ആർ.എസ്.എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും അടഞ്ഞവാതിൽ ചർച്ച എന്താണ് സന്ദേശിക്കുന്നത്?

ആർ.എസ്.എസിനെ പോലെ ജമാഅത്തെ ഇസ്ലാമിയും മതരാഷ്ട്രത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന സത്യത്തെ മറച്ചുപിടിച്ചാണ് മനുഷ്യാവകാശത്തിന്റെയും പരിസ്ഥിതി സ്‌നേഹത്തിന്റെയും മുഖംമൂടിയണിഞ്ഞവർ പൊതുസമൂഹത്തിൽ ഇടംനേടാൻ ശ്രമിക്കുന്നത്. ആഗോള ഇസ്ലാമികവ്യവസ്ഥ ലക്ഷ്യംവെക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ദർശനത്തെയും രാഷ്ട്രീയത്തെയും അപഗ്രഥനവിധേയമാക്കിക്കൊണ്ടും തുറന്നുകാണിച്ചും കൊണ്ടേ ആർ.എസ്.എസ് ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിക്കെതിരെ വിശാലമായ മതനിരപേക്ഷമുന്നണി കെട്ടിപ്പടുക്കാനാകൂ.

മാഅത്തെ ഇസ്ലാമിയും മറ്റുചില മുസ്ലിം സംഘടനകളും ആർ.എസ്.എസ്. നേതൃത്വവുമായി നടത്തിയ അടഞ്ഞവാതിൽ ചർച്ച വിവാദപരമായി ചർച്ച ചെയ്യപ്പെടുകയാണല്ലോ. ചർച്ചയെക്കുറിച്ച് ആർ.എസ്.എസ് ദേശീയസമിതി അംഗം ഇന്ദ്രേഷ്‌കുമാറും ജമാഅത്തെ ഇസ്ലാമി നേതാവ് ടി. ആരിഫ് അലിയും പറയുന്ന കാര്യങ്ങൾ പരസ്പര വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്. സംഘപരിവാർ സംഘടനയായ മുസ്‌ലിം രാഷ്ട്രീയമഞ്ചിന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ചർച്ച നടന്നതെന്നും അല്ല ജമാഅത്തെ ഇസ്ലാമി നേതാക്കൾ ആർ.എസ്.എസിനെ ചർച്ചയ്ക്കായി സമീപിക്കുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ആര് മുൻകൈയെടുത്താലും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് മുഖ്യരാഷ്ട്രീയ അജണ്ടയായിട്ടുള്ള ആർ.എസ്.എസ് നേതൃത്വവുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ച ഹിന്ദുത്വവാദികളുടെ മുസ്ലിം വിരുദ്ധ അജണ്ടയ്ക്ക് സമ്മതമേകലാണെന്ന് കാണേണ്ടിവരും.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിച്ച് ഇങ്ങനെയൊരു ചർച്ചനടത്താൻ ആരും ജമാഅത്തെ ഇസ്ലാമിക്കാരെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കേരളത്തിലെ പ്രധാന ന്യൂനപക്ഷ സമുദായ സംഘടനാനേതാക്കളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ ചരിത്രവും പ്രത്യയശാസ്ത്രവും അറിയാവുന്നവരെ സംബന്ധിച്ചിടത്തോളം ആർ.എസ്.എസുമായുള്ള അവരുടെ ഈ രഹസ്യചർച്ച ഒട്ടും അസ്വാഭാവികമായി തോന്നാനിടയില്ല. പുറത്ത് മതേതരത്വവും ഫാസിസ്റ്റ്‌വിരുദ്ധതയും സമൂഹനോമ്പുതുറയുമൊക്കെയായി നടക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ യഥാർത്ഥ രാഷ്ട്രീയ സിദ്ധാന്തം ഹിന്ദുത്വവുമായി സന്ധിചെയ്യുന്ന മൗദൂദിസമാണ്. ഗോൾവാൾക്കറിസത്തിന്റെ മറുപുറമാണ് മൗദൂദിസം. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗദൂദി 1947ൽ തന്നെ തന്റെ പത്താൻകോട്ട് പ്രസംഗത്തിൽ ഹിന്ദുരാഷ്ട്രത്തെ സ്വാഗതം ചെയ്തിട്ടുള്ളതാണ്. അതിൽ മൗദൂദിക്ക് ഒരു നിർബന്ധം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഹിന്ദുരാഷ്ട്രം പാശ്ചാത്യരെപ്പോലെ ജനാധിപത്യ ദേശീയ മതേതര രാഷ്ട്രമാക്കരുത് എന്നതായിരുന്നു ഹിന്ദുത്വവാദികളോടുള്ള മൗദൂദിയുടെ ഉദാരപൂർവ്വമുള്ള അഭ്യർഥന. ഹൈന്ദവവേദ സംഹിതകൾ അനുസരിച്ചുള്ള ഹിന്ദുരാഷ്ട്രം സ്ഥാപിക്കപ്പെട്ടാൽ മുസ്ലിങ്ങൾ എതിർക്കേണ്ടതില്ല എന്നായിരുന്നു മൗദൂദിയുടെ ഉറച്ച അഭിപ്രായം. ഇർഫാൻ ഹബീബ് തന്റെ "ഇസ്ലാമിസം ആന്റ് ഡമോക്രസി ഇൻ ഇന്ത്യ' എന്ന ലേഖനത്തിൽ മൗദൂദിയെ ഉദ്ധരിച്ച് ഇക്കാര്യങ്ങളൊക്കെ വിശദീകരിച്ചിട്ടുണ്ട്.

