Photo : Muhammed Fasil

ജിഹാദ് നിർമിതിയുടെ രാഷ്ട്രീയം

ഇന്ത്യൻ മുസ്‌ലിം എന്ന അന്യവൽക്കരിക്കപ്പെട്ട സ്വത്വത്തെ മനസിലാക്കുകയും, ആ അന്യസ്വത്വ നിർമിതിക്കായി തീവ്രവലതുപക്ഷ ശക്തികൾ ഉപയോഗിക്കുന്ന വാക്കുകളെ നാം ശ്രദ്ധയോടെ നോക്കി കാണേണ്ടതുമുണ്ട്.

ബി.ജെ.പി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറിത്തുടങ്ങിയ സമയം മുതൽ ഇന്ത്യൻ ദേശീയത മൃദുഹിന്ദുത്വത്തിൽ നിന്ന് തീവ്രഹിന്ദുത്വത്തിലേക്ക് പരിണമിച്ചതായി പല രാഷ്ട്രീയനിരീക്ഷകരും കണ്ടെത്തുന്നുണ്ട്. 1980 - കൾ മുതൽ ഇന്ത്യയിൽ ഉയർന്നു വരുന്ന വർഗീയ ലഹളകളുടെ കണക്കുകളും ഇതോടൊപ്പം ചേർത്തുവെക്കാം. ഈ പരിണാമം എല്ലാ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങളെ സ്വാധീനിച്ചിട്ടുമുണ്ട്.

മതവും രാഷ്ട്രീയവും രണ്ടല്ല, ഒന്നാണ് എന്ന ബോധ്യത്തെ സാധാരണവൽക്കരിച്ചുകളയുന്ന ഈ രാഷ്ട്രീയം ഇന്ത്യൻ രാഷ്ട്രീയത്തെ വളരെ മോശമായി ബാധിക്കുന്നു. ബി.ജെ.പി പരീക്ഷിച്ച് വിജയിച്ച ഫോർമുല മറ്റെല്ലാ പാർട്ടികളും താൽകാലിക വിജയങ്ങൾക്ക് ഉപയോഗിക്കുന്ന സാഹചര്യമാകട്ടെ പകൽപോലെ വ്യക്തവും. കേരളത്തിന്റെ സാഹചര്യത്തിൽ ശബരിമല തുടങ്ങി ഇങ്ങോട്ട് പലപ്പോഴായി ഹിന്ദുത്വശക്തികൾ അധികാരം കൈയ്യിലെടുക്കാൻ ശ്രമം നടത്തിവരുന്നുമുണ്ട്. ആഗോള തലത്തിൽ തീവ്ര വലതുപക്ഷ ശക്തികൾ വളരുമ്പോൾ അതോടൊപ്പം മതമൗലികവാദികളും തീവ്രവാദസംഘടനകളും ശക്തമാകുന്ന സാഹചര്യവും കൂടി ചേരുമ്പോൾ എല്ലാ തീവ്ര ആശയങ്ങൾക്കും വേരോട്ടം ലഭിക്കുന്ന കാലമായി മാറുന്നുണ്ട് നമ്മുടേത്. ഒരു മഹാമാരിയുടെ വ്യാപനത്താലുണ്ടായ സാമ്പത്തിക പ്രതിസന്ധികളും, തൊഴിലില്ലായ്മയും ചേർന്നുണ്ടാകുന്ന സാമൂഹിക പശ്ചാത്തലത്തിൽ യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ സാധിക്കാതെ വരുമ്പോൾ സർവ്വ പഴിയും സമൂഹത്തിൽ തന്നെ സൃഷ്ടിച്ചെടുക്കുന്ന ഒരു ‘അന്യമായ' സ്വത്വത്തിനുമേൽ ചാരുന്ന അല്ലെങ്കിൽ നമ്മെ ഓരോരുത്തരെയും ചാരുവാൻ പ്രേരിപ്പിക്കുന്ന ഈ സവിശേഷത വളരെ ശ്രദ്ധയോടെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.

