ബീഡി തെറുക്കുന്ന സ്ത്രീതൊഴിലാളികൾ / Phtot: Wikimedia Commons

ബീഡിത്തൊഴിലാളികളുടെ​
സമരകാലം

1960 മുതൽ എരിഞ്ഞുകൊണ്ടിരുന്ന, തൃശൂർ ജില്ലയിലെ ബീഡിത്തൊഴിലാളി സമരങ്ങൾ 1970- മുതലാണ് ആളിപ്പടർന്നത്​. ചുവപ്പുകൊടിക്കീഴിൽ അണിനിരന്ന ബീഡിത്തൊഴിലാളികളെ മുതലാളിമാരുടെ ഗുണ്ടകളും പൊലീസും ചേർന്ന് ആക്രമിച്ചു. അറസ്റ്റ്, ലോക്കപ്പ് മർദനം എന്നിവക്കൊന്നും ഈ സമരങ്ങളെ തല്ലിക്കെടുത്താനായില്ല. ബീഡിത്തൊഴിലാളികളുടെ ജീവിതസമരത്തെക്കുറിച്ച്​.

‘ബീഡിയുണ്ടോ സഖാവേ? തീപ്പെട്ടിയെടുക്കാൻ...’ ‘ലാൽ സലാം' എന്ന സിനിമയിലെ പ്രസിദ്ധ ഡയലോഗ് ഓർത്ത്​, സാധാരണക്കാരുടെ, വില കൂടിയ 555 സിഗരറ്റായ ബീഡിയെക്കുറിച്ച് പറയാമെന്നുതോന്നുന്നു. ‘ജീവിതനൗക' സിനിമയ്ക്കു പോകാൻ രണ്ടേകാലണ തരൂ തരൂ, രണ്ടണ ബീഡി, രണ്ടണ ചായ'' എന്ന് ബാല്യകാലസുഹൃത്ത് നന്ദൻ പാടുന്നതോർമവരുന്നു. ഒരു കെട്ട് ബീഡിക്ക് രണ്ടണയായിരുന്നു അന്ന് വില.

തൃശൂർ ജില്ലയിലെ ചാവക്കാട്, ഗുരുവായൂർ, പാവറട്ടി, ഏനാമ്മാവ്, കാഞ്ഞാണി, പെരിങ്ങോട്ടുകര പ്രദേശങ്ങളിലാണ് ബീഡിതെറുപ്പിലൂടെ ജീവിതം കണ്ടെത്തിയവർ കൂടുതലായും ഉണ്ടായിരുന്നതെന്ന് പ്രമുഖ സി.പി.എം. നേതാവ് ബേബി ജോൺ പറയുന്നു. കമ്യൂണിസ്റ്റ് പാർട്ടി, സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ സംഘടിപ്പിച്ച്​ പ്രസ്ഥാനത്തിന് ശക്തിയേകാൻ ശ്രമിച്ചിരുന്ന കാലം. കാർഷികമേഖലയിലെ സമരങ്ങൾക്കും അന്തിക്കാട് ചെത്തുതൊഴിലാളികളുടെ കുലമുറി സമരത്തിനും നേതൃത്വനിരയിൽനിന്ന് നയിച്ച് അവകാശങ്ങൾ നേടിയെടുത്തവരാണ് കമ്യൂണിസ്റ്റുകാർ. അസംഘടിത തൊഴിലാളികളെ ചൂഷണം ചെയ്യുന്നവരാണല്ലോ മുതലാളിവർഗം അന്നും ഇന്നും. അതുകൊണ്ട് തുച്ഛമായ വരുമാനം മാത്രമുള്ള ബീഡിതെറുപ്പുകാരുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി ഇടപെടാൻ കമ്യൂണിസ്റ്റ് പാർട്ടി തയ്യാറായി.

ഒമ്പതിനായിരത്തോളം പേർ ചാവക്കാട് മുതൽ ഏനാമ്മാവ് വരെയുള്ള ദേശങ്ങളിൽ ബീഡിതെറുപ്പ് തൊഴിലായി സ്വീകരിച്ചിരുന്നു. ഇവരെക്കൂടാതെ വീട്ടിലിരുന്ന് തെറുക്കുന്ന സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു

ബീഡിതെറുപ്പു തൊഴിലാളികൾ

പാവറട്ടിയിലെ മാമാബസാർ പരിസരത്തും പാങ്ങിലും വെങ്കിടങ്ങിലും ഏനാമ്മാവ് കരുവന്തല അമ്പലത്തിനുസമീപമുള്ള കടമുറികളുടെ വരാന്തയിലും മറ്റും ചമ്രംപടിഞ്ഞിരുന്ന് മടിയിൽ മുളകൊണ്ടുള്ള ‘വട്ടോറം' വെച്ച് ബീഡി തെറുക്കുന്നവരെ കാണാറുണ്ട്. ബീഡിയില കത്രിക കൊണ്ട് വെട്ടി രൂപപ്പെടുത്തി അതിൽ ചെറിയ പുകയിലക്കഷണങ്ങൾ (ചുക്ക) നിറച്ച് പ്രത്യേകതരത്തിൽ മടക്കി നൂലിട്ട് കെട്ടിയാണ് ബീഡി തെറുക്കുക. അവരുടെ കൈവേഗത കണ്ടാൽ നാം അന്തംവിട്ടുപോകും. ഇവയ്ക്ക് ഒരു ട്രേഡ്​ മാർക്കൊന്നുമില്ല. ‘തെറുപ്പുബീഡി' എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ബീഡിത്തൊഴിലാളികളുടെ വീട്ടിലെ സ്ത്രീകളും ഈ ജോലിയിൽ ഏർപ്പെടുന്നു. തെറുക്കുന്നതിനിടയിൽ രാഷ്ട്രീയമടക്കം പല വിഷയങ്ങളും ഇവർ തമ്മിൽ സംസാരിക്കും. ഏതെങ്കിലുമൊരാൾ അന്നത്തെ പത്രവാർത്തകൾ ഉറക്കെ വായിക്കുന്നത് പതിവാണ്. പ്രാഥമിക വിദ്യാഭ്യാസം പോലും കമ്മിയായ അക്കാലങ്ങളിൽ പത്രവാർത്തകൾ കേട്ടറിഞ്ഞാണ് തെറുപ്പുകാർ ലോകസംഭവങ്ങൾ അറിയുന്നത്. പിന്നീട് ട്രാൻസിസ്റ്റർ ഈ രംഗം ഏറ്റെടുത്തു. ഒരു ബീഡിത്തൊഴിലാളി ദിവസത്തിൽ ആയിരത്തിലധികം ബീഡി തെറുക്കുമെന്ന് ഈ അന്വേഷണത്തിൽ തെളിഞ്ഞു.

