പൗരത്വ ഭേദഗദി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ഷഹീൻ ബാഗിൽ സമരപ്പന്തലിലെത്തിയ സ്ത്രീകളും കുട്ടികളും

മുള്ളുവേലിക്കരുകിലെ ജീവിതം

അടുത്തകാലത്തായി ഭയം എന്നെ ഗ്രസിക്കുകയാണ്. ജീവിതകാലം മുഴുവൻ വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്ന അണലിവിഷത്തെപ്പോലെ മനസിനെ ഗ്രസിക്കുകയാണ് ഭയം.

ഞ്ചെട്ടു വർഷം മുമ്പ് പാക്കിസ്ഥാനിലേക്ക് പോകാൻ അവസരം കിട്ടിയതിനെപ്പറ്റി ഒരു സുഹൃദ് സദസിൽ വെച്ച് പറയുകയായിരുന്നു. പക്ഷേ, അന്ന് പാസ്പോർട്ടില്ലായിരുന്നു.

പാസ്പോർട്ട് പെട്ടെന്ന് കിട്ടാൻ ശ്രമിച്ചൊന്നുമില്ല. ഇല്ലാത്തതു കൊണ്ട് പോകുന്നില്ല -അത്ര തന്നെ എന്ന മനോഭാവമായിരുന്നു.
​പാക്കിസ്ഥാനിലേക്ക് ഒരു പാസ്പോർട്ടെടുത്ത് വെയ്ക്കുന്നത് നല്ലതാണെന്ന് അപ്പോൾ തമാശയായി സുഹൃത്ത് പറഞ്ഞു. 'പ്രത്യേകിച്ചും ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ... ' അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് വർഷം മുമ്പായിരുന്നു ഈ സംസാരം. CAA- NRC വരുന്നതിനും മുമ്പ് ...

തമാശയായിരുന്നെങ്കിലും അതിലൊരുപാട് ചിന്തിക്കാനുണ്ടായിരുന്നു. ന്യൂനപക്ഷമാകുന്ന ഒരു വിഭാഗത്തോട് നിരന്തരം പാക്കിസ്ഥാനെപ്പറ്റി പറയുക. വിശ്വാസപരവും ചരിത്രപരവുമായ ചില കാരണങ്ങളെ ഇന്നിലേക്കും വലിച്ചിഴയ്ക്കുന്നു. ജന്മനാട് അന്യവത്ക്കരിക്കപ്പെടുന്നു.

എല്ലാവരുമുണ്ടായിട്ടും ചിലപ്പോൾ അന്യയായി പോകുന്ന പ്രതീതിയിൽ പെട്ടിട്ടുണ്ട്. നമ്മുടെ ധാരണകളൊന്നുമല്ല ഈ ലോകജീവിതം എന്ന ബോധ്യം തന്നെ അന്യയെ സൃഷ്ടിക്കുന്നുണ്ട്

പൗരത്വ ഭേദഗതി നിയമം വരുന്നതുവരെ നാട് എന്ന അർത്ഥത്തിൽ അങ്ങനൊരു അന്യവത്ക്കരണം എന്നിലുണ്ടായിരുന്നില്ല. അതിന് കാരണങ്ങൾ പലതുണ്ട്. ചിലപ്പോഴത് വ്യക്തി എന്ന നിലയിൽ ദാർശനിക പ്രശ്‌നമാണ്. എല്ലാവരുമുണ്ടായിട്ടും ചിലപ്പോൾ അന്യയായി പോകുന്ന പ്രതീതിയിൽ പെട്ടിട്ടുണ്ട്. നമ്മുടെ ധാരണകളൊന്നുമല്ല ഈ ലോകജീവിതം എന്ന ബോധ്യം തന്നെ അന്യയെ സൃഷ്ടിക്കുന്നുണ്ട്. അങ്ങനെ പലതും. എന്നാൽ നാട് എന്ന നിലയിൽ അന്യവത്ക്കരണം അനുഭവിക്കുന്നവരെ മുമ്പേ അറിയാമായിരുന്നു. അതൊരു സാമൂഹ്യ പ്രശ്‌നമായി കാണുന്നവരെ.