നമ്മുടെ സമൂഹത്തിലെ പലവിധ മതങ്ങളെ അന്യമായി കണ്ടുകൊണ്ട്, ചില ചട്ടക്കൂടുകൾക്കുള്ളിൽ മാത്രം നിർത്തികൊണ്ടുള്ള ചർച്ചകളിൽ പക്ഷെ അന്യത്വത്തെ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ല. / Photo : Muhammed Fasil

ഇന്ത്യൻ പൊതുസമൂഹത്തിന്റെ ‘അന്യമായ സ്വത്വം' നാളുകളായി ഇന്ത്യൻ മുസ്‌ലിംകളാണ്. ഇന്ന് നാം എത്തിനിൽക്കുന്ന സാഹചര്യത്തിൽ മതവിഭാഗങ്ങൾ പരസ്പരം ‘അന്യ'മായാണ് തിരിച്ചറിയുന്നത്. പല മതങ്ങളും, പല സംസ്‌കാരങ്ങളും പലവിധ കൊടുക്കൽ- വാങ്ങലുകളിലൂടെ വളർന്ന ഇന്ത്യൻ സംസ്‌ക്കാരം ഇന്ന് പരസ്പരം ‘അന്യവത്കരിക്കു'വാനുള്ള രാഷ്ട്രീയ പദ്ധതിയിൽ പെട്ട് വീർപ്പുമുട്ടുകയാണ്. വ്യക്തമായും ഈ വീർപ്പുമുട്ടലിനുകാരണം സാധാരണ ജനങ്ങളല്ല, രാഷ്ട്രീയ നേതാക്കളും, അധികാരത്തിന് നെട്ടോട്ടമോടുന്ന പാർട്ടികളുമാണ്. താഴെ നിന്ന് മുകളിലേക്കല്ല (Bottom-up) മുകളിൽ നിന്ന് താഴേക്ക് (Top-down), അധികാരികളാൽ നിർമിക്കപ്പെടുന്ന ഈ അന്യസ്വത്വങ്ങളെ അന്യമല്ലാതാക്കി തീർക്കുക എന്നതാണ് ഈ സമയത്ത് രാഷ്ട്രീയം നിരീക്ഷിക്കുന്ന ഓരോ ഇന്ത്യൻ പൗരനും നിർവഹിക്കേണ്ട കർമം. ഇന്ത്യൻ മുസ്‌ലിം എന്ന അന്യവൽക്കരിക്കപ്പെട്ട സ്വത്വത്തെ മനസിലാക്കുകയും, ആ അന്യസ്വത്വ നിർമിതിക്കായി തീവ്രവലതുപക്ഷ ശക്തികൾ ഉപയോഗിക്കുന്ന വാക്കുകളെ നാം ശ്രദ്ധയോടെ നോക്കി കാണേണ്ടതുമുണ്ട്.

കേരളത്തിലെ മുസ്‌ലിമും ക്രിസ്ത്യാനിയും ഹിന്ദുവും തമ്മിൽ കണ്ടെത്താവുന്ന സാദൃശ്യങ്ങളുടെ കാൽഭാഗം പോലും മറ്റു രാജ്യങ്ങളിലെയോ എന്തിന് ഇന്ത്യയിൽ തന്നെയുള്ള അതാത് മതങ്ങൾ തമ്മിലോ കണ്ടെന്ന് വരില്ല.

സ്വത്വങ്ങളുടെ സങ്കീർണത

ഇസ്രായേൽ - പാലസ്തീൻ സംഘർഷം ശക്തമായപ്പോഴും, അഫ്ഗാനിസ്ഥാനിൽ താലിബാൻ സായുധമായി അധികാരം നേടിയെടുത്തപ്പോഴുമെല്ലാം ധാരാളം ചർച്ചകൾ കേരളത്തിൽ നടന്നു. ഫേസ്ബുക് പോസ്റ്റുകളിലൂടെ വ്യക്തികൾ തുടങ്ങിവെച്ച ചർച്ചകൾ മുതൽ രാഷ്ട്രീയ പാർട്ടികളും, രാഷ്ട്രീയ നിരീക്ഷകരും നടത്തിയ അഭിപ്രായപ്രകടനങ്ങൾ വരെ ഇതിൽ പെടും. ‘ഒരു രാജ്യം നമ്മുടെ മുന്നിലൂടെ റോക്കറ്റ് വേഗത്തിൽ 14 നൂറ്റാണ്ട് പിന്നോട്ട് പായുകയാണ്. കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള ദൂരം 900 കിലോമീറ്റർ മാത്രമാണ്' എന്ന് ഒരു മാധ്യമപ്രവർത്തകൻ താലിബാന്റെ അധികാരനേട്ടത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിൽ കുറിച്ചപ്പോൾ, അത് വളരെ വേഗം പലരുടെയും സ്റ്റാറ്റസുകളും സ്റ്റോറികളുമായി മാറിയിരുന്നു. ആഗോളതലത്തിൽ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളെ നാം വിലയിരുത്തുമ്പോൾ, അതും ചുരുങ്ങിയ വാക്കുകളിൽ നടത്തുമ്പോൾ, നാം എത്തിനിൽക്കുന്ന കാലത്തെയും, കഴിഞ്ഞുപോയ കാലങ്ങളുടെയും സങ്കീർണതകളെ അത് ചുരുക്കും എന്നത് സ്വാഭാവികമാണ്. അത്തരം ആഗോള രാഷ്ട്രീയമാറ്റങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ ഇന്ത്യയിലെ ചില സമുദായങ്ങളുമായി ബന്ധം സ്ഥാപിക്കുവാൻ കഴിയാവുന്നവയാണ് എന്ന കാര്യം തിരിച്ചറിയുമ്പോൾ മാത്രമാണ് സങ്കീർണതകൾ ചുരുക്കുന്നതിലുള്ള അപകടം നാം തിരിച്ചറിയുക.