തെറുക്കുന്നതിനിടയിൽ രാഷ്ട്രീയമടക്കം പല വിഷയങ്ങളും ഇവർ തമ്മിൽ സംസാരിക്കും. ഏതെങ്കിലുമൊരാൾ അന്നത്തെ പത്രവാർത്തകൾ ഉറക്കെ വായിക്കുന്നത് പതിവാണ്. / Photo: Wikimedia Commons

ഒമ്പതിനായിരത്തോളം പേർ ചാവക്കാട് മുതൽ ഏനാമ്മാവ് വരെയുള്ള ദേശങ്ങളിൽ ബീഡിതെറുപ്പ് തൊഴിലായി സ്വീകരിച്ചിരുന്നുവെന്ന് പാവറട്ടിയിലെ സ്​ഥിരം ബീഡി ഉപഭോക്താവും കർഷകനുമായ തോമസ് പറഞ്ഞു. ഇവരെക്കൂടാതെ വീട്ടിലിരുന്ന് തെറുക്കുന്ന സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നുവെന്നും 82 വയസിലേറെ പ്രായമുള്ള അദ്ദേഹം പറയുന്നു. ഒന്ന് ഒന്നര രൂപ മാത്രം ദിവസവരുമാനമുള്ള തെറുപ്പുതൊഴിലാളികൾ ദാരിദ്യ്രരേഖയുടെ താഴെത്തന്നെയായിരുന്നെന്ന് നിസ്സംശയം പറയാം. ഒരു കർഷകത്തൊഴിലാളിക്കോ, ചെത്തുകാരനോ ലഭിക്കുന്ന കൂലിയുടെ വളരെ ചെറിയ ശതമാനം മാത്രമാണ് തെറുപ്പുകാർ നേടിയിരുന്നത്. പട്ടിണിയും രോഗവും വലയ്ക്കുന്ന നാളുകൾ അവരെ കൂടുതൽ പരിക്ഷീണിതരാക്കിക്കൊണ്ടിരുന്നു. ചാവക്കാടും കാഞ്ഞാണിയിലുമുള്ള ബീഡിതെറുപ്പുകേന്ദ്രങ്ങളിലെ തൊഴിലാളികൾക്ക് ദിവസക്കൂലിയല്ലാതെ ഓവർടൈം, ബോണസ്​, ഇ.എസ്.ഐ. തുടങ്ങിയ ആനുകൂല്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ചുവപ്പുകൊടിക്കീഴിൽ അണിനിരന്ന ബീഡിത്തൊഴിലാളികളെ കരിങ്കാലികളും മുതലാളിമാരുടെ ഗുണ്ടകളും പൊലീസും ചേർന്ന് ആക്രമിച്ചു. അറസ്റ്റ്, ലോക്കപ്പ് മർദനം എന്നിവക്കൊന്നും ഈ സമരങ്ങളെ തല്ലിക്കെടുത്താനായില്ല.

ചുരുക്കിപ്പറഞ്ഞാൽ ശരാശരി ഒന്ന്- ഒന്നര രൂപ (16 അണയാണ്​ ഒരു രൂപ) മാത്രമായിരുന്നു തെറുപ്പുകാരുടെ ദിവസവരുമാനം. സ്കൂളിൽ പോകാൻ വഴിയില്ലാതെ ബീഡിതെറുപ്പിൽ ഏർപ്പെടേണ്ടിവന്ന പെൺകുട്ടികൾ അന്ന്​ധാരാളമായിരുന്നു. അവർക്ക് പത്തണയായിരുന്നു ദിവസക്കൂലി. കള്ളുഷാപ്പ്​ ലേലം ചെയ്തു കൊടുക്കുന്നതുപോലെ ബീഡി, കഞ്ചാവ്, കറുപ്പ് എന്നിവയുടെ വില്പന തൃശൂരിലെ അഞ്ചേരി പാവു കാക്കു എന്ന ബീഡി മുതലാളിയോ അദ്ദേഹത്തിന്റെ ബിനാമികളോ ആണ് ലേലത്തിൽ പിടിക്കാറ്​.