ടി. ആരിഫ് അലി / Photo: sahulat.org

എന്നുമാത്രമല്ല 1953ൽ പാക്കിസ്ഥാനിൽ നടന്ന അഹമ്മദീയ കൂട്ടക്കൊലയ്ക്ക് നേതൃത്വംകൊടുത്ത ആളായിരുന്നു മൗദൂദി. അഹമ്മദീയ കൂട്ടക്കൊല അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ മൗദൂദി ഇന്ത്യയിൽ ഹിന്ദുരാഷ്ട്രമുണ്ടാകുന്നതിനെ അംഗീകരിക്കുകയാണ് ചെയ്തത്. മൗദൂദി ജുഡീഷ്യൽ കമ്മീഷനുമുമ്പിൽ നൽകിയ മൊഴിയിൽ പറയുന്നത്; ''ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം സ്ഥാപിക്കപ്പെട്ട് മനുസ്മൃതി നടപ്പാക്കപ്പെട്ടാൽ മുസ്ലീങ്ങൾ ശൂദ്രരോ മ്ലേച്ഛരോ ആയി കണക്കാക്കപ്പെട്ട് അവർക്ക് ഭരണ ഉദ്യോഗപങ്കാളിത്തം നഷ്ടപ്പെട്ടാൽ എനിക്ക് വിരോധമില്ല'' എന്നാണ്. മതരാഷ്ട്രവാദമുന്നയിക്കുന്ന നിങ്ങൾ എന്താണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ മുസ്ലീങ്ങളെക്കുറിച്ച് പറയുക എന്ന കമ്മീഷന്റെ ചോദ്യത്തിനാണ് മൗദൂദി അർത്ഥശങ്കക്കിടയില്ലാതെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിൽ തനിക്ക് വിരോധമില്ലെന്ന് മൊഴി നൽകിയത്.

ഇതാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്റെ നിലപാടെന്നതുകൊണ്ടാണ് അവരിപ്പോൾ ആർ.എസ്.എസുമായി നടത്തുന്ന ചർച്ചയിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് പറയേണ്ടിവരുന്നത്. മൗദൂദിയുടെ ഇത്തരം നിലപാടുകളെ ഒരുഘട്ടത്തിലും ജമാഅത്തെ ഇസ്ലാമി പുനപരിശോധിച്ചതായോ തള്ളിക്കളഞ്ഞതായോയുള്ള ഒരു വിശദീകരണവും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഉത്തരാധുനിക കസർത്തുകളിലൂടെ കമ്യൂണിസ്റ്റ് വിരോധവും ആധുനിക മതേതരദേശീയ സങ്കൽപങ്ങളോട് വിദ്വേഷവും പടർത്തുന്നവരാണ് ഹിന്ദുത്വവാദികളെ പോലെതന്നെ ജമാഅത്തെ ഇസ്ലാമി ബുദ്ധിജീവികളുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിൽ അവരുടെ മുഖ്യ അജണ്ട മുസ്ലീം ന്യൂനപക്ഷങ്ങളെ ഇടതുപക്ഷവിരുദ്ധമാക്കുകയെന്നതാണ്. എന്നും ആർ.എസ്.എസിനെപോലെ ഇരട്ടനാക്കുകൊണ്ട് സംസാരിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാരും.
ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും മതനിരപേക്ഷ ജനാധിപത്യ ആശയങ്ങൾക്കുമെതിരായി ജമാഅത്തെ ഇസ്ലാമി നടത്തിക്കൊണ്ടിരിക്കുന്ന പ്രതിലോമപരമായ കടന്നാക്രമണങ്ങളെ തുറന്നുകാട്ടിക്കൊണ്ടേ സംഘപരിവാർ ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിയെ ഇന്ന് പ്രതിരോധിക്കാനാകൂ എന്നകാര്യം കേരളത്തിലെ മുസ്ലീം സമുദായസംഘടനകൾ ഗൗരവപൂർവ്വം തിരിച്ചറിഞ്ഞിട്ടുണ്ട്. സോളിഡാരിറ്റിയും വെൽഫെയർ പാർടിയും ഫാസിസ്റ്റുവിരുദ്ധ സമ്മേളനങ്ങളുമെല്ലാം മൗദൂദിയുടെ ഹുക്കുമത്തെഇലാഹി രാഷ്ട്രവാദത്തിന് പുകമറയിടാനുള്ള ഏർപ്പാടുകൾ മാത്രമാണ്.

ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ അബുൽ അലാ മൗദൂദി

ജമാഅത്തെഇസ്ലാമി ജന്മംകൊടുത്ത സിമിയിൽ നിന്നുതുടങ്ങി എൻ.ഡി.എഫ്, പോപ്പുലർഫ്രണ്ട് തുടങ്ങിയ മതതീവ്രവാദസംഘങ്ങളെല്ലാം മൗദൂദിസത്തിൽ നിന്ന് ആശയോർജ്ജം ഉൾക്കൊണ്ട് പിറവിയെടുത്തതാണ്.
നമ്മുടെ സാമൂഹ്യരാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിൽ സ്വത്വരാഷ്ട്രീയ സംജ്ഞകളിലൂടെയും ഉത്തരാധുനികമായ നിലപാടുകളുടെ സമീകരണങ്ങളിലൂടെയും ഇടതുപക്ഷവിരുദ്ധത പടർത്തുകയാണ് ജമാഅത്തെഇസ്ലാമിയും അവരുടെ കുടക്കീഴിൽ പ്രവർത്തിക്കുന്ന സംഘടനകളും കാലാകലമായി ചെയ്തുകൊണ്ടിരിക്കുന്നത്. നവോത്ഥാനത്തിന്റെയും സാമ്രാജ്യത്വവിരുദ്ധതയുടെയും പദാവലികൾ ഉപയോഗിച്ചും ഒരുവേള ഇടതുപക്ഷ മുഖംമൂടിയണിഞ്ഞുംവരെ തങ്ങളുടെ മതരാഷ്ട്രവാദ സിദ്ധാന്തങ്ങൾക്ക് സമ്മതി നിർമ്മിച്ചെടുക്കാനും പൊതുസമൂഹത്തിൽ ചുവടുറപ്പിക്കാനുമുള്ള ആസൂത്രിതമായ നീക്കങ്ങളാണ് കഴിഞ്ഞ കുറേക്കാലങ്ങളായി കേരളത്തിൽ ജമാഅത്തെ ഇസ്ലാമി നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യസാമൂഹ്യ അന്തരീക്ഷത്തെയും ഇടതുപക്ഷ സ്വാധീനത്തെയും പരിഗണിച്ചുകൊണ്ടുള്ള കൗശലപൂർവ്വമായ ഇടപെടലുകളാണ് അവർ നടത്തിക്കൊണ്ടിരുന്നത്. തങ്ങളുടെ മൗദൂദിയൻ മതരാഷ്ട്രവാദ കാഴ്ചപ്പാടുകളെ മറച്ചുപിടിച്ചുകൊണ്ട് നവസാമൂഹ്യ പ്രസ്ഥാനങ്ങളുമായി ചേർന്നും തീവ്രഇടതുപക്ഷ നിലപാടുകളെയും അരാജകസംഘങ്ങളെയും ആദർശവൽക്കരിച്ചും ഇടതുപക്ഷ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ദുർബലപ്പെടുത്താനാണ് അവർ ശ്രമിച്ചുകൊണ്ടിരുന്നത്.