കെവിൻ പി.ജോസഫ്, നീനു. സവർണക്രൈസ്തവ വിഭാഗത്തിൽപ്പെട്ട കൊല്ലം സ്വദേശിയായ നീനുവിനെ ദളിത് ക്രൈസ്തവനായ കെവിൻ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണം കെവിനെ കൊലപ്പെടുത്തുകയായിരുന്നു.

‘മുസ്‌ലിം', ‘ക്രിസ്ത്യൻ', ‘ഹിന്ദു' തുടങ്ങിയ സ്വത്വങ്ങളുടെ സങ്കീർണത ഇവിടെ വളരെ പ്രധാനമാണ്, അഫ്ഘാനിസ്ഥാനിലെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തിൽ വളർന്നു വന്ന മുസ്‌ലിംകളല്ല കേരളത്തിന്റെ സാമൂഹിക- സാംസ്‌കാരിക പശ്ചാത്തലത്തിലെ മുസ്‌ലിംകൾ. സൂക്ഷ്മമായി നോക്കിയാൽ കേരളത്തിലെ മുസ്‌ലിമും ക്രിസ്ത്യാനിയും ഹിന്ദുവും തമ്മിൽ കണ്ടെത്താവുന്ന സാദൃശ്യങ്ങളുടെ കാൽഭാഗം പോലും മറ്റു രാജ്യങ്ങളിലെയോ എന്തിന് ഇന്ത്യയിൽ തന്നെയുള്ള അതാത് മതങ്ങൾ തമ്മിലോ കണ്ടെന്ന് വരില്ല. ഈ സങ്കീർണത വളരെ വ്യക്തമായി നമ്മുടെ മുൻപിൽ നിൽക്കുമ്പോഴും എന്തുകൊണ്ട് ‘മുസ്‌ലിം' എന്ന സ്വത്വത്തിന് ആഗോള തലത്തിൽ ഒരു ചട്ടക്കൂടും , ‘ഹിന്ദു' എന്ന സ്വത്വത്തിന് രാജ്യാതിർത്തി നിർണയിക്കുന്ന ചട്ടക്കൂടും, ‘ക്രിസ്ത്യൻ' എന്ന സ്വത്വത്തിന് ചില സ്ഥലങ്ങളുടെ അതിർത്തിയും, പല സാമൂഹിക - സാമ്പത്തികതലങ്ങൾ നിർണയിക്കുന്ന ചട്ടക്കൂടുകളും മാത്രം പ്രധാനമാകുന്നു എന്നത് ചിന്തിക്കേണ്ടതാണ്.