അന്നത്തെ സൗഹൃദ സദസ്സിലെ സംസാരത്തെപ്പറ്റി പിന്നീട് പലവട്ടം ഓർത്തിട്ടുണ്ട്. അതെന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. ദേശം അന്യമാകുന്നതിനെപ്പറ്റി. ഒരിക്കൽ എന്നോടും പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് പറഞ്ഞുവെന്നിരിക്കട്ടെ. അങ്ങനെ സംഭവിച്ചുവെന്നിരിക്കട്ടെ. ഞാൻ അതിർത്തിയിലെ മുള്ളുവേലികളിൽ പിടിച്ച് കാലം കഴിയ്ക്കുന്നതോർത്ത് ഞെട്ടി!

വാഗാ അതിർത്തിയിലെ മുള്ളുവേലിക്കരുകിലെ ശിഷ്ടജീവിതം!
പൗരത്വ ഭേദഗതി ബില്ലിനെപ്പറ്റിയുള്ള ചർച്ചകൾ വന്നപ്പോഴാണ് സ്വപ്ന ലോകത്തു നിന്ന് യാഥാർത്ഥ്യ ലോകത്തേക്ക് വന്നത്. അതുവരെ ദാർശനിക പ്രശ്‌നമായിരുന്ന എന്റെ ഐഡന്റിറ്റി, സാമൂഹ്യ പ്രശ്‌നമായി.

പൗരത്വ ഭേദഗതി ബില്ലിനെപ്പറ്റിയുള്ള ചർച്ചകൾ വന്നപ്പോഴാണ് സ്വപ്ന ലോകത്തു നിന്ന് യാഥാർത്ഥ്യ ലോകത്തേക്ക് വന്നത്. അതുവരെ ദാർശനിക പ്രശ്‌നമായിരുന്ന എന്റെ ഐഡന്റിറ്റി, സാമൂഹ്യ പ്രശ്‌നമായി.

മതേതരയായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. മതത്തിന്റെ ഒരംശവും എന്നിലുണ്ടാവരുത് എന്ന് നിർബന്ധമുള്ളവൾ. ഏത് പ്രതിസന്ധി ഘട്ടത്തിലും മാനവിക മൂല്യങ്ങൾക്കായിരിക്കണം പ്രാധാന്യമെന്ന് വിചാരിക്കുന്നവൾ.
പക്ഷേ, എന്റെ മതസ്വത്വം എന്നെ പിന്തുടർന്നുകൊണ്ടിരിക്കും. പേരിൽ മാത്രമാണ് എന്റെ മതസ്വത്വം എന്ന് എത്ര വിചാരിച്ചാലും അതല്ല, നീ മതമാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കും സമൂഹം. പേരിലും മതമില്ല എന്നിരിക്കട്ടെ, അപ്പോഴും മതസ്വത്വമെന്നെ പിന്തുടർന്ന കൊണ്ടിരിക്കും.

പൗരത്വ പ്രശ്‌നം തൊട്ട് പലതുമെന്നെ തൊടുന്നുണ്ട്. അപ്പോഴൊക്കെ അരക്ഷിതയാകുന്നു. അപ്പോഴൊക്കെ വേരുകളെപ്പറ്റി വ്യാകുലയാകുന്നു. വേരന്വേഷിച്ച് എവിടെവരെപ്പോകാനാകും? എന്റെ പിതാവ് ജനിച്ചത് 1953 ൽ ആണെന്നേ അറിയൂ. അതിനു മുമ്പുള്ള മൂന്നു പിതാമഹന്മാരുടെ പേരറിയാം. നാട് ഇവിടെയായിരുന്നുവെന്ന് കുടുംബകഥകളിലൂടെ കേട്ടിട്ടുണ്ട്. അതിനപ്പുറം എന്തായിരുന്നുവെന്നറിയില്ല. പിതാമഹൻ വരെയുള്ളവർ വീട്ടിൽ തമിഴ് സംസാരിച്ചിരുന്നു. അതുകൊണ്ട് ഒരു തമിഴ് സ്വത്വവും ഉണ്ടെന്നു കരുതാം. അതിനപ്പുറം വേരുകൾ എങ്ങോട്ടു പോകും?
ഞങ്ങൾ കറുപ്പോ ഇളം നിറക്കാരോ ആണ്. ഞങ്ങളുടെ മുഖ്യാഹാരം ചോറാണ്. ഞങ്ങൾ ദ്രാവിഡരാണ്.