യഥാർത്ഥ ഇടതുപക്ഷത്തെ സംബന്ധിച്ച കാൽപനികാഭിനിവേശങ്ങൾ പടർത്തിയും സ്വത്വരാഷ്ട്രീയസംഘങ്ങളെ പ്രോത്സാഹിപ്പിച്ചും നിലനിൽക്കുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങളിൽ അവിശ്വാസം സൃഷ്ടിക്കാനാണ് ജമാഅത്തെ ഇസ്ലാമി ജിഹ്വകളായ മാധ്യമം പത്രവും വാരികയും എത്രയോകാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംഘടിത ഇടതുപക്ഷത്തെ ദുർബലമാക്കിയും തകർത്തും കേരളത്തിന്റെ മതനിരപേക്ഷ സാഹചര്യത്തെ അസ്ഥിരീകരിക്കാനാണ് ആർ.എസ്.എസിനെപോലെ ജമാഅത്തെ ഇസ്ലാമിയുടെ ബൗദ്ധികകേന്ദ്രങ്ങളും ഓവർടൈം പണിചെയ്തുകൊണ്ടിരിക്കുന്നത്. ആർ.എസ്.എസിനെ പോലെ ജമാഅത്തെ ഇസ്ലാമിയും മതരാഷ്ട്രത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന സത്യത്തെ മറച്ചുപിടിച്ചാണ് മനുഷ്യാവകാശത്തിന്റെയും പരിസ്ഥിതി സ്‌നേഹത്തിന്റെയും മുഖംമൂടിയണിഞ്ഞവർ പൊതുസമൂഹത്തിൽ ഇടംനേടാൻ ശ്രമിക്കുന്നത്. ആഗോള ഇസ്ലാമികവ്യവസ്ഥ ലക്ഷ്യംവെക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ദർശനത്തെയും രാഷ്ട്രീയത്തെയും അപഗ്രഥനവിധേയമാക്കിക്കൊണ്ടും തുറന്നുകാണിച്ചും കൊണ്ടേ ആർ.എസ്.എസ് ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിക്കെതിരെ വിശാലമായ മതനിരപേക്ഷമുന്നണി കെട്ടിപ്പടുക്കാനാകൂ.

സോളിഡാരിറ്റിയും വെൽഫെയർ പാർടിയും ഫാസിസ്റ്റുവിരുദ്ധ സമ്മേളനങ്ങളുമെല്ലാം മൗദൂദിയുടെ ഹുക്കുമത്തെഇലാഹി രാഷ്ട്രവാദത്തിന് പുകമറയിടാനുള്ള ഏർപ്പാടുകൾ മാത്രമാണ് / Photo: F.B, Solidarity Youth Movement Kerala

ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനും പ്രത്യയശാസ്ത്രകാരനുമായ മൗദൂദിയുടെ ദർശനങ്ങളെയും കഴിഞ്ഞ 8 ദശകകാലത്തിലേറെയായി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ അവർ നടത്തിക്കൊണ്ടിരിക്കുന്ന വിധ്വംസകമായ പ്രവർത്തനങ്ങളെയും സംബന്ധിച്ച് അജ്ഞത സൃഷ്ടിച്ച് ജമാഅത്തെഇസ്ലാമി എന്ത് തീവ്രവാദപ്രവർത്തനമാണ് നടത്തിയിട്ടുള്ളത് എന്ന് പലരും ചോദിക്കാറുണ്ട്. ഇങ്ങനെ നിഷ്‌കളങ്കമായി ജമാഅത്തെ ഇസ്ലാമിക്കുവേണ്ടി വാദിക്കുന്നവരിൽ പലരും മുമ്പ് ഹിന്ദുത്വത്തെ ആർക്കാണ് പേടിയെന്ന് ചോദിച്ച് സംഘപരിവാർ ഫാസിസത്തിന് മണ്ണൊരുക്കിക്കൊടുത്തവരാണ്. അവർ ആഗോളവൽക്കരണത്തെ ആർക്കാണ് പേടിയെന്ന് ചോദിച്ച് കോർപ്പറേറ്റ്‌ രാജിന് വഴിതുറന്നുകൊടുക്കാൻ ഏറെ പാടുപെട്ടവരാണ്. ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ഇസ്ലാമിസവും ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുത്വവും ഇന്ത്യൻ മതനിരപേക്ഷതക്ക് ഭീഷണിയാകുന്ന മതരാഷ്ട്രവാദസിദ്ധാന്തങ്ങളാണ്. ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങൾ തന്നെ അവർ നിലകൊള്ളുന്നത് ആഗോള ഇസ്ലാമിക വ്യവസ്ഥക്കുവേണ്ടിയാണെന്ന് തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ജമാഅത്തെ ഇസ്ലാമിയുടെ മുഖപ്രസിദ്ധീകരണമായ പ്രബോധനത്തിന്റെ 1992 മാർച്ച് ലക്കം ആ സംഘടനയുടെ 50-ാം വാർഷികപതിപ്പായിട്ടാണ് ഇറക്കിയത്. അതിന്റെ ആമുഖത്തിൽ ജമാഅത്തെ ഇസ്ലാമി കേരളത്തിലോ ഇന്ത്യയിലോ പരിമിതമായ ഒരു പ്രസ്ഥാനമല്ലെന്നും ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ തന്നെ ഇതേ പേരും വേരുമുള്ള ആറ് സംഘടനകളുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. അവയോരോന്നും സ്വന്തം സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഭിന്നമായ നയപരിപാടികളോടെയാണ് പ്രവർത്തിക്കുന്നതെങ്കിലും അവയുടേയെല്ലാം ആദർശവും ലക്ഷ്യവും ഒന്നാണെന്നും പറയുന്നു. ജമാഅത്തെ ഇസ്ലാമിയുടെ സാഹിത്യങ്ങളും പ്രവർത്തകരും ലോകമാകെ വ്യാപിച്ചിട്ടുണ്ടെന്നും അവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പല ഇസ്ലാമിക ഗ്രൂപ്പുകളും ലോകത്തിന്റെ പലഭാഗങ്ങളിലായി ഉയർന്നുവന്ന് കഴിഞ്ഞിട്ടുണ്ടെന്നും ഇസ്ലാമിക വ്യവസ്ഥക്കുവേണ്ടിയുള്ള നവജാഗരണത്തിൽ ജമാഅത്തെഇസ്ലാമിക്കുള്ള പങ്ക് അനിഷേധ്യമാണെന്നും ആവേശംകൊള്ളുന്നു.
ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ പ്രവർത്തിക്കുന്ന പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും കശ്മീരിലെയും ജമാഅത്തെ ഇസ്ലാമിക്ക് ഒരേ ആദർശവും ലക്ഷ്യവുമാണെന്ന് പറയുന്നു. ആസാദ് കാശ്മീർ ജമാഅത്തെ ഇസ്ലാമിക്ക് വിപരീതമായി ജമ്മുകാശ്മീരിലെ ജമാഅത്തെഇസ്ലാമി ഏറ്റവും സംഘടിതമായ ഇസ്ലാമിക പ്രസ്ഥാനവും രാഷ്ട്രീയ ശക്തിയുമാണെന്ന് അവകാശപ്പെടുന്നു.