മതവിഭാഗങ്ങൾക്കുള്ളിൽ നിലനിൽക്കുന്ന പല സങ്കീർണതകളെയും മറന്ന് പല ചട്ടക്കൂടുകളിലേക്ക് ചുരുക്കപ്പെടുകയും അന്യവൽക്കരിക്കുകയും ചെയ്യുന്ന ഈ സമയത്താണ് വർഗീയത വളരെ വേഗം വളരുന്നത്, അതാകട്ടെ ചർച്ചകളിൽ വ്യത്യസ്ത മതവിഭാഗങ്ങളെ എപ്പോഴും അവരവരുടെ രാഷ്ട്രീയ മുഖം മാത്രം പരിഗണിക്കുന്നതിന്റെ കൂടി ഫലമാണ്. അത്തരം ചർച്ചകളെ പാർട്ടികൾ താൽകാലിക വിജയങ്ങൾക്ക് ഹൈജാക്ക് ചെയ്തുകൊണ്ട് പോകുമ്പോൾ സംഭവിക്കുന്നത് മതങ്ങളുടെ രാഷ്ട്രീയവൽക്കരണവും, അതിനെ തുടർന്നുണ്ടാകുന്ന വർഗീയധ്രുവീകരണവുമാണ്. നമ്മുടെ സമൂഹത്തിലെ പലവിധ മതങ്ങളെ അന്യമായി കണ്ടുകൊണ്ട്, ചില ചട്ടക്കൂടുകൾക്കുള്ളിൽ മാത്രം നിർത്തികൊണ്ടുള്ള ചർച്ചകളിൽ പക്ഷെ അന്യത്വത്തെ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ല. ‘ഇസ്‌ലാമോഫോബിയ' എന്ന വാക്കിന്റെ എതിർ പദമായ "ഇസ്‌ലാമോഫീലിയ', ഇസ്‌ലാമിനെ (ചരിത്രപരമായി) അന്യമല്ലാതെ മനസ്സിലാക്കുവാനുള്ള ശ്രമമാണ് നടത്തേണ്ടത്. എന്നാൽ ജനങ്ങൾക്കിടിയിൽ ഇല്ലാത്ത ‘അന്യവൽക്കരിക്കപ്പെട്ട സ്വത്വങ്ങൾ' പലപ്പോഴും നമ്മുടെ ചർച്ചകളിൽ നിന്നും നിർമിക്കപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം.

മറ്റെല്ലാ ന്യൂനപക്ഷങ്ങൾക്കും ഇന്ത്യയിൽ തന്നെ തദ്ദേശീയമായ അല്ലെങ്കിൽ പ്രകൃത്യാ ലഭിക്കുന്ന സ്ഥാനം ഒരു പക്ഷെ മുസ്‌ലിമിന് ലഭിക്കുക തന്റെ വിധേയത്വം തെളിയിക്കുന്നതിലൂടെ മാത്രമാണ്.

അധികാരം ചോദ്യം ചെയ്യപ്പെടുന്നു

സ്വാതന്ത്ര്യസമരകാലത്തും വിഭജനശേഷവും പിന്നീടിങ്ങോട്ട് എപ്പോഴെല്ലാം തീവ്രവാദ സംഘടനകളുടെ ആക്രമണം ലോകത്ത് നടക്കുന്നുവോ അപ്പോഴെല്ലാം തെളിയിക്കപ്പെടേണ്ട ഒന്നാണ് ഒരു സാധാരണ മുസ്‌ലിമിന്റെ ഇന്ത്യൻ ഭരണകൂടത്തോടുള്ള വിധേയത്വം. മറ്റെല്ലാ ന്യൂനപക്ഷങ്ങൾക്കും ഇന്ത്യയിൽ തന്നെ തദ്ദേശീയമായ അല്ലെങ്കിൽ പ്രകൃത്യാ ലഭിക്കുന്ന സ്ഥാനം (സിഖ്, ബുദ്ധ, ജൈന സമുദായങ്ങൾ, പാഴ്‌സികൾക്ക് തങ്ങളുടെ സാമ്പത്തിക സ്ഥിതി മുൻതൂക്കം നേടികൊടുക്കുന്ന സ്ഥാനം) ഒരു പക്ഷെ മുസ്‌ലിമിന് ലഭിക്കുക തന്റെ വിധേയത്വം തെളിയിക്കുന്നതിലൂടെ മാത്രമാണ്. ഒരു പരിധി വരെ സാമ്പത്തികവും സാംസ്‌കാരികവുമായ പിന്നാക്കാവസ്ഥ ഇതിന് കാരണമാണ് എന്നും സാമൂഹ്യശാസ്ത്രജ്ഞർ വിലയിരുത്തുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ‘ലൗ ജിഹാദ്' ,'നാർക്കോട്ടിക് ജിഹാദ്' എന്നീ വാക്കുകൾ നമ്മുടെ പൊതുബോധത്തിലേക്ക് കടന്നുവരുന്നത്. ‘ജിഹാദ്' എന്ന വാക്ക് പലപ്പോഴും തീവ്രവലതുപക്ഷ പാർട്ടികൾ ഉപയോഗിക്കുന്ന ഒന്നാണ്. ഇസ്‌ലാമിനെ രാഷ്ട്രീയമായി മാത്രം കാണുവാൻ സാധിക്കുന്ന പൊതുബോധത്തിന്റെ നിർമിതിയാണ് ‘ജിഹാദ്' എന്ന പ്രയോഗം. ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥിന്റെ നിർമിതികൾ മുതൽ കേരളത്തിൽ ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്ന ‘നാർക്കോട്ടിക് ജിഹാദ്' വരെ അത്തരം നിർമിതികളിൽ പെടും. വളരെ ബാലിശമായി തോന്നാവുന്ന എന്നാൽ വളരെ വേഗം നമ്മുടെ ചിന്തകളെ പിടിച്ചെടുക്കാൻ കഴിയുന്ന ‘യുദ്ധമാണ്' ലൗ ജിഹാദ്.

