""ലക്ഷദ്വീപിൽ ഉരുത്തിരിയുന്ന സാഹചര്യങ്ങൾ തീർത്തും വിചിത്രമാണെന്ന് ആർക്കും മനസ്സിലാക്കാം. ദ്വീപ് നിവാസികളുടെ ജീവിത, ലോക പരിചയത്തിൽ ഒരിക്കലും പരിചയിച്ചിട്ടില്ലാത്ത ഒന്നാണിപ്പോഴത്തേത്'' ; രാജ്യം പത്മശ്രീ നൽകി ആദരിച്ച, മിനിക്കോയ് ദ്വീപുകാരൻ അലി മണിക്ഫാൻ പറയുന്നു. ഇന്ത്യൻ യൂണിയൻ ടെറിട്ടറി അഡ്മിനിസ്‌ട്രേഷൻ അടിച്ചേൽപ്പിക്കുന്ന കടുത്ത നിയന്ത്രണങ്ങൾക്കെതിരെ പ്രക്ഷോഭം നയിക്കുന്ന ആയിരക്കണക്കിന് ദ്വീപ് നിവാസികളുടെ വികാരത്തെ മണിക്ഫാൻ ദൃഢപ്പെടുത്തുന്നു. ലക്ഷദ്വീപിലെ പുതിയ ഭരണക്രമത്തിലുള്ള തന്റെ നിരാശ മണിക്ഫാൻ തുറന്നു പ്രകടിപ്പിക്കുന്നുണ്ട്. അദ്ദേഹം മുന്നോട്ടു വെക്കുന്ന ഒരു അടിസ്ഥാന ചോദ്യമുണ്ട്- ""ചർച്ചകളോ കൂടിയാലോചനകളോ ഇല്ലാതെ എന്തിനാണ് അഡ്മിനിസ്‌ട്രേഷൻ തിടുക്കപ്പെട്ട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലാത്ത നിയന്ത്രണങ്ങൾ ദ്വീപിൽ അടിച്ചേൽപ്പിക്കുന്നത്.''
പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നാൽ, ""ദ്വീപിന്റെ ലോലമായ ജൈവവ്യവസ്ഥയും ജനങ്ങളുടെ സുസ്ഥിര ജീവിതശൈലിയേയും അത് തകർത്തെറിയും'' എന്ന് ദ്വീപു സമൂഹത്തെ പതിറ്റാണ്ടുകളായി അടുത്തറിയാവുന്ന മണിക്ഫാന് ഉറപ്പാണ്.
ലക്ഷദ്വീപിലും കേരളത്തിലും ‘സേവ് ലക്ഷദ്വീപ്’ കാമ്പയിൻ ശക്തി പ്രാപിച്ചെങ്കിലും, ദ്വീപ് സമൂഹത്തിന്റെ സാമൂഹിക ഐക്യത്തിലും മതേതര വ്യവസ്ഥയിലും വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങളും അതോടൊപ്പം നടന്നിട്ടുണ്ട്. ഹിന്ദുത്വ പ്രൊജക്ടിന്റെ ഭാഗമായാണ് പുതിയ നടപടികളെന്ന വാദത്തിന് പ്രത്യാരോപണമായി വലതുപക്ഷ ശക്തികൾ ഉന്നയിക്കുന്നത് പ്രതിഷേധക്കാർ ദ്വീപിൽ ജിഹാദി അജണ്ട നടപ്പിലാക്കുന്നു എന്നാണ്. ഇത്തരം ആരോപണങ്ങളും സ്റ്റീരിയോടൈപ്പുകളും മുസ്‌ലിംകൾക്ക് മേൽകോയ്മയുള്ള പ്രദേശങ്ങൾക്ക് അന്യമല്ല (Venkatesan, 2021). ഇരു ക്യാമ്പുകളിലേയും സാമൂഹ്യ മാധ്യമങ്ങളിലുള്ളവർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വർഗീയമായ ചേരിതിരിവിനാണ്.
എന്നിരുന്നാലും, മണിക്ഫാനിനും ലേഖകൻ സംസാരിച്ച മറ്റു വ്യക്തികൾക്കും ഇത്തരം ആഖ്യാനങ്ങൾ അതിരുകടക്കുന്നു എന്ന ആശങ്കയുണ്ട്. ഇതുവരെയുള്ള യഥാർത്ഥ പ്രശ്‌നങ്ങൾക്ക് തീർത്തും വ്യത്യസ്തമായ മാനങ്ങളാണുള്ളത്. പ്രചാരത്തിലുള്ള ആഖ്യാനങ്ങളെ ശ്രദ്ധയോടും, ജാഗ്രതയോടും, വിവേകപരമായും നോക്കിക്കാണണം.
മറ്റൊരു കൂട്ടർ ശ്രമിക്കുന്നത് ഇതുവഴി ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷയും സമുദ്രസംബന്ധിയായ താൽപര്യങ്ങളും നടപ്പിലാക്കുന്നെന്ന് സ്ഥാപിക്കാനാണ്. ലക്ഷദ്വീപ് ഇന്ത്യയുടെ പുതിയ സമുദ്രസുരക്ഷാ പദ്ധതിക്കു (Chari 2021) കീഴിൽ വരുന്നുണ്ടെന്നാണ് ഇവരുടെ വാദം. കലാവസ്ഥാ വ്യതിയാനം ദ്രുതഗതിയിൽ മോശമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, വരാനിരിക്കുന്ന പാരിസ്ഥിതിക വിപത്തിൽ നിന്ന് ദ്വീപിനെ രക്ഷിക്കാൻ ഏതായാലും ഈ "ബാഹ്യവത്കരണ' നയതന്ത്രം കൊണ്ട് കഴിയില്ലെന്ന് ബോധ്യമുള്ള ദ്വീപിലെ സാധാരണക്കാരെ സംബന്ധിച്ച്, ദേശീയ സുരക്ഷയെ സംബന്ധിച്ച ഈ ആഖ്യാനത്തിന് വലിയ പ്രസക്തിയില്ല.
‘ട്രാൻസ്ഫോമിങ്ങ്' ലക്ഷദ്വീപ്
നിലവിലത്തെ ചർച്ചയുടെ കേന്ദ്രസ്ഥാനത്തിരിക്കുന്നത് യു.ടി. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ആണ്. എന്നാൽ 2020 ഡിസംബറിൽ പട്ടേൽ അഡ്മിനിസ്‌ട്രേറ്ററായി സ്ഥാനമേറ്റെടുക്കുന്നതിനുമുമ്പ് നടന്ന സംഭവവികാസങ്ങളെ കാര്യത്തിലെടുക്കേണ്ടതുണ്ട്. 2019 മെയിൽ പുറത്തിറക്കിയ Transforming the Islands Through Creativity & Innovation എന്ന ഡോക്യുമെൻറിലൂടെ നിതി ആയോഗ് ആണ് ലക്ഷദ്വീപിലും ആൻഡമാൻ നികോബാറിലും ഭീമമായ ടൂറിസം വികസന പദ്ധതികളുടെ മാസ്റ്റർ പ്ലാൻ മുന്നോട്ടു വെച്ചത്. ഡോക്യുമെൻറ് അവസാനിക്കുന്നത് ഇങ്ങനെയാണ്:""ഉയർന്ന നേട്ടം പ്രതീക്ഷിക്കുന്ന സർക്കാരിനും, ദ്വീപുവാസികൾക്കും സ്വകാര്യ കമ്പനികൾക്കും ഒരേ പോലെ ഇത് ഉപകാരപ്പെടും. തൊഴിൽസാധ്യതകളും ദ്വീപുവാസികളുടെ വരുമാനവും, സ്വകാര്യ കമ്പനികളുടെ ലാഭവും, സർക്കാരിന്റെ ആദായവും ഭീമമായിരിക്കും.''