ചുറ്റുമുള്ളവരുടെ ഉള്ളിലെ ഭീതി ഞാൻ കാണുന്നുണ്ട്. ആ ഭീതി എന്നിലേക്കും സംക്രമിക്കുന്നുണ്ട്. സ്വന്തം നാട്ടിൽ ഭീകരമായി അപരവത്ക്കരണം നടന്നുകൊണ്ടിരിക്കുകയാണ്

ഇങ്ങനിങ്ങനെ കാടുകയറുകയാണ് മനസ്. അപ്പോൾ ചുറ്റുമുള്ള വിശ്വാസികളായവരുടെ മനസ്സോ? വിശ്വാസിയും അവിശ്വാസിയും തമ്മിൽ വേർതിരിവൊന്നുമില്ല - മതസ്വത്വത്തിന്റെ കാര്യത്തിൽ. ചുറ്റുമുള്ളവരുടെ ഉള്ളിലെ ഭീതി ഞാൻ കാണുന്നുണ്ട്. ആ ഭീതി എന്നിലേക്കും സംക്രമിക്കുന്നുണ്ട്. സ്വന്തം നാട്ടിൽ ഭീകരമായി അപരവത്ക്കരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇത് നിന്റേതല്ല, ഇത് നിന്റേതല്ല എന്ന് നിരന്തരം കേട്ടുകൊണ്ടിരിക്കുകയാണ്.

വീട്ടിൽ ഏറ്റവും അടുത്ത രക്ത ബന്ധുക്കളെ വരിവരിയായി നിർത്തി പരിശോധിക്കുന്നുണ്ട് ഞാൻ. കുറച്ചു പേർ യുക്തിവാദികളാണ്, പിന്നെയുള്ളവരിൽ അധികവും ആത്മ സംസ്‌ക്കരണത്തിന് മാത്രം മതം ഉപയോഗിക്കുന്നവരാണ്. തീവ്ര വിശ്വാസികൾ വളരെ കുറവാണ്. ഇല്ലെന്നു തന്നെ പറയാം. ( തീവ്ര വിശ്വാസികൾ -മതം പറയുന്നതു മാത്രം അനുസരിച്ച് ജീവിക്കുന്നവർ) സ്റ്റഡി ക്ലാസുകൾക്ക് നിന്നു കൊടുക്കുന്നവരോ അതനുസരിക്കുന്നവരോ അല്ല അവരാരും.
ഏതാണ്ട് ഇതു തന്നെയാണ് അയൽപക്കത്തേക്ക് നോക്കിയാലും, സമൂഹത്തിലേക്ക് നോക്കിയാലും ... എന്നിട്ടും എല്ലാവരും താലിബാന്റെ അനുയായികളാണെന്ന് മുദ്രകുത്തപ്പെടുന്നു. പലരുടേയും ഉറക്കം കെടുത്തുന്ന മുഖ്യശത്രുവാകുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എറണാകുളത്ത് നടന്ന സമരത്തിൽ നിന്ന്

സുഹൃത്തുക്കളിൽ ആരൊക്കെ എന്നെ ഇപ്പോൾ മതത്തിന്റെ പേരിൽ ശത്രുവായി കണ്ടു തുടങ്ങിയിട്ടുണ്ടാവും എന്ന് സത്യത്തിൽ പേടിക്കുന്നുണ്ട്. പൗരത്വ ഭേദഗതി ബിൽ ചർച്ചകളുടെ കാലത്ത് ഫേസ് ബുക്കിൽ "I oppose CAB' എന്നൊരു ബാഡ്ജിട്ടിരുന്നു ഞാൻ. അതിനെത്തുടർന്ന് പത്തു പതിനെട്ടു വർഷം അടുപ്പമുണ്ടായിരുന്ന അധ്യാപികയുമായി അകലേണ്ടി വന്നു. ഒരു ഫെമിനിസ്റ്റായിരുന്ന അവരോടെനിക്ക് ബഹുമാനമുണ്ടായിരുന്നു. കഠിന ജീവിതത്തെ അതിജീവിച്ചത് കേട്ട് അത്ഭുതത്തോടെ അവരെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരുന്നു. എപ്പോഴൊക്കെയോ അവരിലേക്ക് ഹിന്ദുത്വ കയറി വരുന്നത് അറിയുന്നുണ്ടായിരുന്നു. ഒളിഞ്ഞ് പറഞ്ഞതിൽ നിന്ന് തെളിച്ച് പറയുന്നതിലേക്കവർ എത്തി. അവസാനം ഞാൻ അനർഹമായതൊക്കെ നേടിയെടുക്കുന്ന മുസ്ലീമും അവർ ഒന്നും ലഭിക്കാത്ത പാവം ഹിന്ദുവുമായി!