ബീഡിത്തൊഴിലാളി പണിമുടക്ക്​

1960 മുതൽ എരിഞ്ഞുകൊണ്ടിരുന്ന ബീഡിത്തൊഴിലാളി സമരങ്ങൾ 1970- മുതലാണ് ആളിപ്പടർന്നതെന്ന്​ ബേബി ജോൺ പറയുന്നു. ചുവപ്പുകൊടിക്കീഴിൽ അണിനിരന്ന ബീഡിത്തൊഴിലാളികളെ കരിങ്കാലികളും മുതലാളിമാരുടെ ഗുണ്ടകളും പൊലീസും ചേർന്ന് ആക്രമിച്ചു. അറസ്റ്റ്, ലോക്കപ്പ് മർദനം എന്നിവക്കൊന്നും ഈ സമരങ്ങളെ തല്ലിക്കെടുത്താനായില്ല. പനങ്ങാട്ടിൽ ശങ്കരൻ മാസ്റ്റർ പ്രസിഡൻറും എം.ആർ. വേലായുധൻ സെക്രട്ടറിയുമായ ‘അന്തിക്കാട് ഫർക്ക ബീഡിത്തൊഴിലാളി യൂണിയൻ' കൂലിക്കൂടുതലിന്​ നടത്തിയ പണിമുടക്ക് ഏറെക്കുറെ ഫലം കണ്ടു. കാളവണ്ടികൾ കേരളത്തിൽ ലോറികളുടെ സ്ഥാനം വഹിച്ചിരുന്ന അക്കാലങ്ങളിൽ അവരുടെ പിന്തുണ ബീഡിത്തൊഴിലാളികൾക്കുണ്ടായിരുന്നു. കരുത്തരായ കാളവണ്ടിക്കാരുടെ മക്കളായിരുന്നു ഭൂരിഭാഗം ബീഡിത്തൊഴിലാളികളും. അതുകൊണ്ട് ഘോരസംഘട്ടനങ്ങൾ ഭയന്ന് കൂടുതൽ അക്രമാസക്തരാകാതെ കരിങ്കാലികളും മുതലാളിമാരുടെ ഗുണ്ടകളും പിൻമാറുകയാണുണ്ടായതെന്ന് ചില രേഖകളിൽ കാണാം. 1948-ൽ ‘പൈലറ്റ് മാധവന്റെ' പുകയില ഷാപ്പിൽ (ബീഡിക്കമ്പനി) യൂണിയനുണ്ടാക്കാൻ ശ്രമിച്ചവരെ അക്കാലത്ത് നിരോധിത പാർട്ടിയായിരുന്ന കമ്യൂണിസ്റ്റുകാരായി മുദ്രകുത്തി പൊലീസ് ‘പിപ്പിടി' കാണിച്ചുവെന്ന് തോമച്ചേട്ടൻ പറയുന്നു. കാലങ്ങൾക്കുശേഷം തൃശൂർ ലേബർ കോർട്ടിലെത്തിയ ബീഡിത്തൊഴിലാളിസമരം ഒത്തുതീർപ്പിലൂടെ അവസാനിപ്പിക്കാൻ മുതലാളിമാർ തയ്യാറായി.

ബീഡി; ജനത്തിന്റെ നാഡി

1980-82 കാലത്ത്​ പുകയില ഉപയോഗം നിയന്ത്രിക്കപ്പെട്ടു. അത് കാൻസറിന് വഴിവെക്കുമെന്ന ‘ബോധോദയം' അപ്പോഴാണ് ഗവൺമെന്റിനുണ്ടായത്. നിയമപരമായ മുന്നറിയിപ്പോടെ സിഗററ്റ് കൂടുകളിൽ കാൻസർ രോഗികളുടെ വ്രണങ്ങൾ നിറഞ്ഞ വായ/കഴുത്ത് എന്നിവയുടെ ചിത്രങ്ങൾ സഹിതം ഗവൺമെൻറ്​പ്രചാരണം ആരംഭിച്ചു. ഈ കാമ്പയിൻ പുകവലിക്കാർക്കിടയിൽ വമ്പിച്ച മനംമാറ്റം വരുത്തി. അതോടെ ക്രമേണ പുകയില ഉപയോഗം കുറഞ്ഞു. പത്രമാസികകളിൽ പ്രത്യക്ഷപ്പെടാറുള്ള For Men of Action, Satisfaction എന്ന സിസേഴ്‌സ് സിഗരറ്റിന്റെ പരസ്യവും Live Kingsize എന്ന കാപ്​ഷനോടെ പ്രത്യക്ഷപ്പെട്ട ഫോർ സ്​ക്വയർ കിങ്ങ്‌സൈസ് സിഗരറ്റ് പരസ്യവും വിൽസിന്റെ ‘മേയ്ഡ് ഫോർ ഈച്ച് അദർ' തുടങ്ങിയ പരസ്യങ്ങളും സമാനരീതിയിലുള്ള മറ്റുള്ളവയും നിരോധിക്കപ്പെട്ടു.

പല ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും പുകവലിക്കെതിരെ പ്രചരിപ്പിച്ചു. സിനിമകളിൽ കഥാപാത്രങ്ങൾ സിഗരറ്റ് വലിക്കാനൊരുങ്ങുമ്പോൾ തന്നെ പുകവലി വരുത്തുന്ന ദോഷഫലങ്ങൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടാറുണ്ട്./ Photo: Screengrab from youTube

ക്രിക്കറ്റ് താരം സൗരവ്‌ ഗാംഗുലി, സച്ചിൻ ടെൻഡുൽക്കർ തുടങ്ങിയ സെലിബ്രിറ്റികളും ഹിന്ദി സിനിമ നടൻ അക്ഷയ്കുമാറും ഈ പ്രചാരണത്തിൽ പങ്കുചേർന്നതോടെ വലിയൊരു വിഭാഗം ജനങ്ങളും ബീഡി, സിഗററ്റ്, തമ്പാക്ക് ഉപയോഗം കുറയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്തിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. പല ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും പുകവലിക്കെതിരെ പ്രചരിപ്പിച്ചു. സിനിമകളിൽ കഥാപാത്രങ്ങൾ സിഗരറ്റ് വലിക്കാനൊരുങ്ങുമ്പോൾ തന്നെ പുകവലി വരുത്തുന്ന ദോഷഫലങ്ങൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ അത് നിന്നുപോയോ എന്തോ?