ഭീമൻ ടൂറിസം പദ്ധതികളുടെ അപകടങ്ങൾ ദ്വീപിലുള്ളവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും, നൂറു കണക്കിന് ശാസ്ത്രജ്ഞരും വിദഗ്ധരും "മാസ്റ്റർ പ്ലാനിന്റെ' ഹ്രസ്വ- ദീർഘ കാല പാരിസ്ഥിതികാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു
ഡോക്യമെന്റിൽ നിർദേശിക്കുന്ന മറ്റൊരു കാര്യം: ""ദ്വീപിലെ ജനങ്ങളുടെയും സ്വകാര്യമേഖലയുടേയും പങ്കാളിത്തത്തോടെ, തയ്യാറാക്കിയ തന്ത്രങ്ങളും, പദ്ധതി പ്രകാരമുള്ള പ്രൊജക്ടുകളും ത്വരിതഗതിയിൽ നടപ്പിൽ വരുത്തുന്നത് തെരഞ്ഞെടുക്കപ്പെട്ട ദ്വീപുകളെ സുസ്ഥിര വികസന മാതൃകകളാക്കി മാറ്റും. ഈ മാതൃക ഇതര ദ്വീപുകളിലും, രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ തന്നെയും പരീക്ഷിക്കാം.'' (NITI Aayog 2019). പാരിസ്ഥിതിക സുരക്ഷ, ദ്വീപിന്റെ ജൈവ വ്യവസ്ഥിതി എന്നിങ്ങനെ വ്യാവഹാരികമായ ചില പരാമർശങ്ങൾ മാത്രം നടത്തുമ്പോൾ തന്നെ, രൂപകൽപന, നിർമാണം, ഫൈനാൻസ്, നടത്തിപ്പ്, ട്രാൻസ്ഫർ (BOT) അടിസ്ഥാനത്തിൽ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ ലക്ഷദ്വീപിലെ സമ്പൂർണ വികസന പാക്കേജ് ഐലൻഡ് അതോറിറ്റി നോക്കിനടത്തുമെന്ന് ഡോക്യുമെൻറിൽ പറയുന്നു.
2020 ജനുവരി 13ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ നടന്ന ഐലൻഡ് ഡെവലപ്‌മെൻറ് ഏജൻസിയുടെ (IDA) ചർച്ചയിൽ, ""മാതൃകാ ടൂറിസം പദ്ധതിയായി വില്ലകൾ (ഭൂമിയിലും ജലത്തിലും) നിർമിക്കാൻ പദ്ധതിയിട്ടെന്നും ഇതിലേക്ക് സ്വകാര്യ മേഖലയിലെ പങ്കാളിത്തം ക്ഷണിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്. നിക്ഷേപകരെ ആകർഷിക്കാൻ, അസാധാരണ നടപടിയെന്നോണം തയ്യാറാക്കിയ പദ്ധതികൾ നടത്തുന്നതിനുള്ള അനുമതികളെല്ലാം മുൻകൂറായി നേടിയെടുക്കാൻ തീരുമാനിച്ചിരുന്നു. ലേലത്തിന്റെ അവസാന ഘട്ടത്തിൽ ആവശ്യമായ എല്ലാ അനുമതികളും തയ്യാറാവും.'' (India, Ministry of Home Affairs 2020).
ഇതോടൊപ്പം, നിതി ആയോഗിന്റേയും ഐലൻഡ് ഡെവലപ്‌മെൻറ് ഏജൻസിയുടെയും തീരുമാനങ്ങളെ പിന്തുടർന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രഷൻ Tourism Policy 2020 തയ്യാറാക്കി. പോളിസിയിലെ പ്രധാനപ്പെട്ട ഒരു പ്രസ്താവന ഇതാ: ""ടൂറിസം സേവനദാതാവെന്ന ഇപ്പോഴത്തെ സ്ഥാനത്തു നിന്ന്അഡ്മിനിസ്ട്രേഷൻ കാലക്രമേണ പിൻവലിയും, എന്നാൽ ഫസിലിറ്റേറ്റർ ആയും റെഗുലേറ്ററായും തുടർച്ചയായി പ്രവർത്തിക്കും.''
കടമത്ത്, മിനിക്കോയ്, സുഹേലി ചെറിയകര ദ്വീപുകളിൽ, പൊതു-സ്വകാര്യ പങ്കാളിത്തം അടിസ്ഥാനമാക്കി നിതി ആയോഗുമായി ചേർന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ മേൽനോട്ടം വഹിക്കുമെന്ന് തീരുമാനിച്ച ഐലൻഡ് വാട്ടർ വില്ല റിസോർട്ട് പദ്ധതി വികസിപ്പിക്കുന്നതു പോലുള്ള പ്രൊജക്ടുകളെ പറ്റിയും ഇതിൽ എടുത്തു പറയുന്നുണ്ട്. ലക്ഷദ്വീപിന്റെ Society for Promotion of Nature Tourism and Sports (SPORTS) 266 കോടി രൂപയുടെ ആദ്യ ഘട്ട നിക്ഷേപവുമായി (സ്വകാര്യ മേഖലയിൽ നിന്ന് അനുബന്ധമായി 788 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്) പദ്ധതി നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.
പുതിയ അഡ്മിനിസ്ട്രേഷൻ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ദ്വീപ് സമൂഹത്തിൽ വലിയ തോതിൽ നാശനഷ്ടങ്ങൾക്കും പരക്കെ കുടിയൊഴിപ്പിക്കലിനും കാരണമാവുമെന്ന് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ സംരക്ഷണം, നടത്തിപ്പ് എന്നിവ കൈകാര്യം ചെയ്യുന്ന മേഖലയിലെ വിദഗ്ധർ വാദിക്കുന്നു.