ജന്മനാ കോൺഗ്രസും വളർന്നു വന്നപ്പോൾ ഇടത് ആശയങ്ങളോട് ആവേശം കൊണ്ട് നേതൃസ്ഥാനത്ത് എത്തുകയും ചെയ്തതാണ് മറ്റൊരാൾ. സ്ഥാനത്തിന് വേണ്ടിയായിരുന്നില്ലേ ഇടത് ആശയങ്ങൾ എന്ന് പരിചയപ്പെട്ടപ്പോൾ മുതൽ തോന്നിയിരുന്നു. പക്ഷേ, ഉരച്ചു നോക്കുമ്പോൾ തെളിഞ്ഞു വന്നതത്രയും മുസ്​ലിം വിരോധമായിരുന്നു. സംഘപരിവാർ പ്രത്യയശാസ്ത്രമായിരുന്നു.

മതസ്വത്വത്തിൽ നിന്ന് അത്രയെളുപ്പം പുറത്തു കടക്കാനാവില്ലെന്നതാണ് യാഥാർത്ഥ്യം. വിശ്വാസത്തിൽ നിന്ന് പുറത്തു കടക്കാം. പക്ഷേ, സ്വത്വത്തിൽ നിന്ന് വിടുതി കിട്ടുക എളുപ്പമല്ല

കൗമാരകാലത്ത് മുസ്​ലിമിനെ പ്രണയിക്കുകയും അവിവാഹിതയായി തുടരുകയും ചെയ്യുന്ന ഒരു മുതിർന്ന സുഹൃത്തുണ്ട്. മുതിർന്ന പൗരന്മാരായ ആ പ്രണയികളെ ഞാൻ കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്. അരനൂറ്റാണ്ടിടിലേറെയായി തുടരുന്ന പ്രണയം. കുറച്ചുനാൾ മുമ്പ് ഫോണിൽ സംസാരിക്കുമ്പോൾ ആർഷഭാരത സംസ്‌കാരത്തെക്കുറിച്ച് ക്ലാസെടുക്കാൻ പോകുന്നതിനെക്കുറിച്ച് അവർ പറഞ്ഞു. സംസാരത്തിനിടയിൽ ആരോടെന്നറിയാതെയാവണം പറഞ്ഞു പോയത് "മുസ്​ലിംകളൊന്നും ശരിയല്ല' എന്ന്.

"നോക്കൂ, ഡോക്ടറും എഞ്ചിനീയറും ഐ.എ.എസുമൊക്കെ അവരാ .. പണ്ട് കച്ചവടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ എല്ലാം അടക്കിവാഴുന്നു ' എന്ന് പറഞ്ഞയാളിൽ അസൂയമാത്രമാണോ ഉള്ളത്?
വേറൊരാൾ പറഞ്ഞു കൊണ്ടിരുന്നതത്രയും മുസ്​ലിംകളൊക്കെ മുതലാളിമാരാണ് എന്നാണ്. അവർക്കിടയിൽ പാവങ്ങളേയില്ലെന്ന്. ആഡംബരജീവിതം നയിക്കുന്നവരാണെന്ന്. തങ്ങൾക്കു കൂടി അവകാശപ്പെട്ടതിനെ അപഹരിക്കുകയാണെന്ന്.

ഇതല്ല യാഥാർത്ഥ്യം, നിങ്ങൾ സമൂഹത്തിലേക്ക് കണ്ണുകൾ തുറന്നു വെച്ച് നോക്കൂ എന്ന് പലവട്ടം പറഞ്ഞു. എവിടെ നിന്നോ കിട്ടിക്കൊണ്ടിരുന്ന വിദ്വേഷത്തിന്റെ സ്റ്റഡി ക്ലാസുകളിലേക്ക് മാത്രം അവർ ശ്രദ്ധയൂന്നി, പച്ചയായ യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പാടാണ്. അതിലും എത്രയോ എളുപ്പമാണ് വിദ്വേഷവർത്തമാനങ്ങൾ അപ്പടി വിഴുങ്ങുന്നത്. മസ്തിഷ്‌ക്കത്തിന് പ്രത്യേകിച്ച് ജോലിയൊന്നും കൊടുക്കേണ്ട!
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്ന് മതഗ്രന്ഥങ്ങൾ ഉദ്‌ഘോഷിക്കുമ്പോൾ ചിന്തയെന്തിന് എന്നു ചോദിക്കുന്നു ആശയ പ്രചാരകർ.