ഇന്ത്യയിലെ മുസ്‌ലിം യുവാക്കൾ ഹിന്ദു, ക്രിസ്ത്യൻ യുവതികളെ പ്രണയം നടിച്ച് മതപരിവർത്തനം നടത്തുന്നു എന്നും അങ്ങനെ ഹിന്ദു- ക്രിസ്ത്യൻ ജനസംഖ്യയെ അവർ മറികടക്കുന്നു എന്ന തരത്തിലുള്ള ഗൂഢാലോചനാസിദ്ധാന്തത്തിന് ഇന്ന് പ്രചാരകർ ഏറെയാണ്. രാഷ്ട്രീയ പാർട്ടികൾ മുതൽ ഭരണകൂടം വരെ ഇതിൽ പെടും (ഹാദിയ കേസ് തന്നെ ഉത്തമ ഉദാഹരണം). യുവതികളെ വശീകരിക്കാൻ കഴിവുള്ള മുസ്‌ലിം യുവാവ് എന്ന നിർമിതി പലപ്പോഴും ഉപയോഗിക്കപ്പെടുന്നത് മറ്റു മതസംഘടനകളിലെ യുവാക്കളെയും രക്ഷിതാക്കളെയുമാണ്. പ്രായപൂർത്തിയായ യുവതി എടുത്ത തിരുമാനമായല്ല പലപ്പോഴും അത്തരം പ്രണയബന്ധങ്ങൾ വിശദീകരിക്കപ്പെടുക. ആസ്ത ത്യാഗിയും അയത്രിയി സെന്നും ചേർന്ന് നടത്തിയ പഠനത്തിൽ ‘ലൗ ജിഹാദ്' എന്ന പ്രയോഗത്തെ, ‘സ്ത്രീകൾ മതവും ജാതിയും കടന്നു നടത്തുന്ന സ്വാതന്ത്ര ജീവിതത്തെ കൂച്ചുവിലങ്ങിട്ട് നിർത്തുവാൻ ഭരണകൂടവും പിതൃമേധാവിത്വ ബോധം പുലർത്തുന്ന മതങ്ങളും നടത്തുന്ന ശ്രമമായാണ് കാണുന്നത്. സ്ത്രീശരീരം ഒരേസമയം ഭരണകൂടത്തിന്റെയും മതത്തിന്റെയും അധികാരകേന്ദ്രമാകുമ്പോൾ, സ്ത്രീകൾ നടത്തുന്ന സ്വതന്ത്ര തീരുമാനങ്ങൾ ഭരണകൂടത്തിനോ, മതങ്ങൾക്കോ ഭീഷണിയായി തോന്നാം. അതുകൊണ്ടുതന്നെ എപ്പോഴെല്ലാം ‘ലൗ ജിഹാദ് എന്നോ ‘നാർക്കോട്ടിക് ജിഹാദ്' എന്നോ പ്രഖ്യാപനങ്ങൾ വരുന്നുവോ അവയെല്ലാം തന്നെ, നിലനിൽക്കുന്ന അധികാരവ്യവസ്ഥയ്ക്ക് കോട്ടം വരുവാൻ സാധ്യതയുണ്ട് എന്ന ഭയത്തിൽ നിന്നാണ് ഉയരുന്നത് എന്ന് നാം തിരിച്ചറിയണം.