ഈ ഭീമൻ ടൂറിസം പദ്ധതികളുടെ അപകടങ്ങൾ ദ്വീപിലുള്ളവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും, യൂണിവേഴ്‌സിറ്റികളിലേയും ഗവേഷക സ്ഥാപനങ്ങളിലേയും നൂറു കണക്കിന് ശാസ്ത്രജ്ഞരും വിദഗ്ധരും "മാസ്റ്റർ പ്ലാനിന്റെ' ഹ്രസ്വ- ദീർഘ കാല പാരിസ്ഥിതികാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു (The Hindu, 14 March, 2020). ഈ പദ്ധതികൾ പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മുൻ ഇന്റലിജൻസ് ബ്യൂറോ ചീഫും ലക്ഷദ്വീപിന്റെ 34-ാമത് അഡ്മിനിസ്‌ട്രേറ്ററുമായ ദിനേഷ് ശർമ്മയുടെ മരണത്തെ തുടർന്ന് പ്രഫുൽ പട്ടേൽ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേൽക്കുന്നത്. ആ സമയത്ത് പട്ടേലിന് ദാദ്ര നാഗർ ഹവേലിയുടേയും ദാമൻ ദിയുവിന്റെയും അഡ്മിനിസ്‌ട്രേറ്റർ ചുമതല കൂടിയുണ്ടായിരുന്നു. ലക്ഷദ്വീപിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രക്ഷുബ്ധമായ ഘട്ടമായിരുന്നു പട്ടേൽ ഓഫിസിലെത്തിയതു മുതലുള്ള അഞ്ചു മാസങ്ങൾ. Lakshadweep Animal Preservation Regulation, 2021, Prevention of Anti- Social Activities Regulation (PASA), The Lakshadweep Panchayat Regulation- 2021, Lakshadweep Development Authority Regulation- 2021 തുടങ്ങിയവയാണ് പുതിയ അഡ്മിനിസ്‌ട്രേഷൻ നടപ്പിലാക്കിയ നിയന്ത്രണങ്ങളിൽ ഏറ്റവും വിവാദമായവ. ഇവ ദ്വീപ് സമൂഹത്തിൽ വലിയ തോതിൽ നാശനഷ്ടങ്ങൾക്കും പരക്കെ കുടിയൊഴിപ്പിക്കലിനും കാരണമാവുമെന്ന് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ സംരക്ഷണം, നടത്തിപ്പ് എന്നിവ കൈകാര്യം ചെയ്യുന്ന മേഖലയിലെ വിദഗ്ധർ വാദിക്കുന്നു.
ചരിത്രപരവും, സാംസ്‌കാരികവും, സാമ്പത്തികവുമായ ബന്ധങ്ങൾ കാരണം കേരളത്തിന് ലക്ഷദ്വീപിനോട് വലിയ താൽപര്യമുണ്ട്. തുറമുഖ സൗകര്യങ്ങളും കേരള ഹൈക്കോടതിയും ഉൾപ്പെടെ, ഭൂരാഷ്ട്രതന്ത്രപരമായും നിയമപരമായുമുള്ള മറ്റു ഘടകങ്ങളും കേരളത്തിന് ദ്വീപുമായുള്ള ബന്ധത്തിന് കാരണമാണ്. കേരളത്തിലെ തീരദേശ നഗരങ്ങളിലെ കച്ചവടക്കാർക്ക് ലക്ഷദ്വീപുമായുള്ള വാണിജ്യ ഇടപാട് നിർണായകമാണ്. പോരാത്തതിന് ലക്ഷദ്വീപിലെ നൂറു കണക്കിന് വിദ്യാർത്ഥികളാണ് കേരളത്തിലെ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും പഠിക്കുന്നത്. ഇക്കാരണങ്ങളാൽ, രാഷ്ട്രീയ- സാംസ്‌കാരിക ഭിന്നതകൾക്കതീതമായി പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റേയും ശബ്ദങ്ങൾ കേരളത്തിൽ നിന്നുയർന്നു കേൾക്കുന്നത് തികച്ചും സ്വാഭാവികം.
ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ഇടപെട്ട് ലക്ഷദ്വീപിൽ സ്വാഭാവിക ജീവിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മെയ് 31ന് കേരള നിയമ സഭ ഐക്യകണ്‌ഠേന ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐകദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്. പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞത്, ""പ്രാദേശിക പ്രതിഷേധങ്ങൾ വകവെക്കാതെ അഡ്മിനിസ്‌ട്രേറ്റർ ആവിഷ്‌കരിച്ച അഭൂതപൂർവമായ നടപടികൾ കാരണം ലക്ഷദ്വീപിലെ ജനങ്ങൾ കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്'' എന്നും, ‘‘അവരുടെ സംസ്‌കാരവും പാരമ്പര്യവും ഭീഷണയിലാണ്’’ എന്നുമാണ്. ""അവരുടെ ഭക്ഷശീലങ്ങൾ തുടങ്ങി ഉപജീവനമാർഗങ്ങൾ വരെ ഭീഷണിയിലാണ്'', മുഖ്യമന്ത്രി പറയുന്നു. മറ്റൊരു ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ദ്വീപിലെ സംഭവവികാസങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും, അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഉന്നതമായ പാരസ്പരിക സാമൂഹിക, വ്യക്തി ഐക്യമാണ് ലക്ഷദ്വീപിന്റെ സാംസ്‌കാരിക ലോകത്തിന്റെ കാതൽ. ഈ പാരസ്പരിക സാമൂഹിക- സാംസ്‌കാരിക മൂലധനത്തെയാണ് ദ്വീപിന് പുറത്തുള്ള വർഗീയവാദികൾ വികൃതമാക്കുന്നത്.
നാനാത്വങ്ങളുടെ ദ്വീപസമൂഹം
ലക്കദീവ്, മിനികോയ്, അമിൻദിവി ദ്വീപുകൾ എന്നറിയപ്പെട്ടിരുന്ന ലക്ഷദ്വീപ് ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമാണ്. 32 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് 36 ദ്വീപുകളിലായി 70,000-ത്തിൽ താഴെ ജനസംഖ്യയുള്ള ദ്വീപസമൂഹമാണത്. ഇതിൽ 11 ദ്വീപുകളിൽ മാത്രമാണ് ജനവാസം. 12 അറ്റോളുകളും, മൂന്ന് റീഫുകളും, വെള്ളത്തിലാണ്ടു കിടക്കുന്ന അഞ്ചു തീരങ്ങളും അടങ്ങിയ ഏക ജില്ലാ കേന്ദ്ര ഭരണപ്രദേശമാണത്. 1973 ലാണ് ലക്ഷദ്വീപ് എന്ന് പുനർനാമകരണം ചെയ്തത്. അറബിക്കടലിൽ 220 മുതൽ 440 കിലോമീറ്ററുകൾ വരെ അകലത്തുള്ള പ്രധാന ദ്വീപുകളുമായി കൊച്ചിക്ക് ദൃഢബന്ധമുണ്ട്. പ്രകൃതി ഭംഗിയും, പ്രശാന്തമായ കടൽത്തീരങ്ങളും, ലഗൂണുകളും, ജൈവവൈവിധ്യങ്ങളുടെ സമ്പന്ന ശേഖരവും ലക്ഷദ്വീപിനെ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാക്കി മാറ്റുന്നു. വില്യം ലോഗന്റെ മലബാർ മാന്വലിൽ, ഭൂമിയിലെ ചുരുക്കം ചില പ്രദേശങ്ങൾക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന തരത്തിലുള്ള ദ്വീപിന്റെ ഭംഗിയെ കുറിച്ച് പറയുന്നുണ്ട്. മലബാർ മാന്വലിന്റെ രണ്ടു വോള്യങ്ങളിലും ദ്വീപിന്റെ ചരിത്രം, ജനം, സമൂഹം, സാമ്പത്തികം എന്നിവയെ കുറിച്ച് പലവുരു പരാമർശിക്കുന്നുണ്ട്.
