റെ ആഴങ്ങളിൽ സൃഷ്ടിച്ച മുറിവുകളെന്തെന്ന്, എന്റെ കുഞ്ഞുങ്ങളോടൊപ്പം അവർ കഴിഞ്ഞ ഒരു ദശകക്കാലം ബോധ്യപ്പെടുത്തിത്തന്നു. പതിറ്റാണ്ടുകാലത്തെ അന്വേഷണങ്ങൾക്കൊടുവിൽ ഇരുവരുടെയും ഉമ്മയെയും ബാപ്പയെയും തിരികെ കണ്ടെത്തി നൽകാൻ ഞങ്ങൾക്ക് സാധിച്ചുവെങ്കിലും അഫ്‌സാന ഇന്നും ഒരു വേദനയായി നിലനിൽക്കുന്നു.
കാന്തപുരം ഉസ്താദ് 'സുരക്ഷിതമെന്ന്' വിശേഷിപ്പിച്ച ഇന്ത്യയിൽ അലി ഒരു തൊഴിലിനായ് കഷ്ടപ്പെടുകയാണ്. തന്റെ പേരാണ് തന്റെ ജോലിക്ക് തടസ്സം എന്ന് അവന് ഇതിനകം ബോധ്യമായിക്കഴിഞ്ഞിട്ടുണ്ട്. അമീർ കിട്ടിയ ആദ്യ അവസരത്തിൽ തന്നെ വിദേശത്തേക്ക് കടന്നു. ബ്രസീലിലെ സാവോപോളോയിൽ അവൻ മതഭീഷണികളില്ലാതെ ജീവിക്കുന്നു.
പേര് കൊണ്ടും, മതം കൊണ്ടും... ഇന്നും അലിമാരും , അമീർമാരും അപരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത്;
ദേശത്തിന്റെയും, വേഷത്തിന്റെയും, കഴിക്കുന്ന ഭക്ഷണത്തിന്റെയും പേരിൽ തെറ്റിദ്ധരിക്കപ്പെട്ട് ആ സമൂഹത്തിലെ നിഷ്കളങ്കരായ മനുഷ്യർ (ഇവിടെ ഇങ്ങ് കേരളത്തിൽ പോലും) തല്ലി കൊല്ലപ്പെടുന്ന ഒരു കാലത്ത്... ഇവിടം സുരക്ഷിതമെന്ന് പ്രഖ്യാപിക്കാൻ കാന്തപുരം ഉസ്താദിനെ പ്രേരിപ്പിച്ച വികാരത്തെ ഏത് ജനുസ്സിൽ പെടുത്തണം?!