ജമ്മുകാശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുടെ വ്യത്യസ്തതലങ്ങളിലെ പ്രവർത്തനങ്ങളെയും സംഘടനകളെയും മുന്നണികളെയും പ്രബോധനത്തിലെ ലേഖനം പരിചയപ്പെടുത്തുന്നുണ്ട്. 'കാശ്മീർ ജമാഅത്തെഇസ്ലാമി' എന്ന ലേഖനത്തിൽ നിന്ന് ഉദ്ധരിക്കട്ടെ; ''താഴ്‌വരയിൽ തീവ്രവാദി പ്രവർത്തനം ശക്തിപ്പെട്ടതിനുശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വർദ്ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്‌വരയിലെ ഏറ്റവും ശക്തമായ തീവ്രവാദിഗ്രൂപ്പുകളിലൊന്നായ ഹിസ്ബുൾ മുജാഹിദീൻ, ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനുപുറമെ, അല്ലാഹ് ടൈഗേഴ്‌സ് എന്ന ഒരു സംഘത്തിനും ജമാഅത്ത് രൂപം നൽകിയിട്ടുണ്ട്. ജനങ്ങളിൽ ഇസ്ലാമിക ചൈതന്യം വളർത്തുകയും നിലനിർത്തുകയുമാണ് ഈ സംഘത്തിന്റെ മുഖ്യമായ പ്രവർത്തനമെന്നു പറയപ്പെടുന്നു.
വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്. രാഷ്ട്രീയമേഖലയിൽ പതിമൂന്ന് സംഘടനകൾ ചേർന്ന തഹ്‌രീകെഹുർരിയത്തെ കാശ്മീർ (കാശ്മീർ സ്വാതന്ത്ര്യപ്രസ്ഥാനം) എന്ന പേരിൽ ഒരു മുന്നണിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഈ ഗ്രൂപ്പിലെ ഏറ്റവും വലിയ സംഘടന ജമാഅത്താണ്. അരാഷ്ട്രീയനായ അഡ്വക്കറ്റ് മിയാൻ അബ്ദുൾഖയ്യൂമാണ് മുന്നണിയുടെ അദ്ധ്യക്ഷൻ. സെക്രട്ടറിയായ മുഹമ്മദ് അശ്‌റഫ് സഹ്‌റായി കാശ്മീർ ജമാഅത്തെ ഇസ്ലാമിയുടെയും സെക്രട്ടറി ജനറലാണ്. സൈനികമേഖലയിൽ വിവിധ സായുധ ഗ്രൂപ്പുകൾ ചേർന്ന് രൂപം നൽകിയ മുത്തഹിദ ജിഹാദ് കൗൺസിലിന്റെ ചെയർമാൻ അലി മുഹമ്മദ്ഡാറും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളിലൊരാളത്രെ.'' (പ്രബോധനം 1992, മാർച്ച്)

ജമാഅത്തെഇസ്ലാമിയുടെ ആദർശവും പ്രവർത്തനങ്ങളും എത്രമാത്രം വിധ്വംസകമാണെന്നാണ് ഈ ലേഖനത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനത്തെ സംബന്ധിച്ച അവരുടെ വിശദീകരണംതന്നെ വ്യക്തമാക്കുന്നത്. കാശ്മീർ താഴ്‌വരയിൽ ഭീകരത സൃഷ്ടിച്ച ഹിസ്ബുൾ മുജാഹിദീൻ പോലുള്ള തീവ്രവാദസംഘടനകൾ ജമാഅത്തെ ഇസ്ലാമിയുടെ കീഴിൽ പ്രവർത്തിക്കുന്നതാണെന്ന കാര്യം ജനാധിപത്യവാദികൾ ഗൗരവമായിതന്നെ കാണണം. 1941 ആഗസ്റ്റ് 26-ന് രൂപംകൊണ്ട ജമാഅത്തെ ഇസ്ലാമി വിഭജനാനന്തരം ഇന്ത്യയിലും പാക്കിസ്ഥാനിലുമായി രണ്ട് സംഘടനകളിലായി പ്രവർത്തനമാരംഭിച്ചു. 1956 വരെ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിതലക്ഷ്യം ഹുക്കുമത്തെ ഇലാഹിയായിരുന്നു. ഇപ്പോൾ അവർ ഇഖാമത്തെദീൻ ആക്കി മാറ്റിയിട്ടുണ്ടെന്നും പഴയനിലപാടുകളൊന്നും ജമാഅത്തെ ഇസ്ലാമിക്കില്ലെന്നും പലരും വാദിക്കാറുണ്ട്. എന്നാൽ വാക്കുകളിലെ മാറ്റമൊഴിച്ചാൽ ഹുക്കുമത്തെ ഇലാഹിയും ഇഖാമത്തെദീനും അന്തസത്തയി ഒന്നുതന്നെ.