ജനസംഖ്യയുടെ 94 ശതമാനവും തദ്ദേശീയ മുസ്‌ലിം വിഭാഗത്തിൽ പെട്ടവരാണ്. ശാഫി മദ്ഹബ് പിന്തുടരുന്ന സുന്നി വിഭാഗക്കാരാണ് ഇതിൽ ഭൂരിഭാഗവും. മലബാർ തീരങ്ങളിൽ നിന്ന് കുടിയേറിയവരുടെ പിൻതുടർച്ചക്കാരാണിവർ (മിനികോയ് ഒഴികെയുള്ള ദ്വീപുകളിൽ മലയാളം പ്രധാന ഭാഷയാണ്, മിനികോയിൽ മഹ്ൽ ആണ് സംസാര ഭാഷ). ഭരണഘടനയിലെ വകുപ്പനുസരിച്ച്(Constitution -Scheduled Tribes- Union Territories, Order, 1951 -C.O.33) തദ്ദേശീയ ജനവിഭാഗത്തെ, അവരുടെ സാമ്പത്തിക- സാമൂഹിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ പട്ടിക വർഗ വിഭാഗമായാണ് കണക്കാക്കിയിരിക്കുന്നത്. 1956ലെ Scheduled Castes and Scheduled Tribes list (modification orders) പ്രകാരം ലക്ഷദ്വീപ് നിവാസികളും, മാതാപിതാക്കൾ രണ്ടുപേരും ദ്വീപിൽ ജനിച്ചവരും പട്ടിക വർഗവിഭാഗമായാണ് കണക്കാക്കപ്പെടുന്നത്.
നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കുറ്റകൃത്യങ്ങളും മറ്റു നിയമലംഘനങ്ങളും വിരളമായ ദ്വീപിലെ സാമൂഹിക ജീവിതം താരതമ്യേന സമാധാനപരമാണ്. സമീപകാലങ്ങളിൽ സ്ത്രീകൾക്കെതിരായ ഒരു കുറ്റകൃത്യം പോലും ബ്യൂറോ റിപ്പോർട്ടു ചെയ്തിട്ടില്ല.
കേര കൃഷിക്കു പുറമെ, മത്സ്യബന്ധനമാണ് പ്രധാന ഉപജീവനമാർഗം. ലക്ഷദ്വീപിൽ വ്യവസായങ്ങളില്ല, കയറ്റുമതി സാധ്യതകൾ സമുദ്രവിഭവങ്ങളും കേര സംബന്ധിയായ ഉൽപന്നങ്ങളും മാത്രമാണ്. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ ദ്വീപിന് മിതമായ സൗകര്യങ്ങളുണ്ട്. ദ്വീപിലെ ആളുകൾ ഇക്കാര്യങ്ങൾക്ക് കേരളം, കർണാടക, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. ദ്വീപിലെ സാക്ഷരതാ നിരക്ക് 93.55 ശതമാനമാണ്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ 1982 ൽ രൂപം നൽകിയ Society for Promotion of Nature Tourism and Sports (SPORTS) എന്ന നോഡൽ ഏജൻസിയിലൂടെയാണ് ടൂറിസം പ്രചാരണം. ഭൂമിശാസ്ത്രപരമായ പരിമിതികൾ കാരണം ഇതിന് കാര്യമായ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും, നിലവിൽ ടൂറിസം സെക്ടർ സ്വകാര്യമേഖലയുടെ കാര്യമായ ശ്രദ്ധയാകർഷിക്കുന്നുണ്ട്.
ഉന്നതമായ പാരസ്പരിക സാമൂഹിക, വ്യക്തി ഐക്യമാണ് ലക്ഷദ്വീപിന്റെ സാംസ്‌കാരിക ലോകത്തിന്റെ കാതൽ. ഈ പാരസ്പരിക സാമൂഹിക- സാംസ്‌കാരിക മൂലധനത്തെയാണ് ദ്വീപിന് പുറത്തുള്ള വർഗീയവാദികൾ വികൃതമാക്കുന്നത്. നിലവിൽ ഉയർന്നു വന്ന പല ആഖ്യാനങ്ങളും വക്രീകരിക്കപ്പെട്ടതും അതിശയോക്തി കലർന്നതുമാണെന്ന് എഴുത്തുകാരനും സാമൂഹ്യ വിമർശകനുമായ എം.എൻ. കാരശ്ശേരി പറയുന്നു. "ജിഹാദി' ഇസ്‌ലാമിന്റെ സാന്നിധ്യവും, "ശരീഅത്ത് ഭരണവും' അത്തരത്തിലുള്ളതാണ്. ശരീഅത്തിന് അപരിചിതമായ മാതൃദായക്രമമാണ് ലക്ഷദ്വീപിലെ ജനങ്ങൾ പിന്തുടരുന്നതെന്ന്, ലക്ഷദ്വീപിൽ നിന്നുള്ള നിരവധി അറബി- മലയാളം രചനകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത, പതിറ്റാണ്ടുകളായി ദ്വീപുമായി അടുത്തബന്ധം പുലർത്തുന്ന കാരശ്ശേരി പറയുന്നു. ലോഗനെ ഉദ്ധരിക്കുകയാണെങ്കിൽ, ലക്ഷദ്വീപിലെ ജനങ്ങൾ മൊണോഗമി പിന്തുടരുന്നവരാണ്, ""സ്ത്രീകൾ തല മറയ്ക്കാതെ സ്വതന്ത്രമായി പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്, മിനികോയ് ആയിരുന്നു എല്ലാത്തിലും മുൻപന്തിയിൽ.'' (Logan 1887/2000 Vol. II: ccIxxiv)
ലക്ഷദ്വീപ് സാംസ്‌കാരികമായി വൈവിധ്യമാർന്നതാണ്. കോയ, മാൽമി, മേലച്ചേരി തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ പെട്ടവരും അനന്യമായ ഇസ്‌ലാമിക ആചാരങ്ങളും ദ്വീപിലുണ്ട്. വൈവിധ്യമാർന്ന സാംസ്‌കാരിക തത്വശാസ്ത്ര പ്രമാണങ്ങളുള്ള സുന്നികളാണ് ദ്വീപിലെ പ്രബല വിഭാഗം. ഉദാഹരണത്തിന്, ദ്വീപിലെ മുസ്‌ലിംങ്ങളിൽ നല്ലൊരു വിഭാഗം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സുന്നി ദർശനങ്ങൾ പിന്തുടരുന്നവരാണ്. സിയാറത്ത്, റാതീബ്, മൗലൂദ് തുടങ്ങിയ ആചാരങ്ങൾ അവർ പിന്തുടരുന്നു. നദ്‌വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്‌ലാമി, അഹ്‌മദിയ, ഖ്വാദിരിയ, റിഫായ് വിഭാഗക്കാരും ദ്വീപിലുണ്ട്. വഹാബികൾ എന്നു വിളിക്കുന്ന മുജാഹിദീൻ വിഭാഗക്കാരും മറ്റു സാമ്പ്രദായിക വിഭാഗക്കാരുമായി രസകരമായ തർക്കങ്ങളുണ്ടാവാറുണ്ടെന്ന് അലി മണിക്ഫാൻ പറയുന്നു. ദ്വീപിൽ ഇത്തരത്തിൽ, ഇസ്‌ലാമിനകത്തു തന്നെ നടക്കാറുള്ള തർക്കങ്ങളെ ഡാർട്ട്മൗത്ത് കോളേജിലെ നരവംശശാസ്ത്ര വിഭാഗത്തിലെ നരവംശശാസ്ത്രജ്ഞനായ ബ്രയാൻ ജെ. ഡിഡിയർ പഠിച്ചിട്ടുണ്ട്. ഇസ്‌ലാമിക ആചാരങ്ങളെ കുറിച്ചും, കർമശാസ്ത്രത്തെ കുറിച്ചും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴും, ലക്ഷദ്വീപിലെ മുസ്‌ലിംങ്ങൾ ഒരിക്കലും അക്രമത്തെയോ മറ്റു തീവ്രമായ പ്രതിഷേധങ്ങളെയോ പ്രതിരോധങ്ങളെയോ ആശ്രയിച്ചിട്ടില്ല. രസകരമായ മറ്റൊരു കാര്യം, തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമായി സിയാറത്ത് ടൂറിസത്തിന് പ്രചാരം നൽകുന്നതിനെ കുറിച്ച് 2020 ടൂറിസം പോളിസിയിൽ പറയുന്നുണ്ട്.