വിശ്വാസത്തിൽ നിന്ന് പുറത്തു കടക്കാം. പക്ഷേ, സ്വത്വത്തിൽ നിന്ന് വിടുതി കിട്ടുക എളുപ്പമല്ല. അത് ഒരു തരം സോഷ്യൽ കണ്ടീഷനിംഗ് ആണ്. / Photo : Muhammed Fasil

ശാന്തിയും സമാധാനവും മാനവികതയുമാണ് മതങ്ങൾ മുന്നോട്ടു വെയ്ക്കുന്നത് എന്ന് എല്ലാ മതങ്ങളും പറഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷേ, പലപ്പോഴും അവ വളർത്തുന്നത് ഭയവും വിദ്വേഷവുമാണ്. എന്നിരുന്നാലും മതസ്വത്വത്തിൽ നിന്ന് അത്രയെളുപ്പം പുറത്തു കടക്കാനാവില്ലെന്നതാണ് യാഥാർത്ഥ്യം. വിശ്വാസത്തിൽ നിന്ന് പുറത്തു കടക്കാം. പക്ഷേ, സ്വത്വത്തിൽ നിന്ന് വിടുതി കിട്ടുക എളുപ്പമല്ല. അത് ഒരു തരം സോഷ്യൽ കണ്ടീഷനിംഗ് ആണ്.

കുട്ടിക്കാലത്തോ മുതിർന്നപ്പോഴോ ദാർശനിക പ്രശ്‌നം എന്ന നിലയിലല്ലാതെ സ്വന്തം നാട്ടിലെ നിലനില്പിന്റെ കാര്യത്തിൽ ഒരാശങ്കയുമില്ലായിരുന്നു. എന്നാൽ അടുത്തകാലത്തായി ഭയം എന്നെ ഗ്രസിക്കുകയാണ്. അണലിപ്പാമ്പിന്റെ വിഷം പോലെ (പ്രയോഗത്തിന് കുമാരനാശാനോട് കടപ്പാട്) സാധാരണ നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്നതിൽ ഒറ്റക്കടിയിൽ ഏറ്റവുമേറെ വിഷമേൽപ്പിക്കാൻ കഴിയുന്ന വിഷപ്പാമ്പാണ് അണലി. വിഷസാന്ദ്രതയല്ല കുഴപ്പം, ഒറ്റക്കടിയേൽപ്പിക്കുന്ന വിഷത്തിന്റെ അളവാണ്. അതുകൊണ്ട് തന്നെ മറ്റുളളവയുടെ കടിയേക്കാൽക്കുന്നതിനേക്കാൾ അണലിവിഷം ഗുരുതരമായ അവസ്ഥകളുണ്ടാക്കുന്നു.

കേരളമല്ലേ, ഇവിടെ അത്ര എളുപ്പമല്ല വർഗ്ഗീയതയുടെ വിളയാട്ടം എന്നൊക്കെ കരുതിയിരുന്നു. പക്ഷേ, അതൊക്കെ വെറുതെയാണെന്ന്, എത്ര പെട്ടെന്നാണ് മസ്തിഷ്‌ക്കപ്രക്ഷാളനം നടക്കുന്നതെന്ന് തിരിച്ചറിയുന്നു

അണലിവിഷം ബാധിക്കുന്നത് രക്ത പര്യയനവ്യവസ്ഥയെയാണ്. പതുക്കെപതുക്കെ കയറി രക്തത്തിലാകെ വ്യാപിച്ച് കുഴപ്പത്തിലാക്കും. ഇഞ്ചിഞ്ചായികൊല്ലുകയാണ് ചെയ്യുന്നത്. മരണം വന്നാലോ പതുക്കെ വരും. പക്ഷേ ചികിത്സ കിട്ടി വിഷം ഇറങ്ങണമെങ്കിൽ ഒരുപാട് സമയമെടുക്കും. കോശങ്ങളെ നശിപ്പിച്ച് ചീഞ്ഞളിഞ്ഞ് വ്രണമാക്കി ചിലപ്പോൾ വാർഷികാഘോഷങ്ങൾ വരെ നടത്തിക്കളയും. രക്ഷപ്പെട്ടാലും ഒരിക്കലും പോകില്ല, വിഷമാവസ്ഥ. ജീവിതകാലം മുഴുവൻ വേദനിപ്പിച്ചു കൊണ്ടേയിരിക്കും. അതുപോലൊന്നായി മനസിനെ ഗ്രസിക്കുകയാണ് ഭയം.