രാമൻ നമ്പ്യാരുടെ പുകയില ഷാപ്പ്​

കഞ്ചാവും പുകയിലയും കറുപ്പും വില്ക്കുന്ന പാട്ടുരായ്ക്കലിലെ എൻ.ടി. രാമൻ നമ്പ്യാരുടെ കഥ ഇവിടെ പറയേണ്ടത് പ്രസക്തമാണെന്നു തോന്നുന്നു.
മദ്രാസ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ലിറ്ററേച്ചറിൽ ബി.എ. ഓണേഴ്‌സ് ഉന്നത നിലയിൽ പാസായ രാമൻ നമ്പ്യാർ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി ജയിൽവാസമനുഷ്ഠിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചെരുപ്പുനക്കികളായ ഭരണകർത്താക്കൾ വെച്ചുനീട്ടിയ റവന്യൂ വകുപ്പിലെ നല്ലൊരു ജോലി തെല്ലും കൂസാതെ വലിച്ചെറിഞ്ഞ് രാമൻ നമ്പ്യാർ പുകയില ഉത്പന്നങ്ങൾ വില്ക്കാനുള്ള ലൈസൻസ് സമ്പാദിക്കുകയാണുണ്ടായത്. അക്കാലങ്ങളിൽ പുകയില ജാഫ്‌നയിൽനിന്നാണ് (സിലോൺ) ഇറക്കുമതി ചെയ്തിരുന്നത്. കേരളീയർ അതിനെ ‘ജാപ്പാണം പുകയില' എന്ന് വിളിച്ചുപോന്നു. ഇന്നിപ്പോൾ തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ, മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് പുകയില ഇവിടെയെത്തുന്നത്. പാട്ടുരായ്ക്കൽ സെന്ററിൽ ഒരു കട വാടകയ്‌ക്കെടുത്ത് ആരംഭിച്ച പുകയില ഷാപ്പിൽ ഇത്തരം ഉത്പന്നങ്ങൾ ചൂടപ്പംപോലെ വിറ്റുപോയി. ആ കെട്ടിട ഉടമ എന്റെ അപ്പനാണ് എന്നത് രസകരമായി തോന്നാം. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ കോൺവെക്കേഷൻ ചടങ്ങിൽ പങ്കെടുത്തതിന്റെ സാക്ഷ്യപത്രമെന്നോണം കറുപ്പ് ഗൗണും തലയിൽ പ്രത്യേകതരം തൊപ്പിയും ധരിച്ച് കൈയിൽ ചുരുട്ടി കുഴൽപോലെയാക്കിയ ബി.എ. സർട്ടിഫിക്കറ്റുമായുള്ള നമ്പ്യാരുടെ ഫോട്ടോ ഒരു കാലഘട്ടത്തിന്റെ കഥ പറയുന്നതാണ്.

‘‘പത്രങ്ങളേക്കാൾ ജനങ്ങൾക്കിടയിൽ സ്വാധീനമുള്ളത് ഞങ്ങളുടെ ബീഡിയ്ക്കാണ്. അത് എല്ലാവരും വലിക്കുന്നു. അതുകൊണ്ട് നിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യുക. നിങ്ങളുടെ കാര്യങ്ങൾ ഞങ്ങൾ നടത്തിത്തരും...'' ബീഡി മുതലാളിയുടെ സ്ഥാനാർഥി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു എന്നു പറയേണ്ടതില്ലല്ലോ.

പഴയ വുഡ്​ലാൻറ്​ ടൈപ്പ്‌റൈറ്ററിൽ അദ്ദേഹം ഇടയ്ക്കിടെ എന്തൊക്കെയോ ടൈപ്പ് ചെയ്യാറുള്ളത് ഓർമ വരുന്നു. അവ ഹിന്ദു പത്രത്തിലെ ‘ലെറ്റേഴ്‌സ് റ്റു ദ എഡിറ്റർ’ കോളത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. ബീഡിയും സിഗരറ്റും പിന്നീട് ഓപൺ മാർക്കറ്റിൽ ലഭ്യമായപ്പോൾ രാമൻ നമ്പ്യാർ കട ഒന്നുകൂടി പരിഷ്‌കരിച്ച്‌ ബ്രെഡ്, ബിസ്കറ്റ്, സോഡ എന്നിവയും വില്ക്കാനാരംഭിച്ചു.

അതിനിടെ, വിപണിയിൽ കറുപ്പും കഞ്ചാവും നിരോധിക്കപ്പെട്ടു. തൃശൂർ റൗണ്ടിലുള്ള തലശ്ശേരിക്കാരുടെ കെ.ആർ. ബേക്കറി അച്ചുറൊട്ടിക്ക് പ്രസിദ്ധമാണ്. റൊട്ടി വില്പന പൊടിപൊടിച്ചിരുന്ന കാലത്ത്​ അവ ആവശ്യപ്പെട്ട് വരുന്നവരോട് നമ്പ്യാർ ‘ഹോട്ട്​ ബ്രെഡ്​, ഹോട്ട്​ ബ്രെഡ്​’ എന്ന വിശേഷണം വെച്ചുകീച്ചുന്നത് കേൾക്കാം. പടിഞ്ഞാറേച്ചിറ ഭാഗത്ത് താമസക്കാരനായിരുന്ന എൻ.ടി. മുണ്ട് പ്രത്യേക രീതിയിൽ മടക്കിക്കുത്തി സൈക്കിളിലാണ് കടയിലെത്തുക. രാവിലെ ഒമ്പതുമുതൽ രാത്രി പതിനൊന്നുവരെ അദ്ദേഹത്തിന്റെ കട പ്രവർത്തിക്കും. അവിവാഹിതനായ എൻ.ടി. രാമൻ നമ്പ്യാർ മരണംവരെ കോൺഗ്രസിൽ വിശ്വസിച്ചു. 1999-ലാണ് അദ്ദേഹം ലോകം വെടിഞ്ഞത്. നമ്പ്യാരുടെ പുസ്തകശേഖരം തൃശൂർ യോഗക്ഷേമം വായനശാലയ്ക്ക് സൗജന്യമായി നൽകാനും അദ്ദേഹം മറന്നില്ല. ഒരു സ്പൂണോളം TVS രത്‌നം മൂക്കുപൊടി ഇടവിട്ട്​ വലിച്ചുകയറ്റാറുള്ള രാമൻ നമ്പ്യാർ പാട്ടുരായ്ക്കലിലെ അശരണർക്ക് പലപ്പോഴും സഹായഹസ്തം നീട്ടാറുള്ളത് ഇവിടെ പറയാതെവയ്യ.

സിനിമ കാണാൻ കാശില്ലാതെ വലയുന്ന എനിക്ക് നമ്പ്യാർ കോംപ്ലിമെന്ററി ടിക്കറ്റ് തരാറുണ്ട്. അദ്ദേഹത്തിന്റെ കടയുടെ മുന്നിൽ ഗിരിജ, ജോസ്, രാമവർമ (ഇന്നത്തെ സ്വപ്ന) തിയേറ്ററുകളിലെ സിനിമാ പോസ്റ്റർ ബോർഡിൽ പതിക്കാൻ അനുവദിച്ചിരുന്നതുകൊണ്ടാണ്​ അദ്ദേഹത്തിന്​ ഫ്രീ ടിക്കറ്റ്​ ലഭിച്ചിരുന്നത്​.

ബീഡി മുതലാളിയുടെ വിജയം

തൃശൂർ കേരളവർമ കോളേജിൽ 1971- 74 ൽ ബി.എ. പൊളിറ്റിക്കൽ സയൻസിന്​ പഠിക്കുന്ന കാലം. സിലബസിലുള്ള ‘ഫോറിൻ ഗവൺമെൻറ്​' എന്ന പേപ്പർ പഠിപ്പിച്ചിരുന്ന വറുഗീസ് സാർ പറഞ്ഞ ഒരു സംഭവം ഓർമയിലെത്തുന്നു. ​ഗോയ​ങ്കെയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ എക്​സ്​പ്രസ്​, മറാഠിയിലെ ലോക്‌സത്ത, ഗുജറാത്തിയിലെ സമകാലീൻ, ഹിന്ദിയിലെ ജൻസത്ത തുടങ്ങിയ പത്രങ്ങൾക്ക്​ഉത്തരേന്ത്യയിൽ നല്ല പ്രചാരമുണ്ടായിരുന്നു. ഗോയ​ങ്കെയുടെ ബന്ധു യു.പി.യിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിലെ സ്ഥാനാർഥിയാണ്. ‘‘ഞങ്ങളുടെ പത്രം എല്ലാ മുക്കിലും മൂലയിലുമെത്തുന്നു. ഞങ്ങളുടെ ഈ പത്രത്തിനുള്ള ജനസ്വാധീനം മറ്റൊരാൾക്കുമില്ല. അതുകൊണ്ട് നിങ്ങളുടെ ശബ്ദം പാർലമെന്റിലെത്തിക്കാൻ ഞങ്ങളെ ജയിപ്പിക്കുക'' എന്നർഥം വരുന്ന വാചകമാണ് ഗോയ​ങ്കെ സ്ഥാനാർഥിയുടെ യു.എസ്.പി. (യുണീക് സെല്ലിങ് പ്രൊപ്പോസിഷൻ) അപ്പോൾ ഏതോ ഒരു വൻ ബീഡി ടൈക്കൂണിന്റെ സ്ഥാനാർഥിയുടെ പ്രചാരണം നോക്കൂ! ‘‘പത്രങ്ങളേക്കാൾ ജനങ്ങൾക്കിടയിൽ സ്വാധീനമുള്ളത് ഞങ്ങളുടെ ബീഡിയ്ക്കാണ്. അത് എല്ലാവരും വലിക്കുന്നു. അതുകൊണ്ട് നിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യുക. നിങ്ങളുടെ കാര്യങ്ങൾ ഞങ്ങൾ നടത്തിത്തരും...''
ബീഡി മുതലാളിയുടെ സ്ഥാനാർഥി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു എന്നു പറയേണ്ടതില്ലല്ലോ. നോക്കണേ, ജനത്തിന്റെ നാഡി തൊട്ടറിഞ്ഞ ബീഡി നേടിയ ചരിത്രവിജയം!

അയാൾക്ക് ഭക്ഷണശേഷം ബീഡി വലിക്കേണ്ടതുണ്ട്. അതയാളുടെ ദിനചര്യയുടെ ഭാഗമാണ്./ Photo: Flickr

1969-70 കാലങ്ങളിൽ കേരളവർമയിൽ എം.എ. മലയാളം വിദ്യാർഥിയായിരുന്ന മേതിൽ രാധാകൃഷ്​ണന്റെ, കോളേജ് മാഗസിനിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘സർ വാൾട്ടർ റാലിക്കൊരു ഗീതം' എന്ന കവിതയിൽ പുകവലി കണ്ടുപിടിച്ചത് വാൾട്ടർ റാലിയാണ്​ എന്ന പരാമർശമുണ്ട്. അക്കാലത്തുതന്നെ മേതിലിന്റെ നോവൽ ‘സൂര്യവംശം' മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്നിരുന്നുവെന്നും കൃത്യമായി ഓർക്കുന്നു.

കെട്ടുപോയ ആയുർവേദ ബീഡി

മഹാനഗരത്തിൽ ഞാനെത്തിപ്പെട്ടപ്പോൾ അവിടെ ‘ശിവജി ബീഡി'ക്കായിരുന്നു പ്രചുരപ്രചാരം. ശിവസേനയെ നയിക്കുന്നത് ഛത്രപതി ശിവജി മഹാരാജിന്റെ വിപ്ലവവീര്യമാണല്ലോ. അപ്പോൾ ബാലാസാഹേബ് താക്കറെയ്ക്ക് തങ്ങളുടെ ആദർശപുരുഷനായ ശിവജിയെ ബീഡിയുമായി കൂട്ടിച്ചേർക്കുന്നത് അത്ര ശരിയല്ല എന്ന് തോന്നിയത്രെ. അതോടെ, ‘ശിവജി ബീഡി’, ‘സംബാജി ബീഡി’യായി മാറി. സംബാജി ശിവജി മഹാരാജിന്റെ മകനാണെന്ന് ഓർക്കുക. പുകയില ഇല്ലാത്ത ആയുർവേദിക് ബീഡി ബോംബെയിൽ പ്രചരിപ്പിക്കാൻ ചിലർ ശ്രമിച്ചെങ്കിലും അത് വൻ പരാജയമായി കലാശിച്ചതും ഓർമയുണ്ട്.