ചട്ടങ്ങളുടെ ന്യായരഹിത ഭരണക്രമം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ആന്ത്രോത്ത് സെന്ററിൽ മൂന്നു വർഷത്തോളം പഠിപ്പിച്ച ഇന്റർനാഷനൽ റിലേഷൻസ് ഗവേഷകൻ എൻ.പി. ശ്രീജേഷ് പറയുന്നത്, ബീഫ് നിരോധനം, അവികസനം തുടങ്ങിയ ആഖ്യാനങ്ങൾ, ദ്വീപിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധയകറ്റാൻ ശ്രമിക്കുന്നെന്നാണ്. ദ്വീപിലെ ജനങ്ങൾ വികസനത്തിനെതിരാണെന്ന് വരുത്തിത്തീർക്കുന്നത് തീർത്തും അതിശയോക്തമായ വാദമാണെന്ന് അദ്ദേഹം പറയുന്നു. ലക്ഷദ്വീപിന് "മാൽദിവ്‌സ് മോഡൽ' പകർത്താൻ സാധിക്കുമോ എന്ന നിർണായക ചോദ്യമാണവർ മുന്നോട്ടു വെക്കുന്നത്. ദ്വീപിൽ ടൂറിസത്തിന്റെ സാധ്യകളും പരിമിതികളും പരിശോധിക്കുമ്പോൾ ഈ ചോദ്യം പ്രസക്തമാണ്.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ആവിഷ്‌കരിച്ച നാലു ചട്ടങ്ങൾ ദ്വീപിനകത്തും പുറത്തും പരക്കെ പ്രതിഷേധങ്ങൾക്കു കാരണമായി. Prevention of Anti-Social Activities Regulation (PASA) നടപ്പിൽ വന്നാൽ, ഒരു വിശദീകരണവും നൽകാതെ ആരേയും ഒരു വർഷം തടവിലിടാനുള്ള അധികാരം അഡ്മിനിസ്‌ട്രേഷന് ലഭിക്കും. ദ്വീപിൽ ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ നടക്കുന്ന ഒരു സാഹചര്യത്തിലാണിത്. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ, ദ്വീപുകളിലൊന്നിന് സമീപത്തു വെച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് 300 കിലോഗ്രാം ഹെറോയിനും അഞ്ച് എ.കെ. 47 തോക്കുകളും പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്ന കളക്ടർ അസ്‌കർ അലിയുടെ വാദം സേവ് ലക്ഷദ്വീപ് ഫോറം തുറന്നു കാട്ടിയിട്ടുണ്ട്. പിടിച്ചെടുത്ത ബോട്ട് ശ്രീലങ്കയിൽ നിന്നുള്ളതാണെന്നും, അതിലുണ്ടായിരുന്ന മത്സ്യതൊഴിലാളികൾ ശ്രീലങ്കൻ പൗരന്മാരാണെന്നും ഇന്ത്യൻ കോസ്റ്റ് ഗാർഡ് വ്യക്തമാക്കുന്നുണ്ട്. സംഭവത്തിന് ലക്ഷദ്വീപുമായി എന്തെങ്കിലും ബന്ധമുള്ളതായി കോസ്റ്റ്ഗാർഡ് അവകാശപ്പെട്ടിട്ടില്ല (Press Information Bureau 2021).
പശു, കാള, മൂരി തുടങ്ങിയ നാൽകാലികളുടെ അറവ് നിരോധിക്കുന്നതിലേക്കാണ് Lakshadweep Animal Preservation Regulation, 2021 ചെന്നവസാനിക്കുക എന്ന് പലരും ആശങ്കപ്പെടുന്നുണ്ട്. ചട്ടത്തിന്റെ എട്ടാം വകുപ്പിൽ ഇങ്ങനെ പറയുന്നുണ്ട്:
1) ഒരു വ്യക്തിയും നേരിട്ടോ അല്ലാതെയോ ബീഫും അനുബന്ധ ഉൽപന്നങ്ങളും വിൽക്കാനോ, സൂക്ഷിക്കാനോ, കടത്താനോ, നൽകാനോ പാടില്ല.
2) ആരെങ്കിലും ബീഫോ, ബീഫ് ഉൽപന്നങ്ങളോ വാഹനത്തിലോ മറ്റ് യാത്രാമാർഗ്ഗങ്ങൾ വഴിയോ കടത്താൻ ശ്രമിച്ചാൽ, പ്രസ്തുത വാഹനവും അതിലെ ചരക്കും അഡ്മിനിസ്‌ട്രേറ്റർ നിയമിക്കുന്ന ഓഫീസർക്കോ അതോറിറ്റിക്കോ പിടിച്ചെടുക്കാം.
സെക്ഷൻ അഞ്ചിലെ ഒന്നാം ഉപവകുപ്പ് ലംഘിച്ച്, ആരെങ്കിലും സെക്ഷൻ അഞ്ചിലെ രണ്ടാം ഉപവകുപ്പിൽ പറയുന്ന മൃഗങ്ങളെ കശാപ്പു ചെയ്ത് പിടിക്കപ്പെട്ടാൽ, പരമാവധി പത്തു വർഷം വരെ ജീവപര്യന്തം തടവും ചുരുങ്ങിയത് ഒരു ലക്ഷം മുതൽ പരമാവധി അഞ്ചു ലക്ഷം വരെ പിഴയും ചുമത്തും (Union Territory of Lakshadweep 2021 b) എന്നും സെക്ഷൻ സെക്ഷൻ പത്തിലെ രണ്ടാമത്തെ ക്ലോസിൽ പറയുന്നുണ്ട്. രാജ്യത്തെ 85 ശതമാനത്തിലധികം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന് വിലക്കോ നിയന്ത്രണങ്ങളോ നിലവിലുണ്ടെന്നും, ഇത്തരത്തിലൊരു നിയമം ഇല്ലാത്ത കേന്ദ്ര ഭരണപ്രദേശം ലക്ഷദ്വീപ് മാത്രമാണെന്നും സർക്കാർ അവകാശപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ ബീഫ് കയറ്റുമതി രാജ്യം ഇന്ത്യയാണെന്നതാണ് ഇതിലെ വിരോധാഭാസം (വർഷം 1.2 ദശലക്ഷം മെട്രിക് ടൺ).
മുസ്‌ലിംങ്ങൾക്കെതിരെയുള്ള ജനസംഖ്യാപരമായ സ്റ്റീരിയോടൈപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പുതിയ ചട്ടം രണ്ടിൽ കൂടുതൽ കുട്ടികളുള്ള വ്യക്തികളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കുന്നു.
"വികസന' ആവശ്യങ്ങൾക്കായി ദ്വീപിലെ ഏതൊരു വ്യക്തിയുടേയും ഭൂമി ഏറ്റെടുക്കാനുള്ള അധികാരം Lakshadweep Development Authority Regulation 2021 സർക്കാറിന് നൽകും. ""നിലത്തിലും അതിന് മീതെയും കീഴെയും നിർമാണം, എഞ്ചിനിയറിങ്ങ്, ഖനനം തുടങ്ങിയ പ്രവർത്തനങ്ങൾ, കുന്ന് ഭാഗികമായോ പൂർണമായോ നിരത്തുന്നത്, മറ്റ് ബിൽഡിങ്ങുകളിലും ഭൂമിയിലും മാറ്റം വരുത്തുന്നത്'' എന്നിവയാണ് വികസനത്തിന് പുതിയ ചട്ടത്തിൽ നൽകിയ നിർവചനം (Union Territory of Lakshadweep 2021 c). ടൂറിസം വികസനത്തിനു കീഴിൽ വിഭാവനം ചെയ്യുന്ന ഭീമൻ പദ്ധതികൾ പരിഗണിക്കുമ്പോൾ, പ്രസ്തുത നിർവചനം തന്നെ ദുരന്തത്തിനുള്ള ക്ഷണമാണെന്ന് വിദഗ്ധർ പറയുന്നു.
പുതുതായി ആവിഷ്‌കരിച്ച Lakshadweep Panchayat Regulation, 2021 അപകടകരമായ സാധ്യതകൾ നിറഞ്ഞ ചട്ടമാണ്. പതിറ്റാണ്ടുകളായി പഞ്ചായത്ത് രാജിനു കീഴിലുള്ള സ്ഥാപനങ്ങൾ കൈകാര്യം ചെയ്ത വിഷയങ്ങൾ അഡ്മിനിസ്‌ട്രേഷൻ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്. വികേന്ദ്രീകൃത ഭരണക്രമത്തിന്റെ മരണക്കെണി ആയിട്ടാണ് വിദഗ്ധർ പുതിയ ചട്ടത്തെ വിലയിരുത്തുന്നത്. ഭൂമി ഏറ്റെടുക്കുന്നതുൾപ്പടെ, പ്രൊജക്ടുകൾക്ക് അനുമതി നൽകുന്നതിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്ക് എടുത്തുകളയാനുള്ള ശ്രമമാണിതെന്ന് അവർ ആശങ്കപ്പെടുന്നു. മുസ്‌ലിംങ്ങൾക്കെതിരെയുള്ള ജനസംഖ്യാപരമായ സ്റ്റീരോടൈപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പുതിയ ചട്ടം (Section 14 (n), 58 (n)) രണ്ടിൽ കൂടുതൽ കുട്ടികളുള്ള വ്യക്തികളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കുന്നു. താഴ്ന്ന പ്രത്യുൽപാദന നിരക്കും (TFR) പ്രായമായിക്കാണ്ടിരിക്കുന്ന ജനസമൂഹവും ഉള്ള ലക്ഷദ്വീപിൽ പ്രസ്തു നയം നടപ്പിലാക്കാനുള്ള ശ്രമം യുക്തിക്ക് നിരക്കാത്തതാണെന്ന് പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (PFI) പറയുന്നു. നാഷനൽ ഹെൽത്ത് ആന്റ് ഫാമിലി സർവെ- 5 (NFHS) 2019-2020 പ്രകാരം ലക്ഷദ്വീപിലെ പ്രത്യുൽപാദന നിരക്ക് 1.4 ആണെന്നും ദേശീയ ശരാശരിയായ 2.2 നെക്കാൾ തുലോം കുറവാണതെന്നും പി.എഫ്.ഐ ചൂണ്ടിക്കാട്ടുന്നു. ദ്വീപിന്റെ ജനസംഖ്യ വളർച്ചാ നിരക്ക് 1991-2001 കാലഘട്ടത്തിലെ 17.19 ശതമാനത്തിൽ നിന്നും കുറഞ്ഞ് 2001-11 കാലയളവിൽ കേവലം 6.3 ശതമാനമായതായും പി.എഫ്.ഐ പറയുന്നു.
മുറിവിൽ ഉപ്പു തേക്കുന്നത് കണക്കെ, ദ്വീപിലെ കാർഗോ ഗതാഗതം മംഗലാപുരത്തേക്ക് മാറ്റി കൊച്ചിയുടേയും ബേപ്പൂരിന്റേയും പങ്കാളിത്തം ചുരുക്കാനുള്ള നടപടികളും അഡ്മിനിസ്‌ട്രേഷൻ കൈക്കൊണ്ടിട്ടുണ്ട്. പ്രസ്തുത നടപടി ദ്വീപുമായി വാണിജ്യ ബന്ധങ്ങളിലേർപ്പെടുന്ന കേരളത്തിലെ കച്ചവടക്കാർക്ക് എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങളും നിഷേധിക്കുന്നതിലേക്ക് നയിക്കുമെന്ന് ഒരു പാസഞ്ചർ ഷിപ്പിന്റെ ക്യാപ്റ്റൻ (മുമ്പ് അദ്ദേഹം കാർഗോ ഷിപ്പുകളുടെ മേൽനോട്ടവും വഹിച്ചിരുന്നു) ലേഖകനോട് പറഞ്ഞു. അതോടൊപ്പം, ടൂറിസത്തിന്റെ പേരിൽ ദ്വീപിലെ മദ്യനിരോധനവും അഡ്മിനിസ്‌ട്രേഷൻ എടുത്തുകളഞ്ഞു. ബീച്ചിലെ മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ അഡ്മിനിസ്‌ട്രേഷൻ പൊളിച്ചതും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. ഇതോടൊപ്പം, സർവീസിലുള്ള നൂറുകണക്കിന് താൽകാലിക ജീവനക്കാരെ പിരിച്ചു വിട്ടതും, സ്ഥലം മാറ്റിയതും, തദ്ദേശീയരായ ഉദ്യോഗസ്ഥരെ തരംതാഴ്ത്തിയതും, എയർ ആംബുലൻസ് സേവനത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ദ്വീപിലുള്ളവർക്കിടയിൽ ആശങ്കയും, പിരിമുറുക്കവും ഉണ്ടാക്കാൻ കാരണമായി. ദ്വീപിലെ കോവിഡ്-19 മാനദണ്ഡങ്ങൾ ദുർബലപ്പെടുത്തുകയാണെന്ന വിമർശനം നേരത്തെ ഉണ്ടായിരുന്നു, പ്രത്യേകിച്ച് പുതിയ അഡ്മിനിസ്‌ട്രേറ്റർ ചാർജ് എടുത്തയുടൻ കേസുകൾ ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ.
ലക്ഷദ്വീപിലെ "പരിഷ്‌കാരങ്ങൾ' പരിഹാസ്യമാണെന്നാണ് നിരവധി ഉദ്യോഗസ്ഥരും മുമ്പ് ദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ പദവിയിലിരുന്നവരും കരുതുന്നത്. ഉദാഹരണത്തിന്, 1987-90 കാലയളവിൽ ദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റർ ആയിരുന്ന വജഹത്ത് ഹബീബുല്ല , ലക്ഷദ്വീപിൽ പുതുതായി ആവിഷ്‌കരിച്ച നടപടികൾ ദ്വീപിന്റെ സാമൂഹിക-പാരിസ്ഥിതിക ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് തന്റെ ഒരു ലേഖനത്തിൽ എഴുതുന്നുണ്ട്. കഴിഞ്ഞ 70 വർഷങ്ങൾക്കിടെ ലക്ഷദ്വീപിൽ ഒരു വികസനവും നടന്നില്ലെന്ന അവകാശവാദം മുൻനിർത്തിയുള്ള പുതിയ "സമഗ്ര വികസന' ഉദ്യമം തെറ്റാണെന്ന് അദ്ദേഹം പറയുന്നു. നിവാരണത്തടങ്കൽ നിയമം ജുഡീഷ്യൽ പരിഹാരം സാധ്യമാക്കാത്ത തരത്തിൽ ട്രൈബൽ ഭൂവുടമസ്ഥതയെ ദുർബലമാക്കുമെന്നും ഹബീബുല്ല പറയുന്നു. "മാൽദിവ്‌സ് മോഡൽ' വാദം നിരാകരിച്ച് അദ്ദേഹം പറയുന്നത്, ലക്ഷദ്വീപിനായുള്ള എന്തു പദ്ധതിയും, ദുർബലമായ കോറൽ ഇകോളജിയെ സമ്പന്നമാക്കുന്ന, ജനകേന്ദ്രീകൃത വികസനത്തെ ആവശ്യപ്പെടുന്നുണ്ടെന്നാണ്. ഡൽഹിയുടെ മുൻ ചീഫ് സെക്രട്ടറിയും, 1982-85 കാലയളവിൽ ലക്ഷദ്വീപ് അഡ്മിനിട്രേറ്ററുമായ ഒമേഷ് സൈഗാളും, പട്ടേൽ കൈക്കൊണ്ട വിവാദ നടപടികൾ പിൻവലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടേലിന്റെ ഗുരുതര നടപടികൾ ദ്വീപിൽ നിരവധി പ്രത്യാഘാതം സൃഷ്ടിച്ചെന്നും, ജനങ്ങളെ കേന്ദ്ര സർക്കാറിനെതിരെ തിരിച്ചെന്നും സൈഗൽ തന്റെ കത്തിൽ പറയുന്നു. ലക്ഷദ്വീപിന്റെ വികസനവും ടൂറിസം പദ്ധതികളും മാൽദിവ്‌സിൽ നിന്ന് അതേ പോലെ പകർത്താൻ സാധിക്കില്ലെന്നും, സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഇറച്ചി ഒഴിവാക്കിയ നടപടി പ്രശ്‌നമുണ്ടാക്കാനേ സഹായിക്കൂ എന്നും അദ്ദേഹം പറയുന്നു (The Pioneer, 30 May 2021).
ദ്വീപ് സമൂഹത്തിൽ പരിസ്ഥിതിയുടെ പ്രാധാന്യം
ലോകത്ത് ഏറ്റവും താഴ്ന്നുകിടക്കുന്ന ചെറിയ ദ്വീപസമൂഹങ്ങളിൽ ഒന്നാണ് ലക്ഷദ്വീപ്, ആയതിനാൽ, കടൽനിരപ്പിൽ പ്രതീക്ഷിക്കുന്ന വർധനവും, കൊടുങ്കാറ്റുകളുടെ ആധിക്യവും, സുനാമി തിരകളും മൂലമുള്ള വെള്ളപ്പൊക്ക സാധ്യത ദ്വീപ് അഭിമുഖീകരിക്കുന്നുണ്ടെന്ന് പത്തു വർഷങ്ങൾക്കു മുമ്പ്, പ്ലാനിങ് കമ്മീഷന്റെ Report of the Task Force on Islands, Coral Reefs, Mangroves & Wetlands in Environment & Forests 2007-2012 മുന്നറിയിപ്പു നൽകുന്നുണ്ട്: ""പ്രസ്തുത ഭീഷണികളെല്ലാം, ആഗോളതാപനം കാരണം സമുദ്രനിരപ്പ് ഉയരുന്നത് പോലുള്ള അനിശ്ചിതത്വങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഇവയെല്ലാം ദീർഘകാലമെടുത്ത് നടക്കുന്ന സാവധാന പ്രക്രിയകളാണ്.''