കേരളമല്ലേ, ഇവിടെ അത്ര എളുപ്പമല്ല വർഗ്ഗീയതയുടെ വിളയാട്ടം എന്നൊക്കെ കരുതിയിരുന്നു. പ്രബുദ്ധരാണ് മലയാളികൾ എന്നും നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊള്ളുന്നവരാണ് ഇവിടത്തുകാർ എന്നും ധാരണ വെച്ചുപുലർത്തുകയും അഭിമാനിക്കുകയും ചെയ്തിരുന്നു. സമ്പൂർണ സാക്ഷരത നേടിയവർ, സാമൂഹിക വികസന സൂചികയിൽ മുന്നിട്ടു നില്ക്കുന്നവർ... അവരെങ്ങനെ ഗുജറാത്തിനെയും ഉത്തർപ്രദേശിനെയും അനുകരിക്കും എന്നൊക്കെ തോന്നിയിരുന്നു. പക്ഷേ, അതൊക്കെ വെറുതെയാണെന്ന്, എത്ര പെട്ടെന്നാണ് മസ്തിഷ്‌ക്കപ്രക്ഷാളനം നടക്കുന്നതെന്ന് തിരിച്ചറിയുന്നു. സമാധാനത്തോടെ ജീവിക്കുന്ന മനുഷ്യർക്കിടയിൽ സ്പർദ്ധ വളർത്തുവാൻ ഏതു വഴിയും കണ്ടെത്തുകയാണ്. മസ്തിഷ്‌ക പ്രക്ഷാളനത്തിൽ വീണു പോവുകയാണ്. അവിടെ മനുഷ്യൻ, മാനവികത തുടങ്ങിയ ആധുനിക മൂല്യങ്ങൾ നഷ്ടപ്പെട്ട് കേവലം മതദേഹങ്ങൾ മാത്രമാകുന്നു.

ചരിത്രം ദയാരഹിതമാണ് ഏറിയും കുറഞ്ഞും ഏത് മതത്തിന്റേയും. ആഭ്യന്തര കലാപങ്ങൾ, സഭാതർക്കങ്ങൾ, അവാന്തരവിഭാഗങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ, രക്തച്ചൊരിച്ചിലുകൾ....ഒരേ മതത്തിൽ തന്നെ അരങ്ങേറുന്ന നാടകങ്ങങളാണിവ. പുറത്താണ് ശത്രു എന്നു പറയുമെങ്കിലും അകത്ത് തന്നെ ശത്രുവിനെ കണ്ടെത്തിക്കൊണ്ടിരിക്കുന്ന വിചിത്രലോകം കൂടിയാണ് മതങ്ങൾ. എന്നാൽ ഒന്നിലേക്ക് മാത്രം ചൂണ്ടി അതുമാത്രമാണ് പ്രശ്‌നം എന്ന് വരുത്തി തീർക്കുകയാണ്.
സമാധാനത്തോടെ ജീവിക്കാൻ ഒന്നിനെ നാടുകടത്തുക തന്നെ വേണമെന്ന് ശഠിക്കുന്നു.

ന്യൂനപക്ഷ വർഗ്ഗീയത, ഭൂരിപക്ഷ വർഗ്ഗീയത എന്നൊന്നില്ല. വർഗ്ഗീയ ഒന്നേയുള്ളൂ. വലുപ്പത്തിൽ, നിറത്തിൽ, ആശയത്തിൽ വ്യത്യാസമുണ്ടാവാം എന്നു മാത്രം. ന്യൂനപക്ഷം, ഭൂരിപക്ഷം എന്നൊന്നും ഒരു ന്യായവുമില്ല. ഏത് വർഗ്ഗീയതയും പുറത്ത് നിർത്തേണ്ടതാണ്. മാനവികതയും സമാധാനവുമാവണം നമ്മുടെ മതം.
‘നർക്കോട്ടിക് ജിഹാദ്’ എന്ന പരാമർശത്തോടെ എല്ലാ വിഭാഗവും ഉൾക്കൊള്ളുന്നൊരു ഗ്രൂപ്പിൽ ക്രിസ്ത്യൻ-മുസ്​ലിം വാഗ്വാദമായി.
ആരാണ് കൂടുതൽ കൊന്നവർ?