ശോധനക്ക്​ ബീഡി

എന്റെ അയൽക്കാരനായ പീറ്റർ എന്ന യുവാവ് ദൈവത്തെയും ക്രിസ്​ത്യാനിറ്റിയെയും മറ്റും വിമർശിച്ചുപോന്നു. അയാൾ പള്ളിയിൽ കയറില്ല, കുർബാനയിൽ പങ്കെടുക്കില്ല. ഇതര ക്രിസ്​ത്യൻ ആചാരങ്ങളും അയാൾ ജീവിതത്തിൽ നിന്നൊഴിവാക്കി. കുടുംബത്തിലെ ആകെയുള്ള ആൺതരിയാണ് പീറ്റർ. അയാൾക്ക് കല്യാണപ്രായമെത്തിനിൽക്കുന്ന രണ്ട് സഹോദരികളുമുണ്ട്. ഈ കക്ഷി താടിയും മീശയുമൊക്കെയായി, കക്ഷത്തിൽ ഏതെങ്കിലുമൊരു ഇംഗ്ലീഷ് പുസ്തകവുമായാണ് നടപ്പ് (അത് അന്നത്തെ ഒരു സ്‌റ്റൈലും ആയിരുന്നു). അയാളെ കാണുമ്പോഴൊക്കെ, ‘ഗ്രന്ഥം കരത്തിലുണ്ടായാൽ മതിയല്ല / ചന്തത്തിലർഥം ഗ്രഹിച്ചേ മതിവരൂ' എന്ന് കുഞ്ചൻനമ്പ്യാർ പാടിയത്​ ഓർമ വരും. തികച്ചും യാഥാസ്ഥിതിക സ്വഭാവമുള്ള ആ കുടുംബത്തിലെ പെൺകുട്ടികളെ ‘കാണാൻ വരുന്നവരൊക്കെ' ആങ്ങള കമ്യൂണിസ്റ്റാണല്ലേ, യുക്തിവാദിയുമാണല്ലോ എന്ന കാരണങ്ങൾ പറഞ്ഞൊഴിഞ്ഞുപോകാൻ തുടങ്ങിയതോടെ അയാളുടെ അമ്മ പറഞ്ഞു, ‘മോനേ, പീറ്ററേ, നീ ധ്യാനകേന്ദ്രത്തിൽ പോയി പ്രാർഥിക്ക്. നെന്റെ പൊളിഞ്ഞ യുക്തിവാദം മൂലം നെന്റെ പെങ്ങന്മാരുടെ കാര്യം കഷ്ടത്തിലാകും.'

ബീഡിക്കമ്പനികളുടെ ലാഭത്തിന്റെ അംശം കുറഞ്ഞതോടെ അവരിൽ പലരും ഫാക്​ടറികൾ തമിഴ്‌നാട്ടിലേക്കും സമീപപ്രദേശങ്ങളിലേക്കും മാറ്റിസ്ഥാപിച്ചു. അതോടെ ബീഡിത്തൊഴിലാളികൾ കഷ്ടത്തിലായി.

എന്തിനേറെ, പീറ്റർ എന്ന യുക്തിവാദി ധ്യാനകേന്ദ്രത്തിലെത്തി. ഏഴുദിവസത്തെ ധ്യാനം ആരംഭിക്കുന്നതിനുമുമ്പ് ഭക്തരുടെ കൈവശമുള്ള ബീഡി, സിഗരറ്റ് തുടങ്ങിയ പുകയില ഉത്പന്നങ്ങൾ ഒരു കാർഡ്‌ബോർഡ് പെട്ടിയിലിടണമെന്ന അറിയിപ്പുവന്നു. എല്ലാവരും അവ പെട്ടിയിൽ നിക്ഷേപിച്ചെങ്കിലും പീറ്റർ അനങ്ങിയില്ല. ‘ഇനിയും ചിലരുടെ കൈയിൽ ഇവ ഉണ്ടല്ലോ! മടിക്കാതെ അവ പെട്ടിയിയലടുക. പിശാച് നിങ്ങളെ പരീക്ഷിക്കാൻ ഇടവരുത്തരുത്’ എന്ന പുതിയ അനൗൺസ്​മെൻറും വന്നു. പീറ്റർ മടിച്ചുമടിച്ചാണെങ്കിലും കൈയിലെ രണ്ടു കെട്ട് ബീഡിയും ധൂമപാനത്തിന്റെ കൂട്ടുകാരനായ തീപ്പെട്ടിയും ആ പെട്ടിയിലിട്ടു. അങ്ങകലെ കർത്താവിന്റെ അനുഗ്രഹം അയാളെ കാത്തുനില്ക്കുകയാണല്ലോ. പാതിരിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കെ ആയിരങ്ങൾ പ്ലേറ്റുകളുമായി ഭക്ഷണശാലയിലെത്തി വളന്റിയർമാർ വിളമ്പിക്കൊടുക്കുന്ന ഭക്ഷണം ആർത്തിയോടെ കഴിക്കാൻ തുടങ്ങി. പീറ്ററും അതിൽ പങ്കുചേർന്നു. അയാൾക്ക് ഭക്ഷണശേഷം ബീഡി വലിക്കേണ്ടതുണ്ട്. അതയാളുടെ ദിനചര്യയുടെ ഭാഗമാണ്. ധൂമപാനത്തിലുള്ള ആഗ്രഹം വല്ലാതായപ്പോൾ പീറ്ററിന് ഇരിക്കപ്പൊറുതിയില്ലാതായി. പാൻറിന്റെ കീശയിൽ കരുതിയിരുന്ന ബീഡി കളഞ്ഞുകുളിച്ച സ്ഥിതിക്ക് ആ ആഗ്രഹം കൈയിൽനിന്ന് പോയല്ലോ എന്നോർത്ത് പാവം പീറ്റർ സങ്കടപ്പെട്ടു.