സ്വാതന്ത്ര്യ മോഹികളായ യുവാക്കൾ പുതിയ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ മതവും പാർട്ടിക്കാരും ഇസ്‌ലാമിനെ ചുറ്റിപ്പറ്റി നിർമിക്കപ്പെട്ടിട്ടുള്ള അന്യസ്വത്വത്തിനുമേൽ സർവപഴിയും ചാരുന്നു

കേരളത്തിൽ ക്രിസ്ത്യൻ സമൂഹത്തിൽ തുടങ്ങി രാഷ്ട്രീയ പാർട്ടികൾ വരെ യുവതികൾ വഴിതെറ്റുമോ എന്ന ആശങ്ക മുന്നോട്ട് വെക്കുന്നുണ്ട്. സ്വാതന്ത്ര്യം കാംക്ഷിക്കുന്ന ഒരു യുവ തലമുറ വളർന്നുവരുന്നു എന്ന ഭയത്തിന്റെ പുറത്താണ് അത്തരം ചിന്തകളിലേക്ക് അവരെ എത്തിക്കുന്നത്. സ്വാതന്ത്ര്യ മോഹികളായ യുവാക്കൾ പുതിയ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ മതവും പാർട്ടിക്കാരും ഇസ്‌ലാമിനെ ചുറ്റിപ്പറ്റി നിർമിക്കപ്പെട്ടിട്ടുള്ള അന്യസ്വത്വത്തിനുമേൽ സർവപഴിയും ചാരുന്നു. സ്ത്രീകളെ വഴിതെറ്റിക്കുന്നു എന്ന പഴി ഇപ്പോൾ മുസ്‌ലിംകൾക്കാണെങ്കിൽ ചിലപ്പോൾ അത് ചാർത്തികിട്ടുക ദലിതർക്കാണ്. അവ പലപ്പോഴും ദുരഭിമാനകൊലകളിലും വർഗീയ ലഹളകളിലും ചെന്ന് അവസാനിക്കുന്നു.

ഫാത്വിമ തഹ്ലിയ, നജ്മ തബ്ഷീറ

മേൽപറഞ്ഞ പല വിധ പ്രശ്‌നങ്ങളും കേരളത്തിൽ അടുത്തിടെ നടന്ന ചർച്ചകളിൽ നിന്ന് വായിച്ചറിയാമെങ്കിലും ശുഭസൂചകമായി നിൽക്കുന്നത് ഹരിത നേതാക്കളുടെ പ്രതിഷേധവും (പിതൃമേധാവിത്വത്തിന് എതിരെയുള്ള ഇവരുടെ ശബ്ദം എന്തുകൊണ്ട് മുഖ്യധാരാ ഫെമിനിസ്റ്റുകൾ ഏറ്റെടുക്കുന്നില്ല?), കുറവിലങ്ങാട് വൈദികന്റെ വർഗീയനിലപാടുകൾക്ക് എതിരെ പ്രതിഷേധം രേഖപ്പെടുത്തിയ നാല് കന്യാസ്ത്രീകളുമാണ്. വർഗീയമായ പല പരാമർശങ്ങളും നടന്നപ്പോൾ ആദ്യം പുറത്തുവന്നത് സ്ത്രീകൾ രേഖപ്പെടുത്തിയ പ്രതിഷേധമാണ് എന്നത് പ്രധാനമാണ്. അധികാരം ചോദ്യം ചെയ്യപ്പെടുകയാണ്, പക്ഷെ അപ്പോഴും അധികാരം കൈയ്യാളുന്നവർ പഴിചാരുന്നത് അവർ തന്നെ നിർമിച്ചെടുത്ത അന്യവൽക്കരിക്കപ്പെട്ട സ്വത്വങ്ങളുടെ മേലാണ്. ഇന്ന് നിലനിൽക്കുന്ന മതങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും അധികാരം ചോദ്യം ചെയ്യപ്പെടുന്ന ഭയത്തിൽ നിന്നുതന്നെയാണ് സമൂഹത്തിൽ അന്യവൽക്കരിക്കപ്പെട്ട സ്വത്വങ്ങൾ നിർമിക്കപ്പെടുന്നത്. അത്തരം സ്വത്വങ്ങൾ ജനങ്ങളെ വിഘടിച്ച് നിർത്തുവാനും വ്യക്തമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും ജനങ്ങളെ ദിശതെറ്റിച്ചുവിടാനും അവരെ സഹായിക്കുന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments