മലപ്പുറത്തെ പൂക്കോട്ടൂരിൽ നടന്ന ഗെയിൽ പൈപ്‌ലൈൻ സമരം.

താലിബാനും കേരള മുസ്‌ലിംകളും

തികച്ചും ഏകപക്ഷീയമായ യുദ്ധമുന്നണിയിലെ പുരുഷനെയാണ് താലിബാൻ പ്രതിനിധീകരിക്കുന്നത്. ഇത്തരം ഇസ്‌ലാം മുസ്‌ലിം സമൂഹത്തിന്റെ പൊതുകാഴ്ചപ്പാടായി കാണാനും അവതരിപ്പിക്കാനും കഴിയുമോ എന്നതാണ് മുസ്‌ലിം പൗരസമൂഹം നേരിടുന്ന പ്രതിസന്ധിയും.

താലിബാൻ വീണ്ടും അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചടക്കിയതിന് പല കാരണങ്ങളുണ്ടാകാം, അതിൽ പ്രധാനം ആധുനികത മുന്നോട്ടുവയ്ക്കുന്ന തരത്തിലുള്ള ഒരു ജനാധിപത്യവത്കരണം അഫ്ഗാനിസ്ഥാനിൽ ഉണ്ടായില്ല എന്നതുതന്നെയാണ്. നീണ്ടകാലത്തെ അധിനിവേശം സൃഷ്ടിച്ച പ്രശ്‌നങ്ങളുണ്ട്, അതോടൊപ്പം മതം ഒരു സാമൂഹിക സ്ഥാപനം കൂടിയായി തീർന്ന ഒരു സമൂഹം കൂടിയാണത്.

ജനാധിപത്യം, പൗരൻ തുടങ്ങിയ ആധുനിക വ്യവഹാരങ്ങൾ ഇത്തരം സമൂഹങ്ങളിൽ അതാത് ഗോത്ര സ്വഭാവത്തോടുകൂടിയേ ഇടപെടുകയുള്ളൂ.
എൽമാൻ സർവീസ് 1971 ൽ എഴുതിയ പുസ്തകത്തിൽ ഗോത്രത്തെ നിർവചിച്ചത് പ്രത്യേക ചരിത്രമുള്ള, എന്നാൽ ഒരേ കുടുംബ ബന്ധമല്ലാത്ത, പക്ഷെ അംഗീകരിക്കപ്പെട്ട ഒരു തലമുറയുടെ ഭാഗമായി പരിഗണിക്കപ്പെടുന്നു എന്നാണ്. ഇത്തരം സമൂഹങ്ങളിൽ അധികാരം നിർണയിക്കുന്നത് നിലവിലെ ഗോത്രനിയമങ്ങളായിരിക്കും. ജനാധിപത്യത്തോട് സംവദിക്കേണ്ട ആവശ്യം ഈ സാമൂഹിക ഘടനയിൽ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഒന്നല്ല. വ്യക്തി എന്നത് ഒരു പ്രത്യേക സമൂഹത്തിന്റെ പ്രതിനിധി മാത്രമായി ചുരുക്കപ്പെടുന്നു. ഇവിടെയാണ് താലിബാൻ എന്ന സായുധ- ഗോത്ര സംഘത്തിന്റെ പ്രത്യേകത. വ്യക്തി എന്ന ആധുനിക ജനാധിപത്യ ആശയത്തിനേക്കാൾ പ്രാധാന്യം മത- ഗോത്ര സ്വത്വത്തിനാണ് ഇവർ കൽപ്പിക്കുന്നത്.

അഹമ്മദ് ഷഫീഖുൽ ഹഖ്‌

അഹമ്മദ് (2002) വിശദീകരിച്ച വസ്തുതകൾ ഇതിനോടുചേർത്ത് വായിക്കണം, കാരണം ഇസ്‌ലാമിക നിയമത്തിന്റെ അടിസ്ഥാനത്തിൽ ഭരിക്കപ്പെട്ട ഒരു രാജ്യം; അതോടൊപ്പം ശക്തമായ സൂഫി ഇസ്‌ലാമിക സാന്നിധ്യം ഉണ്ടായിരുന്ന സമൂഹം കൂടിയാണ് അഫ്ഗാൻ. അതിനർത്ഥം തീവ്ര ഇസ്‌ലാമിക സമൂഹമായിരുന്നില്ല ഈ രാജ്യം എന്നതാണ്. അഹമ്മദ് (2002) തന്നെ ചൂണ്ടിക്കാണിക്കുന്നത് പോലെ സൗദി വഹാബിസത്തിന്റ സ്വാധീനവും ഒരു പരിധിവരെ ഇവരിൽ കാണാം. എന്നാൽ സോവിയറ്റ് അധിനിവേശം പലപ്പോഴും പ്രകീർത്തിക്കപ്പെടുന്നതുപോലെ അഫ്ഗാൻ ജനതക്ക് സാമൂഹികമാറ്റത്തിന് കാരണമായില്ല എന്ന വസ്തുത അംഗീകരിക്കേണ്ടതാണ്.