പവിഴപ്പാറ ജൈവവ്യവസ്ഥയെ ദുർബലമാക്കുന്നത് മനുഷ്യരുടെ ഇടപെടലുകൾ കാരണമാണെന്ന് Coastal Ocean Monitoring and Prediction System (COMAPS) -ത്തിനു കീഴിൽ CESS നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. ""വൻകരയുമായുള്ള ദ്വീപിന്റെ ഭൂശാസ്ത്രപരമായ അകൽച്ചയും, ദൂരവും കാരണം ലക്ഷദ്വീപിലെ പ്രകൃത്യാലുള്ളതും മനുഷ്യന്റെ ഇടപെടൽ മൂലമുള്ളതുമായ അപകടസാധ്യതകൾ നിർണയിക്കേണ്ടത് പ്രധാനമാണ്.'' ദ്വീപുകളുടെ വലിപ്പക്കുറവും അതിനെ കൂടുതൽ ദുർബലമാക്കുന്നു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ദ്വീപുകൾ അറബിക്കടലിൽ ചിതറിക്കിടക്കുന്നതിനാൽ, പ്രകൃതി ദുരന്തങ്ങളുണ്ടായാൽ ദ്വീപിലേക്കുള്ള പ്രധാന ജീവൻരക്ഷാ മാർഗങ്ങൾ (ആശയവിനിമയം, ഗതാഗതം) തകരാറിലാവുകയും വൻകരയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യും. തദ്ദേശീയ ജനവിഭാഗത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ, ദുർബലമായ പരിസ്ഥിതി, ജീവനോപാധികളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന തരത്തിലുള്ള പാരിസ്ഥിതിക സാഹചര്യം എന്നിവയാണ് ദ്വീപിനെ ദുർബലമാക്കുന്ന മറ്റ് പ്രകൃതി, മനുഷ്യ-നിർമിത ഘടകങ്ങൾ (Planning Commission 2007).
ലക്ഷദ്വീപ് പോലുള്ള ഒരു സ്ഥലത്ത്, മുമ്പെങ്ങുമില്ലാത്ത വിധത്തിൽ "വികസനം/ അവികസനം' എന്നിവയുടെ പേരിലുള്ള വർഗീയ ചേരിതിരിവ് കൂടുതൽ ആശങ്കപ്പെടുത്തുന്നു.
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലുള്ള നിരവധി അപകട ഘടകങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ജനങ്ങളുടെ പ്രധാന വരുമാന മാർഗമായി ടൂറിസത്തെ കണക്കാക്കുമ്പോൾ തന്നെ, ദ്വീപിന്റെ ജൈവവിധ്യത്തിന് ഭീഷണിയാകുമെന്നതിനാൽ ടൂറിസം പ്രവർത്തനങ്ങളെ സൂക്ഷ്മമായി വീക്ഷിക്കണമെന്നും നിയന്ത്രിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. സമാനമായി, ""ടൂറിസം അനുബന്ധ നിർമാണ, വികസന പ്രവർത്തനങ്ങൾ ദ്വീപിന്റെ കാരിയിങ്ങ് കപാസിറ്റിയെ ബാധിക്കുകയും, ദ്വീപിലെ പ്രകൃതി വിഭവങ്ങൾ സമ്മർദത്തിലാവുകയും ചെയ്യും.'' പവിഴപ്പുറ്റുകളുടെ ചൂഷണം, ഗതാഗത മാർഗങ്ങൾക്കായുള്ള ട്രെഡ്ജിങ്ങ്, അസന്തുലിതമായ മത്സ്യവേട്ട, തീരദേശ വികസനം, സുവനീർ ശേഖരം തുടങ്ങിയ വിനാശകരമായ പ്രവർത്തനങ്ങളാണ് ലക്ഷദ്വീപിന്റെ പാരിസ്ഥിതിക ശോഷണത്തിന്റെ പ്രധാന കാരണങ്ങളിൽ ചിലതെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, കടൽനിരപ്പ് ഉയരുന്നത്, മഴ, അനുബന്ധ ഘടകങ്ങളായ കാറ്റ്, തിരമാല, അന്തരീക്ഷ മർദ്ദം, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ ഭീഷണി മുതലായവ ലക്ഷദ്വീപ് നേരിടുന്നുണ്ടെന്ന് പ്ലാനിങ്ങ് കമീഷൻ റിപ്പോർട്ടിൽ കാണാം. ഇത്തരം സാഹചര്യങ്ങളിൽ ദ്വീപിന്റെ താഴ്ന്ന എലവേഷൻ കാരണം ജലപ്രളയം ഉണ്ടായേക്കാം.
പല കാരണങ്ങളാൽ ലോകത്തെല്ലായിടത്തുമുള്ള ദ്വീപസമൂഹങ്ങൾ ഗൗരവകരമായ ഭീഷണി നേരിടുന്നുണ്ട്. ലക്ഷദ്വീപിന്റെ സ്ഥിതിയും വ്യത്യസ്തമല്ല, പ്രത്യേകിച്ച് ദ്വീപുകൾ ചെറുതും, വൻകരയുമായുള്ള ദൂരം നിർണായകവുമായ സാഹചര്യത്തിൽ. കിഴക്ക് ആഴക്കടലും, പടിഞ്ഞാറ് ലഗൂണുകളുമുള്ള ഈ ദ്വീപുകളെല്ലാം പവിഴപ്പാറകളാൽ ചുറ്റപ്പെട്ട അവസ്ഥയിലാണ്. ലക്ഷദ്വീപിന്റെ ദുർബലമായ ജൈവവ്യവസ്ഥയെ കുറിച്ച് നിരവധി പഠനങ്ങളും റിപ്പോർട്ടുകളും ലഭ്യമാണ് (Planning Commission 2008; Union Territory of Lakshadweep 2012: Anon 1989; Hoon 1997; James et al.1987; James 1989; James 2011).
പ്ലാനിങ്ങ് കമീഷൻ 2007ലും 2008ലും ദ്വീപസമൂഹത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് പര്യാപ്തമായ മുന്നറിയിപ്പുകൾ നൽകിയെങ്കിൽ, അതിന്റെ പിന്തുടർച്ചക്കാരായ നിതി ആയോഗ്, അത്തരം പഠനങ്ങളെ സംബന്ധിച്ച ഉത്കണ്ഠകളൊന്നും കാണിക്കുന്നില്ലെന്ന് മാത്രമല്ല, ദ്വീപിന്റെയും തദ്ദേശീയ ജനവിഭാഗത്തിന്റേയും ഭാവിയെക്കുറിച്ച് അതിന് ആശങ്കയൊട്ടില്ലതാനും. അവരുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാനിൽ നിന്ന് ആകെ വായിച്ചെടുക്കാവുന്നത് ഈ മനോഭാവമാണ്.
എന്നാൽ ലക്ഷദ്വീപ് പോലുള്ള ഒരു സ്ഥലത്ത്, മുമ്പെങ്ങുമില്ലാത്ത വിധത്തിൽ "വികസനം/ അവികസനം' എന്നിവയുടെ പേരിലുള്ള വർഗീയ ചേരിതിരിവ് കൂടുതൽ ആശങ്കപ്പെടുത്തുന്നു. ദ്വീപിനെ ചൂഴ്ന്നു നിൽക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങൾ കൂടുതൽ ഗഹനവും, മതിയായ പുനരാലോചനകൾ അർഹിക്കുന്നതുമാണെന്നിരിക്കെ വൻകരയിൽ നടക്കുന്ന വർഗീയ ചേരിതിരിവിനെ കുറിച്ച് തനിക്കുള്ള ആശങ്കകൾ അലി മണിക്ഫാൻ പങ്കുവെക്കുന്നു. ▮
വിവർത്തനം : മുഹമ്മദ് ഫാസിൽ
Reference