ചുറ്റുമുള്ളവരുടെ ഉള്ളിലെ ഭീതി ഞാൻ കാണുന്നുണ്ട്. ആ ഭീതി എന്നിലേക്കും സംക്രമിക്കുന്നുണ്ട്. സ്വന്തം നാട്ടിൽ ഭീകരമായി അപരവത്ക്കരണം നടന്നുകൊണ്ടിരിക്കുകയാണ് / Photo : Muhammed fasil

ഇന്നലെവരെ തികഞ്ഞ മതേതരവാദികൾ ഒരു നിമിഷം കൊണ്ട് വർഗ്ഗീയവാദികളാവുന്നതും കാണേണ്ടി വരുന്നു. ഒരു വിഭാഗത്തെ പുറത്താക്കിയാൽ, തള്ളിക്കളഞ്ഞാൽ എന്തൊക്കെയോ ലാഭമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ ഓരം പറ്റൽ. കേരളത്തിൽ ഒരു കാലത്ത് ബ്രാഹ്‌മണാധീശത്വം വരികയും ആര്യാവർത്തത്തിലേതുപോലെ വർണാശ്രമം സ്ഥാപിക്കുകയും ചെയ്തപ്പോൾ ക്ഷത്രിയരേയും ശൂദ്രരേയുമാണ് അവർക്കുണ്ടാക്കാനായത്. വൈശ്യരുട ജോലിയെടുക്കാൻ ഇവിടെ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമുണ്ടായിരുന്നു. അന്യോന്യം കൊടുക്കൽ വാങ്ങലിലൂടെ, സഹവർത്തിത്വത്തിലൂടെ നൂറ്റാണ്ടുകൾ കടന്നുപോയവർ എങ്ങനെയാണ് ഒരു ദിവസം കൊണ്ട് അന്യരും പുറത്താക്കപ്പെടേണ്ടവരുമാകുന്നത്ത്? എന്തെല്ലാം ജിഹാദുകളാണ് പൊട്ടിപ്പുറപ്പെടുന്നത്? കൈവിഷം, മന്ത്രവാദം ....
ഇപ്പഴും ഇങ്ങനെ വശീകരണ വിദ്യകളുണ്ടെങ്കിൽ ....

സാമുദായിക ധ്രുവീകരണവും വർഗ്ഗീയതയും വളർത്തുകയാണ് ചിലരുടെ ലക്ഷ്യം. ഭയവും വിദ്വേഷവും വളർത്തുക. അതിലൂടെ തമ്മിലടിപ്പിച്ച് വെറുപ്പിന്റെ രാഷ്ട്രീയം ഒളിച്ചു കടത്തുക. അന്നേരമെല്ലാം ഓർക്കേണ്ടതുണ്ട് -തലച്ചോറ് എവിടെയാണ് പണയപ്പെടുത്തിയിരിക്കുന്നത് എന്ന്. എം.എസ്. ഗോൾവാക്കറുടെ Bunche of Thoughts എന്ന പുസ്തകത്തിൽ ‘ആഭ്യന്തര ഭീഷണികൾ’ എന്ന ഭാഗത്ത് മൂന്നു വിഭാഗത്തെയാണ് പറയുന്നത്. മുസ്​ലിം, ക്രിസ്ത്യൻ പിന്നെ കമ്യൂണിസ്റ്റ്.
എല്ലാവരും വായിച്ചു നോക്കുന്നത് നന്നായിരിക്കും. ഹിന്ദുത്വ അജണ്ട ഉയർത്തിപ്പിടിച്ചവരൊക്കെ ഈ ആന്തരിക ഭീഷണിയെപ്പറ്റി പറഞ്ഞിട്ടുണ്ട്. മുസ്​ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും ഉന്നം വെയ്ക്കുന്ന പ്രത്യയശാസ്ത്രമാണ് സംഘപരിവാറിനുള്ളത്. നാസികളാൽ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുമ്പോൾ നിശബ്ദരായിരുന്ന ബുദ്ധിജീവികളോടായി ഫ്രെഡറിക് ഗസ്താവ് ന്യൂമുള്ളോർ എന്ന നാസി വിരുദ്ധ പ്രവർത്തകൻ പറഞ്ഞ വാക്കുകൾ തന്നെയാണ് കടമെടുക്കാനുള്ളത്. തേഞ്ഞു തേഞ്ഞു പോയതെങ്കിലും ...

പോപ്പുലേഷൻ ജനിതക ശാസ്ത്ര പ്രകാരം ഒരു ഡി.എൻ.എ പരിശോധനയ്ക്ക് വിധേയരാവാം. അപ്പോഴറിയാം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തിലൂടെ അധീശത്വമുറപ്പിക്കാൻ ശ്രമിക്കുന്നവരുടെ പിതൃഭൂമി എവിടെയാണെന്ന്.... ആദ്യം പുറത്തു പോകേണ്ടത് ആരാണെന്ന്...