റാഫേൽ രെയൂവേണിയും അസീം പ്രകാശും (1999) എഴുതിയ ഒരു ലേഖനത്തിൽ 1980കൾ മുതൽ സോവിയറ്റ് യൂണിയനിൽ രൂപപ്പെട്ട ആഭ്യന്തര പ്രതിസന്ധി അഫ്ഗാൻ സർക്കാരിനെ ദുർബലപ്പെടുത്തിയിരുന്നു എന്ന് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ, അധിനിവേശം ഇങ്ങനെ ഒരു സമൂഹത്തെ ദുർബലപ്പെടുത്തും എന്നതിന്റെ ഉദാഹരണം കൂടിയാണ് അഫ്ഗാനിസ്ഥാൻ. ഷഫീഖുൽ ഹഖ് (1997) ഒരു പ്രബന്ധത്തിൽ മുന്നോട്ടുവയ്ക്കുന്ന ഒരു നിരീക്ഷണം കൊളോണിയൽ അധികാരം പ്രാദേശിക സമൂഹത്തെ ജനാതിപത്യവൽക്കരിക്കുന്നതിൽ ശ്രദ്ധിക്കാറില്ല എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. പലപ്പോഴും അധിനിവേശം അവരുടെ രാഷ്ട്രീയത്തെ പിന്തുണക്കുന്ന ഒരു വിഭാഗത്തെ സൃഷ്ടിക്കാറുണ്ട്. അതുകൊണ്ട് അത്തരം ഒരു സമൂഹത്തെ മുന്നിൽ നിർത്തി അധിനിവേശം നല്ലതായിരുന്നു എന്നുപറയാൻ കഴിയില്ല.

അഫ്ഗാനിൽ നിന്ന് മടങ്ങുന്ന സോവിയറ്റ് യുദ്ധ ടാങ്കുകൾ (1986) / Photo: Wikimedia Commons

റമസാനി (1958) ൽ എഴുതിയ ഒരു പ്രബന്ധത്തിൽ അഫ്ഗാനും അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപാനങ്ങളും തമ്മിലുണ്ടായിരുന്ന ഇടപാടുകളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. 1952ൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനുമായി വ്യാപാരബന്ധം സ്ഥാപിച്ചു. പിന്നീട് പഷ്തൂൺ ഗോത്രവിഭാഗത്തിൽ നിന്നുള്ള ചില എതിർപ്പുകളെ, പ്രത്യേകിച്ചും പാകിസ്ഥാൻ മേഖലയിൽ നിന്നുള്ള എതിർപ്പുകളെ നേരിടാൻ 1956ൽ സോവിയറ്റ് യൂണിയന്റെ സൈനിക സഹായം തേടുന്നതോടെ അഫ്ഗാൻ എന്ന പ്രദേശം പൂർണമായും അധിനിവേശത്തിലേക്ക് എത്തപ്പെടുന്നു എന്നുപറയാം. സോവിയറ്റ് യൂണിയന്റേത് ഒരു സോഷ്യലിസ്റ്റ് കോളനിവൽക്കരണമാണ് എന്ന് പറയാനും കഴിയില്ല; കാരണം അഫ്ഗാൻ സമൂഹത്തിലെ ആന്തരികഘടനയെ മാറ്റിമറിക്കാൻ സോവിയറ്റ് ഭരണം കൊണ്ട് കഴിഞ്ഞില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ ശീതയുദ്ധകാലത്തെ രാഷ്ട്രീയ മേധാവിത്തത്തിനും സാമ്പത്തിക നേട്ടത്തിനും അപ്പുറം മറ്റൊന്നും സോവിയറ്റ് അധിനിവേശം കൊണ്ട് അഫ്ഗാനിൽ ഉണ്ടായില്ല എന്ന വസ്തുത മറച്ചുവെക്കപ്പെടേണ്ടതല്ല. ജനാധിപത്യവും ആധുനികവൽക്കരണവുമായിരുന്നില്ല സോവിയറ്റ് യൂണിയനും മറുവശത്തുള്ള അമേരിക്കൻ ശക്തികളും മുന്നോട്ട് വച്ചത്. പകരം പ്രാദേശികമായി തികച്ചും ഏകപക്ഷീയമായ ഒരു ഇസ്‌ലാമിക യുദ്ധക്കൂട്ടത്തെ സൃഷ്ടിച്ചെടുക്കുക എന്നതിനാണ് അധിനിവേശങ്ങൾ ശ്രമിച്ചത് എന്നുപറയേണ്ടിവരും. അധികാരത്തെ അവരുടെ നിയമത്തിനും രീതിശാസ്ത്രത്തിനും അനുസരിച്ച് മാറ്റിത്തീർക്കാനും പരിവർത്തനപ്പെടുത്താനും മാത്രമേ അധിനിവേശങ്ങൾ ശ്രമിച്ചിട്ടുള്ളൂ എന്നും തിരിച്ചറിയേണ്ടതുണ്ട്. താലിബാൻ ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്ന ചോദ്യം ഉയരുന്നത് ഈ പാശ്ചാത്തലത്തിലാണ്.