പ്രബോധനം പതിപ്പിൽ സെയ്ദ്ഹാമീദ്ഹുസൈൻ ജമാഅത്തെ ഇസ്ലാമി വളർച്ചയുടെ ആദ്യപടവുകൾ എന്ന ലേഖനത്തിൽ പറയുന്നതിങ്ങനെയാണ്; ''ജമാഅത്തിന്റെ പ്രാരംഭ ലക്ഷ്യമായ ഹുക്കുമത്തെ ഇലാഹിയെ സംബന്ധിച്ച് പല വൃത്തങ്ങളിലും തെറ്റിദ്ധാരണകൾ പ്രചരിച്ചിരുന്നു. ചില തൽപര കക്ഷികൾ ഗവൺമെന്റിനെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ തീവ്രശ്രമം നടത്തുകയുണ്ടായി. തന്മൂലം ജമാഅത്തിന്റെ ഭരണഘടനയിൽ പാർടിയുടെ ലക്ഷ്യത്തെ ദ്യോതിപ്പിക്കാൻ ഹുക്കുമത്തെ ഇലാഹിയെന്നതിനുപകരം ഇഖാമത്തെദീൻ എന്ന പദം പ്രയോഗിക്കപ്പെട്ടു. ഇഖാമത്തെദീൻ പ്രയോഗം ഖുറാന്റെ സാങ്കേതിക ശബ്ദമാണെന്നതിനുപുറമെ ഹുക്കുമത്തെഇലാഹിയുടെ എല്ലാ ആശയങ്ങളും ഉൾക്കൊള്ളുന്നതുകൂടിയായിരുന്നു. അതിനാൽ കൂടുതൽ തെറ്റിദ്ധാരണകൾക്ക് അതിൽ സാധ്യത അവശേഷിക്കുകയും സാങ്കേതികശബ്ദം എന്ന നിലയിൽ ജമാഅത്തെ ഇപ്പോഴും ഇതേപദം തന്നെയാണ് ഉപയോഗിച്ചുവരുന്നത്. ഭരണഘടനയിൽ അതിന് അത്യാവശ്യ വിശദീകരണം ന കിയിട്ടുണ്ട്.'' കാര്യങ്ങൾ കൃത്യമാണ്.