"ആദ്യം അവർ കമ്യൂണിസ്റ്റുകളെ തേടി വന്നു ഞാൻ ഒന്നും മിണ്ടിയില്ല
കാരണം, ഞാനൊരു കമ്യൂണിസ്റ്റ് അല്ലായിരുന്നു; പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു, അപ്പോഴും ഞാനൊന്നും മിണ്ടിയില്ല കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല; പിന്നീട് അവർ ജൂതരെ തേടി വന്നു, ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു ജൂതനായിരുന്നില്ല; ഒടുവിൽ അവർ എന്നെ തേടി വന്നു,
അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല...'

ഭയത്തിലൂടെയും വിദ്വേഷത്തിലൂടെയും ഒരു വിഭാഗത്തെ അന്യവത്ക്കരിക്കുകയും അപരവത്ക്കരിക്കുകയും ചെയ്യുമ്പോൾ ഒരിക്കൽ കൂടി വേരുകളന്വേഷിക്കാം. ചരിത്രത്തിന്റെ പുതുരീതികളിലൂടെ.

ഇസ്​ലാമെന്ന ആശയം വിദേശത്തു നിന്ന് വന്നതാണ്. ക്രിസ്ത്യൻ എന്ന ആശയവും. അങ്ങനെ പലതും. പക്ഷേ, വിശ്വസിക്കുന്ന മനുഷ്യർ വൈദേശികരല്ല. ഇന്ത്യക്കാരാണ്. പിതൃഭൂമി എന്നത് ഒരു വിഭാഗത്തിന്റേത് മാത്രമാക്കാൻ ശ്രമിക്കുമ്പോൾ പ്രതിരോധിക്കേണ്ടതുണ്ട്. പിതൃഭൂമി എന്ന വാക്ക് സൂക്ഷിച്ചുപയോഗിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ആധുനിക കാലത്ത്. മിത്തുകളും അമ്മുമ്മക്കഥകളും കെട്ടുകഥകളും പഴമ്പുരാണങ്ങളുമല്ല മനുഷ്യചരിത്രമെന്ന് ശാസ്ത്രത്തിന്റെ പിൻബലത്തോടെ കണ്ടെത്താവുന്ന കാലമാണിത്.

വംശ പൈതൃകം ഇവിടെയാണെന്ന് അവകാശപ്പെടുന്നവർ പിതൃഭൂമിക്ക് മേൽ കെട്ടിപ്പിടിച്ചിരിക്കുമ്പോൾ ഓർക്കണം ഇത് വിശ്വാസം മാത്രമാണ് - സത്യമതല്ല എന്ന്. തെക്കേ ഇന്ത്യയിലെ ബഹുഭൂരിപക്ഷം മനുഷ്യരും ദ്രാവിഡരാണ്. ആര്യന്മാർക്ക് മുമ്പേ പ്രാചീന ഇന്ത്യയിലുണ്ടായിരുന്നവർ. പോപ്പുലേഷൻ ജനിതക ശാസ്ത്ര പ്രകാരം ഒരു ഡി.എൻ.എ പരിശോധനയ്ക്ക് വിധേയരാവാം. അപ്പോഴറിയാം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തിലൂടെ അധീശത്വമുറപ്പിക്കാൻ ശ്രമിക്കുന്നവരുടെ പിതൃഭൂമി എവിടെയാണെന്ന്.... ആദ്യം പുറത്തു പോകേണ്ടത് ആരാണെന്ന്...

സമാധാനമുള്ളിടത്തേ ആരോഗ്യമുള്ള, മെച്ചപ്പെട്ട സമൂഹമുണ്ടാകൂ. മാനവികതയുടെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സമാധാനത്തിന്റെയുമായ ആധുനിക സമൂഹമാണ് നമുക്കാവശ്യം. വിവേചനബുദ്ധി ഉപയോഗിക്കുക മാത്രമാണതിന് വഴി. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മൈന ഉമൈബാൻ

കഥാകൃത്ത്, നോവലിസ്റ്റ്, എഴുത്തുകാരി. മമ്പാട് എം. ഇ.എസ് കോളേജിൽ മലയാള വിഭാഗം മേധാവി. ചന്ദനഗ്രാമം, വിഷചികിത്സ, ആത്മദംശനം, പെൺനോട്ടങ്ങൾ, ഒരുത്തി, ഹൈറേഞ്ച് തീവണ്ടി എന്നിവ പ്രധാന പുസ്തകങ്ങൾ

Comments