സോവിയറ്റ് അധിനിവേശക്കാലത്ത് വെെറ്റ് ഹൗസിൽ വെച്ച്‌ അഫ്ഗാനിലെ മുജാഹിദീൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന യു.എസ്. പ്രസിഡന്റ് റൊണാൾഡ് റീഗൻ / Photo: Wikimedia Commons

താലിബാൻ ആരെയും പ്രതിനിധീകരിക്കുന്നില്ല; പകരം അവരുടേതല്ലാത്ത ഇസ്‌ലാമിനെ അവർ അംഗീകരിക്കുന്നില്ല എന്നാണ് അഹമ്മദ് (2002) നിരീക്ഷിക്കുന്നത്. ഇസ്‌ലാമിലെ വിവിധ ധാരകളെയോ ചിന്തകളെയോ താലിബാൻ അംഗീകരിക്കുന്നില്ല. തികച്ചും ഏകപക്ഷീയമായ യുദ്ധമുന്നണിയിലെ പുരുഷനെയാണ് താലിബാൻ പ്രതിനിധീകരിക്കുന്നത്. ഇത്തരം ഇസ്‌ലാം മുസ്‌ലിം സമൂഹത്തിന്റെ പൊതുകാഴ്ച്ചപ്പാടായി കാണാനും അവതരിപ്പിക്കാനും കഴിയുമോ എന്നതാണ് മുസ്‌ലിം പൗരസമൂഹം നേരിടുന്ന പ്രതിസന്ധിയും.

സാധാരണ വിശ്വാസിയെ മുതൽ മുസ്‌ലിം രാഷ്ട്രീയ കാഴ്ചപ്പാടുകളെ വരെ താലിബാൻവൽക്കരിക്കാനുള്ള ഇടതു-വലതു നിരീക്ഷണങ്ങൾ എത്തിപ്പെട്ടത് താലിബാനികൾ കേരളത്തിലെ പൗരസമൂഹത്തെ അസ്ഥിരപ്പെടുത്തുന്ന രീതിയിൽ വളർന്നുകഴിഞ്ഞു എന്ന കണ്ടെത്തലിലാണ്

താലിബാന്റെ രണ്ടാം വരവിനെ മുസ്‌ലിംകൾ വിമർശിച്ചില്ല എന്നും അതിനെ സ്വാഗതം ചെയ്തു എന്നുമുള്ള പൊതു കാഴ്ചപ്പാട് വളരെ വേഗം രൂപപ്പെട്ടു എന്നതാണ് വസ്തുത. അതുവഴി താലിബാൻ നിർവചിച്ച ഇസ്‌ലാമിനെയാണ് മുസ്‌ലിംകൾ പ്രതിനിധീകരിക്കുന്നത് എന്ന രീതിയിൽ വിശകലനങ്ങൾ ഉണ്ടായി. സാധാരണ വിശ്വാസിയെ മുതൽ മുസ്‌ലിം രാഷ്ട്രീയ കാഴ്ചപ്പാടുകളെ വരെ താലിബാൻവൽക്കരിക്കാനുള്ള ഇടതു-വലതു നിരീക്ഷണങ്ങൾ എത്തിപ്പെട്ടത് താലിബാനികൾ കേരളത്തിലെ പൗരസമൂഹത്തെ അസ്ഥിരപ്പെടുത്തുന്ന രീതിയിൽ വളർന്നുകഴിഞ്ഞു എന്ന കണ്ടെത്തലിലാണ്. മുസ്‌ലിം ജനസംഖ്യ ഭീഷണിയാണ് എന്ന വലതുനിരീക്ഷണത്തോടാണ് ഈ നിരീക്ഷണങ്ങളെല്ലാം കൂട്ടിച്ചേർക്കപ്പെട്ടത്. ഇതിൽ ചിലർ താലിബാനികളുടെ എണ്ണം വരെ കൃത്യമായി രേഖപ്പെടുത്താൻ ശ്രമിച്ചു. നമ്മുടെ നാട്ടിൽ നടന്ന ഈ ചർച്ചകളെ ഇസ്‌ലാമോഫോബിയ ആയി ചിത്രീകരിക്കപ്പെട്ടു എന്നതും വസ്തുതയാണ്.

