60 സെന്റ് മുതൽ ഒരേക്കർ വരെ ഭൂമി സ്വന്തമായുണ്ടായിരുന്ന മല്ലികപ്പാറയിലെ 9 കാട്ടുനായ്ക്ക കുടുംബങ്ങളാണ് ഇന്ന് ഒരു തുണ്ട്് ഭൂമി പോലുമില്ലാതെ പുറമ്പോക്കിലും വാടക വീടുകളിലും ബന്ധുവീടുകളിലുമെല്ലാമായി അഭയാർത്ഥികളെ പോലെ കഴിയുന്നത്.
ആനയും കടുവയും പന്നിയും പോലുള്ള മൃഗങ്ങൾ സ്ഥിരമായി ഇറങ്ങാറുള്ള സ്ഥലത്ത് നിന്നും മാറ്റിപാർപ്പിക്കാമെന്ന അധികാരികളുടെ വാക്ക് കേട്ട് കാട് വിട്ടിറങ്ങിയവരുടെ ജീവിതം പെരുവഴിയിലാണിന്ന്. ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പകരം ഭൂമിയോ നഷ്ടപരിഹാരമോ ലഭിച്ചിട്ടില്ല. 2019 ൽ പകരം സ്ഥലം അനുവദിച്ചെന്ന് വനം വകുപ്പ് അറിയിച്ചിരുന്നെങ്കിലും പിന്നീടൊരു വിവരവും ഉണ്ടായില്ല. നഷ്ടപ്പെട്ട മണ്ണിന് വേണ്ടി ഇവർ ഓഫീസുകൾ കയറി ഇറങ്ങുകയാണ്.
രൂക്ഷമായ വന്യമൃഗസാന്നിധ്യം കൂടാതെ, കോളനിയിലേക്കുള്ള വഴി നാഗമന എസ്റ്റേറ്റ് മാനേജ്മെന്റ് അടയ്ക്കുക കൂടി ചെയ്തതോടെയാണ് തിരുനെല്ലി പഞ്ചായത്തിലെ മല്ലികപ്പാറ കോളനിയിലെ ഒൻപത് കാട്ടുനായ്ക്ക കുടുംബങ്ങൾ തലമുറകളായി ജീവിച്ചുപോന്ന മണ്ണുപേക്ഷിക്കാൻ നിർബന്ധിതരായത്. പിന്നീട് നേരിടേണ്ടി വന്നത് ഒരു പതിറ്റാണ്ട് പിന്നിടുന്ന ഉദ്യോഗസ്ഥ വഞ്ചനകൾ.
ഓരോ തവണ തെരഞ്ഞെടുപ്പ് വരുമ്പോഴും വോട്ട് ചോദിക്കാൻ വോട്ടർ ലിസ്റ്റിലെ പേരുമായി ഞങ്ങളുടെ കുടിലിൽ എത്തുന്നവർ ഇപ്പോൾ ഞങ്ങളെ അറിയില്ലെന്ന് പറയുന്നു. കാടിറങ്ങുമ്പോൾ ഭൂമി വാഗ്ദാനം ചെയ്തവർ ഇപ്പോൾ ഞങ്ങളോട് രേഖ ചോദിക്കുന്നു. അധികാരികൾക്ക് മുന്നിൽ ഇനി ഭൂമിക്ക് വേണ്ടി യാചിക്കില്ല. മാധ്യമങ്ങളോട് ഇനി സംസാരിക്കാനുമില്ല. ഞങ്ങൾക്കും ആത്മാഭിമാനമുണ്ട്. കാട്ടുനായ്ക്ക കുടുംബത്തിലെ കാരണവർ ക്യാമറയ്ക്ക് മുഖം നൽകാതെ തിരിഞ്ഞ് നടന്നു.