പുകവലി ഹൃദയാഘാതത്തിനും കാൻസറിനും സ്‌ട്രോക്കിനുമെല്ലാം വഴിവെക്കുന്നുണ്ട്. മരണത്തിലേയ്ക്കുള്ള ഫ്രീ എൻ.ഒ.സി.യാണ് പുകവലി എന്ന് ചുരുക്കിപ്പറയാം. / Photo: Flickr

‘പ്രൈസ്​ ദി ലോഡ്​’, ‘ഹല്ലേലുയ ഹല്ലേലുയ’ തുടങ്ങിയ ഭക്തിനിർഭരമായ പ്രാർഥനയ്‌ക്കൊപ്പം ഭകതിഗാനങ്ങളും ഒഴുകി അന്തരീക്ഷം സംഗീതസാന്ദ്രമാക്കുന്നുണ്ട്. ഇവ അലയടിച്ചുയരുന്നതിനിടയിൽ പീറ്ററിന് പ്രകൃതിയുടെ വിളിവന്നു. (ഇതിനിടെ, ദൈവത്തിന്റെ ‘പ്ലാനും പദ്ധതിയും' എന്ന് ധ്യാനപ്രഘോഷിതൻ ഇടയ്ക്കിടെ പറയുന്നത് പീറ്ററിന്റെ മനസ്സിൽ തങ്ങിനിന്നു. ‘പ്ലാൻ' എന്ന ഇംഗ്ലീഷ് പദത്തിന്റെ അർഥം പദ്ധതി എന്നാണെന്നിരിക്കെ ഇവ രണ്ടും കൂട്ടിക്കലർത്തി പ്രസംഗിക്കുന്നതെന്തിനാണെന്ന് അയാൾക്ക് മനസ്സിലായില്ല.) ബീഡി വലിച്ചില്ലെങ്കിൽ താൻ ‘ഇപ്പോ ചാകും' എന്നൊക്കെ തോന്നിത്തുടങ്ങി. പീറ്ററിന്റെ അസ്വാസ്ഥ്യം കൊടുമ്പിരിക്കൊണ്ടു. സഹഭക്തർ പീറ്ററിനെ ശ്രദ്ധിക്കുന്നുണ്ട്. അയാളുടെ ഈ മനോവേദന (?) യുടെ രഹസ്യം അവതരിപ്പിക്കുന്നതിനുമുമ്പ് പീറ്റർ കക്കൂസിലേക്കോടി. അവിടെച്ചെന്ന് കുറേനേരം കുത്തിയിരുന്നെങ്കിലും ‘നമ്പർ റ്റു’ കാര്യം നടന്നില്ല. തിരിച്ചുവന്ന അയാൾ വല്ലാതെ വിയർക്കുന്നതായും പരവശനാകുന്നതും സഹഭക്തരുടെ ശ്രദ്ധയിൽപെട്ടു. വല്ലാതെ വിയർക്കുന്നത് ഹൃദയാഘാത ലക്ഷണമാണെന്ന് അറിവുള്ള ഭക്തരിൽ ചിലർ അയാളെ ധ്യാനകേന്ദ്രത്തിൽ തന്നെയുള്ള ക്ലിനിക്കിലെത്തിച്ചു. ഡോക്ടർ അവിടെയും ഇവിടെയും ഞെക്കിയും അമർത്തിയും സ്റ്റെതസ്കോപ്പ് വെച്ചും നോക്കിയെങ്കിലും ഒരപകടവും അദ്ദേഹത്തിനു മനസ്സിലായില്ല. ഒടുവിൽ പീറ്റർ ആ കാര്യം പറഞ്ഞു, ‘ബീഡിയില്ലാതെ ശോധന നടക്കില്ല ഡോക്ടർ. ഒരു ബീഡി തന്നാൽമതി. മരുന്നൊന്നും വേണ്ട!'

ചാവക്കാട് ബെൽറ്റിൽനിന്ന് ‘എക്‌സ് ബീഡിത്തൊഴിലാളി’കളിൽ പലരും ഗൾഫിലെത്തി പണം സമ്പാദിച്ച് തിരികെ വന്നു. ഇവരിൽ ചിലർ കൺസ്ട്രക്ഷൻ മേഖലയിൽ ജോലി നോക്കാൻ തുടങ്ങി എന്ന് ഈ അന്വേഷണത്തിൽ മനസ്സിലാക്കുന്നു.

ഇതാ, ഒരു ഫ്രീ എൻ.ഒ.സി.