മൗദൂദിയുടെ ദൈവാധികാരസിദ്ധാന്തം തന്നെയാണ് ഇപ്പോഴും ജമാഅത്തെഇസ്ലാമി പിന്തുടരുന്നത്.
ഈ മൗദൂദിയൻ ദർശനത്താൽ പ്രചോദിതരായവരാണ് സിമി രൂപീകരിച്ചതും നിരവധി ആഗോളബന്ധങ്ങളുള്ള തീവ്രവാദസംഘങ്ങൾക്ക് കേരളത്തിൽ ജന്മം നൽകിയതും. ഇസ്ലാമിക ഭീതിയെയും ഭൂരിപക്ഷ വർഗീയ ഭീഷണിയെയും സംബന്ധിച്ച പ്രചാരണങ്ങളും ഇരവാദവുമുയർത്തി ഹിന്ദുത്വഫാസിസത്തിനെതിരായി ഉയർന്നുവരുന്ന മതനിരപേക്ഷമുന്നണിയെ അസ്ഥിരീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജമാഅത്തെ ഇസ്ലാമി പ്രവർത്തിക്കുന്നത്. 'ഇസ്ലാമിനെ' കമ്യൂണിസ്റ്റ് വിരുദ്ധ പ്രത്യയശാസ്ത്രപദ്ധതിയായി അവതരിപ്പിച്ച ഓറിയന്റലിസ്റ്റ് സ്‌കൂളുകൾ തന്നെയാണ് ഇസ്ലാമിനെ സാർവ്വദേശീയ ഭീകരവാദത്തിന്റെ സ്രോതസ്സായി ആക്ഷേപിച്ചതെന്നും ആഗോളഭീകരവാദത്തിന്റെ പ്രത്യയശാസ്ത്രവേരുകളന്വേഷിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതാണ്. അഫ്ഗാനിസ്ഥാനിലെ ഡോ.നജീബുള്ളയുടെ സർക്കാറിനെ അട്ടിമറിക്കാനും മധ്യപൂർവ്വദേശത്തെയും കാസ്പിയൻതീരത്തെയും പെട്രോളിയം സ്രോതസ്സുകൾ കയ്യടക്കാനുമാണ് സി.ഐ.എയും പാക്കിസ്ഥാനിലെ സൈനികരഹസ്യാന്വേഷണ വിഭാഗങ്ങളും ചേർന്ന് മുജാഹിദീൻ ഗറില്ലകളെയും താലിബാനെയും സൃഷ്ടിച്ചെടുത്തത്.

ഇസ്ലാമിന്റെ ചരിത്രവുമായോ ഖുറാന്റെ ദർശനവുമായോ ബന്ധമില്ലാത്ത മുജാഹിദീൻ സൈന്യം ഇസ്ലാമിനുവേണ്ടിയാണ് അഫ്ഗാനിസ്ഥാനിൽ യുദ്ധം ചെയ്യുന്നതെന്ന് കേരളത്തിൽ പ്രചരിപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയും സിമിയും പോലുള്ള സംഘടനകളായിരുന്നു. സർവ്വകമ്യൂണിസ്റ്റ് വിരുദ്ധരും വിശിഷ്യാ രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും റഷ്യൻ ചെങ്കരടിക്കെതിരായി പൊരുതുന്ന വിമോചന പോരാളികളായി മുജാഹിദീൻ മിലിട്ടറിയെ പുകഴ്ത്തുകയായിരുന്നു. സി.ഐ.എ പാക്കിസ്ഥാനിലെ മതപാഠശാലകളി‌ൽ പരിശീലിപ്പിച്ചെടുത്ത ഭീകരവാദി സംഘങ്ങളാണ് അൽഖ്വയ്ദയും ഐ.എസ്.ഐ.എസും തുടങ്ങി നിരവധി വിധ്വംസകഗ്രൂപ്പുകളായി ലോകത്തിന് ഭീഷണിയാകുംവിധം രൂപാന്തരം പ്രാപിച്ചത്. അമേരിക്കയും അതിന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗവും ചേർന്ന് സൃഷ്ടിച്ച ഭീകരവാദ സംഘങ്ങൾ അവരുടെ നിയന്ത്രണങ്ങൾക്കപ്പുറം ഭീഷണമായി തീർന്നപ്പോഴാണ് സാമ്രാജ്യത്വ ബുദ്ധികേന്ദ്രങ്ങൾ ഇസ്ലാമികഫോബിയ പടർത്തിയത്. ഭീകരവാദത്തെ ഇസ്ലാമുമായി സമീകരിച്ച് തങ്ങളുടെ സാമ്പത്തിക സൈനിക കടന്നാക്രമണങ്ങൾക്ക് സാധൂകരണമുണ്ടാക്കാനാണ് അമേരിക്കയും സാമ്രാജ്യത്വശക്തികളും ശ്രമിച്ചത്.

Comments