താലിബാനെ എങ്ങനെയാണ് മുസ്‌ലിംകൾ വിമർശിക്കേണ്ടത് എന്നത് വലിയ ചോദ്യചിഹ്‌നമാണ്. കാരണം താലിബാനെ ഇസ്‌ലാമായി അംഗീകരിച്ചും അതോടൊപ്പം താലിബാൻ ചെയ്യുന്നതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുമുള്ള ഒരു പ്രതികരണമാണ് പലപ്പോഴും കേരളത്തിൽ താലിബാൻവൽക്കരണം എന്ന് പ്രചരിപ്പിക്കുന്നതിലൂടെ രൂപപ്പെടുന്നത്. അത്തരത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ബാധ്യത ഒരു സാധാരണ മുസ്‌ലിമിനില്ല. ഇതൊരു ആശയപ്രതിസന്ധി കൂടിയാണ്; കാരണം അഫ്ഗാനിലെ താലിബാനും കേരളത്തിലെ മുസ്‌ലിമും തത്വത്തിൽ ഒന്നാകുന്ന അവസ്ഥ. പ്രതികരിച്ചാൽ ഏറ്റെടുക്കേണ്ടിവരുന്ന ധാർമിക ബാധ്യത മുസ്‌ലിംകളിൽ തന്നെയുള്ള ബഹുസ്വരതയെ ഇല്ലാതാക്കും. അങ്ങനെ ഏറ്റെടുക്കേണ്ടിവന്നാൽ ഒരു ജനാധിപത്യ സമൂഹത്തിൽ പൗരൻ എന്ന നിലയിൽ മതപരവും രാഷ്ട്രീയപരവുമായി നടത്തുന്ന എല്ലാത്തരം ഇടപെടലുകളും മതത്തിലേക്ക് ചുരുക്കപ്പെടും.

കേരളത്തിൽ നടക്കുന്ന ഇത്തരം ചർച്ചകൾ കേരളത്തിൽ ജനാധിപത്യധാരക്കൊപ്പം രൂപപ്പെട്ട മുസ്‌ലിം രാഷ്ട്രീയത്തെയും അപരവൽക്കരിക്കും. പൊതുഇടങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം ഇതുവഴി റദ്ദ് ചെയ്യപ്പെടും. അതിന് ഉദാഹരണമാണ് കേരളത്തിലെ "ജനകീയ സമരക്കാരാണ് താലിബാനികൾ' എന്ന് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചാരണം നടക്കുന്നത്. കേരളത്തിൽ രൂപപ്പെട്ടു വരുന്ന പല ജനകീയ സമരങ്ങളിലും മുസ്ലിം പ്രാതിനിധ്യം ഉണ്ടാകുന്നുണ്ട്. അതിന് കാരണം മതം മാത്രമല്ല. എന്നാൽ "താലിബാനികൾ' എന്ന പൊതു സ്വത്വം ഉണ്ടാകുന്നതോടെ ഇത്തരം സമരങ്ങൾ തന്നെ ഇല്ലാതാകും. ദേശീയപാത വികസനത്തിനും ഗെയിൽ പദ്ധതിക്കും എതിരെ നടന്ന സമരങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം തീവ്രവാദമായി ചിത്രീകരിക്കപ്പെട്ടതോടെ ഒരു സംഘടനയുടെയോ രാഷ്ട്രീയ പാർട്ടിയുടെയോ ഭാഗമല്ലാത്ത മുസ്‌ലിംകൾ വരെ മാറിനിൽക്കേണ്ടി വന്നു. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഈ ഇടപെടലുകളെ കാണാതെ പോകുന്നതിൽ അർത്ഥമില്ല. ▮

ഗ്രന്ഥസൂചികAhmed Shafiqul Huque. 1997. The impact of colonialism: thoughts on politics and governance in Bangladesh, Asian Affairs, 28:1, 15-27, DOI: 10.1080/714041319.Rafal Reuveny and Aseem Prakash. 1999. The Afghanistan war and the breakdown of the Soviet Union. Review of International Studies (1999), 25, 693-708. Ramazani, R. K.1958. Afghanistan and the USSR. Source: Middle East Journal, Vol. 12, No. 2 (Spring, 1958), pp. 144-152Ahmed Rasheed. 2002.Taliban: Islam, oil and New Game in Central Asia. I.B. Tauris, Publishers. Elman Rogers Service. 1971. Spanish-Guarani Relations in Early Colonial Paraguay. Greenwood Press.

Comments