ഒരു സിഗററ്റ് അല്ലെങ്കിൽ ബീഡി വലിച്ചാൽ അഞ്ചോ ആറോ സെക്കന്റുകൾക്കുള്ളിൽ അവയുടെ പ്രവർത്തനം തലച്ചോറിലെത്തുന്നു. പുകയില അയാളുടെ മസ്തിഷ്‌കത്തെ ഉന്മേഷവാനാക്കുന്നു. വീണ്ടും വീണ്ടും പുകവലിക്കാൻ അയാളെ അത്‌ പ്രേരിപ്പിക്കുന്നുവെന്നൊക്കെ ഒരു ലേഖനത്തിൽ വായിച്ചതോർക്കുന്നു. പുകയിലയിലെ ടാറിന്റെ അംശം അടിഞ്ഞുകൂടി ശ്വാസകോശത്തെ തകരാറിലാക്കും. ശ്വാസകോശത്തിലെ കാൻസർ പുകവലി മൂലം ഉണ്ടാകാവുന്നതാണ്. ഞരമ്പുകളിൽ ടുബാക്കോയുടെ ആക്രമണം മൂലം കൈകാലുകൾക്ക് തരിപ്പുണ്ടാക്കുകയും ചലനം പ്രയാസപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. പുകവലി ഹൃദയാഘാതത്തിനും കാൻസറിനും സ്​ട്രോക്കിനുമെല്ലാം വഴിവെക്കുന്നുണ്ട്. മാത്രമല്ല, ‘Raynaud's phenomenon’ എന്നറിയപ്പെടുന്ന നാടൻ ഭാഷയിലുള്ള ബീഡിരോഗം കൈകാലുകളിൽ ബാധിച്ച് മുറിവുണ്ടാക്കി മാരകവേദന പുകവലിക്കാർക്ക്​ സമ്മാനിക്കുന്നതായി കണ്ടുവരുന്നു. പുകവലി ഒരാൾക്ക്​സൗജന്യമായി (!) നൽകുന്ന രോഗങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ മെഡിക്കൽ സയൻസിലുണ്ടെന്ന് അയൽവാസിയായ ഡോക്ടർ കെ.സി. രജിനി പറഞ്ഞു. മരണത്തിലേയ്ക്കുള്ള ഫ്രീ എൻ.ഒ.സി.യാണ് പുകവലി എന്ന് ചുരുക്കിപ്പറയാം.
കേരളത്തിൽ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധനനിയമം ഏർപ്പെടുത്തി വർഷങ്ങ​ളേറെയായി.

കുത്തകക്കമ്പനികളുടെ ഉത്പന്നങ്ങളാണ് സിഗരറ്റ്. അവ വഴി ഗവൺമെൻറിന്​ലഭിക്കുന്ന റവന്യൂ ഭീമമായ സംഖ്യയായതുകൊണ്ട് ഭരണകൂടം തത്കാലം കണ്ണടയ്ക്കുകയാണെന്ന് തോന്നുന്നു. / Photo: Flickr

ബീഡിക്കമ്പനികളുടെ ലാഭത്തിന്റെ അംശം കുറഞ്ഞതോടെ അവരിൽ പലരും ഫാക്​ടറികൾ തമിഴ്‌നാട്ടിലേക്കും സമീപപ്രദേശങ്ങളിലേക്കും മാറ്റിസ്ഥാപിച്ചു. അതോടെ ബീഡിത്തൊഴിലാളികൾ കഷ്ടത്തിലായി. തൊഴിലാളികൾ സമരങ്ങളിലൂടെ നേടിയെടുത്ത ന്യായമായ വേതനം, ബോണസ്​, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്ക് ഫുൾസ്റ്റോപ്പിട്ടു. അവരിൽ പലരും വേറെ തൊഴിലുകൾ സ്വീകരിക്കാൻ നിർബന്ധിതരായി. ചാവക്കാട് ബെൽറ്റിൽനിന്ന് ‘എക്‌സ് ബീഡിത്തൊഴിലാളി’കളിൽ പലരും ഗൾഫിലെത്തി പണം സമ്പാദിച്ച് തിരികെ വന്നു. ഇവരിൽ ചിലർ കൺസ്ട്രക്ഷൻ മേഖലയിൽ ജോലി നോക്കാൻ തുടങ്ങി എന്ന് ഈ അന്വേഷണത്തിൽ മനസ്സിലാക്കുന്നു. ഇപ്പോൾ ഏനാമ്മാവിലും പാങ്ങ്, പാവറട്ടി തുടങ്ങിയ സ്ഥലങ്ങളിലുമുള്ള പീടികമുറികൾക്കുമുമ്പിൽ ചടഞ്ഞിരുന്ന് ബീഡി തെറുക്കുന്നവരുടെ എണ്ണം തുലോം കുറവാണ്. എങ്കിലും കടകളിൽ സിഗററ്റും ബീഡിയും യഥേഷ്ടം വിറ്റുവരുന്നുണ്ട്. തൃശൂരിൽ ബീഡിയുടെ മൊത്തവ്യാപാരം നടത്തുന്നത് ‘ആന്റോ ആൻറ്​ കമ്പനി'യാണ്. സിഗററ്റ്, ബീഡി, മുറുക്കാൻ തുടങ്ങിയവയുടെ പാട്ടുരായ്ക്കലിലെ ചില്ലറ വ്യാപാരിയും യുവാവുമായ ഷിന്റോ പറഞ്ഞതനുസരിച്ച്, ബീഡിയുടെ ഉപഭോക്താക്കളിലധികവും ബംഗാളിതൊഴിലാളികളാണ്​. ഇവർ ഉപയോഗിക്കുന്ന ബഹാദൂർ ബീഡി (ബിരി) ‘ലോക്കൽ മേയ്ഡ്' ആകാനാണ് സാധ്യത.

മാരകരോഗങ്ങൾക്കു കാരണമാകുന്ന ബീഡി /സിഗരറ്റ് ഉത്പാദനം ഭരണകൂടത്തിന് നിയമം മൂലം നിർത്തിവെച്ചുകൂടേ എന്ന നിങ്ങളുടെ ചോദ്യം പ്രസക്തമാണ്. പക്ഷേ, കുത്തകക്കമ്പനികളുടെ ഉത്പന്നങ്ങളാണ് സിഗരറ്റ്. അവ വഴി ഗവൺമെൻറിന്​ലഭിക്കുന്ന റവന്യൂ ഭീമമായ സംഖ്യയായതുകൊണ്ട് ഭരണകൂടം തത്കാലം കണ്ണടയ്ക്കുകയാണെന്ന് തോന്നുന്നു. അതായത്, വലിയ മീനുകൾ വെള്ളത്തിൽ തുടിക്കുമ്പോൾ കുളക്കരയിലെ കൊക്ക് കണ്ണടയ്ക്കുന്നപോലെ. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments